Thursday, October 20, 2016

നീ പോകരുതായിരുന്നു


'അതീന്ദ്രിയം ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കഥാരചന മത്സരത്തിൽ എന്നെ  ഒന്നാം സമ്മാനത്തിന് അർഹനാക്കിയ കഥ)മുന്നിലെ ആഴ്ചപതിപ്പ് എടുത്തുനിവര്‍ത്തി കുറെനേരം അതിലേക്ക് നോക്കിയിരുന്നു. എന്നിട്ട് എന്റെ നേരെതിരിഞ്ഞു നിര്‍വികാരമായ ഭാവത്തോടുകൂടി അവന്‍ ചോദിച്ചു.
"നിനക്ക് ബോറടിച്ചോ അമ്മു? ഇല്ലെങ്കിൽ ഞാനൊരു  കഥ പറയാം,
ഒരു കുറുക്കന്റെ കഥ. കിട്ടിയ മുന്തിരി കഴിച്ചുതുടങ്ങിയപ്പോൾ പുളിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വിലപിച്ച  കുറുക്കന്റെ കഥ. ഇവിടെ ഇപ്പോള്‍ ആരാണ് കുറുക്കന്‍, എവിടെ മുന്തിരി എന്ന് നീ ചോദിച്ചേക്കരുത്. പുളിച്ചിട്ട്  ഇറക്കാനും വയ്യ, വിശപ്പ്‌ ഓർത്തപ്പോൾ തുപ്പാനും വയ്യ എന്ന അവസ്ഥയാണ്‌
ആ പാവം  കുറുക്കന്.....ഞാന്‍ മരിച്ചാല്‍ നീ എന്റെ ജീവചരിത്രം എഴുതുമോ അമ്മു?"


'എന്തിനാ ഇപ്പോള്‍ നീ മരണത്തെ കുറിച്ച് ഓര്‍ക്കുന്നത് മനു?'


"അമ്മു നിനക്കറിയാമോ....ഞാന്‍ നിന്നോട് ഏറ്റവുംകൂടുതല്‍ ചോദിച്ച ചോദ്യം?"

'ഞാന്‍...ഞാന്‍...' വരണ്ടുണങ്ങിയ  എന്റെ തൊണ്ടയില്‍ നിന്ന്
വാക്കുകള്‍ക്കായി  പരതുന്നതിനിടയില്‍ അവന്‍ പറഞ്ഞു


"ഞാന്‍ നിന്നോട് ചോദിച്ച ചോദ്യങ്ങളില്‍ ഏറ്റവുംകൂടുതല്‍ ആവര്‍ത്തിച്ച ഒരണ്ണം ഇതായിരിക്കും 'നീയെവിടെ ?"


ഉപകഥകള്‍ എന്റെയുള്ളില്‍ അസുഖകരമായ ചിന്തകള്‍ വളർത്തും
എന്ന് തോന്നിയത് കൊണ്ടാവാം പിന്നീട് അവന്‍  മൌനത്തില്‍ ആണ്ടുപോയി.
ആ മൌനം എന്റെ മനസ്സില്‍ അസ്വസ്ഥതയായി പടര്‍ന്നു കയറി.
'മനു നീ സ്വയം അറിയണം അല്ലെങ്കില്‍ എന്നെ മനസ്സിലാക്കണം. ഒരിക്കല്‍ ഞാന്‍ നിന്റെ നെഞ്ചിൽചേര്‍ന്ന് കിടക്കുമ്പോള്‍ പോലും നീ ഇതേ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നില്ലേ? ഒരു പാട് ഇഷ്ടം തോന്നുമ്പോള്‍ അല്ലെ ഞാന്‍ അങ്ങിനെ കിടക്കാറൊള്ളൂ. എന്നിട്ടിപ്പോള്‍ നീയെവിടെ  മനു?
നീ എങ്ങോട്ടാണ് പോയത്? എന്നില്‍ നിന്നും വിദൂരതയിലേക്കാണോ?
അതോ ഒരിക്കലെങ്കിലും നിനക്ക് വിജയിക്കാന്‍ വേണ്ടിയാണോ?
അല്ലെങ്കിലും നീന്റെ ജീവിതം വൈരുദ്ധ്യങ്ങളുടെ ഭാണ്ഡമാണെന്ന്
എനിക്ക് തോന്നാറുണ്ടായിരുന്നു.
sometimes i feel you are just faking all these philosophy.
നിന്നെ അറിയാന്‍പാകത്തില്‍ നിന്റെ ചിന്തകള്‍ വളര്‍ന്നിട്ടില്ലയിരുന്നു.
സന്തോഷത്തെ നീ ദുഖമെന്നും ദുഖത്തെ നീ സന്തോഷമെന്നും ദുര്‍വ്യാഖ്യാനിച്ചു. നീ പറയുന്നത് സത്യമാവാന്‍വേണ്ടി  മറ്റുള്ളവരുടെ ചിന്തകളില്‍ നീ ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിച്ചു.
പക്ഷെ ഓരോ പ്രാവശ്യവും നീ തോല്‍ക്കുകയായിരുന്നു..
നീ അത് ഒരു വിജയമായി കണക്കാക്കി.
നിന്റെ ഫിലോസഫിയില്‍ ഒരിക്കലും ഞാന്‍ ഇഷ്ടപ്പെടാത്തത്
നിന്റെ ജനനം ഒരു പരാജയത്തില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ ആയിരുന്നു.
അന്ന് നിന്നോട് ഞാന്‍ തര്‍ക്കിച്ചത് ഓര്‍മ്മയുണ്ടോ?
we all are winners in that area, we fought with a millions of sperms to get this life!'
ഒരു പക്ഷെ ഈയൊരു  നിമിഷം നിനക്കെന്നോട് വെറുപ്പ്‌ തോന്നിയേക്കാം,
എനിക്കത് പറയാതിരിക്കാന്‍ കഴിയില്ല മനു, നിന്റെ മനസ്സില്‍ വേറെയൊരാൾ  ഉണ്ട്, നീ മനപൂര്‍വം ഒളിച്ചുവച്ച  ഒരാള്‍.
നീ എല്ലാവരെയും പോലെ ദയയും, കാരുണ്യവും, സ്നേഹവും കാംക്ഷിക്കുന്നു.
എന്നിട്ട് പുറമേക്ക് നി  എല്ലാത്തിനെയും നിഷ്കരുണം തള്ളുന്നു.
നിനക്ക്  എന്തെക്കെയോ നഷ്ടപ്പെട്ട് പോവുമോ എന്നോര്‍ത്ത് നീ ലോകത്തെ പേടിക്കുന്നു.

മനു...നിന്നെയറിയാൻ  നീ വിടപറഞ്ഞുപോയ വഴിയെ ‍ഞാന്‍പോയി
കുറ്റികാടുകള്‍ നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ, അതവസാനിക്കുന്ന ഒരു ഇടവഴിയുടെ അറ്റംവരെ. പിന്നെയും കുറെ ദൂരെ, കരിങ്കല്‍ പാതകളിലൂടെ,
അതവസാനിക്കുന്ന റെയില്‍ പാളത്തിലൂടെ..
പിന്നെ കണ്ണിന്റെ കാഴ്ച അവസാനിക്കുന്ന ഇരുണ്ട ആകാശത്തിന്നും ഭൂമിക്കും ഇടയിലെ നേര്‍രേഖയിലൂടെ...
എന്നിട്ടും ...
ഇനി എനിക്ക് സഞ്ചരിക്കേണ്ടത് നിന്നെ ഞാന്‍ അറിയാന്‍ തുടങ്ങിയിടത്തു നിന്നാണ്.
പ്രൈമറി ക്ലാസ്സുകളിലെ പുസ്തക താളുകള്‍ക്കിടയില്‍ സൂക്ഷിച്ചുവച്ച
ഓര്‍മകളുടെ  മയില്‍‌പീലി ശേഖരത്തിലൂടെ
വിടരാതെ കരിഞ്ഞു പോയ ഒരിതള്‍പോലെ നുണയാന്‍ മധുരമില്ലാതെ പോയ
നിന്റെ യൗവ്വനത്തിന്റെ ഓര്‍മകളിലൂടെ, പിണക്കങ്ങളിലൂടെ, ഇണക്കങ്ങളിലൂടെ
വിഡ്ഢിത്തങ്ങളിലൂടെ,
വേദനകളിലൂടെ.

നീ എവിടെ മനു?

മനു നിനക്കറിയാമോ?
'എനിക്ക് സഹിക്കാന്‍ കഴിയുന്നില്ലല്ലോ മോളെ, അവനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല മോളെ...'
അതും പറഞ്ഞു നിന്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകരഞ്ഞു.
നിന്റെ അമ്മയെ ആശ്വസിപ്പിക്കുവാന്‍ ഞാന്‍ അവരോടു ജീവിതത്തെകുറിച്ച് പറഞ്ഞു. വിധിയെകുറിച്ച് പറഞ്ഞു. അവസാനം ഞാന്‍ തീരുമാനിച്ചു നിന്നെകുറിച്ച് എഴുതാന്‍. അതില്‍ പിന്നീട് എനിക്ക് ഉറങ്ങാന്‍കഴിഞ്ഞിട്ടില്ല.
അങ്ങിനെയാണ് ഈ കഥ ഞാനെഴുതാൻ  തുടങ്ങിയത്.
കഥയുടെ തുടക്കത്തിലധികം എന്നെ വിഷമിപ്പിക്കുന്നത് ഇതിന്റെ പര്യവസാനമാണ്. കാരണം നിഗൂഡത നിറഞ്ഞ  നിന്റെ അപ്രക്ത്യക്ഷമാവലിനെ കുറിച്ച് ആര്ക്കും അറിയില്ലല്ലോ ...
നിന്നെ അവസാനമായി ഞാൻ കണ്ടത് ചെമ്മണ്‍പാത അവസാനിക്കുന്ന ഇടവഴിലേക്കുള്ള നിന്റെ പ്രവേശനമാണ്.
അപ്പോഴാണ് നീ അവസാനമായി തിരിഞുനോക്കി എന്റെനേരെ കൈവീശിയത്. അതൊരു യാത്രപറച്ചിലായിരുന്നുവോ?
മനു എന്റെ ഹൃദയം നേർത്തുവരുന്നു.
അത് പൊട്ടിപിളര്‍ന്നു പോവുന്നതുപോലെ തോന്നുന്നു.
എനിക്ക് ഈ കഥ  മുഴുവിക്കാന്‍ കഴിയുന്നില്ലല്ലോ?
എനിക്ക് നിന്നെ അറിയാന്‍ കഴിയുന്നില്ലല്ലോ?
എനിക്ക് നിന്നോട് സംസാരിക്കണം..
എന്റെ ഉള്ളിലെ നിന്നോട്,
എന്റെ ഹൃദയത്തില്‍ നീ അവശേഷിപ്പിച്ചു പോയ നിന്റെ കുഞ്ഞുഹൃദയത്തോട് .


'എങ്ങിനെയുണ്ട്  എന്റെ കഥയുടെ തുടക്കം മനു?'

"കൊള്ളാം
 വായിക്കാന്‍ പ്രേരിപ്പിക്കുന്ന ചിലത് ഇതിലുണ്ട്  .
 പക്ഷെ ഒരു സംശയം ചോദിച്ചോട്ടെ അമ്മു .."
'ഹും.... ചോദിക്ക്..'
"എന്റെ ബാക്ക്ഗ്രൌണ്ട് പിന്നീട്  എക്സ്‌പ്ലൈൻ ചെയ്യുമോ?"

'അതെന്തിനാണ്  മനു? വായനക്കാര്‍ക്ക്‌ അറിയേണ്ടത് നിനക്കെന്തുസംഭവിച്ചു എന്നത് മാത്രമാണ്. ഈ കഥയിൽ  എനിക്കുപോലും റോളില്ല. ഈ കഥ പറച്ചിലില്‍ മനുവിന്റെ തീരോധാനമാണ് വിഷയം. നിന്നെ കൂടുതല്‍ അറിയാന്‍ വേണ്ടിയാണ് ഞാന്‍ നമ്മുടെ സ്നേഹത്തെപോലും ഇതില്‍ വരച്ചുകാണിക്കുന്നത്'
"അമ്മു ഞാനൊരു  കാര്യംപറയട്ടെ, ഈ കഥ നീ മുഴുവിപ്പിക്കണമെങ്കില്‍ യു ഷുഡ്‌ ഫാള്‍ ഇന്‍ ലവ്.  പിന്നെ കാര്യങ്ങള്‍ ഈസി ആവും. ഒന്ന് രണ്ടു പരാജയങ്ങള്‍ വരുബോള്‍ ഫിലോസഫി ചറപറയായി വരും ഹ ഹ ഹ"
'എങ്കില്‍ നമുക്ക് പ്രേമിക്കാം മനു. കഥയുടെ അവസാനം പ്രേമവും തീരണം'
"വെല്‍ ... അങ്ങിനെ തീവ്രമായി പ്രണയിക്കണമെങ്കില്‍ ഒരു നിഷ്കളങ്കത വേണം . ..ഐ ഡോണ്ട് ഹാവ് ദാറ്റ്‌ ഇന്നസെന്‍സ് എനിമോര്‍"
'പക്ഷെ ഞാന്‍ നിഷ്കളങ്കയാണ് മനു'
"ഒട്ടും അല്ല അമ്മു .. യു ആര്‍ നോട്ട്...."
'ഞാന്‍ നിഷ്കളങ്കയല്ലങ്കില്‍ എന്റെ അധരങ്ങള്‍ നിന്റെ കവിളില്‍തടങ്ങളെ ചുവപ്പിക്കുമായിരുന്നുവോ ?
എന്റെ കൈകള്‍ നിന്റെ ശരീരത്തെ പുണരുമായിരുന്നുവോ?
എന്റെ ഇന്ദ്രിയങ്ങളില്‍ നിന്റെ നിശ്വാസങ്ങള്‍ ചിറകടിച്ചു പറക്കുമായിരുന്നുവോ?'
"അത് ട്രസ്റ്റ്‌ ആണ് അമ്മു .. നോട്ട് ഇന്നസെന്‍സ് "
'ട്രസ്റ്റ്‌ സ്നേഹത്തില്‍ നിന്നാണ് ഉണ്ടാവുന്നത് മനു'
"അമ്മു സ്നേഹം ഒരിക്കലും ഭ്രാന്തമായ ഒരു ആവേശമായി മാറരുത്"
'നിഷ്കളങ്കത താനെ ഉണ്ടയികൊള്ളും. സ്നേഹിക്കാന്‍ വേണ്ടത് കുറച്ചു ധൈര്യമാണ് മനു...'
"നെവെര്‍ അമ്മു .. സ്നേഹം കുറെ പോസ്സസ്സിവ്നെസ്സും സെള്‍ഫിഷ്നെസ്സും മാത്രമാണ്.
ആകെ ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥ.  പ്രായം കൂടുതോറും ഈ അവസ്ഥ മാറി ഒരു തരം മരവിപ്പ് വരും.  പിന്നീട് കുറെ മുന്‍വിധികള്‍ മാത്രമായി മാറും എല്ലാം"
'സ്ത്രീക്ക് സ്നേഹം സമര്‍പ്പണമാണ്‌ മനു.
മെന്‍ ലൈക്‌ ദി ത്രില്‍, വുമെന്‍ ലുക്ക്‌ ഫോര്‍ കണ്സിസ്ടന്‍സി..'
മനു... മനു.. എന്താണ് മിണ്ടാത്തത്..'
"ഞാന്‍ ചിന്തിക്കുകയായിരുന്നു അമ്മു .. നീ എങ്ങിനെയാണ്‌ എന്നെ ഈ കഥയില്‍  അവസാനിപ്പിക്കാന്‍ പോവുന്നതെന്ന്!"
'എങ്ങിനെ വേണം.. ഇങ്ങിനെ മതിയോ?  'കാറ്റിനു ശക്തി കൂടികൊണ്ടിരുന്നു.
ഒരു കുട്ടിയുടെ നിഷ്കളങ്കമായ ആവേശത്തോടെ അവന്‍ കാറ്റിനു എതിരെ മുന്നേറാന്‍ തുടങ്ങി. പെട്ടെന്ന്  ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു വണ്ടി അവനു പിന്നില്‍ നിന്നായി ചീറി പാഞ്ഞു വന്നു'
"ദെന്‍ വാട്ട്‌ ഹാപ്പെന്റ് അമ്മു ... ഐ വിഷ് വി കുട് ജസ്റ്റ്‌ ചെയിഞ്ചു ഔര്‍ സോള്സ് ഫോര്‍ എ വൈല്‍. കുറച്ചുസമയം അമ്മു ഞാനായി  ജീവിക്ക് അപ്പോള്‍ ഉത്തരം കിട്ടും !"


ഞാന്‍ എന്റെ മനസ്സിന് പരകം മനുവിന്റെ മനസ്സുമായി ഈ കഥ തുടരുകയാണ്.


"അമ്മുവിനോട് കൈ വീശി യാത്രപറഞ്ഞ ഞാന്‍ ചെമ്മണ്‍പാത അവസാനിക്കുന്ന ഇടവഴിയിലേക്ക് കയറി. അവിടുന്ന് കൈതകാടുകള്‍ വകഞ്ഞുമാറ്റി റെയില്‍ പാലത്തിലേക്ക്, കാബിനുള്ളില്‍ കയറി താഴെ ഒഴുകുന്ന പുഴയിലേക്ക് കുറെ നോക്കി നിന്നു.
വിജയശ്രീലാളിതയായി  ഒഴുകുന്ന പുഴ.
പെട്ടെന്ന്  കാറ്റ് ആഞ്ഞു വീശാന്‍തുടങ്ങി.
പിന്നെ പിന്നെ കാറ്റ് ആരോഹണ അവരോഹണ ക്രമത്തില്‍ എനിക്ക് ചുറ്റും നൃത്തം ചെയ്യാന്‍തുടങ്ങി.
പതിയെ പതിയെ കാറ്റിനു രൂപമാറ്റം വരാന്‍തുടങ്ങി.
അതൊരു  സുന്ദരിയായ സ്ത്രീ രൂപത്തിലേക്ക് മാറി.
ആ രൂപത്തിന് ചിറകുകള്‍ ഉണ്ടായിരുന്നു..
അവ്യക്തമായ ഭീതിയുടെയോ അകാരണമായ ആകര്ഷണീതയുടെയോ
എന്താണ് മുന്നിട്ടു നില്‍ക്കുന്ന ഭാവമെന്ന് വിവേചിച്ചു അറിയുവാന്‍ എനിക്ക് കഴിയുമായിരുന്നില്ല.
ആ രൂപം എന്നെകുറിച്ച് എല്ലാം മനസിലാക്കിയിരുന്നു..
സ്വപ്ങ്ങളില്‍ തളച്ചിട്ട എന്റെ മനസ്സ് , യാഥാർഥ്യത്തിന്  നേരെ നോക്കാന്‍ കഴിയാതെ പിറകിലേക്ക് തിരിക്കുന്ന എന്റെ കണ്ണുകള്‍.
ജീവിതത്തെ പഴിച്ചുകൊണ്ടുള്ള എന്റെ യാത്രകൾ..
പരാജയങ്ങള്‍ എന്നെ ജീവിപ്പിക്കുന്നതോര്‍ത്തു ഞാന്‍ വിലപിച്ച നേരങ്ങളില്‍
അഭയം തേടാറുള്ള റെയില്‍പാളങ്ങളിലെ പകലുകള്‍,
മരണത്തിനും ജീവിതത്തിനും ഇടക്കുള്ള നേര്‍ത്ത തിരശീലക്കുള്ളില്‍
നിന്നും പലപ്പോഴായി ഞാന്‍ അകന്നു പോയ നിമിഷങ്ങള്‍
അങ്ങിനെ ...അങ്ങിനെ.. ആ രൂപം ഓരോരോന്നായി എന്നിലെ എന്നെ കുറിച്ച് പറയാന്‍ തുടങ്ങി.
ശബ്ദങ്ങള്‍ കൊണ്ട് പോറല്‍ വീഴാത്ത നിമിഷങ്ങള്‍,
പതിയെ ആ രൂപം വിഷാദം കൊണ്ട് സജ്ജലമായ മിഴികള്‍ ഉയര്‍ത്തി എന്നെ നേരെ നോക്കി. ചില പുലര്‍കാലങ്ങളില്‍ അപൂര്‍വമായി കാണാറുള്ള ദാഹത്തിന്റെ തിര ഇളക്കം ആ കണ്ണുകളില്‍ എനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞു.

'നീ ആരാണ് , നീ എന്തിനു എന്നെ തുറിച്ചു നോക്കുന്നു?' ഞാൻ ആ രൂപത്തെ നോക്കി ചോദിച്ചപ്പോൾ അത് എന്നോട് പറഞ്ഞു
"ഞാന്‍ ആണ് മരണം, നീ എന്നെ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയില്ലേ,ഇപ്പോളാണ് നിന്റെ സമയമായത്, ഞാന്‍ നിന്നെ കൂട്ടി കൊണ്ട് പോവാന്‍ വന്നതാണ്‌".

'മരണമേ നിനക്ക് ഇത്രയും സൌന്ദര്യമോ?
എനിക്ക് ആദ്യമായി ജീവിക്കുവാന്‍ തോന്നുന്നു..
ഞാനിപ്പോള്‍ ഒരു സ്നേഹത്തില്‍ ആണ്..
ഒരു പേടകത്തില്‍ എന്നപോല്‍  ഒഴുകി നടക്കുകയാണ്.
ഞാന്‍ ഈ വഴിയിലേക്ക് തിരിയുമ്പോൾ
പ്രതീക്ഷകളുടെ കണ്ണുകളുമായി അവൾ  എന്നെ നോക്കി നില്‍പ്പുണ്ടായിരുന്നു'

"യു ചീറ്റ്, ഹാര്‍ട്ട്ലെസ്സ്, നീ എന്നും സ്വാര്‍ത്ഥനായിരുന്നില്ലേ?
നിനക്ക് എപ്പോഴും സ്നേഹം ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ടായിരുന്നില്ലേ  ?
എന്നിട്ടും ഒരു പാവം പെണ്ണിനെ നീ....? മരണത്തെ ആഗ്രഹിച്ചു നടക്കുന്ന നീ എന്തിന്  ഒരു പെണ്‍കുട്ടിയെ വഞ്ചിച്ചു. വരൂ എന്റെ കൂടെ.."  അതും പറഞ്ഞു ആ രൂപം പാളത്തിലൂടെ ‍ നടക്കാന്‍ തുടങ്ങി . ആ രൂപത്തിന് പിറകെ ഞാനും..
എന്റെ നിയോഗമായിരുന്നു അത്. അല്‍പ സമയത്തിനുള്ളില്‍ പിന്നില്‍ ഒരു ചൂളംവിളി ഉയരും, പിന്നെ എല്ലാ വേദനകള്‍ക്കും വിട, സ്വപങ്ങള്‍ക്കും വിട.
പെട്ടെന്ന്  ഭൂമി വിറപ്പിച്ചു കൊണ്ട് പാളം കുലുങ്ങി.
ഇടതുവശത്തേക്കോ വലതുവശത്തേക്കോ ഒന്ന് മാറിയാല്‍ ജീവിതം ഇനിയും ബാക്കിയായേക്കാം........പക്ഷെ ... .


എനിക്ക് തുടര്‍ന്ന് എഴുതാന്‍ കഴിയുന്നില്ല.

നീ പോകരുതായിരുന്നു മനു.
ഭാവിയില്‍ എവിടെയെങ്കിലുംവച്ച് നമ്മള്‍ കണ്ടുമുട്ടുമെന്ന് ഞാനൊരു സ്വപനം കണ്ടുനടന്നിരുന്നു. അന്ന് പറയാന്‍ കരുതിവച്ചിരുന്ന വാചകം കേള്‍ക്കാന്‍ നില്‍ക്കാതെ.... നീ പോകരുതായിരുന്നു

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...