Monday, March 3, 2014

ലോക്കൽ ബാർ"എടാ നിനക്ക് ഗ്ലാസ്‌ വേണോ?"
കടും ചുവപ്പു നിറത്തിൽ മനോഹരമായി നെയിൽ പോളിഷ് ചെയ്ത തള്ളവിരൽ കൊണ്ട് ചെറുനാരങ്ങയുടെ കഷ്ണം കൊറോണ ബിയറിന്റെ കുപ്പിയുടെ അകത്തേക്ക് പതുക്കെ തള്ളുന്നതിനടയിൽ തന്റെ തടിച്ചു മാദകത്വം തുളുമ്പി നില്ക്കുന്ന മാറിടം പതിവിലധികം മുന്നോട്ട് തള്ളിപ്പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.
വേണ്ടെന്ന എന്റെ മറുപടി  അവൾക്കിഷ്ടമായിട്ടില്ല എന്ന് തോന്നിക്കും വിധം
ശരം വിട്ടത് പോലെ അവൾ അവിടം വിട്ടു തന്റെ മറ്റൊരു കസ്റ്റമറിന്റെ ടാബിളിന്നു അടുത്തേക്ക് ഓടി.
എന്റെ മുന്നിലിരിക്കുന്ന ഇരിക്കുന്ന ടിഷ്യുപേപ്പര്‍ ബോക്സ്‌ തുറന്നു
അതിലൊന്നെടുത്ത്  തണുത്ത ബിയറിന്റെ കുപ്പിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന
ഈര്പ്പം തുടച്ചതിനു ശേഷം ബീയർ ചുണ്ടോടു ചേർത്ത് ഞാൻ ഒരു സിപ്പ് അകത്തേക്ക് വലിച്ചു. ആ തണുത്ത ദ്രാവകത്തെ അൽപനേരം എന്റെ വായക്ക് അകത്തു വിശ്രമിക്കാൻ വിട്ട ശേഷം ഞാൻ തലതിരിച്ചു അവളെ കണ്ണിമവെട്ടാതെ നോക്കി. പിന്നെ പതുക്കെ ദ്രാവകത്തിന്റെ ചവർപ്പ് കലര്ന്നരുചി ആസ്വദിച്ചുകൊണ്ട് താഴേക്ക്‌ നുണഞ്ഞു ഇറക്കികൊണ്ട്‌  ആ ബാറിനകം ഒന്ന് കണ്ണോടിച്ചു.

എല് ഇ ഡി ബൾബിൽ നിന്ന് അരിച്ചിറങ്ങുന്ന  അരണ്ട വെളിച്ചവും
ചുറ്റുമായി ഇരിക്കുന്ന ആള്കൂട്ടങ്ങൾ പുകച്ചുകൊണ്ടിരിക്കുന്ന സിഗരിറ്റിന്റെ പുകയും ഒരു  പ്രത്യകമായ അന്തരീക്ഷം അവിടെ ഉണ്ടാക്കിയിരിക്കുന്നു.
തലയിൽ മുല്ലപൂവും ചൂടി,  മാറിൽ സ്ഥാനം തെറ്റി കിടക്കുന്ന സാരിയുടെ തലപ്പ്‌  ഇടയ്ക്കിടയ്ക്കു പിടിച്ചു നേരെയാക്കികൊണ്ട് മധ്യവയസ്സ് കഴിഞ്ഞ പരിചാരികകൾ മദ്യം നിറച്ച ഗ്ലാസ്സുകളുടെ താലവുമേന്തി  തലങ്ങും
വിലങ്ങും പോവുന്നു.
ചുമരിൽ സ്ഥാപിച്ച ടി വി സ്ക്രീനിൽ ഏതോ ഒരു സുന്ദരി തന്റെ നഗ്നമായ ഉദരഭാഗം ഒരു യന്ത്രം കണക്കെ ചലിപ്പിച്ചു കൊണ്ട്‌ നൃത്തം വയ്ക്കുന്ന ദ്രിശ്യങ്ങൾ കാണാം. ആ ബഹളത്തിൽ നിന്ന് എല്ലാം മുഖം തിരിച്ചു, എന്റെ  മനസ്സിനെ മറ്റേതെങ്കിലും കോണിലേക്ക് അലയാൻ വിടാൻ  ഞാനൊരു ശ്രമം  നടത്തി നോക്കുന്നതിനിടയിലാണ് അവൾ വീണ്ടും എന്റെ അടുത്തേക്ക് ഓടിയെത്തിയെത്.
എന്നിട്ട് എന്റെ  ശരീരത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നുകൊണ്ട് കുശലന്വേഷണം നടത്താൻ തുടങ്ങി.
ക്രീമും റൂഷും മസ്‌കാരയും ബ്ലഷുമൊക്കെയായി ഭയങ്കരമായ പീഡനങ്ങൾ കൊണ്ട് ആ മുഖം മനോഹരമാക്കാൻ അവൾ ശ്രമിച്ചിട്ടുണ്ട് എന്ന് മനസ്സിലായപ്പോൾ  എനിക്കവളോട് വല്ലാത്ത  സഹതാപം തോന്നി.
പതിവ് കുശലന്വേഷണങ്ങൾക്കിടയിൽ എന്റെ  പേരും നാടും ചോദിച്ചു അറിയാനുള്ള അവളുടെ ശ്രമം ഞാൻ  പരാജയപ്പെടുത്തിയെങ്കിലും,  ഞാൻ പറഞ്ഞത് അവൾ വിശ്വസിച്ചു കാണുമോ എന്നൊരു ശങ്ക എന്നെ  പിടികൂടി.  അപ്പോൾ എന്റെ  സംസാര ശൈലി മാറ്റാൻ ഞാനൊരു വിഫലശ്രമം നടത്തി നോക്കി.
അവളുടെ ക്സൃതി നിറഞ്ഞ മറുപടിയിൽ നിന്ന് ഞാൻ  പിടിക്കപ്പെട്ടു കഴിഞ്ഞുവെന്ന് എനിക്ക്  ഊഹിക്കാൻ കഴിഞ്ഞു.
ആ ചിന്ത എന്റെ  മുഖത്ത് ചെറിയൊരു ജാള്യത പടർത്തി.
എന്റെ  ഭാവമാറ്റം തിരിച്ചറിഞ്ഞപ്പോൾ, അവൾ  കാൽമുട്ട്  എന്റെ കാലിനോട് ചേർത്ത് വച്ചുകൊണ്ട്
പതുക്കെ ഉരുമ്മി എന്നെ സന്തോഷിപ്പിക്കുവാൻ ശ്രമിച്ചു.
സിരകിളിൽ കൂടി തീനാളം പടര്ന്നു കയറുന്നത് പോലെ അനുഭവപ്പെട്ടപ്പോൾ
ഞാൻ  കാൽ പിറകിലോട്ടു വലിച്ചു.
ലിപ്‌സ്‌റ്‌റികിന്റെ ചുവപ്പ് നിറം പടര്ന്ന അധരങ്ങളില്‍ അശ്ലീലചുവയുള്ള ഒരു ചിരിവരുത്തികൊണ്ട്
അവൾ വീണ്ടും തന്റെ മറ്റൊരു പുതിയ കസ്റ്റമറിനെ തേടി പോവുന്നത് കണ്ടപ്പോൾ
എനിക്ക് പ്രതികരിക്കാതെയിരിക്കാൻ കഴിഞ്ഞില്ല.. 'ബിച്'

'അവളോട്‌ മാത്രമെ മിണ്ടു?'
വയലറ്റ് ബോര്‍ഡറുള്ള ലൈറ്റ് പിങ്ക് സാരി ധരിച്ച്,
മുടിച്ചുരുളില്‍ മഞ്ഞ പൂക്കൾ അണിഞ്ഞു ഒരുവൾ എന്റെ  നേർക്ക്‌ ഹസ്‌തദാനത്തിനായി കൈ നീട്ട്കൊണ്ട് ചോദിച്ചു.
സാരിക്കിടയിൽ കൂടി കാണുന്ന അവളുടെ വയറു നോക്കികൊണ്ട് ഞാൻ അവളുടെ കരം പിടിച്ചു എന്നിലേക്ക്‌  അടുപ്പിച്ചു.
"ഡാ, കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ, ഞാൻ നിന്റെ സഹോദരി ആണന്നല്ലേ നീ എന്നോട് പറഞ്ഞത്? എന്റെ വയറുകണ്ടപ്പോൾ നീ അതൊക്കെ മറന്നോ?" .  അവളുടെ ചോദ്യം കേട്ടപ്പോൾ  എനിക്ക് ദേഷ്യം തോന്നി.
ഞാൻ ആദ്യമായിരുന്നു ആ ബാറിൽ പോവുന്നത്. ഞാൻ പറഞ്ഞു
'അത് ഞാൻ ആവില്ല, വേറെ വല്ലവരും ആയിരിക്കും'
"നീ അല്ലെങ്കിൽ നിന്നെപോലെയുള്ള ഒരു പയ്യൻ ആണ്. നിനക്കെന്താ സഹോദരിമാരില്ലേ?"
'എനിക്ക് നിന്നെ സഹോദരിയോ അമ്മയോ ആയി കാണാൻ കഴിയില്ല'
"പിന്നെ ആരായിട്ടാണ് എന്നെ നീ കാണുന്നത്?"
അതിനുത്തരം പറയാതെ ഞാൻ  അവളുടെ വയറിന്റെ ഏറ്റവും അടിയിലായി ചുറ്റിയ സാരിയുടെ
അറ്റം കാണിച്ചുകൊണ്ട് പറഞ്ഞു
'ഈ ബൌണ്ടറി വരെ മാത്രമേ ഒരു സഹോദരന്ന് തന്റെ സഹോദരിയെ നോക്കാൻ കഴിയു.
ഈ ബൌണ്ടറിക്ക് താഴേക്ക്‌ നോട്ടം നീണ്ടാൽ അവനെ പിന്നെ സഹോദരനായി കാണാൻ പാടില്ല.
അവൻ ഒരു സ്ഥാനത്തിനും അര്ഹനല്ലാത്ത വെറും പുരുഷൻ മാത്രമാണ്.'
"ഡാ, നീ വലിയ വര്ത്തമാനം പറയാതെ എന്റെ കൈയൊന്നു നോക്കി ലക്ഷണം പറയു"
'അനേകം പേർ ലക്ഷണം നോക്കിയ കൈ അല്ലെ? എനിക്ക് ആ കൈ വേണ്ട'
"എന്നാൽ ഈ മുഖം നോക്കി എന്റെ മനസ്സിനെ കുറിച്ച് പറഞ്ഞു താ"
ഞാൻ അവളുടെ മുഖത്തേക്ക്  കുറെ നേരം ഉറ്റുനോക്കി കൊണ്ട് പറഞ്ഞു
 'നിന്റെ ഹൃദയം സ്നേഹത്തിന്റെ കടലാണ്.
എത്ര കൊടുത്താലും തീരാത്ത അത്രയും സ്നേഹമാണ് ഈ കടൽ നിറയെ'
അതുകേട്ടപ്പോൾ അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
കുറച്ചു നേരത്തേക്ക് അവളൊന്നും മിണ്ടിയില്ല.
അവളുടെ കണ്ണുകൾ കണ്ടപ്പോൾ എന്റെ  മനസ്സ് ആര്ദ്രമായി.
അവളെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി 'വേദനിക്കല്ലേ' എന്ന് പറയാൻ എനിക്ക്  തോന്നി.
"എനിക്ക് ഇവിടുന്ന് രക്ഷപെടാൻ പറ്റുമോ ? എന്റെ മകളെ എനിക്ക് നല്ല നിലയിൽ കെട്ടിച്ചു അയക്കാൻ പറ്റുമോ? " അതുമാത്രം അറിഞ്ഞാൽ മതി എനിക്ക്"
അവൾ ചോദിച്ചപ്പോൾ ഞാൻ മനസ്സില് പറഞ്ഞു 'വയസ്സി' എന്നിട്ട് അവളോട്‌ പറഞ്ഞു
'നീ നേരത്തെതന്നെ രക്ഷപെട്ടിട്ടുണ്ട്. അനേകായിരം ആളുകളാണ് നിന്നെ മനസ്സിലിട്ടു ആരാധിച്ചു കൊണ്ട് നടക്കുന്നത്.
എത്രയോ പേർ നിന്നെ ആലോചിച്ചു രാത്രികളിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞു കിടന്നു നേരം വെളുപ്പിക്കുന്നുണ്ടാവും എന്നറിയുമോ? മറ്റുള്ളവരുടെ മനസ്സില് ഇടം നേടുന്നതല്ലേ ഏറ്റവും വലിയ ഭാഗ്യം?'
"ഡാ, ഞാൻ ആര്ക്കും എന്റെ മനസ്സ് നല്കിയിട്ടില്ല. എന്റെ മനസ്സില് ആരും ഇടം പിടിക്കാറുമില്ല.
എന്റെ മനസ്സ് നിറയെ എന്റെ മക്കൾ മാത്രമാണ്. അവര്ക്ക് വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്.
എന്റെ മോൻ... അവനെ കുറിച്ചോർത്ത് എനിക്ക് ദുഖമില്ല,
അവൻ എങ്ങിനെയെങ്കിലും അവനെ സംരക്ഷിച്ചുകൊള്ളും. പക്ഷെ എന്റെ മോൾ..
അവളെ കുറിച്ച് ആലോചിക്കുമ്പോൾ മാത്രമാണ് മനസ്സ് നോവുന്നത്.
ഈ കാതിലുള്ള കമ്മൽ കണ്ടോ? ഇത് മാത്രമാണ് അവൾക്കു വേണ്ടി എനിക്ക് ഇതുവരെ സമ്പാദിക്കാൻ കഴിഞ്ഞത്."
അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ സ്വയം  ദേഷ്യം തോന്നി.
സ്ത്രീകളോട് അവരുടെ മനസ്സിനെ കുറിച്ച് സംസാരിക്കുന്നത് ശുദ്ധ മണ്ടത്തരം ആണന്നു മനസ്സിലാക്കിയിട്ടും
ഞാൻ  വീണ്ടും അത് ആവര്ത്തിച്ചതിൽ ആയിരുന്നു എന്റെ ഖേദം.
പകരം എനിക്കെന്തുകൊണ്ട്‌  അവളുടെ ശരീരത്തെ കുറിച്ച്  വർണിക്കാൻ തോന്നിയില്ല എന്ന കാര്യം
ഞാൻ  എന്റെ മനസ്സിനോട് ചോദിച്ചു.
അങ്ങിനെ ആയിരുന്നുവെങ്കിൽ അവളുടെ മറ്റൊരു മുഖം എനിക്ക്  കാണാൻ കഴിയുമായിരുന്നില്ലെ!
ഏറ്റവും വലിയ നാട്യക്കാരികൾ ആണ് ബാർ പരിചാരികകൾ .
ഓരോ പതിവുകാരുടെയും മനശാസ്ത്രം അവർ ആദ്യമെ മനസ്സിലക്കുന്നുണ്ടാവണം.
തങ്ങളുടെ ശരീരത്തിന്റെ നിമ്നോന്നതങ്ങള്‍ക്കിടയിലേക്ക് കാമാർത്തിയോടെ നോക്കുന്ന കണ്ണുകളെയാവണം
ഒരു പക്ഷെ അവർ ഏറ്റവുമധികം ഇഷ്ടപെടുന്നുണ്ടാവുക. കാരണം,
അത്തരക്കാർ ആണ്  പെട്ടെന്ന് തങ്ങളുടെ വശീകരണ വലയത്തിൽ വീഴുക എന്ന് അവർ വിചാരിക്കുന്നു.
തന്റെ ബാഹ്യമായ ഇടപെടലുകളിൽ വീഴാത്ത ഇരയെ വീഴുത്തുന്ന മറ്റൊരു വിദ്യയായിരിക്കണം,
ദുഖത്തിന്റെ  കടൽ തിരമാലകൾക്കുള്ളിൽ അകപെട്ട  ജീവിതമെന്ന നൗകയെ കുറിച്ചുള്ള വിലാപം വഴി അവർ സാധ്യമാക്കുന്നത്.
എന്തായാലും  അവളുടെ വലയിൽ  വീഴില്ല എന്ന് ഞാൻ ഉറപ്പിച്ചു..
സ്ത്രീ പരിചാരികകൾ ഇല്ലാത്ത ഇടങ്ങൾ ഇഷ്ടംപോലെയുണ്ടായിട്ടും 
ഞാൻ   ഇവിടേയ്ക്ക് തന്നെ എന്തിനു വന്നു എന്നൊരു ചിന്ത  പൊടുന്നനെ എന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങി.
അതിനര്ത്ഥം ഞാനും എന്തിനോ വേണ്ടിയുള്ള അന്വേഷണത്തിൽ ആണ്  എന്നാണോ?
എന്തായിരിക്കും ഞാൻ  അന്വേഷിക്കുന്നത്? അതിനുത്തരം എത്ര ആലോചിച്ചിട്ടും എനിക്ക്  മനസിലാക്കാൻ സാധിച്ചില്ല.
ചിന്തകള് മനസ്സിന്റെ പലയിടങ്ങളിലൂടെയും ഉത്തരം കിട്ടാതെ കടന്നു പോയി.
ഞാൻ  അവളോടായി പറഞ്ഞു 'നാളെ നീ വരുമ്പോൾ ഒരു ചുവന്ന ഇറുകിയ ബ്ലൌസും, കറുത്ത നിറത്തിലുള്ള സാരിയും ധരിച്ചു കൊണ്ട് വരണം. നിന്റെ വെളുത്ത ശരീരത്തിന് ചുവന്ന ബ്ലൌസ് നന്നായി ഇണങ്ങും. കറുത്ത നിറമുള്ള സാരിക്കിടയിലൂടെ കാണുന്ന നിന്റെ ശരീര ഭാഗം നിന്നെ കൂടുതൽ സൌന്ദര്യവതി ആക്കും' അതുകേട്ടപ്പോൾ
അവൾ എന്റെ  കവിളിൽ നുള്ളി. എനിക്ക് നന്നായി വേദനിച്ചുവെങ്കിലും ഞാനത്  പുറമേക്ക് കാണിച്ചില്ല.

"ഒരു ബീയർ കൂടി എടുക്കട്ടെ?" എന്ന് ചോദിച്ചു ആദ്യത്തെ തടിച്ചവൾ എന്റെ  അടുത്തേക്ക് വന്നു.
രണ്ടു പേരും എന്റെ  അടുത്ത് വന്നു  നിന്നപ്പോൾ, എന്റെ  ടാബിളിനു എതിർവശത്തായുള്ള ടാബിളിൽ ഇരിക്കുന്ന കഷണ്ടിക്കാരനുമായി സല്ലപിച്ചു കൊണ്ട് നില്ക്കുന്ന ത്രീഫോര്‍ത്തും, സ്ലീവ് ലെസ്സ് ടോപ്പും ധരിച്ച കൊലുന്നനെയുള്ള പെണ്‍കുട്ടിയെ കാണാൻ എനിക്ക് മോഹം തോന്നി.
മറ്റുള്ളവരിൽ നിന്നും അവളെ വിത്യസ്തയാക്കിയിരുന്നത് അവളുടെ പ്രായം തന്നെ ആയിരുന്നു.
ഏകദേശം ഇരുപതു വയസ്സിൽ കൂടുതൽ പ്രായം അവള്ക്കുണ്ടാവില്ല.
എന്റെ അടുത്ത് നില്ക്കുന്ന രണ്ടു സ്ത്രീകളും ഏകദേശം മദ്ധ്യവയസ്സ് പിന്നിട്ടവർ ആയിരുന്നു.
എന്നെ തൊട്ടടുത്ത്‌ അവർ നില്ക്കുന്നത്  വകവെക്കാതെ  ഞാൻ  ആ  പെണ്‍കുട്ടിയെ കൈകൊട്ടി വിളിച്ചു.
പെണ്‍കുട്ടി എന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ, അവർ രണ്ടു പേരും എന്റെ നേരെ ദേഷ്യത്തോടെ
നോക്കി തങ്ങളുടെ മറ്റു കസ്റ്റ്മെർസിന്റെ അടുത്തേക്ക് പോയി.
പെണ്‍കുട്ടി എന്റെ  അടുത്തേക്ക് വന്നപ്പോൾ ഏതോ വില കുറഞ്ഞ പെർഫ്യുമിന്റെ രൂക്ഷമായ പഴകിയ ഗന്ധം
എന്റെ നാസാരന്ദ്രങ്ങളിൽ തുളച്ചു കയറി.
പക്ഷെ അവളുടെ ഡ്രസ്സ്‌ സെലെക്ഷൻ എനിക്ക്  നന്നേ ബോധിച്ചിരുന്നു.
അതുകാരണം, പെർഫുമിന്റെ ഗന്ധം ഞാൻ  കാര്യമാക്കിയില്ല.
കറുത്ത ശരീരമാണ് അവള്ക്കെങ്കിലും ഏതോ പഴയ മലയാള സിനിമയിലെ ഒരു നായികയുടെ
മുഖലാവ്യണം ആയിരുന്നു അവൾക്കുണ്ടായിരുന്നത്.
എന്റെ കണ്ണിലെ ദാഹം മറച്ചു വയ്ക്കാതെ ഞാൻ   അവളെ ആര്ത്തിയോടെ നോക്കി.
അവൾ എന്നെ ശ്രദ്ധിക്കാതെ, തന്റെ കഴുത്തിണിഞ്ഞ മാലയുടെ ലോക്കറ്റ് ചുണ്ടോട് ചേർത്ത്
എന്തെക്കെയോ മന്ത്രിച്ചു കൊണ്ട് ദൂരക്ക് നോക്കി നില്പ്പ്തുടങ്ങി.

'ഇവിടെ പുതിയതാണോ? എന്തിനാ ആ ലോക്കറ്റ് ചുണ്ടിൽ ചേർത്ത് വക്കുന്നത്?'
 എന്റെ  ചോദ്യം കേട്ടിട്ടും അവൾ തിരിച്ചൊന്നും പറയാതെ, എന്റെ  മുഖത്തേക്ക്
നിർവികാരമയ ഭാവത്തോടെ നോക്കികൊണ്ട് നിന്നു
എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു "ഇതെന്റെ താലിമാലയാണ്‌, ഇതാണെന്റെ ജീവൻ നിലനിർത്തുന്നത്"
'എനിക്കത്ഭുതം തോന്നുന്നു. ഈ സുന്ദരമായ ശരീരത്തിന്റെ ഉടമയും നിരാശയിൽ ആണോ?  '
" ഒരു വര്ഷം കഴിഞ്ഞു.,എന്നെ ഉപക്ഷിച്ചു അയാൾ പോയി..."
'എന്നിട്ടും ഈ താലിമാല എന്തിനു ഇങ്ങിനെ...?'
"എനിക്ക് അയാളെ ഉപേക്ഷിക്കാൻ കഴിയുന്നില്ല .."
അതുകേട്ടപ്പോൾ എന്റെ  കണ്ഠം ഇടറുന്നതായി എനിക്ക് തോന്നി.
എന്ത് ഉത്തരം പറയണം എന്നറിയാതെ ഞാൻ കുറച്ചു നേരം നിശബ്ദനായി.
അവൾ തുടർന്നു "ഒരു പക്ഷെ വീട്ടുകാർ വേറെയൊരാളെ കണ്ടെത്തി തരുമായിരിക്കും..
അപ്പോഴേക്കും ഞാനും അയാളെ  മറക്കുമായിരിക്കും,
പക്ഷെ ഈ ലോക്കറ്റ് കഴുത്തിൽ അണിയുമ്പോൾ അയാൾ  എന്റെകൂടെ ഉണ്ടന്ന തോന്നൽ ആണ്"
എനിക്ക് എന്തോ വല്ലാത്ത അസ്വസ്ഥ തോന്നി. ഞാൻ  ചോദിച്ചു
'ഉപേക്ഷിച്ചുപോയവരെ ഓർത്തുകൊണ്ട്‌ ജീവിക്കേണ്ടി വരുന്നത് വലിയ സങ്കടകരമായ അവസ്ഥയാണ് അല്ലെ?" അതുകേട്ടപ്പോൾ അവളുടെ കണ്ണുകളിൽ വേദനയുടെ നിഴൽ പരന്നു.
പൊടുന്നനെ ഞാനും, ദുഖത്തിന്റെ ഗർത്തത്തിലേക്ക് പതിച്ചു.
പക്ഷെ ആരാണ് എന്നെ  ഉപേക്ഷിച്ചു പോയത് എന്ന് മാത്രം എനിക്ക് കണ്ടെത്താനായില്ല.
പല മുഖങ്ങളും ശബ്ദങ്ങളും എന്റെ മനസ്സിലേക്ക് ഓര്മകളുടെ ശകലങ്ങളായി വന്നുവെങ്കിലും
ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ആരോ ഒരാൾ എന്നെ ഉപേക്ഷിച്ചത്പോലെ എനിക്ക് തോന്നി.
പരസ്പരം പങ്കുവക്കുമ്പോൾ വേദനയുടെ വ്യാപ്തി കുറയുമോ?
ഞാൻ സ്വയം ചോദിച്ച ഈ ചോദ്യത്തിന് ഉത്തരമായി കുറെ  മറുചോദ്യങ്ങൾ  ആണ് എന്റെ മനസ്സ് എനിക്ക് നല്കിയത് 'പങ്കുവക്കാൻ മാത്രം എനിക്കെന്തു  വേദനയാണ് ഉള്ളത് ?
ഒന്നുമില്ലാഞ്ഞിട്ടാണോ മറ്റുള്ളവർ വേദന പങ്കിടുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥം ആവുന്നത്?
ഓരോരുത്തരും അവരവരുടെ വേദനകളിൽ നിന്ന് ഒരല്പ നേരം ആശ്വാസം തേടി ആയിരിക്കില്ലേ
ഈ ലഹരി  ആസ്വദിക്കാൻ വരുന്നത്?
പക്ഷെ ഇവിടെ വന്നു മറ്റൊരു വേദനയും പേറിയാണോ ഓരോരുത്തരും പുറത്തേക്കു പോവുന്നത്?
എന്താണ് ഞാനും മറ്റുള്ളവരും തേടുന്നത്?
ഒരു നിമിഷത്തെ സുഖം?
ഒരല്പ നേരത്തെ ആശ്വാസം?
ഒരു തലോടൽ?
ഒരു സ്പർശനം?
ജീവിതം ധന്യമാവാൻ ഇത് മതിയോ?


പെട്ടെന്ന് ഞ്ങ്ങൽക്കിടയില്ലേക്ക് ആദ്യത്തെ രണ്ടു പെണ്ണുങ്ങളും വന്നു.
മൂന്നു പേരും കൂടി എനിക്ക്  ചുറ്റുമായി നിന്നപ്പോൾ ഞാൻ  എന്റെ  ടാബിളിന്റെ ചുറ്റുമിരിക്കുന്നവരെ ഒളിഞ്ഞു നോക്കി. അവരൊക്കെ എന്നെ  തന്നെയാണ് നോക്കിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
മൂന്ന് സുന്ദരികളായ സ്ത്രീകള് ഒരു പുരുഷന് ചുറ്റും കൂടി നില്ക്കുന്നത് കാണുമ്പോൾ
ഏതു വിശാല ഹൃദയനായ പുരുഷനും അസൂയ തോന്നുക സ്വാഭാവികം മാത്രമാണ്.
തന്റെ ദുഃഖം ഇറക്കി വക്കാൻ ഒരു തണൽ ഉണ്ടാവുന്നത് ഏതു സ്ത്രീയും ഇഷ്ടപെടും.
അത്തരത്തിൽ ഒരു തണലാണ്‌ ഞാനെന്നു എനിക്ക് തോന്നി.
സ്ത്രീയുടെ വൈകാരികത തൊട്ടറിഞ്ഞു വേണം അവരെ എന്നിലേക്ക്‌ ആകർഷിപ്പിക്കേണ്ടത്
എന്ന് ഞാൻ  തീരുമാനിച്ചു.
മൂന്നു പേരും ഒന്നിച്ചു നിന്നാൽ അവരുടെ മനസ്സിനെ എനിക്ക്  കീഴടക്കാൻ കഴിയില്ല
എന്ന തിരിച്ചറിവ് അവരെ പരസ്പരം തെറ്റിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ എന്നെ  പ്രേരിപ്പിച്ചു.
ഇരുപതു വയസ്സുകാരിയെ  നോക്കികൊണ്ട്‌ മറ്റു രണ്ടു പേരോടുമായി ഞാൻ പറഞ്ഞു
'ഇവളാണ് നിങ്ങളിൽ ഏറ്റവും കൂടുതൽ സുന്ദരി'
എന്റെ പുകഴ്ത്തൽ കേട്ടിട്ടും അവളുടെ   മുഖത്ത് ഒരു തരിമ്പു സന്തോഷവും പ്രകടമായില്ല.
അവൾക്കു വികരമെ ഇല്ലന്ന് എനിക്ക് തോന്നി.
അവളുടെ കഴുത്തിൽ കിടക്കുന്ന ആ മാല വലിച്ചു പൊട്ടിച്ചു കളയാൻ ഞാൻ അതിയായി ആഗ്രഹിച്ചു.
അല്ലായിരുന്നുവെങ്കിൽ അവളുടെ മുഖത്ത് കുറച്ചെങ്കിലും സന്തോഷം കാണുമായിരുന്നു.
അവളെന്റെ  മുഖത്തേക്ക് നിവികാരതയോടെ നോക്കികൊണ്ട്‌ തന്റെ പുതിയ കസ്റ്റമറിനെ സ്വീകരിക്കാൻ പോയി.
എന്നാൽ ആദ്യത്തെ രണ്ടു പേരും എന്നെ വിട്ടില്ല.
എന്നോട് അവർ രണ്ടു പേരും കയർക്കാൻ തുടങ്ങി. .
തങ്ങളും സുന്ദരിമാർ ആണെന്ന് പറയാൻ എന്നെ അവർ നിര്ബന്ധിപ്പിച്ചു.
ഞാൻ ആ ഇരുപതുകാരി പെണ്‍കുട്ടി  പോയ വഴിയെ നോക്കി.
അവൾ കുറെ പ്രായം ചെന്ന തടിച്ചു നരകയറിയ ഒരാളുടെ ദേഹത്തോട് മുട്ടിയുരുമ്മി നിന്ന് അയാളെ ആലിംഗനം
ചെയ്യുന്നത് കാണാമായിരുന്നു.  എനിക്കപ്പോൾ വല്ലാത്ത ദേഷ്യം തോന്നി.
ഞാൻ  മുരണ്ടു 'കൊടിച്ചിപട്ടി' ഇത് കേട്ടതും മറ്റുരണ്ടു പേരും പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു.
പെട്ടെന്ന് അവിടുന്ന് ഇറങ്ങി ഓടാൻ ഞാൻ ആഗ്രഹിച്ചു.
എന്റെ  പേഴ്സ് തുറന്നു കുറച്ചു നോട്ടുകൾ എടുത്തു ടാബ്ലിൽ വച്ചു കൊണ്ട്  ബിൽകൊണ്ട് വരാൻ
ഞാൻ അവരോടു ആവശ്യപ്പെട്ടു.  അപ്പോൾ അവർ രണ്ടു പേരും എന്റെ  ശരീരത്തോട് കൂടുതൽ ചേർന്ന് നിന്നു.
ഒരു ചൂടുള്ള നിശ്വാസം എന്നിൽ  നിന്നും പുറത്തേക്കു വരാൻ തുടങ്ങി.
തൊണ്ട വരളുന്നതായും, ഉമിനീര് വറ്റിപ്പോവുന്നത് പോലെയുംവ എനിക്ക്  അനുഭവപ്പെടാൻ തുടങ്ങി.
അവർ എന്റെ  ഇരു കവിളിലും ചുംബിച്ചു. പിന്നെ 'കള്ളൻ' ..എന്ന് പറഞ്ഞു കൊണ്ട് എന്റെ  കവിളിൽ നുള്ളി.
എനിക്കെന്താണ് ഒട്ടും വേദന തോന്നാത്തത് എന്നോർത്ത് ഞാൻ  അത്ഭുതപ്പെട്ടു.
അടുത്ത ബീയറിനു ഓർഡർ കൊടുത്തുകൊണ്ട് വീണ്ടും ഞാൻ അവിടെ തന്നെ ഇരിപ്പ് തുടർന്നു.
ബാറിൽ തിരക്ക് വര്ദ്ധിച്ചു വരുന്നതോ, തങ്ങളുടെ കസ്റ്റെമെറിനെ സന്തോഷിപ്പിക്കാൻ ഓരോ പെണ്ണുങ്ങളും
മത്സരിച്ചുകൊണ്ടിരിക്കുന്നതോ ഞാൻ കണ്ടതേയില്ല.
എന്റെ മനസ്സ് അപ്പോൾ
യഥാര്ത്യവും സങ്കല്പവും തമ്മിലുള്ള വേര്തിരിവിനെ കുറിച്ചുള്ള ചിന്തകളിൽ ഒഴുകി നടക്കുക്കയായിരുന്നു.

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...