Monday, January 18, 2016

പനിനീര്‍പ്പൂവ്ഖാദിം ഹുസൈൻ തിരിച്ചുവന്നിരിക്കുന്നു.
എനിക്ക് അതൊരു വലിയ ഷോക്ക്‌ ആയിരുന്നു.
അയാളുടെ നെഞ്ചിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തത്തുള്ളികൾ മഷിയാക്കി
ഞാനൊരു കഥ എഴുതണമെന്നു ആഗ്രഹിച്ചിരുന്നു.
അയാളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്റെ മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ തിളച്ചുകൊണ്ടിരിക്കുന്ന ലാവ പ്രവാഹം പെട്ടെന്ന് നിലച്ചത് പോലെതോന്നി.
ഇനി ഞാൻ ആരെ കുറിച്ച് എഴുതും?
ജോലി സ്ഥലത്ത് നിന്ന് മാതൃരാജ്യമായ ഈജിപ്തിലേക്കു
അയാൾ യാത്രതിരിക്കുമ്പോൾ, ഹസ്തദാനത്തിനായി എന്റെ നേർക്ക്‌ നീട്ടിയകൈകളിൽ എന്തിനേയും മരവിപ്പിച്ച്‌ കളയുന്ന തണുപ്പായിരുന്നു.
മരണത്തിനു വല്ലാത്ത തണുപ്പാണെന്ന് ആരോ പറഞ്ഞത് എന്റെ മനസ്സില് എവിടെയോ മായാതെ കിടപ്പുണ്ടായിരുന്നു.
അയാളുടെ കൈകളിലെ തണുപ്പ് തിരിച്ചറിഞ്ഞപ്പോൾ
ഇനിയൊരിക്കലും അയാള്ക്ക് തിരികെ വരാൻ കഴിയില്ലാന്ന് ഞാൻ ഉറപ്പിച്ചതായിരുന്നു.
അതുകൊണ്ടുതന്നെ, അയാൾ കൈമാറിയ കമ്പനി ഇടപാടുകളെ സംബന്ധിച്ച രേഖകൾ മേലുദ്യോഗസ്ഥർക്ക് അയക്കാതെ അലക്ഷ്യമായി ഡ്രോയറിൽ നിക്ഷേപിച്ചുകൊണ്ട്‌ ഞാൻ അയാളുടെ മരണ വാർത്ത‍ ശ്രവിക്കാനായി കാതോർത്തിരിക്കുകയായിരുന്നു.

വെടിയുണ്ടകൾ തുളവീഴ്ത്തിയ അയാളുടെ ശരീരത്തിന്റെ ചിത്രങ്ങളും,
വേർപ്പാട് സൃഷ്‌ടിച്ച നഷ്‌ടവും ശൂന്യതയും സഹിക്ക വയ്യാതെ അനിശ്ചിതത്വത്തിന്റെയും ദുരിതങ്ങളുടെയും നടുവില്‍ നിന്ന്  വാവിട്ടു നിലവിളിക്കുന്ന അയാളുടെ പ്രിയതമയുടെയും, കുഞ്ഞുങ്ങളുടെയും കരൾ അലിയിക്കുന്ന കഥകളും ചിത്രങ്ങളും ടെലിവിഷൻ കാഴ്ചകളായി കണ്ണിൽ നിറയുന്ന ദിനം ഓർത്ത്‌  കുറെ രാത്രികളായി ഞാൻ ഉറക്കമില്ലാത്ത അവസ്ഥയിലെത്തിയിലേക്ക് എത്തിയിട്ടുണ്ടായിരുന്നു .
ഇനിയുള്ള കാലം അയാൾ ജീവിക്കേണ്ടത് എന്റെ ആത്മാവിൽ നിന്ന് ഉതിർന്നുവീഴുന്ന
അക്ഷരങ്ങളിൽ നിന്നാകണമെന്ന് ഞാൻ വ്യമോഹിച്ചിരുന്നു.
പക്ഷെ, അയാളുടെ തിരിച്ചുവരവ് എന്നെ നിരാശപ്പെടുത്തി കളഞ്ഞിരിക്കുന്നു.
എന്നെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അയാൾ എന്നെ കെട്ടിപ്പിടിച്ച് അയാളിലേക്ക് ചേർത്ത് എന്തൊക്കെയോ പറയാൻ ആരംഭിച്ചു.
ഞാനപ്പോൾ അയാളുടെ ഹൃദയമിടിപ്പിന്റെ ശബ്ദത്തിനു വേണ്ടി ചെവിയോർത്തു
എന്റെ ചെവി അയാളുടെ നെഞ്ചിലേക്ക് അടുപ്പിച്ച നിമിഷം പലതരം പക്ഷികളുടെ കളകൂജനം പോലെ എന്തോ ചില ശബ്ദങ്ങൾ അയാളുടെ ഹൃദയത്തിന്റെ ഭിത്തിയിൽ നിന്ന് പുറത്തു വരുന്നത് പോലെ എനിക്ക് തോന്നി. പിന്നെയത് ഒരു കുയിലിന്റെ മണിനാദം പോലെ ആയിമാറി.
കുറച്ചു നിമിഷത്തിനു ശേഷം പാറകൾ ഭേദിച്ച് ഒഴുകുന്ന ഒരു നദിയുടെ ആർത്തനാദം പോലെയായി.
എന്നിൽ നിന്ന് അടര്ന്നു മാറുമ്പോൾ ഞാൻ അയാളുടെ കണ്ണുകൾ ശ്രദ്ദിച്ചു.
അവ തീക്ഷ്‌ണങ്ങളായിരുന്നു. ഒരു പൂച്ചയുടെ കണ്ണുകൾ പോലെ അവ തിളങ്ങുന്നുണ്ടായിരുന്നു.
മരണത്തെ ജയിച്ച് മൂന്നാംദിവസം ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ പോലെ
എന്റെ മുമ്പിൽ അവതരിച്ച അയാളിൽ എനിക്ക് വല്ലാത്ത അപരിചിത്വം തോന്നി.
എന്നിട്ടും അയാൾ പറയുന്നത് കേള്ക്കാനായി ഞാൻ കാതോർത്തു.
കാരണം അയാൾ ഒരു കഥയാണ്.

അയാൾ പറയാനാരംഭിച്ചു " അന്നത്തെ ദിവസം സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സൈന്യത്തിന്റെ വിമാനങ്ങള്‍
കൂടാരത്തിന് മീതെ കൂടി വട്ടമിട്ടു പറക്കുന്നത് കാണാമായിരുന്നു.
നമസ്‌കാരവും, പ്രാര്‍ഥനയും, മുദ്രവക്ക്യം വിളികളുമായി കൂടരത്തിൽ ഞങ്ങൾ നീതിക്കുവേണ്ടിയുള്ള സമരപോരട്ടത്തിൽ ആയിരുന്നു.
ആ ദിവസം എനിക്കേറ്റവും പ്രിയപെട്ടതായിരുന്നു.
സ്ത്രീകളും കുട്ടികളും വളരെയേറെ ആഹ്ലധഭരിതരായിരുന്നു.
അവരിൽ ചിലര് പനിനീർ പൂവുകളെ ഒലിവ് നാരുകൾ കൊണ്ട് ബന്ധിച്ചു പൂക്കുടകൾ തീർത്തുകൊണ്ടിരിക്കുകയായിരുന്നു.
കുട്ടികൾ കൈകളിലും കാലുകളിലും മൈലാഞ്ചി ഇടുന്ന തിരക്കിലായിരുന്നു.
വളരെ വൈകിയായിരുന്നു ഞാൻ തലേദിവസം ഉറങ്ങാനായി കിടന്നത്
അതുകാരണം, ഉറക്കമുണരുമ്പോൾ നേരം നന്നേ വെളുത്തിരുന്നു. .
ഉടനെ ഞാൻ കൈകാലുകൾ കഴുകി പ്രഭാത നമസ്ക്കാരത്തിൽ ഏർപ്പെട്ടു.
കുട്ടികൾ തലേദിവസം ഉപേക്ഷിച്ച ഒലീവ് ചില്ലകൾ ഇടനാഴികളിൽ അവിടെയായി ചിതറി കിടപ്പുണ്ടായിരുന്നു.
ചുവന്ന പനിനീര് പൂക്കളുടെ ഗന്ധം എന്റെ ഘ്രാണശക്തിയെ പരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ,
സ്വപനങ്ങൾക്കും പ്രതീക്ഷകള്ക്കും അതിരുകളില്ലാത്ത സുഗന്ധം ഉണ്ടന്ന് എനിക്ക് മനസ്സിലായി.
പെട്ടെന്നാണ് ഒരു തീഗോളം എന്റെ നേരെ പാഞ്ഞു വരുന്നത് കണ്ടത്.
എന്റെ തല പിളര്ത്തുക എന്നൊരു ലക്ഷ്യമായിരുന്നു ആ തീയുണ്ടക്ക്.
പക്ഷെ അപ്പോഴേക്കും എവിടെനിന്നോ ഈയം പാറ്റകളെ പോലെ ഒരു പറ്റം മനുഷ്യർ
എനിക്ക് ചുറ്റും മതിലുകൾ തീർത്ത്‌ കഴിഞ്ഞിരുന്നു.
കണ്ണടച്ച് തുറക്കും മുമ്പേ വെടിയുണ്ടകളുടെ തീമഴ എനിക്ക് ചുറ്റും പെയ്യാൻ തുടങ്ങി.
നെഞ്ചിലേക്ക് തുളച്ചു കയറിയ വെടിയുണ്ടകൾ ഏറ്റു ചീറ്റി തെറിച്ച രക്തവുമായി ഭൂമിയിലേക്ക്‌ പിടഞ്ഞു വീണു മരണത്തിന്റെ മായിക ലോകത്തേക്ക് പറന്നകന്നു പോവുന്ന നിസ്സഹായരായ എന്റെ സഹോദരന്മാരുടെ ചുണ്ടുകൾ
'അല്ലാഹുവേ നിയാണ് വലിയവൻ' എന്നുറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ജീവന്‍ നിലച്ചുപോയ ആ ശരീരങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സ് പിടഞ്ഞില്ല.
കാരണം, അവർ ദൈവ മാർഗത്തിൽ യുദ്ധം ചെയ്തു സ്വയം വീരമൃത്യു വരിച്ചവരാണ്.
അവര്‍ രക്തസാക്ഷികളാണ്. പരലോകത്ത് അല്ലാഹുവിന്റെയടുത്ത് അവർ ഊഷ്മളമായി സ്വീകരിക്കപ്പെടും എന്ന് തീര്ച്ചയാണ്.
ദൈവത്തിന്റെ വിളിക്കായി ഞാനും കാതോർത്തു.
പക്ഷെ എനിക്ക് ചുറ്റും നിലയുറപ്പിച്ച മനുഷ്യമതിൽ രക്തകളമായി മാറിയിട്ടും എന്നെ മാത്രം മരണം വിളിച്ചുകൊണ്ടുപോയില്ല.
മരണത്തിനപ്പുറമുള്ള യഥാർത്ഥ ജീവിതം ആസ്വദിക്കാൻ എനിക്ക് ഭാഗ്യമില്ലാതെ പോയല്ലോ എന്നോർത്തപ്പോൾ കരയാൻ തോന്നി.
നൈമിഷികമായ ഈ ജീവിതത്തിൽ നിന്ന് എന്നെ തിരിച്ചെടുത്തു പരമമായ പരലോക ജീവിതം പ്രധാനം ചെയ്യണമേ എന്ന് ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു.
അല്ലാഹു എന്നെ ഭൂമിയിൽ അവശേഷിപ്പിച്ചത് എന്റെ മകള്ക്ക് വേണ്ടി മാത്രമായിരിക്കണം എന്നെനിക്കു തോന്നി.
അവളുടെ വിവാഹം നിശ്ചയിച്ചു ഉറപ്പിച്ചതായിരുന്നു.
അവൾക്കു വേണ്ടിയായിരുന്നു പനിനീര് പൂക്കളുടെ കുട്ടകൾ ഞങ്ങൾ ഉണ്ടാക്കിയിരുന്നത്.
തലേ രാത്രിയിൽ അവളന്റെ മടിയിൽ തല ചേര്ത്തു വച്ചാണ് കിടന്നത്
സംസാരത്തിനിടെ ഞാൻ അവള്ക്കായി ഒരു പനിനീർപൂ സമ്മാനിച്ചു.
അവളതു വിരലുകൾക്കിടയിൽ മുറുകെ പിടിച്ചുകൊണ്ടാണ് ഉറങ്ങാൻ കിടന്നത്.
അവളുടെ കണ്ണുകള നോക്കിയിരിക്കുമ്പോൾ എന്റെ ആത്മാവിൽ ആഴത്തിലെവിടെയോ ശാന്തിയും കാരുണ്യവും നിറയുന്നതായി എനിക്ക് തോന്നി.
ഒരു തണുത്ത കാറ്റു ഞങ്ങളുടെ വസ്ത്രങ്ങളുടെയുള്ളിലൂടെ തുളഞ്ഞു കയറി പോയപ്പോൾ അവൾ എന്നോട് പറഞ്ഞു
അവളൊരു പറവയായിരുന്നെങ്കിൽ ദൂരെ പർവതങ്ങൽക്കിടയിലെ താമരപ്പൊയ്കയുടെ തീരത്ത് അവളൊരു കൂട് ചമക്കുമായിരുന്നു
എന്നിട്ട് സുവർണ്ണ ലില്ലി പൂക്കൾ കൊണ്ടായി എനിക്കൊരു കട്ടിൽ പണിയിച്ചു തരുമെന്ന്.
എന്നിട്ട് അവൾ ചോദിച്ചു അവൾ ഇനിയും സാധിപ്പിച്ചു തരാത്തതായി എന്തെങ്കിലും ആഗ്രഹം എനിക്ക് ബാക്കിയുണ്ടോയെന്ന്
എനിക്ക് അവൾ ഉണ്ടാക്കുന്ന ചുവന്ന നിറത്തിലുള്ള സ്ട്രോബറി പഴങ്ങൾ കൊണ്ട് അലങ്കരിച്ച പുഡിങ് വളരെ ഇഷ്ടമായിരുന്നു.
പക്ഷെ ഞാൻ അത് പറഞ്ഞില്ല. പകരം പുഞ്ചിരിച്ചതേയുള്ളൂ.
ഇളം തൂവലുകൾ മുളച്ചെഴുന്ന ദേഹവും പാടമൂടിയ ചുണ്ടുകളും ഇളം ചുവപ്പ് പാദങ്ങളുമുള്ള പ്രാവിനെ കുറിച്ചാണ് എനിക്കോർമ വന്നത്.
തന്റെ ഇണയുടെ അടുത്തിരുന്നു ഇളം തൂവൽ തലോടികൊണ്ടിരിക്കുന്ന പ്രാവിനെ സാകുതം നോക്കികൊണ്ടിരിക്കുന്ന കുറെ കുഞ്ഞുപ്രാവുകൾ.
പക്ഷെ ഞാൻ മനസ്സില് ഓർത്തത് അവൾ അറിഞ്ഞത് പോലെ പറഞ്ഞു
' നാളെ സ്ട്രോബറി പഴങ്ങൾ കൊണ്ടാങ്കലരിച്ച പുഡിങ് ഞാൻ ഉണ്ടാക്കും, എന്റെ ബാബയ്ക്ക് ഇഷ്ടമാവില്ലേ അത്?'
അവളെന്റെ മനസ്സ് വായിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലായപ്പോൾ എനിക്ക് അവളോടുള്ള വാത്സല്യം കൂടി.
ഞാൻ അവളുടെ വലത്തെ കൈ വിരലുകളിൽ എന്റെ വിരലുകള്‍ കൊരുത്ത് എന്റെ അരികിലേക്ക് അവളെ ചേർത്ത് പിടിച്ചു.
അപ്പോൾ അവൾ കൂടാരത്തിന്റെ വെളിയിലെ മഞ്ഞു മൂടിയ വൃക്ഷങ്ങൾക്കിടയിൽ അവൾ നട്ടുപിടിപ്പിച്ച രണ്ട് ഓറഞ്ച്തൈകൾ വളർന്നു വരുന്നത് കാണിച്ചു തന്നു.
കാറ്റിൽ ഓറഞ്ച് തൈകളുടെ ഇലകൾ ആടുമ്പോൾ ആയിരം ചിത്ര ശലഭങ്ങൾ അതിനു ചുറ്റും നൃത്തം ചെയ്യുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ നോക്കുമ്പോൾ അവയിലൊന്നിൽ ഒരു ഓറഞ്ച് കായ്ച്ചു നില്ക്കുന്നത് കാണാമായിരുന്നു.
രണ്ടു തൈകൾ ഒന്നിച്ചു വച്ചിട്ടും, ഒന്ന് മാത്രം കായ്ച്ചതിനെക്കുറിച്ചോർത്ത് ഞാൻ അത്ഭുതപ്പെട്ടു.
എല്ലാം അല്ലഹുവിന്റെ നിശ്ചയങ്ങൾ, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു"

ഞാൻ ഖാദിം ഹുസൈനെ സൂക്ഷിച്ചു നോക്കി. അയാൾ വെറുമൊരു മനുഷ്യനല്ലന്നു എനിക്ക് തോന്നി.
അയാളുടെ സിരകളിൽ വിപ്ലവത്തിന്റെ ഗാഥയാണ് നിറഞ്ഞു നില്ക്കുന്നതെന്ന് എനിക്ക് മനസിലായി.
ഞാൻ അയാളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചത്‌ വെടിയുണ്ടകൾ ഏറ്റു ചിതറി തെറിച്ച മനുഷ്യ ശരീരങ്ങളുടെ കഥ മാത്രമായിരുന്നു.
ലോകത്ത് നിത്യവും എത്രയോ മനുഷ്യര് പുഴുക്കളെ പോലെ ചത്തൊടുങ്ങുന്നു.
ചാവേറുകൾ ആയി അനകേം പേര് ഇനിയും വിധി നിർണയിക്കപ്പെടുന്ന ദിനത്തിനു വേണ്ടി കാത്തിരിക്കുന്നു.
നിരായുധനായി നിര്ഭയം അയാൾ തോക്കുകൾക്ക് മുമ്പിൽ നെഞ്ച് വിരിച്ചു നിന്നുകൊണ്ട് മരണത്തെ വരിക്കാൻ തയ്യാറായി നില്ക്കുന്നു.
തന്റെ നാടിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി മരിക്കുന്നവർ ദൈവ സന്നിധിയിൽ രക്തസാക്ഷ്യത്വം വരിക്കുന്നതിനു
തുല്ല്യമാണെന്ന് അയാൾ വിശ്വസിക്കുന്നു.
ജീവിത സുഖങ്ങളെ ത്യജിച്ചു കൊണ്ട് മരിക്കാനായി ഇറങ്ങിയ അയാളെ വിഡ്ഢി എന്ന് വിളിക്കാൻ എനിക്ക് കഴിയുന്നില്ല.
കാരണം, അയാൾ ഒരു വിശ്വാസിയാണ്.
അയാളെ വിഡ്ഢി എന്ന് വിളിക്കാൻ ആര്ക്കെങ്കിലും തോന്നിയാൽ അവരെയും കുറ്റപ്പെടുത്താൻ കഴിയില്ല.
ഓരോരുത്തരും ഓരോ വിശ്വാസങ്ങളിൽ ആണ് അവരവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോവുന്നത്.
അത് മാത്രമാണ് സത്യമെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു.
ആരും പരസ്പരം മനസ്സിലാക്കുവാനോ, അറിയാനോ ശ്രമിക്കുന്നില്ല
ഭൂമി വെറുമൊരു ഇടത്താവളം മാത്രം ആണെന്നും മരണത്തിനു ശേഷമാണു യഥാർത്ഥ ജീവിതമെന്നും
വിശ്വസിക്കുന്നതാണ് അയാളുടെ വിശ്വാസം
അയാൾ പറയുന്ന കഥയിൽ നിന്ന് എന്റെ മനസ്സ് അയാളിലേക്ക് സഞ്ചരിച്ചപ്പോൾ പോലും,
അയാൾ തന്റെ കഥ തുടര്ന്നു കൊണ്ടിരിക്കുകയായിരുന്നു.

"ശൂന്യമായി തെരുവിൽ കൂടി വലിയ പട്ടാള വാഹനങ്ങള്‍ പതുക്കെ നീങ്ങുന്നത് കാണാമായിരുന്നു.
ഒരു ഭീമാകാരമായ രക്ത വര്‍ണ്ണക്കൂട്ട്‌ ആകാശത്ത്‌ നിന്ന് ഭൂമിയിലേക്ക് മറിഞ്ഞു വീണത് പോലെ ചോരയിൽ കുതിർന്നു ചിന്നഭിന്നമായ മനുഷ്യ ശരീരങ്ങൾ തെരുവിൽ കിടപ്പുണ്ടായിരുന്നു..
വിലാപങ്ങളും ആര്ത്തനാദങ്ങളും മാത്രമായ തെരുവ് ദേഹത്തു മുഴുവൻ വ്രണം ബാധിച്ച ഒരു രോഗിയെ പോലെ വിലപിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എന്നെ കണ്ടിട്ടും, പട്ടാള വണ്ടി നിർത്തുകയോ അവരുടെ തോക്കുകൾ എന്റെ നേരെ ഗര്ജ്ജിക്കുകയോ ചെയ്തില്ല.  ഒരു വേള ഞാൻ ജഡാവസ്ഥയിൽ ആണോ എന്ന് പോലും സംശയിച്ചുപോയി.
തേങ്ങുന്ന തെരുവിൽ മരങ്ങള്‍ മാത്രം അനക്കമില്ലാതെ ഉറങ്ങുന്ന മട്ടില്‍ നില്ക്കുന്നതു കാണാമായിരുന്നു.
പക്ഷികളെ എങ്ങും കണ്ടില്ല. അവ എവിടെപ്പോയി എന്നും അറിഞ്ഞുകൂടാ.
ഗദ്ഗദത്തിന്റെ ഒരു നൊമ്പരകാറ്റ് എന്റെ ഹൃദയത്തെ പിളര്ത്തി വീശിയടിച്ചപ്പോൾ ഞാൻ ആകാശത്തേക്ക് നോക്കി കേണു.
വഴിതെറ്റി വന്ന മേഘങ്ങള്‍ ഒന്നുപോലും എന്നിലേക്ക്‌ പെയ്തില്ല..
വിഷാദത്തോടെ ഞാൻ ആ തെരുവിൽ എന്റെ മകളെ തേടി അലഞ്ഞു .
സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഒരു ശലഭം എനിക്കരികിലൂടെ പറന്നു പോയപോൾ അതിനെ തൊടാനായി ഞാൻ കൈ നീട്ടി.
അത് തെന്നി മാറി എന്നിൽ നിന്ന് ദൂരേക്ക്‌ പോയി.
കൂർത്ത അഗ്രങ്ങലുള്ള മണ്ണ് മണ്ണ് മാന്തി യന്ത്രങ്ങൾ മുൻവശത്തെ വളഞ്ഞ ഇരുമ്പ് ദണ്ട് ഭൂമിയിൽ ആഴത്തി മനുഷ്യ കബന്ധങ്ങളെ വേർത്തിരിക്കുന്നത് കാണാമായിരുന്നു.
തുളകൾ വീണു ചോരയിൽ കുതിര്ന്ന് ഒടിഞ്ഞുമടങ്ങിയ കൈകാലുകൾ കോരിയെടുത്തു യന്ത്രങ്ങൾ
പിറകിലുള്ള കുട്ടയിൽ നിക്ഷപിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഓരോ കുട്ടയും നിറയുമ്പോൾ, മറ്റൊരു യന്ത്രം അത് ആവർത്തിച്ച്‌ കൊണ്ടിരിന്നു.
ആ യന്ത്രത്തിന്റെ ഡ്രൈവർ കടലമണികൾ വായിലിട്ടു കൊറിച്ചുകൊണ്ടാണ്
അനായാസം യന്ത്രത്തെ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നത്.
ഞാൻ അയാളുടെ മനസ്സിനെ കുറിച്ച് വെറുതെ ചിന്തിച്ചു.
ചോരയിൽ പൊതിഞ്ഞ നിരപരാധികളായ മനുഷ്യ ശരീരങ്ങൾ കാണുമ്പോൾ അയാളിൽ ഒരു തരത്തിലുള്ള വേദനയും രൂപപ്പെടില്ലേ?
ഒരു പക്ഷെ അയാള്ക്ക് ഇത് ആദ്യ കാഴ്ച്ചയാവില്ല. അതുകൊണ്ടാവണം അയാളിൽ ഇത്ര നിസ്സംഗത. അല്ലായിരുന്നുവെങ്കിൽ ഹൃദയം ഭേദിക്കുന്ന ഈ കാഴ്ചകൾ കണ്ടു അയാൾ മരിച്ചുപോയേനെ.
പെട്ടന്നാണ് ഞാൻ കണ്ടത്, മാംസം വേർപ്പെട്ട് ഒടിഞ്ഞു തൂങ്ങിയ ഒരു കൈ യന്ത്രം കോരിയെടുക്കാൻ ശ്രമിക്കുന്നു.
ഓരോ ശ്രമത്തിനു ഒടുവിലും, വളഞ്ഞ ഇരുമ്പ് ദണ്ടിന്റെ ആഗ്രഭാഗത്ത് നിന്നും അതും ഊര്ന്നിറങ്ങി ഭൂമിയിലേക്ക്‌ പതിച്ചു കൊണ്ടിരിക്കുന്നു.
ഞാൻ യന്ത്രത്തിന്റെ അടുത്തേക്ക് ഓടിയടുത്തു..പെട്ടെന്ന് ഭൂമിയും ആകാശവും നിശ്ചലമായത് പോലെ എനിക്ക് തോന്നി.."

മുഴുവിക്കാൻ കഴിയാതെ ഖാദിം ഹുസൈൻ ഉറക്കെ ഉറക്കെ
കരഞ്ഞുകൊണ്ടിരുന്നു.
അയാളെ ആശ്വസിപ്പിക്കാൻ വാക്കുകള തേടിയപ്പോൾ എന്റെ മസ്തിഷ്കം ശൂന്യമായി പോയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
എനിക്ക് അയാളോട് പറയാൻ തോന്നി "ഖാദിം ഹുസൈൻ നീ തിരിച്ചു വരരുതായിരുന്നു.
ഞാൻ നിന്നെ വീണ്ടും കണ്ടുമുട്ടരുതായിരുന്നു"
എന്തായിരിക്കും മണ്ണ് മാന്തി യന്ത്രം അയാള്ക്ക് നല്കിയ കാഴ്ച്ചയെന്നു ഞാൻ വെറുതെ സങ്കല്പ്പിച്ചു നോക്കി.
മാംസം വേർപ്പെട്ട് ഒടിഞ്ഞു തൂങ്ങിയ ആ കൈ വിരലുകൾക്കിടയിൽ,
അയാൾ തന്റെ മകള്ക്കായി സമ്മാനിച്ച പനിനീർപൂ അയാളെ നോക്കി മൗനമായി പറഞ്ഞിട്ടുണ്ടാവാം
"എന്നെ എടുക്കാൻ അവർ മറന്നു പോയി"

15 comments:

ajith said...

എന്താണ് വിപ്ലവം
ആരാണ് വിജയികള്‍

Cv Thankappan said...

പനിനീര്‍പൂവിന്‍റെ ദുഃഖം....

Anonymous said...

കുറച്ചു മുമ്പുവരെ എന്റെ മനസ്സിൽ നിസ്സഹാനായ ദൈവത്തിന്റെ ചിത്രമായിരുന്നു
രൂപമില്ലങ്കിലും ഒരു ഹൃദയമെങ്കിലും കാണുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്
പക്ഷെ ഇന്ന്
ദൈവം വെറും ശില മാത്രമാണ് എന്ന തിരിച്ചറിവിലേക്ക്
എന്റെ മനസ്സ് എത്തി നില്ക്കുന്നു.
ശിലയിൽ അഭയം തേടുന്ന ഞാൻ എത്ര വിഡ്ഢി!!

റോസാപ്പൂക്കള്‍ said...

ലോകത്തിന്റെ ഒരു കോണില്‍ ജീവിക്കുന്ന നാമെന്തറിയുന്നു..?
നല്ല കഥ

aneesh kaathi said...

ചില ബാക്കിപത്രങ്ങള്‍,ഒരോര്‍മ്മപ്പെടുത്തലാവുന്നു.

തുമ്പി said...

മൻസൂർ പറഞ്ഞത്പോലെ ചിലപ്പോൾ ഞാനും ചിന്തിച്ചുപോകാറുണ്ട്. ഒരു നൊമ്പരം ബാക്കിയാവുന്നു...

Manoj Kumar M said...

ജീവിതത്തിലെ ചില നിസഹായതകൾ..
നല്ല കഥ..

ശിഹാബ്മദാരി said...

അനന്തമജ്ഞാതമവര്‍ണ്ണനീയ -
മീ ഗോള ഭൂമി തിരിയുന്ന മാര്‍ഗ്ഗം
അതിയിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു.
നല്ല കഥ..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നല്ല കഥ.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നല്ല കഥ.

Neelambari said...

വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു ... തിരിച്ചു വരവ് മോശമായില്ല ട്ടോ ... ഭാവുകങ്ങൾ ... തുടരുക ...

വേണുഗോപാല്‍ said...

ഹൃദയ സ്പര്‍ശിയായ കഥ.

സുന്ദരമായ എഴുത്ത് . ആശംസകള്‍

shajahan ullanam said...

ഹൃദയം കൊണ്ട് കോറിയിട്ടത്. കഥയല്ലിത്..!!ജീവിതം തന്നെ..!! സീസീ വാഴും ഇൗജിപ്ത്തിലെ ജനാധിപത്യക്കുരുതിയുടെ നേർചിത്രം. എഴുത്ത് തുടരട്ടെ..

shajahan ullanam said...

ഹൃദയം കൊണ്ട് കോറിയിട്ടത്. കഥയല്ലിത്..!!ജീവിതം തന്നെ..!! സീസീ വാഴും ഇൗജിപ്ത്തിലെ ജനാധിപത്യക്കുരുതിയുടെ നേർചിത്രം. എഴുത്ത് തുടരട്ടെ..

Farzana said...

Very nice story... heart touching 👍👏🏻👌🏻Keep writing ✍️

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...