Monday, April 23, 2012

ജനറേഷന്‍ ഗാപ്‌


..
ഇരുപ്പത്തിരണ്ട് വയസ്സുകാരിയായ ഗൌരി നായര്‍ അസ്വസ്ഥയായി അവളുടെ റൂമിലേക്ക്‌ പോവുന്നത് കണ്ടപ്പോള്‍ മിസ്സിസ് ഭദ്ര നായര്‍ ഊഹിച്ചു
ഇന്നും അവിനാഷിനോട് അവള്‍ വഴക്കിട്ടുകാണും.
വഴക്കിന്റെ കാരണം അനേഷിച്ചുപോവുമ്പോള്‍ എല്ലായിപ്പോഴും ചെന്നെത്തുന്നത്,
ആത്മാര്‍ഥമായി സ്നേഹിക്കുന്ന അവിനാഷിനെ വേര്‍പിരിയേണ്ടിവരുമോ
എന്ന ഭയയും ആശങ്കയും നിറഞ്ഞ ഗൌരിയുടെ സംഘര്‍ഷഭരിതമായ മനസ്സിന്റെ അവസ്ഥയിലേക്കാണ്.
...
അവളുടെ റൂമിന്റെ വാതില്‍വരെ പോയാലോ? വേണ്ട. കുറച്ചുകഴിയട്ടെ.
...
അവളോട്‌ പറഞ്ഞിട്ട് കാര്യമില്ല.
എന്ത്കൊണ്ട് ഈ കുട്ടി ഇങ്ങിനെ? ഇത്രമാത്രം, ജീവിതത്തെ പേടിക്കുന്നു?
ജീവിതമെന്ന ഒറ്റവരി പാത എവിടെയോവച്ച് രണ്ടായി ഇഴപിരിഞ്ഞു പോവുമോയെന്ന
ഭയമാണ് അവൾക്ക്. ഒരിക്കല്‍ തന്നോട്പോലും അവള്‍ ഇതേകാരണംകൊണ്ട് വഴക്കിട്ടുണ്ട്. "മമ്മയുടെ സ്നേഹം എനിക്ക് ഇല്ലാതാവുമോ എന്ന് ഞാന്‍ ഭയക്കുന്നു. മമ്മ എനിക്ക് വേണ്ടി ഒരുപാട് സഹിക്കുന്നു.. ഒരുപാട് കഷ്ട്ടപ്പെടുന്നു. ഒരുപക്ഷേ മമ്മ എന്നില്‍നിന്നും വേര്‍പ്പെട്ടുപോയാല്‍!! പിന്നെ ഞാന്‍ കരഞ്ഞുതളര്‍ന്ന അവസ്ഥയില്‍ വിദൂരതയിലേക്ക് കണ്ണുംനട്ട് മമ്മ പോയ വഴിയെ നോക്കിയിരിക്കേണ്ടിവരും. അത്കൊണ്ട് മമ്മ എന്നെ സ്നേഹിക്കരുത് പ്ലീസ്" അതുംപറഞ് അവള്‍ കരയുകയായിരുന്നു. അപ്പോള്‍ തന്റെ കണ്ണില്‍നിന്ന് ഒലിച്ചിറങ്ങിയ ജലധാര മകള്‍ കാണരുതെന്ന് ആഗ്രഹിച്ചു തുടച്ചുകളയാന്‍ നടത്തിയ വിഫലശ്രമം അവള്‍കണ്ടു. പിന്നീട് അവള്‍ തന്നെ കെട്ടിപിടിച്ച് തന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് വച്ച് "മമ്മാ എന്നെ ശപിക്കരുതേ" എന്ന് പറഞ്ഞു വിലപിച്ചത് ഇപ്പോഴും ഓര്‍മയില്‍നിന്ന് മായുന്നില്ല. പക്ഷേ എന്തിന്? എന്താണ് എന്റെ ഈ പാവം കുട്ടിക്ക് പറ്റിയത്? പൂവുപോലെ മനസ്സുള്ള തന്റെ കുട്ടി, സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന തന്റെ പോന്നുമകള്‍ പൊടുന്നനെ സ്നേഹത്തെ ഭയക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. തന്നെ സ്നേഹിക്കുന്നവരെല്ലാം തനിക്കു നഷ്ടപ്പെടുമോ എന്ന ചിന്ത അവളെ, തന്നെ സ്നേഹിക്കുന്നവരെ തന്നില്‍നിന്ന് അകറ്റുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.
...
ഒരിക്കല്‍ തലമുറകളുടെ അന്തരത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചക്കിടയില്‍ തന്റെ മകളുടെ കോളേജില്‍ പഠിക്കുന്ന മിസ്സ്‌ ഇന്ദു പഴയ തലമുറയിലെ സ്നേഹത്തെകുറിച്ചും, സ്നേഹനിഷേധത്തെകുറിച്ചും സംസാരിച്ചപ്പോള്‍ തന്റെ ജീവിതം ഈ കുട്ടി എങ്ങിനെയറിഞ്ഞു എന്ന ചിന്തയിലായിരുന്നു താന്‍. പലപ്പോഴും തന്റെ തലമുറയിലെ സ്ത്രീകള്‍ക്ക് മനസ്സിലുള്ള സ്നേഹം പുറമേക്ക് പ്രകടമാക്കുവാന്‍ കുടുംബങ്ങളിലെ കാരണവന്മാരുടെ ശ്വാസനകള്‍ തടസ്സമായി തീര്‍ന്നിരുന്നു. ഗൌരിയുടെ അച്ഛന്റെ സ്നേഹം പോലും ശരിക്കും കിട്ടിയിരുന്നത്, രാത്രികളിലെ വൈകാരികമായ ഇണചേരലിന്റെ അനുഭൂതിയില്‍നിന്ന് മാത്രമാണ്. പകല്‍ സമയങ്ങളില്‍ അദ്ദേഹം തികഞ്ഞ ഗൌരവക്കാരനായിരുന്നു. അപ്പോഴെക്കെ തന്നോട് അദ്ദേഹം ഇടപഴകാറുള്ളത് താന്‍ അദ്ധേഹത്തിന്റെ വീട്ടിലെ വെറുമൊരു വീട്ടു ജോലിക്കാരി എന്ന നിലക്കായിരുന്നു. പലപ്പോഴും പകലുകളിലുള്ള അദ്ദേഹത്തിന്റെ അവഗണന നിറഞ്ഞ പെരുമാറ്റം സഹിക്കവയ്യാതെ, കണ്ണ്നീര്‍ ഇല്ലാതെ കരഞ്ഞ അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, രാത്രിയാവുന്നതോട്കൂടി അദ്ദേഹം തീർത്തുമൊരു പുതിയമനുഷ്യനായി മാറും. പിന്നെ കരയാനോ, സങ്കടം പറയാനോ, പരിഭവം അറിയിക്കാനോ തനിക്ക് നേരംകിട്ടാറില്ല. അപ്പോഴേക്കും വികാരത്തിന്റെ വേലിയേറ്റങ്ങളില്‍ ഭൂമിയില്‍ നിന്നുയർന്ന് സ്വര്‍ഗത്തിന്റെ കവാടങ്ങളിലൂടെ, ആകാശത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറന്ന് പറന്ന് അവസാനം തളർന്ന് ഭൂമിക്കും ആകാശത്തിനുമിടക്കുള്ള ഒരു അത്ഭുത ദീപ്പില്‍ എത്തിച്ചേരുന്നു. പിന്നെ, പിന്നെ വിയര്‍പ്പുകണങ്ങള്‍ ഒലിച്ചിറങ്ങുന്ന അവസ്ഥയില്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതിവീണുപോവും. ഗൌരിയുടെ ജനനത്തോട് കൂടിയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായത്,.. അവസാനം തറവാട് ഭാഗിച്ചപ്പോള്‍ കിട്ടിയ സ്ഥലത്ത് വീട് വച്ച് താമസം തുടങ്ങിയപ്പോളാണ് ആശ്വാസമായത്. ഇനി ആരെയും പേടിക്കാതെ സ്നേഹിക്കാമല്ലോ!
...
തനിക്കു കിട്ടാതെപോയ സ്നേഹം അവള്‍ക്കെങ്കിലും കിട്ടണമെന്ന് തനിക്കു നിര്‍ബന്ധമായിരുന്നു. അത്കൊണ്ട്തന്നെയാണ് സ്നേഹത്തെ കുറിച്ചുള്ള ബോധം അവളില്‍ നിറച്ച്കൊണ്ട് വളര്‍ത്തിയത്. താന്‍ അവള്‍ക്കു കൊടുത്ത ഉപദേശത്തില്‍ സുപ്രധാനമായി പറഞ്ഞത്, സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍, അതിന്റെ അന്ത്യം എന്താവുമെന്നോർത്ത് ദുഖിക്കരുത് എന്നായിരുന്നു. അത്പോലെതന്നെ, സ്നേഹിക്കുമ്പോള്‍ വര്‍ത്തമാനകാലത്തിലെ ജീവിത ലക്ഷ്യങ്ങള്‍ ആഗ്രഹിച്ചു കൊണ്ടാവരുതെന്നും ഉപദേശിച്ചത് ഓര്‍ക്കുന്നു.. അപ്പോഴെക്കെ അവള്‍ ഒരുകൊച്ചുകുഞ്ഞിനെ പോലെ താന്‍ പറയുന്നത്കേട്ട് കൊണ്ടിരിക്കുമായിരുന്നു. ഒരിക്കല്‍, അവള്‍ തന്റെ മടിയില്‍ തലവച്ചുകിടക്കുമ്പോള്‍, താന്‍ എന്തൊക്കെയോ സ്നേഹത്തെ കുറിച്ച്പറഞ്ഞു.. കുട്ടിക്ക് മുഷിപ്പുണ്ടോ അമ്മ പറയുന്നത്കേള്‍ക്കുമ്പോള്‍ എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി അവള്‍ക്കു സ്നേഹത്തെകുറിച്ച് കൂടുതല്‍ അറിയണമെന്നായിരുന്നു. അപ്പോള്‍ പിന്നെയും താന്‍ തുടര്‍ന്നു: "സ്നേഹിക്കുന്നവര്‍, നമ്മളെ പാതിവഴിയില്‍ ഉപേക്ഷിച്ചു, തിരിഞ്ഞുനോക്കാതെ ദൂരേക്ക്‌ അകന്നുപോവുന്ന അസ്സഹനീമായ ഒരു കാഴ്ച ജീവിതത്തില്‍ നമുക്ക് കണ്ടുനില്‍ക്കേണ്ടി വന്നേക്കാം. അപ്പോള്‍ പൊടുന്നനെ ദുഖത്തിന്റെ ഇരുണ്ടതടവറക്കുള്ളില്‍ നമ്മള്‍ അകപ്പെട്ടുപോവും. ആശ്രയിക്കാന്‍ ആരുമില്ല എന്ന തോന്നല്‍ ജീവിതത്തില്‍ നമ്മളെ ഒറ്റപ്പെടുത്തും. അപ്പോള്‍ നെഞ്ച്പൊട്ടുമാറ് ഉച്ചത്തിലൊന്ന് കരയാന്‍തോന്നിയേക്കാം. നിര്‍വചിക്കാന്‍ കഴിയാത്ത ആ അവസ്ഥ ഒരുപക്ഷേ നമ്മുടെ മനസ്സിന്റെ സമനില തെറ്റിച്ചേക്കാം. അത്തരമൊരു ദുരവസ്ഥയില്‍ ഈ ഭൂമിയില്‍ ജനിച്ചുപോയതിനെ കുറിച്ചോര്‍ത്തു വിലപിക്കുന്ന ഒരാളായി മാറാം നമ്മള്‍. അപ്പോഴെക്കെ ഓർക്കേണ്ടത് സ്നേഹിച്ചുപോയത് ജീവിക്കാന്‍വേണ്ടിയായിരുന്നു, ജീവിതത്തെ സന്തോഷകരമാക്കാന്‍ വേണ്ടിയായിരുന്നു എന്ന വസ്തുതയാണ്. പാതിവഴിയില്‍ ഉപേക്ഷിച്ച്പോയ സ്നേഹം ഒരിക്കലും നമ്മുടെ ജീവിത്തിന് ആവശ്യമില്ലാത്തതായിരുന്നു, അത്കൊണ്ട്തന്നെയാണ് അത് ഉപേക്ഷിച്ചുപോയതും. പോവുന്നതെല്ലാം പോവട്ടെ, ഒരു നാള്‍ സ്നേഹത്തിന്റെ പുഞ്ചിരിപൊഴിക്കുന്ന, ഓമനത്തംതുളുമ്പുന്ന, പൂവിതള്‍ പോലുള്ള മുഖവുമായി അവന്‍ വരും. എന്നിട്ട് അവന്‍ നമ്മുടെ കൈപിടിച്ചു നടത്തും, സ്നേഹത്തിലൂടെ, തലോടലിലൂടെ, വാത്സല്യത്തിലൂടെ, കാരുണ്യത്തിലൂടെ. അന്നാണ് മനസിലാവുക, നമ്മുക്ക് ജീവിതത്തിന്റെ അര്‍ഥം, സ്നേഹിക്കപ്പെടുന്നതിന്റെ അനുഭൂതി. അപ്പോള്‍ നമ്മള്‍ സ്വയം മന്ത്രിക്കും... "എന്റെ പ്രിയനേ.. നിന്റെ സ്നേഹം ഞാന്‍ നെഞ്ചോടുചേര്‍ക്കുന്നു. നിന്റെ ഓര്‍മകളില്‍ ഒരു കൊച്ചുനൗകയെ പോലെ ഒഴുകിനടക്കുക എന്നതാണ് ഇപ്പോളെന്റെ ജീവിതാഭിലാഷം. സ്നേഹത്തിനായി ദാഹിക്കുന്ന ആനന്ദത്തിന്റെ അനുഭുതിയില്‍ നിന്ന്, സ്നേഹിക്കപ്പെടുക എന്ന ഇന്ദ്രിയങ്ങള്‍ക്കു അതീതമായ സുഖം ഞാന്‍ അനുഭവിക്കുകയാണിപ്പോള്‍." പക്ഷേ അതുവരെ നമുക്ക് കാത്തിരിക്കാന്‍ കഴിയണം. കൊടുങ്കാറ്റില്‍ അകപെടാത്ത, പ്രളയജലത്തില്‍ മുങ്ങിതാഴാതെ നൗക തുഴഞ്ഞുകൊണ്ടിരിക്കണം. എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്തുകൊണ്ട് അത് മുന്നോട്ടുകൊണ്ട്പോവണം..."
...
ഗൌരി കേള്‍ക്കുന്നുണ്ടോ എന്നറിയാന്‍ വിളിച്ചപ്പോളാണ് അവൾ തന്റെ മടിയില്‍ കിടന്നുറങ്ങിപോയിരുന്നുവെന്ന് മനസ്സിലായത്. പിന്നെ താന്‍ ആര്‍ക്കുവേണ്ടിയായിരുന്നു ഇതൊക്കെ പറഞ്ഞതെന്നോര്‍ത്ത് കുറെചിരിച്ചു. ഇന്ന് തന്റെ മകളുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ അവള്‍ക്കു എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. പലപ്പോഴും അവളോട്‌ ചോദിച്ചതാണ് "എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളോർത്ത് സ്നേഹിക്കുന്നവരെ വെറുപ്പിക്കുന്നതെന്ന്" അപ്പോള്‍ അവള്‍ പറഞ്ഞത് "അമ്മക്ക് ഒന്നും മനസിലാവില്ല. അമ്മയുടെ കാലത്തേ തലമുറയല്ല ഇന്ന്. അന്നത്തെ യുഗത്തില്‍നിന്നും വിത്യസ്തമായ ഇലക്ട്രോണിക് യുഗമാണ് ഇന്ന്" എന്നായിരുന്നു. അവള്‍ പറഞ്ഞത് ശരിയല്ലേ?... ഇപ്പോള്‍ മനുഷ്യന്‍ വെറുമൊരു 'ഉപകരണം' മാത്രമല്ല?, അച്ഛനമ്മമാര്‍ പോലും ഉപകരണങ്ങളാണ്. മക്കളെ വളര്‍ത്തിവലുതാക്കി അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്കാന്‍ മാത്രമുള്ള 'ഉപകരണം' .. അത്കഴിഞ് അവര്‍ക്ക് കല്യാണപ്രായമെത്തുമ്പോൾ അച്ഛനോ അമ്മക്കോ സ്ഥാനമില്ല, അപ്പോളവർ പറയുക. അത് തങ്ങളുടെ സ്വന്തം കാര്യമാണ്. അതില്‍ അച്ഛനും അമ്മയും ഇടപെടണ്ട എന്ന രീതിയിലാണ്. ഇന്നത്തെ സ്നേഹത്തിന്റെ ലക്‌ഷ്യം അല്‍പനേരത്തേക്കുള്ള സന്തോഷമാണ്. താല്കാലിക ശമനം. അവിടെ, അമ്മ എന്നോ, മകള്‍ എന്നോ വിത്യാസമില്ല. സ്നേഹമെന്ന ലേപനംപുരട്ടി, ചെന്നായയുടെ വേഷമണിഞ്ഞ മനുഷ്യന്‍ ചോരകിനിയുന്ന ദംഷ്ട്രകൊണ്ട് സ്നേഹമെന്ന പൂവിതളിനെ അടര്‍ത്തിമാറ്റി കാഴ്ച്ചകളാക്കുന്നു. തന്റെ വീട്ടുമുറ്റത്ത് തളിർത്ത് നറുമണംപരത്തുന്ന പൂവിതള്‍ മറ്റൊരാള്‍ക്ക്‌ കാഴ്ചയാവുന്നതില്‍നിന്ന് തനിക്കു കിട്ടുന്ന സുഖത്തിന്റെ മനശാസ്ത്രം തേടിപോവുബോള്‍ ലഭിക്കുന്ന ഉത്തരം മനുഷ്യമനസ്സ് എന്ന പ്രതിഭാസം അറിയാന്‍ ഇനിയും ഇനിയും കാത്തിരിക്കണമെന്നാണ്. ഒരുമുഖത്തിന്‌ രണ്ടുഭാവങ്ങള്‍, ഒന്ന് ചിരിക്കുന്ന അവസ്ഥയെങ്കില്‍ മറ്റൊന്ന് അട്ടഹസിക്കുന്ന കാട്ടാളന്റെത്. എങ്ങിനെ മുനഷ്യനിങ്ങിനെ ഒരേസമയം രണ്ടു അവസ്ഥകള്‍ ഉണ്ടാക്കാന്‍പറ്റുന്നു? അവള്‍ പറഞ്ഞത് എത്ര വാസ്തവമാണ് തനിക്കു ഈ യുഗത്തെ അറിയാന്‍ കഴിയില്ല.. കാരണം,. തനിക്ക് ഇന്നത്തെ കുട്ടികളെപോലെ ഒരു 'ഉപകരണം' ആവാന്‍ കഴിയില്ല. താന്‍ മനുഷ്യനാണ്. മജ്ജയും, മാംസവും, വികാരങ്ങളും, വിചാരങ്ങളുംഎല്ലാമുള്ള മനുഷ്യന്‍..
...
ഗൌരിയുടെ ചിന്തകള്‍ക്ക് മാറ്റംവന്നത് അവിനാഷ് അവളെ സ്നേഹിക്കാന്‍ തുടങ്ങിയത്മുതലാണ്‌. തലമുറകളുടെ അന്തരമുണ്ടെങ്കിൽ പോലും, അവിനാഷ്ന്റെ സ്നേഹം മനസ്സിലക്കാന്‍ തനിക്ക് കഴിയുമായിരുന്നു. അവന് ഗൌരി ജീവനായിരുന്നു. അവള്‍ വിഷമിക്കുന്നതോ, കരയുന്നതോ അവന് താങ്ങാന്‍കഴിയുമായിരുന്നില്ല. അത്കൊണ്ട്തന്നെ, മകളെ അവന്റെ കൂടെ വിശ്വസിച്ചുപറഞ്ഞയക്കുന്നത് അഭിമാനമായിതോന്നി. തന്റെ മകള്‍ വെറുമൊരു 'ഉപകരണം' അല്ല എന്ന തിരിച്ചറിവും തനിക്കു സന്തോഷംനല്‍കുന്ന ഒരനുഭവം ആയിരുന്നു. അവര്‍ തമ്മിലുള്ള സ്നേഹം അറിഞ്ഞത്മുതല്‍, അവരുടെ ഭാവിജീവിതവും താന്‍ നിശ്ചയിച്ചുകഴിഞ്ഞതാണ്. അവിനാഷിന്റെ വീട്ടുകാര്‍ക്കും അവളെ വലിയകാര്യമാണ്. അവര്‍ക്കും ആവിനാഷും മകളും ഒന്നിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടന്ന് അറിഞ്ഞപ്പോള്‍ അവളെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരാളിന്റെ കയ്യില്‍തന്നെ ഏല്‍പ്പിക്കാന്‍ കഴിയുമല്ലോ എന്ന അറിവില്‍നിന്ന് പകര്‍ന്നുകിട്ടിയ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തയത്രയും വലുതായിരുന്നു . പക്ഷേ അവന്റെ കാര്യത്തില്‍ അവളുടെ ഉല്‍കണ്‌ഠ കാണുബോള്‍ അത്ഭുതം തോന്നാറുണ്ട്.. ആ ഉല്‍കണ്‌ഠയുടെ കാരണം ആശ്ചര്യംജനിപ്പിക്കുന്നതായിരുന്നു. അവള്‍ക്കു എപ്പോഴും അവന്റെ സ്നേഹം നഷ്ടമാവുമോ എന്ന ഭയമാണ് . എന്തിന് അങ്ങിനെയെന്ന് ചോദ്യത്തിന് ഉത്തരമായി അവള്‍ പറഞ്ഞ മറുപടികേട്ടപ്പോള്‍ ശെരിക്കും ഞെട്ടിപ്പോയി.. താന്‍ മുമ്പ് എപ്പോഴോ അവളോട്‌ സ്നേഹത്തെ കുറിച്ച് ഉണര്‍ത്തിയ ഒരു കാര്യമാണ് അവള്‍ തന്റെ നേര്‍ക്ക്‌ ശരം കണക്കെ തൊടുത്തുവിട്ടത്. "അവന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചുപോയാല്‍... അപ്പോള്‍ പൊടുന്നനെ ദുഖത്തിന്റെ ഇരുണ്ട തടവറയില്‍ ഞാന്‍ എത്തപ്പെടില്ലേ.. ആരുമാരുമില്ലാത്ത ആ അവസ്ഥയില്‍ ഞാന്‍ നെഞ്ച്പൊട്ടുമാറു ഉച്ചത്തില്‍നിലവിളിച്ചാല്‍ ആര് കേള്‍ക്കും അമ്മെ? പിന്നെ അമ്മ പറയുന്നത്പോലെ 'പോവുന്നത് പോട്ടെ' എന്ന് വക്കാന്‍ എനിക്ക്കഴിയില്ല. അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല അമ്മക്കൊന്നും മനസിലാവില്ല. ഇന്നത്തെ തലമുറയെകുറിച്ച് അമ്മക്ക് അറിയില്ല. അവന്‍ ഒരിക്കല്‍ പറഞ്ഞുനോക്കട്ടെ എന്നെ ഉപേക്ഷിച്ചുപോവുമെന്ന്, ആ നിമിഷം ഞാന്‍ ആവനെ കൊന്നിരിക്കും. എന്നിട്ട് അവന്റെ ശരീരം വെട്ടി നുറുക്കി കഷണങ്ങള്‍ ആക്കും. പിന്നെ ഞാനും മരിക്കും..... സത്യം."
..
അവളെ പറഞ്ഞു മനസിലാക്കാന്‍ കുറെ ശ്രമിച്ചു.. അവളൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നറിവില്‍ നിന്ന് ഇന്നത്തെ തലമുറയെകുറിച്ച് മനസിലാക്കാന്‍ പറ്റി.. അവര്‍ക്ക് പോലും അന്യമായ എന്തോ വികാരങ്ങളാണ് അവരെ നയിക്കുന്നതെന്ന്. ഇന്നത്തെ തലമുറയ്ക്ക് എല്ലാം അറിയാം.. തന്റെ തലമുറയില്‍ ഒളിച്ചുവക്കപ്പെട്ട എല്ലാ രഹസ്യങ്ങളും ഇന്ന് ഇന്റെര്‍നെറ്റിന്റെ ജാലക കാഴ്ചകളിലെ ഒരു വിനോദം മാത്രം.. അത് കൊണ്ട്തന്നെ, ഇന്നത്തെ തലമുറയെ ഒന്നിനെകുറിച്ചും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല....... ഒരു പക്ഷെ.. എല്ലാം അറിയാം എന്നത് തന്നെയായിരിക്കും ഇന്ന് അവര്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത്.. എല്ലാം അറിഞ്ഞാല്‍ പിന്നെ അറിയാനായി ഒന്നും ഉണ്ടാവില്ല.. പിന്നെ തോന്നുക സംഹരിക്കനായിരിക്കും.. ... അത് തന്നെയല്ലേ ഇന്ന് കാണുന്ന കാഴ്ചകള്‍.. സ്നേഹിക്കന്നവരെ പോലും സംഹരിക്കാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥയിലേക്ക് അവരുടെ മനസ്സ് വളര്‍ന്നു കഴിഞ്ഞു..
..
മകളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ എന്തറിവാണ് ഇനി തനിക്കുള്ളത് എന്ന് ആലോചിക്കുന്നതിനിടെ മിസ്സിസ് ഭദ്ര നായരുടെ മനസ്സില്‍ പെട്ടെന്ന് ഒരു കൊള്ളിയാന്‍മിന്നി.. മകള്‍ പറഞ്ഞ വാക്കുകള്‍ അവര്‍ ഓര്‍ത്തു.."അവന്‍ ഒരിക്കല്‍ പറഞ്ഞു നോക്കട്ടെ ...എന്നെ ഉപേക്ഷിച്ചു പോവുമെന്ന്.......ആ നിമിഷം ഞാന്‍ ആവനെ കൊന്നിരിക്കും.. എന്നിട്ട് അവന്റെ ശരീരം ഞാന്‍ വെട്ടി നുറുക്കി കഷണങ്ങള്‍ ആക്കും...പിന്നെ ...ഞാനും മരിക്കും..... സത്യം" പെട്ടെന്ന് അവര്‍ ദൈവത്തെ വിളിച്ചു..... "ഭഗവാനെ.. എന്റെ കുട്ടിക്ക് ഒരു ആപത്തും വരുത്തരുതേ" അതും പറഞ്ഞു അവര്‍ കാലുകള്‍ വലിച്ചുവച്ച് അവളുടെ മുറിയുടെ ലക്ഷ്യമാക്കി ഓടി.. .....

 .....

14 comments:

ഐക്കരപ്പടിയന്‍ said...

ഓരോ പുതിയ തലമുറയും പഴയ തലമുറയെ പറ്റി ഇങ്ങനെ തന്നെയായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക...അവര്‍ക്ക് ഒന്നും മനസ്സിലാവില്ലെന്നു...

എങ്കിലും താഴെ കാണുന്ന നിരീക്ഷണം ശ്രദ്ധേയമായി തോന്നി...

<>>

കാര്യമുള്ള കഥ...കഥയെക്കാള്‍ നന്നായി കാര്യം പറഞ്ഞു...!

Anonymous said...

ഇന്നത്തെ ഒരു സാമൂഹ്യ മാറ്റമാണ് ഇത്.. പുതിയ തലമുറ പറയുന്നത് പഴയ തലമുറയ്ക്ക് ഒന്നും അറിയില്ലായിരുന്നു.. ഇന്നത്തെ തലമുറയ്ക്ക് എല്ലാം അറിയാം എന്ന തരത്തില്‍ ആണ് അവരുടെ ഓരോ കണ്ടെത്തലുകള്‍ ... എന്നിട്ടും അവര്‍ കുഴിയില്‍ ചാടുന്നു.. സ്നേഹം എന്ന ചായം പുരട്ടിയ വാക്കുകള്‍ അവരെ വഴി തെറ്റിക്കുന്നു.. ഒരു വിവരവുമില്ല എന്ന് പറയുന്ന സമൂഹത്തിനുള്ള ബുദ്ധി കൂടി ഇന്നത്തെ തലമുറക്കില്ല എന്ന് കൂടി ഇതിനു ചേര്‍ത്ത് വായിക്കാം.

പുതിയ തലമുറയിലെ ഒരു ഇരുപതുകാരിയുടെ മനസ്സ് തന്നെയാണ് കഥക്ക് ആധാരം.. കാരണം... സ്നേഹം പേടിയാണ് ആ കുട്ടിക്ക്... . പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ അവളുടെ കൂട്ടുകാരന്റെ ഓര്‍മയാണ് അവളെ സ്നേഹം എന്ന വികാരത്തില്‍ നിന്ന് വിട്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്നത് . അത് ഫ്രിണ്ട്ഷിപ് എന്ന സ്നേഹത്തിനെ പോലും അവളെ പേടിപ്പിക്കുന്ന അവസ്ഥയില്‍ എത്തിക്കുന്നു.. അത് കൊണ്ട് തന്നെ അവളെ സ്നേഹിക്കുന്ന ഓരോ ആളുകളെയും അവള്‍ വെറുപ്പിച്ചു കൊണ്ടിരിക്കുന്നു.. അവര്‍ അവളെ വിട്ടു പോവുമെന്ന പേടിയാണ് അവള്‍ക്കു.. പഴയ തലമുറയെ കുറിച്ച് വായിച്ചാ അറിവുകള്‍ തന്നെയാണ്.. എന്റേത് കൂട്ട് കുടുംബം ആയിരുന്നില്ല.. പിന്നെ ഉമ്മ പറഞ്ഞു കേള്‍ക്കാറുണ്ട്. അന്നത്തെ ദുരിതങ്ങളെ കുറിച്ച് എല്ലാം.... സ്നേഹം പ്രകടിപ്പിക്കാന്‍ പേടിയായിരുന്നു.. അന്നത്തെ തലമുറയ്ക്ക്..

ajith said...

നല്ല കഥ (ഈ വിഷയത്തോട് ബന്ധമുള്ള ഒരു ലേഖനത്തിന്റെ ലിങ്ക് തരാം: http://echmuvoduulakam.blogspot.com/2012/04/blog-post_22.html

ഉദയപ്രഭന്‍ said...

സ്നേഹം അളക്കാനുള്ള ഒരു ഉപകരണവും കണ്ടെത്തിയിട്ടില്ല. എല്ലാം മനസ്സിന്റെ തുലാസ്സിലിട്ടു തൂക്കിനോക്കണം. നമ്മള്‍ സമീപിക്കുന്ന രീതിയാണ്‌ പ്രധാനമായും നല്ലതിനെയും ചീത്തയെയും വേര്‍തിരിക്കുന്നത്.... ആശംസകള്‍'

ഉദയപ്രഭന്‍ said...

സ്നേഹം അളക്കാനുള്ള ഒരു ഉപകരണവും കണ്ടെത്തിയിട്ടില്ല. എല്ലാം മനസ്സിന്റെ തുലാസ്സിലിട്ടു തൂക്കിനോക്കണം. നമ്മള്‍ സമീപിക്കുന്ന രീതിയാണ്‌ പ്രധാനമായും നല്ലതിനെയും ചീത്തയെയും വേര്‍തിരിക്കുന്നത്.... ആശംസകള്‍'

റോസാപൂക്കള്‍ said...

സ്നേഹം എന്നത് ആരൊക്കെയോ പറഞ്ഞു മനസ്സിലാക്കിയ ഒരു വികാരം മാത്രമായ ഒരു തലമുറ. കഥ കൊള്ളാം പുതുമ ഉണ്ട്.ഇടക്ക്‌ ഒരു വിവരണത്തിലെക്ക് പോയോ എന്ന് സംശയം

c.v.thankappan said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍

Anonymous said...

നന്ദി അജിത്‌..

Anonymous said...

പണ്ടത്തെ ഭാര്യാഭര്‍ത്താക്കന്മാരുടെ പ്രണയം അടിച്ചമര്‍ത്തപ്പെട്ട അടിമയുടെ അന്തരാത്മാവിലെ സ്വാതന്ത്ര്യ മോഹം പോലെ മുരടിച്ചതായിരുന്നൂ. "എന്റെ രണ്ടാമത്തെ മോന്‍ ഉണ്ടായേപ്പിന്ന്യാ.. എന്റെ കെട്ട്യോന്റെ മുഖം തന്നെ ഞാന്‍ ഒന്ന് നേരിട്ട് കണ്ടേ.." എന്ന് വിലപിക്കുന്ന എത്രയോ ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്.. . അന്നൊക്കെ ഭാര്യാത്വം അടിമത്വം എന്നൊക്കെ പറഞ്ഞാല്‍ ഒരേ അര്‍ഥം ധ്വനിപ്പിക്കുന്ന വാക്കുകള്‍ ആയിരുന്നൂ.. പകല്‍ അടുക്കളപ്പുകയില്‍ വാടി, രാത്രി അറപ്പുരകളില്‍ തളരാന്‍ വിധിച്ച ജന്മങ്ങള്‍. പക്ഷെ ഇന്ന് കുറെ കൂടി അഭിപ്രായസ്വാതന്ത്യ്രമുള്ള, വിശാലമായി ചിന്തിക്കാന്‍ കഴിവുള്ള, ഒരു ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്.. പണ്ടത്തെ സ്നേഹം പരിമിതികളില്‍ അപ്രസക്തമായിരുന്നെങ്കില്‍ ഇന്നത്തെ സ്നേഹം സ്വാര്‍ത്ഥതയില്‍ വ്രണിതം ആണെന്ന് പറയാം

Anonymous said...

ഇന്ന് എവിടെയും.. സ്നേഹമയമാണ്.. സ്നേഹത്തെ കുറിച്ച് എഴുതാനും പറയാനുമാണ് ഇന്നത്തെ തലമുറ ജനിച്ചത് എന്ന് തോന്നി പോവും.. അങ്ങിനെ പറഞ്ഞും എഴുതിയുമാണ് സേനഹം എന്ന വികാരത്തെ ഓരോരുത്തരും അറിയുന്നത്.. അനുഭവിച്ചു അറിയുന്ന സ്നേഹത്തിനു പകരം, പറഞ്ഞറിയുന്ന ഒരു വികാരമായി സ്നേഹം മാറപ്പെട്ടു. .

ഇടയ്ക്കു ചിന്തകള്‍ ഒന്ന് മാറി സഞ്ചരിച്ചിട്ടുണ്ട്.. ഒരു പക്ഷെ അതാവാം അങ്ങിനെ ഒരു തോന്നല്‍ ഉണ്ടാക്കിയത് എന്ന് തോന്നുന്നു.. ഇന്നത്തെ തലമുറയെ കുറിച്ച് പറയുമ്പോള്‍, അവര്‍ക്ക് ചുറ്റും പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും ഉണര്‍ത്തണം എന്ന തോന്നലില്‍ നിന്നാണ്.. ചിന്തളിലേക്ക് നീണ്ടത്..

നന്ദി വായിച്ചു അഭിപ്രായം അറിയിച്ചതിന്

Anonymous said...

വളരെ നന്ദി ഉദയാപ്രഭ്ന്‍

Anonymous said...

വളരെ നന്ദി തങ്കപ്പന്‍ ചേട്ടാ

അനശ്വര said...

കൊള്ളാം കേട്ടൊ കഥ. കഥയില്‍ മാത്രം ജീവിക്കുന്ന പ്രതീതിയാ പക്ഷെ ഉണ്ടാക്കിയത്..മാത്രവുമല്ല തത്വചിന്തകള്‍ വിതറിയത് പലയിടത്തും കഥയുടെ ഭാവം നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു. എന്നാലും രണ്ട് തലമുറകളിലെ ചിന്താധാരയിലെ വ്യത്യാസം വ്യക്തമാക്കുന്നിടത്ത് കഥാകാരന്‍ വിജയിച്ചിട്ടുണ്ട്.. ആശംസകള്‍..

Jefu Jailaf said...

നല്ല നിരീക്ഷണം. നന്നായി അവതരിപ്പിക്കുകയും ചെയ്തു. സ്നേഹത്തിനു കാലമോ, ഭാഷയൊ ഒന്നും ഇല്ല. അതിനെ സമീപിക്കുന്നവർ തീരുമാനിക്കുന്നതിലാണ്‌ ഈ ജനറേഷൻ ഗ്യാപ്.

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...