Tuesday, January 20, 2015

ഒരു സൈനികന്റെ ഡയറി കുറിപ്പുകള്‍
(സ്നേഹ സാന്ത്വനം "പ്രണയകാലം" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചെറുകഥ രചന മത്സരത്തില്‍ എന്നെ ഒന്നാം സമ്മാനത്തിനു അര്‍ഹനാക്കിയ  കഥ )


പേജ് നമ്പര്‍: 23
അവളെ ഞാന്‍ ആദ്യമായികാണുന്നത് ശത്രുവിന്റെ
ഒരുതാവളം  ആക്രമിക്കുമ്പോളായിരുന്നു .
ആ താവളം കുറെ കെട്ടിടങ്ങള്‍ നിറഞ്ഞതായിരുന്നു.
അവയിലൊന്ന്  പൊളിഞ്ഞുവീഴാറായ ജീര്‍ണിച്ച ഒരുകെട്ടിടമായിരുന്നു.
ഉരുളന്‍കല്ലുകള്‍കൊണ്ട് പണിത ആ കെട്ടിടത്തിനകത്ത് നിന്ന്  പ്രകോപനം പ്രതീക്ഷ്ച്ച ഞാൻ നിരാശനായി.

പതുക്കെ ഞാന്‍ കെട്ടിടത്തിനകത്തേക്ക് കടന്നു.
പ്രവേശകവാടത്തിനരികെ തറയിലിരുന്നു  ഒരുവൃദ്ധ 
വേദപുസ്തകം പാരായണം ചെയ്യുന്നുണ്ടായിരുന്നു.
വൃദ്ധ എന്നെകണ്ടതായി ഭാവിച്ചില്ല.
പെട്ടെന്നാണ് കണ്ടത്
തൊട്ടപ്പുറത്ത് വാതിലിന് അടുത്തായി ഒരു രൂപം.
ഒരു സുന്ദരിയായ യുവതി.
നിഷ്കളങ്കമായ കണ്ണുകള്‍, 
നീണ്ട തലമുടി മുട്ടോളം നീണ്ടുകിടക്കുന്നു.
അവളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു.
ഞാന്‍ അവള്‍ക്കു നേരെനോക്കി പുഞ്ചിരിച്ചു.
അവള്‍ വേച്ചു വേച്ചു എന്റെ അരികിലേക്ക് വന്നു.
എന്റെ കാല്‍കീഴില്‍ മുട്ടുകുത്തിനിന്നു.
അവളുടെ കാൽപാദങ്ങൾ നിറയെ രക്തമായിരുന്നു.
ഞാന്‍ അവള്‍ നിന്ന സ്ഥലത്തേക്ക് നോക്കി.
തലങ്ങും വിലങ്ങും കുറെ മനുഷ്യജഡങ്ങള്‍ അവിടെ കിടപ്പുണ്ടായിരുന്നു .
സാറ എന്നായിരുന്നു അവളുടെ പേര്.
എനിക്ക് മനസ്സിലായി.. ശത്രു ഞങ്ങളെ തോല്‍പിച്ചിരിക്കുന്നു.പേജ് നമ്പര്‍ : 24
സാറയെ കാണുന്നതിന് മുമ്പ് ഞാന്‍ ഒരു മനുഷ്യന്‍ ആയിരുന്നില്ലേ?
എന്റെ ചിന്തകളില്‍ എവിടെയും സ്നേഹം ഉണ്ടായിരുന്നില്ലേ?
സാറ, എന്നിലേക്ക്‌ പെയ്തിറങ്ങുകയായിരുന്നു.
അലിഞ്ഞലിഞ്ഞില്ലാതായിത്തീരുന്ന എന്റെ ജീവിതത്തിലേക്ക് 
പുഷ്പങ്ങളുടെ സൌരഭ്യവുമായി. 
വേദനകളുടെയും വിഷാദത്തിന്റെയും വിഭ്രമലോകത്തേക്ക്.
ഒരു നദിയായി അവള്‍ ഒഴുകുകയായിരുന്നു.
ഒരു സാഗരമായി ഞാന്‍ അവളെ പുല്‍കാന്‍ വെമ്പല്‍കൊള്ളുകയായിരുന്നു.
ആര്‍ദ്രമായൊഴുകിയും ഇരമ്പിയാര്‍ത്തും അവള്‍ 
എന്നെ ഉന്മത്തനാക്കുകയായിരുന്നു.


പേജ് നമ്പര്‍: 25
ഞാന്‍ മൂന്നാമത്തെ ട്രക്കും നോക്കിനില്‍ക്കുകയാണ്.
താഴ്വാരങ്ങളില്‍ നിന്ന് നേര്‍ത്ത ശബ്ദത്തില്‍ കാറ്റ് 
പോപ്പിവൃക്ഷങ്ങളെ ആടിയുലച്ചുകൊണ്ടിരിക്കുന്നു.
ഇലകളും പൂക്കളും അറ്റുപോയ ഇതളുകള്‍ 
കെട്ടിടത്തിനു ചുറ്റും പരന്നുകിടക്കുന്നു.
റോഡില്‍ നിന്നും കണ്ണുകളിലേക്കു എത്തിപ്പെടുന്ന
 കാഴ്ചയുടെ തിരശീലയിലാണ് എന്റെ മനസ്സ്.
അവിടെ റോഡ്നു ഒരു വളവുണ്ട്.
റോഡ്നു ഇരുവശവുമായി പഴയ ജീര്‍ണിച്ച കേട്ടിടാവിഷ്ടങ്ങളുടെ ചുമരുകളില്‍ നിറയെ വെടിയുണ്ടകള്‍ ബാക്കിവച്ച അടയങ്ങള്‍ കാണാം.
ചിലയിടത്തെങ്കിലും കാലം മുറിവ് ഉണങ്ങാത്ത ചിലപാടുകള്‍ 
അവശേഷിച്ചു പോയത് പോലെ തോന്നിപ്പിക്കുന്നു.
കട്ടപിടിച്ച ചോരപാടുകളില്‍ നിന്ന് ദയനീതയുടെ അട്ടഹാസങ്ങള്‍ മുഴങ്ങി കേള്‍ക്കുന്നത് പോലെ തോന്നുന്നു.

ട്രക്കിന്റെ നേരിയ ഇരമ്പംപോലും എന്റെ പ്രണയത്തെ ഉന്മാദലഹരിയില്‍ ആഴ്ത്താം
ആ ലഹരിയില്‍ എനിക്ക് പറന്ന് പറന്നു നടക്കാം. ഒഴുകാം. ഓളങ്ങള്‍ തീര്‍ക്കാം..

മൂന്നാമത്തെ ട്രക്ക് എന്റെ സാറക്ക് വേണ്ടിയുള്ളതാണ്.
ഇന്നത്തെ രാത്രി ഞങ്ങളുടെ പ്രേമത്തിന്റെ മായിക നിമിഷത്തിലെക്കുള്ള യാത്രയുടെ നെറുകയില്‍ എത്തിച്ചേരാനുള്ളതാണ്.
എന്റെ ഉടലാകെ കോരിത്തരിക്കുന്നു.
എന്റെ പ്രിയെ നിന്റെ സ്നേഹത്തില്‍ ഞാന്‍ മരിക്കുകയാണ്.
ഭൂതകാലത്തിന്റെയോ ഭാവികാലത്തിന്റെയോ ഭാരം പേറുന്ന ഈ ജീവിതം സുന്ദരമാവുന്നത് നിന്റെ സാമിപ്യമാണ്.
നിന്നെ കണ്ട മാത്രമയില്‍ ഞാന്‍ വിസ്മയത്തില്‍ ജീവിക്കുകയാണ്.
അത്ഭുതത്തില്‍ ജീവിക്കുകയാണ്.
ഞാന്‍ എന്നത് എപ്പോഴും നിലംപൊത്താന്‍ പാകത്തിലുള്ള കിളികൂടാണ്.
എനിക്ക് ചുറ്റും ശത്രുക്കള്‍ കെണി ഒരുക്കി കാത്തിരിക്കുകയാണ്.
എന്റെ തലയ്ക്കു മുകളില്‍ നിന്നാവാം ആ കെണി എന്നെ തേടി വരുന്നത്.
അല്ലെങ്കില്‍ എന്റെ എതിര്‍വശങ്ങളിലുള്ള ഏതെങ്കിലും ജീര്‍ണിച്ച കെട്ടിടത്തിനകത്ത് നിന്നും.
രണ്ടു അത്ഭുതങ്ങള്‍ മാത്രമാണുള്ളത് ജീവിതവും മരണവും.
മൂന്നാമതൊരു അത്ഭുതമുണ്ടങ്കില്‍ അത് നിന്റെ പ്രേമമാണ്.


പേജ് നമ്പര്‍: 26
ആദ്യത്തെ രണ്ടു ട്രക്കുകളും അറ്റുപോയ കൈകളും,  കാലുകളും  കുത്തി നിറച്ച നിലയിലായിരുന്നു.
അതില്‍ നിന്ന് ആ മുഖം അറിയാന്‍ സാധിക്കുമായിരുന്നില്ല.
അവള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു മുഖമാണ് അത്.
അവളെ അനാഥയാക്കിയ മുഖമായിരിക്കാം അത്.

ഇനിയുള്ള പ്രതീക്ഷ മൂന്നാമത്തെ ട്രക്കാണ്.
അവന്റെ തലയില്‍ എത്ര വെടിയേറ്റ പാടുകള്‍ കാണും.
തുടരെ തുടരെ എന്റെ മെഷീന്‍ ഗണ്ണില്‍ നിന്ന് അവന്റെ ഒളിത്താവളം ലക്ഷ്യമാക്കി വെടിയുതിര്‍ത്തതാണ്.
ആ താവളത്തില്‍ അവന്റെ കുഞ്ഞുങ്ങളും ഭാര്യയുമായിരിക്കുമോ .
ഇനി വേറെ ആരെങ്കിലും ഉണ്ടായിട്ടുണ്ടാവുമോ?
ഭര്‍ത്താവിനു വെടിയെല്‍ക്കുമ്പോള്‍ എങ്ങിനെ ആയിരക്കും ആ സ്ത്രീ‍ നില വിളിച്ചു കാണുക.
തന്റെ പ്രിയപ്പെട്ടവന്റെ വെടിയേറ്റ്‌ മുറിപ്പെട്ട തല അവളുടെ മടിയില്‍ കിടത്തി അതില്‍ തലോടിക്കൊണ്ട് ലോകത്തെ വെല്ലുവിളിച്ചിട്ടുണ്ടാകുമോ?
അതോ ആ വെടിയുണ്ട തടുക്കാന്‍ അവള്‍ തന്റെ വിരിമാറു കവചമാക്കി തീര്‍ത്തിരിക്കുമോ?

ഒരു പക്ഷെ എന്റെ രക്തത്തിനായി അവളുടെ ഹൃദയം കേഴുന്നുണ്ടാവാം.
ഞാന്‍ അല്ലെങ്കില്‍ ഞങ്ങളുടെ സഖ്യസേനയില്‍ നിന്ന് വേറെ ഒരു പട്ടാളക്കാരന്‍ അത് ചെയ്തിരിക്കും.
ഓരോ പട്ടാളക്കരന്റെയും ഹൃദയ സാഫല്യമാണ് ഒരു ശത്രുവിന്റെ തല.
ഓരോ തലയുടെ പിടച്ചിലും സമാധാനത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്നവന്‍ വിശ്വസിക്കുന്നു


പേജ് നമ്പര്‍: 27
സാറയെ കണ്ടിട്ട് രണ്ടു ദിവസങ്ങളായി.
എന്തോ നഷ്ടപ്പെട്ട് പോയത് പോലെ
ഉഷസ്സിന്റെ പ്രകാശരേഖകള്‍ മങ്ങിയത് പോലെ
മനസ്സ് ശൂന്യമായിരിക്കുന്നു

കഴിഞ്ഞ എത്രയോ കൊല്ലങ്ങളായി ഞാനിവിടെ ഈ മലമടക്കുകളില്‍.
എന്തിനു എന്ന് ചോദിച്ചാല്‍ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങള്‍.
അത്ര പെട്ടന്ന് മാറുമോ ഈ ലോകം.
അര്‍ത്ഥമില്ലാത്ത ജീവിതം
സ്വാര്‍ത്ഥത മാത്രമുള്ള മനുഷ്യര്
ഓരോന്നിനെയും അധീനപ്പെടുത്താന്‍ മനുഷ്യന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.
തലമുറകള്‍ വളരുന്തോറും കുറയുന്നതിന് പകരം വര്‍ധിക്കുന്നു അവന്റെ അനോന്യമുള്ള പക
ഓരോ യുദ്ധവും മനുഷ്യനെ മൃഗങ്ങളാക്കി മാറ്റുന്നു.
അവന്‍ കൂടുതല്‍ കൂടുതല്‍ യുദ്ധത്തിനായി ദാഹിക്കുന്നു.
ഈ ഭൂമിയെ സംരക്ഷിക്കാന്‍ പെടേണ്ട ഒരു പാട്.
മനുഷ്യന്റെ ഒരു ഗതികേട്
ജനിച്ചു വളര്‍ന്ന നാട്, ശീലിച്ചുപോന്ന അലസത
വിട്ടു പിരിയാന്‍ തോന്നാത്ത മണ്ണ്.‍

ആ മരണവാര്‍ത്ത അവള്‍ അറിയാതിരിക്കില്ല.
ഇന്ന് അവള്‍ വരും.
ഇന്ന് യുദ്ധം തീരും.
ഇന്നലെ രാത്രി എന്താണ് അവള്‍ ചെയ്തിരിക്കുക
വെറുതെ ആകാശത്തെ നോക്കി, നക്ഷത്രങ്ങളിലേക്കു മനസ്സ് തുറന്നിട്ടുണ്ടാവുമോ
എല്ലാ ഇന്ദ്രിയങ്ങളിലും പ്രകാശം പരത്തുന്ന പ്രേമത്തില്‍ അവള്‍ ലയിച്ചു കിടന്നിട്ടുണ്ടാവുമോ,
അലിഞ്ഞു അലിഞ്ഞു ആനന്ദത്തിന്റെ കൊടുമുടിയില്‍ എത്തിയിട്ടുണ്ടാവുമോ
വെടിയൊച്ചകള്‍ കേള്‍ക്കാത്ത, വാവിട്ടു നിലവിളിക്കാത്ത കുഞ്ഞുങ്ങളുടെ ലോകം അവള്‍ സ്വപനം കണ്ടിട്ടുണ്ടാവുമോ.
കവിളില്‍ നാണത്തിന്റെ നുണകുഴികള്‍ വിരിയുമ്പോള്‍ ആ നീല കണ്ണുകള്‍ പ്രകാശിചിട്ടുണ്ടാവുമോ


പേജ് നമ്പര്‍: 28
ഒരു സഹായ്ന്നത്തില്‍ അവള്‍ പറഞ്ഞു
ഞാന്‍ വിവാഹിതയാണ്
ഞാനും
നിങ്ങളും?
അതെ ഞാനും
രണ്ടു പേരും മൌനത്തിന്റെ അഗാധതയിലേക്ക്‌ പോയി
പിന്നെ അവള്‍ കരയാന്‍ തുടങ്ങി
അവള്‍ക്കു ആരുമില്ലന്നു പറഞ്ഞു
അവളുടെ പങ്കാളി അവളെ തനിച്ചാക്കി മണ്ണിനെ സംരക്ഷിക്കാന്‍ പോയതാണ്.
വെടി ഒച്ചകള്‍ കേള്‍ക്കാത്ത
പട്ടാള ബൂട്ടുകള്‍ ഇല്ലാത്ത ഒരു ലോകമാണ് അവള്‍ക്കു വേണ്ടതന്നു പറഞ്ഞു.
കേട്ട് നില്‍ക്കെ എനിക്ക് അത്ഭുതം തോന്നി
എന്റെ ഭാര്യയും ഇത് തന്നെയാണ് പറഞ്ഞത്
പട്ടാള ബൂട്ടുകള്‍ ഇല്ലാത്ത ഒരു ലോകം
വെടിയൊച്ചകള്‍ കേള്‍ക്കാത്ത ഒരു ലോകം
അവള്‍ക്കു ആരുമില്ലന്നു അവളും പറഞ്ഞു.
എന്നെ കൈ വീശി യാത്ര അയക്കുമ്പോള്‍ അവളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു
പെട്ടന്ന് ഞാന്‍ സാറയെ എന്റെ കരവലയത്തിലേക്ക് അടുപ്പിച്ചു
എന്റെ പ്രിയേ നീ എന്റെ വിധിയുടെ പകര്‍പ്പാണല്ലോ. എന്റെ ആത്മകഥയാണല്ലോ നീ.
അവള്‍ കുതറിമാറി
ബലമായി എന്റെ കൈകള്‍ അവളുടെ ശരീരത്തില്‍ നിന്ന് അടര്‍ത്തി മാറ്റി.
അവള്‍ കരഞ്ഞു കൊണ്ട് ദൂരേക്ക്‌ മാറി നിന്നു.


പേജ് നമ്പര്‍: 29
അവളുടെ ഗ്രാമത്തിലായിരുന്നു ഇന്നലെ ഞങ്ങള്‍ ആക്രമണം നടത്തിയത്.
ഓരോ വീടും അരിച്ചു പെറുക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അവളെ തേടുക ആയിരുന്നു.
ഈ കുടിലുകളില്‍ ഒന്നും അവളുടെതായിരിക്കരുതെ എന്നായിരുന്നു പ്രാര്‍ത്ഥന.
ആ കുടിലുകളിലെ ആണുങ്ങളെല്ലാം ഞങ്ങളുടെ ശത്രുക്കള്‍ ആയിരുന്നു.
അവരിലെ ചെറുപ്പക്കാരുടെ തലകളില്‍ ഞങ്ങള്‍ ബുള്ളറ്റുകള്‍ നിറച്ചു
താടി നീട്ടി വളര്‍ത്തിയ ചില വൃദ്ധരെ ഞങ്ങള്‍ കണ്ടു
അവരെക്കെയും പുതിയ ഒരു തലമുറ ഉണ്ടാക്കാനുള്ള കരുത്തു നശിച്ചവരായിരുന്നു
ചില സ്ത്രീകളുടെ മാറിടത്തില്‍ ഞങ്ങളില്‍ ചിലര്‍ തോക്കിന്‍ കുഴല്‍ കൊണ്ട് കുത്തി.
ചിലരുടെ ചന്തിയില്‍ ഞങ്ങളില്‍ ചിലര്‍ തഴുകി തലോടി.
യുദ്ധങ്ങള്‍ ഞങ്ങളെ മുടുപ്പിച്ചിരിക്കുന്നു
ഞങ്ങളില്‍ മൃഗ തൃഷ്ണ കൂട്ടിയിരിക്കുന്നു
ഞങ്ങള്‍ ആ നഗരം അഗ്നിയെ കൊണ്ട് വിഴുങ്ങിച്ചു.
വെന്ത ശരീരങ്ങള്‍ കാറ്റില്‍ പടരുന്നതിന്റെ ഗന്ധം അന്തരീക്ഷത്തെ തേങ്ങി കരയിപ്പിച്ചു.പേജ് നമ്പര്‍: 30
മഞ്ഞു പെയ്തു മൂടിയ താഴ്വര മരവിപ്പിന്റെ നിഗൂഡമായ ഒരു ആവരണം തീര്‍ത്തിട്ടുണ്ട് .
കനത്ത മഴയും മൂടല്‍ മഞ്ഞും താഴ്വരയില്‍ നിന്ന് ഒഴിഞ്ഞു പോവാതെ ആയിട്ടുണ്ട്.
വെടിയൊച്ചകള്‍ നിലച്ച വിജനമായ വീഥികള്‍.
ഇനി വരുന്ന ഓരോ വണ്ടിയും ശവങ്ങള്‍ നിറച്ചു കൊണ്ടായിരിക്കും.

ദൂരെ ഒരു ഇരമ്പല്‍ കേള്‍ക്കാം
മഞ്ഞു വീണു കൊണ്ടിരിക്കുന്നു
മഞ്ഞും മണ്ണും കൂടികുഴഞ്ഞു പൊടിവലയത്തിന്റെ ഒരു മായികവലയം രൂപപ്പെട്ടു വരുന്നു.
ഉഷസ്സിന്റെ രശ്മികള്‍ മഞ്ഞു തുള്ളികളില്‍ തിളക്കമുണ്ടാക്കുന്നു.
ഒരു ഭയാനകമായ ശാന്തത

മൂന്നാമത്തെ ട്രക്ക് എന്റെ ദൃഷ്ടി പദത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു..
ട്രക്കിന് പുറകിലായി ഒരു മനുഷ്യരൂപം.
ഒരു സുന്ദരിയായ യുവതി
സാറ
അവള്‍ ട്രക്കിനെ അനുഗമിക്കുന്നു.
ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.
എന്റെ പ്രിയേ നീ എവിടെ ആയിരുന്നു.
കണ്ടില്ലേ ഈ ട്രക്ക്
ഇതിലുണ്ട് നിന്നെ അനാഥയാക്കിയ രൂപം.
നീ കാണാന്‍ കൊതിച്ചിരുന്ന രൂപം
തുളച്ചു കയറിയ ബുള്ളറ്റുകള്‍ നിറഞ്ഞ രൂപം

ഞാന്‍ ആ ട്രക്കിന്‍റെ വാതിലുകള്‍ അവള്‍ക്കു മുന്നില്‍ തുറന്നു.
പരസഹസ്രം മനുഷ്യ സിരസ്സുകള്‍ അലകളിളക്കുന്ന ഒരു സമുദ്രം എനിക്ക് ചുറ്റും .
ജീര്‍ണിച്ച വെന്തുരുകിയ ജഡങ്ങള്‍

സാറ ട്രക്കിലേക്ക് കയറി
എണ്ണമറ്റ ഈച്ചകള്‍ മുരള്‍ച്ചയോടെ പുറത്തേക്കു പ്രവാഹമായി.
അവളെ അനാഥയാക്കിയ ആ ജഡം അവള്‍ കുറെ നേരം നോക്കി നിന്നു
ഇമ വെട്ടാതെ
ഒന്നും ഊരിയടാതെ.
അവളുടെ കണ്ണില്‍ നിന്നു കണ്ണ്നീര്‍ ധാര ധാരയായി ഒഴുകി.
അതിങ്ങു തരു
എന്ത് ?
ആ റൈഫിള്‍
ഒരു ഭാവഭേധവുമില്ലാതെ അവള്‍ എന്റെ റൈഫിള്‍ വാങ്ങി.
പതുക്കെ പതുക്കെ അത് നെഞ്ചോടു ചേര്‍ത്തു.
ചൂണ്ടു വിരല്‍ ട്രിഗറില്‍ അമര്‍ന്നു.
അവള്‍ മന്ത്രിക്കുന്നത് പോലെ മൊഴിഞ്ഞു
നിങ്ങള്‍ സ്വപനം കാണുന്നതൊന്നും ലോകത്ത് സംഭവിക്കില്ല.
എല്ലാ യുദ്ധങ്ങള്‍ക്കും അവസാനം മറ്റൊരു യുദ്ധം ആരംഭിക്കും  എന്നതാണ് സത്യം.ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...