Monday, April 30, 2012

കാവല്‍ക്കാരന്‍തിമര്‍ത്തു പെയ്യുന്ന മഴ, കാടുകളും, മേടുകളും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു.  ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഉല്ലാസം നല്‍കുന്ന, ആനന്ദകരമായ യാത്രകളുടെ പര്യവസാനമായി തീരുന്ന വിനോദകേന്ദ്രങ്ങളിലെ തൊഴിലാളികള്‍ മ്ലാനത നിറഞ്ഞ മുഖത്തോട് കൂടി ഇരിക്കുന്ന ഒരു അവസ്ഥയിലാണ്, മനോഹരമായ ചുറ്റും പുല്‍മേടുകളും, ചോലവനങ്ങളും, നീര് ഉറവകളും ഉള്ള ആ ഉല്ലാസകേന്ദ്രത്തില്‍ ഞാന്‍ എത്തിയതും പിന്നീട് അയാളെ കണ്ടതും.. ആദ്യ നോട്ടത്തില്‍ ഞാന്‍ അയാള്‍ക്ക് ഒരു അമ്പത് വയസ്സ് പ്രായം കുറിച്ചിട്ടു.. പോകെ പോകെ.. അയാളുടെ സംസാരത്തില്‍ നിന്ന് ഒരു നല്പതുകാരന്റെ മനസ്സ് എനിക്ക് കാണാന്‍ കഴിഞ്ഞു.. പക്ഷെ മനസ്സും ആ രൂപവും തമ്മിലുള്ള ചേര്‍ച്ച ഇല്ലാഴ്മ, അയാളുടെ വയസ്സിനെ സംബന്ധിച്ച് ഇവിടെ കുറിച്ചിടാന്‍ എനിക്ക് പറ്റാതെ വന്നിരിക്കുന്നു. ഒരു പക്ഷെ, അയാളോട് ഞാന്‍ കൂടുതല്‍ അടുക്കുമ്പോള്‍, എന്നെപോലെ ഒരു ചെറുപ്പകാരന്‍ അയാളില്‍ ഉണ്ടാവാം. അപ്പോള്‍ ഞാന്‍ അയാളുടെ വയസ്സ് കണ്ടെത്തും തീര്‍ച്ച.
 

അയാള്‍ ആ ഉല്ലാസ കേന്ദ്രത്തിലെ ജീവനകാരനാണ്. കാവല്‍കാരന്‍ എന്നാണ് അയാള്‍ എന്നോട് പറഞ്ഞത്, നിങ്ങളല്ല ഇതിന്റെ കാവല്‍കാരന്‍ എന്ന് എനിക്ക് പറയാന്‍ തോന്നി. കാരണം, അയാളും ഞാനും നിങ്ങളും എല്ലാം മറ്റൊരുടെയോ കാവലില്‍ ആണ്. ഇനി അയാള്‍ ആ കെട്ടിടത്തിന്റെ കാവല്‍കാരന്‍ എന്നാണ് ഉദ്ദേശിച്ചത് എങ്കില്‍ അതും തെറ്റാണു. അയാളെ അങ്ങിനെ ഒരു ജോലി ഏല്‍പ്പിച്ച ആളായിരിക്കണം ആ കെട്ടിടത്തിന്റെ കാവല്‍കാരന്‍. അല്ലായിരുന്നുവെങ്കില്‍ കെട്ടിടതിനെ സംരക്ഷിക്കാന്‍, അയാള്‍ ഒരു സംരക്ഷകന്റെ സഹായം തേടില്ലായിരുന്നുവല്ലോ?.. എന്നിട്ടും അയാള്‍ പറഞ്ഞത് ഞാന്‍ കേട്ട് നിന്നു. കാരണം, എന്റെ മനസ്സ് എന്നോട് പറഞ്ഞത് , അയാളോട് അനുകമ്പ കാണിക്കാനാണ്. മനസ്സിന് ആണോ അതോ എന്റെ തലച്ചോറിനാണോ കൂടുതല്‍ പ്രാധാന്യം ഞാന്‍ നല്‍കേണ്ടത്? സ്നേഹം, ദുഃഖം, ദേഷ്യം, വിശപ്പ്‌, ദാഹം, കാമം, ഇങ്ങിനെയുള്ള വികാരങ്ങള്‍ എല്ലാം നമ്മളെ അറിയിക്കുന്നതില്‍ മനസ്സിനുള്ള പങ്കു വളരെ ഏറെയാണ്‌. പക്ഷെ മനസ്സില്‍ തോന്നുന്നത് പോലെ എല്ലാം നമുക്ക് പുറമേ പ്രകടിപ്പിക്കാന്‍ പറ്റില്ലല്ലോ, മനസ്സിന്റെ ഈ തോന്നലുകളെ ബുദ്ധി കൊണ്ട് വിവേചിച്ചു അറിയുന്നു.. അതിനു ശേഷം ഒരു തീരുമാനത്തില്‍ നാം എത്തുന്നു. അയാള്‍ കാവല്‍ക്കാരന്‍ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആദ്യം തോന്നിയത് ദേഷ്യമാണ്, പക്ഷെ എന്റെ മസ്തിഷ്കം എന്നോട് പറഞ്ഞു, അയാളെ കൂടുതല്‍ അറിയാന്‍.. അത് പ്രകാരം എനിക്ക് അയാളോട് തോന്നുന്ന വികാരത്തില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നും.. ... ഇപ്പോള്‍ അയാളോട് അനുകമ്പ കാണിക്കാന്‍ പറഞ്ഞത് എന്റെ മനസ്സാണ്. ഇവിടെ എനിക്ക് ബുദ്ധികൊണ്ട് വിവേചിച്ചു അറിയേണ്ട ആവശ്യമില്ല. കാരണം, തലച്ചോറ് മുമ്പേ എന്നോട് പറഞ്ഞതും ഇത് തന്നെയല്ലേ.. അയാളെ അറിയാന്‍. അനുകമ്പ കാണിക്കാന്‍.

"ഈ നശിച്ച മഴ ഒന്ന് മാറിയിരുന്നെങ്കില്‍ , ഈ പ്രക്രതിയുടെ ക്രൂരത ഒന്ന് അവസാനിച്ചിരുന്നെങ്കില്‍" അയാള്‍ അക്രോശിക്കുന്നത് പോലെയാണ് ഇത് പറഞ്ഞത്. എനിക്ക് അയാളോട് മതിപ്പ് തോന്നി. എന്താണ് കാരണം എന്നറിയുമോ? ഈ മഴയും, നശിച്ച പ്രക്രതിയുടെ അവസ്ഥയും കാരണമാണു ആ കെട്ടിടത്തിലേക്ക് ആളുകള്‍ വരാത്തതെന്ന് അയാള്‍ മനസ്സിലാക്കിയിരിക്കുന്നു. തന്റെ ജോലി വെറും കെട്ടിടത്തിനെ സംരക്ഷിക്കല്‍ മാത്രമല്ല, തന്റെ യജമാനന്റെ സന്തോഷവും കൂടിയാണന്നു അയാള്‍ക്ക് അറിയാം. അത് കൊണ്ട് അയാള്‍ പ്രകൃതിയില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. പക്ഷെ ഇയാള്‍ തന്നെ ആയിരിക്കില്ലേ, മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥനാ നിരതനായി, കുറെ കാലം പ്രകൃതിയെ വിളിച്ചു വിലപിച്ചത്? അപ്പോഴും അയാള്‍ ഒരു പക്ഷെ ഇങ്ങിനെ അക്രോശിച്ചിട്ടുണ്ടാവും "ഈ നശിച്ച ചൂട് ഒന്ന് കുറഞ്ഞിരുന്നുവെങ്കില്‍, ഈ പ്രകൃതി ഒന്ന് മാറിയിരുന്നെങ്കില്‍". എന്തൊരു വിരോധാഭാസം അല്ലെ? നമുക്ക് ആവശ്യമുള്ളപ്പോള്‍ എല്ലാം, നാം പ്രകൃതിയെ കുറ്റപ്പെടുത്തുന്നു. അത് നമ്മള്‍ അധിവസിക്കുന്ന പ്രകൃതിയെ കുറിച്ച് മാത്രമല്ല നമ്മുടെ സ്വന്തം ശരീര പ്രക്രതിയെ പോലും നമ്മള്‍ ഇങ്ങിനെ സ്വയം കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതൊക്കെ കേള്‍ക്കുന്ന ദൈവത്തിന്റെ അസ്ഥ എന്തായിരിക്കും? തന്റെ സൃഷ്ടിയുടെ ബലഹീനത ശെരിക്കും അറിയുക ദൈവത്തിനു തന്നെ ആയിരിക്കില്ലേ? ഇത് കൊണ്ട് ഒക്കെ ആയിരിക്കാം, ദൈവത്തിന്റെ സ്രിഷിടിപ്പിനെ കുറിച്ച് മനുഷ്യന്‍ വാചാലനാവുമ്പോള്‍, മനുഷ്യന്‍ തന്റെ സൃഷ്ടിപ്പിനെ കുറിച്ച് സ്വയം പറയുന്നത്, "നന്ദിയില്ലാത്തവന്‍"
.
"ഞാന്‍ ഇവിടെ പുതിയതാണ് .. എനിക്ക് ഇവിടുത്തെ ഭുപ്രകൃതിയെ കുറിച്ചോ, മനുഷ്യരെ കുറിച്ചോ എന്തിനു ഈ നാടിനെ കുറിച്ച് പോലും ഒന്നുമറിയില്ല, അതൊക്കെ ഒന്ന് പറഞ്ഞു തരാമോ? " എന്റെ ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി തികച്ചും വിത്യസ്തമായിരുന്നു.
.
അയാള്‍ പറഞ്ഞത്: " ഈ കെട്ടിടമാണ് എന്റെ ലോകം, ഇവിടെ എത്ര മുറികള്‍ ഉണ്ടെന്നു നിങ്ങള്‍ എന്നോട് ചോദിക്കു, അതില്‍ ദിവസം തോറും എത്രയെത്ര ആളുകള്‍ വരുന്നുണ്ട് എന്ന് എന്നോട് ചോദിക്കു." എന്നിട്ട് അയാള്‍ പറയാന്‍ തുടങ്ങി, അവിടെ വരുന്ന മനുഷ്യര്‍ അവിടെ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങള്‍, അവരുടെ അഹങ്കരത്തോടയുള്ള പ്രവര്‍ത്തനങ്ങള്‍, അവസാനം അവിടം വിട്ടു പോവുന്ന മനുഷ്യര്‍ ആ കെട്ടിടത്തിനെ എത്ര മാത്രം പരിക്കല്‍പ്പിച്ചു കൊണ്ടാണ് പോവുന്നത് എന്നൊക്കെ. അയാള്‍ കെട്ടിടത്തെ കുറിച്ച് പറയുമ്പോളെല്ലാം എനിക്ക് വല്ലാത്ത അസ്സഹനീയത അനുഭവപ്പെട്ടു. അപ്പോഴെക്കെ ഞാന്‍ ഓര്‍ത്ത്‌ കൊണ്ടിരുന്നത്, എന്തിനു ഇത്ര മാത്രം അയാള്‍ ആ കെട്ടിടത്തെ സ്നേഹിക്കുന്നു എന്നായിരുന്നു. നാളെ ഒരിക്കല്‍ യജമാനന്‍ അയാളോട് അവിടുന്ന് പോവാന്‍ പറയുക ആണെങ്കില്‍, അയാള്‍ക്ക് പോയെ തീരു.. ഒരു പക്ഷെ വെറുതെ ഒന്ന് അയാള്‍ക്ക് യാചിച്ചു നോക്കാം "യജമാനാ.. എനിക്ക് കുറച്ചു കൂടി സമയം തരു.  എന്റെ കുഞ്ഞുങ്ങള്‍ക്ക്‌, ഭാര്യക്ക്‌, എന്റെ അഭാവത്തില്‍ വേറെ ഒരു സംരക്ഷകന്‍ ഇല്ല. അത് കൊണ്ട്.. കുറച്ചു കാലം കൂടി നീട്ടി തന്നാല്‍.... " ഈ വാക്കുകള്‍ മുഴുവന്‍ പറയാന്‍ ചിലപ്പോള്‍ യജമാനന്‍ അയാളെ അനുവദിക്കില്ല. അതിനു മുമ്പ് തന്നെ അയാളെ യജമാനന്‍ അവിടുന്ന് പുറത്താക്കുമായിരിക്കാം. കാരണം, യജമാനന് അയാളെ എന്നോ അറിയാം. അയാള്‍ക്ക് ഭാര്യയോടുള്ള സ്നേഹം കൊണ്ടല്ല കുറച്ചു സമയം കൂടി ചോദിക്കുന്നതെന്ന്, പകരം, ആ കെട്ടിടത്തിനു ചുറ്റിപറ്റിയുള്ള ജീവിതം അയാള്‍ വളരെ ഇഷ്ടപ്പെടുന്നത് കൊണ്ടാണന്നു. കുന്നുകളും, ചോലവനങ്ങളും ചുറ്റപെട്ടു ഏകാന്തമായി കിടക്കുന്ന ആ കെട്ടിടത്തിന്റെ അതെ അവസ്ഥയാണ്‌ അയാളുടെതും , അയാളും ഏകാന്തനായി പോയിട്ടുണ്ട്.. അയാള്‍ എന്തിനാണ് ഈ കെട്ടിടത്തെ കുറിച്ചും ഇത്ര മാത്രം വാചാലനവുന്നത്!
.
എന്റെ ചിന്തകള്‍ മുറിഞ്ഞത് ഒരു വഴക്ക് കേട്ടാണ്.  ഞാന്‍ നോക്കുമ്പോള്‍, ആ കെട്ടിടത്തിലെ തൂപ്പുകരനോട് അയാള്‍ കയര്‍ക്കുന്നു.. കയര്‍ക്കുന്നതിന്റെ അവസാനമായി കാവല്‍ക്കാരന്‍ തൂപ്പുകരനോട് പറയുകയാണ് "വെറുതെ അല്ല നിങ്ങള്‍ വെറുമൊരു തൂപ്പുകാരന്‍ ആയി മാറിയത്, ചെയ്യുന്ന ജോലിയിലെങ്കിലും അല്പം സത്യസന്ധത കാണിച്ചിരുന്നുവെങ്കില്‍, ഈ നിലം തുടച്ചു കൊണ്ട് നിങ്ങള്ക്ക് നില്‍ക്കേണ്ടി വരില്ലായിരുന്നു" ഈ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് ഒട്ടും മനസ്സിലായില്ല.. കാവല്‍ക്കാരനും, തൂപ്പുകാരനും ചെയ്യുന്ന പണികള്‍ ഒരേ പോലെ അല്ലെ.. ഒരാള്‍ വൃത്തിയാക്കുന്നു മറ്റൊരാള്‍ കാവലിരിക്കുന്നു. ഇപ്പോള്‍ അയാളുടെ വയസ്സ് എനിക്ക് ഇവിടെ കുറിച്ചിടാന്‍ പറ്റുമെന്ന് തോന്നുന്നു.. അയാള്‍ക്ക് നാല്പതു വയസ്സ് കഴിഞ്ഞു കാണും.. അത് കൊണ്ടാണ് അയാളുടെ പെരുമാറ്റത്തില്‍ ഇത്രമാത്രം ഈര്‍ഷ്യത, തനിക്കു നഷ്ട്ടപെട്ടുപോയ യവ്വന ചിന്തകള്‍ അയാളുടെ സ്വഭാവത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ആയിരിക്കാം ഒരു പക്ഷെ ഈ ദേഷ്യം കലര്‍ന്ന സ്വഭാവം അയാള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. അല്ല എങ്കില്‍, തീര്‍ച്ചയായും..താന്‍ വൃദ്ധനായി പോവുന്നുണ്ടോ എന്ന് ഒരു തോന്നല്‍ അയാളില്‍ ഉണ്ടാവുന്നുണ്ടാവം. താന്‍ ഊര്‍ജ്ജ്വസ്വലനാണ് എന്ന് കാണിക്കാന്‍ വേണ്ടി ആയിരിക്കാം ഒരു പക്ഷെ അയാള്‍ തന്റെ സ്വഭാവത്തില്‍ ചെറുപ്പത്തിന്റെ തീവ്രത പ്രകടിപ്പിക്കുന്നത്.
.
മഴ അവസാനിച്ചു വരുന്നതിന്റെ ലക്ഷണങ്ങള്‍ അന്തരീക്ഷത്തില്‍ കാണാമിപ്പോള്‍.. ഒരു ടൂറിസ്റ്റ് ബസ്‌ കെട്ടിടത്തെ ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നു.. നാളത്തെ പ്രഭാതം ഒരു പക്ഷെ, മനുഷ്യര്‍ ആഘോഷിക്കുക, ലോകത്തിന്റെ കാവല്‍ക്കാരനെ കുറിച്ച് ഓര്‍ത്തു കൊണ്ടായിരിക്കും.. ദുരിതങ്ങള്‍ ഉണ്ടാക്കുന്നതും, പിന്നീട് അതിനു ശമനം വരുത്തുന്നതും ആ കാവല്‍ക്കാരന്‍ തന്നെ.. .. മനുഷ്യന്റെ നന്ദികേടു കൊണ്ട് തന്നെ ആവുമോ ഇതൊക്കെ. കെട്ടിടത്തിന്റെ കാവല്‍ക്കാരന്‍ ടൂറിസ്റ്റ് ബസ്സില്‍ നിന്നിറങ്ങുന്ന സന്ദര്‍ശകരുടെ അടുത്തേക്ക് പോവാനുള്ള ഒരുക്കത്തിലാണ്. വീണ്ടും കാണാം എന്ന ഒരു വാക്ക് കൊണ്ട് ഞാനും അയാളും തമ്മിലുള്ള ബന്ധം ഞാന്‍ മുറിച്ചു. .. ഞങ്ങളുടെ വണ്ടിയുടെ ചക്രങ്ങള്‍ ഉരുണ്ടു തുടങ്ങി..ലോകത്തിന്റെ കാവല്‍ക്കാരന്‍ ഉണ്ടാക്കി വച്ച മറ്റു കാഴ്ചകളിലേക്ക്.
...

3 comments:

ajith said...

കെട്ടിടത്തിന്റെ കാവല്‍ക്കാരനും കാവല്‍ക്കാരന്റെ കാവല്‍ക്കാരനും കാഴ്ച്ചക്കാരനുമൊക്കെ ചേര്‍ന്ന് നല്ലൊരു സന്ദേശം നല്‍കുന്നു.

ഉദയപ്രഭന്‍ said...

കഥ ഇഷ്ടമായി. കാലാവസ്ഥായെ കുറ്റം പറയുക ,പ്രകൃതിയിലേക്ക് കടന്നുകയറുക ഒക്കെ ഒരു ശീലമായിട്ടുണ്ട്.ആശംസകള്‍.

c.v.thankappan said...

നന്നായിരിക്കുന്നു ജീവിതയാത്രയില്‍................................
ആശംസകള്‍

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...