Saturday, August 25, 2012

ധന്യമീ ജീവിതംഅവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്.
അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു.
അവള്‍ ഉറങ്ങിയെന്നുറപ്പുവരുത്തിയിട്ടു വേണം അയാള്‍ക്ക് തിരിഞ്ഞുകിടക്കാന്‍
കണ്ണടച്ച്, ഇരുട്ടില്‍ മലര്‍ന്നു കിടന്നു മനസ്സിനെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്നത് അയാളിപ്പോള്‍  പതിവാക്കിയിട്ടുണ്ട്. ആ അവസരങ്ങളിലെല്ലാം അയാള്‍ പോലുമറിയാതെ  ഉള്ളിൽ നിന്ന് ഒരു നെടുവീര്‍പ്പിന്റെ ശബ്ദം പുറത്തേക്കു വരാറുണ്ടായിരുന്നു. പലപ്പോഴും അവളതു കേള്‍ക്കുകയും, അയാളോടു ചേര്‍ന്നുകിടന്ന്, നെഞ്ചില്‍ തലചേര്‍ത്ത് അയാളെ  ആശ്വസിപ്പിക്കാന്‍ ശ്രമിക്കാറുമുണ്ടായിരുന്നു. അപ്പോള്‍ അയാള്‍ കൂടുതല്‍ അസ്വസ്ഥനാവുകയും അവളെ തന്നിൽനിന്നടർത്തി മാറ്റി നേരെ കിടത്തുകയും ചെയ്യും. പിന്നീട്  അയാള്‍ അവളുടെ  മനസ്സ് തേടിപ്പോകും. അപ്പോള്‍  അവളുടെ കണ്ണുകളില്‍ നിഴലിക്കുന്ന വേദന അയാളിലേക്കും പടരും. തന്നോടൊത്ത് ജീവിതം തുടങ്ങിയതു കൊണ്ടാണല്ലോ അവള്‍ക്കിങ്ങനെ കരയേണ്ടിവന്നത് എന്നോര്‍ത്ത് അയാള്‍ തേങ്ങും. എന്നിട്ട്  അവളിലേക്കു ചേര്‍ന്നുകിടന്ന് അവളെ ആശ്വസിപ്പിക്കും,   അവളുടെ കവിളില്‍ തന്റെ മുഖം ചേര്‍ത്ത് അയാള്‍ ഉറങ്ങാന്‍ കിടക്കും. അപ്പോഴൊക്കെ, അയാള്‍ ഉറങ്ങുന്നതിനു മുന്നേ അവള്‍ ഉറങ്ങുകയും, അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ശക്തി കൂടി വരുന്ന അവസരത്തില്‍ അയാള്‍ മലര്‍ന്നു കിടന്ന്  ഓര്‍മകളിലേക്കൊഴുകാന്‍ തന്റെ മനസ്സിനെ അനുവദിക്കുകയും ചെയ്യുമായിരുന്നു.


അവള്‍ ഉറങ്ങാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു കിടന്നു. അവള്‍ ഉറങ്ങിയെന്നുറപ്പായപ്പോള്‍ അയാള്‍ ശബ്ദം കേള്‍പ്പിക്കാതെ എഴുന്നേറ്റു. മുറിയില്‍നിന്ന് പുറത്തേക്കുള്ള ഇടനാഴിയിലൂടെ ടെറസ്സിലേക്ക് പ്രവേശിക്കുന്ന വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. തലേദിവസം പെയ്ത വേനല്‍ മഴ അന്തരീക്ഷത്തിലെ ഉഷ്ണത്തിന് തെല്ലു ശമനം വരുത്തിയിട്ടുണ്ടെന്ന് അയാള്‍ക്കു തോന്നി. അയാളോര്‍ത്തു, ‘ഒന്നും വേണ്ടിയിരുന്നില്ല,  വെറുതെ ആയിരുന്നില്ലേ അവളെ തന്റെ ജീവിതത്തിലേക്കു കൊണ്ടുവന്നത്. ? ആര്‍ക്കു വേണ്ടിയായിരുന്നു താന്‍ അത് ചെയ്തത്? കുടുംബത്തിനു വേണ്ടിയായിരുന്നുവോ?  ആയിരിക്കണം.അല്ലെങ്കില്‍, ഏകനായി ജീവിക്കാമായിരുന്നു. തന്റെ ദുഖങ്ങളും വ്യഥകളും തന്നില്‍ മാത്രം ഒതുങ്ങുമായിരുന്നു. അവള്‍ തന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എല്ലാം നേടിയ പ്രതീതി ആയിരുന്നു.  എന്നിട്ടും അവളോടൊത്തുള്ള രാത്രികളില്‍  ഒരിക്കലും യൌവ്വനം തുടിക്കുന്ന ഒരു ഭര്‍ത്താവിന്റെ സാന്നിധ്യമറിയിക്കാന്‍ തനിക്കു കഴിഞ്ഞിരുന്നില്ല. തന്റെ ബലഹീനത അവളില്‍ ഉണ്ടാക്കിയത് അവളെ ഇഷ്ടമല്ല എന്ന തോന്നലാണ്. താന്‍ ബലഹീനനല്ലെന്ന്  അവളെ അറിയിക്കാന്‍ കുറെ ശ്രമിച്ചതാണ്.  അവളിലേക്ക്‌ പ്രവേശിക്കുമ്പോള്‍, അവളുടെ ശരീരം തന്റെ ശരീരത്തോട് മുട്ടിയുരുമ്മുമ്പോള്‍, ആ കരവലയത്തിൽ അലിഞ്ഞു ചേരുമ്പോള്‍,  അവളുടെ ചുണ്ടുകളില്‍ തന്റെ ചുണ്ട് ചേരുമ്പോള്‍,  അറിയാതെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഭീതിജനകമായ  ഓര്‍മകളിലേക്ക്  മനസ്സ് സഞ്ചരിക്കാന്‍ തുടങ്ങും.

ചുവന്നു കലങ്ങിയ കണ്ണുകളുള്ള,  നെഞ്ചില്‍ ചുരുണ്ട ആകൃതിയില്‍ കറുത്ത രോമങ്ങളുള്ള, തടിച്ച ദേഹപ്രകൃതിയുള്ള അയാളുടെ നോട്ടവും ചിരിയും മനസ്സിലേക്ക് ഓടിയെത്തുന്നതോടുകൂടി സംഭരിച്ചുവെച്ച  ആവേശം തണുത്തുറഞ്ഞു മഞ്ഞുകട്ട പോലെയാവും. പിന്നീട് തളര്‍ച്ച ബാധിച്ചവനെ പോലെ കട്ടിലിലേക്ക് വീഴുമ്പോള്‍ കാതിലേക്ക് അരിച്ചിറങ്ങുന്ന അവളുടെ തേങ്ങലുകള്‍ കേള്‍ക്കരുതെന്ന്  വെറുതെ  ആഗ്രഹിച്ചുപോവും. പക്ഷെ അവളുടെ തേങ്ങലിന്റെ ശബ്ദം കൂടിവരുമ്പോള്‍ അറിയതെ താനും തേങ്ങിപ്പോവും. ‘നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല എന്റെ പ്രിയപ്പെട്ടവളേ,  ഞാന്‍ ഇങ്ങിനെ ആയി മാറുന്നത്’ എന്നു പറയാൻ ശ്രമിച്ചതാണ്.
അത് കേട്ടുകഴിഞ്ഞാല്‍ പിന്നെ അവള്‍ ചോദിക്കില്ലേ, ‘പിന്നെ എന്തുകൊണ്ട് താന്‍ ഇങ്ങനെ അവശനായി മാറുന്നുവെന്ന്.? എന്തുകൊണ്ട് തന്റെ വിരലുകള്‍ക്ക് അവളുടെ ശരീരത്തിലെ  മാന്ത്രിക വീണയില്‍ സ്വപ്തസ്വരങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന്.?’ അപ്പോളെന്തു പറയും? ‘നെഞ്ചിൽ ഇരുണ്ട രോമങ്ങള്‍ നിറഞ്ഞ, കറുത്തു തടിച്ച, വിയര്‍പ്പിന്റെയും മദ്യത്തിന്റെയും അറപ്പുളവാക്കുന്ന  മണവുമുള്ള ആ മനുഷ്യനെക്കുറിച്ച് പറയേണ്ടി വരില്ലേ? പറഞ്ഞാല്‍ അവള്‍ക്കതുൾക്കൊള്ളാന്‍ കഴിയുമോ? പക്ഷെ, പറയണം.  അല്ലെങ്കില്‍ താന്‍ ഒന്നിനും കൊള്ളാത്തവനായിപ്പോവും.  ഷണ്ഡനെന്ന് നാളെ ലോകം പറയും  അതിനിട വരുത്തിക്കൂടാ.’

അയാള്‍ പതുക്കെ അവള്‍ കിടക്കുന്ന മുറിയിലേക്ക് നടന്നു. ജനല്‍പ്പാളികളിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ വെട്ടം  ഇരുട്ട് പുതച്ചു കിടക്കുന്ന മുറിയിലേക്ക് അരിച്ചിറങ്ങുന്നത് കൊണ്ടാവണം, അവളുടെ വെളുത്തുതുടുത്ത  കാല്‍വണ്ണയുടെ കൊലുസിട്ട ഭാഗം  അയാളുടെ കണ്ണുകള്‍ക്കു കാണാന്‍ കഴിഞ്ഞത്.. അയാള്‍ മുട്ടുകുത്തി അവളുടെ കാലുകള്‍ക്കരികിലായി തന്റെ മുഖം താഴ്ത്തി. പൊടുന്നനെ അയാളുടെ മനസ്സ് താന്‍ ആരാധിക്കുന്ന ദേവതക്കു മുന്നില്‍ തൊഴുതുകേണു മാപ്പിരക്കുന്ന ഒരു വിശ്വാസിയുടെ അവസ്ഥയിലേക്കെത്തി. അയാള്‍ പതുക്കെ പറയാന്‍ തുടങ്ങി..

"ആ സംഭവത്തിനു ശേഷം  പിന്നീടൊരിക്കലും ഞാന്‍ അയാളെ കണ്ടിട്ടില്ല. അയാളെ കാണുന്ന ഒരു അവസ്ഥ വന്നുചേര്‍ന്നാല്‍ അലറിവിളിച്ചുപോവുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. അയാളുടെ സാന്നിദ്ധ്യമുണ്ടാവും എന്നു തോന്നിപ്പിക്കുന്ന  വഴികളില്‍ നിന്നെല്ലാം ഞാന്‍  ഒഴിഞ്ഞു നടക്കാറുണ്ട്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. നാട് കുറെ മാറി.. ഇടവഴികള്‍ക്ക് പകരം, റോഡുകള്‍ വന്നു. ഇരുട്ട് നിറഞ്ഞ തെരുവോരങ്ങള്‍ക്കു പകരം, വൈദുതിവിളക്കുകള്‍ നിറഞ്ഞ പ്രകാശം വിതറുന്ന വീഥികള്‍ രൂപപ്പെട്ടു. എങ്കിലും എന്റെ  മനസ്സ് ഇപ്പോഴും മാറിയിട്ടില്ല.  ഇപ്പോഴും അയാളുടെ ഓര്‍മ്മകള്‍ എന്നെ എന്റെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ടുപോകുന്നു. ഒരിക്കല്‍ സ്കൂളില്‍  നിന്ന് വീട്ടിലേക്കു മടങ്ങിവരുമ്പോഴുള്ള  ഒരു സായാഹ്നത്തിലായിരുന്നു അയാളെ കണ്ടത്.  ബസ്‌സ്റ്റാന്‍ഡില്‍ കീര്‍ത്തി ടൂറിസ്റ്റ് ഹോമിന്റെ തൊട്ടടുത്ത് കുട്ടികളുടെ ആരവം കേട്ടാണ് ഞാന്‍  അങ്ങോട്ടു പോയത്. പതിനഞ്ചും പതിനാറും വയസ്സുള്ള ചുണ്ടുകളില്‍ ചുവന്ന നിറത്തില്‍ ചായം പൂശിയ കുറെ കുട്ടികളുടെ ഒരു കൂട്ടമായിരുന്നു അവിടെ. അവര്‍ കൈകള്‍ കോര്‍ത്തു പിടിച്ച് ഒരു വലയം തീര്‍ത്തിരിക്കുന്നു.. ആ വലയത്തിനുള്ളില്‍ ഒരു കൊച്ചുകുട്ടി നില്‍ക്കുന്നു. കുട്ടികള്‍ എല്ലാവരും കൂടി എന്തോ പറയുന്നു. എന്നിട്ട് ആര്‍ത്തു ചിരിക്കുന്നു. വലയത്തിനുള്ളിലെ കുട്ടി വലയം ഭേദിച്ച് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. എന്നെക്കണ്ടപ്പോള്‍ ആ കുട്ടികള്‍ എന്നെയും ആ വലയത്തിനകത്താക്കാന്‍  ശ്രമം നടത്തി. അവിടെനിന്നോടി ബസ്‌സ്റ്റാന്‍ഡിനു പുറത്തെത്തിയപ്പോളാണ്  അയാളെ കണ്ടത്.. അയാള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. ആ കണ്ണുകള്‍ക്ക്‌ എന്തോ മാന്ത്രിക ശക്തിയുള്ളതു പോലെ തോന്നിപ്പിച്ചു.
 
സ്കൂളിലെ കൂട്ടുകാരാണ് പറഞ്ഞുതന്നത്, കുട്ടികളുടെ കൂട്ടത്തെക്കുറിച്ച്. സന്ധ്യമയങ്ങുമ്പോള്‍ കുട്ടികളെത്തേടിവരുന്ന ആളുകളുടെ കൂടെ പോയാല്‍, ആ കുട്ടികള്‍ക്ക് കുറെ കാശ് കിട്ടും.  ആവശ്യമുള്ള  ഭക്ഷണവും കിട്ടും. വരുന്നവര്‍ക്ക് നന്നായി ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക്  ചോദിക്കുന്നതെന്തും അവര്‍ കൊടുക്കും. കേട്ടപ്പോള്‍ അറപ്പും വെറുപ്പും തോന്നി.  സ്കൂളിലേക്ക് പോവുന്ന വഴിയില്‍ അയാള്‍ എല്ലായ്പ്പോഴും എന്നെ നോക്കി, ചിരിച്ചുകൊണ്ടു നില്‍പ്പുണ്ടാവും.  കുട്ടികളെ കൊണ്ടുപോവാന്‍ വരാറുള്ള ആളായിരിക്കുമെന്നു തോന്നിയപ്പോള്‍ സംശയിച്ചു തലകുനിച്ചാണ് അയാള്‍ക്കു  മുന്നിലൂടെ നടന്നിരുന്നത്. വല്ലപ്പോഴും തലയുയര്‍ത്തി നോക്കുമ്പോള്‍,  അയാളുടെ കത്തുന്ന കണ്ണുകള്‍ എന്റെ കണ്ണുകളുമായി കൂട്ടിമുട്ടും. അപ്പോള്‍ അയാളില്‍ ഒരു ചിരിവിടരും. എന്നെ അയാളിലേക്കു ക്ഷണിക്കുന്നതു പോലെ  ആയിരുന്നു ആ ചിരി. എന്റെ  തടിച്ച ശരീരമായിരിക്കണം അയാള്‍ക്ക് എന്നോട്  ഇഷ്ടം തോന്നാൻ കാരണമായതെന്നു തോന്നാറുണ്ട്. ഒരിക്കല്‍ അയാള്‍ ഒരു നൂറിന്റെ നോട്ടെടുത്ത് എന്റെ  നേരെ നീട്ടി. ആരും കാണുന്നില്ലെന്നുറപ്പു വരുത്തിയിട്ടാണ് ഞാന്‍ അതുവാങ്ങി പാന്റ്സിന്റെ പോക്കറ്റില്‍ ഇട്ടത്. പിന്നീട്  അയാളെ കാണുമ്പോള്‍ കാല്‍മുട്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങും. വായില്‍ ഉമിനീര്‍ വറ്റാന്‍ തുടങ്ങും.. അയാൾക്കുനേരെ നോക്കാന്‍ ശക്തിയില്ലാതെ ആ വഴി നടക്കാന്‍ പേടിയായി. കുറെ ദിവസങ്ങൾ വഴിമാറി നടന്നു. കാണാത്തപ്പോള്‍ ആശ്വാസം തോന്നിത്തുടങ്ങി. പിന്നെപ്പോഴോ വീണ്ടും അയാളെ കാണാന്‍ മോഹം തോന്നി. അങ്ങിനെയൊരിക്കലാണ്  അയാള്‍ എന്റെ  പിറകിലായി വന്നത്. ഞാന്‍ ധൃതിപ്പെട്ടോടാന്‍ ശ്രമിച്ചെങ്കിലും ഓടാന്‍ കഴിഞ്ഞില്ല. പിടിക്കപ്പെട്ടു എന്ന് തോന്നിയപ്പോള്‍ തളര്‍ന്നു താഴെയിരുന്നു. അയാള്‍ വന്നു പിടിച്ചെഴുന്നേല്‍പ്പിച്ച് ഒരു ഹോട്ടലിലേക്കു  കൊണ്ടുപോയി പൊറോട്ടയും ചിക്കന്‍ കറിയും വാങ്ങിത്തന്നു.  ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ കൂടെച്ചെല്ലാന്‍  ആവശ്യപ്പെട്ടു. ഒന്നും മിണ്ടാതെ പിറകെ നടക്കുകയായിരുന്നു. ബസ്‌സ്റ്റാന്റ് ചുറ്റി സ്കൂളിലേക്കു നടക്കുന്ന വഴിയിലൂടെ,  അയാളുടെ പിറകിലായി മിടിക്കുന്ന ഹൃദയത്തോടെ നടന്നു. കുറച്ചുദൂരെ യെത്തിയപ്പോള്‍ ഒരു മുസ്ലിം പള്ളിയും ശ്മശാനവും കണ്ടു. അത് കഴിഞ്ഞു പിന്നെയും കുറച്ചുകൂടി നടന്നപ്പോള്‍ ഞങ്ങൾ ഒരു ഇടവഴിയിലേക്കുള്ള പ്രവേശനദ്വാരത്തിലെത്തി

ആ ഇടവഴി ഒരു പുഴയുടെ തീരത്തേയ്ക്കുള്ളതാണെന്ന് അയാള്‍ പറഞ്ഞു.  പിന്നെപ്പറഞ്ഞു, ‘ആ പുഴയുടെ തീരത്ത് നമുക്കിരിക്കാം, അവിടേക്ക് നമ്മളെ ശല്യം ചെയ്യാന്‍ ആരും വരില്ല. അവിടെ നമുക്ക് നമ്മുടെ ലോകം തീര്‍ക്കാം.’  അതും പറഞ്ഞു അയാള്‍ ആ ഇടവഴിയിലേക്ക് പ്രവേശിച്ചു.. പെട്ടെന്ന് എന്റെ കാലുകള്‍ക്ക് ശക്തി കുറഞ്ഞുവന്നു. എന്റെ ദേഹമാകെ വിറയല്‍ ബാധിച്ചതു പോലെ തോന്നി. ഇടവഴിയിലെ മൂകത എന്നെ ഭീതിപ്പെടുത്തി. താന്‍ തിരിഞ്ഞോടി. ഓടിയോടി ത്തളര്‍ന്ന ഞാന്‍ വീട്ടിലെത്തി കട്ടിലിലേയ്ക്ക് വീണു. എന്റെ പ്രിയേ, നിന്നോടൊത്തുള്ള നിമിഷങ്ങളില്‍, ഈ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നു,  അപ്പോള്‍ ഞാന്‍.."

പെട്ടെന്ന് അവള്‍ കിടക്കവിട്ടെഴുന്നേറ്റു  എന്നിട്ട് അയാളോട് ചോദിച്ചു,

"സത്യമാണോ നിങ്ങള്‍ പറയുന്നത്?"
എന്നെ വിശ്വസിക്കു. ഞാന്‍ പറയുന്നത് സത്യമാണ്. അയാള്‍ എന്നെയൊന്നും ചെയ്തിട്ടില്ല.”

"പുഴവക്കിലെ  പൊന്തക്കാടിനു പിന്നിലേക്ക്‌ അയാള്‍ നിങ്ങളെ വലിച്ചിഴച്ചുകൊണ്ടു പോയില്ലേ? വായ പൊത്തിപ്പിടിച്ചില്ലേ?"
ഇല്ല..ഇല്ല...എന്നെ അയാളൊന്നും ചെയ്തിട്ടില്ല.”

"നിങ്ങള്‍  കുതറിമാറിയപ്പോള്‍ കരണത്തടിച്ചില്ലേ ? ഒച്ച വെച്ചാല്‍  കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയില്ലേ? സത്യം പറയൂ..."

അയാള്‍ക്ക് വെപ്രാളമായി. മത്തു പിടിച്ചവനെപ്പോലെ അയാള്‍  അവളുടെ ശരീരത്തില്‍  പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു..
"നീ എന്താണീ പറയുന്നത്? ഇതൊക്കെ നിനക്കെങ്ങനെ മനസ്സിലായി?"

അവള്‍ മന്ത്രിക്കുന്നതുപോലെ എന്തോ പറഞ്ഞു. എന്നിട്ട് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അയാളുടെ കാലിലേയ്ക്ക് വീണു. തേങ്ങലുകള്‍ക്കിടയില്‍ അവള്‍ പറഞ്ഞു കൊണ്ടിരുന്നു:
"എനിക്കും പറയാനുണ്ട്‌  ചിലതൊക്കെ, എനിക്കും അറിയിക്കാനുണ്ട്  ചിലതൊക്കെ
അന്ന് എനിക്ക് പതിനഞ്ചു വയസ്സായിരുന്നു..”

അയാള്‍ അലറി വിളിച്ചു  "വേണ്ട.. "

എന്നിട്ട് അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു. അവളുടെ കണ്ണുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ത്തുള്ളികള്‍ അയാൾ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്തു. അവളെ തന്റെ നെഞ്ചിലേയ്ക്കു ചേര്‍ത്ത്പിടിച്ച് അരികെ കിടത്തി. അയാളുടെ  ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത മാറിമറിഞ്ഞു . പതുക്കെപ്പതുക്കെ അവളെ അയാള്‍ അറിയാന്‍ തുടങ്ങി. അയാളുടെ യൗവ്വനം അവളുടെ വികാരങ്ങളില്‍ ജ്വാലയായി പടര്‍ന്നുകയറി. അവളുടെ കൈവിരലുകളുടെ താളത്തിനനുസരിച്ച്
അയാള്‍ അവളെ തന്റെ ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തിക്കൊണ്ടിരുന്നു. അധികം  താമസിയാതെ അനുഭൂതിയുടെ  ആഴക്കയങ്ങളിലൂടെ അവര്‍ ഒന്നായിത്തീര്‍ന്നു.

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...