Friday, January 27, 2017

ഒരിടത്ത് ഒരു അച്ഛനുണ്ടായിരുന്നു..

                                                    

.

"ഒരു തടാകം..
തടാകകര മുഴുവന്‍ ഭീകരമായ നിശബ്ധത.
അജ്ഞാത കോണുകളില്‍ നിന്ന് പുറപ്പെട്ട്  ഒന്നായിചേര്‍ന്ന് താളക്രമത്തിലുള്ള ഒരു നേര്‍ത്തശബ്ദം.
പതിഞ്ഞ കാലടിശബ്ദം. തടാകകര നിറയെ മഞ്ഞ് മൂടികിടക്കുന്നു..
മഞ്ഞിന്റെ തിരശീലക്ക് പിറകില്‍നിന്ന് ഒരുകൈ ഉയര്‍ന്നുവരുന്നു..
ഒരു കുഞ്ഞിളംകൈ ..
ആ കൈ തന്നിലേക്ക്  നീട്ടുന്നു..
അതെ കേള്‍ക്കാം.. .. ആ ശബ്ദം അടുത്തേക്ക് വരുന്നുണ്ടല്ലോ..
തടാകത്തിന്റെ വലിപ്പം കൂടി കൂടി വരുന്നു.....
മഞ്ഞ്  പാളികള്‍ രണ്ടാവുന്നു.. അവിടെയൊരു  ഒരു ഗര്‍ത്തം രൂപപ്പെട്ടുവരുന്നല്ലോ .....
തന്നെ പിടിക്കാനായി നീട്ടിയ ആ കുഞ്ഞി കൈ കാണാനില്ല..
എന്റെ കുഞ്ഞേ എവിടെ പോയി നീ?.. എവിടെ പോയി....? "


ഹോ .. വിശ്വസിക്കാന്‍ കഴിയുന്നില്ല എന്തൊക്കെയാണ് താന്‍ കണ്ടത്. വല്ലാത്തൊരു സ്വപ്നം. ഇരുട്ടിന്റെ മറവില്‍ അവന്‍ ഒളിച്ചിരിക്കുന്നുണ്ട്. തന്റെ തൊട്ടടുത്തുണ്ട് .. ശരിക്കും അവന്‍ തന്റെ കയ്യില്‍ സ്പര്‍ശിച്ചു.. അവന്റെ കൈകള്‍ക്ക് നല്ല തണുപ്പായിരുന്നു.  ആ തണുപ്പ് ശരീരത്തില്‍ എവിടെയൊക്കെയോയായി  നിറയുന്നു.


ഡോക്ടര്‍ തിരക്കിലാണ് പുറത്തു വെയിറ്റ് ചെയ്യു.. ചുവന്ന അക്ഷരത്തില്‍ എഴുതിവച്ച ബോർഡിന് താഴെയായി ഒരു കുട്ടിയടെ ചിത്രം. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു കൊച്ചുകുട്ടി.. വിരല്‍ ചുണ്ടില്‍ ചേര്‍ത്ത്പിടിച്ചിരിക്കുന്നു..
"ടോക്കണ്‍  നമ്പര്‍ വിളിക്കുമ്പോള്‍ അകത്തേക്ക് പോയാല്‍ മതി...." സിസ്റ്ററുടെ വാക്കുകള്‍ അയാള്‍ കേട്ടില്ല.. മനസ്സ് മുഴുവനും സ്വന്തം അവസ്ഥയെകുറിച്ചുള്ള ചിന്തകളില്‍ അലയുകയായിരുന്നു.. അവളോട്‌ എങ്ങിനെ പറയും? ഈയിടെയായി തന്റെ മൗനം അവളെ പേടിപ്പെടുത്തുന്നുണ്ട്. കല്ല്യാണം കഴിഞ്ഞുള്ള ആദ്യനാളുകളില്‍ കണ്ട തന്നെയല്ല അവള്‍ ഇപ്പോള്‍ കാണുന്നതെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.. ആ മുഖത്തേക്ക് നോക്കാന്‍ കഴിയുന്നില്ല.. തൊണ്ടയില്‍ നിന്ന് വേദനയുടെയും നിരാശയുടെയും കൈപ്പുനീര്‍ വായിലേക്ക് വരുന്നു. അച്ഛന്റെയും..അമ്മയുടെയും പിന്നെ കുടുംബക്കാരുടെയും കുറ്റപ്പെടുത്തലുകള്‍ അവള്‍ക്ക് മാത്രമാണ്. ഒരിക്കല്‍ അച്ഛന്‍ രഹസ്യമായി ചോദിച്ചത് ഓര്‍ക്കുന്നു. "അരുണ്‍ നിനക്ക് അവളെ ഒഴിവാക്കി കൂടെ? എന്നിട്ട് വേറെയൊരു  കല്യാണം കഴിച്ചുകൂടെ?"  അന്ന് വയര്‍പിളര്‍ന്നു കുടല്‍മാലകള്‍ പുറത്തിടുമ്പോള്‍ ഒരു ജീവനുള്ള ശരീരം അനുഭവിക്കുന്ന പിടച്ചില്‍ താന്‍ അറിഞ്ഞതാണ്. ഹൃദയം പിളര്‍ന്നുപോയത് പോലെതോന്നി.. കൂടുതല്‍ കേട്ട്നില്‍ക്കാന്‍  തോന്നിയില്ല. അച്ഛനോട് പറയേണ്ടി വന്നു. അവള്‍ അല്ല കുറ്റക്കാരിയെന്ന്. തനിക്കാണ് പ്രശ്നമെന്ന്. പിന്നെയും താന്‍ എന്തൊക്കെയോ പറഞ്ഞു. ചെറുപ്പത്തില്‍ തനിക്കു ഉപയോഗിക്കാന്‍ തന്ന ഡ്രസ്സുകളെ കുറിച്ച്.. പിന്നെ മുണ്ടിനീര് പോലെയുള്ള രോഗം വന്നതിനെകുറിച്ച്. അതിനോട് ചേർത്ത് മറ്റൊരു ചോദ്യവും താൻ ചോദിക്കുകയുണ്ടായി. "എന്തിനു എന്നെ ഈ ഭൂമിയിലേക്ക് ജനിപ്പിച്ചു അമ്മേ ....ജനിച്ചപ്പോൾ തന്നെ ഇല്ലാതാക്കാമായിരുന്നില്ലേ" പിന്നീട്  അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കാന്‍ തനിക്കു ശക്തിയുണ്ടായിരുന്നില്ല. അമ്മയുടെ ഹൃദയം എത്രമാത്രം വേദനിച്ചിട്ടുണ്ടാവും?  തന്നെ പത്തുമാസം ചുമന്നുപ്രസവിച്ചു. ജീവിതത്തിലുടനീളം സംരക്ഷിച്ചു. അവസാനം സ്വന്തം മാതാവിനെ തള്ളി പറഞ്ഞിരിക്കുന്നു.. എന്തിന് ജന്മം നൽകി എന്ന ചോദ്യത്തിലൂടെ.... .


തനിക്കൊരു അച്ഛനാവാൻ കഴിയില്ലെന്ന് ഡോക്ടർ പറയുന്നു. കാരണം തനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ല. പക്ഷേ തന്റെ രക്തത്തില്‍ പിറന്നത്‌ അല്ലെങ്കില്‍പോലും തനിക്കു ഒരു കുട്ടിയെ നല്കാന്‍ ഡോക്ടര്‍ തയ്യാറാണ്.. അങ്ങിനെ തനിക്കു  സമൂഹത്തിന്റെ മുന്നില്‍  അച്ഛന്‍ ആവാന്‍ കഴിയും . പക്ഷേ  തന്റെ ഭാര്യയുടെ മുന്നില്‍!! സ്വന്തം മനസാക്ഷിയുടെ മുന്നില്‍'!! ഇല്ല.. അറിയില്ല.. ഒന്നുമറിയില്ല.... രക്തത്തിനും മാതാപിതാ ഗുരുക്കന്മാര്‍ക്കും വില ഇല്ലാത്ത ഈ കാലഘട്ടത്തില്‍ ഒരുപക്ഷേ താന്‍ ചെയ്യുന്നതും തെറ്റായിരിക്കില്ല.. തനിക്കൊരു ലക്‌ഷ്യമുണ്ട്. ഒരു കുട്ടിയുടെ അച്ഛനാവാന്‍ വേണ്ടിയാണ് എന്നെങ്കിലും.. അപ്പോൾ ബീജം നല്‍കി കാശ് വാങ്ങുന്ന ദാതാവിനോ?

ടോക്കണ്‍  നമ്പര്‍ ഇരുപത് എന്ന വിളികേട്ടപ്പോള്‍ അയാള്‍ ഡോക്ടറുടെ കണ്‍സള്‍ട്ടിങ് റൂമിലേക്ക്കടന്നു.
"അരുണ്‍ ഭാര്യെയെ കൊണ്ടുവന്നില്ലേ ?"
'ഉണ്ട്... പുറത്തിരിപ്പുണ്ട്.. '
"എങ്കില്‍ അവരെകൂടി വിളിക്കു അരുണ്‍"
'പക്ഷേ  ഡോക്ടര്‍.. എനിക്കൊരു  കാര്യം പറയാനുണ്ട് ..അവളെ അറിയിക്കാതെ പറ്റില്ലേ?'
"ഹേ മിസ്റ്റര്‍ . നിങ്ങളോട് ഞാന്‍ പറഞ്ഞില്ലേ.. അവരുടെ സമ്മതമില്ലാതെ പറ്റില്ലെന്ന് .."
'പക്ഷേ  ഡോക്ടര്‍ അവള്‍ക്കുവേണ്ടത് സ്വന്തം ഭര്‍ത്താവിന്റെ കുട്ടിയെ അല്ലേ?'
"നോക്ക് മിസ്റ്റര്‍ അരുണ്‍ ഇത് പോലെയുള്ള  ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല.. ഞങ്ങള്‍ക്ക് ഇവിടെ ഒരു നിയമാവലിഉണ്ട്. അതനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ പറ്റു. ഇനി നിങ്ങള്‍ പറയുന്നത് വാദത്തിനു വേണ്ടി ഞാന്‍ അംഗീകരിക്കാം, ഒരു നാള്‍ അവള്‍ ഇതറിഞ്ഞാല്‍?... നിങ്ങളല്ല അവളുടെ കുട്ടിയുടെ അച്ഛന്‍ എന്നറിഞ്ഞാല്‍ എന്താവും അരുണ്‍ അവളുടെ പ്രതികരണം?"....
'ഡോക്ടര്‍ അവള്‍ അറിയാന്‍ പോവുന്നില്ലല്ലോ?..പിന്നെ എങ്ങിനെയാ.....'
"മിസ്റ്റര്‍  അരുണ്‍ മനുഷ്യന്‍ എല്ലായിപ്പോഴും ഒരേ അവസ്ഥയിലല്ല. ചിലപ്പോള്‍ സ്വയം തന്നെതന്നെ മനുഷ്യന്‍ ചതിക്കും, വഞ്ചിക്കും. ഒരിക്കലും പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍, സ്വന്തം ലാഭത്തിനു വേണ്ടിപറയും. ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തികള്‍ ഒരു അറപ്പും വെറുപ്പും ഇല്ലാതെ ചെയ്യും.:"
'ഞാന്‍ അവളെ വിളിക്കാം.. പക്ഷേ  ഡോക്ടര്‍ അവളോട്‌ ഇതൊന്നും പറയണ്ട.. ഞാന്‍ സൗമ്യമായി  പറഞ്ഞു മനസിലാക്കികൊള്ളാം.. '
"നോക്കു അരുണ്‍.. ഈ ചികിത്സയില്‍ ഞങ്ങള്‍ ബീജദാതാവിന്റെ പേരുവിവരങ്ങള്‍  പുറത്തുവിടില്ല.. അത്പോലെ . ബീജം സ്വീകരിച്ചു ഗര്‍ഭംധരിച്ച ദമ്പതികളെ കുറിച്ചും.... .നിങ്ങള്ക്ക് സംശയം ഉണ്ടെങ്കില്‍ നോക്ക്....ഈ ഫയല്‍ കണ്ടുവോ... ഇത് നിറയെ ബീജദാതാക്കള്‍ വഴി ഗര്‍ഭംധരിച്ച ദമ്പതികളെ കുറിച്ചുള്ളതാണ്.. ഈ ചുവന്ന അടയാളം രേഖപ്പെടുത്തിയത്കണ്ടില്ലേ.. അത് ഇങ്ങിനെചെയ്തിട്ടും വിജയിക്കാത്ത വിരളമായ കേസുകള്‍ ആണ്.. "

ആരെയും അറിയിക്കില്ല എന്ന് പറഞ്ഞ ഫയല്‍ ഡോക്ടര്‍ തനിക്കു കാണിച്ചു തരുന്നു. അപ്പോൾ ആരെയും അറിയിക്കില്ല എന്ന് പറഞ്ഞതിന് എന്ത് വിശ്വാസ്യത ആണുള്ളത്? ഡോക്ടര്‍ രാജലക്ഷ്മിയുടെ വാക്കുകള്‍ കൂരമ്പ്‌ പോലെ മനസ്സില്‍ തറക്കുന്നു.. .
"നോക്ക് അരുൺ ... നിങ്ങള്ക്ക് മാത്രമല്ല നിങ്ങളെപോലെ അനേകം ആളുകളുണ്ട് നമ്മുടെ സമൂഹത്തിൽ ഒരു കുഞ്ഞിന്റെ അച്ഛനാവാൻ കഴിയാത്ത ഹതഭാഗ്യർ. അമ്പത് ശതമാനം ചലനാവസ്ഥയിലുള്ള ബീജങ്ങള്‍ ഉണ്ടായിട്ടുപോലും, ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍പറ്റാത്ത അവസ്ഥയിലുള്ള ആളുകളുണ്ട്. അമ്പത് ശതമാനം വേണ്ട.. ഒരു ബീജം മതി.. ആ ഒരു ബീജം അണ്ഡവുമായി കൂടി ചേര്‍ന്നാണ് ഭ്രൂണം രൂപപ്പെടുന്നത്. ഇനി അഥവാ നിങ്ങളുടെ വൃഷണ സഞ്ചിയില്‍ ബീജം ഉത്പാദിപ്പിക്കാനുള്ള സാധ്യതയില്ലങ്കില്‍, രക്തത്തില്‍ നിന്ന് അത് വേര്‍തിച്ചെടുത്ത് അതിലൂടെ ഒരു കുട്ടിയുടെ അച്ഛനാവാന്‍ കഴിയും. പക്ഷേ  അരുണിന്റെ കാര്യത്തിൽ ഈ സാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല എന്നതാണ് വസ്ഥുത കാരണം നിങ്ങളുടെ രക്തത്തില്‍ പോലും ബീജോല്പാധനം നടക്കുന്നില്ല. അത് നമ്മൾ ലാബ് ടെസ്റ്റ് വഴി സ്ഥിരീകരിച്ചതാണല്ലോ. ഇനി നമ്മുടെ മുമ്പിലുള്ള ഏക വഴി പുറത്ത്നിന്നുള്ള ഒരു ദാതാവിന്റെ ബീജം സ്വീകരിക്കുക എന്നത് മാത്രമാണ്. പുറത്ത്നിന്ന് ബീജബാങ്ക് വഴി എടുക്കുന്ന ശുദ്ധീകരിച്ച ബീജാണുക്കളെ സിറിഞ്ച്‌ വഴി സ്ത്രീയുടെ ജനനേന്ദ്രിയത്തിനകത്ത്‌ നിക്ഷേപിക്കുകയാണ് ഞങ്ങള്‍ ചെയ്യുക... ഇതിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കാന്‍ ഒന്നിലധികം  അണ്ഡം രൂപപ്പെടുത്തി എടുക്കാവുന്ന തരത്തിലുള്ള മരുന്നുകള്‍ ഞങ്ങള്‍ നിങ്ങളുടെ ഭാര്യക്ക് നല്‍കും, ഈ മരുന്നുകള്‍ മാസമുറയുടെ കാലചക്രം ക്രിത്യമാക്കുകയും അണ്ഡങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും, അത് കൊണ്ട് വിജയ സാധ്യത അറുപതു ശതമാനം ഉണ്ട്...."


രണ്ടു അവസ്ഥയാണ്‌ തന്റെ മുന്നിലുള്ളത്. ഒന്ന് അനാഥാലയത്തില്‍ നിന്ന് ഒരു കുഞ്ഞിനെ ദത്ത്  എടുക്കാം. അപ്പോള്‍ തനിക്കൊരു കുട്ടി ഉണ്ടാവും. പക്ഷേ  സമൂഹത്തിന്റെ മുന്നില്‍ താനായിരിക്കില്ല ആ കുഞ്ഞിന്റെ അച്ഛന്‍. പിന്നെയുള്ളതാണ് ഡോക്ടര്‍ പറഞ്ഞ മാര്‍ഗം.  മറ്റൊരാളുടെ ബീജം സ്വീകരിച്ച്  തന്റെ ഭാര്യയുടെ അണ്ഡവുമായി കൂട്ടിചേര്‍ത്ത് ഒരു കുഞ്ഞിനു ജന്മംനല്‍കുക എന്ന പ്രക്രിയ.  ആ കുട്ടിയെ തന്റെ ഭാര്യയുടെ കുട്ടി എന്ന് പറഞ്ഞെങ്കിലും തനിക്കു സ്നേഹിക്കാന്‍ പറ്റും. പക്ഷേ , ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യരെ വൈകൃതമായ രീതിയില്‍ സൃഷ്‌ടിക്കുന്നത്‌ അധാര്‍മ്മിക പ്രവര്‍ത്തിയല്ലേ? ‌ഒരു കുട്ടിക്ക് ഒന്നിലധികം അച്ചന്മാര്‍!!! ഒന്ന് വളര്‍ത്തുപിതാവ്! രണ്ട്..ബീജപിതാവ്! മനുഷ്യന്‍ ജന്മംമെടുക്കുന്ന  പ്രതിഭാസത്തില്‍ ബീജദാതാവും അണ്ഡദാതാവുമല്ലേ  പിതാവും മാതാവും? ഇതിനല്ലേ രക്തബന്ധമെന്ന്‌ പറയുന്നത്‌? കൂട്ടിയും ഗുണിച്ചും നോക്കുമ്പോള്‍ ചില ഉത്തരങ്ങള്‍ മനസ്സില്‍ ഉണ്ട്.. ഹൃദയം മാറ്റിവക്കുന്നത്പോലെ.. കണ്ണുകള്‍ മാറ്റിവക്കുന്നത്പോലെ.. രക്തം സ്വീകരിക്കുന്നത് പോലെ.. അതിനെ എല്ലാം ഇതിനോട് ഉപമിക്കാന്‍ പറ്റുമോ? ദൈവം, പ്രകൃതി. രതി.. പ്രേമം.. പ്രജനനം, ശാസ്ത്രം.. മതം.. ബീജദാതാവ്.. വാടക ഗര്‍ഭപാത്രം, അണ്ഡദാതാവ്.... വയ്യ.. മടുത്തു. അനേകം കുഞ്ഞുങ്ങള്‍ ഇന്ഫെര്‍റ്റിലിറ്റി ക്ലീനിക്കുകളില്‍ ദിനംപ്രതി ജനിക്കുന്നു.. അച്ഛന്‍ ആരെന്നറിയാത്ത, അമ്മ ആരെന്നറിയാത്ത, രക്ത ബന്ധത്തെകുറിച്ച് അറിയാത്ത.. പാവം പൈതങ്ങള്‍ !!!

ദൈവമേ നീ എന്തിനു എന്നെ ശ്രിഷ്ടിച്ചു? ഞാന്‍ ജീവിതത്തില്‍ നിന്നെ ഓര്‍ത്തിട്ടുണ്ടയിരുന്നില്ലേ? നിന്റെ നന്മയെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ ഞാന്‍ മനുഷ്യനെ ഓര്മപ്പെടുത്തിയിരുന്നില്ലേ? നിന്നെ ഉൾകൊള്ളത്താവരുമായി ഞാന്‍ സഹകരിക്കാറില്ലായിരുന്നല്ലോ? നീ ഉണ്ടാക്കിയ സംഹിതകള്‍ അല്ലെ ഞങ്ങളെ മനുഷ്യരെ പല വിഭാകങ്ങളായി തിരിച്ചത്. നിന്റെ പേരില്‍ പല വിഭാകങ്ങളായി തിരിഞ്ഞല്ലേ മനുഷ്യര്‍ ബോംബയിലും ഗുജറാത്തിലും അവരുടെ സഹോദരമാരെയും സഹോദരികളെയും പേപ്പട്ടികളെ  പോലെ കൊന്നു കുഴിച്ചു മൂടിയത്? .വായില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്?. നീ വിഭാവനം ചെയ്യുന്ന സ്വര്‍ഗത്തിന്റെ അവകാശികള്‍ ആവാനയിരുന്നില്ലേ പലരും തീവ്രവാദത്തിന്റെ വിത്തുകള്‍ ജങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്നത്. പക്ഷേ ഇന്ന് ഞങ്ങള്‍ മനുഷ്യര്‍ക്ക്‌ നിന്റെ സൃഷ്ടിപ്പ് കൊണ്ട് പൂര്‍ണത ഇല്ലാത്ത അവസ്ഥ കാരണം ഒരു കുട്ടിയുടെ അച്ഛനാവാന്‍ നീ ഉണ്ടാക്കിയ തത്വസംഹിതകളെ തള്ളിപറയേണ്ടി വന്നിരിക്കുന്നു. അനേകം കുഞ്ഞുങ്ങള്‍ ഇന്ഫെര്‍റ്റിലിറ്റി ക്ലീനിക്കുകളില്‍ ദിനം പ്രതി ജനിക്കുന്നു. അച്ഛന്‍ ആരന്നറിയാത്ത. രക്ത ബന്ധത്തെ കുറിച്ച് അറിയാത്ത. പാവം പൈതങ്ങള്‍!!


                                                                        xxxxxxxxxxxxxxxxx


എന്റെ പ്രിയപെട്ടവളെ, നിന്നെ പറഞ്ഞു മനസിലാക്കുന്നതില്‍ ഞാന്‍ വിജയിച്ചുവെന്ന് എനിക്കറിയാം.. നീ ലാബര്‍റൂമില്‍ നിന്റെ കുഞ്ഞിനെ പ്രസവിക്കാനായി അക്ഷമയായി കിടപ്പാണ്. നീ വേറെയൊരാളുടെ കുഞ്ഞിനെ പ്രസവിക്കുന്നതിലൂടെ നിനക്കൊരു  അമ്മയാവാം  നിനക്ക് ഇഷ്ടമായിട്ടല്ല നീ ഇങ്ങിനെചെയ്യുന്നതെന്ന് അറിയാം. നീ ആദ്യം ഒഴിഞ്ഞുമാറിയതായിരുന്നുവല്ലോ .. പക്ഷേ എന്നെ ഒഴിവാക്കി വേറെയൊരു  കല്യാണം കഴിക്കാന്‍ നിന്നെ ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് നീ അതിന് തയ്യാറായത്.. കാരണം..നിനക്ക് എന്നെ അത്രക്കും ഇഷ്ടമാണ്..എന്റെകൂടെ ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണ്  നീ ഈ അധര്‍മത്തിനു കൂട്ടുനിൽക്കുന്നത്.. ഞാന്‍ നിസ്സഹായന്‍ ആണെന്ന് നിനക്ക് അറിയാം. എന്റെ നിസ്സഹായതയില്‍ എന്റെ കൂടെ നില്‍ക്കേണ്ടവളാണ് നീ... ..


സിസ്റ്റര്‍ ഓടി വരുന്നല്ലോ? 'എന്താ സിസ്റ്റര്‍ ..?'
"നിങ്ങളല്ലേ  നിഷയുടെ ഭര്‍ത്താവ്?"
'അതെ സിസ്റ്റര്‍.. '
"പേഷ്യന്റിന്റെ അവസ്ഥ കുറച്ചു കൊമ്ബ്ലിക്കേറ്റട് ആണ് .. പെട്ടെന്ന്  രക്തം വേണം..
ഞങ്ങളുടെ ഹോസ്പിറ്റലില്‍ രക്തബാങ്ക് ഇല്ല.. നിങ്ങള്‍ പുറത്ത്നിന്ന് സംഘടിപ്പിക്കണം"


ഈ രാത്രിയില്‍ ആരോട് ചോദിക്കും.. സമയം രണ്ടുമണിയാവുന്നു.. തൊട്ടടുത്തുള്ള ഫാര്‍മസിയില്‍ ചോദിച്ചാലോ? ....അവിടെ വെളിച്ചം കാണുന്നുണ്ട്.. ഒരു പെണ്‍കുട്ടിയും..ഒരു ആണ്‍കുട്ടിയുമാണ് അവിടെ ഇരിക്കുന്നത്. അവർ എന്തോ സംസാരിക്കുന്നു...  'നോക്കു.. ഒ-നെഗറ്റീവ് രക്തം എവിടെയാ കിട്ടുക.?' അവര്‍ ശ്രദ്ധിക്കുന്നില്ലല്ലോ ..'സഹോദരാ എന്റെ ഭാര്യയുടെ അവസ്ഥ വളരെമോശമാണ്.. എന്നെയൊന്ന് സഹായിക്കുമോ.. എനിക്ക് പെട്ടെന്ന്  ഒ-നെഗറ്റീവ് രക്തം എവിടെയാ കിട്ടുക ഒന്ന് പറഞ്ഞു തരാമോ?' പട്ടികള്‍.. അവര്‍ ശ്രദ്ധിക്കുന്നുപോലുമില്ല. മൊബൈല്‍ എടുത്ത്  അച്ഛനെ വിളിച്ചാലോ? രാത്രിയില്‍ അച്ഛന്‍ ഉറങ്ങുകയായിരിക്കും.. വിളിക്കണോ? .. വിളിക്കാം അല്ലെ.. അങ്ങേതലക്കല്‍ ശബ്ദം ..'മോനെ ഒന്ന്കൊണ്ടും പേടിക്കണ്ട.. ദൈവം നിന്റെ കൂടെയുണ്ടാവും.. മോനെ ധൈര്യമായി ഇരിക്ക്.. അച്ഛന്‍ ആളുമായി വരാം..'  ഹോ .. ആശ്വാസം. താന്‍ നിഷേധിച്ച ദൈവത്തെ വിളിക്കാന്‍ അച്ഛന്‍ ഓര്‍മപ്പെടുത്തുന്നു.. അതെ അവസാനം സഹായിക്കാനുള്ളത്‌ ദൈവം തന്നെയാണ്.. അവസാന ആശ്രയം അത് മാത്രമാണ്.. ഒരുപക്ഷേ ഡോക്ടറും ഇപ്പോള്‍ ദൈവത്തെ വിളിക്കുകയായിരിക്കും. ദൈവമേ എന്റെ ഭാര്യക്ക് ഒന്നും വരുത്തരുതേ.. നീ മാത്രമാണ് എനിക്ക് തുണ.. നീ എനിക്ക് എല്ലാം തന്നിരുന്നു... സൗന്ദര്യം . നല്ല വീട്.. . സമൂഹത്തില്‍ മാന്യത.. എല്ലാത്തിലും ഉപരി നല്ല മാതാപിതാക്കള്‍.. പിന്നെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു നല്ല സഹധര്‍മിണി.. നിന്നെ ഞാന്‍ തള്ളിപറഞ്ഞത്.. എനിക്ക് ഇല്ലാത്ത ഒരുകാര്യത്തെ ഓര്‍ത്താണ്.. പക്ഷേ  എനിക്ക് ഉള്ളതിനെ ഓര്‍ത്തു നിനക്ക് നന്ദി ഞാന്‍ പറഞ്ഞില്ല....എനിക്ക് നീ ചെയ്തുതന്ന നന്മകളെ കുറിച്ച് ഞാന്‍ ഓര്‍ത്തതുമില്ല..... എന്നെ രക്ഷിക്കു.. എന്റെ ഭാര്യയെ രക്ഷിക്കു.....


നേരം വെളുത്തു വരുന്നു.. രക്തം നല്‍കാനായി അച്ഛന്‍ അയച്ച രണ്ടു ആളുകള്‍ പുറത്തു കാത്തുനില്‍ക്കുന്നു.. ഒന്നും അറിയാന്‍ പറ്റുന്നില്ലല്ലോ? ദൈവമേ എന്റെ നിസ്സഹായ അവസ്ഥ നീ കാണുന്നില്ലേ...എന്റെ ചുറ്റുപാടുമുള്ള അന്തരീക്ഷത്തിന് ഘനം കൂടി വരുന്നു. ആകാശവും ഭൂമിയും എന്നെ എതിര്‍ ദിശകളിലേക്ക് വലിച്ചു കൊണ്ടിരിക്കുന്നു . അനന്തമായ സമയത്തിന്റെ അദൃശ്യ ഹസ്തങ്ങള്‍ എന്നെ മുന്നോട്ടു വലിച്ചു പിടിക്കുന്നു.....ഞാന്‍ ഒരു മണല്‍ക്കാട്ടിന്റെ നടുവിലാണിപ്പോള്‍... മണല്‍ കാറ്റ് ആഞ്ഞു വീശികൊണ്ടിരിക്കുന്നു.. ഒട്ടകം എന്നെ വിട്ടു എവിടെയോ ആണ്..... ജീവന്‍ നില നിര്‍ത്താനുള്ള ഭക്ഷണവും വെള്ളവും അതിന്റെ പുറത്താണ്.. എന്നെ രക്ഷിക്കു...


"അരുണ്‍.. ..അരുണ്‍"
'എന്താ ഡോക്ടര് എവിടെ എന്റെ ഭാര്യ? പ്രസവിച്ചുവോ? ..'
"സോറി" അരുണ്‍... ഞങ്ങള്‍ കഴിയുന്നതും ശ്രമിച്ചു.. പക്ഷേ  .."
'എന്താ ‍ഡോക്ടര്‍ എന്തുപറ്റി .. ദയവു ചെയ്തു പറയു....'
"സോറി അരുണ്‍.. നിങ്ങളുടെ കുഞ്ഞിനെ രക്ഷപെടുത്താന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല.. കുഞ്ഞു മരിച്ചു.. ."ദൈവമേ . ..നീ എന്നെ രക്ഷിച്ചതാണോ? ശിക്ഷിച്ചതാണോ?
ഞാനെന്ത്  ചെയ്യണം... ഇതായിരിക്കാം എന്റെ നിയോഗം..
നിന്റെ സൃഷ്ടിപ്പിനെ ചോദ്യം ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലായിരിക്കാം അല്ലെ??

Sunday, January 1, 2017

ഉദ്യാനപാലകർ


'എന്താണ് ഡോക്ടര്‍  പതിവില്ലാത്തൊരു ഗൌരവം ?‘ എന്നു  ചോദിച്ചു കൊണ്ട് ഡോക്ടര്‍ രേഷ്മ അടുത്തേക്കു വന്നപ്പോള്‍ ഡോക്ടര്‍ അനിത  അസ്വസ്ഥതയോടെ പ്രതികരിച്ചു: "വിവരിക്കാനാവാത്ത എന്തൊക്കെയോ മനസ്സില്‍ കിടന്നു പിടയുന്നു.  മനസ്സിന്റെ ഭാഷ വാക്കുകളില്‍ പരിമിതപ്പെടുത്താന്‍ സാധിക്കില്ല'   അതു കേട്ട് രേഷ്മ  പകുതി കളിയായും പകുതി സീരിയസ്സായും  പറഞ്ഞു: "ഈശ്വരാ, വേറെ ലിപി കണ്ടു പിടിക്കേണ്ടി വരുമോ?  മനസ്സ് പറിച്ചുനടാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് നമുക്കൊന്നാലോചിച്ചു നോക്കിയാലോ?  അതോ ഡോക്ടറുടെ റിലേ പോയോ?" ദ്വയാര്‍ത്ഥം തിരിച്ചറിഞ്ഞപ്പോള്‍ അസ്വസ്ഥതയോടെ അവള്‍  പറഞ്ഞു "ഇപ്പോള്‍ എല്ലാത്തിനും പകരം ഉണ്ടല്ലോ, കയ്യില്‍ ബാറ്റന്‍ ഉണ്ട്, പക്ഷെ നിന്നെപ്പോലെ കൈമാറാന്‍ ആളുകള്‍ ഇല്ല"  പൊടുന്നനെ ഒരു അടി കിട്ടിയതുപോലെ തോന്നി രേഷ്മയ്ക്ക്.

രേഷ്മ പോയിട്ടും ഡോക്ടര്‍ അനിത  തന്റെ അസ്വസ്ഥതയെക്കുറിച്ചു തന്നെ ഓര്‍ത്തുകൊണ്ടിരുന്നു. കുറെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മനസ്സില്‍ എവിടെയൊക്കെയോ കിടന്നു പിടയുന്നതുപോലെ അവള്‍ക്കനുഭവപ്പെട്ടു .  ആരോ വലിച്ചെറിഞ്ഞുപോയ ഒരു പാവക്കുട്ടിയുടെ ചുണ്ട് കടിച്ചമര്‍ത്തിക്കൊണ്ടുള്ള വിങ്ങിപ്പൊട്ടല്‍ പോലെ, ഒരു തേങ്ങല്‍ ഹൃദയത്തില്‍ നിന്ന് അടര്‍ന്നു വീഴാന്‍ വെമ്പുന്നതുപോലെ തോന്നി. അടുക്കും ചിട്ടയുമില്ലാതെ ഓര്‍മ്മകള്‍ ഒന്നിന്നു മീതെ ഒന്നായി  ചിതറിവീണപ്പോള്‍  അവള്‍ക്കു തല പെരുത്തുവരുന്നത് അറിയാന്‍ കഴിഞ്ഞു. തന്റെ ഫേസ് ബുക്ക്‌ ഫോട്ടോയ്ക്ക് താഴെ 'വികാരം തുടിച്ചു നില്‍ക്കുന്ന മുഖം'  എന്ന ഒരാളുടെ  കമന്റ്‌ കണ്ടപ്പോള്‍ ആണ് മനസ്സ് അസ്വസ്ഥമാവാന്‍ തുടങ്ങിയത്. 'ഇതളുകള്‍ അടര്‍ന്നുവീണ താമരപ്പൂവ്' എന്ന് അതിനുതാഴെ എഴുതിവയ്ക്കാന്‍ തോന്നി.  റോസിനെ സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയും. സൂക്ഷ്‌മതയോടെ, ശ്രദ്ധയോടെ, വളര്‍ത്തിയാല്‍ ഒരു റോസ് ഉണ്ടാവും. പക്ഷെ താമര അങ്ങിനെയാണോ? ആരുമാരും ശ്രദ്ധിക്കാന്‍ ഇല്ലാതെ, തീര്‍ത്തും ഒറ്റപ്പെട്ട്, ജലാശയത്തിലെ ചെളിയും പായലും നിറഞ്ഞ സ്ഥലത്ത് വളര്‍ന്നുവന്ന്, പൂജയ്ക്കെടുക്കാൻ കഴിയുന്നത്രയും വിശുദ്ധിയിലേക്ക് എത്തുന്നതിനാല്‍ റോസിലും സുന്ദരം ലോട്ടസ് തന്നെയാണ്. ബാഹ്യമായ സൌന്ദര്യം ആസ്വദിക്കുന്നവന് ഒരുപക്ഷെ രണ്ടു പൂവുകളെയും താരതമ്യപ്പെടുത്തവന്‍ സാധ്യമായി എന്ന് വരില്ല.  അത് കൊണ്ടുതന്നെ, ഏതു പൂവും അവന്റെ മുന്നില്‍ വെറുമൊരു പൂവ് മാത്രമാണ്.  ഇതളുകള്‍ അടര്‍ന്നു വീണാല്‍ ആരുടെയെങ്കിലും കാല്‍പാദത്തിനടിയില്‍ ഞെരിഞ്ഞു അമര്‍ന്നു പോവാന്‍ മാത്രമാണ് അതിന്റെ വിധി.  

തന്നെ ആരെങ്കിലും മുമ്പ് അങ്ങിനെ വിളിച്ചിരുന്നോ? ഓര്‍മ്മയുടെ ഇടനാഴിയില്‍ വീണ്ടും മറ്റൊരു ജാലകം തുറന്നു.  വികാരം തുടിച്ചു നില്‍ക്കുന്ന താമരപ്പൂവ്. അങ്ങിനെയാണ് മനോജ്‌ തന്നെ വിശേഷിപ്പിച്ചത്. എന്നിട്ടവന്‍ ചോദിച്ചു "നിന്നെ ആരെങ്കിലും മുമ്പ് ലോട്ടസ് എന്ന് വിളിച്ചിട്ടുണ്ടോ ?" നോ, നെവര്‍ ഇന്‍ മൈ ലൈഫ്, യു ആര്‍ ദി ഫസ്റ്റ്‌ വണ്‍, പക്ഷെ  ഞാന്‍ നിന്നെ എപ്പൊഴെങ്കിലും മോഹിപ്പിച്ചിട്ടുണ്ടോ? എന്റെ വക്കുകളിലൂടെയോ, നോട്ടത്തിലൂടെയോ, എന്നിട്ടും ‘വികാരം തുടിച്ചു നില്‍ക്കുന്ന‘ എന്ന് നീ എന്തുകൊണ്ട് പറഞ്ഞു.? "സ്ത്രീയെ നോക്കുന്ന പക്വത്വയുള്ള എതൊരു പുരുഷനും അതറിയാന്‍ കഴിയും  എന്റെ കണ്ണുകളിലെ ആഴം സഹിക്കാന്‍ കഴിയാതെ നീ എന്നില്‍ നിന്നും കണ്ണുകള്‍ വലിച്ചെടുക്കുമ്പോള്‍, നിന്റെ ധമനികളിലേക്ക് ഇരച്ചു കയറുന്ന രക്തത്തിന്റെ ചൂട് നിന്നെ പരിഭ്രമിപ്പിക്കുന്നുണ്ടെന്നറിയാൻ എനിക്കു കഴിഞ്ഞിരുന്നു.  നീന്റെ നോട്ടമോ, പ്രവൃത്തിയോ ആരെയും മോഹിപ്പിക്കരുതെന്നു നീ ആഗ്രഹിക്കുന്നതുപോലും, നിന്നില്‍ മോഹഭംഗമുള്ളതു കൊണ്ടാണ്. വികാരങ്ങള്‍ ഉള്ളിലൊതുക്കി, യഥാർത്ഥ്യത്തെ നേരിടാന്‍ കഴിയാതെ ആമയെപ്പോലെ തല വലിയ്ക്കുന്ന സ്വഭാവം സ്ത്രീകളില്‍ ഉള്ളതുകൊണ്ടാണ് നിങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ക്രിസ്തുവോ ബുദ്ധനോ ഉണ്ടാവാത്തത്."  

പെട്ടെന്ന് തളര്‍ച്ച ബാധിച്ചതു പോലെ തോന്നി.തെല്ലു നേരത്തെ നിശബ്ദതയ്ക്കു ശേഷം ഭ്രാന്തമായ ആവേശത്തോടെ പറയാന്‍ ശ്രമിച്ചു  "നീ എന്തിനാണ് എന്നെയിങ്ങനെ മാനസികമായി പീഡിപ്പിക്കുന്നത്?"  പറഞ്ഞു കഴിഞ്ഞപ്പോളാണ്  തന്റെ ഭാഷ ദയനീയമായിപ്പോയെന്നോർത്തത്. പക്ഷെ അവന്‍ ഒന്നും ഭാവിക്കാതെ പറഞ്ഞു  "ശാരീരികമായി പീഡിപ്പിക്കാന്‍ നീ നിന്നുതരാത്തതു കൊണ്ട്,  നിന്റെ ശരീരം എനിക്ക് സമർപ്പിക്കൂ എങ്കില്‍ ഞാന്‍ നിന്റെ മനസ്സിനെ വെറുതെ വിടാം"   ഒരു നിമിഷം അവനെത്തന്നെ നോക്കിനിന്നു.  പെട്ടെന്ന് കണ്ണുകളില്‍ തീ പടരുന്നതായി അനുഭവപ്പെടാന്‍ തുടങ്ങി. ബാഗില്‍ ഊരിവച്ച കണ്ണട വീണ്ടും ധരിച്ചു കൊണ്ട് അവിടുന്ന് പോവുമ്പോള്‍ പിന്നില്‍ ഒരു പൊട്ടിച്ചിരി ഉയര്‍ന്നതു പോലെ തോന്നി.  ഇപ്പോള്‍ താനിതൊക്കെ എന്തിനോര്‍ക്കണം? അനിതയ്ക്ക് വീണ്ടും അസ്വസ്ഥതയേറി വന്നു. കൺസല്‍ട്ടിംഗ് റൂമിലേക്ക്‌ ഇന്നലെ കടന്നുവന്ന റോസ് എന്നുപേരുള്ള ആ പതിനാലുകാരിപ്പെണ്‍കുട്ടിയാണ് തന്നെ വീണ്ടും ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുന്നത്.  അവള്‍ക്കു തന്നോട് ഒന്നേ പറയാന്‍ ഉണ്ടായിരുന്നൊള്ളൂ "പറ്റിപ്പോയി ആന്റി,  എങ്ങിനെയെങ്കിലും രക്ഷിയ്ക്കണം, ഡാഡി അറിയരുത്, പ്ലീസ്‌"  

റോസ്,  തന്നെ വീണ്ടും ഓര്‍മ്മകള്‍ വലിച്ചുകൊണ്ടുപോവുന്നു. ഒരിക്കല്‍ അവന്‍ തന്നെ നോക്കി പറഞ്ഞു "എന്റെ താമരപ്പൂവേ, ദുഃഖം മാത്രമാണല്ലോ നിനക്കു കൂട്ട്. വിശുദ്ധിയുടെ പര്യായമായ നിനക്ക്, ദൂരെനിന്നു നിന്നെ നോക്കി, തന്റെ സൌന്ദര്യത്തെ വാഴ്ത്തുന്ന ആരാധകന്റെ കൈകളില്‍ എത്തിച്ചേരാനുള്ള ഭാഗ്യമില്ലാതെ പോയല്ലോ.  നീന്തല്‍ വശമില്ലാത്ത ആ രാജകുമാരന്‍ പായലും ചെളിയും മൂടിയ ജലാശയത്തിനരികില്‍ നിന്നെ നോക്കിയിരിക്കുകയാണ്. പക്ഷെ നീ ഇപ്പോഴും ചിന്തിക്കുന്നത് ആ രാജകുമാരന്റെ കൈകള്‍ക്ക് വിശുദ്ധിയുണ്ടോ എന്നു മാത്രമാണ്. നീ റോസായിരുന്നെങ്കിലെന്ന് അവനിപ്പോള്‍ ആഗ്രഹിച്ചു പോവുന്നു.  ചുറ്റിലും ചെറിയ മുള്ളുകള്‍ മാത്രമാണ് റോസിനെ സംരക്ഷിച്ചു നിര്‍ത്താന്‍ ഉള്ളത്. കൈയെത്തിച്ചു നിന്നെ തൊട്ടുതലോടുമ്പോള്‍, ചുറ്റുമുള്ള മുള്ളുകള്‍ അവനെ വേദനിപ്പിക്കാന്‍ ശ്രമിക്കുമായിരിക്കാം. പക്ഷെ,  നീ അവന്റെ അരികിളില്‍  ഇല്ലാത്ത നിമിഷങ്ങള്‍ എല്ലാം ആ മുള്ളുകളുടെ നീറ്റലിന്റെ സുഖമുള്ള വേദനയില്‍ അലിഞ്ഞു ചേര്‍ന്ന് കിടക്കാന്‍ അവന്‍ ആഗ്രഹിക്കും. അപ്പോള്‍  പ്രകൃതിയെ നോക്കി അവന്‍ പറയുമായിരിക്കും  ' ഹേ പ്രപഞ്ചമേ നിന്നിലേയ്ക്കു വര്‍ഷിക്കുന്ന പുതുമഴയുടെ ഗന്ധം എനിക്കേറെ പ്രിയമായിരുന്നു. മേഘങ്ങള്‍ക്കുള്ളില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന ആദ്യ മഴത്തുള്ളി തന്റെ വെള്ളിച്ചിറകുകള്‍ മെല്ലെ വിടർത്തി, ഭൂമിയിലേക്ക്‌ പറന്നിറങ്ങുമ്പോള്‍ ഞാന്‍ ഒരു തുള്ളിയായി അലിഞ്ഞു ചേരുവാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, ഞാന്‍ ഒരു സ്ത്രീയുടെ തലമുടിയില്‍ തഴുകിയതുമുതല്‍ അവളുടെ സ്വര്‍ണ്ണമുടി ഉരുകി ഒരു സ്വര്‍ണനദിയായി എനിക്ക് ചുറ്റും ഒഴുകി. പ്രപഞ്ചമേ,  സ്ത്രീസൌന്ദര്യത്തിന്റെ പകുതി പോലും നിന്നെ സൃഷ്‌ടിച്ച ശക്തി നിനക്ക് നൽകിയിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നിന്നെയോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു.    

 'സ്റ്റോപ്പ്‌ ഇറ്റ്‌'  താന്‍ അറിയാതെ നിലവിളിച്ചു പോയി. പിന്നെ, പൊട്ടിപ്പൊട്ടിക്കരഞ്ഞു. കരച്ചിലിനിടയില്‍ വിതുമ്പിയ വാക്കുകള്‍ മുറിഞ്ഞു മുറിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.  പിന്നെ എങ്ങിനെയൊക്കെയോ ഇത്രയും പറഞ്ഞൊപ്പിച്ചു:  'എന്നെക്കുറിച്ച് ആദ്യമാണ് ഇങ്ങിനെ ഒരാള്‍... എന്റെ മനസ്സിലൂടെ കടന്നു പോവുന്ന പരശ്ശതം ചിന്തകള്‍ അതേ വികാരാവേശത്തോടെ, അതെ ഊഷ്മളതയോടെ ഒരാള്‍ അറിയുന്നത് ആദ്യമായാണ്'  പെട്ടെന്നായിരുന്നു അവന്‍ തന്നെ കടന്നുപിടിച്ചു മാറോടു ചേര്‍ത്തണച്ചത്.  ഉടഞ്ഞു ചിതറിയ ഹൃദയവുമായി അവനില്‍ നിന്നകന്നു മാറാന്‍ കഴിയാതെ വിറച്ചുനിന്നപ്പോള്‍ താന്‍ ചോദിച്ചു കൊണ്ടിരുന്നു  'നീ എന്തിനിങ്ങനെ...ഇങ്ങനെയായിരുന്നില്ല നീ,  ഞാന്‍ അറിയുന്ന നിന്നില്‍ ഇത്രയും പൈശാചികത നിറഞ്ഞിരുന്നില്ല.  എങ്ങിനെയാണ്‌ നിനക്ക് പെട്ടെന്ന് മാറാന്‍ സാധിച്ചത്.?  ദെയർ  ഷുഡ്‌ ബി എ റീസൺ.  തന്റെ കൈകള്‍ അവന്റെ ശരീരത്തോട് ചേര്‍ത്തമര്‍ത്തിക്കൊണ്ടവന്‍ പറഞ്ഞു: ' ഞാന്‍ ഒരു പുരുഷന്‍ ആണെന്നുള്ളത് തന്നെയാണ് റീസണ്‍. പല തരം വികാരവിചാരങ്ങള്‍ കൊണ്ട് സങ്കീര്‍ണമാണ് ഓരോ വ്യക്തിയുടെയും ജീവിതം. വികാരങ്ങളുടെ മാറ്റം അനുസരിച്ച് പ്രവര്‍ത്തനങ്ങളിലും മാറ്റം ഉണ്ടാവുന്നു.   ശാന്തതയും, സമാധാനവും, മാത്രം പുറമേ കാണിക്കുന്ന ഒരാളിന്റെ മനസ്സ് പൂര്‍ണമായും കളങ്കരഹിതമാണെന്ന് പറയുമോ നീ?  ഞാന്‍ പറയും,  അവന്‍ പൂര്‍ണനാവണമെങ്കില്‍ രൌദ്രത കൂടി തന്റെ സ്വഭാവത്തില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ട്. മനുഷ്യന്‍ പൂര്‍ണ്ണന്‍ ആവണമെങ്കില്‍  അവനില്‍ എല്ലാ വികാരങ്ങളും ഉണ്ടായിരിക്കണം.   നീ എന്നിൽ അത്തരമൊരു  സങ്കീര്‍ണമായ വികാരം ഉണർത്തിയിരിക്കുന്നു. എന്നെ മനസ്സിലാക്ക് പ്ലീസ്‌..എന്നെ ദുഖിപ്പിക്കരുത് പ്ലീസ്‌"

അവന്‍ തന്നെ നോക്കി ദയനീമായി കേണു കൊണ്ടിരുന്നപ്പോള്‍ അലിവുതോന്നി. മഞ്ഞിന്റെ തണുപ്പിലേക്ക് ചൂട് അരിച്ചു കയറുന്നത് പോലെ തോന്നി. എന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും അവന്‍ മേച്ചു നടന്നപ്പോള്‍ അനുസരണയുള്ള അശ്വങ്ങളായി അവ പിന്നാലെ ചെന്നു. പിന്നെയവന്‍ ആ അശ്വങ്ങളെ തെളിച്ചു കൊണ്ട് ദൂരെ സ്വപ്നങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സ്വര്‍ഗ്ഗകവാടത്തിലേക്ക് തന്നെ കൊണ്ടുപോയി.  സന്ധികളെ ഉലയ്ക്കുന്ന വേദനകളില്‍  നിന്നാണ് തിരിച്ചറിവ് ഉണ്ടായത്. എഴുന്നേറ്റു നിന്നു കൈകള്‍ നിവര്‍ത്തി കുടഞ്ഞു അവനോടു പറഞ്ഞു 'എനിക്ക് പനി വരുന്നുണ്ടെന്നു തോന്നുന്നു'  അപ്പോൾ അവന്‍ ചിരിച്ചുകൊണ്ടുപറഞ്ഞത്,  ഒരു പാരസെറ്റമോള്‍ കഴിക്കാനാണ്.  പെട്ടെന്ന് തനിക്കവനോടു വെറുപ്പ്‌ തോന്നി.  വല്ലാത്തൊരു നിസ്സഹായത തന്നിലേക്ക്  അരിച്ചു വന്നു. ഉള്ളിന്റെയുഉള്ളില്‍ നിന്നു ആരോ പറയുന്നതുപോലെ തോന്നി ' ഇതിനു വേണ്ടിയായായിരുന്നുവോ നീ ഇത്രയും കാലം ജീവിച്ചത് ?"  ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു ഹോസ്റ്റല്‍ മുറിയിലേക്ക് നടക്കുമ്പോള്‍ വേദനയോടെ താന്‍ പറഞ്ഞുകൊണ്ടിരുന്നു 'എന്റെ താമരപ്പൂവേ, പായലും ചെളിയും നിറഞ്ഞ ജലാശയത്തില്‍, പ്രകൃതിയുടെ സംരക്ഷണത്തില്‍ മാത്രം വളര്‍ന്നു വന്ന നീന്നെ നീന്തല്‍ വശമില്ലാത്ത ഒരുവന്‍ കവർന്നെടുത്തിരിക്കുന്നു. എത്ര വളര്‍ന്നാലും ഒരു ചുരുട്ടിയ കൈത്തലത്തിനപ്പം വലിപ്പമുള്ള ഒരു പൂ മാത്രമാണ് നീ'  

നിറഞ്ഞ മിഴികളുമായി റോസ് തന്നെ നോക്കി  പറഞ്ഞ വാക്കുകള്‍ ഓർമ്മ വരുന്നു. ‘പറ്റിപ്പോയി ആന്റി.  അവന്‍ ദയനീമായി കേണപേക്ഷിച്ചപ്പോള്‍, മനസ്സലിഞ്ഞു പോയി. പിന്നെ ഒന്നും ഓര്‍ക്കാന്‍ പറ്റിയില്ല. ഇപ്പോള്‍  ദിനവും അവനെക്കുറിച്ച് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. ഹി ഈസ്‌ എ ഡെർട്ടി ഡെവിള്‍...’. പച്ച കര്‍ട്ടന്‍ ഇട്ട മുറിയില്‍ നിന്നു കൈകഴുകി പുറത്തു വരുമ്പോള്‍, ആശ്വസിച്ചു ' ഒറ്റപ്പെട്ടു പോയ പൂവേ, നിന്റെ വേദന ഞാന്‍ അറിയുന്നു. നമ്മള്‍ വെറും പൂവുകള്‍ മാത്രമാണ്. നിഴലുകളുടെ ഇരുട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവര്‍. എത്ര വളര്‍ന്നാലും, ചുറ്റും മുള്ളുകള്‍ തീര്‍ത്താലും ഒരു  ചുരുട്ടിയ കൈത്തലം നമുക്ക് മേല്‍  ഭ്രാന്തമായി പടര്‍ന്നു കയറാം. . ആരോടും ഒന്നിനോടും നമുക്ക്  വെറുപ്പില്ല. ചില കണ്ണുകള്‍ക്ക്‌ മുന്നില്‍ നമ്മുടെ  ഇതളുകള്‍ ചതഞ്ഞരഞ്ഞു പോയിട്ടുണ്ടാവാം. ആയിരം ദീപങ്ങള്‍ നമുക്ക് ചുറ്റും ഉദ്യാനമായിയിത്തീരുന്ന കാലമത്രയും നമുക്ക് ചിരിച്ചുകൊണ്ടിരിക്കാം"    

ഡോക്ടര്‍, ഡോക്ടര്‍...ഒരു ആക്സിഡന്റ്റ്.‘ രേഷ്മയുടെ നിര്‍ത്താതെയുള്ള വിളി കേട്ടാണ് ഡോക്ടര്‍ അനിത ചിന്തയില്‍ നിന്നുണര്‍ന്നത്. ‘ഒരു ചെറിയ പെണ്‍കുട്ടിയാണ്. പതിനാലോ പതിനഞ്ചോ പ്രായം വരും. . കാഷ്വൽറ്റി വാര്‍ഡിലേക്കോടുമ്പോള്‍, ഡോക്ടര്‍ അനിത പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു: ‘ഈശ്വരാ, അത് അവളായിരിക്കരുതേ.. അപ്പോഴും ഉദ്ദ്യാനത്തില്‍  ഇതളുകള്‍ വേര്‍പെട്ട ഉടലുമായി അനേകം പൂവുകള്‍ ദയനീയമായി ചിരിച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നു.

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...