Monday, May 9, 2016

ഡിവൈന്‍ പില്‍ഗ്രിമേജ്

)


ഒന്ന്

"മനൂ, നിന്റെ ധിക്കാരം കൂടിപ്പോവുന്നു..നീ ആരാന്നാ നിന്റെ വിചാരം? ആ എഴുത്ത് ഇങ്ങോട്ട് താ, പ്ലീസ്."  അതും പറഞ്ഞ് ആര്യ എന്റെ കയ്യില്‍ നിന്ന് അവളെഴുതിയ അപൂര്‍ണ്ണമായ കഥയുടെ കടലാസ് ചുരുള്‍ തട്ടിയെടുക്കാൻ ശ്രമിച്ചു നോക്കി.  പക്ഷെ ഞാന്‍ അവളില്‍ നിന്നു സമർത്ഥമായി രക്ഷപ്പെട്ടുകൊണ്ട് ‍ മുറിയില്‍ക്കയറി വാതില്‍ പൂട്ടി. രണ്ടറ്റവും കീറിയ നിലയില്‍ എന്റെ കയ്യിലകപ്പെട്ട  ആ കടലാസുകഷണത്തില്‍ നിന്ന് വായിക്കാന്‍ കഴിഞ്ഞത് ഇപ്രകാരമാണ് :

"പിന്നെ ഞങ്ങള്‍ രണ്ടു പേരും ഉറങ്ങാന്‍ കിടന്നു..ഉറക്കത്തിനിടയില്‍, പെട്ടെന്നൊരു അലര്‍ച്ച കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത്  അവന്‍ നെഞ്ചില്‍ കൈവച്ച്  കാല്‍മുട്ടില്‍  തലചായ്ച്ച്  ഇരിക്കുന്നു.  ഞാന്‍ അവന്റെ പുറത്തു തട്ടി ..ഡാ അഖീ..എന്താ നിനക്ക് പറ്റിയതെന്ന് ചോദിച്ചതും അവന്‍ മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. ഞാന്‍ അവന്റെ തോളില്‍ പിടിച്ചു കുലുക്കികൊണ്ട് അവനെ വിളിച്ചു.. അവനില്‍ നിന്നും ഒരു ശബ്ദവും പുറത്തു വന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ സ്തബ്ധയായി.   എന്റെ നിലവിളികേട്ടാണ്  അങ്കിളും ആന്റിയും ഉണര്‍ന്നത് .  പെട്ടെന്ന് തന്നെ അവര്‍  ആംബുലന്‍സിന്റെ  നമ്പര്‍ ഡയല്‍ ചെയ്തു..അവരെത്തിയാണ്   അവന്‍ മരിച്ചെന്നു സ്ഥിരീകരിച്ചത് ...പക്ഷെ എങ്ങിനെ?  എങ്ങിനെ ഇത്ര പെട്ടെന്ന് നിനക്ക് ഈ ലോകത്തോട്‌ വിട പറയാന്‍ തോന്നി?   ഇരുപത്തിയഞ്ചു  വയസ്സുകൊണ്ടു ഈ ലോകം മടുത്തുവോ നിനക്ക്?  എന്റെ അരികിലായി നീ എന്നെ കെട്ടിപ്പുണര്‍ന്നു കിടക്കുമ്പോള്‍ , നിന്റെ നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്  എന്റെ  ധമനികളിൽ അഗ്നി കൊളുത്തുന്ന ഒരുന്മാദം അലയടിച്ചപ്പോള്‍   ഞാന്‍ അറിയാതെ ഭൂമിയില്‍നിന്ന് മറ്റേതോ ലോകത്തേയ്ക്കു ഉയർത്തപ്പെടുകയായിരുന്നു. അപ്പോഴാണ് നീ എന്റെ പൊട്ടിച്ചിരി കേട്ടത്.. പിന്നെ  നീയും എന്റെ കൂടെ കൂടി ചിരിക്കുകയായിരുന്നില്ലേ.. ചിരിച്ചു ചിരിച്ചു തളര്‍ന്നപ്പോള്‍ നിന്റെ മുഖം കാണേണ്ടതായിരുന്നു, ചുവന്നു തുടുത്ത നിന്റെ ചുണ്ടുകളെ എനിക്ക് 'ബേബി പിങ്ക്' എന്ന് വിളിക്കാനാണ് തോന്നിയത് .  എനിക്ക് പലപ്പോഴും തോന്നാറുണ്ട് നിന്നെ ഒരു സാരിയുടുപ്പിച്ചു നെറ്റിയില്‍ ഒരു സിന്ദൂരപ്പൊട്ടും ചാര്‍ത്തി നിര്‍ത്തുവാന്‍. എനിക്ക് വയ്യ.. എന്റെ അഖീ..എന്റെ ചിന്തകള്‍ എവിടെയോ മുറിയുന്നു പക്ഷെ ഉറക്കത്തിലേക്കു വഴുതി വീഴുന്നതിനിടെ നീ എന്നോട് എന്തോ പറയാന്‍ ശ്രമിച്ചത്  ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു...  എന്തായിരുന്നു അത്.?"   

ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ ആര്യ  വിഷമത്തോടെ വാതിലിനരികെ നില്‍പ്പുണ്ടായിരുന്നു. "പൊട്ടിപ്പെണ്ണേ, കഥ നന്നായിട്ടുണ്ട്.. ബാക്കി കൂടി എഴുതൂ, പിന്നെ ഒരു കാര്യം..അഖിലേഷ് ആണോ നിന്റെ കഥയിലെ അഖി.?  ആദ്യമാദ്യം നമ്മള്‍ എഴുതുന്ന കഥകളില്‍ എല്ലാം നമുക്ക് ഇഷ്ടമുള്ള ആരെങ്കിലും തന്നെ ആയിരിക്കും കഥാപാത്രം. ഞന്‍ പോലും എന്റെ പേര് വച്ച് എത്രയോ കഥകള്‍ എഴുതിയിട്ടുണ്ട്.!”    ഞാന്‍ പറഞ്ഞതിന് മറുപടിയായി അവള്‍ എന്നോട് ആ കഥയില്‍ ഒരു വരി കൂടി  എഴുതിച്ചേര്‍ക്കാന്‍ പറഞ്ഞു.. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ അവളുടെ കഥക്ക് താഴെ എഴുതി വച്ചു.. "ഐ ആം വെയ്റ്റിംഗ് ഫോര്‍ സംവണ്‍.”


മനു ആ ലേഡി ഡോക്ടറെ ആയിരിക്കുമല്ലേ വെയിറ്റ് ചെയ്യുന്നത് ?  അവള്‍ സമ്മതിച്ചുവോ?  

“പോടീ.. അതൊന്നുമല്ല .. നിന്റെ കഥയിലെ കഥാപാത്രം മരണത്തിനു മുമ്പ് പറഞ്ഞ വാചകമാണ് ഞാന്‍ എഴുതി വച്ചത്.. ഇനി നിനക്ക് അതില്‍ നിന്ന് കഥ കൊണ്ട് പോവാം. .  പിന്നെ ഡോക്ടറും  ഞാനും ഇന്ന് രാത്രി ബീച്ച് പാര്‍ക്കില്‍ സന്ധിക്കും .. ഞാന്‍ ബാര്‍ബിക്ക്യു  അറേഞ്ച് ചെയ്തിട്ടുണ്ട്.. അവള്‍ ഒരു ഫ്രഞ്ച് വൈനും കൊണ്ടുവരാമെന്ന് ഏറ്റിട്ടുണ്ട്‌.  ഒരു പക്ഷെ ഇന്നത്തെ രാത്രി ഞങ്ങളുടെ പ്രേമത്തിന്റെ അവസാനരാത്രി ആയേക്കാം  കാരണം,  ഒരു പെണ്ണിന്റെ അധരം എന്റെ അധരത്തെ ചുവപ്പിക്കുക ഒരേ ഒരു തവണ മാത്രമായിരിക്കും,  അത് കഴിഞ്ഞാല്‍ എന്റെ പ്രേമം കഴിഞ്ഞു.. ഞാന്‍ ഒരിക്കലും ഒരു പെണ്ണിനെയും മനസ്സുകൊണ്ട് സ്നേഹിച്ചിട്ടില്ല. എന്റേത് വെറും മോഹം മാത്രമാണ്.  എനിക്ക് അവര്‍ കീഴ്പ്പെടുമ്പോള്‍ അവസാനിക്കുന്ന വെറും മോഹം.  അതിനെ പ്രേമം എന്ന് വിളിക്കാമോ? കാമം എന്ന് വിളിക്കാമോ?  കുറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്തു ജയം നേടുന്ന ഒരു കൌശലക്കാരന്റെ മല്‍സരക്കളി മാത്രം. ഒരു കളി ജയിച്ചാല്‍ മറ്റൊന്നിലേക്ക്.  ഈ അര്‍ത്ഥത്തില്‍ ഞാന്‍ ഒരു ക്രൂരനാണ്, വഞ്ചകനാണ്.  എന്തുകൊണ്ട് അങ്ങിനെ എന്നെനിക്കറിയില്ല... ചിലപ്പോളൊന്നും  എന്റെ മനസ്സിന്റെ ചെയ്തികളെക്കുറിച്ച്  അറിയാന്‍ പറ്റുന്നില്ല..  ഇതൊക്കെക്കൊണ്ടാവാം പ്രേമിച്ചവരെ ആരെയും ഓര്‍ത്ത്  എനിക്കു പിന്നീട് ഖേദിക്കേണ്ടി വന്നിട്ടില്ല. അപ്പോള്‍ ശരി ആര്യ. നമുക്ക് നാളെ കാണാം..ഡോക്ടറുടെ വിശേഷം അപ്പോള്‍  അറിയിക്കാം.. ബൈ ഡിയര്‍ .. ഹാവ് എ നൈസ് ഡേ..”..

രണ്ട്‌

ബീച്ച് പാര്‍ക്കില്‍ അങ്ങിങ്ങായി എരിയുന്ന തീക്കൂനകള്‍ കാണാം. അതിനു ചുറ്റും  ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങള്‍...അവർ കൂടിയിരുന്നു വര്‍ത്തമാനം പറയുന്നു. എരിയുന്ന തീക്കൂനകളില്‍ നിന്നുള്ള ഇളംചൂടേൽക്കുന്നതു  കൊണ്ടാവാം, അവരില്‍ പലരും, ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് എന്തൊക്കെയോ അവ്യക്തമായി വിളിച്ചു പറയുന്നത്.  ഓരോ വാഹനങ്ങളുടെയും ഇരമ്പല്‍ കേള്‍ക്കുമ്പോഴും  അവയിലൊന്ന് അവളുടെ 'നിസ്സാന്‍ കാമറി' കാറായിരിക്കുമെന്നു കരുതും. ഓരോ ദിവസവും  അവളെ കണ്ടുമുട്ടുമ്പോള്‍ വ്യത്യസ്‌തമായ കാറുകള്‍ ആയിരിക്കും അവള്‍ ഡ്രൈവ് ചെയ്തു കൊണ്ടുവരിക.. അവൾക്കു  കിട്ടുന്ന ശമ്പളത്തെക്കുറിച്ചും, അവളുടെ വീട്ടിലെ ചെലവുകളുടെ കണക്കുമെല്ലാം ഒരിക്കല്‍  അവളെന്നോടു പറഞ്ഞതാണ്‌.  അവള്‍ക്കിഷ്ടമല്ലാതെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു  വഴങ്ങിയാണ് ഈ പ്രൊഫഷന്‍ തിരഞ്ഞെടുത്തത്. ഞാൻ ആദ്യം കാണുമ്പോള്‍  അവള്‍ വളരെയധികം സന്തോഷവതിയായി  കാണപ്പെട്ടിരുന്നു, പക്ഷെ, എന്നില്‍ അനുരക്തയായ നിമിഷം മുതല്‍ ഞാന്‍ അവളില്‍  ദുഃഖം മാത്രമേ കണ്ടിട്ടുള്ളു. എന്ത് കൊണ്ടിങ്ങനെ? ചോദിയ്ക്കാന്‍ പലപ്പോഴും നാവ് പൊങ്ങിയതാണ് പക്ഷെ, ശബ്ദം പുറത്തേക്കു വന്നില്ല.. ഒരു പക്ഷെ, ദുഖിക്കുന്ന അവസ്ഥയിലാവണം അവള്‍ സന്തോഷവതിയാവുന്നത്.   വേദന നിറഞ്ഞ ദുഃഖത്തിനു ചിലപ്പോള്‍ ഒരു തൂവല്‍സ്പര്‍ശം പോലെ നിര്‍വൃതി  നല്കാന്‍ കഴിയുമെന്ന് പണ്ടെവിടെയോ വായിച്ചത് ഓര്‍ക്കാന്‍ കഴിയുന്നു..  ഈ കത്തുന്ന അഗ്നിയെ പോലെ, ഇതില്‍ നിന്നൊരു അഗ്നിസ്‌ഫുലിംഗം മതി സന്തോഷത്തിന്റെ ഈ രാത്രിയെ ദുഃഖത്തിന്റെ അഗാധതയിലേക്ക്  ആഴ്ത്താന്‍.  പക്ഷെ ഇന്നത്തെ രാത്രി അവസാനിച്ചാല്‍, നാളെയവള്‍ ആരോട് തന്റെ ദുഃഖം പറയും? ഒരു പക്ഷെ അവള്‍ അനുഭവിച്ചിരുന്ന ദുഃഖമെല്ലാം മാറി പുതിയ ഒരു ദുഃഖം അവളെ തേടി വന്നേക്കാം.. ഞാന്‍ എന്ന ദുഃഖം.. പിന്നെ എന്നെ സ്നേഹിച്ചതിന്റെ കണക്കും.. എനിക്ക് വേണ്ടി ചിലവഴിച്ച ഈ രാത്രിയുടെ പശ്ചാത്താപവും  മാത്രമായിരിക്കും അവളുടെ പൊള്ളുന്ന ദുഃഖം.  

‘ഓ നീ വന്നോ ട്രീസാ?’
‘എന്താടാ, നീ മറ്റാരെയോ പ്രതീക്ഷിച്ചിരിക്കുകയാണോ?’

‘ഓ, എന്റെ ട്രീസാകൊച്ചേ...ഈ സുഖശീതളമായ രാത്രിയെ നിന്റെ നാവു കൊണ്ട് കൊന്നുതിന്നാതെ.. നീ ആ വൈന്‍ പൊട്ടിയ്ക്കൂ.. ഏതോ ഫ്രഞ്ചു സുന്ദരി അവളുടെ കാമുകന്റെ മാറിലെ രോമങ്ങളെ തഴുകിക്കൊണ്ടിരുന്നപ്പോളാവണം ഇങ്ങിനെ ഒരു വൈനിന്റെ രൂപം  അയാളുടെ സിരകളില്‍ നുരയുന്ന ലഹരിയായി ഉയർന്നു  വന്നത് . അവളുടെ നഗ്നമേനി  തീജ്വാലയായി ആളിപ്പടർന്ന് അയാളുടെ ശരീരത്തില്‍ വിയർപ്പുകണങ്ങള്‍ തീർത്തപ്പോള്‍  അയാളറിയാതെ മന്ത്രിച്ചുപോയ വാക്കുകളായിരിക്കാം  നിന്റെ കയ്യിലിരിക്കുന്ന ഈ വൈനിന്റെ പേരിനു കാരണമായത്: "ഡിവൈന്‍ പില്‍ഗ്രിമേജ്.” പെണ്ണിന്റെ ശരീരത്തിനും മദ്യത്തിനും ഒരേ ലഹരിയാണ്.ഒരിക്കലും നിര്‍വചിക്കാന്‍ പറ്റാത്ത ഒരു അനുഭൂതി..സുഖലയനിമിഷം..അതെ ' ദിവ്യമായ തീര്‍ത്ഥയാത്ര.' ട്രീസാ, നിന്റെ ചുണ്ടുകൾക്ക്  ഇപ്പോള്‍ പഴുത്തു പാകമായ ചുവന്ന മുന്തിരിയുടെ മണം.. നിന്റെ പിന്‍കഴുത്തിനുമതെ..ഈ അന്തരീക്ഷത്തിനും അതേ മണം..ഇപ്പോള്‍ ലോകം മുഴുക്കെ മുന്തിരിമണം.!’


‘മനുക്കുട്ടാ നിനക്ക് വട്ടായോ.? എന്റെ ചുണ്ടുകള്‍ നിന്റെ അധരങ്ങളില്‍ ചുവപ്പു പടര്‍ത്തിയപ്പോള്‍  നീയിങ്ങനെ.! അപ്പോള്‍ നീ എന്നെ മുഴുവനായും കണ്ടാല്‍..? എന്നെ അറിയാന്‍ തുടങ്ങിയാല്‍. ?’


‘മോളേ, ആ ഫോണ്‍ എടുത്തേ.. അത് റിംഗ് ചെയ്യാന്‍ തുടങ്ങിയിട്ട് കുറെ നേരമായി.. ആ ആര്യപ്പെണ്ണായിരിക്കാനാണ് സാധ്യത..അസൂയക്കാരി.. ഞാന്‍ നിന്നെ കാണാന്‍ വരുമെന്നു അവളോടു പറഞ്ഞുപോയി...അതിത്രമാത്രം കുരിശാവുമെന്നോര്‍ത്തില്ല.’

‘ഡാ, മനൂ..നിനക്ക് അവളെ ഇനിയും വിടാന്‍ തോന്നുന്നില്ലേ.. എന്തിനാ അതിനെ വെച്ചോണ്ടിരിക്കുന്നത്? ഡാ, ഇത് അവള്‍ തന്നെയാണ്.. ഇതാ..കോള്‍ എടുക്കു..എന്താണു പറയുന്നത് എന്ന് നോക്കാമല്ലോ.. പാവം കൊച്ച്.’

"ആര്യാ, നീ അനാവശ്യം പറയാതെ.. നിനക്ക് വട്ടുണ്ടോ ഇങ്ങിനെ സംസാരിക്കാന്‍.. വെറുതെ ജീവിച്ചിരിക്കുന്ന ആളുകളെക്കുറിച്ച് ഇല്ലാത്തതു പറയരുത്.. നിന്റെ കഥ പോലെ യല്ല ഇത്.. ഫോണ്‍ വെയ്ക്കൂ.. എനിയ്ക്കു വരാന്‍ പറ്റില്ല.. വെറുതെ എന്റെയീ സായാഹ്നം നശിപ്പിക്കല്ലേ പ്ലീസ്.."

‘എന്താ മനൂ, എന്തിനാ നീ അവളോടു കയര്‍ക്കുന്നത് ?  എന്താണവള്‍ പറയുന്നത്..?’

‘എന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന  അവളുടെ കസിന്‍ മരിച്ചു എന്ന്.. പെട്ടെന്ന് എന്നോട് അങ്ങോട്ട്‌ ചെല്ലാന്‍.. അവള്‍ക്കു   വട്ടാണ്.. അവന് ഇരുപത്തിയഞ്ചു വയസ്സ് മാത്രമേ പ്രായം ഉണ്ടാവൂ. നല്ല ആരോഗ്യവാന്‍, ദിവസവും ജിമ്മില്‍ പോവുന്ന ആളാണ്..അവന്റെ കറുത്ത തലമുടിക്കുള്ളില്‍ കണ്ട ഒരു വെളുത്ത മുടിയെക്കുറിച്ച് പറഞ്ഞ്, രാവിലെ പോലും ഞാന്‍ അവനെ കുറെ കളിയാക്കിയതാണ്..  അവള്‍ക്ക്  അസൂയയാണ്.. ഞാന്‍ നിന്റെ കൂടെയായിരിക്കുമെന്ന്  അവള്‍ക്കറിയാം .. ഈ പെണ്ണുങ്ങളെല്ലാം അസൂയക്കാരാണ്.’

‘മനൂ .. ജീവിച്ചിരിക്കുന്ന ഒരാളെക്കുറിച്ച് മരിച്ചു എന്ന് ആരെങ്കിലും പറയുമോ? നീ ഒന്നുകൂടി വിളിച്ചു നോക്ക്.. അല്ലെങ്കില്‍ പെട്ടെന്ന്  അവിടം വരെ പോ.. നമുക്ക് ഇനിയും കാണാം.. ഇനിയും രാത്രികള്‍ ഉണ്ടാവില്ലേ? പ്ലീസ്‌ മനൂ.. പോ..എനിക്ക് വേണ്ടിയെങ്കിലും പോ.’

 മൂന്ന്

മോര്‍ച്ചറി വരാന്തയില്‍  ആര്യയുടെ അങ്കിളും ആന്റിയും ജീവച്ഛമായി ഇരിക്കുകയായിരുന്നു. അവര്‍ക്കരികെ വിദൂരതയിലേക്ക് കണ്ണും നട്ട്  പ്രാകൃതമായ വേഷപ്പകർച്ചയോടെ ആര്യയും നില്‍പ്പുണ്ടായിരുന്നു.  ഒന്നും ഉരിയാടാനാവാതെ ഞാന്‍ അവര്‍ക്കരികെ നിന്നു. മൌനത്തിന് എത്രനേരം പിടിച്ചുനില്ക്കാനാവും?  എന്നില്‍ വിതുമ്പിയ വികാരം പണിപ്പെട്ടു നിയന്ത്രിച്ചുകൊണ്ട് പതുക്കെ ഞാന്‍ പുറത്തേക്കിറങ്ങി..മോര്‍ച്ചറിയ്ക്കു ചുറ്റുമായി പടര്‍ന്നു പന്തലിച്ചു  നില്‍ക്കുന്ന മരങ്ങള്‍ മൂകമായി കാറ്റിനോട് കഥ പറയുന്നതു പോലെ തോന്നിപ്പിച്ചു.. അനേകവര്‍ഷങ്ങളായി ദുഃഖങ്ങള്‍ തീർത്തൊരു മതില്‍ക്കെട്ടിനുള്ളില്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്കും, വേര്‍പാടിന്റെ വേദന നിറഞ്ഞ രോദനങ്ങള്‍ക്കും കൂട്ടായി, ഏകയായി നില്ക്കുന്ന ഒരു ആല്‍മരത്തിന്‍ ചുവട്ടിലായി നിന്ന് ഞാന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി..ജീവിതം ഒരു  ഉത്തരം കണ്ടെത്താൻ പ്രയാസമുള്ള ചോദ്യമാണെങ്കില്‍ മരണം ആരോ എഴുതി വച്ച ഒരു ഉത്തരത്തിന്റെ പകര്‍പ്പ്   മാത്രം. എന്നാലും എന്റെ  അഖി.... ആരോ എഴുതിവെച്ച ഉത്തരം പകര്‍ത്തിയെ ഴുതാന്‍ നീ നിന്നുകൊടുത്തത് എന്തേ.? നിനക്ക് പറയാമായിരുന്നില്ലേ, നിന്റെയരികില്‍  നിന്നെ സ്നേഹിക്കുന്നവര്‍ ഉണ്ടെന്ന്.?

‘അങ്കിള്‍, മൂന്ന് മണിക്കൂര്‍ എങ്കിലും എടുക്കും മൃതശരീരപരിശോധന കഴിഞ്ഞു അവനെ നമുക്ക് കിട്ടാന്‍.. അതുവരെ...’ഞാന്‍ പറഞ്ഞുകഴിയുന്നതിനു മുമ്പ്   ആര്യ  നിലവിളിച്ചു കൊണ്ട് എന്റെ തോളിലേയ്ക്ക് ചാഞ്ഞു.. എന്ത് ആശ്വാസവാക്കുകള്‍ അവൾക്കു  മുന്നില്‍ നിരത്തിവെയ്ക്കുമെന്നറിയാതെ  ഞാന്‍ അവളുടെ ശരീരത്തിന് പുറത്തു പതുക്കെ തടവി.. അപ്പോള്‍ ഒരു പ്രാവു കുറുകുന്നതുപോലെ അവള്‍ കരയുന്നത് ഞാന്‍ കേട്ടു.. അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഒരു കണ്ണുനീർത്തുള്ളി എന്റെ ഹൃദയത്തിലെവിടെയോ വീണുടഞ്ഞു. തേങ്ങലുകള്‍ക്കിടയില്‍ അവള്‍ പറഞ്ഞു   "മനൂ, എന്റെ കഥ...നീ അതിലെഴുതിയ വരികള്‍..." പിന്നെയും അവള്‍ കരഞ്ഞു..അറം പറ്റിയ അവളുടെ കഥയെഴുത്തും അതിനടിയില്‍ ഞാനെഴുതിയ വാചകവും അവളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് എന്നെനിക്കൂഹിക്കാന്‍ കഴിഞ്ഞു.. പ്രാണനുവേണ്ടി കേഴുന്ന എന്റെ മനസ്സിന്റെ വേദന ഞാനറിഞ്ഞു .. വെറുതെ ആയിരുന്നില്ലേ ഞാന്‍ അങ്ങിനെ എഴുതിയത്.? അതോ, എന്നില്‍ ഞാനറിയാത്ത ഒരു അതീന്ദ്രിയശക്തി തോന്നിപ്പിച്ചതാണോ? അപ്പോള്‍ ആര്യ എഴുതിയ കഥയോ? അത് അവനെക്കുറിച്ചായിരുന്നോ.?  പറഞ്ഞറിയിക്കാനാവാത്ത അവളുടെ ഇഷ്ടം കഥയിലൂടെ അവള്‍ അറിയിക്കുകയായിരുന്നോ.?  എങ്ങിനെ അവന്‍ മരിച്ചു..? അവന്‍ ആരോഗ്യവാനായിരുന്നു. ഒരു ഹൃദയാഘാതം വരാന്‍ മാത്രം എന്താണ് അവന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്..?  അറിയില്ല.. അറിയില്ല. ..പേരറിയാത്ത,  ഊരറിയാത്ത വികാരമേ, നിന്റെ പേരാണോ മരണം?  മരണമേ നീ  പതിയിരുന്ന് അവനെ ആക്രമിക്കുകയായിരുന്നുവോ? ആദ്യം ഒരു  അപൂര്‍ണമായ  കഥയായി ആര്യയുടെ പേനത്തുമ്പിലൂടെ അടര്‍ന്നുവീണ മഷിയായി  കീറിയ നോട്ടുബുക്കിന്റെ പേജില്‍ നീ പടര്‍ന്നു. രണ്ടറ്റവും കീറിയ ആ കടലാസുകഷണം എന്റെ കൈകളിലെത്തുമ്പോള്‍, നിന്റെ വരവിനെക്കുറിച്ചാണോ  ഞാന്‍ എഴുതിയത്  ' ഐ ആം വെയ്റ്റിംഗ് ഫോര്‍ സം വണ്‍' എന്ന്.

നാല്

ഈ കഥ ഞാന്‍ എഴുതുമ്പോള്‍ ആദ്യമായി, എന്റെ കഥയിലെ ഒരു കഥാപാത്രം എന്റെ മുന്നേ നടന്നു. കാരണം, ഈ കഥ എന്റെ അഖിലേഷിനെക്കുറിച്ചാണ്.. ഒരുപാടു  നാളുകളായി ഞാന്‍ അവനെക്കുറിച്ചെഴുതാന്‍ ആഗ്രഹിക്കുന്നു.. പക്ഷെ, ജീവിതം പൂരിപ്പിക്കാനാവാത്ത ഒരു സമസ്യയായി മാറിയപ്പോള്‍, മരണമെന്ന മൂന്ന്  അക്ഷരത്തെക്കുറിച്ച് ഓര്‍ത്തു ദുഖിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു. പക്ഷെ ഇപ്പോള്‍,  ഈ രാത്രിയില്‍..ആര്യയുടെ നിശ്വാസം എന്റെ ശരീരത്തില്‍ തട്ടുമ്പോള്‍, അവളുടെ കരസ്പര്ശം  എന്റെ മാറിലെ രോമകൂപങ്ങളില്‍ ഒഴുകിനടക്കുമ്പോള്‍,   ചുവന്ന മുന്തിരിയുടെ മണം എന്നെത്തേടി വരുന്നതു പോലെ തോന്നുന്നു. അവളുടെ നഗ്നമേനി തീജ്വാലയായി എന്നില്‍ ആളിപ്പടരുമ്പോള്‍ ആ ഡിവൈന്‍  പില്‍ഗ്രിമേജ് എന്റെ വികാരങ്ങളിലേക്ക് ഓടിയെത്തുന്നു. ഈ വിഷുനാളിൽ,  അവന്‍ മരിച്ചിട്ട് രണ്ടു വര്‍ഷമാവുന്നു.. ആ മരണം കുറെനാള്‍ എല്ലാവരെയും ദുഖത്തിലാഴ്ത്തിയെങ്കിലും പിന്നീട് എല്ലാവരും മറന്നു.. ഇന്നും അതു മറക്കാത്തത് ഞാനും ആര്യയും മാത്രമാണ്. ഒരുപോലെ ചിന്തിക്കുന്നവരാണ് എന്നറിഞ്ഞതു മുതല്‍ ഞങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.. ഞാന്‍ എത്രയോ കഥകള്‍ എഴുതിയിരിക്കുന്നു.. ഓരോ കഥകളുടെയും പൂര്‍ണത എന്നെ  ആഹ്ലാദത്തിന്റെ കൊടുമുടിയിലേക്ക് ആനയിക്കാറുണ്ട്.. പക്ഷെ ആദ്യമായി ഈ കഥയുടെ പൂര്‍ണത എന്നെ ദുഖിപ്പിക്കുന്നു  കാരണം, ഒരു നോട്ടുബുക്കിന്റെ താളില്‍ വെറുതെ കുത്തിക്കുറിച്ച ആര്യയുടെ കഥയുടെ വരികൾക്ക്  അറംപറ്റാനായിരുന്നു വിധി.. പിന്നീട് എന്തുകൊണ്ട് അവള്‍ എഴുതിയില്ല എന്ന് ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചതാണ് . ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ തന്നെയാണ് ഒരു കഥയിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്..  അത് കൊണ്ട്, ഞാന്‍ ഇന്നും കാത്തിരിക്കുന്നു .. ഉത്തരമില്ലാത്ത ഒരു ചോദ്യത്തില്‍ നിന്ന് അവളെഴുതുന്ന ഒരു കഥയ്ക്കു വേണ്ടി.   ആ കഥയിലും, ഒരു പക്ഷെ, എന്നോട് ഒരു വരി എഴുതാന്‍  അവള്‍ പറയുമായിരിക്കും.. അപ്പോള്‍ ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന ആ വരി തന്നെയാണ്  ഈ കഥയ്ക്കു താഴെയും എനിക്ക് എഴുതി വെയ്ക്കാനുള്ളത്  " ഐ ആം വൈറ്റിംഗ് ഫോര്‍ സംവണ്‍."

17 comments:

ഉദയപ്രഭന്‍ said...

അനേകവര്‍ഷങ്ങളായി ദുഃഖങ്ങള്‍ തീർത്തൊരു മതില്‍ക്കെട്ടിനുള്ളില്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്കും, വേര്‍പാടിന്റെ വേദന നിറഞ്ഞ രോദനങ്ങള്‍ക്കും കൂട്ടായി,നല്ല കഥ.വളരെ ഇഷ്ടമായി .ആശംസകള്‍.

c.v.thankappan said...

നന്നായിരിക്കുന്നു കഥ.
ആശംസകള്‍

റോസാപൂക്കള്‍ said...

വ്യത്യസ്തമായ ഒരു കഥ സമ്മാനിച്ചതിനു നന്ദി.
അവതരണ രീതി വളരെ നന്നായി.

ഞാന്‍ പുണ്യവാളന്‍ said...

ഹായ് മന്‍സൂ ..........

കഥ പുണ്യാളനിഷ്ടമായി സന്തോഷം വീണ്ടും ഞാന്‍ വരാം

ajith said...

വൈവിധ്യമാര്‍ന്ന കഥകള്‍....

Anonymous said...

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട്.. 'രഹസ്യം' എന്ന വിഷയത്തെ ആസ്പദമാക്കി ഒറ്റ ദിവസം കൊണ്ട് എഴുതി തീര്‍ത്ത കഥയാണിത്. " ഐ ആം വൈറ്റിംഗ് ഫോര്‍ സംവണ്‍." ഈ സെന്റെന്‍സ് ആണ് കഥക്ക് ആധാരം.. എന്റെ ഒരു കൂട്ടുകാരന്‍ ഫൈസ്ബുക്കില്‍ വെറുതെ ഇട്ട മെസ്സേജ് ആയിരുന്നു ഇത്.. അതിനു ശേഷം കൂട്ടുകാരന്റെ മരണ വാര്‍ത്തയാണ് അറിയുന്നത്.. അത് കൊണ്ട് തന്നെ ഈ വാക്ക് രഹസ്യം എന്ന വാതില്‍ തുറക്കാന്‍ പര്യാപ്തമായി തോന്നി.. അതോടപ്പം വേറെ ഒരു കാര്യം കൂടി എന്റെ പ്രിയപെട്ട വായനക്കാരെ ഞാന്‍ അറിയിക്കുന്നു. ഈ കഥക്ക് ഒരു സ്ക്രിപ്റ്റ് എഴുതുന്ന പണിയില്‍ ആണിപ്പോള്‍ ഞാന്‍.. ഉടന്‍ തന്നെ ഒരു ഷോര്‍ട്ട് ഫിലിം ആയി ഈ കഥ നിങ്ങള്ക്ക് മുന്നില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.

Anonymous said...

നല്ല കഥ മനുവേട്ടാ..

ഇരിപ്പിടം വാരിക said...

ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത്

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇവിടെയെത്തിച്ച ഇരിപ്പിടത്തിനു നന്ദി ,ആശംസകള്‍

Akbar said...

കഥ വായിച്ചു. കഥ ആകര്‍ഷകമായി തോന്നിയില്ല. പ്രമേയത്തിന്റെ ബലഹീനത തന്നെ കാരണം. കഥാ പാത്രം മരണത്തിനു മുമ്പായി പറയുന്ന വാചകമായി നായകന്‍ എഴുതി വെക്കുന്നു. "ഐ ആം വെയ്റ്റിംഗ് ഫോര്‍ സംവണ്‍" . ഇനിയും ആരതി ഒരു കഥ എഴുതുകയാണെങ്കില്‍ അപ്പോഴും നായകന്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന വാചകം അത് തന്നെ "ഐ ആം വെയ്റ്റിംഗ് ഫോര്‍ സംവണ്‍". ആരതി എഴുതുന്ന എല്ലാ കഥാപാത്രങ്ങളും ഇങ്ങിനെ മരണത്തെ കാത്തിരിക്കാന്‍ എന്താണാവോ കാരണം. വായനക്കൊടുവിലും മനസ്സിനെ തെല്ലും സ്പര്‍ശിക്കാന്‍ കഥക്കായില്ല എന്ന് ഖേദപൂര്‍വ്വം പറയട്ടെ. കഥ എഴുത്തിനു പുതിയ സങ്കേതങ്ങള്‍ പരീക്ഷിച്ചതിനെ അഭിനന്ദിക്കുന്നു.

>>>>ഏതോ ഫ്രഞ്ചു സുന്ദരി അവളുടെ കാമുകന്റെ മാറിലെ രോമങ്ങളെ തഴുകിക്കൊണ്ടിരുന്നപ്പോളാവണം ഇങ്ങിനെ ഒരു വൈനിന്റെ രൂപം അയാളുടെ സിരകളില്‍ നുരയുന്ന ലഹരിയായി ഉയർന്നു വന്നത്<<<< ഇതൊക്കെ തലയ്ക്കു മുകളിലൂടെ പോയി. വായനയില്‍ തോന്നിയ ചില സൂക്ഷ്മതക്കുരവ്‌ ചൂണ്ടിക്കാണിച്ചു എന്നെ ഉള്ളൂ. താങ്കളുടെ എഴുത്ത് മോശം എന്ന് ഇതിനു അര്‍ത്ഥമില്ല. നല്ല കഥകള്‍ വായിക്കാന്‍ വീണ്ടും വരാം. സസ്നേഹം

Anonymous said...

ഈ അഭിപ്രായ പ്രകടനത്തിന് നന്ദി.. "രഹസ്യം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ കഥയാണിത്.. ഒരു വിഷയത്തില്‍ ഊന്നിക്കൊണ്ട് കഥ എഴുതുമ്പോള്‍, അതിനു പരിമിതികള്‍ ഉണ്ട്. ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആപേക്ഷികമാണ് എന്ന വസ്തുത മുകളില്‍ കൊടുത്തിരിക്കുന്ന കമന്റ്സ് വഴി തന്നെ അത് അറിയാന്‍ സാധിക്കും..ഈ സൈറ്റ് സന്ദര്‍ശിച്ചു കഥ വായിച്ചു അഭിപ്രായം അറിയിച്ച ശ്രി അക്ബരിനോട് എന്റെ നന്ദിയും കടപാടും അറിയിക്കുന്നു. അതോടപ്പം ഒരു എഴുത്തുകാരനും, എല്ലാ തരം വായനക്കാരെയും പൂര്‍ണമായും തൃപ്തി പെടുത്താന്‍ ഉതകുന്ന ഒരു കൃതിയും ഉണ്ടാക്കുവാന്‍ സാധിക്കില്ല എന്നും അറിയിക്കട്ടെ.

Akbar said...

:)

joseph jose said...

സുഹൃത്തേ....."ഐ ആം വെയ്റ്റിംഗ് ഫോര്‍ സംവണ്‍ " എന്ന ആ ഒരു വാചകത്തെ ആകെ മരണത്തെ കാത്തിരിക്കുന്ന ഒരാള്‍ എന്ന സെന്‍സില്‍ മാത്രമേ എടുക്കാന്‍ സാധിക്കൂ ?..അത് കഥാകൃത്തിന്റെ വീക്ഷണങ്ങള്‍ മാറുന്നതിനനുസരിച്ച് ഓരോ കഥയിലും അതിന്റെ അര്‍ത്ഥം മാറ്റി മറിക്കാന്‍ സാധിക്കില്ലേ ? ..ഓരോ പുതിയ കഥയിലും ഓരോ പുതിയ അര്‍ത്ഥ ങ്ങള്‍ ആ വാചകത്തിന് വന്നു കൊണ്ടേ ഇരിക്കും...ഉദാഹരണത്തിന് ചോറ് കല്യാണ സദ്യക്ക് വിളമ്പുന്നത് സന്തോഷം പങ്കു വയ്ക്കുന്നതിന്റെ ഒരു ഭാഗമാണെങ്കില്‍ മരണ ചടങ്ങിനു അതെ അരി വച്ചുണ്ടാക്കിയ ചോറ് വിളമ്പിയാല്‍ അതും സന്തോഷം പങ്കു വക്കുവാന്‍ ചെയ്തതാണെന്ന് ആരും പറയില്ലല്ലോ....ഹിഹിഹി.......കഥയുടെ ആശയത്തിനനുസരിച്ചു അത് മാറി കൊണ്ടേ ഇരിക്കും...ആര്യ ഇനി എഴുതുന്ന അടുത്ത കഥ അതിന്റെ ലകഷ്യസ്ഥാനതെത്തുമ്പോള്‍ ഈ വാചകത്തിന് അവിടെ വളരെ പ്രസക്തി ഉണ്ടാകും എന്ന ദീര്‍ഖധ്രിഷ്ടി യോടെ ഇദേഹം എഴുതി വയ്ക്കുന്ന ഒരു മാജിക്കല്‍ സെന്റെന്‍സ് ആയി ഇതിനെ കണക്കാക്കിയാല്‍ മതി...

പിന്നെ ഒരു സുന്നരിയായ സ്ത്രീയില്‍ നിന്നും ആയിരിക്കാം ഒരു വൈന്‍ ഉണ്ടായതിന്റെ ഉത്ഭവം എന്ന ചിന്തയില്‍ നിന്നും ഉടലെടുത്ത ഒരു സുന്ദരിയായ സ്ത്രീയും വൈനും തമ്മിലുള്ള താരതമ്യം ഒരു കഥാകൃത്തിന്റെ വര്‍ണനകളിലൂടെ ഉരുത്തിരിഞ്ഞു വന്നതില്‍ മനസിലാക്കാന്‍ പറ്റാത്തതായി ഒന്നും തന്നെ ഞാന്‍ കണ്ടില്ല...

ഇദ്ദേഹത്തിന്റെ ഒരു വിധം എല്ലാ കഥകളും വായിക്കുന്ന എനിക്ക് അല്പം മികവു കുറഞ്ഞ കഥയായി തോന്നിയത് ഈ കഥ തന്നെയാണ് എന്ന സത്യം ഞാന്‍ മറച്ചു വക്കുന്നില്ല..എങ്കിലും അവതരണ ഭംഗി യും പ്രേമയത്തിലെ പുതുമയും വച്ച് നോക്കുമ്പോള്‍ ഈ കഥ വളരെ നന്നായി തന്നെ എനിക്ക് തോന്നി...

താങ്കള്‍ എഴുതിയിരിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെ വ്യത്യസ്തമാണ്...ആരതി യല്ല ആര്യ യാണ് .. താങ്കളുടെ കഥാ വായന കുറച്ചു കൂടെ താല്പര്യത്തോടെ ആയാല്‍ തെറ്റുകള്‍ പറ്റാതിരിക്കാനും ആ കഥയെ കുറിച്ച് കൂടുതല്‍ മനസിലാക്കുവാനും സാധിക്കും എന്നാണ് എനിക്ക് തോന്നുന്നത്...

ജയരാജ്‌മുരുക്കുംപുഴ said...

valare vyathyasthamayi paranju...... othiri nannayi..... aashamsakal...... blogil puthiya post......CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane..........

Najeemudeen K.P said...

പ്രിയ സുഹൃത്തേ,

ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍

അനാമിക said...

കഥ നന്നായിട്ടുണ്ട്. വ്യത്യസ്തതയുണ്ട്. ആശംസകൾ

AmmuS said...

മനു ഏട്ടാ വ്യത്യസ്ഥമായ കഥ ..ഒരു വല്ലാത്ത നൊമ്പരം മനസ്സിന്റെ അകത്തളങ്ങളില്‍ കോരിയിട്ടു കൊണ്ട് എവിടെനിന്നോ വന്നു എവിടേക്കോ പോയ കഥാപാത്രങ്ങള്‍ . കൊള്ളാം .. നന്നായിട്ടുണ്ട്

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...