Monday, April 30, 2012

കാവല്‍ക്കാരന്‍തിമര്‍ത്തു പെയ്യുന്ന മഴ, കാടുകളും, മേടുകളും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു.  ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഉല്ലാസം നല്‍കുന്ന, ആനന്ദകരമായ യാത്രകളുടെ പര്യവസാനമായി തീരുന്ന വിനോദകേന്ദ്രങ്ങളിലെ തൊഴിലാളികള്‍ മ്ലാനത നിറഞ്ഞ മുഖത്തോട് കൂടി ഇരിക്കുന്ന ഒരു അവസ്ഥയിലാണ്, മനോഹരമായ ചുറ്റും പുല്‍മേടുകളും, ചോലവനങ്ങളും, നീര് ഉറവകളും ഉള്ള ആ ഉല്ലാസകേന്ദ്രത്തില്‍ ഞാന്‍ എത്തിയതും പിന്നീട് അയാളെ കണ്ടതും.. ആദ്യ നോട്ടത്തില്‍ ഞാന്‍ അയാള്‍ക്ക് ഒരു അമ്പത് വയസ്സ് പ്രായം കുറിച്ചിട്ടു.. പോകെ പോകെ.. അയാളുടെ സംസാരത്തില്‍ നിന്ന് ഒരു നല്പതുകാരന്റെ മനസ്സ് എനിക്ക് കാണാന്‍ കഴിഞ്ഞു.. പക്ഷെ മനസ്സും ആ രൂപവും തമ്മിലുള്ള ചേര്‍ച്ച ഇല്ലാഴ്മ, അയാളുടെ വയസ്സിനെ സംബന്ധിച്ച് ഇവിടെ കുറിച്ചിടാന്‍ എനിക്ക് പറ്റാതെ വന്നിരിക്കുന്നു. ഒരു പക്ഷെ, അയാളോട് ഞാന്‍ കൂടുതല്‍ അടുക്കുമ്പോള്‍, എന്നെപോലെ ഒരു ചെറുപ്പകാരന്‍ അയാളില്‍ ഉണ്ടാവാം. അപ്പോള്‍ ഞാന്‍ അയാളുടെ വയസ്സ് കണ്ടെത്തും തീര്‍ച്ച.
 

അയാള്‍ ആ ഉല്ലാസ കേന്ദ്രത്തിലെ ജീവനകാരനാണ്. കാവല്‍കാരന്‍ എന്നാണ് അയാള്‍ എന്നോട് പറഞ്ഞത്, നിങ്ങളല്ല ഇതിന്റെ കാവല്‍കാരന്‍ എന്ന് എനിക്ക് പറയാന്‍ തോന്നി. കാരണം, അയാളും ഞാനും നിങ്ങളും എല്ലാം മറ്റൊരുടെയോ കാവലില്‍ ആണ്. ഇനി അയാള്‍ ആ കെട്ടിടത്തിന്റെ കാവല്‍കാരന്‍ എന്നാണ് ഉദ്ദേശിച്ചത് എങ്കില്‍ അതും തെറ്റാണു. അയാളെ അങ്ങിനെ ഒരു ജോലി ഏല്‍പ്പിച്ച ആളായിരിക്കണം ആ കെട്ടിടത്തിന്റെ കാവല്‍കാരന്‍. അല്ലായിരുന്നുവെങ്കില്‍ കെട്ടിടതിനെ സംരക്ഷിക്കാന്‍, അയാള്‍ ഒരു സംരക്ഷകന്റെ സഹായം തേടില്ലായിരുന്നുവല്ലോ?.. എന്നിട്ടും അയാള്‍ പറഞ്ഞത് ഞാന്‍ കേട്ട് നിന്നു. കാരണം, എന്റെ മനസ്സ് എന്നോട് പറഞ്ഞത് , അയാളോട് അനുകമ്പ കാണിക്കാനാണ്. മനസ്സിന് ആണോ അതോ എന്റെ തലച്ചോറിനാണോ കൂടുതല്‍ പ്രാധാന്യം ഞാന്‍ നല്‍കേണ്ടത്? സ്നേഹം, ദുഃഖം, ദേഷ്യം, വിശപ്പ്‌, ദാഹം, കാമം, ഇങ്ങിനെയുള്ള വികാരങ്ങള്‍ എല്ലാം നമ്മളെ അറിയിക്കുന്നതില്‍ മനസ്സിനുള്ള പങ്കു വളരെ ഏറെയാണ്‌. പക്ഷെ മനസ്സില്‍ തോന്നുന്നത് പോലെ എല്ലാം നമുക്ക് പുറമേ പ്രകടിപ്പിക്കാന്‍ പറ്റില്ലല്ലോ, മനസ്സിന്റെ ഈ തോന്നലുകളെ ബുദ്ധി കൊണ്ട് വിവേചിച്ചു അറിയുന്നു.. അതിനു ശേഷം ഒരു തീരുമാനത്തില്‍ നാം എത്തുന്നു. അയാള്‍ കാവല്‍ക്കാരന്‍ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആദ്യം തോന്നിയത് ദേഷ്യമാണ്, പക്ഷെ എന്റെ മസ്തിഷ്കം എന്നോട് പറഞ്ഞു, അയാളെ കൂടുതല്‍ അറിയാന്‍.. അത് പ്രകാരം എനിക്ക് അയാളോട് തോന്നുന്ന വികാരത്തില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നും.. ... ഇപ്പോള്‍ അയാളോട് അനുകമ്പ കാണിക്കാന്‍ പറഞ്ഞത് എന്റെ മനസ്സാണ്. ഇവിടെ എനിക്ക് ബുദ്ധികൊണ്ട് വിവേചിച്ചു അറിയേണ്ട ആവശ്യമില്ല. കാരണം, തലച്ചോറ് മുമ്പേ എന്നോട് പറഞ്ഞതും ഇത് തന്നെയല്ലേ.. അയാളെ അറിയാന്‍. അനുകമ്പ കാണിക്കാന്‍.

"ഈ നശിച്ച മഴ ഒന്ന് മാറിയിരുന്നെങ്കില്‍ , ഈ പ്രക്രതിയുടെ ക്രൂരത ഒന്ന് അവസാനിച്ചിരുന്നെങ്കില്‍" അയാള്‍ അക്രോശിക്കുന്നത് പോലെയാണ് ഇത് പറഞ്ഞത്. എനിക്ക് അയാളോട് മതിപ്പ് തോന്നി. എന്താണ് കാരണം എന്നറിയുമോ? ഈ മഴയും, നശിച്ച പ്രക്രതിയുടെ അവസ്ഥയും കാരണമാണു ആ കെട്ടിടത്തിലേക്ക് ആളുകള്‍ വരാത്തതെന്ന് അയാള്‍ മനസ്സിലാക്കിയിരിക്കുന്നു. തന്റെ ജോലി വെറും കെട്ടിടത്തിനെ സംരക്ഷിക്കല്‍ മാത്രമല്ല, തന്റെ യജമാനന്റെ സന്തോഷവും കൂടിയാണന്നു അയാള്‍ക്ക് അറിയാം. അത് കൊണ്ട് അയാള്‍ പ്രകൃതിയില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. പക്ഷെ ഇയാള്‍ തന്നെ ആയിരിക്കില്ലേ, മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥനാ നിരതനായി, കുറെ കാലം പ്രകൃതിയെ വിളിച്ചു വിലപിച്ചത്? അപ്പോഴും അയാള്‍ ഒരു പക്ഷെ ഇങ്ങിനെ അക്രോശിച്ചിട്ടുണ്ടാവും "ഈ നശിച്ച ചൂട് ഒന്ന് കുറഞ്ഞിരുന്നുവെങ്കില്‍, ഈ പ്രകൃതി ഒന്ന് മാറിയിരുന്നെങ്കില്‍". എന്തൊരു വിരോധാഭാസം അല്ലെ? നമുക്ക് ആവശ്യമുള്ളപ്പോള്‍ എല്ലാം, നാം പ്രകൃതിയെ കുറ്റപ്പെടുത്തുന്നു. അത് നമ്മള്‍ അധിവസിക്കുന്ന പ്രകൃതിയെ കുറിച്ച് മാത്രമല്ല നമ്മുടെ സ്വന്തം ശരീര പ്രക്രതിയെ പോലും നമ്മള്‍ ഇങ്ങിനെ സ്വയം കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതൊക്കെ കേള്‍ക്കുന്ന ദൈവത്തിന്റെ അസ്ഥ എന്തായിരിക്കും? തന്റെ സൃഷ്ടിയുടെ ബലഹീനത ശെരിക്കും അറിയുക ദൈവത്തിനു തന്നെ ആയിരിക്കില്ലേ? ഇത് കൊണ്ട് ഒക്കെ ആയിരിക്കാം, ദൈവത്തിന്റെ സ്രിഷിടിപ്പിനെ കുറിച്ച് മനുഷ്യന്‍ വാചാലനാവുമ്പോള്‍, മനുഷ്യന്‍ തന്റെ സൃഷ്ടിപ്പിനെ കുറിച്ച് സ്വയം പറയുന്നത്, "നന്ദിയില്ലാത്തവന്‍"
.
"ഞാന്‍ ഇവിടെ പുതിയതാണ് .. എനിക്ക് ഇവിടുത്തെ ഭുപ്രകൃതിയെ കുറിച്ചോ, മനുഷ്യരെ കുറിച്ചോ എന്തിനു ഈ നാടിനെ കുറിച്ച് പോലും ഒന്നുമറിയില്ല, അതൊക്കെ ഒന്ന് പറഞ്ഞു തരാമോ? " എന്റെ ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി തികച്ചും വിത്യസ്തമായിരുന്നു.
.
അയാള്‍ പറഞ്ഞത്: " ഈ കെട്ടിടമാണ് എന്റെ ലോകം, ഇവിടെ എത്ര മുറികള്‍ ഉണ്ടെന്നു നിങ്ങള്‍ എന്നോട് ചോദിക്കു, അതില്‍ ദിവസം തോറും എത്രയെത്ര ആളുകള്‍ വരുന്നുണ്ട് എന്ന് എന്നോട് ചോദിക്കു." എന്നിട്ട് അയാള്‍ പറയാന്‍ തുടങ്ങി, അവിടെ വരുന്ന മനുഷ്യര്‍ അവിടെ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങള്‍, അവരുടെ അഹങ്കരത്തോടയുള്ള പ്രവര്‍ത്തനങ്ങള്‍, അവസാനം അവിടം വിട്ടു പോവുന്ന മനുഷ്യര്‍ ആ കെട്ടിടത്തിനെ എത്ര മാത്രം പരിക്കല്‍പ്പിച്ചു കൊണ്ടാണ് പോവുന്നത് എന്നൊക്കെ. അയാള്‍ കെട്ടിടത്തെ കുറിച്ച് പറയുമ്പോളെല്ലാം എനിക്ക് വല്ലാത്ത അസ്സഹനീയത അനുഭവപ്പെട്ടു. അപ്പോഴെക്കെ ഞാന്‍ ഓര്‍ത്ത്‌ കൊണ്ടിരുന്നത്, എന്തിനു ഇത്ര മാത്രം അയാള്‍ ആ കെട്ടിടത്തെ സ്നേഹിക്കുന്നു എന്നായിരുന്നു. നാളെ ഒരിക്കല്‍ യജമാനന്‍ അയാളോട് അവിടുന്ന് പോവാന്‍ പറയുക ആണെങ്കില്‍, അയാള്‍ക്ക് പോയെ തീരു.. ഒരു പക്ഷെ വെറുതെ ഒന്ന് അയാള്‍ക്ക് യാചിച്ചു നോക്കാം "യജമാനാ.. എനിക്ക് കുറച്ചു കൂടി സമയം തരു.  എന്റെ കുഞ്ഞുങ്ങള്‍ക്ക്‌, ഭാര്യക്ക്‌, എന്റെ അഭാവത്തില്‍ വേറെ ഒരു സംരക്ഷകന്‍ ഇല്ല. അത് കൊണ്ട്.. കുറച്ചു കാലം കൂടി നീട്ടി തന്നാല്‍.... " ഈ വാക്കുകള്‍ മുഴുവന്‍ പറയാന്‍ ചിലപ്പോള്‍ യജമാനന്‍ അയാളെ അനുവദിക്കില്ല. അതിനു മുമ്പ് തന്നെ അയാളെ യജമാനന്‍ അവിടുന്ന് പുറത്താക്കുമായിരിക്കാം. കാരണം, യജമാനന് അയാളെ എന്നോ അറിയാം. അയാള്‍ക്ക് ഭാര്യയോടുള്ള സ്നേഹം കൊണ്ടല്ല കുറച്ചു സമയം കൂടി ചോദിക്കുന്നതെന്ന്, പകരം, ആ കെട്ടിടത്തിനു ചുറ്റിപറ്റിയുള്ള ജീവിതം അയാള്‍ വളരെ ഇഷ്ടപ്പെടുന്നത് കൊണ്ടാണന്നു. കുന്നുകളും, ചോലവനങ്ങളും ചുറ്റപെട്ടു ഏകാന്തമായി കിടക്കുന്ന ആ കെട്ടിടത്തിന്റെ അതെ അവസ്ഥയാണ്‌ അയാളുടെതും , അയാളും ഏകാന്തനായി പോയിട്ടുണ്ട്.. അയാള്‍ എന്തിനാണ് ഈ കെട്ടിടത്തെ കുറിച്ചും ഇത്ര മാത്രം വാചാലനവുന്നത്!
.
എന്റെ ചിന്തകള്‍ മുറിഞ്ഞത് ഒരു വഴക്ക് കേട്ടാണ്.  ഞാന്‍ നോക്കുമ്പോള്‍, ആ കെട്ടിടത്തിലെ തൂപ്പുകരനോട് അയാള്‍ കയര്‍ക്കുന്നു.. കയര്‍ക്കുന്നതിന്റെ അവസാനമായി കാവല്‍ക്കാരന്‍ തൂപ്പുകരനോട് പറയുകയാണ് "വെറുതെ അല്ല നിങ്ങള്‍ വെറുമൊരു തൂപ്പുകാരന്‍ ആയി മാറിയത്, ചെയ്യുന്ന ജോലിയിലെങ്കിലും അല്പം സത്യസന്ധത കാണിച്ചിരുന്നുവെങ്കില്‍, ഈ നിലം തുടച്ചു കൊണ്ട് നിങ്ങള്ക്ക് നില്‍ക്കേണ്ടി വരില്ലായിരുന്നു" ഈ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് ഒട്ടും മനസ്സിലായില്ല.. കാവല്‍ക്കാരനും, തൂപ്പുകാരനും ചെയ്യുന്ന പണികള്‍ ഒരേ പോലെ അല്ലെ.. ഒരാള്‍ വൃത്തിയാക്കുന്നു മറ്റൊരാള്‍ കാവലിരിക്കുന്നു. ഇപ്പോള്‍ അയാളുടെ വയസ്സ് എനിക്ക് ഇവിടെ കുറിച്ചിടാന്‍ പറ്റുമെന്ന് തോന്നുന്നു.. അയാള്‍ക്ക് നാല്പതു വയസ്സ് കഴിഞ്ഞു കാണും.. അത് കൊണ്ടാണ് അയാളുടെ പെരുമാറ്റത്തില്‍ ഇത്രമാത്രം ഈര്‍ഷ്യത, തനിക്കു നഷ്ട്ടപെട്ടുപോയ യവ്വന ചിന്തകള്‍ അയാളുടെ സ്വഭാവത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ആയിരിക്കാം ഒരു പക്ഷെ ഈ ദേഷ്യം കലര്‍ന്ന സ്വഭാവം അയാള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. അല്ല എങ്കില്‍, തീര്‍ച്ചയായും..താന്‍ വൃദ്ധനായി പോവുന്നുണ്ടോ എന്ന് ഒരു തോന്നല്‍ അയാളില്‍ ഉണ്ടാവുന്നുണ്ടാവം. താന്‍ ഊര്‍ജ്ജ്വസ്വലനാണ് എന്ന് കാണിക്കാന്‍ വേണ്ടി ആയിരിക്കാം ഒരു പക്ഷെ അയാള്‍ തന്റെ സ്വഭാവത്തില്‍ ചെറുപ്പത്തിന്റെ തീവ്രത പ്രകടിപ്പിക്കുന്നത്.
.
മഴ അവസാനിച്ചു വരുന്നതിന്റെ ലക്ഷണങ്ങള്‍ അന്തരീക്ഷത്തില്‍ കാണാമിപ്പോള്‍.. ഒരു ടൂറിസ്റ്റ് ബസ്‌ കെട്ടിടത്തെ ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നു.. നാളത്തെ പ്രഭാതം ഒരു പക്ഷെ, മനുഷ്യര്‍ ആഘോഷിക്കുക, ലോകത്തിന്റെ കാവല്‍ക്കാരനെ കുറിച്ച് ഓര്‍ത്തു കൊണ്ടായിരിക്കും.. ദുരിതങ്ങള്‍ ഉണ്ടാക്കുന്നതും, പിന്നീട് അതിനു ശമനം വരുത്തുന്നതും ആ കാവല്‍ക്കാരന്‍ തന്നെ.. .. മനുഷ്യന്റെ നന്ദികേടു കൊണ്ട് തന്നെ ആവുമോ ഇതൊക്കെ. കെട്ടിടത്തിന്റെ കാവല്‍ക്കാരന്‍ ടൂറിസ്റ്റ് ബസ്സില്‍ നിന്നിറങ്ങുന്ന സന്ദര്‍ശകരുടെ അടുത്തേക്ക് പോവാനുള്ള ഒരുക്കത്തിലാണ്. വീണ്ടും കാണാം എന്ന ഒരു വാക്ക് കൊണ്ട് ഞാനും അയാളും തമ്മിലുള്ള ബന്ധം ഞാന്‍ മുറിച്ചു. .. ഞങ്ങളുടെ വണ്ടിയുടെ ചക്രങ്ങള്‍ ഉരുണ്ടു തുടങ്ങി..ലോകത്തിന്റെ കാവല്‍ക്കാരന്‍ ഉണ്ടാക്കി വച്ച മറ്റു കാഴ്ചകളിലേക്ക്.
...

Monday, April 23, 2012

ജനറേഷന്‍ ഗാപ്‌


..
ഇരുപ്പത്തിരണ്ട് വയസ്സുകാരിയായ ഗൌരി നായര്‍ അസ്വസ്ഥയായി അവളുടെ റൂമിലേക്ക്‌ പോവുന്നത് കണ്ടപ്പോള്‍ മിസ്സിസ് ഭദ്ര നായര്‍ ഊഹിച്ചു
ഇന്നും അവിനാഷിനോട് അവള്‍ വഴക്കിട്ടുകാണും.
വഴക്കിന്റെ കാരണം അനേഷിച്ചുപോവുമ്പോള്‍ എല്ലായിപ്പോഴും ചെന്നെത്തുന്നത്,
ആത്മാര്‍ഥമായി സ്നേഹിക്കുന്ന അവിനാഷിനെ വേര്‍പിരിയേണ്ടിവരുമോ
എന്ന ഭയയും ആശങ്കയും നിറഞ്ഞ ഗൌരിയുടെ സംഘര്‍ഷഭരിതമായ മനസ്സിന്റെ അവസ്ഥയിലേക്കാണ്.
...
അവളുടെ റൂമിന്റെ വാതില്‍വരെ പോയാലോ? വേണ്ട. കുറച്ചുകഴിയട്ടെ.
...
അവളോട്‌ പറഞ്ഞിട്ട് കാര്യമില്ല.
എന്ത്കൊണ്ട് ഈ കുട്ടി ഇങ്ങിനെ? ഇത്രമാത്രം, ജീവിതത്തെ പേടിക്കുന്നു?
ജീവിതമെന്ന ഒറ്റവരി പാത എവിടെയോവച്ച് രണ്ടായി ഇഴപിരിഞ്ഞു പോവുമോയെന്ന
ഭയമാണ് അവൾക്ക്. ഒരിക്കല്‍ തന്നോട്പോലും അവള്‍ ഇതേകാരണംകൊണ്ട് വഴക്കിട്ടുണ്ട്. "മമ്മയുടെ സ്നേഹം എനിക്ക് ഇല്ലാതാവുമോ എന്ന് ഞാന്‍ ഭയക്കുന്നു. മമ്മ എനിക്ക് വേണ്ടി ഒരുപാട് സഹിക്കുന്നു.. ഒരുപാട് കഷ്ട്ടപ്പെടുന്നു. ഒരുപക്ഷേ മമ്മ എന്നില്‍നിന്നും വേര്‍പ്പെട്ടുപോയാല്‍!! പിന്നെ ഞാന്‍ കരഞ്ഞുതളര്‍ന്ന അവസ്ഥയില്‍ വിദൂരതയിലേക്ക് കണ്ണുംനട്ട് മമ്മ പോയ വഴിയെ നോക്കിയിരിക്കേണ്ടിവരും. അത്കൊണ്ട് മമ്മ എന്നെ സ്നേഹിക്കരുത് പ്ലീസ്" അതുംപറഞ് അവള്‍ കരയുകയായിരുന്നു. അപ്പോള്‍ തന്റെ കണ്ണില്‍നിന്ന് ഒലിച്ചിറങ്ങിയ ജലധാര മകള്‍ കാണരുതെന്ന് ആഗ്രഹിച്ചു തുടച്ചുകളയാന്‍ നടത്തിയ വിഫലശ്രമം അവള്‍കണ്ടു. പിന്നീട് അവള്‍ തന്നെ കെട്ടിപിടിച്ച് തന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് വച്ച് "മമ്മാ എന്നെ ശപിക്കരുതേ" എന്ന് പറഞ്ഞു വിലപിച്ചത് ഇപ്പോഴും ഓര്‍മയില്‍നിന്ന് മായുന്നില്ല. പക്ഷേ എന്തിന്? എന്താണ് എന്റെ ഈ പാവം കുട്ടിക്ക് പറ്റിയത്? പൂവുപോലെ മനസ്സുള്ള തന്റെ കുട്ടി, സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന തന്റെ പോന്നുമകള്‍ പൊടുന്നനെ സ്നേഹത്തെ ഭയക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. തന്നെ സ്നേഹിക്കുന്നവരെല്ലാം തനിക്കു നഷ്ടപ്പെടുമോ എന്ന ചിന്ത അവളെ, തന്നെ സ്നേഹിക്കുന്നവരെ തന്നില്‍നിന്ന് അകറ്റുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.
...
ഒരിക്കല്‍ തലമുറകളുടെ അന്തരത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചക്കിടയില്‍ തന്റെ മകളുടെ കോളേജില്‍ പഠിക്കുന്ന മിസ്സ്‌ ഇന്ദു പഴയ തലമുറയിലെ സ്നേഹത്തെകുറിച്ചും, സ്നേഹനിഷേധത്തെകുറിച്ചും സംസാരിച്ചപ്പോള്‍ തന്റെ ജീവിതം ഈ കുട്ടി എങ്ങിനെയറിഞ്ഞു എന്ന ചിന്തയിലായിരുന്നു താന്‍. പലപ്പോഴും തന്റെ തലമുറയിലെ സ്ത്രീകള്‍ക്ക് മനസ്സിലുള്ള സ്നേഹം പുറമേക്ക് പ്രകടമാക്കുവാന്‍ കുടുംബങ്ങളിലെ കാരണവന്മാരുടെ ശ്വാസനകള്‍ തടസ്സമായി തീര്‍ന്നിരുന്നു. ഗൌരിയുടെ അച്ഛന്റെ സ്നേഹം പോലും ശരിക്കും കിട്ടിയിരുന്നത്, രാത്രികളിലെ വൈകാരികമായ ഇണചേരലിന്റെ അനുഭൂതിയില്‍നിന്ന് മാത്രമാണ്. പകല്‍ സമയങ്ങളില്‍ അദ്ദേഹം തികഞ്ഞ ഗൌരവക്കാരനായിരുന്നു. അപ്പോഴെക്കെ തന്നോട് അദ്ദേഹം ഇടപഴകാറുള്ളത് താന്‍ അദ്ധേഹത്തിന്റെ വീട്ടിലെ വെറുമൊരു വീട്ടു ജോലിക്കാരി എന്ന നിലക്കായിരുന്നു. പലപ്പോഴും പകലുകളിലുള്ള അദ്ദേഹത്തിന്റെ അവഗണന നിറഞ്ഞ പെരുമാറ്റം സഹിക്കവയ്യാതെ, കണ്ണ്നീര്‍ ഇല്ലാതെ കരഞ്ഞ അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, രാത്രിയാവുന്നതോട്കൂടി അദ്ദേഹം തീർത്തുമൊരു പുതിയമനുഷ്യനായി മാറും. പിന്നെ കരയാനോ, സങ്കടം പറയാനോ, പരിഭവം അറിയിക്കാനോ തനിക്ക് നേരംകിട്ടാറില്ല. അപ്പോഴേക്കും വികാരത്തിന്റെ വേലിയേറ്റങ്ങളില്‍ ഭൂമിയില്‍ നിന്നുയർന്ന് സ്വര്‍ഗത്തിന്റെ കവാടങ്ങളിലൂടെ, ആകാശത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറന്ന് പറന്ന് അവസാനം തളർന്ന് ഭൂമിക്കും ആകാശത്തിനുമിടക്കുള്ള ഒരു അത്ഭുത ദീപ്പില്‍ എത്തിച്ചേരുന്നു. പിന്നെ, പിന്നെ വിയര്‍പ്പുകണങ്ങള്‍ ഒലിച്ചിറങ്ങുന്ന അവസ്ഥയില്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതിവീണുപോവും. ഗൌരിയുടെ ജനനത്തോട് കൂടിയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായത്,.. അവസാനം തറവാട് ഭാഗിച്ചപ്പോള്‍ കിട്ടിയ സ്ഥലത്ത് വീട് വച്ച് താമസം തുടങ്ങിയപ്പോളാണ് ആശ്വാസമായത്. ഇനി ആരെയും പേടിക്കാതെ സ്നേഹിക്കാമല്ലോ!
...
തനിക്കു കിട്ടാതെപോയ സ്നേഹം അവള്‍ക്കെങ്കിലും കിട്ടണമെന്ന് തനിക്കു നിര്‍ബന്ധമായിരുന്നു. അത്കൊണ്ട്തന്നെയാണ് സ്നേഹത്തെ കുറിച്ചുള്ള ബോധം അവളില്‍ നിറച്ച്കൊണ്ട് വളര്‍ത്തിയത്. താന്‍ അവള്‍ക്കു കൊടുത്ത ഉപദേശത്തില്‍ സുപ്രധാനമായി പറഞ്ഞത്, സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍, അതിന്റെ അന്ത്യം എന്താവുമെന്നോർത്ത് ദുഖിക്കരുത് എന്നായിരുന്നു. അത്പോലെതന്നെ, സ്നേഹിക്കുമ്പോള്‍ വര്‍ത്തമാനകാലത്തിലെ ജീവിത ലക്ഷ്യങ്ങള്‍ ആഗ്രഹിച്ചു കൊണ്ടാവരുതെന്നും ഉപദേശിച്ചത് ഓര്‍ക്കുന്നു.. അപ്പോഴെക്കെ അവള്‍ ഒരുകൊച്ചുകുഞ്ഞിനെ പോലെ താന്‍ പറയുന്നത്കേട്ട് കൊണ്ടിരിക്കുമായിരുന്നു. ഒരിക്കല്‍, അവള്‍ തന്റെ മടിയില്‍ തലവച്ചുകിടക്കുമ്പോള്‍, താന്‍ എന്തൊക്കെയോ സ്നേഹത്തെ കുറിച്ച്പറഞ്ഞു.. കുട്ടിക്ക് മുഷിപ്പുണ്ടോ അമ്മ പറയുന്നത്കേള്‍ക്കുമ്പോള്‍ എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി അവള്‍ക്കു സ്നേഹത്തെകുറിച്ച് കൂടുതല്‍ അറിയണമെന്നായിരുന്നു. അപ്പോള്‍ പിന്നെയും താന്‍ തുടര്‍ന്നു: "സ്നേഹിക്കുന്നവര്‍, നമ്മളെ പാതിവഴിയില്‍ ഉപേക്ഷിച്ചു, തിരിഞ്ഞുനോക്കാതെ ദൂരേക്ക്‌ അകന്നുപോവുന്ന അസ്സഹനീമായ ഒരു കാഴ്ച ജീവിതത്തില്‍ നമുക്ക് കണ്ടുനില്‍ക്കേണ്ടി വന്നേക്കാം. അപ്പോള്‍ പൊടുന്നനെ ദുഖത്തിന്റെ ഇരുണ്ടതടവറക്കുള്ളില്‍ നമ്മള്‍ അകപ്പെട്ടുപോവും. ആശ്രയിക്കാന്‍ ആരുമില്ല എന്ന തോന്നല്‍ ജീവിതത്തില്‍ നമ്മളെ ഒറ്റപ്പെടുത്തും. അപ്പോള്‍ നെഞ്ച്പൊട്ടുമാറ് ഉച്ചത്തിലൊന്ന് കരയാന്‍തോന്നിയേക്കാം. നിര്‍വചിക്കാന്‍ കഴിയാത്ത ആ അവസ്ഥ ഒരുപക്ഷേ നമ്മുടെ മനസ്സിന്റെ സമനില തെറ്റിച്ചേക്കാം. അത്തരമൊരു ദുരവസ്ഥയില്‍ ഈ ഭൂമിയില്‍ ജനിച്ചുപോയതിനെ കുറിച്ചോര്‍ത്തു വിലപിക്കുന്ന ഒരാളായി മാറാം നമ്മള്‍. അപ്പോഴെക്കെ ഓർക്കേണ്ടത് സ്നേഹിച്ചുപോയത് ജീവിക്കാന്‍വേണ്ടിയായിരുന്നു, ജീവിതത്തെ സന്തോഷകരമാക്കാന്‍ വേണ്ടിയായിരുന്നു എന്ന വസ്തുതയാണ്. പാതിവഴിയില്‍ ഉപേക്ഷിച്ച്പോയ സ്നേഹം ഒരിക്കലും നമ്മുടെ ജീവിത്തിന് ആവശ്യമില്ലാത്തതായിരുന്നു, അത്കൊണ്ട്തന്നെയാണ് അത് ഉപേക്ഷിച്ചുപോയതും. പോവുന്നതെല്ലാം പോവട്ടെ, ഒരു നാള്‍ സ്നേഹത്തിന്റെ പുഞ്ചിരിപൊഴിക്കുന്ന, ഓമനത്തംതുളുമ്പുന്ന, പൂവിതള്‍ പോലുള്ള മുഖവുമായി അവന്‍ വരും. എന്നിട്ട് അവന്‍ നമ്മുടെ കൈപിടിച്ചു നടത്തും, സ്നേഹത്തിലൂടെ, തലോടലിലൂടെ, വാത്സല്യത്തിലൂടെ, കാരുണ്യത്തിലൂടെ. അന്നാണ് മനസിലാവുക, നമ്മുക്ക് ജീവിതത്തിന്റെ അര്‍ഥം, സ്നേഹിക്കപ്പെടുന്നതിന്റെ അനുഭൂതി. അപ്പോള്‍ നമ്മള്‍ സ്വയം മന്ത്രിക്കും... "എന്റെ പ്രിയനേ.. നിന്റെ സ്നേഹം ഞാന്‍ നെഞ്ചോടുചേര്‍ക്കുന്നു. നിന്റെ ഓര്‍മകളില്‍ ഒരു കൊച്ചുനൗകയെ പോലെ ഒഴുകിനടക്കുക എന്നതാണ് ഇപ്പോളെന്റെ ജീവിതാഭിലാഷം. സ്നേഹത്തിനായി ദാഹിക്കുന്ന ആനന്ദത്തിന്റെ അനുഭുതിയില്‍ നിന്ന്, സ്നേഹിക്കപ്പെടുക എന്ന ഇന്ദ്രിയങ്ങള്‍ക്കു അതീതമായ സുഖം ഞാന്‍ അനുഭവിക്കുകയാണിപ്പോള്‍." പക്ഷേ അതുവരെ നമുക്ക് കാത്തിരിക്കാന്‍ കഴിയണം. കൊടുങ്കാറ്റില്‍ അകപെടാത്ത, പ്രളയജലത്തില്‍ മുങ്ങിതാഴാതെ നൗക തുഴഞ്ഞുകൊണ്ടിരിക്കണം. എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്തുകൊണ്ട് അത് മുന്നോട്ടുകൊണ്ട്പോവണം..."
...
ഗൌരി കേള്‍ക്കുന്നുണ്ടോ എന്നറിയാന്‍ വിളിച്ചപ്പോളാണ് അവൾ തന്റെ മടിയില്‍ കിടന്നുറങ്ങിപോയിരുന്നുവെന്ന് മനസ്സിലായത്. പിന്നെ താന്‍ ആര്‍ക്കുവേണ്ടിയായിരുന്നു ഇതൊക്കെ പറഞ്ഞതെന്നോര്‍ത്ത് കുറെചിരിച്ചു. ഇന്ന് തന്റെ മകളുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ അവള്‍ക്കു എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. പലപ്പോഴും അവളോട്‌ ചോദിച്ചതാണ് "എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളോർത്ത് സ്നേഹിക്കുന്നവരെ വെറുപ്പിക്കുന്നതെന്ന്" അപ്പോള്‍ അവള്‍ പറഞ്ഞത് "അമ്മക്ക് ഒന്നും മനസിലാവില്ല. അമ്മയുടെ കാലത്തേ തലമുറയല്ല ഇന്ന്. അന്നത്തെ യുഗത്തില്‍നിന്നും വിത്യസ്തമായ ഇലക്ട്രോണിക് യുഗമാണ് ഇന്ന്" എന്നായിരുന്നു. അവള്‍ പറഞ്ഞത് ശരിയല്ലേ?... ഇപ്പോള്‍ മനുഷ്യന്‍ വെറുമൊരു 'ഉപകരണം' മാത്രമല്ല?, അച്ഛനമ്മമാര്‍ പോലും ഉപകരണങ്ങളാണ്. മക്കളെ വളര്‍ത്തിവലുതാക്കി അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്കാന്‍ മാത്രമുള്ള 'ഉപകരണം' .. അത്കഴിഞ് അവര്‍ക്ക് കല്യാണപ്രായമെത്തുമ്പോൾ അച്ഛനോ അമ്മക്കോ സ്ഥാനമില്ല, അപ്പോളവർ പറയുക. അത് തങ്ങളുടെ സ്വന്തം കാര്യമാണ്. അതില്‍ അച്ഛനും അമ്മയും ഇടപെടണ്ട എന്ന രീതിയിലാണ്. ഇന്നത്തെ സ്നേഹത്തിന്റെ ലക്‌ഷ്യം അല്‍പനേരത്തേക്കുള്ള സന്തോഷമാണ്. താല്കാലിക ശമനം. അവിടെ, അമ്മ എന്നോ, മകള്‍ എന്നോ വിത്യാസമില്ല. സ്നേഹമെന്ന ലേപനംപുരട്ടി, ചെന്നായയുടെ വേഷമണിഞ്ഞ മനുഷ്യന്‍ ചോരകിനിയുന്ന ദംഷ്ട്രകൊണ്ട് സ്നേഹമെന്ന പൂവിതളിനെ അടര്‍ത്തിമാറ്റി കാഴ്ച്ചകളാക്കുന്നു. തന്റെ വീട്ടുമുറ്റത്ത് തളിർത്ത് നറുമണംപരത്തുന്ന പൂവിതള്‍ മറ്റൊരാള്‍ക്ക്‌ കാഴ്ചയാവുന്നതില്‍നിന്ന് തനിക്കു കിട്ടുന്ന സുഖത്തിന്റെ മനശാസ്ത്രം തേടിപോവുബോള്‍ ലഭിക്കുന്ന ഉത്തരം മനുഷ്യമനസ്സ് എന്ന പ്രതിഭാസം അറിയാന്‍ ഇനിയും ഇനിയും കാത്തിരിക്കണമെന്നാണ്. ഒരുമുഖത്തിന്‌ രണ്ടുഭാവങ്ങള്‍, ഒന്ന് ചിരിക്കുന്ന അവസ്ഥയെങ്കില്‍ മറ്റൊന്ന് അട്ടഹസിക്കുന്ന കാട്ടാളന്റെത്. എങ്ങിനെ മുനഷ്യനിങ്ങിനെ ഒരേസമയം രണ്ടു അവസ്ഥകള്‍ ഉണ്ടാക്കാന്‍പറ്റുന്നു? അവള്‍ പറഞ്ഞത് എത്ര വാസ്തവമാണ് തനിക്കു ഈ യുഗത്തെ അറിയാന്‍ കഴിയില്ല.. കാരണം,. തനിക്ക് ഇന്നത്തെ കുട്ടികളെപോലെ ഒരു 'ഉപകരണം' ആവാന്‍ കഴിയില്ല. താന്‍ മനുഷ്യനാണ്. മജ്ജയും, മാംസവും, വികാരങ്ങളും, വിചാരങ്ങളുംഎല്ലാമുള്ള മനുഷ്യന്‍..
...
ഗൌരിയുടെ ചിന്തകള്‍ക്ക് മാറ്റംവന്നത് അവിനാഷ് അവളെ സ്നേഹിക്കാന്‍ തുടങ്ങിയത്മുതലാണ്‌. തലമുറകളുടെ അന്തരമുണ്ടെങ്കിൽ പോലും, അവിനാഷ്ന്റെ സ്നേഹം മനസ്സിലക്കാന്‍ തനിക്ക് കഴിയുമായിരുന്നു. അവന് ഗൌരി ജീവനായിരുന്നു. അവള്‍ വിഷമിക്കുന്നതോ, കരയുന്നതോ അവന് താങ്ങാന്‍കഴിയുമായിരുന്നില്ല. അത്കൊണ്ട്തന്നെ, മകളെ അവന്റെ കൂടെ വിശ്വസിച്ചുപറഞ്ഞയക്കുന്നത് അഭിമാനമായിതോന്നി. തന്റെ മകള്‍ വെറുമൊരു 'ഉപകരണം' അല്ല എന്ന തിരിച്ചറിവും തനിക്കു സന്തോഷംനല്‍കുന്ന ഒരനുഭവം ആയിരുന്നു. അവര്‍ തമ്മിലുള്ള സ്നേഹം അറിഞ്ഞത്മുതല്‍, അവരുടെ ഭാവിജീവിതവും താന്‍ നിശ്ചയിച്ചുകഴിഞ്ഞതാണ്. അവിനാഷിന്റെ വീട്ടുകാര്‍ക്കും അവളെ വലിയകാര്യമാണ്. അവര്‍ക്കും ആവിനാഷും മകളും ഒന്നിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടന്ന് അറിഞ്ഞപ്പോള്‍ അവളെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരാളിന്റെ കയ്യില്‍തന്നെ ഏല്‍പ്പിക്കാന്‍ കഴിയുമല്ലോ എന്ന അറിവില്‍നിന്ന് പകര്‍ന്നുകിട്ടിയ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തയത്രയും വലുതായിരുന്നു . പക്ഷേ അവന്റെ കാര്യത്തില്‍ അവളുടെ ഉല്‍കണ്‌ഠ കാണുബോള്‍ അത്ഭുതം തോന്നാറുണ്ട്.. ആ ഉല്‍കണ്‌ഠയുടെ കാരണം ആശ്ചര്യംജനിപ്പിക്കുന്നതായിരുന്നു. അവള്‍ക്കു എപ്പോഴും അവന്റെ സ്നേഹം നഷ്ടമാവുമോ എന്ന ഭയമാണ് . എന്തിന് അങ്ങിനെയെന്ന് ചോദ്യത്തിന് ഉത്തരമായി അവള്‍ പറഞ്ഞ മറുപടികേട്ടപ്പോള്‍ ശെരിക്കും ഞെട്ടിപ്പോയി.. താന്‍ മുമ്പ് എപ്പോഴോ അവളോട്‌ സ്നേഹത്തെ കുറിച്ച് ഉണര്‍ത്തിയ ഒരു കാര്യമാണ് അവള്‍ തന്റെ നേര്‍ക്ക്‌ ശരം കണക്കെ തൊടുത്തുവിട്ടത്. "അവന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചുപോയാല്‍... അപ്പോള്‍ പൊടുന്നനെ ദുഖത്തിന്റെ ഇരുണ്ട തടവറയില്‍ ഞാന്‍ എത്തപ്പെടില്ലേ.. ആരുമാരുമില്ലാത്ത ആ അവസ്ഥയില്‍ ഞാന്‍ നെഞ്ച്പൊട്ടുമാറു ഉച്ചത്തില്‍നിലവിളിച്ചാല്‍ ആര് കേള്‍ക്കും അമ്മെ? പിന്നെ അമ്മ പറയുന്നത്പോലെ 'പോവുന്നത് പോട്ടെ' എന്ന് വക്കാന്‍ എനിക്ക്കഴിയില്ല. അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല അമ്മക്കൊന്നും മനസിലാവില്ല. ഇന്നത്തെ തലമുറയെകുറിച്ച് അമ്മക്ക് അറിയില്ല. അവന്‍ ഒരിക്കല്‍ പറഞ്ഞുനോക്കട്ടെ എന്നെ ഉപേക്ഷിച്ചുപോവുമെന്ന്, ആ നിമിഷം ഞാന്‍ ആവനെ കൊന്നിരിക്കും. എന്നിട്ട് അവന്റെ ശരീരം വെട്ടി നുറുക്കി കഷണങ്ങള്‍ ആക്കും. പിന്നെ ഞാനും മരിക്കും..... സത്യം."
..
അവളെ പറഞ്ഞു മനസിലാക്കാന്‍ കുറെ ശ്രമിച്ചു.. അവളൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നറിവില്‍ നിന്ന് ഇന്നത്തെ തലമുറയെകുറിച്ച് മനസിലാക്കാന്‍ പറ്റി.. അവര്‍ക്ക് പോലും അന്യമായ എന്തോ വികാരങ്ങളാണ് അവരെ നയിക്കുന്നതെന്ന്. ഇന്നത്തെ തലമുറയ്ക്ക് എല്ലാം അറിയാം.. തന്റെ തലമുറയില്‍ ഒളിച്ചുവക്കപ്പെട്ട എല്ലാ രഹസ്യങ്ങളും ഇന്ന് ഇന്റെര്‍നെറ്റിന്റെ ജാലക കാഴ്ചകളിലെ ഒരു വിനോദം മാത്രം.. അത് കൊണ്ട്തന്നെ, ഇന്നത്തെ തലമുറയെ ഒന്നിനെകുറിച്ചും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല....... ഒരു പക്ഷെ.. എല്ലാം അറിയാം എന്നത് തന്നെയായിരിക്കും ഇന്ന് അവര്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത്.. എല്ലാം അറിഞ്ഞാല്‍ പിന്നെ അറിയാനായി ഒന്നും ഉണ്ടാവില്ല.. പിന്നെ തോന്നുക സംഹരിക്കനായിരിക്കും.. ... അത് തന്നെയല്ലേ ഇന്ന് കാണുന്ന കാഴ്ചകള്‍.. സ്നേഹിക്കന്നവരെ പോലും സംഹരിക്കാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥയിലേക്ക് അവരുടെ മനസ്സ് വളര്‍ന്നു കഴിഞ്ഞു..
..
മകളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ എന്തറിവാണ് ഇനി തനിക്കുള്ളത് എന്ന് ആലോചിക്കുന്നതിനിടെ മിസ്സിസ് ഭദ്ര നായരുടെ മനസ്സില്‍ പെട്ടെന്ന് ഒരു കൊള്ളിയാന്‍മിന്നി.. മകള്‍ പറഞ്ഞ വാക്കുകള്‍ അവര്‍ ഓര്‍ത്തു.."അവന്‍ ഒരിക്കല്‍ പറഞ്ഞു നോക്കട്ടെ ...എന്നെ ഉപേക്ഷിച്ചു പോവുമെന്ന്.......ആ നിമിഷം ഞാന്‍ ആവനെ കൊന്നിരിക്കും.. എന്നിട്ട് അവന്റെ ശരീരം ഞാന്‍ വെട്ടി നുറുക്കി കഷണങ്ങള്‍ ആക്കും...പിന്നെ ...ഞാനും മരിക്കും..... സത്യം" പെട്ടെന്ന് അവര്‍ ദൈവത്തെ വിളിച്ചു..... "ഭഗവാനെ.. എന്റെ കുട്ടിക്ക് ഒരു ആപത്തും വരുത്തരുതേ" അതും പറഞ്ഞു അവര്‍ കാലുകള്‍ വലിച്ചുവച്ച് അവളുടെ മുറിയുടെ ലക്ഷ്യമാക്കി ഓടി.. .....

 .....

Wednesday, April 18, 2012

ഒരു എഴുത്തുകാരന്റെ ജീവിതകഥ


കുറച്ചു ദിവസങ്ങളായി ഒരു നിശ്ചലാവസ്ഥ,
ശൂന്യമായ മനസ്സ്, എവിടെയുമെത്താത്ത ചിന്തകള്‍,
അടുക്കും ചിട്ടയും ഇല്ലാതെ ക്രമരഹിതമായ ദിനചര്യകള്‍,
ഒന്നിനോടും ഒരു ഉത്സാഹം തോന്നുന്നില്ല.
ഇങ്ങിനെയൊക്കെ തോന്നാന്‍ മാത്രം ജീവിതത്തില്‍ എന്തെങ്കിലും  മാറ്റങ്ങൾ സംഭവിച്ചുവോ?
ഇല്ല... ഒന്നുമില്ല, എല്ലാം പഴയത് പോലെ തന്നെ.
എന്നിട്ടും എന്തുകൊണ്ടാണ് ഒരു അപരിചിത്വം ജീവിതത്തിൽ വന്നുചേർന്നത്‌?
ഇത്തരം ചിന്തകൾ പേറി നടക്കുമ്പോള്‍
കഥാകൃത്തിന്  സ്വയമൊന്നു വിചിന്തനം നടത്താന്‍ തോന്നി.
ആ സമയത്താണ്  ആരോ അയാളെ വിളിക്കുന്നതായി  തോന്നിയത്.
'ഹായ് കഥാകാരാ.. ...‍"
ആരാണ് തന്നെ വിളിക്കുന്നത്?
കഥാകൃത്ത്  ചുറ്റുപാടും നോക്കി.. ആരുമില്ലല്ലോ?"
"കഥാകാരാ.." വീണ്ടും അതെ വിളി...
ഒരു നിമിഷത്തെ സംഭ്രമത്തിനു ശേഷം
തന്നെയാരാണ് വിളിക്കുന്നതെന്ന്  ഉള്‍കൊള്ളാന്‍ കഥാകൃത്തിനു  സാധിച്ചു.
തന്റെ  മനസ്സാണ് തന്നെ വിളിക്കുന്നത്.
കഥാകൃത്ത് ചോദിച്ചു.  'ഈ മനസ്സിന് എന്തുപറ്റി ?
മനസ്സിനെ അറിയാന്‍  ഞാന്‍ പലപ്പോഴായി ശ്രമം നടത്തിയതായിരുന്നുവല്ലോ?
അപ്പോഴൊന്നും മനസ്സ് എന്നെ കണ്ട ഭാവം നടിച്ചിരുന്നില്ല.
എന്ത് പറ്റി?  പതിവില്ലാത്തൊരു സ്നേഹം?'
മനസ്സ് പറഞ്ഞു "പതിവില്ലാത്തത് ഒന്നുമല്ല.
ഞാന്‍ നിന്റെ മുന്നിലൂടെ നടന്നാൽ പോലും നീ എന്നെ കാണാറില്ല. നീ വല്ലാതെ മാറിയിട്ടുണ്ട്"

ഹ ഹ ഹ കഥാകൃത്തിന് ചിരി വന്നു.
എന്നിട്ട്  കഥാകൃത്ത്‌  പറഞ്ഞു  'നീ എന്നെ നോക്കുന്നില്ല എന്നായിരുന്നു എന്റെ പരാതി, ഇപ്പോള്‍, ഞാന്‍ സ്വയം ആവര്‍ത്തിക്കുന്ന ചോദ്യം നീ എന്നോട് ചോദിക്കുന്നു.
ശരിക്കും നമ്മളിൽ, രണ്ടിൽ ഒരാള്‍ക്ക് എന്തോ കുഴപ്പം ഉണ്ട്.
ഒരു പക്ഷെ, എനിക്ക് തന്നെയാവനാണ് സാധ്യത,
കാരണം.ഈയിടെയായി എന്നെ കാണുമ്പോള്‍ ആളുകൾ എല്ലാവരും
എന്നില്‍നിന്ന് അകന്നുമാറി  പോവുന്നതായി എനിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്'
മനസ്സ് പറഞ്ഞു "നിന്നിൽ നിന്ന് എല്ലാവരും അകന്നുമാറുന്നതിനു കാരണം നീ കഥകളില്‍ ജീവിക്കുന്നത് കൊണ്ടാണ്.
നിന്നെ സ്നേഹിക്കുന്നവരോടും, അറിയുന്നവരോടും
നിന്നെ അറിയാനായി നിന്നിലേക്ക്‌ വരുന്നവരോടും
നിനക്ക് സംസാരിക്കാനുള്ളത് കഥകള്‍ മാത്രമാണ്.
കഥകള്ക്കപ്പുറമുള്ള ലോകം നിനക്ക് അന്യമായി തീർന്നിട്ടുണ്ട്.
ജീവിതമൊരു കഥയല്ല, കവിതയുമല്ല.
തീക്ഷണമായ അനുഭവങ്ങളെ,  ചിന്തകളെ അടുക്കും ചിട്ടയോടെ പകർത്തിവച്ച്
കുറച്ചു ചായകൂട്ടുകൾ കൊണ്ട് മോടിപിടിപ്പിച്ചു ഉണ്ടാക്കുന്ന
ഒരു വിഭവം മാത്രമാണ് കഥയും കവിതയും.
എല്ലാവരും ഇത്തരത്തിൽ അനുഭവങ്ങളെ വായനയിലൂടെ അറിയാൻ ശ്രമിക്കുന്നവരാകണം എന്നില്ല. ചിലെരെങ്കിലും  ഇതൊന്നുമില്ലതിരുന്ന നിന്റെപഴയ  കാലത്തേ ഇഷ്ടപ്പെടുന്നവരാണ്.
സത്യത്തിൽ നിന്നോട് പോലും നിനക്ക് സ്നേഹമില്ല..
 നിന്റെ ശരീരം പോലും അതിനു സാക്ഷിയാണ്. 
ആരോഗ്യമുള്ള ഒരു ശരീരത്തിനു മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സിനെ കുറിച്ച് അറിയാൻ കഴിയു.  അത്കൊണ്ടാണ് നിനക്ക് എന്നെ അറിയാനോ  മനസ്സിലാക്കുവാനോ സാധിക്കാത്തത്"
'ഞാന്‍ നിന്നെ അറിയാന്‍ ശ്രമിക്കാം. അതിനു ഞാന്‍ എന്താണ് ചെയ്യേണ്ടത്'
"എങ്കില്‍ ഞാന്‍ നിനക്ക് രണ്ടു ജീവിതങ്ങളെ കാണിച്ചു തരാം.
ആദ്യത്തെ ജീവിതം നീ എഴുതാനിരിക്കുന്ന കഥയിലെ നായകന്റെതാണ്.
ഒരു കാലത്ത് നിന്റെ സന്തത സഹചാരിയും, നിന്റെ കളികൂട്ടുകാരനും,
സര്‍വോപരി, കുറെ ബിരുദങ്ങള്‍ എടുത്തു, അവസാനം ഒരു സര്‍ക്കാര്‍ തസ്തികയില്‍ ഗുമസ്തനായി ജോലി ചെയ്യുന്ന ആളിന്റെതാണ്‌.  
രണ്ടാമതായി നീ സംസാരിക്കേണ്ടത് നിന്നിലെ കഥാകൃത്തിനോടാണ്.
പക്ഷെ ഒരു നിബന്ധന ഉണ്ട്. സംസാരിച്ചു കഴിയുമ്പോള്‍ നിനക്ക് നിന്നെ മനസ്സിലാവണം.
പിന്നെ നിന്നെ സ്നേഹിക്കുന്ന എന്നെ  അഥവാ നിന്റെ മനസ്സിനെയും....സമ്മതമാണോ?  
ശരി .. എങ്കില്‍ ഇതാ നീ എഴുതാന്‍ ആഗ്രഹിക്കുന്ന കഥയിലെ  നിന്റെ കളികൂട്ടുകാരന്റെ ജീവിതത്തെ നിന്റെ ചിന്തകളിലേക്ക് തരുന്നു. അവനുമായി നീ സംസാരിക്കു"

'എങ്ങിനെയുണ്ട് രമേശ്‌ ജീവിതം'
"എന്ത് ജീവിതം?  ജനിച്ചത് കൊണ്ട് ജീവിക്കുന്നു.അതിനുമപ്പുറം വലിയ അര്‍ത്ഥങ്ങളൊന്നും ഞാന്‍ ജീവിതത്തിനു കൊടുക്കുന്നില്ല"
'നിനക്കിതു എന്ത് പറ്റി?
നീ ഇങ്ങിനെ ചിന്തിക്കുന്ന ഒരാളായിരുന്നില്ലല്ലോ?
ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുകളും യുക്തിഭദ്രമായ നിലപാടുകളും നിനക്കുണ്ടായിരുന്നു. നീയുമായുള്ള സൌഹൃദം എന്റെ വ്യക്തിത്വത്തെ ഒരു പരിധിവരെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വേള നിന്റെ ചിന്തകളാണ് എന്റെ ചിന്തകളായി പുറത്തു വരുന്നത് എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷെ, നിന്റെ വാക്കുകളിലിപ്പോൾ  നിരാശ നിറഞ്ഞു നിലക്കുന്നതായി മനസ്സിലാവുന്നു'
"അങ്ങിനെയൊരു കാലം ഉണ്ടായിരുന്നു എന്നത് ശരി തന്നെയാണ്.
പക്ഷെ എനിക്കിപ്പോള്‍ ആളുകള്‍ കൂടുന്നിടത്ത് പോവാന്‍ വല്ലാത്ത മടിയാണ്.
ആകെകൂടി പോവാന്‍ തോന്നുന്നത് മരണം നടക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ്.
പിന്നെ മരണത്തിന്റെ എല്ലാ ശേഷക്രിയകളും കഴിഞ്ഞതിനു ശേഷം മാത്രമാണ് ഞാൻ അവിടെനിന്നും  മടങ്ങുക'

'അതിനര്‍ത്ഥം, സമൂഹത്തിനെ ഉള്‍കൊള്ളാന്‍ നിനക്ക് കഴിയുന്നില്ല എന്നാണ്.
നീ ഒളിച്ചോടാന്‍ ശ്രമിക്കുന്നു.
അത് മരണത്തിലൂടെയാണെങ്കില്‍ പോലും നീ ഏറ്റു വാങ്ങാന്‍ തയ്യാറാണ്.
മരണത്തെ നീ ആഗ്രഹിക്കുന്നു എന്നും പറയാം.
നിന്നെ നീ അളക്കുന്നത് മാറിയ സമൂഹത്തെ നോക്കിയാണ്.
പക്ഷെ നീ കാണുന്നത് സാമൂഹ്യ നനമകളെ അല്ല, മറിച്ച്‌ സമൂഹം ഉണ്ടാക്കി വച്ചിരിക്കുന്ന പൊള്ളയായ ജീവിത യഥാര്‍ത്ത്യങ്ങളെയാണ്'
"ഒരു അര്‍ത്ഥത്തില്‍ നീ പറഞ്ഞത് ശരിയാണ്. സമൂഹവുമായി പൊരുത്തപ്പെട്ടു പോവാന്‍ എനിക്ക് കഴിയുന്നില്ല. അതിനു കാരണം, യവ്വനകാലഘട്ടത്തില്‍ എനിക്കുണ്ടായ മാറ്റങ്ങളായിരുന്നു.  ആ കാലത്ത് എന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും, എന്നോട് ഇടപഴകുന്നവരുമെല്ലാം ജീവിത്തിലെ വിവിധതലങ്ങളിലുള്ളവരായിരുന്നു.
അവരിൽ പലരും എന്നെ കണ്ടു പഠിക്കാന്‍ മത്സരിക്കുന്നത് എനിക്കറിയാമായിരുന്നു.
ഓരോ ബിരുദങ്ങള്‍ നേടുമ്പോഴും ഞാൻ സ്വയം എന്റെ അസ്തിത്വത്തിൽ നിന്ന് ഏറെ ദൂരെ പോവുന്നതായി ഒരു തോന്നല്‍ എനിക്കുണ്ടായിരുന്നു.
പിന്നീട് ജോലി തേടിയുള്ള യാത്രകളില്‍ ഞാന്‍ ആഗ്രഹിച്ചത് ഒരു സര്‍ക്കാര്‍ ജോലിയാണ്. പതിയെ പതിയെ എന്നെ മാത്രകയാക്കിയ പലരും എന്നില്‍ നിന്ന് അകന്നു പോവുന്നതായി എനിക്ക് മനസ്സിലാവാൻ തുടങ്ങി. സര്‍ക്കാര്‍ ജോലി നേടിയതില്‍ പിന്നെ എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നുമുണ്ടായില്ല, പകരം അത് ഒരു സ്ഥായിയായ അവസ്ഥയില്‍ ഞാന്‍ എത്തപ്പെട്ടു.   സമൂഹം അപ്പോഴെക്കെ മാറ്റങ്ങള്‍ക്കു വേണ്ടി വെമ്പല്‍ കൊള്ളുകയായിരുന്നു. പലരും കടൽ കടന്നു. ആഗ്രഹിച്ചതൊക്കെ നേടി.   അവരിൽ പലരും സമൂഹത്തിൽ അവരുടെതായ സ്ഥാനമാനങ്ങൾ  ഉണ്ടാക്കി. ഒരു സർക്കാർ ജോലിയിൽ മാത്രം ഒതുങ്ങിപ്പോയ ഞാൻ  എനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ മുന്നിൽ ഒന്നുമില്ലാത്ത ആളായി മാറി.
ഞാൻ ആരുമല്ല, എനിക്ക് ഒന്നുമാവാന്‍ കഴിഞ്ഞില്ല"
'നീ ജീവിതത്തില്‍ എന്നോ മരിച്ചവനാണ്.
മരിച്ചവന്‍ എന്നതിന്റെ വിവക്ഷ പരാജയപ്പെട്ടവന്‍ എന്നും നല്‍കാം.
നിന്റെ പരാജയത്തിന്റെ വ്യാപ്തി നീ അളക്കുന്നത്  മറ്റുള്ളവരില്‍ നിന്ന് നിനക്കില്ലാത്തതിനെ കുറിച്ചോർത്ത്കൊണ്ട്  മാത്രമാണ്.
നിന്റെ ജീവിതാഭിലാഷങ്ങള്‍ പൂവണിയിക്കാന്‍ നിനക്ക് കഴിഞ്ഞില്ലന്നു നീ വിചാരിക്കുന്നു. സുഖവും ദുഖവും ആപേക്ഷികമാണ്.  അത് മാറിമറിഞ്ഞു കൊണ്ടിരിക്കും. നിന്റെ നിർവികാരത കാരണം,  ജീവിതത്തിൽ നീ അനുഭവിക്കുന്ന മനോഹരമായ പല അവസ്ഥകളുടെയും അനുഭൂതി നുകരാൻ നിനക്ക് കഴിയാതെ വരുന്നു....'

"കഥാകാരാ.. ...."
 'എന്തെ  മനസ്സേ'
"ഞാന്‍ നിങ്ങളുടെ സംഭാഷണത്തില്‍ ഇടപെടുകയാണ്.
നിന്റെ കഥയിലെ നായകനെ ജീവിത യാഥാർത്യങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ട് വരാന്‍ പെട്ടെന്ന്  കഴിയില്ല. അത്കൊണ്ട് തന്നെയാണ് ഈ കഥ അപൂര്‍ണമായി നീ എന്നില്‍ അവശേഷിപ്പിച്ചത്.  അയാള്ക്ക് ജീവിതം അറിയാം. എന്നിട്ടും, പരാജയപെട്ടവൻ എന്ന തോന്നൽ സ്വയം സൃഷ്ടിച്ചു ജീവിതത്തെ പഴിച്ചുകൊണ്ട് കാലം കഴിക്കാനാണ് അയാൾ ആഗ്രഹിക്കുന്നത്. ഇനി നിനക്ക് രണ്ടാമത്തെ ആളോട് സംസാരിക്കാം.. അത് നിന്നിലുള്ള കഥാകരനോടാണ്. നീ അറിയാത്ത നിന്നിലെ എഴുത്തുകാരനോട്‌"
"എന്ത്കൊണ്ട് താങ്കളുടെ കഥകളില്‍ ബാല്യത്തെ കുറിച്ചും, അച്ഛനമ്മാരുടെ സ്നേഹത്തെ കുറിച്ചും കാണുന്നില്ല?'
'ഞാന്‍ ഒരു കഥകൃത്ത് അല്ല. കാരണം എനിക്ക് അനുഭവങ്ങളുടെ തീച്ചൂളയില്ല.  ഞാന്‍ വളർന്നത് ഒരു കൂട്ട്കുടുംബത്തില്‍ അല്ല, അത് കൊണ്ട് മുത്തശ്ശി കഥകളെ കുറിച്ച് എനിക്ക് അറിയില്ല. ഞാന്‍ പിച്ചവച്ചത് എന്റെ അമ്മയുടെ കൈകളില്‍ ഇരുന്നല്ല, അത്കൊണ്ട് അമ്മയെക്കുറിച്ച് എഴുതാൻ  എനിക്കറിയില്ല. ജോലി തേടി വിദേശത്തേക്ക് പോയ അച്ഛന്‍ മാസത്തിലൊരിക്കൽ  ഹോസ്റ്റല്‍ വാര്‍ഡനു എഴുതുന്ന കത്തുകളില്‍ കൂടി പകർന്നു കിട്ടിയ സ്നേഹം മാത്രമേ എനിക്കും എന്റെ അച്ഛനും ഇടയിൽ ഒള്ളു  അത് കൊണ്ട് എനിക്ക് അച്ഛനമ്മാരുടെ സ്നേഹത്തിന്റെ ശക്തിയെ കുറിച്ച് എഴുതാനറിയില്ല'
"അനുഭവം ഇല്ലാതെ നിങ്ങള്‍ എങ്ങിനെ എഴുതുന്നു?  ഒരു കഥാകൃത്ത് കുറെ അനുഭവങ്ങള്‍ ഉള്‍കൊള്ളുന്ന ഒരാളായിരിക്കണം എന്ന് പറഞ്ഞു കേള്‍ക്കുന്നു? പക്ഷെ താങ്കളുടെ കാര്യത്തില്‍ അത് ശരി അല്ലല്ലോ? താങ്കള്‍ എങ്ങിനെ കഥ ഉണ്ടാക്കുന്നു?"
'കഥ ഞാന്‍ കാണുന്നത് എന്റെ ചുറ്റും ജീവിക്കുന്ന ആളുകളില്‍ നിന്നാണ്.  എന്റെ കണ്ണുകളില്‍ പ്രതിഫലിക്കുന്ന എന്തിനെയും അറിയാനും, അവയോടു നിശബ്ധമായി സംസാരിക്കാനും ശ്രമിക്കുന്നു. സ്ഥിരം കാഴ്ചകള്‍ കണ്ണിനെ തേടി എത്തുമ്പോള്‍, മടുപ്പിക്കുന്ന കാഴ്ച്ചകളിൽ നിന്ന് മാറി കാണാത്തതിനെ തേടി നടക്കാന്‍ തുടങ്ങും.  കഥ എഴുത്ത് തുടങ്ങുന്നതിനു മുമ്പ്, എന്റെ മനസ്സില്‍ എന്തൊക്കെയോ ഉണ്ടായിരുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ ഇപ്പോള്‍ പൊടുന്നനെ എനിക്ക് ഒന്നും ഓര്‍മിച്ചു എടുക്കാന്‍ കഴിയുന്നില്ല. ഓര്‍ക്കാന്‍ കഴിയാത്ത ഓര്‍മകളുടെ ചെപ്പില്‍ നിന്ന് ചിലതൊക്കെ ഓര്‍മിച്ചെടുക്കാന്‍ ഈയിടെ വിഫല ശ്രമം നടത്തിനോക്കി. പക്ഷെ ഓര്‍മകളെ തേടി നടക്കുന്നതിനു പകരം, കാഴ്ച്ചകളെ തേടി നടക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് എനിക്കിപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്.
 കാഴ്ച്ചകൾ മടുപ്പുണ്ടാക്കില്ല. ഓര്‍മ്മകള്‍ ചിലപ്പോള്‍ അസ്വസ്ഥതയായി മാറും'
"കണ്ടു മറന്ന കാഴ്ച്ഛകളിലെ ചിലതക്കെയോര്‍ത്തു താങ്കള്‍ സ്വയം ചിരിച്ചു കൊണ്ട് പലപ്പോഴും നടക്കാറുണ്ടല്ലോ? എന്നിട്ടും എന്ത് കൊണ്ട് താങ്കളുടെ കഥകളില്‍ തമാശകള്‍ ഉണ്ടാവുന്നില്ല?"
'തമാശകള്‍' നമ്മള്‍ സ്വയം സൃഷ്‌ടിക്കുന്നത്  അല്ല. ചില ചിന്തകള്‍പോലും തമാശകളാണ്.
ഞാന്‍ ഒരു ഉദാഹരണം പറയാം..എന്റെ 'യാത്രക്കിടയില്‍' എന്ന പംക്തിയില്‍, എന്റെ മുന്നില്‍ നില്ക്കുന്ന ചുവന്ന ചുരിദാര്‍ ധരിച്ച ഒരു  പെണ്‍കുട്ടി  ആരുമായോ ഫോണില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന കാഴ്ച  എന്നില്‍ അസ്വസ്ഥയായി പടര്‍ന്നു കയറുന്നു. അപ്പോൾ ഞാന്‍ സ്വയം പറയുന്നു,  അവൾ  അവിടെ നിന്ന് മാറി മറ്റേതെങ്കിലും ഒരു സീറ്റില്‍ പോയിരുന്നു സംസാരിച്ചു കൂടെയെന്ന് കാരണം അവളവിടെ നിന്ന് സംസാരിക്കുന്നതു കൊണ്ട് എനിക്ക് മറ്റൊന്നും ശ്രദ്ധിക്കാന്‍ പറ്റാതെ വരുന്നു,  ഇതില്‍ ഒരു തമാശ ഉണ്ട്.  ഞാന്‍ അവിടെനിന്നു മാറി മറ്റൊരു സ്ഥലത്ത് ഇരുന്നാൽ എനിക്ക് അവളെ കാണേണ്ട അവസ്ഥയുണ്ടാവില്ല  പക്ഷെ ഞാന്‍ സ്വയം  മാറുന്നതിനു പകരം,   അവളോട്‌ മാറി എവിടെയെങ്കിലും പോയി ഇരിക്കാന്‍ പറയുന്നു. .. സമൂഹത്തിന്റെ പൊതുവായ അവസ്ഥയാണിത്.  ഇത് തന്നെയാണ് എന്റെ ചിന്തകള്‍... ഇത് ഒരു ആക്ഷേപഹാസ്യമാണ്. പക്ഷെ വായനക്കാര്‍ എന്നെ  സീരിയസ്സ് എഴുത്തുകാരനായി കാണുന്നത് കൊണ്ടാവാം അവര്‍ക്ക് എന്റെ എഴ്ത്തിലെ തമാശകള്‍ അറിയാന്‍ കഴിയാത്തത്'
"കഥാകാരാ..., നിനക്ക് നിന്നെ മനസിലായില്ലേ, നീ ശൂന്യതയില്‍ നിന്നാണ് കഥകള്‍ ഉണ്ടാക്കുന്നത്. പ്രകൃതിയാണ് നിനക്ക് കഥകള്‍ തരുന്നത്.. നിന്റെ കണ്ണുകള്‍ എങ്ങിനെ പ്രകൃതിയെ നോക്കുന്നുവോ?  അതാണ് നിന്റെ കഥ.  പ്രകൃതിയുടെ മാറ്റങ്ങള്‍ക്കു അനുസരിച്ച് നീന്റെ ചിന്തകളും മാറുന്നു. നീ അനുഭവിക്കുന്ന ഇപ്പോഴുള്ള വിഷമവും അത് തന്നെയാണ്..പൊടുന്നനെ നിന്റെ പ്രക്രതി മാറിയിട്ടുണ്ട്.. അത് മനസിലാക്കാനുള്ള ശ്രമമാണ് നിന്നില്‍ അസ്വസ്ഥതയായി മാറിയത്"
സ്വയം മനസ്സിലായ കഥാകാരന്‍ ചിന്തകളുടെ ഉള്‍കാഴ്ചയുമായി കാഥികന്റെ പണിപ്പുരയിലേക്ക് നടന്നു... .മനസ്സെന്ന അത്ഭുത മാന്ത്രികതയില്‍ വിടര്‍ന്ന കാഴ്ച്ചകളുമായി,..

Tuesday, April 17, 2012

ഇനിയും കഥ തുടരും
അയാള്‍ ഒരു കഥ അന്വേഷിച്ചു നടക്കുകയാണ്..  ജീവിതാനുഭവങ്ങളില്‍  നിന്നാണ് കഥ ഉണ്ടാവുന്നതെന്നു അയാള്‍ക്കറിയാം.. പക്ഷെ, അയാളുടെ മനസ്സ് നിശ്ചലമാണ്.. നിശ്ചലാവസ്ഥ തന്റെ മനസ്സിനെ ചിന്തിപ്പിക്കില്ലന്നു അയാള്‍ക്ക് അറിയാം, അത് കൊണ്ട്, മനസ്സിനെ  അസ്വസ്ഥമാക്കാന്‍   വേണ്ടി അയാള്‍  ശ്രമമാരംഭിച്ചു. 

ഭൂമിയും അതിന്റെ വൈവിദ്യങ്ങളുമായിരുന്നു ആദിമ മനുഷ്യരെ അസ്വസ്ഥമാക്കിയിരുന്നതെങ്കില്‍, ഇന്നത്തെ മനുഷ്യന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നത് അവന്‍ തന്റെതന്നെ സമൂഹത്തിലെ ബലഹീനര്‍ക്കുമേല്‍ സ്ഥാപിക്കുന്ന ആദിപത്യമാണ്.  കുറെ കാലമായി ഈ  ചിന്തകളാണ് ‌ അയാളെ കുറച്ചെങ്കിലും അസ്വസ്ഥനാക്കുന്നതെന്നു  അയാളുടെ കഥകള്‍ വായിച്ചാല്‍ അറിയാം. ഇതിലുമപ്പുറമുള്ള ചിന്തകളാണ് ഇനി അയാള്‍ക്ക് വേണ്ടത്.   ഒടുവില്‍ അയാള്‍ തീരുമാനിച്ചു തന്റെ ഭാര്യയോടു കലഹത്തില്‍ ഏര്‍പ്പെടാന്‍..  അവള്‍ ചിരിച്ചു കൊണ്ട് അയാളോട് ചോദിച്ചു.. "നിങ്ങള്‍ കഥകള്‍ എഴുതാന്‍ വേണ്ടി അല്ലെ എന്നോട് കലഹത്തില്‍ ഏര്‍പ്പെടുന്നത്?  എല്ലാവരും മനസ്സിന്റെ സ്വസ്ഥത ആഗ്രഹിച്ചാണ് ഭാര്യയോട് സംസാരിക്കുക, നിങ്ങള്‍ വല്ലാത്ത ഒരു മനുഷ്യന്‍ തന്നെ,  എന്നാലും നിങ്ങളെ എനിക്ക്  ഇഷ്ട്ടമാണ്, ഒരിക്കലും നിങ്ങളോട് ദേഷ്യപ്പെടാന്‍ എനിക്ക് സാധിക്കില്ല" ഇളിഭ്യനായ അയാള്‍ അലക്ഷ്യമായി മുന്നില്‍ കണ്ട വഴിയിലൂടെ യാത്ര ആരംഭിച്ചു.


അമ്പലത്തിലേക്ക് പോവുകയാണോ? എങ്കില്‍ പാദരക്ഷകള്‍ ഞങ്ങളെ ഏല്‍പ്പിക്കു.  റോഡ്‌ അരികില്‍ സ്ഥാപിച്ചിരിക്കുന്ന പോലീസ് ബാരിക്കേടിനു അടുത്ത് നില്‍ക്കുന്ന താടിവച്ച ചെറുപ്പകാരന്‍ അയാളുടെ നേരെ നോക്കി പറഞ്ഞു. 
എന്റെ ഷൂ ഞാന്‍ അഴിച്ചു വക്കാം, പക്ഷെ അത് നഷ്ടപ്പെടില്ല എന്നതിന് എന്താ ഉറപ്പു?
ഞങ്ങള്‍ക്ക് അഞ്ചു രൂപ തന്നാല്‍, ഞങ്ങളിത് സൂക്ഷിച്ചു വക്കും..
പക്ഷെ സുഹൃത്തെ ഇതിനു അയ്യായിരം രൂപയിലധികം വിലയുണ്ട്‌. ഹഷ് പപ്പീസ്‌ എന്ന ഒരു അമേരിക്കന്‍ കമ്പനിയുടേതാണ് ഇത്.
ഞങ്ങള്‍ക്ക് നിങ്ങളോട് തര്‍ക്കിക്കാന്‍ നേരമില്ല,  പറ്റുമെങ്കില്‍  ഷൂ ഞങ്ങളെ ഏല്പിക്കു.. അമ്പലത്തിലേക്ക് ഇത് ധരിച്ചുകൊണ്ട് പോവാന്‍ പറ്റില്ല.

ഞാന്‍ അമ്പലത്തില്‍ കയറാന്‍ വന്നതല്ല,.. എന്റെ ജോലി കഥ എഴുത്താണ്,  ഞാന്‍ അലക്ഷ്യമായി നടക്കുകയാണ്.. നിങ്ങളെ കണ്ടപ്പോള്‍ എന്റെ കഥയില്‍ നിങ്ങള്‍ വരണമെന്ന് എനിക്ക് തോന്നി, അത് കൊണ്ട് മാത്രമാണ്  നിങ്ങളോട് ഞാന്‍ സംസാരിക്കാന്‍ നിന്നത്. 

മുന്നോട്ടു നടക്കുമ്പോള്‍ വീണ്ടും അയാള്‍ കുറെ ബാരിക്കേഡുകള്‍ കണ്ടു, ഓരോ ബാരിക്കേടിന്നും അരികിലായി പാദരക്ഷകള്‍ സൂക്ഷിക്കാന്‍ ആളുകള്‍ നില്‍ക്കുന്നു.. വഴി നിറയെ കുറെ ആളുകള്‍, സ്ത്രീകളും കുട്ടികളും അവരില്‍ ഉണ്ട്.  ഒരു  ചെറുപ്പകാരിയായ   പെണ്‍കുട്ടി അയാളെ നോക്കി ചിരിച്ചു.. അയാള്‍ ഓര്‍ത്തു , .. അലക്ഷ്യമായി നടക്കുന്ന തന്റെ ലക്‌ഷ്യം ഈ പെണ്‍കുട്ടിയെ കാണാന്‍ ആയിരിക്കാം. പക്ഷെ അവള്‍ അയാളെയും കടന്നു പോയി.. അയാള്‍ക്ക് പിറകിലോട്ടു തിരിഞ്ഞു നോക്കാന്‍ മടി തോന്നി. അമ്പലത്തിനു തോട്ടുഅടുത്തു എത്തിയപ്പോള്‍ അവിടെ കുറെ കച്ചവടക്കാരെ  കണ്ടു, പലതരം പൂക്കള്‍ കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരാളോട് അയാള്‍ അവിടെ ആളുകള്‍ തടിച്ചു കൂടിയതിനെ കുറിച്ച് അനേഷിച്ചു.. അയാള്‍ പറഞ്ഞ മറുപടിയില്‍ നിന്നാണ്, ആ ദിവസം  ശിവരാത്രി ദിനം ആണന്നു അയാള്‍ക്ക് മനസിലായത്.. മുന്നോട്ടു നടക്കുമ്പോള്‍ അയാള്‍ക്ക് എതിരെ ഒരു സ്ത്രീയും പുരുഷനും നടന്നു വരുന്നുണ്ടായിരുന്നു.  ആ സ്ത്രീയുടെ നഗ്നമായ വയറു സാരിയുടെ ഇടയില്‍ കൂടി അയാള്‍ കണ്ടു.  അയാള്‍ നോക്കുന്നത് കണ്ടിട്ടാവണം അവള്‍ സാരി വയറിലേക്ക് വലിച്ചിട്ടു അവിടെ മറച്ചു.. എന്നാലും നേര്‍ത്ത സാരിക്കിടയിലൂടെ അയാള്‍ അവളുടെ വയറിന്റെ മടക്കുകള്‍ കണ്ടു .  സാരിക്കിടയിലൂടെ കണ്ട വയറിന്റെ മാംസളമായ ഭാഗം  അയാളുടെ മനസ്സില്‍ ലഹരി പടര്‍ത്തി .. താന്‍ പണ്ട്  സ്വപനം കണ്ട പെണ്‍കുട്ടികള്‍ക്കും ഇത് പോലെ സാരിക്കിടയിലൂടെ വെളിപ്പെടുന്ന ആലില വയറു ഉണ്ടായിരുന്നതായി അയാള്‍ ഓര്‍ത്തു.. അവരും അയാളെ കടന്നു പോയി..

എന്ത് കൊണ്ടാണ് അവര്‍ മുട്ടിയുരുമ്മി  നടക്കാത്തത്?  കല്യാണം കഴിഞ്ഞ ആദ്യ നാളുകള്‍ മാത്രമായിരിക്കും ഇങ്ങിനെ നടക്കുക.. പിന്നെ പിന്നെ അകലം കൂടും, മനസ്സിന്റെ അകലം കൂടുമോ? കൂടുമായിരിക്കും..എന്നിട്ട് തനിക്കു കൂടിയിട്ടുണ്ടോ... അയാള്‍ ഓര്‍മകളില്‍ ചികഞ്ഞു.. ഭാര്യയുമായി അയാള്‍ കലഹിച്ചിട്ടുണ്ട്.. പിണങ്ങി ഇരിന്നിട്ടുണ്ട്. അവളോട്‌ ഉറങ്ങുകയാണ്  എന്ന് പറഞ്ഞു കള്ളം നടിച്ചു കിടന്നിട്ടുണ്ട്... എന്നിട്ട് .. മറ്റൊരു ദിവസമാവുമ്പോള്‍ കൂടുതല്‍ അടുക്കാന്‍ തോന്നിയിട്ടുണ്ട്.. അവളുടെ കവിളില്‍ തന്റെ മുഖം ചേര്‍ത്ത് കരഞ്ഞിട്ടുണ്ട്.. അവളുടെ പിന്‍കഴുത്തില്‍ ഉമ്മ വച്ച് അവളെ കോരിത്തരിപ്പിച്ചിട്ടുണ്ട്.. അകന്നാല്‍ അടുക്കാന്‍ തോന്നും.. അടുത്താല്‍ അകലാന്‍ തോന്നും.. അതായിരിക്കാം സ്നേഹം.. അവര്‍ സ്നേഹിക്കുനത് കൊണ്ടാവാം അകന്നു നടക്കാന്‍ തോന്നുന്നത്..

അയാള്‍ വീണ്ടും യാത്ര തുടര്‍ന്നു.  മുന്നോട്ടു നടക്കുമ്പോള്‍ അയാള്‍ നാലുപാടും നോക്കി കൊണ്ടിരിന്നു.. കഥയില്‍ എന്തെക്കെ ഉള്‍പ്പെടുത്തണം, ഒരു പെണ്ണും ആണും പ്രണയിക്കുന്നത് വേണം, അല്ലങ്കില്‍ കഥ ആവില്ല.. പക്ഷെ.. പ്രണയിക്കുന്നവരെ അയാളുടെ കണ്ണുകള്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല.. കണ്ട കാഴ്ചകളിലെല്ലാം സ്ത്രീയും പുരുഷനും പരസ്പരം അകലം പാലിച്ചു കൊണ്ട് നടക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നിപ്പിച്ചു.

തണുത്ത കാറ്റ് വീശിയപ്പോള്‍  അയാളെ ചെറുതായി തണുക്കാന്‍ തുടങ്ങി..  നെറ്റിയില്‍ തൊട്ടു നോക്കി.. വിയര്‍ത്തിട്ടുണ്ടോ .. ഇല്ല.. അതിനു ഇനിയും നടക്കണമായിരിക്കും.. വിയര്‍ത്താല്‍ തണുക്കില്ല എന്നാണ് അയാളുടെ വിശ്വാസം..  ചില വിശ്വാസങ്ങളും സ്വപ്നങ്ങളും ചേര്‍ന്നതാണ്  ജീവിതമെന്നാണ്  അയാള്‍ വിശ്വസിക്കുന്നത്.. പക്ഷെ ഓരോ സ്വപ്നത്തിനും അടുത്ത് എത്തുമ്പോള്‍, അത് താന്‍ കണ്ട സ്വപനമല്ലന്ന തിരിച്ചറിവില്‍ അയാള്‍ എത്തുന്നു .. അത് കൊണ്ട്തന്നെ, മറ്റുള്ളവരുടെ സ്വപനങ്ങളെ കുറിച്ച് അയാള്‍ കഥകളില്‍ എഴുതി നിറച്ചു.  കഥകള്‍ എഴുതി തീരുമ്പോള്‍  അതായിരുന്നു തന്റെ സ്വപനമെന്നു അയാള്‍ തിരിച്ചറിഞ്ഞു. ഓരോ സ്വപ്നത്തിന്റെ അവസാനവും മറ്റൊരു സ്വപ്നത്തിന്റെ തുടക്കമാണ് എന്ന് അയാള്‍ തിരിച്ചറിഞ്ഞതും മറ്റുള്ളവരുടെ സ്വപങ്ങളില്‍ കൂടി ആയിരുന്നു.. 

ദൂരെ ഒരു മരത്തിനു അരികിലായി നീല സാരിയില്‍ ഒരു സ്ത്രീ ഇരിക്കുന്നത് അയാള്‍ കണ്ടു.. ആ മരത്തിനു അരികെ തനിച്ചിരിക്കാന്‍ ആ സ്ത്രീയെ പ്രേരിപ്പിച്ചത് എന്താവും?   അയാള്‍ ആ മരത്തിനു അരികിലേക്ക് നടന്നു..  വളരെ വൃത്തിയായി വസ്ത്രം  ധരിച്ച ഒരു പ്രായമായ സ്ത്രീ ആയിരുന്നു അത്. എന്തിനാണ് ഈ സ്ത്രീ ഇങ്ങിനെ തനിചിരിക്കുന്നത്,  ഒരു പക്ഷെ ജീവിതത്തില്‍ അവര്‍ ഒറ്റപ്പെട്ടു പോയിട്ടുണ്ടാവും.    തണുത്ത കാറ്റ് വീശുന്നതും, അത് മരച്ചില്ലകളെ തഴുകി തലോടി പോവുന്നതും അവരറിയുന്നില്ല.  അവര്‍ മറ്റൊരു ലോകത്തില്‍ ആണ് എന്ന് തോന്നുന്നു.. താലോലം പാടി ഉറക്കി, വളര്‍ത്തി വലുതാക്കിയ മക്കള്‍ ആയിരിക്കുമോ അവരെ ഇങ്ങിനെ ഒറ്റപ്പെടുത്തിയത്?   അതോ ഭൌതിക ലോകത്തിലെ സുഖസൌകര്യങ്ങള്‍ തേടി പോയ ഭര്‍ത്താവായിരിക്കുമോ? എങ്ങിനെ ആയാലും അവരെ ജീവിപ്പിക്കുന്നത് സ്വപനങ്ങള്‍ ആണ്  .. അല്ലായിരുന്നുവെങ്കില്‍  ഇങ്ങിനെ തനിച്ചിരുന്നു  മറ്റൊരു ലോകത്തിലൂടെ അവര്‍ തന്റെ മനസ്സിനെ വിഹരിക്കാന്‍ ഇഷ്ടപ്പെടുമോ?

അയാള്‍ക്ക് സമാധാനമായി.. ആദ്യമായി തന്റെ മനസ്സ് അസ്വസ്ഥമാവന്‍  തുടങ്ങിയിരിക്കുന്നു.. ഒറ്റപ്പെടലിന്റെ  വേദന നിറഞ്ഞ സുഖത്തെ കുറിച്ച് ഓര്‍ക്കാന്‍ കഴിയുന്നു...  ചിലപ്പോള്‍ തോന്നും ഒറ്റപ്പെടലാണ് ജീവിതത്തില്‍ സന്തോഷം ഉണ്ടാക്കുന്നതെന്ന്...  പിന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കണ്ടല്ലോ, സ്വന്തത്തിനു വേണ്ടി മാത്രമായി ജീവിക്കാം.. പാരധികള്‍ കേള്‍കണ്ട.. പരിഭവങ്ങള്‍ അറിയണ്ട..താന്‍ ചെയ്തു കൊടുത്ത ഉപകാരത്തിനു പകരമായി തിരിച്ചു കിട്ടാത്ത നന്ദിയെയോ, പുഞ്ചിരിയെയോ ഓര്‍ത്തു ഹൃദയത്തില്‍ ദുഃഖങ്ങള്‍ നിറക്കണ്ട.  പക്ഷെ, മറ്റു ചിലപ്പോള്‍ തോന്നും  മറ്റുള്ളവര്‍ക്ക്  വേണ്ടി ജീവിക്കുന്നതിനും ആനന്ദം ഉണ്ടന്ന് .   അപ്പോള്‍ തന്നെയാണ് തനിക്കു ആരെക്കെയോ ഉണ്ടന്ന തോന്നലുകള്‍ ഉണ്ടാവുന്നതെന്ന് ..  സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുക എന്നതിലും സുഖം, അത് സ്വപ്നമായി അവശേഷിക്കുന്നത് തന്നെയാണ്. അപ്പോള്‍ തന്നെയാണ് ജീവിക്കാനുള്ള പ്രേരണ ഉണ്ടാവുന്നതും.  ഇനി കഥ ഉണ്ടാക്കാം...അസ്വസ്ഥമായ   മനസ്സില്‍ നിന്ന് സുന്ദരമായ കഥകള്‍ ഉണ്ടാക്കാം... അയാള്‍ക്ക് ആര്‍പ്പു വിളിക്കാന്‍ തോന്നി.. സന്തോഷം കൊണ്ട് അയാള്‍ തുള്ളിച്ചാടി..ലക്‌ഷ്യം നേടിയ സന്തോഷത്തോടെ അയാള്‍ യാത്ര തുടര്‍ന്നു.    പെട്ടന്ന്  അത്യുച്ചത്തിലുള്ള ഒരു ശബ്ദം ആ പ്രദേശത്തെ ഭീതിയില്‍ ആഴത്തി.. ആളുകള്‍ നാല് പാടും ചിതറി ഓടി.. .. അന്തരീക്ഷത്തില്‍ തീഗോളങ്ങള്‍ ഉയര്‍ന്നു പൊങ്ങി..കുറച്ചു നിമ്ഷങ്ങള്‍ക്ക് ശേഷം വീണ്ടും  അതിലും ഭയാനകമായ ഒരു ശബ്ദം കൂടി അയാള്‍ കേട്ടു. ആ പ്രദേശത്തെ തല ഉയര്‍ത്തി നില്‍ക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വിറകൊണ്ടു.. കെട്ടിടത്തിനകത്ത് നിന്ന് ആളുകള്‍ ഇറങ്ങി ഓടാന്‍ തുടങ്ങി.. ഡീസലിന്റെയും പെട്രോളിന്റെയും രൂക്ഷ ഗന്ധം അന്തരീക്ഷത്തെ മലിനമാക്കാന്‍ തുടങ്ങി.. അയാള്‍ മൂക്കിന്റെ ആഗ്രഭാഗം കൈ വച്ച് അടച്ചു പിടിച്ചു.  കറുത്തിരുണ്ട പുക മേല്പ്പോട്ടുയര്‍ന്നു ഭൂമിക്കും ആകാശത്തിനുമിടയില്‍ ഒരു ആവരണം തീര്‍ത്തു. സൈറന്‍ മുഴക്കി കൊണ്ട്  മുറിവേറ്റവരേയും രോഗികളേയും കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ഇരച്ചു എത്തി.  ആളുകള്‍ പൊട്ടികരഞ്ഞു കൊണ്ട് ഓടുന്നത് അയാള്‍ കണ്ടു, നേരത്തെ തനിച്ചിരുന്നു ഏതോ ദിവാസ്വപ്നത്തില്‍ മുഴകിയിരുന്ന ആ വൃദ്ധയായ സ്ത്രീ മാറത്തടിച്ചു നിലവിളിച്ചു കൊണ്ട് അയാള്ക്കരികിലൂടെ ദ്രിതിപ്പെട്ടു ഓടി.. ആരെക്കെയോ പറയുന്നത് കേട്ടു.. ബോംബു ബോംബു, ചിലര്‍ പറയുന്നത് കേട്ടു കാറിലാണ് ബോംബു പൊട്ടിയത്. ..  എല്ലാം നശിച്ചു.. ഒന്നും ബാക്കിയില്ല.. നിരാലംബരായ ശരീരം വെന്തുകരിഞ്ഞ കുറച്ചു മനുഷ്യര്‍ മാത്രമല്ലാതെ...

ക്ലൈമാക്സ്‌ കിട്ടിയ സന്തോഷത്താല്‍,  ആഹ്ലാദഭരിതനായി അയാള് വിളിച്ചു പറഞ്ഞു: ഹാ എത്ര സുന്ദരമിനിമിഷം!! ..

Thursday, April 12, 2012

യാത്രാമധ്യേ

യാത്രാമധ്യേ
----------------------

അയാള്‍ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുകയാണ്. പതിവില്‍ നിന്ന് വിപരീതമായി അന്ന് അയാള്‍ ചൂട് വെള്ളത്തിലാണ് കുളിച്ചത്. വേഷത്തില്‍ വ്യത്യസ്തത വരുത്തേണ്ട ആവശ്യം വന്നില്ല, പതിവുപ്പോലെ തന്നെ, വെളുത്ത മുണ്ടും, ജൂബയും.  അവസാനമായി ചുമരില്‍ പ്രതിഷ്ടിച്ച കണ്ണാടിയില്‍ തന്റെ രൂപം ഒന്നുകൂടെ നോക്കി. കണ്ണാടിക്കുള്ളിലൂടെ മനസ്സ് സഞ്ചരിച്ചു അത് ചെന്നെത്തിയത് , തളര്‍ന്നവശയായ അയാളുടെ പ്രിയതമയുടെയും, മക്കളുടെയും അടുത്തായിരുന്നു. അയാളുടെ വിടര്‍ന്ന നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു, പെട്ടെന്ന് അയാളുടെ ചുണ്ടുകള്‍ വിറച്ചു, കുറച്ചു നേരം പ്രാര്‍ത്ഥനയില്‍ മുഴുകി. അയാളുടെ വരവും പ്രതീക്ഷിച്ചു പുറത്തു പ്രകൃതി ഒരുങ്ങി നില്‍പ്പുണ്ടായിരുന്നു . ചെങ്കൊടികള്‍ കാറ്റില്‍ പാറി പറക്കുന്നു. ആയിരമായിരം തൊഴിലാളികളുടെ പ്രാര്‍ത്ഥനകള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരിക്കുന്നു. അനേകം വിപ്ലങ്ങള്‍ക്ക് സാക്ഷിയായ ആ ഗ്രാമ മൈതാനത്ത് താല്‍കാലികമായി പണിത ആ കഴുമരത്തിലേക്ക് അയാള്‍ ആനയിക്കപ്പെടുകയാണ്.. ജീവിതവും മരണവും തമ്മിലുള്ള ആലിംഗനത്തിന്റെ അവസാന യാമത്തിലാണ് താനെന്നു അയാള്‍ക്ക് തിരിച്ചറിവുണ്ടായപ്പോള്‍ മോഹാലസ്യപ്പെട്ടു വീണുപോവുമോ എന്നയാള്‍ ഭയന്നു. ധീരനായി അജയ്യനായി മരണം വരിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. തൂക്കുകയര്‍ അയാളുടെ കഴുത്തിലേക്കു നീളുന്നു. കയര്‍ മുറുകുന്നു.... അയാള്‍ പിടയുന്നു .. കണ്ണുകള്‍ തുറിച്ചു പുറത്തേക്കു വരുന്നു.
നാടകാന്ത്യം.
.
'ഫ്ലേവര്‍ ഓഫ് വേള്‍ഡ്' എന്ന ട്രൂപ്പിന്റെ നാടകമാണ് അവിടെ നടക്കാന്‍ പോവുന്നത്, അവര്‍ ലോകമൊട്ടാകെ സഞ്ചരിച്ചു വിജയകരമായി പ്രദര്‍ശനം നടത്തിയ നാടകത്തിന്റെ ആധുനിക പതിപ്പാണ്‌ ഇങ്ങു കേരളത്തില്‍ അവതരിപ്പിക്കാന്‍ പോവുന്നത്. സ്റ്റേജ് കമനീയമായി അലങ്കരിച്ചിരിക്കുന്നു. സ്റ്റേജ്നു മുന്നിലായി കുറെ ചിത്രങ്ങള്‍ പതിച്ചിരിക്കുന്നു, താടിയും മീശയും ഉള്ളവരും , മീശ ഇല്ലാത്തവരും, മുടി വെട്ടാത്തവരും ആയി കുറെ ചിത്രങ്ങള്‍. നമ്മളിപ്പോള്‍ ആദ്യം കണ്ട തൂക്കിലേറ്റുന്ന കാഴ്ച, റിഹേര്‍സല്‍ കാമ്പില്‍ വച്ച്, ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഒളികാമറയില്‍ പകര്‍ത്തിയ ദ്രിശ്യങ്ങളില്‍ നിന്നുള്ളതാണ്. നാടകത്തിന്റെ ക്ലൈമാക്സ്‌ പുറത്തായതോടെ നാടക പ്രവര്‍ത്തകര്‍ ആകെ അങ്കലാപ്പിലാണ്. ഒരു പക്ഷെ ക്ലൈമാക്സ്‌ ലോകമറിഞ്ഞിട്ടും നാടകം പ്രദര്‍ശിപ്പിക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന ലോകത്തിലെ ആദ്യത്തെ നാടക ട്രൂപ്പാവാം ഇത് . ഇനി ക്ലൈമാക്സ്‌ മാറുമോ, അതോ ക്ലൈമാക്സില്‍ എത്തുന്നതിനു മുമ്പ് നാടകം അവസാനിക്കുമോ, ഇതെക്കെ അറിയണമെങ്കില്‍ നാടകം അവസാനം വരെ കാണണം.
.
ഉച്ചഭാഷിണി ശബ്ദിച്ചു തുടങ്ങി, ഈ നാടകം ഇവിടെ അവതരിപ്പിക്കുന്നത്, കപട വേഷക്കാരനായ ഒരു ഒറ്റുകാരന്റെ കഥയാണ്. ആയിരമായിരം തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചോര കൊണ്ട് പണിതുയര്‍ത്തിയ പ്രത്യയശാസ്ത്രത്തെ മതമൌലിക വാദികളുടെ ആലയത്തില്‍ കൊണ്ട് പോയി കശാപ്പു ചെയ്യാന്‍ നിര്‍ദയം നിന്ന് കൊടുത്ത്‌ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഒറ്റുകാരനായ ഒരു രാഷ്ട്രീയ കോമരത്തിന്റെ കഥ. നമ്മുടെ ലോകം വര്‍ഗീയതിലും മുതാളിത്ത കിരാതന്മാരുടെ ചൂഷണങ്ങളിലും നിരന്തരം വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്. റഷ്യയുടെ പതനത്തോടെ അമേരിക്കന്‍ സാമ്രാജ്യത്വം കൂടുതല്‍ ശക്തമായി ലോകത്തെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നു. മനുഷ്യന്‍ തിനമകളില്‍ നിന്ന് പൈശാചികതയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു.. നീതിയും ധര്‍മവും അസ്തമിച്ചിരിക്കുന്നു.. മനുഷ്യനെ ബോധവല്‍കരിക്കേണ്ട മതങ്ങള്‍ തമ്മിലടിച്ചും, പുരോഹിത വര്‍ഗ്ഗത്തിന്റെ കീശ വീര്‍പ്പിക്കുവാനുള്ള ചട്ടുകമായും മാറിയിരിക്കുന്നു. തടിയും തലപ്പാവും ധരിച്ച പുരോഹിത വര്‍ഗം സ്വന്തം ലാഭത്തിനു വേണ്ടി മതത്തിന്റെ പേര് പറഞ്ഞു, ദൈവ വചനങ്ങള്‍ മനുഷ്യരിലേക്ക് അറിയിച്ചു കൊടുക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകരുടെ മുടിയുടെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്ക് ലോകം എത്തപ്പെട്ടിരിക്കുന്നു. ഇവിടെ ഒരു പുതിയ വിപ്ലവം ഉയര്‍ന്നുവരേണ്ടതുണ്ട് . വിപ്ലവം ജയിക്കട്ടെ.. വിപ്ലവം ജയിക്കട്ടെ..
.
രംഗം ഒന്ന്
.
സ്റ്റേജ് ഒരു തെരുവ്‌ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ രൂപകല്‌പന ചെയ്തിരിക്കുന്നു. രണ്ടാളുകള്‍ ഒരു അടഞ്ഞു കിടക്കുന്ന പീടിക തിണ്ണയുടെ അരികില്‍ ഇരിക്കുന്നു.. ഒരാള്‍ ചെറുപ്പക്കാരനും, മറ്റേ ആള് ഒരു വൃദ്ധനുമാണ്. ചെറുപ്പക്കാരന്റെ ചുണ്ടില്‍ ഒരു ബീഡിയുണ്ട്. അയാളത് ആഞ്ഞു വലിക്കുന്നു, പുകചുരുളുകള്‍ അന്തരീക്ഷത്തില്‍ അര്‍ദ്ധ ഗോളങ്ങള്‍ തീര്‍ത്തു ലയിച്ചു ചേരുന്നു. അവരിപ്പോള്‍ സംസാരിക്കുകയാണ്.
.
ചെറുപ്പക്കാരന്‍: കേശവേട്ടാ പാര്‍ട്ടിക്ക് എന്താ ഇപ്പോള്‍ ഇങ്ങിനെ തോന്നാന്‍? കമ്മ്യൂണിസം പിറവി കൊണ്ടത്‌ തന്നെ, ജര്‍മനിയിലെ മത പൌരോഹിത്യ വര്‍ഗം പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് കണ്ടത് കൊണ്ടാണ്.
.
വൃദ്ധന്‍: പാര്‍ട്ടി പറഞ്ഞതില്‍ എന്താ തെറ്റ് ജോസഫ്‌? യേശു വിശ്വസിച്ചതും പാര്‍ട്ടി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും അടിസ്ഥാനപരമായി ഒന്നല്ലേ?
.
ചെറുപ്പക്കാരന്‍ : പാര്‍ട്ടി ദൈവത്തില്‍ വിശ്വസിക്കുന്നില്ലല്ലോ, പിന്നെ എങ്ങിനെ പുത്രനില്‍ വിശ്വസിക്കും? യേശു ഒരു മതത്തിന്റെ സ്ഥാപകന്‍ ആണ് . യേശുവിനെ വിശ്വസിക്കുന്നു എങ്കില്‍ ആ മതത്തിനെയും വിശ്വസിക്കണ്ടേ? അല്ലെങ്കില്‍ മുമ്പ് മതത്തിനെ തള്ളിപറഞ്ഞതൊക്കെ തെറ്റാണു എന്ന് പറയേണ്ടി വരും.
.
വൃദ്ധന്‍: യേശു ദൈവപുത്രനാണ് എന്ന് പാര്‍ട്ടി പറയുന്നില്ല . യേശു ഒരു മനുഷ്യന്‍ ആയിരുന്നു..

ചെറുപ്പക്കാരന്‍: യേശുവിനെ കുറിച്ച് നമ്മള്‍ ചരിത്രത്തില്‍ നിന്ന് അറിയുന്നതില്‍ കൂടുതല്‍ ബൈബിളില്‍ നിന്നല്ലേ അറിയുന്നത്?
.
വൃദ്ധന്‍ : യേശു മരിച്ചു എത്രയോ കഴിഞ്ഞതിനു ശേഷമാണു, മനുഷ്യകരങ്ങള്‍ കൊണ്ട് എഴുതപ്പെട്ട ബൈബിള്‍ ഉണ്ടാവുന്നത്. മനുഷ്യന്റെ കൈകടത്തലുകള്‍ അതില്‍ ഉണ്ട്.
.
ചെറുപ്പക്കാരന്‍ : യേശു മനുഷ്യനായിരുന്നു എന്ന് സമ്മതിക്കാം, എന്നാല്‍ സാധാരണ മനുഷ്യനായിരുന്നുവോ? കന്യകയായ മറിയമാണ് യേശുവിന്റെ മാതാവ്‌. അത് പാര്‍ട്ടി വിശ്വസിക്കുമോ?
.
വൃദ്ധന്‍ : യേശു ദൈവപുത്രനാണോ മനുഷ്യനാണോ എന്നതല്ല പാര്‍ട്ടിക്ക് പ്രധാനം. യേശു എന്താണ് ചെയ്തത് എന്നറിയാമോ, അന്ന് നിലവില്‍ ഉണ്ടായിരുന്ന എല്ലാ വ്യവസ്ഥകളോടും സമാധാനപരമായി കലഹിച്ചു, അതിനു എതിരായി സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചു. യേശു ജനങ്ങളെ ഒന്നായി കാണാന്‍ ശ്രമിച്ചു. വേഷമോ വര്‍ഗമോ ഒന്നും പരിഗണിച്ചില്ല. ജനം മഗ്ദനമറിയത്തെ കല്ലെറിഞ്ഞപ്പോള്‍ യേശു എന്താണ് ചെയ്തത്, പാപം ചെയ്യാത്തവര്‍ കല്ലെറിയു എന്നല്ലേ പറഞ്ഞത്.
.
ചെറുപ്പക്കാരന്‍: അതിനു യേശു മാത്രമാണോ മഹാന്‍, വേറെയും മഹാന്മാര്‍ ഇത്പോലോയെക്കെ പറഞ്ഞിട്ടില്ലേ?
.
വൃദ്ധന്‍: ഇടയ്ക്കു കയറി സംസാരിക്കരുത്. ഞാന്‍ പറഞ്ഞത് മുഴുവനാക്കട്ടെ .. ഇരുളിന്റെ മറവില്‍ അവളെ പ്രാപിച്ചവര്‍ വെളിച്ചത്തില്‍ അവള്‍ക്കു നേരെ കല്ലെറിഞ്ഞു. ഈ ഇരട്ടത്താപ്പു യേശുവിനു ഇഷ്ടമായില്ല.. കാരണം യേശു ഒരു മനുഷ്യന്‍ ആയിരുന്നു. അന്നാന്നത്തെ അപ്പത്തിനു വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന വെറും സാധാരണക്കാരനായ ജനങ്ങളുടെ നന്മ മാത്രം ആഗ്രഹിച്ച ഒരാള്‍. യേശു അവരില്‍ ഒരാളായിരുന്നു, മരപ്പണിക്കാരന്‍, ആ പാവപ്പെട്ട ജനത്തിനെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചപ്പോളെല്ലാം യേശു അതിനെ എതിര്‍ത്തു. രാജാവിനോടും പ്രജകളോടും ഒരു പോലെ കലഹിച്ചു, ഒടുവില്‍ എല്ലാവരും കൂടി യേശുവിനെ കുരിശിലേറ്റി.. ഉയിര്‍ത്തു എഴുന്നെല്പ്പും അത്ഭുതങ്ങളും എല്ലാം യേശുവിന്റെ ശിഷ്യന്മാര്‍ എഴുതി ചേര്‍ത്തത് ആവാം, അല്ലായിരിക്കാം. യേശു പണക്കാരന്റെ പട്ടുമെത്ത ആഗ്രഹിച്ചില്ല, പകരം മരകുരിശു വരിച്ചു. പിന്നീട് എണ്ണമറ്റ വിപ്ലവകാരികള്‍, രക്തസാക്ഷികള്‍, അവരും അതല്ലേ ചെയ്തത്, ചൂഷണങ്ങള്‍ക്കും പ്രോലഭാനങ്ങള്‍ക്കും അടിമപ്പെട്ടില്ല, പകരം മരണം ചോദിച്ചു വാങ്ങി, ആര്‍ക്കു വേണ്ടി? ചോദിക്കാനും പറയാനും ഇല്ലാതിരുന്ന ഒരു വര്‍ഗത്തിന് വേണ്ടി.
.
ചെറുപ്പക്കാരന്‍ : ഇത് പോലെ ആരെങ്കിലും ഇപ്പോള്‍ ഉണ്ടോ പാര്‍ട്ടിയില്‍? !!
.
വൃദ്ധന്‍ : ഉണ്ടായിരുന്നു ജോസഫ്‌, സഖാവ് കൃഷ്ണപിള്ള, ചടയന്‍ ഗോവിന്ദന്‍, പിന്നെയും എണ്ണമറ്റ പാവങ്ങള്‍, പേരും പെരുമയും ഇല്ലാത്തവര്‍. അവരെ ആരും ഓര്‍ത്തില്ല.. ഒരു രക്തസാക്ഷി മണ്ഡപവും ഉയര്‍ന്നില്ല..
.
ചെറുപ്പക്കാരന്‍ : നിങ്ങള്‍ ചിന്തിച്ചു ചിന്തിച്ചു പാര്‍ട്ടിക്ക് എതിരായി പറയുന്നു. ഓരോ കമ്മ്യൂണിസ്റ്റ്‌കാരനും ഇപ്പോള്‍ ഇങ്ങിനെ തന്നെ ആയിരിക്കും അല്ലേ ചിന്തിക്കുന്നുണ്ടാവുക? . നിങ്ങള്‍ രക്തസാക്ഷി മണ്ഡപം തീര്‍ത്തത് അധികാരത്തിനു വേണ്ടി മാത്രമായിരുന്നില്ലേ? വെറും വോട്ടിനു വേണ്ടി മാത്രമായിരുന്നില്ലേ?

വൃദ്ധന്‍ : വോട്ടു ഇല്ലാതെ എങ്ങിനെ ഭരിക്കും ജോസഫ്‌?
.
ചെറുപ്പക്കാരന്‍: ഭരിച്ചിട്ടു എന്താ നേടിയത്, എവിടെയെങ്കിലും സോഷിലിസം ഉണ്ടാക്കാന്‍ പറ്റിയോ? കാറല്‍ മാക്സിന്റെ സ്വപനം പൂവണിഞ്ഞുവോ? ജര്‍മനിയും, റഷ്യയും, റുമേനിയയും, യുഗ്ലോസ്ലാവിയും നിങ്ങള്ക്ക് നഷ്ടമായില്ലേ? കാലഹരണപെട്ട പാര്‍ട്ടിയുടെ സംഹിതകള്‍ അല്ലേ ചൈനയില്‍, പേരിനു ഒരു ക്യുബ ഉണ്ട്. അവിടെ പോലും യഥാര്‍ത്ഥ കമ്മ്യൂണിസം ഉണ്ടോ?
.
വൃദ്ധന്‍ : ഭരിച്ചിട്ടു പലതും നേടി ജോസഫ്‌, ഭൂപരിഷ്കരണം വന്നില്ലായിരുന്നുവെങ്കില്‍, എന്റെ അച്ഛന്‍ അധ്യാപകന്‍ ആവുന്നത് പോയിട്ട് സ്കൂളിന്റെ പടി പോലും കാണില്ലായിരുന്നു. എന്റെ അമ്മയുടെ മാറില്‍ ഒരു തുണി പോലും ഇടാന്‍ 'തമ്പുരാന്‍' സമ്മതിക്കില്ലായിരുന്നു. അങ്ങിനെ പലതും ഒഴിവാക്കിയത് ഈ പറയുന്ന 'ദൈവനിന്ദകാരായ കമ്മ്യൂണിസ്റ്റ്‌കാര്‍ ഭരിച്ചത് കൊണ്ടാണ്.
.
ചെറുപ്പക്കാരന്‍: പാര്‍ട്ടി ഭരണ നേട്ടത്തെ കുറിച്ച് പറയുന്നതിലും കൂടുതല്‍ പരിഷ്കാരങ്ങള്‍ ബ്രിടിഷ്കാര്‍ ഇന്ത്യയില്‍ ചെയ്തിട്ടുണ്ട്. അപ്പോള്‍ ബ്രിട്ടീഷ്‌കാരാണ് സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ എന്ന് പറയേണ്ടി വരും. കഷണം കഷണമായി കിടന്ന കുറെ നാട്ടു രാജ്യങ്ങളെ ഒന്നിപ്പിച്ചു ഒരു ഒറ്റ രാജ്യമാക്കാന്‍ അവര്‍ ശ്രമിച്ചു, ഇന്നും നമ്മള്‍ ഉപയോഗിക്കുന്ന റോഡുകളും അണക്കെട്ടുകളും, റെയില്‍വേയും ഉണ്ടാക്കിയത് അവരാണ്.. ബ്രിടിഷ്കാര്‍ ഇവിടെ ഇല്ലായിരുന്നു എങ്കില്‍ ഇന്ത്യ ഒരു ആഫ്രിക്ക ആയേനെ
.
വൃദ്ധന്‍ : ബ്രിട്ടീഷ്‌കാര്‍ പാലം ഉണ്ടാക്കിയത് അവര്‍ക്ക് വേണ്ടി ആയിരുന്നു. അല്ലാതെ ഇന്ത്യക്കാരെ നന്നാക്കാന്‍ വേണ്ടി ആയിരുന്നില്ല.
.
ചെറുപ്പക്കാരന്‍: എന്നിട്ട് ആ പാലങ്ങളില്‍ കൂടെ കമ്മ്യൂണിസ്റ്റുകാര്‍ എന്തിനു നടന്നു, അത് ഇടിച്ചു നിരപ്പാക്കി കമ്മ്യൂണിസ്റ്റ്‌ പാലങ്ങള്‍ ഉണ്ടാക്കി കൂടായിരുന്നോ? നിങ്ങള്‍ എത്ര സ്ഥലത്ത് ഭരിച്ചു, കേരളം, ബംഗാള്‍, ത്രിപുര, കഴിഞ്ഞു.. എന്നിട്ട് അവിടെയൊക്കെ സോഷ്യലിസം ഉണ്ടാക്കിയോ, അവിടെ പാവങ്ങള്‍ ഇപ്പോഴും പവങ്ങളായി തന്നെ ഉണ്ട്. തൊട്ടു കൂടായ്മയും തീണ്ടി കൂടായ്മയും ഇപ്പോഴും ഉണ്ട് അവിടെ.
.
വൃദ്ധന്‍: കേരളത്തില്‍ ഉണ്ടോ പറയു, ആരെങ്കിലും കാണിച്ചാല്‍ അടി വങ്ങും
.
ചെറുപ്പക്കാരന്‍: കേരളം കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല ഭരിച്ചത്, അപ്പോള്‍ അത് എങ്ങിനെ കമ്മ്യൂണിസ്റ്റ്‌ നേട്ടമാവും?
.
വൃദ്ധന്‍ : നിങ്ങള്‍ കുറ്റം കണ്ടുപിടിക്കാന്‍ നടന്നാല്‍ അതിനു മാത്രമേ നേരം കാണു. എല്ലാം നയിക്കുന്നത് മനുഷ്യര്‍ ആണ്. അത് കൊണ്ട് കുറ്റങ്ങളും കുറവുകളും എല്ലാത്തിലും ഉണ്ടാവും.
.
ചെറുപ്പക്കാരന്‍: കമ്മ്യൂണിസം എന്നാല്‍ ഒരു സ്വപ്നമാണ്. ആ സ്വപനം ഇത്ര കാലമായിട്ടും നിങ്ങള്ക്ക് നടപ്പിലാക്കാന്‍ പറ്റിയില്ല. അതിനര്‍ത്ഥം ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്ത ഒരു പ്രത്യയശാസ്ത്രമാണ് അതെന്നാണ്‌. ദൈവത്തെയും മതത്തെയും എതിര്‍ത്ത് അവസാനം ദൈവത്തിന്റെ ഫോട്ടോ വച്ച് നിങ്ങള്‍ ആരാധിക്കുന്നു. അപ്പോള്‍ മതത്തെ നിങ്ങള്‍ അംഗീകരിക്കുന്നു . മത നായകര്‍ പറഞ്ഞത് തന്നെയാണ് കമ്മ്യൂണിസം പറയുന്നതും എന്ന് നിങ്ങള്‍ പറയുന്നു.. പിന്നെ മതം എങ്ങിനെ മനുഷ്യനെ മയക്കുന്ന കറുപ്പായി?
.
വൃദ്ധന്‍ : അതിനു ചരിത്രം അറിയണം, മതങ്ങളുടെ പേരില്‍ മനുഷ്യന്‍ മനുഷ്യനോടു ചെയ്തു കൂട്ടിയ ക്രൂരതകള്‍ അറിയണം. അപ്പോള്‍ ഈ ചോദ്യം ചോദിക്കില്ല.
.
ചെറുപ്പക്കാരന്‍ : അപ്പോള്‍ സ്റ്റാലിന്‍ ചെയ്തതോ? ഈ കൊച്ചു കേരളത്തില്‍ തന്നെ, പാര്‍ട്ടി എത്രയോ കൊലപാതകങ്ങളും, ക്രൂരകൃത്യങ്ങളും ചെയ്തിട്ടില്ലേ?
.
വൃദ്ധന്‍ : സ്റ്റാലിന്‍ ഒരു വ്യക്തി ആയിരുന്നു, ഒരു വ്യക്തി ചെയ്ത തെറ്റിന്റെ പേരില്‍ ഒരു പ്രസ്ഥാനത്തെ ക്രൂശിക്കണോ? അയാള്‍ ചെയ്തത് അധികാരം നിലനിര്‍ത്താന്‍ വേണ്ടി ആയിരുന്നു. അത് പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പമല്ല.
.
ചെറുപ്പക്കാരന്‍ : സ്റ്റാലിന്റെ ഫോട്ടോകള്‍ ഇപ്പോഴും പാര്‍ട്ടി ഓഫീസുകളില്‍ ഉണ്ട്. അപ്പോള്‍ മനുഷ്യന്റെ നന്മയല്ല പ്രധാനം, അധികാരമാണ് പ്രധാനം, അധികാരത്തിന്റെ മര്‍മ്മം പണമല്ലേ? കമ്മ്യൂണിസ്റ്റുകാരും മനുഷ്യരാണ്. അവര്‍ക്ക് എല്ലാവര്ക്കും അധികാരവും പണവും തന്നെയാണ് മുഖ്യം. അധികാരം നിലനിര്‍ത്താന്‍ മതങ്ങളെ കൂട്ട്പിടിക്കുന്നു.. മത നേതാക്കളെ പുകഴ്ത്തുന്നു.
.
വൃദ്ധന്‍ : ചില സമയങ്ങളില്‍ വ്യക്തികള്‍ അധികാരത്തിനു അടിപെട്ടു പോവുന്നു. മനുഷ്യന്‍ ഇന്ന് കുറെ മാറി.. പ്രത്യയശാസ്ത്രങ്ങള്‍ പഴകിയതും മനുഷ്യന്റെ ആവശ്യങ്ങള്‍ പുതിയതുമാണ്.

ചെറുപ്പക്കാരന്‍: അപ്പോള്‍ നിങ്ങള്‍ സമ്മതിച്ചു പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടുവെന്നു അല്ലേ?

പെട്ടെന്ന് . കുറെ ആളുകള്‍ ഒരു പ്രകടനമായി അവര്‍ക്കിടയിലേക്ക് വന്നു, ആകെ ബഹളം, വിടരുത് , അവനെ വിടരുത്, പിടിക്ക്, പാര്‍ട്ടി വഞ്ചകന്‍, ജൂദാസ് , ഇങ്ങിനെ ഓരോ പദങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി കൊണ്ടിരിക്കെ, പെട്ടെന്ന് ഒരു നിലവിളി കേട്ട്.. എന്നെ കൊല്ലരുതേ...എന്നെ കൊല്ലരുതേ.. അതിനിടയില്‍ കര്‍ട്ടന്‍ താഴുന്നു.
.
രംഗം രണ്ട്
.
ഇപ്പോള്‍ സ്റ്റേജ് ഒരു കോടതി പോലെ തോന്നിപ്പിക്കുന്ന രീതിയില്‍ രൂപകല്പന ചെയ്തിട്ടുണ്ട്. സ്റ്റേജില്‍ ഒരു ഒരു കവാടം പോലെ കൊടുത്ത ഭാഗത്ത്, ചുവന്ന നിറത്തില്‍ പി ബി കോടതി എന്ന് എഴുതി വച്ചിട്ടുണ്ട്. അവിടെ വെളുത്ത മുണ്ടും ജൂബയും  ധരിച്ച ഒരാള്‍ നില്‍ക്കുന്നു. നേരത്തെ നാം കണ്ട കേശവേട്ടന്‍ ആണതെന്ന് കണ്ടാല്‍ അറിയാം.. ഇപ്പോള്‍ ജഡ്ജ് എന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ അങ്ങോട്ട്‌ വന്നു. അവിടെ പ്രത്യാകമായി സ്ഥാപിച്ചിട്ടുള്ള സീറ്റില്‍ ഇരുന്നു.
.
കേശേവേട്ടന്‍ : എന്താണ് ഞാന്‍ ചെയ്ത തെറ്റ് ഏമാനെ? യഥാര്‍ത്ഥ കമ്മ്യൂണിസം എന്താണ് എന്ന് പറയാന്‍ ശ്രമിച്ചു.. എന്തിനാണ് കമ്മ്യൂണിസം തുടങ്ങിയത് എന്ന് പറയാന്‍ ശ്രമിച്ചു. അവസാനം, ആ ചെറുപ്പക്കാരന്റെ ചോദ്യത്തിന് മുന്നില്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ പുതിയതും പ്രത്യയശാസ്ത്രങ്ങള്‍ പഴകിയതുമാണന്ന്  സമ്മതിച്ചു കൊടുക്കേണ്ടി വന്നു.
.
ജഡ്ജ് : ആ ചെറുപ്പകാരന്‍ നിങ്ങളോട് സംസാരിച്ചത് പാര്‍ട്ടിയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു. പ്രത്യയശാസ്ത്രങ്ങളല്ല നേതാക്കളാണ് പഴകിയത്. അവരുടെ ചിന്തകളാണ് പഴകിയത്. നിങ്ങളെ പോലെ ഒരാള്‍ നയിക്കുമ്പോള്‍, പാര്‍ട്ടിക്ക് പലതും നഷ്ടപ്പെടും. നിങ്ങള്‍ വാദപ്രതിവാദത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലലല്ലോ. അത് കൊണ്ടാണ് പാര്‍ട്ടി ആ ചെറുപ്പക്കാരനെ അങ്ങിനെ ഒരു കാര്യത്തിനായി നിയോഗിച്ചത്. കാലാകാലങ്ങളായി പാര്‍ട്ടി ചെയ്തുവന്ന എല്ലാ അക്രമത്തിനും കാരണം നിങ്ങളായിരുന്നു. അനേകം ചെറുപ്പക്കാര്‍ തൊഴില്‍ രഹിതരായി, കുറെ രക്ത സാക്ഷി മണ്ഡപങ്ങള്‍ ഉയര്‍ന്നു. പാര്‍ട്ടി വിലക്കിയിട്ടും നിങ്ങള്‍ പാര്‍ട്ടിക്ക് എതിരായി സംസാരിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളപ്പെട്ട ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തി. അവസാനമായി നിങ്ങളുമായി സംസാരിച്ചു കൊണ്ടിരുന്ന ആ ചെറുപ്പക്കാരനെയും നിങ്ങള്‍ വകവരുത്തി.
.
കേശേവേട്ടന്‍ : അത് ഞാന്‍ അല്ല... അത് ഞാന്‍ അല്ല..
.
ജഡ്ജ് : പാര്‍ട്ടിക്ക് വീണ്ടും നിങ്ങള്‍ ഒരു രക്തസാക്ഷിയെ കൂടി നല്‍കിയിരിക്കുന്നു. പാര്‍ട്ടിക്ക് എതിരായി പാര്‍ട്ടിയില്‍ നിന്ന് തന്നെ ഒരാളുണ്ടായാല്‍, പാര്‍ട്ടി നിയമനുസരിച്ചു അവരെ കൊല്ലുക എന്നത് പാര്‍ട്ടിയുടെ പ്രമാണമാണന്നു അറിയാമല്ലോ? അത് കൊണ്ട് ഈ കോടതി നിങ്ങള്ക്ക് പരമാവധി ശിക്ഷയായ മരണം വിധിച്ചിരിക്കുന്നു. ഒരു വ്യത്യാസം മാത്രം, തെരുവിലിട്ട് വെട്ടിയും നുറുക്കിയും കൊല്ലുന്നതിനു പകരം, ശാന്തമായ മരണമാണ് ഈ കോടതി ആഗ്രഹിക്കുന്നത്.
.
പെട്ടെന്ന് സ്റ്റേജിലെ പ്രകാശം നിലച്ചു.. ശോകമൂകമായ അന്തരീക്ഷം.. കാണികളുടെ ചുണ്ടുകള്‍ വിറക്കുന്നത് പോലെ, അവര്‍ എല്ലാവരും എന്തോ മന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കുന്നു.... അതാ.... പതുക്കെ ലൈറ്റ് തെളിഞ്ഞു വരുന്നു.. സ്റ്റേജില്‍ ഒരു കഴുമരം ഒരുക്കിയിരിക്കുന്നു . അതിനു മുകളിലായി ഒരു തൂക്കു കയര്‍.. കേശവേട്ടന്‍ അതില്‍ കയറി നില്‍ക്കുന്നു ... പെട്ടെന്ന്  കാണികളില്‍ നിന്ന് കുറെ ആളുകള്‍ എഴുന്നേറ്റു. . അവര്‍ ഇപ്പോള്‍ ഒന്നിച്ചു മുദ്രവാക്ക്യം മുഴക്കുകയാണ്, .. കാണികളില്‍ പലരും ചെറു ചെറു സംഘങ്ങളായി തിരിയുന്നു.. പലരുടെയും കൈകളില്‍ ഓരോ കൊടികള്‍ രൂപപെടുന്നു.. എല്ലാ കൊടികളിലും ചുവന്ന നിറം ഉണ്ട്. ചിലത് ചുവപ്പും വെളുപ്പും, ചിലത് ചുവപ്പും കറുപ്പും, മറ്റു ചിലത് ചുവപ്പും നീലയും. .. ഓരോ ചെറു സംഘങ്ങളും ഒന്നൊന്നായി സ്റ്റെജിലേക്ക് കയറി.. ഉച്ചഭാഷിണി ശബ്ദിക്കുന്നു . വിപ്ലവം ജയിക്കട്ടെ, വിപ്ലവം ജയിക്കട്ടെ.. അന്തരീക്ഷത്തില്‍ ഒരു ഗാനത്തിന്റെ ഈരടികള്‍ മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങി
.
ബലികുടീരങ്ങളെ.......
ബലികുടീരങ്ങളെ........
സ്മരണകളിരമ്പും രണസ്മാരകങ്ങളെ
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍ തന്‍ സിന്ദൂര മാലകള്‍
ബലികുടീരങ്ങളെ....
ബലികുടീരങ്ങളെ

Sunday, April 1, 2012

ഓര്‍മ്മകളന്ന്യമായ ലോകം
നടന്നകലാന്‍ നിനച്ച കാലുകള്‍
തളര്‍ന്നു പുറകോട്ടാഞ്ഞപ്പോള്‍
ചുരുട്ടിപ്പിടിച്ച കൈമുഷ്ടികള്‍
അയഞ്ഞു നിവരാന്‍ മടിച്ചപ്പോള്‍
ഞാന്‍ എന്നിലെയെന്നെ അറിയാന്‍ ശ്രമിച്ചു


കാലം പൊടി മൂടിയ പടവുകളോരോന്നും
ഇറങ്ങിയടിപതറാതെ ഊന്നുവടിയിലൂന്നി
പായല്‍ നിറഞ്ഞ ജീര്‍ണമാം കുളത്തിലെന്‍
തിരികെ കിട്ടാത്ത നാളുകള്‍ തിരഞ്ഞപ്പോള്‍
ഉയര്‍ന്ന നെടുവീര്‍പ്പിലലിയും  വേളയില്‍ 
ഞാന്‍ എന്നിലെയെന്നെ ഓര്‍ക്കാന്‍ ശ്രമിച്ചു


തെളിനീരിനായി ദാഹിച്ചു വലഞ്ഞപ്പോള്‍
മഴമേഘം പോലും ഒഴുകാന്‍ മടിക്കുന്ന
കത്തിജ്വലിക്കും ആകാശത്തേക്ക് നോക്കാന്‍
ത്രാണിയില്ലാതെ കണ്ണുകള്‍ താഴേക്കു തെന്നിയപ്പോള്‍
നിണ മലിഞ്ഞു നീറിയ മണ്ണിന്‍ മാറത്ത്
ഞാന്‍ എന്നിലെയെന്നെ തിരയാന്‍ ശ്രമിച്ചു


വിശന്നു വലഞ്ഞാമാശയം പിടച്ചപ്പോള്‍
ബധിരത തളം കെട്ടും കാതില്‍ ഉര്‍വീദേവി തന്‍
തപ്തനിശ്വാസങ്ങളൊരു ക്ഷണമായലയടിച്ചപ്പോള്‍
ഉണങ്ങി വിറങ്ങലിച്ചോരാലിലയായി ഉതിര്‍ന്നു വീണ്
ചുട്ടുപഴുത്ത കരിങ്കല്‍ തലയിണയില്‍
അവസാനത്തെയൊരു തുള്ളി കണ്ണീരും രക്തവും വാര്‍ത്ത്
ഓര്‍മ്മകളന്ന്യമായ ലോകത്തിലേക്കൂഴ്ന്നിറങ്ങി


വെള്ളയടിച്ച കുഴിമാടങ്ങളിലൊന്നില്‍ നാട്ടിയ
വെണ്ണക്കല്‍ ഫലകത്തിന്‍ മയത്തില്‍ കൊത്തിയ
മനോഹര വാക്യങ്ങള്‍ ഇങ്ങനെ കാണായി-
"നീ ജീവിച്ചിരിക്കുന്നൂ അമ്മേ ഞങ്ങള്‍ തന്‍
മനസ്സും ഹൃദയവും ചേര്‍ന്നൊരു മഞ്ചലില്‍

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...