Sunday, December 27, 2015

സർവ്വം സഹരാജീവന്റെ ഫോണ്‍ ആണ് എന്നറിഞ്ഞപ്പോൾ, ഷവറിന്റെ കീഴെ വിവസ്ത്രയായി നിന്ന അവൾ ഹാളിലേക്ക് ഓടുകയായിരുന്നു. 
ഫോണ്‍ ചെവിയോടു ചേർത്ത് 'നീ എപ്പോഴാ വരുന്നേ?" എന്നവന്റെ ചോദ്യത്തിന് മറുപടി പറയാൻ തുടങ്ങുമ്പോളാണ് പെട്ടെന്ന് അവൾക്കു പരിസരബോധം ഉണ്ടായത്. 
തിരിച്ചു ബാത്ത്റൂമിലേക്ക്‌ ഓടുമ്പോൾ അവൾ മനസ്സിൽ പറഞ്ഞു "കൃഷ്ണാ ആരുടെ കണ്ണിലും പെട്ടിട്ടില്ല, ഭാഗ്യം" 
ബാത്ത്റൂമിന് വെളിയിലേക്ക് വരുമ്പോൾ, അവളുടെ പതിനാറും പതിനേഴും വയസ്സായ കസിൻസ് മൊബൈൽ ഫോണിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് എന്തോ അപ്‌ലോഡ്‌ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. 
അവളെ കണ്ടപ്പോൾ അവർ ചിരിച്ചുകൊണ്ട് എന്തെക്കെയോ പറയാൻ ശ്രമിക്കുന്നതായി അവൾക്കു തോന്നി. 
ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുമ്പോൾ അവളുടെ മനസ്സ് നിറയെ രാജീവന്റെ ഓർമകൾ ആയിരുന്നു. 
എന്തായിരിക്കും അവന് തന്നോട് പറയാനായി ഉണ്ടായിരുന്നത്? 
വീട്ടിലേക്കു ക്ഷണിച്ചപ്പോൾ താൻ എന്തായിരിക്കും മറുപടിയിൽ പറയുന്നതെന്ന് കേൾക്കാൻ അവൻ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? പക്ഷെ ഒന്നും പറയാൻ കഴിഞ്ഞില്ല. 
ഇനി വേഗം പുറപ്പെടുക തന്നെ. 
എത്രയോ കാലമായി അങ്ങിനെയൊരു വിളിക്ക് വേണ്ടി താൻ കാത്തിരിക്കുന്നു. 
നിറഞ്ഞ മിഴികളുമായി കാറിന്റെ സ്ലൈഡ് ഗ്ലാസ്സിലൂടെ അവൾ പുറത്തേക്കു നോക്കി എന്നിട്ട് പതുക്കെ പിറുപിറുത്തു "സർവ്വം സഹയായ ഭൂമിയില്ലെ ഭാരതീയ സ്ത്രീത്വം, അപ്പോൾ നമ്മളെല്ലാം ആ വിധിക്ക് കീഴടങ്ങുന്നതാണ് സുരക്ഷിതത്വം"
പിന്നെയവൾ തന്റെ കയ്യിലുണ്ടായിരുന്ന ലെറ്റർപാഡിൽ എഴുതാൻ തുടങ്ങി : 

'പ്രിയപെട്ട രാജീവ്‌, പലവട്ടം വെട്ടിയും തിരുത്തിയും എഴുതികൊണ്ടിരിക്കുന്ന കഥയായി മാറികൊണ്ടിരിക്കുകയാണ് എന്റെ ജീവിതം.
ഒറ്റവരിയിൽ എഴുതി തീർക്കാവുന്ന കഥയിൽ കുറെ വെട്ടും തിരുത്തും അനാവശ്യമാണ് എന്നെനിക്കറിയാം. 
പക്ഷെ മനുഷ്യജീവിതം അത്തരം തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. 
ജീവിതത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഏതാണ്ടെല്ലാ മനുഷ്യരും എഴുതെന്നത് ഒരുപോലെയാണ്‌ എന്ന് തോന്നുന്നു. 
ഒറ്റവരിയിൽ എഴുതി അവസാനിപ്പിക്കുന്നതിന് പകരം ഇത് നീട്ടി കൊണ്ട് പോവുന്നതിനു പ്രധാന കാരണം ഭാഷയിൽ പരിമിതപ്പെടുത്താൻ കഴിയാത്ത അനുഭവങ്ങളുടെ തീച്ചുളയിൽ ഞാൻ വെന്തുരുകുന്നത് കൊണ്ടാണ്.
ഇപ്പോൾ എന്റെ കാണാമറയത്ത് എവിടെയൊക്കെയോ പ്രതീക്ഷകളുടെ പൂക്കൾ വിരിഞ്ഞുവരുന്നത് പോലെ തോന്നിത്തുടങ്ങിയിരിക്കുന്നു.
ഈയിടെയായി ഒരു പ്രത്യേക സാഹചര്യമോ സംഭവങ്ങളോ ഓർത്തെടുക്കാൻ കഴിയാത്തവിധം മനസ്സ് ശൂന്യമായി പോയിരിക്കുന്നു. 
ഇല കൊഴിഞ്ഞു ഉണങ്ങിയ ചില്ലയിൽ പുതുനാമ്പുകൾ തളിരിടുന്നതും നോക്കിയുള്ള ഇരിപ്പ് വിരസമായി തീര്ന്നിട്ടുണ്ട്. 
ഒരു മാറ്റത്തിനു വേണ്ടി മനസ്സ് കൊതിച്ചുതുടങ്ങിയിരിക്കുന്നു. 
പക്ഷെ അതെങ്ങിനെ സാധ്യമാവും എന്നതിനെ കുറിച്ച് മാത്രമാണ് ആശങ്ക.
നിന്നെ വെറുക്കാൻ കഴിയാത്ത ഒരു സ്ത്രീയായി എന്തിനെന്നെ സൃഷ്ട്ടിച്ചു എന്ന ചോദ്യം മനസ്സിന്റെ ഉള്ളിലിരുന്നു കരയുമ്പോൾ, നിന്റെ സ്വരം കേള്ക്കാനും നിന്റെ സമീപത്തു ഓടിയെത്താനും ഞാൻ വല്ലാതെ ആശിച്ച് പോയിട്ടുണ്ട്. 


എങ്ങിനെ തുടങ്ങണം എന്നനിക്കറിയില്ല. 
നിന്നെ ഓർക്കുന്ന സമയത്തെല്ലാം എനിക്ക് ഭ്രാന്താണെന്ന് തോന്നാറുണ്ട്. 
അല്ലെങ്കിൽ നിന്റെ കൂടെ ഞാൻ ജീവിക്കുമായിരുന്നോ? 
നീ എന്നെ എന്തുമാത്രം മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. 
നാട് നിറയെ നിനക്ക് കാമുകിമാരായിരുന്നില്ലെ? 
സ്ത്രീകളുടെ കാര്യത്തിൽ നീ എപ്പോഴുമൊരു സോഷ്യലിസ്റ്റ്‌ ആയിരുന്നുവെന്നു എനിക്ക് തോന്നിയിട്ടുണ്ട്. 
ആ കാര്യത്തിൽ നിനക്ക് വലിപ്പ ചെറുപ്പമില്ല, മതങ്ങളുടെ വേർതിരിവില്ല, വർണ്ണ വിവേചനമില്ല, എല്ലാവരും ഒരുപോലെ. 
അവരോടു സല്ലപിക്കുവാൻ നിനക്ക് 'പെണ്ണ്' എന്ന വികാരം മാത്രം മതിയായിരുന്നു. 
എല്ലാമറിഞ്ഞിട്ടും നിന്നെ കുറിച്ച് വല്ലവരും മോശമായി പറയുമ്പോൾ എനിക്ക് അവരോടു ദേഷ്യം തോന്നുമായിരുന്നു. 
ഒന്നും ചെയ്യാൻ കഴിയാത്ത എന്റെ മനസ്സിന്റെ നിസ്സഹായതക്ക് മുന്നിൽ, എനിക്ക് തേങ്ങി കരയാൻ മാത്രമേ കഴിയുമായിരുന്നൊള്ളു . 
"ഇനിയുള്ള കാലം നമുക്ക് ഒന്നിച്ചു ജീവിച്ചുകൂടെയെന്നു ഒരിക്കൽ നീ ഫോണിലൂടെ ചോദിച്ചപ്പോൾ രാത്രികളുടെ ഏകാന്തതകളിൽ നിന്റെ പേര് വിളിച്ചു കരഞ്ഞതത് മനസ്സില് തികട്ടി വന്നു. പൊടുന്നനെ എന്റെ മനസ്സ് ആർദ്രമായി.
സ്നേഹത്തിന്റെ നിർമലമായ ഒരു വികാരം എന്നിലേക്ക്‌ ഓടിയെത്തുകയായിരുന്നു. 
നിന്നെ കെട്ടിപുണർന്നു എന്റെ കരവലയത്തിനുള്ളിൽ ഒതുക്കി നിന്റെ ചുണ്ടുകളിൽ തുരുതുര ചുംബിക്കുവാൻ ഞാൻ ആഗ്രഹിച്ചുപ്പോയി. 
പക്ഷെ എങ്ങിനെയോ ഞാൻ പോലും അറിയാതെ പുച്ഛമെന്ന മനോവികാരം എന്റെ മനസ്സില് ഉടലെടുക്കുകയായിരുന്നു. 
ആലോചിച്ചപ്പോൾ അത്രയെളുപ്പം നിനക്ക് വഴങ്ങി തരരുതെന്ന് തോന്നി. അതുകൊണ്ട്തന്നെയാണ് ഞാൻ ഒരു മറുചോദ്യം നിന്നോട് ചോദിച്ചത് "തനിച്ചു ജീവിച്ചു കൊതി തീര്ന്നുവോ" എന്ന്. 
ആ വാക്കുകൾ കേട്ട് നീ അത്ഭുതപ്പെട്ടുപോയി കാണും അല്ലെ? 
അതുകൊണ്ടാവണം വ്യക്തമായി ഒരു മറുപടി തരാതെ നീ വാക്കുകൾക്ക് തുടർച്ച നല്കിയത്. 
നീ എന്നോട് എന്താണ് പറഞ്ഞത് എന്നോർമയുണ്ടോ? 'നിനക്ക് ഞാനില്ലാതെ ജീവിക്കാൻ വയ്യാതെയായി എന്ന്. നിനക്ക് സ്വന്തമായുള്ളത് ഞാൻ മാത്രമാണ് എന്ന സത്യം നീ തിരിച്ചറിഞ്ഞുവെന്ന്'. 
എത്രയോ ആളുകൾ ഉപയോഗിച്ച് ആവര്ത്തിച്ച്‌ പഴകിയ ശൈലിയാണ് നീ ഉപയോഗിച്ചത് എന്നറിയുമോ? 
എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാവണം വീണ്ടും അത്തരം വാക്കുകൾ നീ എടുത്തു പ്രയോഗിച്ചത്!! 
സ്നേഹിക്കുന്നവരോട്‌ സംസാരിക്കാൻ ഏറ്റവും നല്ല ഭാഷ ആവർത്തനങ്ങൾ ആണ് എന്ന് നീ വിശ്വാസിക്കുന്നുണ്ടാവണം. 
ആവർത്തനങ്ങൾ ഒരു ആണയിടൽ കൂടിയാണല്ലോ? സ്നേഹത്തിന്റെ ആണയിടൽ!


എനിക്ക് ഒട്ടും ആത്മാർത്ഥതയില്ലായിരുന്നു എന്നതാണ് വാസ്തവം. 
അല്ലെങ്കിൽ നിന്റെ പ്രയോഗത്തിലെ പഴമയെ കുറിച്ച് ഞാൻ ചിന്തിക്കില്ലയിരുന്നു. 
ജീവിതത്തിന്റെ ശിഷ്ടകാലം ഞാൻ കൂടി വേണമെന്ന് നീ പറഞ്ഞതിന്റെ പ്രധാന കാരണം നിന്റെ സ്വാർത്ഥതയാണ് എന്ന് എനിക്ക് തോന്നി. 
ഒറ്റപെട്ട ജീവിതം നീ സ്വയം വരിച്ചതല്ലേ? 
ആരോടും കടപാടില്ലാതെ ജീവിക്കുന്നതിലെ സുഖം ഓർത്തത്കൊണ്ടായിരുന്നില്ലേ അങ്ങിനെയൊരു തിരഞ്ഞെട്പ്പു നീ നടത്തിയത്. 
പക്ഷെ സുഖം ഒരു യാഥാര്ത്ഥ്യമല്ല അത് വെറും പ്രതീക്ഷകൾ ആണ് എന്ന നേരറിവു നിനക്ക് ഉണ്ടായില്ല. 
എന്നെ മറന്ന കൂട്ടത്തിൽ ചിലത് കൂടി നീ മറന്നു. 
അവനവനിലേക്ക്‌ മാത്രമായി സ്വയം ഒതുങ്ങി കൂടുന്നത് സത്യത്തിൽ പരാജയം ആണെന്നും പോരാടി ജീവിക്കുന്നതിലാണ് ശരിക്കും ആനന്ദമെന്നും നീ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്. 
പക്ഷെ ഞാൻ കൂടെ ഉണ്ടാവുമ്പോൾ, നിന്റെ സര്ഗവാസനകൾ നശിച്ചുപോവുമോ എന്ന് നീ ഭയക്കുന്നു. 
എന്നിലേക്ക്‌ മാത്രമായി നിന്റെ ചിന്തകളും ദൈനദിന പ്രവര്ത്തനങ്ങളും ഒതുങ്ങി പോവില്ലേ എന്ന തോന്നലും നിനക്കുണ്ടായി.
നീ യഥാർത്ഥത്തിൽ ഒറ്റപ്പെടൽ ആഗ്രഹിച്ചത് എന്നിൽ നിന്ന് മാത്രമാണ് എന്ന് തോന്നിയിട്ടുണ്ട്.
 ഒറ്റപ്പെട്ട അവസ്ഥയിലും പൊഴിഞ്ഞു വീഴുന്ന പൂവുകളിലെ ഇതൾ അടർന്ന് വീഴുന്ന കാഴ്ചകൾ നീ ആസ്വദിച്ചിരുന്നു.
 ഞാൻ ഇല്ലെങ്കിലും മറ്റു എന്തൊക്കെയോ നിനക്ക് കൂട്ടിനുണ്ടായിരുന്നു. 
പക്ഷെ, ക്ഷണികമായ അവസ്ഥകൾ നിന്നിൽ മടുപ്പ് ഉളവാക്കിയിരിക്കണം. 
പിന്നെ തോന്നിയ ചിന്തയിൽ നിന്നാവണം വെളിച്ചത്തിലേയ്ക്കു ഓടിയെത്തി സ്വയം മരണം വരിക്കുന്ന ഈയാം പാറ്റകളെ കുറിച്ച് നിനക്ക് ഓർമവരുന്നത് .
 പക്ഷെ, കാലം ഈയാം പാറ്റകളെയും മാറ്റിയിരിക്കുന്നു.
 ഏതു തരം വെളിച്ചത്തിലേക്കാണ് ഓരോരുത്തരും അടുക്കേണ്ടത് എന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്.
 ഒരു കാലത്ത് എന്റെ മനസ്സിന്റെ ചിന്തകൾ നീ എന്ന വൃത്തത്തിനുള്ളിൽ  മാത്രം ഒതുങ്ങി പോവുന്നതായിരുന്നു.
 പക്ഷെ എവിടെയോ വച്ച് നിന്നെയെനിക്ക് നഷ്ടപ്പെടുകായിരുന്നു.
 എന്നെ ഒറ്റപ്പെടുത്തി പോയത് കൊണ്ട് മാത്രമല്ല അങ്ങിനെ സംഭവിച്ചത് പകരം, എന്നിൽ പാരതന്ത്ര്യം  കണ്ടെത്തിയ നിന്റെ ചിന്തകളും കാഴ്ച്ചപാടുകളും അതിനു നീ കണ്ടെത്തിയ മര്ഗവും കൊണ്ടായിരുന്നു.
 ഒരിക്കൽ നീ പറഞ്ഞു "ചിലോരോക്കെ എന്റെ നഷ്ടത്തെ കുറിച്ചും വാചാലരാവുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഭാര്യക്ക് ഒപ്പം കഴിയാൻ ഭാഗ്യമില്ലാത്ത ഒരു ഹതഭാഗ്യനായി അവർ എന്നെ എണ്ണുന്നു. പക്ഷെ, അവർക്കാർക്കും ഇല്ലാത്ത പലതും എനിക്കുണ്ടായിട്ടുണ്ട്. അത് സ്വാന്തന്ത്ര്യം ആയിരുന്നു. കണ്ണിനു ഇഷ്ടപെടുന്ന ഏതു പെണ്‍കുട്ടിയോടും കൂടെ ശയിക്കാൻ ആഗ്രഹമുണ്ട് എന്ന് പറയാനുള്ള സ്വതന്ത്ര്യം എനിക്കുണ്ടായിരുന്നു. അവരുടെ ദേഷ്യവും, സങ്കടവും കലർന്ന മറുപടി എനിക്ക് ആഘോഷമായിരുന്നു. എന്റെ വാചലതയിലും ബാഹ്യപ്രഭയിലും ചില പെണ്കുട്ടികളെങ്കിലും ആകര്ഷിക്കപ്പെട്ടു പോയിട്ടുണ്ട്. പക്ഷെ ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് തേൻ തേടി പോവാൻ എനിക്ക് എളുപ്പം കഴിയുമായിരുന്നു. ചില വണ്ടുകളെങ്കിലും ഒരു പൂവിൽ നിന്ന് മാത്രമായി മധു നുകർന്ന് തങ്ങളുടെ ആയുസ്സ് ഹോമിച്ചു കളയുന്നുണ്ട്. എനിക്കവരെ വിഡ്ഢികൾ എന്ന് വിളിക്കാനാണ് തോന്നുന്നത്. പ്രകൃതിയിലെ ഏറ്റവും മധുരതരമായ അവസ്ഥ അവർ തിരിച്ചറിയപ്പെടാതെ പോവുകയാണ്".

നീ പറഞ്ഞത് കേട്ടപോൾ എനിക്ക് ദേഷ്യം തോന്നിയില്ല.
 കാരണം, പുരുഷന് എന്തുമാകാം എന്നൊരു കാഴ്ച്ചപാട് സമൂഹത്തിൽ നിന്ന് നിനക്ക് കിട്ടിയിട്ടുണ്ട്.
 യഥാർത്ഥത്തിൽ പുരുഷന്‌ മാത്രമാണോ ഇത്തരം സ്വാതന്ത്ര്യത്തിനു അവകാശമുള്ളത്?
 സ്ത്രീയുടെ പ്രണയവും, സ്നേഹവും, കാമവും, വികാരങ്ങളും, വിചാരങ്ങളും എല്ലാം ഒരു ബിന്ദുവിൽ മാത്രമായി ഒതുക്കേണ്ടതാണോ?
 ഭർത്താവ് എന്ന ബിന്ദുവിൽ?
 സ്ത്രീ ഇങ്ങിനെ വിചാരിച്ചു പോയാൽ ഉടനെ ധര്മ്മ പ്രബോധകർ അവളെ ഒരു ദുർനടപ്പുകാരിയായി മുദ്രകുത്തുന്നു.
 സദാചാരവിരുദ്ധ എന്ന് വിളിച്ചു അധിക്ഷേപ്പിക്കുന്നു.
 പക്ഷെ അവൾക്കും ഹൃദയമുണ്ട് എന്ന് ഈ ആളുകള് മറന്ന പോവുന്നു.
 ധര്മവും നീതിയും, സ്ത്രീക്കും പുരുഷനും തുല്യം ആവേണ്ടതല്ലേ?
 സ്ത്രീ ചിന്തിക്കുമ്പോൾ അത് അധാർമികവും പുരുഷൻ ചിന്തിക്കുമ്പോൾ അത് ആഘോഷവുമായായി മാറുന്നു.
 സമൂഹത്തിന്റെ ഈ വേര്തിരിവ് കൊണ്ട് മാത്രമാണോ, സ്ത്രീ പുരുഷന്റെ തണലിൽ ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്നത്?
 അല്ല, സ്ത്രീയുടെ സൃഷ്ടിപ്പ് കൂടി അതിനു കാരണമാവണം. അല്ലെങ്കിൽ ഞാൻ എന്നോ നിന്നെ വെറുത്തുപോയേനെ.


കണ്ണികൾ വേര്പ്പെട്ടുപ്പോയ ജീവിതം ഇപ്പോൾ നിന്നെ ഭയപ്പെടുത്തുന്നുണ്ട് അല്ലെ? 
എന്നിൽ നിന്നകന്ന് സ്വാതന്ത്ര്യം തേടി പോയ നീ സ്വയം പണികഴിച്ച തടവറയിൽ നിന്ന് പുറത്തു ചാടാൻ കഴിയാതെ ആത്മഗതം ചെയ്തു കൊണ്ടിരിക്കുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു.
 ഉപേക്ഷിച്ചത് അന്വേഷിച്ചു തിരിച്ചുവരുന്നത് ഒരർത്ഥത്തിൽ പരാജയമാണ്. 
എന്നിലേക്കുള്ള നിന്റെ മടങ്ങിവരവിനു പോലും ചിലപ്പോൾ അല്പായസ്സു മാത്രമേ കാണു.
 കൂടെ ശയിക്കുമ്പോൾ എന്റെ ശരീരത്തോട് താല്പര്യം കാണിക്കാതെ നിന്റെ സങ്കല്പ്പത്തിലെ പെണ്ശരീരം ഓർത്ത് രതിയുടെ സുവര്ണ്ണ ഭൂമിക തേടി യാത്രചെയ്തിരുന്ന ആളായിരുന്നില്ലേ നീ?
 എന്റെ ശരീരം നിന്റെ കണ്ണിൽ ആനന്ദപൂര്ണ്ണമാവുന്നില്ല എന്നാണ് ഒരിക്കൽ നീ പറഞ്ഞത്.
 അപ്പോൾ ഞാൻ പറഞ്ഞു "താല്പര്യം ജനിപ്പിക്കേണ്ടത് എന്റെ ശരീരമല്ല, നിന്റെ മനസ്സാണ്. എന്റെ ശരീരത്തിന് നിന്നെ അനുഭൂതിയിൽ എത്തിക്കാൻ കഴിയില്ല എന്ന് സങ്കല്പിക്കുന്ന നിന്റെ മനസ്സിന്റെ ചിന്തകളെ പിഴ്ത് ദൂരെ എറിയു. എന്നിട്ട് എന്റെ ശരീരത്തെ സ്നേഹത്തോടെ നിന്നിലേക്ക്‌ അടുപ്പിക്കു"
 അപ്പോൾ നീ അത് കേട്ടതായി ഭാവിച്ചില്ല. കാരണം നിന്റെ ലോകം സാങ്കൽപികമാണ്‌....... .
 രാത്രികളിൽ എന്നെ കെട്ടിപുണർന്ന് കിടക്കുമ്പോഴും ഉറങ്ങാതെ സ്വപ്നങ്ങളിൽ നിനക്ക് രതി അനുഭവിക്കാൻ കഴിയുമായിരുന്നു.
 പവിത്രമായി മാത്രം മനുഷ്യർ കാണുന്ന ദാമ്പത്യം കുറെ കഴിയുമ്പോൾ ഭാണ്ഡം പേറി ക്ഷീണിച്ച രണ്ടു കഴുതകളുടെ അവസ്ഥയിലേക്കാണ് എത്തുന്നതെന്ന് എനിക്ക് തോന്നിയ്ട്ടുണ്ട്.
 പൊട്ടിച്ചെറിയാൻ കഴിയുന്ന ഒരു താലിചരട് കൊണ്ടോ, വലിച്ചു കീറാൻ പാകത്തിലുള്ള ഒരു കടലാസ് കഷണം കൊണ്ടോ കഴുതകളെ സാമൂഹ്യക കുടുംബ ബന്ധങ്ങളുമായി ബന്ധിച്ചിരിക്കുന്നു.
 ബുദ്ധികൊണ്ട് അഹങ്കരിക്കുന്ന മനുഷ്യരെ കഴുതയോടു എന്തിനു ഉപമിക്കുന്നു എന്നൊരു ചോദ്യം ഉയര്ന്നു വന്നേക്കാം.
 പക്ഷെ, ഞാൻ പറഞ്ഞത് സത്യമാണ്.
 അല്ലെങ്കിൽ ഞാൻ ഒരിക്കലും നിന്റെ ഭാണ്ഡം പേറി ജീവിക്കില്ലയിരുന്നു.
 എന്റെ നേർക്ക്‌ കാമാര്‍ത്ത ദാഹത്തോടെ നോക്കുന്ന കണ്ണുകളെ അവഗണിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.
 എല്ലാ പുരുഷന്മാരെപോലെ ഒരാൾ മാത്രമാണ് എന്റെ ഭർത്താവും എന്ന് സങ്കല്പ്പിക്കാൻ എനിക്ക് കഴിയുമായിരുന്നു.
 ശരിയും തെറ്റും ഞാനിപ്പോൾ ആലോചിക്കുന്നില്ല. അത് നാം തന്നെ നിർമ്മിക്കുന്ന്തല്ലെ?
 നിന്നെ കാണുമ്പോൾ ഇങ്ങിനെ മനസ്സ് തുറന്നു സംസാരിക്കാൻ എനിക്ക് കഴിഞ്ഞു എന്ന് വരില്ല.
 എന്റെ സ്വപങ്ങളിൽ നിറയെ നിന്റെ നീല കണ്ണുകളാണ്.
 ഒരു പക്ഷെ നിന്നെ കണ്ടുമുട്ടുമ്പോൾ ഞാനൊരു ദുര്ബലയായ ശിശുവായി മാറാം.
 പിന്നെ നിന്റെ നെഞ്ചിൽ തലചേർത്തു വിങ്ങിപൊട്ടി കരഞ്ഞേക്കാം.
 അപ്പോൾ പറയാനുള്ളത് എല്ലാം ഞാൻ മറന്നു പോയേക്കാം.
ജീവിതം ആകസ്മികത്വം നിറഞ്ഞതല്ലെങ്കിൽ പിന്നെന്താനൊരു ആകർഷണീയത. പ്രതീക്ഷിക്കുന്നത് മാത്രം സംഭവിച്ചാൽ മധുരമായ വേദനകളെ എങ്ങിനെ താലോലിക്കാൻ കഴിയും"
.
കാർ, രാജീവന്റെ വീടിനു അടുത്ത് എത്തിയപ്പോൾ അവൾ എഴുതികൊണ്ടിരിക്കുന്നത് നിർത്തി.
 ഡ്രൈവറോട് വണ്ടി വീടിന്റെ പോർച്ചിൽ കൊണ്ട് പോയി നിർത്താൻ നിര്ദേശം കൊടുത്തു.
 പുറത്തിറങ്ങിയപ്പോൾ വീടിനകത്തുള്ള ആള്ക്കൂട്ടം കണ്ട് അവൾ അമ്പരന്നു. 
അവൻ എന്തെങ്കിലും കടുംകൈ ചെയ്തു കാണുമോ?
 ഓർത്തപ്പോൾ അവളുടെ കണ്ഠമിടറി, മിഴികള്‍ നിറഞ്ഞു ഒഴുകി.
 ഒരു നിമിഷം സ്തബ്ധയായി നിന്ന അവൾ മൌനമായി തേങ്ങി "എന്റെ കൃഷ്ണാ...എന്റെ പ്രിയപെട്ടവന് ഒരാപത്തും വരുത്തരുതേ"
 പിന്നെ അവൾ നിലവിളിച്ചുകൊണ്ട് വീടിനകത്തേക്ക് ഓടി രാജീവന്റെ മുറിക്കകത്ത് എത്തി.
 കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്ന അവനെ കണ്ടപ്പോളാണ് അവൾക്കു ശ്വാസം നേരെ വീണത്.
അവളെ കണ്ടാപാടെ ലുങ്കി വാരിചുറ്റി അവൻ എഴുന്നേറ്റു അവളുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് അവനിലേക്ക്‌ ചേർത്ത് നിർത്തികൊണ്ട്‌ പറയാൻ തുടങ്ങി .
" നീ വരുന്നത് ഒരു ആഘോഷം ആക്കാനാണ് ഞാൻ എല്ലാവരെയും വിളിച്ചത്.
 നീയും മറ്റു പെണ്‍കുട്ടികളും തമിലുള്ള വിത്യാസം എന്താന്നറിയുമോ നിനക്ക്?" അവൾ ചോദ്യഭാവത്തിൽ അവനെ നോക്കിയപ്പോൾ,യുറ്റുബ് തുറന്നു അവളുടെ വിവസ്ത്രയായ ഫോട്ടോ കാണിച്ചു കൊണ്ട് അവൻ പറഞ്ഞു
 "ശരീരത്തിലെ വളവുതിരിവുകളിൽ മാത്രമാണ് നിങ്ങൾ തമ്മിലുള്ള വിത്യാസം"

3 comments:

Cv Thankappan said...

സര്‍വ്വം സഹ
നല്ല രചന
ആശംസകള്‍

Badsha Kavumpadi said...

നന്നായിട്ടുണ്ട്.

Badsha Kavumpadi said...

നന്നായിട്ടുണ്ട്.

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...