Thursday, January 19, 2012

ചെറുപ്പക്കാരന്റെ മനസ്സ്
അയാള്‍ കോട്ടഴിച്ചു മേശപ്പുറത്തു ഇട്ടു
ഇന്നെങ്കിലും നടക്കണം
കുറെ ദിവസങ്ങളായി അയാള്‍ സ്വയം പറയുന്നു
അയാളുടെ യവ്വനത്തില്‍ നടന്നുപോയ വഴികളിലൂടെയുള്ള യാത്രയെ കുറിച്ച്
ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പ് കാലേകൂട്ടി അയാള്‍ തീരുമാനിക്കും
ഇന്ന് ഞാന്‍ എന്റെ ചെറുപ്പകാലത്തിലൂടെ നടക്കും
അപ്പോഴെക്കെ ആ ചിന്തകള്‍ അയാളെ യവ്വനത്തിലേക്ക് കൂട്ടി കൊണ്ട് പോവും.
പെടുന്നനെ അയാളില്‍ ഒരു ചെറുപ്പക്കാരന്റെ ഉന്മേഷം നിറയും. തീര്‍ത്തും ആരോഗ്യവാനായ എപ്പോഴും പുഞ്ചിരിച്ചു കൊണ്ട് നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ
കാറിന്റെ കീ പോക്കറ്റില്‍ നിന്ന് എടുക്കുന്നതോട് കൂടി അയാളുടെ മനസ്സ് മാറും
അയാളുടെ കാലുകള്‍ക്ക് പെട്ടന്ന് തളര്‍ച്ച ബാധിച്ചത് പോലെ തോന്നും.. അയാള്‍ പെട്ടന്ന് ദുര്‍ബലനായാത് പോലെ ആവും..
കറുത്ത കോട്ടിനുള്ളില്‍ അയഞ്ഞു തൂങ്ങിയ ശരീരം അയാളെ ഒരു അലസനായ മനുഷ്യനാക്കി മാറ്റും.


അയാള്‍ നടക്കാന്‍ തുടങ്ങി
നടത്തത്തിനു ഇടയില്‍ അയാളില്‍ ഒരു സംശയം ജനിച്ചു
മുന്നോട്ടു നടക്കണോ, അതോ, റോഡുകള്‍ ക്രോസ് ചെയ്തുഷോപ്പുകള്‍ക്കിടയിലൂടെ,
ഷോപ്പില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ നോക്കി, ഷോപ്പില്‍ അലങ്കരിച്ചിരിക്കുന്ന വസ്തുക്കളെ നോക്കി നടക്കണോ.
അതായിരുന്നു അയാളുടെ യവ്വനത്തിലെ ഹോബി. എല്ലാ ഷോപ്പുകളിലും കയറി ഇറങ്ങി,
ഒന്നും വാങ്ങാതെ എല്ലാവരെയും താന്‍ പറ്റിച്ചു എന്ന സ്വയം തോന്നലില്‍ അയാള്‍ ഒരു വിജയിയായി നടക്കുമായിരുന്നു
പക്ഷെ അയാളെ ഏറ്റവും ഉന്മേഷവാനാക്കിയിരുന്നത് കടല്കരയിലൂടെയുള്ള യാത്രകള്‍ ആയിരുന്നു.
കടല്‍ പോലെ ആയിരുന്നു അയാളുടെ മനസ്സ്. ആ മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു.
അയാള്‍ കടല്‍കര ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി .
ഇനി അയാള്‍ക്ക് റോഡുകള്‍ ക്രോസ് ചെയ്യണ്ട. കാലുകളും കൈകളും സ്വതന്ത്രമാക്കി നടക്കാം
കടലിന്റെ ഒരറ്റത്ത് കുറെ കടല്‍ കാക്കകള്‍, അയാള്‍ ഒരു കല്ല് എടുത്തു അവയുടെ കൂട്ടത്തിലേക്ക് എറിഞ്ഞു
അവ  പാറി മറ്റൊരു സ്ഥലത്ത് പോയി ഇരുന്നു.


കടലിനെ നോക്കിയപ്പോള്‍ അയാള്‍ക്ക് വല്ലാത്ത അപരിചിതത്വം തോന്നി.
ഒറ്റപ്പെട്ട നൌകകള്‍ക്ക് പകരം, കടല്‍ ഒന്നാകെ കുറെ നൌകകള്‍, അവയെല്ലാം നിശ്ചലമായ അവസ്ഥയില്‍ ആയിരുന്നു.


രണ്ടു പെണ്‍കുട്ടികള്‍ അയാള്‍ക്ക് എതിരെ വരുന്നത് കണ്ടു, അവരെ നോക്കി അയാള്‍ പുഞ്ചിരിച്ചു.. അവര്‍ തമ്മില്‍ പരസ്പരം എന്തോ പറഞ്ഞു.. അയാള്‍ക്ക് തോന്നി തന്നെ പരിഹസിക്കാന്‍ ആണോ എന്ന്.
തന്റെ പ്രായം ആയിരിക്കാം അവരെ ചൊടിപ്പിച്ചത്.. പക്ഷെ ഇന്ന് മുതല്‍ താന്‍ ചെറുപ്പക്കാരന്‍ ആണ്..
ഇനി തനിക്കു എന്ത് ആവാം.. അയാള്‍ മുന്നോട്ടു നടന്നു.


കടല്‍ തീരത്തിനോട് ചേര്‍ന്ന്കിടക്കുന്ന ബീച് പാര്‍ക്കിലെ പുല്‍മേട്‌ കണ്ടു അയാള്‍ അതിശയപ്പെട്ടു
പുല്ലിന്റെ പച്ചപ്പ്‌ എല്ലാം പോയി മണ്ണ് പുറത്തേക്കു കാണുന്ന രീതിയില്‍ ആയിരിക്കുന്നു.
അയാള്‍ ഒരു നിമിഷം സംശയിച്ചു. തന്റെ മനസ്സിന് എന്തെങ്കിലും പറ്റിയിട്ടുണ്ടോ,
താന്‍ കാണുന്നത് എല്ലാത്തിനും പുതുമ നഷ്ടപ്പെട്ടിരിക്കുന്നു
ഇന്നലെ വരെ നിശ്ചലമായ അവസ്ഥയിലായിരുന്ന തന്റെ മനസ്സ്, ഇപ്പോള്‍ എന്തെക്കെയോ തേടുന്നു.


അയാള്‍ക്ക് ആ വഴികള്‍ നല്ലവണ്ണം പരിചിതമായിരുന്നു.
തന്റെ ഇരുപതാമത്തെ വയസ്സില്‍, അയാള്‍ നടന്നിരുന്നത് , ഒരു തോള്‍ അറ്റം വികൃതമായ രീതിയില്‍ ചലിപിച്ചു കൊണ്ടായിരുന്നു.
അതിനു കാരണം, അയാളുടെ കാല്‍പാദങ്ങളില്‍ ഒന്നിന്റെ ചലനം, വ്യതസ്തമായ രീതിയില്‍ ആയിരുന്നു.
ഈ അവസ്ഥ മാറ്റി എടുക്കാന്‍ അയാളുടെ കൂട്ടുകാരില്‍ ഒരാള്‍ അയാളെ അവിടെ കൊണ്ട് വരികയായിരുന്നു.
തന്റെ കുഞ്ഞുനാളില്‍ അമ്മയുടെ മുന്നില്‍ പിച്ചവക്കുന്നത് പോലെ അയാള്‍, കൂട്ടുകാരന്റെ മുന്നില്‍ പിച്ചവച്ചു. പതുക്കെ പതുക്കെ, അയാള്‍ തന്റെ വൈകൃതം മാറ്റി എടുത്തു.
അപ്പോഴാണ് അയാള്‍ക്ക് മനസിലായത്.. മാറ്റാന്‍ പറ്റാത്ത ഒരു വിധിയുമില്ല മരണം അല്ലാതെയെന്നു.
ഇന്ന് അയാള്‍ക്ക് വയസ്സായി. പക്ഷെ അത് ശരീരത്തിന് മാത്രമാണ് എന്നാണ് അയാളുടെ പക്ഷം .
ചിലപ്പോള്‍ അയാള്‍ സ്വയം കണക്കു കൂട്ടും, എന്നിട്ട് മനസ്സില്‍ പറയും..
ഇനി ജീവിച്ചാല്‍ എത്ര കാലം. വിരലില്‍ എന്നാവുന്ന കുറച്ചു വര്‍ഷങ്ങള്‍ മാത്രം. ആ കാലയളവ്‌ , ദൈവത്തെ ഓര്‍ത്തു, മക്കളെ ഓര്‍ത്തു , സ്വന്തം കുടുംബത്തെ സ്നേഹിച്ചു ജീവിക്കണം.
കുറച്ചു നേരത്തിനു ശേഷം അയാള്‍ക്ക് തോന്നും, വേണ്ട.. തന്റെ മനസ്സിപ്പോഴും ചെറുപ്പമാണ്. അത് കൊണ്ട് ചെറുപ്പകാര്‍ ജീവിക്കുന്നത് പോലെ ഒരു നിഷേധി ആയി ജീവിക്കണം. തന്റെ ചുറ്റുമുള്ളതിനെ കണ്ടില്ലന്നു നടിക്കണം, വിശ്വാസങ്ങളെ നിരാകരിക്കണം, തല ഉയര്‍ത്തി പിടിച്ചു, ഭൂമിയെ കാല്‍ക്കടിയിലാക്കി നടക്കണം. നിലനില്‍പ്പിനു തടസ്സമാവുന്നതിനെ ബലം ഉപയോഗിച്ച് തകര്‍ക്കണം,. വിധിയെ പഴിക്കാതെ മുന്നേറണം . .


അയാളുടെ ഓര്‍മ്മകള്‍ പൂക്കുന്നത് ഇരുപതാമത്തെ വയസ്സ് മുതലാണ്. അതിനു മുമ്പുള്ളതൊന്നും അയാള്‍ക്ക് ഓര്‍ക്കാന്‍ കഴിയാറില്ല.
അയാളുടെ കൂട്ടുകാര്‍, എല്‍ കെ ജി ക്ലാസ്സുകളിലെ കവിതകള്‍ ചെല്ലുമ്പോള്‍, അയാള്‍ കൊച്ചു കുട്ടിയെ പോലെ ചിരിക്കും.
മൂവാണ്ടന്‍ മാവില്‍ കയറിയതും, പുളിയന്‍ ഉറുമ്പ് അവരുടെ ശരീരത്തില്‍ കടിച്ചതും, ഓണ തുമ്പികളെ പിടിക്കാന്‍ പോയതും, നന്ത്യാര്‍വട്ടപൂക്കളുടെ മനോഹാരിതയേയും പറഞ്ഞു ഗതകാല സുഖസ്‌മരണകള്‍ അയവിറക്കുമ്പോള്‍,
അയാള്‍ സ്നേഹമെന്ന മൂന്നു അക്ഷരത്തെ കുറിച്ച് ഓര്‍ക്കും. കഥകളിലും കവിതകളിലും മാത്രം എഴുതി നിറച്ച സ്നേഹത്തെ മാത്രമേ അയാള്‍ കണ്ടിരുന്നൊള്ളൂ. അപ്പോഴെക്കെ അയാള്‍ ഓര്‍ക്കും, . പ്രപഞ്ചം എന്ന മൂന്നക്ഷരത്തെ കുറിച്ച് ആരും എന്ത് കൊണ്ട് എഴുതുന്നില്ല. പ്രവഞ്ചത്തില്‍ ഉള്‍പ്പെടുന്ന ലോകത്തെ കുറിച്ച് ആരും ഓര്‍ക്കുന്നില്ല.


അയാള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത് എല്ലാത്തിനെയും അഭിനന്ദിക്കുന്ന ഒരു സമൂഹമായിരുന്നു.
അത്കൊണ്ട് അയാള്‍ ന്യായമായും ഊഹിച്ചു, തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ ആരുമില്ല.
പുതിയ ഒരു വിപ്ലവം ഇവിടെ പിറവി എടുക്കേണ്ടതുണ്ട്‌.
സത്യവും മിഥ്യയും വേര്‍തിരിക്കുന്ന ഒരു വിപ്ലവം ഉയരണം..
ഈ ചിന്തകള്‍ അയാള്‍ കൂട്ടുകാരുടെ മുന്നില്‍ വക്കും, എന്നിട്ട് അവരോടു വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടും,നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ എവിടെയാണ് താന്‍ തുടങ്ങിയത് എന്നറിയാതെ അയാള്‍ ഉഴപ്പും..അത്കണ്ടു കൂട്ടുകാര്‍ ആര്‍ത്തു ചിരിക്കും.. പിന്നെ അവര്‍ വിഡ്ഢി എന്ന അര്‍ത്ഥത്തിലുള്ള തമാശകള്‍ അയാളോട് പറയും..എന്നിട്ട് എല്ലാവരും പൊട്ടി പൊട്ടി ചിരിക്കും.. കൂട്ടത്തില്‍ അയാളും കൂടും.. ചിരിക്കുമ്പോള്‍ ലോകത്ത് ബുദ്ധിയുള്ളവര്‍ എന്ന് വിശ്വസിക്കുന്നവര്‍ ചെയ്തുകൂട്ടുന്ന വിക്രിയകള്‍ ഓര്‍ത്തു അയാള്‍ സ്വയം പറയും, താന്‍ മണ്ടന്‍ ആയി പോയത് എത്ര നന്നായി, വിഡ്ഢി ആവുന്നതാണ് നല്ലത്, എന്ത് ചെയ്താലും കുറ്റമില്ലല്ലോ,..


അയാള്‍ പാര്‍ക്കിലേക്ക് കയറി പാര്‍ക്കിന്റെ വലതു മൂലയിലായിലുള്ള മനുഷ്യ നിര്‍മിതമായ കുന്നിന്റെ അരികില്‍ ഇരുന്നു.
അവിടെ ഇരുന്നാല്‍ പാര്‍ക്കിലെ കാഴ്ചകള്‍ കണ്‍ നിറയെ കാണാം..
അപ്പോഴാണ് അയാള്‍ക്ക് അരികിലേക്ക് ഗൈഡ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ചെറുപ്പക്കാരന്‍ വരുന്നത്..
ചെറുപ്പക്കാരന്‍ തന്റെ ജോലിയെ കുറിച്ച് അയാളോട് വിവരിക്കാന്‍ തുടങ്ങി,


ഗൈഡ് എന്നാല്‍ ഒരു വെറും ഒരു വഴി കാട്ടി മാത്രമല്ല..
കണ്ടെത്താന്‍ ആഗ്രഹിക്കുന്നതിനെ തേടാനുള്ള വഴി
തിരിച്ചറിയാന്‍ കഴിയാത്തതിനെ കണ്ടെത്താനുള്ള മാര്‍ഗദര്‍ശി,
കണ്ടെത്തുമെന്നു വിശ്വാസമില്ലാത്തതിനെ കാണാനുള്ള കണ്ണാടി..


ഗൈഡ് തന്നെ എന്തിനു നിര്‍ബന്ധിക്കുന്നു
പരസ്ത്രീബന്ധമോ?, പെട്ടന്ന് അയാള്‍ സ്വയം തിരുത്തി,
പരസ്ത്രീ എന്നൊന്നില്ല. സ്ത്രീ ഒന്നേയുള്ളൂ. അത് പുരുഷന്റെ നട്ടല്ലില്‍ നിന്ന് പുരുഷന്റെ വികാരങ്ങള്‍ക്ക് വിധേയമാവാന്‍ സൃഷ്ടിക്കപ്പെട്ടതാണ്.


ഗൈഡ് അയാളെ ഒരു കെട്ടിടത്തിലേക്ക് നയിച്ചു.
തൂക്കിയിട്ടിരിക്കുന്ന മറകള്‍ക്കുള്ളില്‍ വച്ച് ഗൈഡ് അയാള്‍ക്ക് ഒരു കൊച്ചു യന്ത്രം കൈമാറി.
ആ കൊച്ചുയന്ത്രത്തിനകത്തുനിന്ന് നിസ്സഹായനായ ഇരകളുടെ നിലവിളികള്‍ അയാള്‍ കണ്ടു.
വേട്ടക്കാരുടെ ഹിംസാത്മകമായ അട്ടഹാസങ്ങള്‍ അയാളുടെ ചെവിയില്‍ മുഴങ്ങി.
നിഷ്‌കളങ്കയായ ഒരു ഇര, വേട്ടക്കാരന്റെ കാലില്‍ വീണു കേഴുന്നതും വേട്ടക്കാരന്‍ ഇരയുടെ കൊച്ചു ശരീരം വൈവിധ്യമായ കാഴ്ചകളായി യന്ത്രത്തിനകത്തു വിന്യാസിക്കുന്നതും അയാള്‍ കണ്ടു.
ആ കാഴ്ചകളില്‍ ഒന്നില്‍ കണ്ട രൂപത്തിന്റെ സദൃശമായ ഒരു കാഴ്ച അയാളുടെ മനോവികാരങ്ങളെ തളര്‍ത്തി,
പെട്ടന്ന് അയാള്‍ തന്റെ മക്കളെ കുറിച്ച് ഓര്‍ത്തു..
വേണ്ട വേണ്ട കാണണ്ട.. അയാള്‍ അലറി വിളിച്ചു


പിന്നെ അയാള്‍ താന്‍ വന്ന വഴിയിലൂടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങി
കടല്‍ തീരത്തിനോട് ചേരുന്നു കിടക്കുന്ന ബീച് പാര്‍ക്ക്‌ അയാള്‍ കണ്ടു
അവിടെ നിറയെ മനുഷ്യ സമുച്ചയം, പച്ചപുല്‍ നിറഞ്ഞ പുല്‍മേടുകള്‍


പിന്നെയും അയാള്‍ നടന്നു..
രണ്ടു പെണ്‍കുട്ടികള്‍ അയാള്‍ക്ക് എതിരെ വരുന്നു..
അവരെ നോക്കി അയാള്‍ പുഞ്ചിരിച്ചു
അവര്‍ തെല്ലു ഒതുങ്ങി നിന്ന്, ഹായ് അങ്കിള്‍ എന്ന് പറഞ്ഞു അയാളെ അഭിവാദ്യം ചെയ്തു. .


അയാള്‍ കടല്‍ നോക്കി..
കടല്‍ ഒന്നാകെ സുന്ദരമായ നൌകകള്‍ ഒഴുകി നടക്കുന്നു.


പിന്നെ അയാള്‍ കാലുകള്‍ വലിച്ചു വെച്ച്
ഓഫീസിലേക്ക് നടന്നു..
ഓഫീസിലെത്തിയതും മേശപ്പുറത്തു അഴിച്ചുവച്ച കോട്ട്‌ എടുത്തു ധരിച്ചു
അയാള്‍ക്ക് ആശ്വാസമായി.
അയാള്‍ മന്ത്രിച്ചു
ചെറുപ്പക്കാരന്റെ മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും

Thursday, January 12, 2012

ബ്ലഡ്‌മണി
എങ്ങിനെ ഉണ്ട് ഗള്‍ഫ്‌ ജീവിതം?


നന്നായി പോവുന്നു.


ഗള്‍ഫ്‌ ജീവിതം മടുപ്പുണ്ടാക്കില്ലേ?


റിയാല്‍ കിട്ടുന്നുണ്ട്‌.. അത് കൊണ്ട് മടുപ്പ് ഇല്ല..


കാശു മാത്രമാണോ ജീവിതം?


കാശ് കിട്ടുമ്പോള്‍ ആര് മടുപ്പിനെ കുറിച്ച് ഓര്‍ക്കുന്നു.


പണം പണം എന്ന ചിന്തയില്‍ നിന്ന്, തന്റേതുമാത്രമായ ഒരു ലോകത്തേക്ക് വന്നു നോക്കു. ഒന്ന് തനിച്ചിരുന്നു നോക്കു.


ഞന്‍ ഒരു സാധാരണക്കാരനാണ്, കാശ് എനിക്ക് അനുഭൂതി തരുന്നു..


കാശ് എങ്ങിനെയാണ്‌ നിങ്ങള്ക്ക് അനുഭൂതി തരുന്നത്, അത് നിങ്ങളുടെ കയ്യില്‍ കിട്ടുന്നു, പക്ഷെ നിങ്ങള്‍ അത് ഉപയോഗിച്ച് ജീവിക്കുന്നുണ്ടോ?


എന്റെ അടുത്ത തലമുറയ്ക്ക് സുഖമായി ജീവിക്കാമല്ലോ


നിങ്ങളുടെ അടുത്ത തലമുറയ്ക്ക് നിങ്ങള്‍ ജീവിതം വാഗ്ദാനം ചെയ്യുന്നു , പക്ഷെ നിങ്ങള്‍ ജീവിക്കുന്നില്ല. അപ്പോള്‍ കാശ് നിങ്ങള്ക്ക് ഒന്നും തരുന്നില്ല


തരുന്നുണ്ട്.. എനിക്ക് ആനന്ദം തരുന്നു


കാശ് നിങ്ങളുടെ കയ്യില്‍ കിട്ടുന്നു എന്ന് മാത്രം.. പക്ഷെ നിങ്ങള്ക്ക് അത് ഉപയോഗിക്കാന്‍ കഴിയുന്നില്ല.


ഒന്നുമില്ലാത്തവന് എല്ലാം പരമാനന്ദം


നിങ്ങള്‍ ഒന്നുമില്ലാത്തവന്‍ അല്ല, നിങ്ങള്ക്ക് എല്ലാം ഉണ്ട്.. വികാരങ്ങള്‍ ഉണ്ട്.. വിചാരങ്ങള്‍ ഉണ്ട്..


എന്റെ അടുത്ത തലമുറ ആണ് മുഖ്യം. അവരുടെ ജീവിതം ആണ് എന്റെ ലക്‌ഷ്യം.


നിങ്ങള്‍ ഇല്ലെങ്കിലും അവര്‍ ജീവിക്കും.. അതിനു വേണ്ടി നിങ്ങള്‍, നിങ്ങളുടെ ജീവിതത്തെ കൊല്ലണോ?


എന്റെ ജീവിതം ഞാന്‍ അവര്‍ക്കായി സമര്‍പിച്ചു .. അത് കൊണ്ട് എന്റെ ജീവിതത്തെ കുറിച്ച് ഓര്‍ത്തു എനിക്ക് ദുഖമില്ല.


നിങ്ങള്‍ ജീവിക്കുക അല്ല.. മരിക്കുകയാണ് ചെയ്യുന്നത്.


അതെ ഞാന്‍ മരിക്കുകയാണ്.. എന്റെ അടുത്ത തലമുറയ്ക്ക് വേണ്ടി


മരിക്കാന്‍ ഇത്രയും കാലം എടുക്കണോ?


പിന്നെ? എന്റെ മരണ കാലയളവ്‌ വര്‍ധിക്കുന്തോറും, അവരുടെ ജീവിതം കൂടുതല്‍ സൗഭാഗ്യമുള്ളതാവും.


പെട്ടന്ന് മരിച്ചാലും നിങ്ങള്ക്ക് അത് സാധ്യമാക്കാം


എങ്ങിനെ?


റോഡ്‌നു കുറുകെയുള്ള ഒരു എടുത്തു ചാട്ടം - ബ്ലഡ്‌മണി -

Saturday, January 7, 2012

തിരിച്ചറിവുകള്‍
ഇത് രണ്ടാം തവണയാണ് മരണത്തിന്റെ നൂല്‍ പാലത്തില്‍ നിന്ന് കാല്‍തെന്നി ജീവിത്തിലേക്ക്‌ വീഴുന്നത്.

ആദ്യമായി മരണത്തെ ആഗ്രഹിച്ചത് അച്ഛനില്‍ നിന്ന് എന്നെ അടര്‍ത്തി മാറ്റിയ അമ്മയുടെ സ്വാര്‍ത്ഥതയില്‍ നിന്നു മോചനം നേടാനായിരുന്നു .

അമ്മയെ മനസ്സിലാക്കാന്‍ ഒരു വൃഥാ ശ്രമം നടത്തി നോക്കി,
ദേഷ്യം തോന്നുമ്പോളെല്ലാം അച്ഛന്റെ പേര് പറഞ്ഞു മകളെ അധിക്ഷേപിക്കുന്ന അമ്മയുടെ മനസ്സിന്റെ ഉള്ളിലേക്ക് എത്തിപ്പെടാന്‍ പക്ഷെ ഒരിക്കലും സാധിച്ചില്ല.
താന്‍ ഇല്ലാതാവുമ്പോള്‍ അമ്മ ജീവിതത്തില്‍ നിന്ന് എന്തെങ്കിലും
പഠിക്കുമായിരിക്കും എന്ന ചിന്തയില്‍ നിന്നാണ് മരണം എന്ന മാര്‍ഗം മുന്നില്‍ തെളിഞ്ഞു വന്നത്.

ഒരു സാരിയുടെ അറ്റം കഴുത്തില്‍ മുറുകുക മാത്രമേ വേണ്ടു, അവസാനത്തെ പിടച്ചിലിനെയും അതി ജീവിച്ചാല്‍ സുന്ദരമായ മരണത്തെ പുല്‍കാം.
പക്ഷെ തനിക്കതിനു കഴിഞ്ഞില്ല.

മഹേഷ്‌ നിന്നെ കെട്ടുമെന്ന് പറഞ്ഞു വാശി പിടിച്ചത് ഞാനിപ്പോഴും ഓര്‍ക്കുന്നു.
അന്നും അമ്മ എന്നെ എതിര്‍ത്തു.
അമ്മക്ക് എന്നെയും അറിയാം,നിന്നെയും അറിയാം, എന്നിട്ടും അമ്മ എതിര്‍ത്തപ്പോള്‍
പതിവ്പോലെ അമ്മയെ കുറ്റപ്പെടുത്തി.

മകളെ മനസിലാക്കാത്ത അമ്മ എന്ന് മനസ്സില്‍ അടക്കം പറഞ്ഞു.
ഇപ്പോള്‍ ഈ ആശുപത്രി കിടക്കയില്‍ ഏകയായി കിടക്കുമ്പോള്‍
എന്റെ അമ്മ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു
എല്ലാം ഉള്ളിലിങ്ങിനെ നിറച്ചൊതുക്കിപിടിച്ചാല്‍ ഉള്ളുപൊട്ടിപോവില്ലേ മോളെ എന്ന് കേഴുന്ന അമ്മയെ.

എല്ലാ അമ്മമാരും മക്കളെ എത്ര മാത്രം മനസിലാക്കി കാണും

അമ്മിഞ്ഞ പാലിന്റെ രുചി രസിക്കാതെ മുഖം തിരിക്കുന്ന കുഞ്ഞിനെ വീണ്ടും തന്റെ മാതൃത്വത്തിലേക്ക് അടുപ്പിച്ചു, ആ കുഞ്ഞു വായിലേക്ക് മുലപ്പാല്‍ നല്‍കുമ്പോള്‍ അനുഭവിച്ചിരുന്ന ആനന്ദത്തിന്റെ നിര്‍വൃതിയില്‍ നിന്ന് തുടങ്ങി കാണണം, തന്റെ കുഞ്ഞിനെ മനസിലാക്കുന്നത്.
കുഞ്ഞുടപ്പിട്ടു, കണ്ണില്‍ കണ്മഷി എഴുതി, മുടി പിന്നികെട്ടിയിട്ടു സ്കൂള്‍ ബസ് വരുന്നതും കാത്തു വീടിന്റെ വരാന്തയില്‍ എന്നെയും തോളില്‍ ഏറ്റി, പാട്ട് പാടി തന്നു പതിയെ പതിയെ നടക്കുന്ന അമ്മയെ എനിക്ക് ഓര്മ വരുന്നു.
പിന്നെ പുതിയ വീട് എടുത്തു വിട പറഞ്ഞു പോവുമ്പോള്‍ അമ്മയുടെ കണ്‍കോണില്‍ അടര്‍ന്നു വീഴാനായി വെമ്പിനില്‍ക്കുന്ന രണ്ടു നീര്‍മണിതുള്ളികളെ ഞാന്‍ കണ്ടിരുന്നു.
മകളെ മനസിലാക്കിയത് കൊണ്ടാവണം പുഞ്ചിരിച്ചു കൊണ്ടാണ് അന്ന് എന്നെ യാത്രയാക്കിയത്.


അമ്മയെ തനിച്ചക്കാന്‍ വേണ്ടി മരണം ആഗ്രഹിച്ചു നടന്നിരുന്ന ഞാന്‍
ഇന്ന്, എന്നെ തനിച്ചാക്കി അമ്മ പോയതിനെ കുറിച്ചോര്‍ത്തു പരിതപിക്കുന്നു.

ജീവിതം എത്ര അത്ഭുതം അല്ലെ, മരണം പോലെ മറ്റൊരു അത്ഭുതം.
അസ്തമയത്തിലെ എണ്ണിത്തീരാത്ത നിറഭേദങ്ങളെ പോലെ, അനന്തമായ തിരമാലകളെ പോലെ,
ഉഷസിന്റെ രശ്മികള്‍ പോലെ, മറ്റൊരു അത്ഭുതം.

മഹേഷ്‌, നീ എന്റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ ഞാന്‍ ഒത്തിരി അഹങ്കരിച്ചു.
കാണാത്ത, അറിയാത്ത, മനസിലാക്കാത്ത, ഒരാളിന് പകരം, നാട് അറിയുന്ന, സ്നേഹിക്കാന്‍ അറിയുന്ന, ജീവിക്കാന്‍ അറിയുന്ന ഒരാളാണ് എന്റെ ജീവിതത്തിലേക്ക് വര്ന്നതെന്നോര്‍ത്തു
ആദ്യമായി ജീവിക്കാന്‍ തോന്നിയ നിമിഷമായിരുന്നു അത്.
ആദ്യ സ്പര്‍ശനത്തിലൂടെ ഞാന്‍ അറിഞ്ഞു, നിന്നെ വിട്ടു പിരിയാന്‍ എനിക്കവില്ലന്നു
പക്ഷെ എല്ലാം വെറും പക്വതയില്ലാത്ത മനസ്സിന്റെ തോന്നലുകളാണന്നു മനസിലായതും പെടുന്നനെ ആയിരുന്നു
നിനക്ക് സ്നേഹിക്കാന്‍ അറിയുമെന്ന് വിശ്വസിച്ചുപോയതെത്ര തെറ്റായിരുന്നു.
നിനക്ക് എന്താണറിയുമായിരുന്നത്
വീര്യം കൂടിയ മദ്യത്തിന്റെ ലഹരിയില്‍ രാത്രികളില്‍ എന്റെ ശരീരത്തെ പ്രാപിക്കാനുള്ള അടങ്ങാത്ത ആവേശമോ?
സ്നേഹിക്കാനെന്ന പേരില്‍ വാക്കുകളില്‍ നുണകവിതകള്‍ തീര്‍ക്കുന്ന മാന്ത്രികതയോ?
എന്റെ കയ്യിലെ കുപ്പിവളകള്‍ നോക്കി നിന്റെ സ്വപ്നത്തിലെ പെണ്‍കുട്ടിയും ഇങ്ങിനെ ആയിരുന്നു എന്ന് പറഞ്ഞു ചുണ്ടുകള്‍ എന്റെ കവിളിനോട് ചേര്‍ക്കുന്നതോ?


എപ്പോഴയാണ് മനുഷ്യന് ജീവിക്കണമെന്ന് തോന്നുന്നത് അപ്പോഴെക്കെ മനുഷ്യന്‍ മരണത്തെ കുറിച്ചോര്‍ക്കും. ആരായിരിക്കും ഇങ്ങിനെ പറഞ്ഞിട്ടുണ്ടാവുക.
അങ്ങിനെ ഒരാള്‍ ഇല്ലെങ്കില്‍ ഇതാ ഞാന്‍ പറഞ്ഞിരിക്കുന്നു.
വെറുതെ ഒന്ന് ജീവിതത്തെ കാമിച്ചു നോക്കു, അവിടെ വച്ച് നാം മരണത്തെയും ഓര്‍ക്കും.
അത് പക്ഷെ ജീവിതത്തിന്റെ തുടക്കത്തില്‍ ആവാം, അല്ലെങ്കില്‍ ജീവിതം ഒരു വേദനയാവുമ്പോള്‍ ആവാം.
ഒരു പക്ഷെ എല്ലാം നേടി എന്ന് തോന്നുമ്പോള്‍ ആവാം..


എല്ലാം നേടിയാല്‍ പിന്നെ എന്ത് അല്ലെ? ശൂന്യത മാത്രം.
ആഗ്രഹങ്ങളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ആഗ്രഹങ്ങള്‍ നിലക്കമ്പോള്‍ ശൂന്യത മാത്രം.
പിന്നെ തേടുക നാശത്തെ ആയിരിക്കും.


നശിക്കണം.. മരിക്കണം.. അവസാനിപ്പികണം.. ഇല്ലാതാക്കണം..
എന്നിട്ട്?
വീണ്ടും തിരിച്ചു ജീവിതത്തിലേക്ക്?
ആഗ്രഹങ്ങളിലേക്ക്? സ്വപങ്ങളിലേക്ക്? വിശ്വാസത്തിലേക്ക്?
എന്നിട്ട്?
ക്രോധംപൂണ്ട പകലുകളെയും, ദുഃഖം പുരണ്ട സന്ധ്യകളെയും അനുഭവിപ്പിച്ചു തീര്‍ത്തു വീണ്ടും നാശത്തിലേക്ക്..
അവസാനിപ്പിക്കലിലേക്ക്.
എന്നിട്ട്?
ചുറ്റിലും നിലച്ച ശബ്ദങ്ങള്‍ക്ക്‌ നടുവില്‍,
രോദനങ്ങള്‍ക്ക്‌ നടുവില്‍,
കര്‍പൂര ഗന്ധത്തിനു നടുവില്‍,
അടുക്കിവച്ച വിറകു കഷ്ണങ്ങള്‍ക്ക് നടുവില്‍,
കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിനു നടുവില്‍.എങ്ങിനെയാണ്‌ ഞാന്‍ നിന്റെ ജീവിതത്തിലേക്ക് എത്തിച്ചേര്‍ന്നത്?
ദിക്കു തെറ്റി വന്ന ഒരു കുരിവി ആയിരിക്കണം ഞാന്‍ ‍
വഴിപിണഞ്ഞ വ്യസനം ചിറകടിയായി ഉയര്‍ന്നിരിക്കണം
പിന്നെ പിന്നെ പറക്കനാവാതെ തളര്ന്നിട്ടുണ്ടാവണം
ഒടുവില്‍ നിന്റെ സ്വാര്‍ത്ഥതയുടെ ഇരുണ്ട ഇടനാഴിയില്‍,
സന്ദേഹങ്ങള്‍ക്ക് മദ്ധ്യേ ജീവിച്ചതാവണം.
അല്ലയിരുന്നെങ്കില്‍
വീണ്ടുമൊരു സാരിത്തുമ്പില്‍ കെട്ടിതൂങ്ങാന്‍ തോന്നുമായിരുന്നോ?


നിനക്ക് വെറുതെ ഈ മുറിയിലേക്ക് ഒന്ന് എത്തി നോക്കാം.
ഈ ചെറിയ വാതിലിന്‍ വിടവിലൂടെയെങ്കിലും, വെറുതെ ഒന്ന് അന്വേഷിക്കാം.
ദേവൂട്ടി നിനെക്ക് എന്തെങ്കിലും വേണമോ എന്ന് ചോദിക്കാം,
അല്ലെങ്കില്‍ ഒന്ന് പുഞ്ചിരിച്ചു പോവാം.
അപ്പോള്‍ ഞാന്‍ പ്രതികരിക്കുമെന്ന് വിചാരിച്ചാണോ നീ അടുത്തേക്ക് വരാത്തത്.
അതോ നിന്റെ മുഖം എന്റെ കൈകളില്‍ കോരിയെടുത്തു ആ കണ്ണുകളിലേക്കു നോക്കി
പ്രിയനേ ഈ സ്വരമൊന്നു കേള്‍ക്കാന്‍, ഈ കണ്ണുകളില്‍ എന്റെ പ്രതിബിംബം കാണാന്‍
ഞാന്‍ എത്ര കാലമായി ആഗ്രഹിക്കുന്നു എന്ന് പറയുന്നത് കേള്‍ക്കുമെന്ന് പേടിച്ചാണോ?
അതോ ഞാന്‍ മരിച്ചാല്‍
നീന്റെ ഓര്‍മകളില്‍ എപ്പോഴെങ്കിലും ഒരു സ്നേഹമായി, തണലായി, തലോടലായി, തെന്നലായി, വേഴാമ്പലായി, ഞാന്‍ എത്തി നോക്കുമ്പോള്‍ ,
എന്റെ കുഴിമാടത്തിന്നരികില്‍
ഒരു വിളക്ക് കൊളുത്താന്‍ നീ മറക്കരുതേ എന്ന് പറയും എന്നോര്‍ത്താണോ?

മരിക്കാന്‍ കിടക്കുന്ന ഒരാള്‍ക്ക് എന്ത് ആഗ്രഹമാണ് ഉണ്ടാവുക?
ഈശ്വര വിശ്വാസി ആണെ‍ങ്കില്‍ സ്വര്‍ഗത്തെ കുറിച്ച് ഓര്‍ക്കാം,
ഈശ്വരന്റെ മലാഖമാരാല്‍ അനുഗ്രഹിക്കപ്പെടുന്നത് ഓര്‍ക്കാം.
പക്ഷെ ഭൌതിക വാദി ആണെങ്കില്‍, എന്ത് ആഗ്രഹമായിരിക്കും ഉണ്ടാവുക?
യുക്തിയില്‍ നിന്നു ഒരുത്തരം കണ്ടത്തുകയാകാം അല്ലെ?

എന്റെ ആഗ്രഹം പറയട്ടെ ?
വേണ്ട നിന്റെ കണ്ണുകള്‍ എന്നെ ഓര്‍ത്തു ഈറനണിയുമ്പോള്‍ ഞാന്‍ അത് പറയാം
അപ്പോള്‍ നിനെക്ക് മനസ്സിലാവും
നിന്നെ സ്നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന, കാമിച്ചിരുന്ന ഒരു പാവം പെണ്‍കുട്ടിയെ.
നിന്നെ തൊട്ടുരുമ്മി കിടക്കുമ്പോള്‍, മുടി ഇഴകളില്‍ക്കൂടി വിരല്‍ ഓടിക്കുമ്പോള്‍, അറിയാതെ നിര്‍വതിയില്‍ ആണ്ടു പോയിരുന്ന ഈ പാവം പെണ്‍കുട്ടിയെ.


എന്റെ മുന്നില്‍ വന്നു എന്റെ കൈയ്യിലെ ഞരമ്പുകള്‍ക്കു വേണ്ടി പരതുന്ന ഈ വെള്ളയുടുപ്പിട്ട കുട്ടികളെ നോക്കു, അവര്‍ എത്ര കരുണയോടും വാത്സല്ല്യത്തോടും കൂടിയാണ് എന്നെ മുട്ടിയുരുമ്മി നില്‍ക്കുന്നത്.
ഞെരമ്പുകള്‍ കാണാന്‍ കഴിയാത്ത എന്റെ മെലിഞ്ഞ കൈതൊണ്ടയില്‍ സൂചി കുത്തിയിറക്കുമ്പോള്‍ ഞാന്‍ വേദനിച്ചു നിലവിളിച്ചു പോവുമെന്ന് അവര്‍ വിചാരിച്ചു കാണണം.
അവര്‍ സ്നേഹവായ്പ്പോടെ എന്റെ തലയില്‍ തലോടുന്നു.
അവര്‍ പറയുന്നത് എന്താണന്നോ? മാഡം നിങ്ങളെ വേദനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ഒട്ടും ആഗ്രഹമില്ല.
ഈ മെലിഞ്ഞ കയ്യില്‍ നിന്ന് ഞങ്ങള്‍ക്ക് ഞെരമ്പുകള്‍ കണ്ടു പിടിക്കാന്‍ പറ്റുന്നില്ല.
മാഡം ഞങ്ങളോട് ദേഷ്യപ്പെടരുതേ, ഞങ്ങളെ ശപിക്കരുതേ.

എന്നിട്ടും മഹേഷ്‌ നിനെക്ക് എന്റെ അരികിലേക്ക് വരാന്‍ തോന്നുന്നില്ലല്ലോ?
നിനെക്ക് ഞാന്‍ അത്രക്കും വെറുക്കപ്പെട്ടവളായോ?


ദൂരെ ആശുപത്രി മതിലനപ്പുറത്തു കാണുന്ന വേപ്പുമര ചില്ലയില്‍ ചിറകടിച്ചു എത്തിയ കുഞ്ഞികിളിക്കരികെ കൌതകത്തോടെ നോക്കി ഇരിക്കുന്ന മഞ്ഞകിളിയെ എനിക്ക് ഈ കിടക്കയില്‍ കിടന്നു കാണാം.
ഇടയ്ക്കിടെ തല ചലിപ്പിക്കുന്ന മഞ്ഞകിളിക്ക് അരികില്‍ സ്വപനത്തില്‍ എന്നോണമാണ് കുഞ്ഞികിളി ഇരിക്കുന്നത്.
ഞാന്‍ ഇപ്പോള്‍ ഇമവെട്ടാതെ അത് നോക്കി കിടക്കുകയാണ്.
ഓരോ കുഞ്ഞു സ്വപ്നത്തിനും എത്ര മനോഹാരിതയാണ്.
ചിലതിനക്കെ പുഷ്പങ്ങളുടെ സൌരഭ്യം.
ചിലതെക്കെ ഇപ്പോഴും എന്റെ നെഞ്ചിന്‍ കൂടില്‍ കിടന്നു കളകൂജനം നടത്തുന്നു.കണ്ടില്ലേ?
മരണത്തെ കാമിച്ചു ഒരു സാരിതുമ്പില്‍ ആടി നിന്ന എനിക്ക് ദൈവം വിധിച്ചത് ,
അതോ പ്രകൃതിയോ,
രണ്ടായാലും വിധി ഒന്ന് തന്നെ.
എന്റെ വയറു നിറയെ പഴുപ്പാണന്നു ഡോക്ടര്‍മാര്‍ വിധി എഴുതി കഴിഞ്ഞു. പഴുപ്പ് കോശങ്ങളില്‍ നിന്ന് കോശങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു.

മരണം ആഗ്രഹിച്ച എനിക്ക് വിധി തന്നെ വഴി കാട്ടിയായി മാറിയിരിക്കുന്നു.
എനിക്ക് കാണാനായി ജനാലകള്‍ പ്രകൃതിയിലേക്ക് തുറന്നിട്ടിരിക്കുന്നു.
എന്നെ സന്തോഷിപ്പിക്കാനായി എനിക്ക് ചുറ്റും പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
എന്റെ ഹൃദയം നിറയ്ക്കാനായി എന്റെ പ്രിയതമന്‍ പുറത്തു എന്നെയും ഓര്‍ത്തിരിക്കുന്നു എന്നിവര്‍ പറയുന്നു.

നീ പുറത്തു കാത്തിരിപ്പുണ്ടോ?
എങ്കില്‍ ഞാനിതും മറ്റൊരു അത്ഭുതത്തില്‍ പെടുത്തും
കാരണം നിനക്ക് കാത്തിരിക്കാനായി ഇനിയും ആശുപത്രി വരാന്തകള്‍ ഉണ്ടാവും
ആശുപത്രി കിടക്കയില്‍ കിടന്നു നിന്റെ മുഖം ഒന്ന് കാണാന്‍ കൊതിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടും.
ഒരു പൂവില്‍ നിന്ന് മറ്റൊരു പൂവിലെക്കുള്ള നിന്റെ ദൂരം വളരെ ഹ്രസ്വമായിരുന്നില്ലേ ?
എത്ര എത്ര പൂവിതള്‍ നീ അടര്‍ത്തി മാറ്റിയിട്ടുണ്ടാവും?
എത്ര എത്ര തളിരുകള്‍ നീ നുള്ളി കളഞ്ഞിട്ടുണ്ടാവും,
എത്ര എത്ര കുരുതികള്‍ നീ ബലി കഴിച്ചിട്ടുണ്ടാവും?
ഒരു പിടി മലര്‍
ഒരു കഴുത്തു
ഒരു വെട്ടു
ഒരു പിടച്ചില്‍
കുരുതികളം രക്തം കൊണ്ട് നിറഞ്ഞു.
നീ അട്ടഹസിച്ചു ചിരിച്ചു.
നിന്റെ ചിരി ഓര്‍ത്തു പൂവിതള്‍ നൊന്തു കരഞ്ഞു.

കാവലിരിക്കുന്ന കഷ്ടപ്പാട് വെറുതെ ആണന്നു നിനെക്ക് തോന്നുമെന്നുറപ്പാണ്.
നീ കഥ എഴുതുന്ന ആളല്ലേ? കവിത എഴുതുന്ന ആളല്ലേ?

നിന്നെ ഞാന്‍ പറഞ്ഞു മനസിലാക്കി തരണമോ?
എത്രനാള്‍ കാവലിരിക്കും നീ ഈ പ്രാണന്‍ വിട്ടകലാന്‍ വെമ്പിനില്‍ക്കുന്ന ശരീരത്തിന്?

സത്യം പറയട്ടെ ഇപ്പോഴും എനിക്ക് നിന്നോട് വെറുപ്പ്‌ തോന്നുന്നില്ല.
ഞാന്‍ വെറുക്കാന്‍ ശ്രമിച്ചു.
പക്ഷെ അതിലുമധികം ഞാന്‍ നിന്നെ സ്നേഹിച്ചു പോയിരുന്നു.
സ്നേഹത്തിനു ഭാരമുണ്ടോ? ഇല്ല, ഒട്ടുമില്ല, അത് പറന്നു പറന്നു നടക്കുന്നു,
അരുവിയെ പോലെ പതുക്കെ ഒഴുകുന്നു.
വേനലിലെ ആദ്യ മഴ പോലെ, തുള്ളികള്‍ ഓരോ ഓരോന്നായി എന്നില്‍ കുളിര്‍മ പകരുന്നു.


എന്റെ അവസാന ആഗ്രഹം പറയാന്‍ സമയമായന്നു തോന്നുന്നു.

മഹേഷ്‌ നമുക്ക് രണ്ടു പേര്‍ക്കും ഒരു സിനിമയിലെ കഥാപാത്രങ്ങള്‍ ആവാം.
നീ തടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു കാമുകന്‍, ഞാന്‍ ആശുപത്രി കിടക്കയില്‍ .. നീ എന്റെ അരികിലേക്ക് വരുന്നു.


ദേവൂട്ടി നിനെക്ക് എന്ത് ആഗ്രഹമാനുള്ളത്?


എന്നോട് ഒരു തമാശ പറയു മഹേഷ്‌,
എന്നെ ചിരിപ്പിക്കു മഹേഷ്‌,

ദേവൂട്ടി ഇപ്പോഴാണോ തമാശ. ഞാന്‍ നിന്നെ ഒരു പാട് ഒരു പാട് സ്നേഹിക്കുന്നു ദേവൂട്ടി

ഹ ഹ ഹ മഹേഷ്‌, ഞാന്‍ ചിരിച്ചു..
ശെരിക്കും ഇത് ഒരു വണ്ടര്‍ഫുള്‍ തമാശ ആയിട്ടുണ്ട്‌

ഒരു തമാശ കൂടി പറയു മഹേഷ്‌

ഇങ്ങിനെ എന്നെ പരീക്ഷിക്കല്ലേ ദേവൂട്ടി, എനിക്കിത് സഹിക്കാന്‍ കഴിയുന്നില്ല,
നിന്റെ സ്നേഹത്തില്‍ ഞാന്‍ മരിക്കും ദേവൂട്ടി

ഹ ഹ ഹ മഹേഷ്‌,.. ഞാന്‍ വീണ്ടും ചിരിച്ചു. റിയലി യു ആര്‍ എ ഗ്രേറ്റ്‌ പെര്‍സണ്‍

ഇനി എന്നെ കുറച്ചു സ്നേഹിക്കു മഹേഷ്‌,
എന്നെ കെട്ടി പിടിച്ചു നിന്നിലേക്ക്‌ അമര്‍ത്തു മഹേഷ്‌,

ഹെന്റെ ദേവൂട്ടി.....
അയാള്‍ അവളെ കെട്ടിപിടിച്ചു
അവളുടെ ശ്വാസഗതി ഉയര്‍ന്നു

ജാലകങ്ങളിലൂടെ തണുപ്പ് മുറിയിലേക്ക് അരിച്ചു കയറി
ആശുപത്രി മതിലനപ്പുറത്തെ വേപ്പുമര ചില്ലയില്‍ കുഞ്ഞിക്കിളി പറക്കാന്‍ കഴിയാതെ ചിറകിട്ടടിച്ചു കരഞ്ഞു
പുറത്തു പ്രക്രതിയില്‍ പെയ്യനായി ഒരു മഴ ഒരുങ്ങി നില്‍പ്പുണ്ടായിരുന്നു
ചിറകൊടിഞ്ഞ അവളുടെ ശരീരം
വേദനകളില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി

Sunday, January 1, 2012

അയഥാര്‍ത്ഥ ലോകം
കസവ് കര തുന്നിപ്പിടിപ്പിച്ച വെളുത്ത സാരി ധരിച്ചു തൊട്ടുഅപ്പുറത്തുള്ള തീവണ്ടിയുടെ വാതിലില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ ഞാന്‍ സാകുതം നോക്കി. 'അതെ, അവള്‍ തന്നെ, അഞ്ജു.'  മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ചെന്നൈയില്‍ ഞങ്ങളൊരുമിച്ചു  എം ബി എ ക്ക് പഠിക്കുമ്പോളായിരുന്നു ഒരിക്കല്‍ ഒരു നദിയുടെ പേരില്‍ തമിഴ് മനം കത്തിയെരിഞ്ഞത്. ആ തീയില്‍ പലതും വെന്തുകരിഞ്ഞു,. അവിടെ വച്ച് എനിക്ക് നഷ്ടപ്പെട്ട സൌഹൃദത്തിലെ ഒരു കണ്ണിയാണ് അഞ്ജു. ആ സംഭവം നടക്കുമ്പോള്‍ ഒരു ദിവസം അവള്‍ പെട്ടെന്ന്  അപ്രക്ത്യക്ഷമാവുകയായിരുന്നു. വര്‍ഷകാലത്തിലെ പേമാരിയില്‍ കുലംകുത്തി ഒഴുകിയ ആ നദി തന്നെയാണ് ഞങ്ങളെ ഇപ്പോള്‍ വീണ്ടും ഒന്നിപ്പിച്ചിരിക്കുന്നത്. തമിഴ്നാടിനും കേരളത്തിനും ഇടയിലുള്ള, ഈ റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങളുടെ യാത്രക്ക് അര്‍ദ്ധവിരാമം പ്രാപിക്കേണ്ടി വന്നിരിക്കുന്നു. രണ്ടു ദിശകളിലേക്കായി സഞ്ചരിച്ചു കൊണ്ടിരുന്ന ഈ വണ്ടികള്‍ കുറെ മനുഷ്യരെയും വഹിച്ചു കൊണ്ട് നാലുപുറവും  വെള്ളത്താല്‍ ചുറ്റപ്പെട്ട്  കിടക്കുകയാണ്.  ഞാന്‍ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള യാത്രയിലാണ്. ഞങ്ങളുടെ ട്രെയിനില്‍ അധികവും ഉദ്യോഗസ്ഥപ്രഭുക്കളാണ്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടിയില്‍ അധികവും പാവപ്പെട്ട അവിദഗ്‌ദ്ധ കൂലിവേലക്കാരുമാണ്. രണ്ടു തീവണ്ടികളില്‍ ഏതെങ്കിലും ഒരു വണ്ടിയുടെ യാത്ര തുടരാന്‍ കഴിയുമെന്നാണ് അതികൃതര്‍ അറിയിച്ചിരിക്കുന്നത്. അത് ഏതു ദിശയിലേക്കു പോവുന്ന വണ്ടിയകണം എന്ന് തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നിത്യവേതനത്തിന് തൊഴില്‍ ചെയ്യുന്നവരെ  പാവപെട്ട കൂലിവേലക്കാര്‍ എന്ന് വിശേഷിപ്പ്പിച്ചത് എന്റെ കാഴ്ച്ചപാടിലൂടെയല്ല, അതൊരു  തത്വസംഹിതയുടെ കാഴ്ചയാണ്. ഞാനും അതിലൊരു കണ്ണിയാണ് എന്നത് കൊണ്ടാവാം, എന്റെ മനസ്സും അങ്ങിനെ സഞ്ചരിച്ചത്.   ഇനി നമുക്ക് വീണ്ടും അഞ്ജുവിലേക്ക് വരാം. എന്റെ കമ്പാര്‍ട്ട്മെന്റിന്റെ ജാലക പഴുതിലൂടെ നോക്കിയാല്‍ എനിക്കവളെ  കാണാം. എന്നെയവള്‍  തിരിച്ചറിയുന്നതിനു മുമ്പായി, ഞാന്‍ ഞങ്ങളുടെ കഴിഞ്ഞ കാലത്തിന്റെ പടികളിലൂടെ  സഞ്ചരിച്ചു വരാം.

ഞങ്ങളുടെ ക്ലാസ്സിലെ ശരവണന്‍ എന്ന പയ്യനും അഞ്ജുവുമായി പ്രണയത്തില്‍ ആയിരുന്നു. ഫസ്റ്റ് സെമസ്റ്ററില്‍ ആ പ്രണയം മഞ്ഞു പെയ്യുന്ന ഡിസംബറിന്റെ തണുത്ത പകലുകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു. അഞ്ജു പലപ്പോഴും ഹോസ്റ്റലില്‍ തന്നെ ചടഞ്ഞുകൂടി, പൂവിനെ കുറിച്ചും, പൂവില്‍ നിന്ന് തേന്‍ നുകര്‍ന്ന് പോവുന്ന വണ്ടുകളെ കുറിച്ചും, പൂതോട്ടത്തിനു ചുറ്റും പാറിപറക്കുന്ന ചിത്ര ശലഭങ്ങളെ കുറിച്ചുമെല്ലാം പറഞ്ഞു. സെക്കന്റ്‌ സെമസ്റ്ററില്‍ കുറച്ചു കൂടി ഗൌരവ പ്രാധാന്യമുള്ള കാര്യങ്ങളിലായി അഞ്ജുവിന്റെ നേരം പോക്ക്. ശൈത്യകാലത്തിനും വേനല്‍ക്കാലത്തിനും ഇടയിലുള്ള വെയിലിന്റെ ചൂട് കുറഞ്ഞ പകലുകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു അവയില്‍ പലതും. നിലാവുള്ള രാത്രികളെ കുറിച്ചും അസ്തമിക്കാത്ത പകലുകളെ കുറിച്ചും, പൂര്‍ണചന്ദ്രനെ കുറിച്ചുമെല്ലാം അവള്‍ പറയുമായിരുന്നു. അവസാനത്തെ സെമസ്റ്റര്‍ ഒടുവില്‍ എത്തുമ്പോളാണ് അഞ്ജുവിനെ കാണാതാവുന്നത്. അപ്പോള്‍ തന്നെയായിരുന്നു  ഒരു നദിയുടെ പേരില്‍ തമ്ഴ്മനം കത്തി എരിഞ്ഞതും. അഞ്ജുവിന്റെ അപ്രക്ത്യക്ഷമാവലിനെ കുറിച്ച് ഏറ്റവും കൂടുതല്‍  അറിയുന്നത് ശരവണന് മാത്രമാണ്. പക്ഷെ അപ്പോഴേക്കും ഭാഷ അടിസ്ഥാനമായി കോളേജില്‍ രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഞങ്ങള്‍ക്ക് എതിരെയുള്ള ഗ്രൂപ്നുനു നേതൃത്വം കൊടുത്തത് ശരവണന്‍ ആയിരുന്നു. പിന്നീടുള്ള ദിനങ്ങള്‍ ഭീതിയുടെത് ആയിരുന്നു. ആര് എവിടെ വച്ച് അക്രമിക്കപെടുക എന്ന് പറയാന്‍ പറ്റാത്ത ഒരു അവസ്ഥ. പക്ഷെ അപ്പോള്‍ ഞങ്ങള്‍ക്ക് തണലായി, ഞങ്ങളുടെ സംരക്ഷകരായി ഞങ്ങളുടെ കൂടെ നിന്നതും, കോളേജില്‍ കൂടെ പഠിക്കുന്ന ചുരുക്കം ചില തമ്ഴ് സുഹ്രത്തുക്കള്‍ ആയിരുന്നു. പഠനം കഴിഞ്ഞു എന്റെ ജോലി പത്ര പ്രവര്‍ത്തനത്തിലേക്ക് നീണ്ടപ്പോഴും അഞ്ജുവിന്റെ തീരോധനം എന്റെ മനസ്സില്‍ ഒരു കനലായി എരിഞ്ഞുകൊണ്ടിരുന്നു. കാരണം, ചില സൌഹൃദങ്ങള്‍ ഒരു ബൈ പറച്ചിലിലൂടെയോ അല്ലെങ്കില്‍ ഒരു അപ്രക്ത്യക്ഷമാവലിലൂടെയോ അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. നമുക്ക് ഹൃദയം ഉണ്ട് എന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ എല്ലാം അവ നമ്മുടെ ഓര്‍മകളില്‍ മായാതെ, മരിക്കാതെ, മറക്കാതെ കിടക്കുന്നുണ്ടാവും.അഞ്ജു ഒരു അതിബുദ്ധിമതിയായ വിദ്യാര്‍ത്ഥിനി ആയിട്ടും, ശരവണനെ അവള്‍ സെലക്ട്‌ ചെയ്തത് ശരിയായില്ല എന്നെനിക്കു പലപ്പോഴും തോന്നിയിരുന്നു. അത് കൊണ്ട് തന്നെ ആ ഒരു കാര്യത്തെ കുറിച്ച് ഞാന്‍ അഞ്ജുവിനെ ബോധാവതിയാക്കാന്‍ പലപ്പോഴും ശ്രമിച്ചിരുന്നു.
"അഞ്ജു, നിന്നെ പോലെ ഒരാള്‍ക്ക് യോജിച്ചതാണോ ശരവണന്‍?"
"ഫൈസല്‍ , ആര്‍ക്കും പെട്ടെന്ന് അവനെ ഉള്‍കൊള്ളാന്‍ ആവില്ല , തെറ്റിദ്ധരിക്കപ്പെട്ട ഒരു ജന്മം എന്നെക്കെ പറയാറില്ലേ? അതാണ് അവന്‍. മുഖം നോക്കാതെ പെട്ടെന്ന്  പ്രതികരിക്കും,  അതാണ് അവന്റെ കുഴപ്പം"
"അതവന്‍ സ്വയം ശ്രിഷ്ടിക്കുന്നത് തന്നെയാവില്ലേ അഞ്ജു? മറ്റുള്ളവര്‍ അവനെ തെറ്റിദ്ധരിക്കുന്നത് അവന്‍ ആസ്വദിക്കുന്നുണ്ടാവും. പക്ഷെ നമുക്ക് സ്വയം നമ്മളെ മനസിലാക്കാന്‍ പറ്റില്ലേ? വേണമെങ്കില്‍ അവന്നു സ്വയം മാറ്റാന്‍ പറ്റുന്ന സ്വഭാവമേ അവനൊള്ളൂ"
"ഫൈസല്‍, നീ അവനില്‍ ആഗ്രഹിക്കുന്ന 'പാവം പയ്യന്‍' അവനു വേണ്ട. ഒരു അര്‍ത്ഥത്തില്‍ നമ്മുടെ ഐഡന്റിറ്റി തിരിച്ചറിയാതെയിരിക്കുന്നതാണ് നല്ലത്. അത് അറിയുന്നതോട് കൂടി ഒരു മുന്‍ധാരണ വച്ചാവും സമൂഹം നമ്മോടു പെരുമാറുക. പാവമായത്  കൊണ്ടെന്താണ് കാര്യം. എല്ലാവര്ക്കും വഞ്ചിക്കാനും ചതിക്കാനും സഹതാപത്തോടെ നോക്കാനുമല്ലാതെ വേറെയെന്തിനു കഴിയും? ആര്‍ക്കും കയറി ഇരിക്കാന്‍ പാകത്തില്‍ ഒരു ചാഞ്ഞ കൊമ്പ്, അതിനുമപ്പുറം എന്ത് നേട്ടമാണ് പാവം എന്നവസ്ഥ കൊണ്ടുള്ളത്?"
"പക്ഷെ, അഞ്ജു, ഇങ്ങിനെ പാവമെന്നു പറയുന്നവര്‍  പലരും, പെട്ടെന്ന് വികാരത്തിന് അടിമപ്പെടുന്നവരാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ മതി അവരെ  ദുഖിപ്പിക്കുവാനും. സന്തോഷിപ്പിക്കുവാനും.   പ്രതികരണം പെട്ടാന്നവുന്നത്കൊണ്ട്   പലപ്പോഴും ബന്ധങ്ങളുടെ തകര്‍ച്ചയും ദൃതഗതിയിലായിരിക്കും.  ഉപേക്ഷിച്ചു പോവുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴില്ലെങ്കിലും, അവര്‍ മറ്റൊരു ബന്ധനത്തില്‍ ആവുന്നതോട് കൂടി പഴയ ഓര്‍മ്മകള്‍ അവരില്‍ നിന്ന് നഷ്ടപ്പെടും"
"നീ പറഞ്ഞത് ശരിയാണ് ഫൈസല്‍, ഞങ്ങള്‍ പലപ്പോഴും വഴക്കിടാറുണ്ട്, അതിനു പ്രത്യകമായ ഒരു കാരണമൊന്നും വേണ്ട. പക്ഷെ അത് പോലെ തന്നെയാണ് ഇണക്കവും. വീണ്ടും ഇണങ്ങുമ്പോള്‍ അതിന്റെ ത്രില്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. അത് കൊണ്ട് തന്നെയാണ് അവന്റെ സ്വഭാവത്തില്‍ ഞാന്‍ അപാകതകള്‍ കാണാത്തതും"
"അഞ്ജു, അതിനു പ്രധാന കാരണം, പ്രകടിപ്പിക്കുന്ന സ്നേഹത്തില്‍ എത്തുമ്പോള്‍ ആര് ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് എന്ന് വിവേചിച്ചു അറിയാന്‍ സാധിക്കാത്ത അവസ്ഥയിലെത്തുന്നത് കൊണ്ടാണ്. അങ്ങിനെയൊരു  അവസരത്തില്‍ ഇത്തരക്കാര്‍ പെട്ടെന്ന്  പ്രതികരിക്കും. അപ്പോള്‍ അവരില്‍ തോറ്റു കൊടുക്കാനുള്ള സന്മനസ്സു നഷ്ടപ്പെടും, പിന്നെ അത് വളര്‍ന്നു ഞാന്‍, എന്നെ, എന്റെ, എന്നീ വാക്കുകളുടെ അമിതപ്രയോഗത്തിലേക്ക് എത്തിക്കുന്ന തര്‍ക്കങ്ങളിലേക്ക് അവരെയെത്തിക്കും. ജയമാണ് എല്ലായിടത്തും മനുഷ്യനെ ഉന്നതിയില്‍ എത്തിക്കുന്നതെങ്കില്‍, തോറ്റു കൊടുക്കുവാനുള്ള സന്മാനസ്സന് ഏറ്റവും നന്നായി സ്നേഹിക്കാന്‍ അറിയുന്നു എന്നതിന്റെ വിവക്ഷ. തോല്‍വിയും ത്യാഗവും സ്നേഹത്തിന്റെ അളവുകോല്‍ ആണ് എന്ന് വേണമെങ്കില്‍ പറയാം"
പരസ്പരം പ്രണയിക്കുന്ന അവസരത്തില്‍, രണ്ടു വ്യക്തികള്‍ തമിലുള്ള സ്നേഹവും വിശ്വാസവും എത്രമാത്രം ദൃഢമായിരിക്കുമെന്നു എനിക്ക് മനസിലായ കാലമായിരുന്നു അത്.. പക്ഷെ ഭാഷ, വംശം, വര്‍ണ്ണം, വര്‍ഗം, ദേശിയത ഇവ മനുഷ്യ വര്‍ഗത്തില്‍ രൂപാന്തരം പ്രാപിക്കുമ്പോള്‍ അവിടെ സ്നേഹമെന്ന വികാരത്തിന് വലിയ പ്രാധാന്യമൊന്നുമില്ല എന്ന് മനസിലായതും പൊടുന്നനെയായിരുന്നു. ഒരു കാലത്ത് ശരവണന് അഞ്ജു തന്റെ സ്നേഹത്തിന്റെ ദേവത ആയിരുന്നു എങ്കില്‍, പെട്ടെന്ന് മറ്റൊരു  ദിവസം അവള്‍ തന്റെ ദേശത്തിന് വെള്ളം നിഷേധിക്കുന്ന ഒരു സമൂഹത്തിന്റെ കണ്ണികളില്‍ ഒരാളായി മാറി.  തീവണ്ടി 'സ്റ്റേഷനില്‍' നിന്ന് മാറ്റാനുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഏതു ദിശയിലേക്കുള്ള ഗതാഗതമാവണം  ആദ്യം ക്ലിയര്‍ ചെയ്യേണ്ടത് എന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നതിപ്പോള്‍. കേരളം ഭരിക്കുന്നത് ഒരു ദേശീയ കക്ഷിയാണ്. തമിഴ്നാട് ഒരു പ്രാദേശിക കക്ഷിയും. പക്ഷെ കേന്ദ്രം ഭരിക്കേണ്ടത് ആര് എന്ന് തീരുമാനിക്കനുള്ളത് ഈ പ്രാദേശിക കക്ഷിയാണ് എന്നത് ഒരു വിരോധാഭാസമായി തോന്നുന്നു. കേരളവും ഇനി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. ദേശീയ കക്ഷികള്‍ക്ക് പകരം പ്രാദേശിക കക്ഷികള്‍ ഭരിക്കേണ്ടതിന്റെ ആവശ്യകത നമുക്ക്, നമ്മള്‍ പാണ്ടികള്‍ എന്ന് വിളിച്ചു അതിക്ഷേപിക്കുന്നവര്‍ പഠിപ്പിച്ചു തന്നിരിക്കുന്നു. പ്രതീക്ഷിച്ചത്പ്പോലെ എന്നെയവള്‍ കണ്ടു കഴിഞ്ഞു .      "അഞ്ജു നീ ഇവിടെ!! ഈ സ്റ്റേഷനില്‍ !! എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ഇങ്ങിനെ ഒരു കൂടി കാഴ്ച . നിനക്കെന്താണ്  സംഭവിച്ചത്, നീ എങ്ങിനെയാണ്‌ അവിടുന്ന് അപ്രക്ത്യക്ഷയമായത്?"
"ഹോ, അത് ആലോചിക്കാന്‍ കഴിയുന്നില്ല ഫൈസല്‍, അന്ന് വല്ലാത്തൊരു  ദിവസമായിരുന്നു. പെട്ടെന്ന്  തമിഴ്നാട് വിട്ടുപോവാന്‍, ഒരു സംഘം ഞങ്ങളോട് ആവശ്യപ്പെട്ടു.  ആ ഗ്രൂപ്പില്‍ ശരവണനും ഉണ്ടായിരുന്നു.  ഭാഷ സ്നേഹം കൊണ്ട് സ്വന്തം സ്നേഹം മുരടിച്ച ഒരു വ്യക്തിയെ ആണല്ലോ എനിക്ക് സ്നേഹിക്കാന്‍ തോന്നിയത് എന്നോര്‍ത്ത് സ്വയം  എന്നോട് തന്നെ ലജ്ജ തോന്നി. ഐ ഹൈറ്റ്‌ സെ ഗുഡ്ബൈ ഫൈസല്‍ , ഞാന്‍ അവനോടു ഗുഡ് ബൈ പറഞ്ഞപ്പോള്‍ കരഞ്ഞു പോയി. അവന്‍ തിരിഞ്ഞു നടക്കുമ്പോള്‍ ‍, അവനൊരിക്കല്‍  കൂടി  തിരിഞ്ഞുനോക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.  പക്ഷെ,  എന്റെ സ്വപ്‌നങ്ങള്‍ ദൂരേക്ക്‌ ദൂരേക്ക്‌ പോവുന്നത് എനിക്ക് ഇമവെട്ടാതെ നോക്കി നില്‍ക്കേണ്ടി വന്നു. എനിക്കറിയാമായിരുന്നു അവന്‍ എന്നെ  ഓര്‍ക്കുക ഒരു മലയാളി ആയിട്ടായിരിക്കുമെന്നു . അവന്റെ ഗ്രാമത്തിനു വെള്ളം നിഷേധിച്ച ഒരു ജനതയുടെ ഭാഗമായിട്ടായിരിക്കുമെന്നു. എന്റെ സ്വപനങ്ങളെല്ലാം  പെട്ടെന്ന്  തകര്‍ന്നു തരിപ്പണമായി പോയപ്പോള്‍  മനസ്സ് ശൂന്യമായി. പിന്നെയെനിക്ക്‌ അവിടുന്ന് രക്ഷപ്പെടുകയല്ലാതെ നിവര്‍ത്തി ഇല്ലായിരുന്നു. ഒരു താത്കാലിക ഒളിച്ചോട്ടം, പക്ഷെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ എനിക്ക് കഴിഞ്ഞില്ല"
"അഞ്ജു ജീവിതമെന്നത്  ഒരു ട്രിപീസ് കളിയെ പോലെയാണ് , ഏറ്റവും നല്ല അഭ്യസിക്കുപോലും ഒരു പക്ഷെ കയറിന്റെ മറ്റൊരു അറ്റത്തേക്ക് എത്തുവാന്‍ സാധിക്കണമെന്നില്ല. ഒരു പക്ഷെ ശരവണന്‍ തിരിഞ്ഞു നോക്കിയിരുന്നെങ്ങില്‍ അവന്  നിന്നെയും കടന്നു മുന്നോട്ടു പോവാന്‍ സാധിച്ചില്ല്ലെങ്കിലോയെന്നു  അവന്‍ ഭയപെട്ടിരിക്കാം. അല്ലെങ്കില്‍ നിന്റെ കണ്ണുകളിലെ ജലകണികകള്‍ അവന്റെ ഹൃദയത്തില്‍ അലകള്‍ ഉണ്ടാക്കുമെന്ന് അവന്‍ തോന്നിയിരിക്കാം? പിന്നെയവന്  പോവാന്‍ സാധിക്കുമയിരുന്നോ? ഒരു പക്ഷെ അവന്‍ നിന്റെ കൂടെ വരികയായിരുന്നുവെങ്കില്‍, തമിള്‍, കേരളം വൈകാരികതക്കിടയില്‍ അവനു പിടിച്ചു നില്ക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നുണ്ടോ?  എന്നിട്ട് പിന്നെയെങ്ങിനെ  വീണ്ടും നീ തമിഴ്നാട്ടില്‍ വന്നു? അതൊരു വിരോധാഭാസമായി തോന്നുന്നു"
"ഫൈസല്‍ നിന്റെ ചിന്തകളും എന്റെ ചിന്തകളും ഒരു പോലെ ആയിരുന്നുവല്ലോ? ഞാന്‍ അവിടുന്ന് അന്ന് പോയതിനു ശേഷം പലപ്പോഴും എനിക്ക് തോന്നീട്ടുണ്ട്, ഒരു ബൈ പറച്ചിലില്‍ എല്ലാം അവസാനിക്കുമോ എന്ന്. അത് കൊണ്ട് തന്നെയാണ് വീണ്ടും ഒരിക്കല്‍ കൂടി അവനെ കാണാന്‍ പോയത്. നിന്റെ നിരീക്ഷണങ്ങള്‍ എത്ര മാത്രം ശരിയാണ് എന്നെനിക്കു മനസിലായത്, അവനെ വീണ്ടും കണ്ടുമുട്ടിയപ്പോളാണ്. അവനിപ്പോള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. പഴയത് അവനു ഓര്‍മകളില്‍ പോലുമില്ല  എന്നെനിക്കു  മനസിലാവാന്‍ അധിക സമയം വേണ്ടി വന്നില്ല. പിന്നെയൊന്നും  ആലോചിച്ചില്ല, വേഗമൊരു  മടക്കയാത്ര, അത് മാത്രമായിരുന്നു മുന്നിലുള്ള ലക്‌ഷ്യം. ഇനി ആരോടും ബൈ പറയേണ്ടി വരില്ലല്ലോ, വീട്ടുകാര്‍ നിശ്ചയിക്കുന്ന ഒരാളുടെ കൂടെ ജീവിച്ചു, ജീവിതം തീര്‍ക്കുകതന്നെ".
"കേരളത്തിലെ എല്ലാം ഡാമും പൊട്ടും എന്നാണല്ലോ പുതിയ പ്രചരണം, കണ്ടില്ലേ? .യൂടുബില്‍ നമ്മുടെ തൊടുപുഴക്കാരന്‍  മന്ത്രിയുടെ പ്രസംഗം ഉണ്ട്.   മന്ത്രിയുടെ ലോക വിവരത്തെ കുറിച്ച് നിങ്ങള്‍ നാട്ടുകാര്‍ക്ക് അറിയാന്‍ കഴിയും.  ഇതില്‍ കൂടുതല്‍  ആനന്ദലബ്ദിക്ക് എന്തുവേണം?  കേരളം എന്ന് കേട്ടാല്‍ തിളക്കണം ചോര ഞെരുമ്പുകളില്‍ എന്ന് ഉച്ചത്തില്‍ ചൊല്ലാം"
"ഫൈസല്‍ ‌ നീ ശരിക്കും  ആരുടെ ഭാഗമാണ്? കേരളമോ? അതോ തമിഴ്നാടോ?"
"ഞാന്‍ മനുഷ്യരുടെ ഭാഗമാണ്. ഡാം പൊട്ടുമെന്ന പ്രചരണം എന്തുകൊണ്ട് തമിഴ് ജനത ഏറ്റടുക്കുന്നില്ല എന്ന് മനസിലാക്കിയിട്ടുണ്ടോ? തമിഴ്നാട്ടിലെ ഗ്രാമീണര്‍ വിശ്വസിക്കുന്നത്, കേരളം അവരെ വെള്ളം കിട്ടാത്ത ഒരു കാലഘട്ടത്തിലേക്ക് നയിക്കാന്‍ പോവുകയാണ് എന്നാണ്. നമ്മുടെ ഭരണത്തിലിരിക്കുന്ന സംഘടനയുടെ ഭാഗമായ ചില ഗ്രൂപ്പുകള്‍ ഡാം ഷട്ടര്‍ അടക്കാന്‍ ശ്രമിച്ചത് തമിഴ് ഗ്രാമങ്ങളില്‍ പ്രചരിച്ചത് എങ്ങിനെയാണ്‌ എന്നറിയാമോ? കേരളം അവര്‍ക്ക് വെള്ളം നിഷേധിക്കാന്‍ പോവുന്നു, ഇടുക്കിയിലെ തമിഴ്പെണ്‍കുട്ടികളെ മലയാളികള്‍ മാനഭംഗം ചെയ്യുന്നു എന്നുള്ള രീതിയിലാണ്. അപ്പോള്‍ അവര്‍ വിചാരിച്ചു, കേരളത്തിന് ഇനി പച്ചകറികള്‍ കൊടുക്കണ്ടാന്നു. പാല് അവര്‍ റോഡില്‍ ഒഴിച്ച് നായക്ക് കുടിക്കാന്‍ കൊടുക്കുന്നു. എന്നാലും മലയാളിക്ക് കൊടുക്കില്ലന്നു അവര്‍ ശപഥം ചെയ്യുന്നു. ഇങ്ങിനെ ഒരു വികാരം ഒരു ജനതയില്‍ ഉടലെടുക്കാന്‍ ആരാണ് കാരണക്കാര്‍. നമ്മള്‍ പാവം ജനങ്ങള്‍  ഉത്തരവാദി അല്ലായിരിക്കാം, പക്ഷെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമില്ലേ? ഇത്രയും വലിയ ഒരു വിഷയം അവര്‍ കൈകാര്യം ചെയ്ത രീതി കേവലം കവല ചട്ടമ്പിമാരെ അനുസ്മരിപ്പിക്കുന്നതായി പോവുന്നില്ലേ? കേരളം മാറി മാറി ഭരിച്ച എല്ലാ സര്‍ക്കാരിനും ഇതിന്റെ ഉത്തരവാദിത്തം ഉണ്ട്. സ്വന്തം മക്കള്‍ക്കും മരുമക്കള്‍ക്കും എഞ്ചിനീയറിംഗ് സീറ്റിനും, മെഡിസിന്‍ സീറ്റിനു വേണ്ടി നെട്ടോട്ടം ഓടുന്ന മന്ത്രിമാര്‍ ലക്ഷ്യമിടുന്നത് അവരുടെ തലമുറയുടെ ഭാവി തന്നെ ആവില്ലേ.. എന്നിട്ടും, 30 ലക്ഷം ജനങ്ങളുടെ ഭാവിയെ കുറിച്ച് അവര്‍ക്ക് എന്ത് കൊണ്ടാണ് അറിയാതെ പോയത്. അതിനൊരു ഭൂമികുലുക്കം വരണമായിരുന്നുവോ?"
കുറച്ചു നേരം നിശബ്ധമായി നിന്ന അഞ്ജു എന്തോ ഓര്‍ത്തിട്ടെന്നവണ്ണം എന്നെക്കുറിച്ച് അനേഷിച്ചു. എന്റെ കഥകളെ കുറിച്ചും, ഞാന്‍ കല്ല്യാണം കഴിക്കാന്‍ കാലതാമസമെടുക്കുന്നതിനെ   കുറിച്ചൊക്കെ  അനേഷിക്കാന്‍ തുടങ്ങി.  ഇഷ്ട്ടപെടാത്ത ഒരു കാര്യത്തെ കുറിച്ച് ഓര്‍ക്കുന്നത് വലിയ സന്തോഷമൊന്നും നല്‍കില്ലെന്നും  വെളിച്ചതിനപ്പുറമുള്ള ഇരുട്ടിനെ ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നൊക്കെ ഫിലോസഫി പറഞ്ഞിട്ടും അവള്‍ വിട്ടില്ല. അവള്‍ ചോദ്യങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു
"വാട്ട്‌? യു ഡോണ്ട് ലൈക്ക് പ്രൊപോസല്‍ ഫൈസല്‍?"
"ആക്ക്ചലി ഞാന്‍ ഇഷ്ടപ്പെടാത്ത ഒരു റിലേഷന്ഷിപ്"
"ദെന്‍ വൈ ഡിഡ് യു അഗ്രീ ഫൈസല്‍? വെറുതെ നിന്റെയും ആ കുട്ടിയുടെയും ലൈഫ് നശിപ്പിക്കണോ?
"ചില ചെടികള്‍ക്ക് സ്വന്തമായി വളരാന്‍ സാധിക്കില്ല. അതിനു ചുറ്റും പടരന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്ക് നല്‍കുന്ന വെള്ളം കൊണ്ടാവും ആ ചെടിയുടെ നിലനില്‍പ്പ്‌. ചില തീരുമാനങ്ങള്‍ എടുക്കുന്നത് അതിന്റെ യഥാര്‍ത്ഥ സമയത്താവില്ല. പിന്നീട് അത് തിരുത്താന്‍ നമുക്ക് കഴിയാറുമില്ല"
"ഡോണ്ട് ബി കവാട്. യു ഹാവ് ദി ഫ്രീഡം റ്റു മേയ്ക്ക് എ ഡിസിഷന്‍ ഫോര്‍ യു. അത് പോലെ അവള്‍ക്കും അവകാശമുണ്ട്‌ അവളെ ശരിക്കും  അര്‍ഹിക്കുന്ന ആളിന് തന്നെയാണോ കിട്ടിയത് എന്നറിയാന്‍. നമുക്ക് ചെയ്യാനുള്ളത് നമ്മള്‍ ചെയണം. അല്ലാതെ വെറുതെ കയ്യും കെട്ടി നോക്കിനിന്നിട്ട് ഫിലോസഫി പറഞ്ഞിട്ട് എന്താ കാര്യം. മാര്യേജ് ഈസ്‌ എ ബിഗ്‌ ഡിസിഷന്‍. തോന്നുമ്പോള്‍ മാറ്റാന്‍ പറ്റില്ല അത്."
"ആ ഡിസിഷന്‍ എന്റെ കയ്യില്‍ അല്ല അഞ്ജു. അത് എന്നില്‍ നിന്ന് പോയി. ഇരുട്ടില്‍ എത്തിയാല്‍, നമുക്കും ചുറ്റും ശൂന്യതയായിരിക്കും, ചിലപ്പോള്‍ ഭയാനകമായ ശൂന്യത. ചുറ്റുമുള്ളത് എന്താണെന്നു തിരിച്ചറിയാന്‍ കഴിയാതെ, എവിടെയാണ് നില്‍ക്കുന്നത് എന്നറിയാന്‍ കഴിയാത്ത അവസ്ഥ."
"പണ്ട് ഫൈസല്‍ എന്നോട് പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ത്തു പോവുകയാണ്. ഹൃദയത്തിനുള്ളില്‍ സൂക്ഷിക്കുന്ന സ്നേഹമാണ് നല്ലതു . ബന്ധനങ്ങള്‍ ഇല്ലാത്ത സ്നേഹം..അതിനാണ് സൌരഭ്യം കൂടുതല്‍. അപ്പോളെനിക്ക്  ആരോടും വിട പറയേണ്ടി വരില്ലായിരുന്നു"
"അഞ്ജു നീ രക്ഷപെട്ടു,കേള്‍ക്കുന്നില്ലേ അറിയിപ്പ്, നിങ്ങളുടെ വണ്ടിക്കു യാത്ര തുടരാം, പക്ഷെ ഇത് ഒരു വിരോധാഭാസമല്ലേ, കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള വണ്ടി ആയിരുന്നില്ലേ പോവേണ്ടത്, അതിനു പകരം, തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള വണ്ടിയെ എങ്ങിനെ അധികൃതര്‍ പോവാന്‍ അനുവദിക്കുന്നു"
"ഫൈസല്‍ അതാണ്, കേരളം ഭരിക്കുന്നവരും തമിഴ് നാട് ഭരിക്കുന്നവരും തമ്മിലുള്ള വിത്യാസം. കേരളത്തില്‍ നിന്ന് പര്‍ലിമെന്റിലേക്ക് പോവുന്ന പലര്‍ക്കും, ഡല്‍ഹി ഒരു ടൂറിസ്റ്റ് കേന്ദ്രം മാത്രമാണ്, നേരെ ചൊവ്വ രണ്ടു വാക്ക് ഹിന്ദി പോലും സംസാരിക്കാന്‍ അറിയാത്തവരാണ് നമ്മുടെ പാര്‍ലിമെനട്രി മെംബേര്‍സ്. നമ്മുടെ ആവശ്യങ്ങള്‍ നമുക്ക് ദേശീയ നേതാക്കളെ പറഞ്ഞു മനസിലാക്കി കൊണ്ടുക്കാന്‍ സാധിക്കാറില്ല, അല്ലെങ്ങില്‍ അവര്‍ ഡല്‍ഹിയില്‍ എതുന്നതോട് കൂടി, കേരളം മറന്നു പോവുന്നു"

അഞ്ജു ബൈ പറഞ്ഞു പോയിട്ടും എന്റെ മനസ്സ് കുറെ ചോദ്യങ്ങളിലൂടെയും അവക്കുള്ള അവ്യക്തമായ ഉത്തരങ്ങലൂടെയും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ ഒരു ദിവസം പിന്നീടുള്ള എന്റെ ചിന്തകളില്‍ എങ്ങിനെയായിരിക്കും കടന്നു വരിക, അഞ്ജു എന്ന് എന്റെ പഴയ സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയതോ? അതോ രണ്ടു ട്രെയിനുകളില്‍ ഒന്നിന്റെ പാത മാത്രം സുഗമമാക്കി അതിനെ യാത്രയാക്കാന്‍ അനുവദിച്ച തല തിരിഞ്ഞ സര്‍ക്കാര്‍ നയങ്ങളോടുള്ള അമര്‍ഷമായോ? മനുഷ്യ വാസമില്ലാത്ത ഒരിടത്ത് തന്റെ കഴുതകളെ മേയാന്‍ വിട്ട യജമാനന്റെ വിഡ്ഢിത്തം ഓര്‍ത്തു ചരി വരുന്നു. അവശേഷിക്കുന്ന വെളിച്ചത്തെ ഇരുള്‍ വിഴുങ്ങിയാല്‍ ദുര്‍ഗടങ്ങളും അപകടങ്ങളും പതിയിരിക്കുന്ന പാതയിലൂടെ യജമാനനെ സുരക്ഷിതമായി കൊണ്ട്പോവേണ്ടത് ഈ കഴുതകളാണ് എന്ന് യജമാനന്‍ മറന്നു പോവുന്നു. എവിടെയൊക്കെ ഉപേക്ഷിച്ചു പോയാലും ഒരു ദിവസം നമ്മള്‍ കണ്ടു മുട്ടും. എന്തൊരയഥാര്‍ത്ഥ ലോകം!!

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...