Tuesday, December 18, 2012

കളിയുപകരണം
കറുത്തിരുണ്ട് ശോഷിച്ച ശരീരപ്രകൃതിയുള്ള  ആ സ്ത്രീയില്‍  ശ്രദ്ധ പതിപ്പിക്കാന്‍  അയാള്‍ക്ക്  എങ്ങിനെ കഴിഞ്ഞുവെന്നറിയില്ല. ഒരാളുടെ ശ്രദ്ധയ്ക്കു പാത്രമാവാനുള്ള  ആകാരവടിവോ സൌന്ദര്യമോ  ഒന്നും ഇല്ലാതിരുന്നിട്ടും കുറെ നേരമായി അയാള്‍ അവളെ മാത്രം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. അയാളുടെ ഓര്‍മ്മകളിലെവിടെയോ അങ്ങിനെയൊരു മുഖമുണ്ട്. ഒരിക്കല്‍ മാത്രം കണ്ട ഒരു പെണ്‍കുട്ടിയുടെ മുഖം. തന്റെ കൈകളില്‍ കിടന്നു പിടഞ്ഞ ഒരു കൊച്ചു മുഖം.!
 
ക്ലിയോപാട്ര എന്നു പേരുള്ള ബോട്ടില്‍ കയറുമ്പോള്‍, ഒരു സായാഹ്നസവാരി എന്നതിനപ്പുറം മറ്റു പരിഗണനകളൊന്നും അയാള്‍ ആ യാത്രയ്ക്കു  നല്‍കിയിരുന്നില്ല. ആ കൊച്ചു നൌകയ്ക്കു സമാന്തരമായി ജലശയ്യയ്ക്കു മീതെയിരുന്ന് ഇരയെ പിടിക്കുന്ന കടല്‍ക്കാക്കകള്‍ അയാളില്‍ ഒരുതരത്തിലുള്ള കൌതുകവുമുണര്‍ത്തിയില്ല.  അയാളുടെ ശ്രദ്ധ മുഴുവന്‍ ജലപ്പരപ്പിലായിരുന്നു.   സുര്യരശ്മികള്‍ അതിലുണ്ടാക്കിയ നീലവര്‍ണ്ണത്തിന്റെ ക്രമീകരണം കണ്ട് അയാള്‍ക്ക്  അത്ഭുതമടക്കാനായില്ല. പൊടുന്നനെ കടലിന്റെ ശാന്തതയിലേക്ക് എടുത്തുചാടാനുള്ള ഒരു ഉള്‍പ്രേരണ അയാളില്‍  നിറഞ്ഞു. ഓളങ്ങളില്‍ ആടിയുലയുന്ന ബോട്ടിന്റെ ഗതിവേഗത, തന്റെ ജീവിതത്തെക്കുറിച്ചു ചിന്തിക്കാന്‍ അയാളെ പ്രേരിപ്പിച്ചു. പുറമേയ്ക്കു ശാന്തമായ കടല്‍ പോലെയാണ് തന്റെ ജീവിതമെന്ന് അയാള്‍ക്കു തോന്നി. പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പുഴകള്‍ ഒഴുകി കടലില്‍ ചേരുന്നു. കടലിന് ഒഴുകാന്‍ കടല്‍ മാത്രമേയുള്ളു എന്നു തിരിച്ചറിയുന്നതു കൊണ്ടാവണം, അടിയൊഴുക്കുകളിലൂടെയും, തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരമാലകളിലൂടെയും തന്റെ നിലയ്ക്കാത്ത പ്രയാണം അത് തുടരുന്നത്.  ജീവിതത്തിലെ നിശ്ചലാവസ്ഥയിലും തന്നെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് ഉള്ളിന്റെയുള്ളിലെ അടിയൊഴുക്കുകളായിരിക്കണം എന്നയാള്‍ക്കു തോന്നി.   കാറ്റും കോളും നിറഞ്ഞ പ്രക്ഷുബ്ധമായ  അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരാളിനു മാത്രമേ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചു ചിന്തിക്കാനും സമാധാനത്തിന്റെ  മഹത്വത്തെക്കുറിച്ച് വാഴ്ത്താനും ഒക്കെ നേരം കാണുകയുള്ളു. ഇത്തരം തോന്നലുകളിലെ വിഡ്ഢിത്തം ഓര്‍ത്തുകൊണ്ടിരിക്കെയാവണം, കറുത്തിരുണ്ട ശോഷിച്ച ശരീരപ്രകൃതിയുള്ള ആ സ്ത്രീയില്‍ അയാളുടെ ശ്രദ്ധ പതിഞ്ഞത്.

ആദ്യകാഴ്ചയില്‍ അവള്‍  തന്റെ ബ്ലൌസിനുള്ളില്‍ എന്തോ പരതുന്നതായിട്ടാണ് അയാള്‍ക്കു തോന്നിയത്. സ്ത്രീകളെ കാണുമ്പോള്‍  മിക്കവാറും അവരുടെ നെഞ്ചിലെ മുഴുപ്പുകളാണ്  അയാള്‍  ശ്രദ്ധിക്കാറുള്ളത്. പതിവുപോലെ അവളുടെ നേര്‍ക്കുള്ള അയാളുടെ  ആദ്യ നോട്ടവും തുറിച്ചു നില്‍ക്കുന്ന മാറിടത്തിലേക്കായിരുന്നു.  അയാളുടെ ശ്രദ്ധ അവളുടെ മാറിടം ലക്ഷ്യമാക്കുമ്പോഴെല്ലാം അവള്‍ ബ്ലൌസിനുള്ളില്‍നിന്നു കൈ പിന്‍വലിക്കുന്നതും  പിന്നീട് അയാള്‍ നോക്കുന്നില്ല എന്നുറപ്പുവരുത്തിയ ശേഷം ആ കൈകള്‍ വീണ്ടും  ബ്ലൌസിനുള്ളിലേക്കു സഞ്ചരിക്കുന്നതും അയാള്‍ക്കു കാണാന്‍ കഴിഞ്ഞു. അയാളുടെ ചുണ്ടുകളില്‍ ഗൂഢമായ ഒരു മന്ദസ്മിതം വിരിഞ്ഞു. മാറില്‍ നിന്നു കണ്ണുകള്‍ വലിച്ചെടുത്തുവെങ്കിലും കള്ളക്കണ്ണിലൂടെ അയാള്‍  നോട്ടം തുടര്‍ന്നുകൊണ്ടിരുന്നു. കുറെ നേരത്തെ പരിശ്രമത്തിനുശേഷം അവളെന്തോ ഒരു യന്ത്രം ബ്ലൌസിനുള്ളില്‍നിന്നു പുറത്തെടുക്കുന്നത് അയാള്‍ കണ്ടു. പെട്ടെന്നൊരു കാറ്റ് ആഞ്ഞുവീശിയത് അയാള്‍ ഓര്‍ക്കുന്നു. അന്നേരമാണ് തിരമാലകള്‍ ഉയര്‍ന്നു പൊങ്ങിയതും ബോട്ടിനുള്ളിലേക്ക് പൊടുന്നനെ വെള്ളം പ്രവേശിച്ചതും.  അപ്പോഴേക്കും നിലതെറ്റി അയാളുടെ  ശരീരം അവളുടെ ശരീരത്തിലേയ്ക്കു വീണു കഴിഞ്ഞിരുന്നു. ഒരു പതര്‍ച്ചയോടെ അവള്‍ അയാളെ ഒന്നു നോക്കിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. ബോട്ടിലെ യാത്രക്കാരോട് അവള്‍ തന്നെപ്പറ്റി ഉറക്കെ പരാതി പറയുമെന്നാണ് അയാള്‍ കരുതിയത്. പ്രതീക്ഷയ്ക്കു വിപരീതമായതു സംഭവിച്ചപ്പോള്‍ എന്തോ,  അജ്ഞാതമായ ഒരാത്മബന്ധം അയാള്‍ക്ക് അവളോട്‌ തോന്നി. അജ്ഞാതമായ ആത്മബന്ധം..അജ്ഞാതമായ ആത്മബന്ധം.. രണ്ടു വട്ടം ആ വാക്കുകള്‍ അയാള്‍  മനസ്സില്‍ ഉരുവിട്ടു. അയാള്‍ ആലോചിച്ചു.  'ബന്ധങ്ങള്‍ക്ക് എങ്ങനെ ഇത്തരം വേര്‍തിരിവുകള്‍ വന്നു.? ആത്മബന്ധം, ഹൃദയബന്ധം, സുഹൃദ്ബന്ധം എന്നിങ്ങനെ ബന്ധങ്ങളുടെ നീണ്ട ചങ്ങലക്കണ്ണികളില്‍പ്പെട്ടു കിടക്കുകയാണ് മനുഷ്യരെല്ലാം. ചില മനുഷ്യരെങ്കിലും പൊട്ടിയ ചങ്ങലകള്‍ വിളക്കിച്ചേര്‍ത്തുകൊണ്ട് ബന്ധങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. എങ്ങനെയാണ്‌ ബന്ധങ്ങള്‍ രൂപപ്പെടുന്നത്? ഒരു തരത്തില്‍, മനുഷ്യമനസ്സിന്റെ അജ്ഞാതമായ സമരസപ്പെടലുകള്‍ ആണ് ബന്ധങ്ങള്‍. വിപരീതദിശയിലുള്ള രണ്ടുപേര്‍ അടുത്തുകഴിഞ്ഞാല്‍, അവരില്‍ വൈകാരികമായ ഒരു ഐക്യം രൂപപ്പെടുന്നു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് ആ ബന്ധത്തിന് ഒരു പേരുനല്‍കുന്നു. ഒരുവേള, മനസ്സുകള്‍ തമ്മിലുള്ള കൂടിച്ചേരലിനെ, അതിന്റെ വിശാലതയെ പരിമിതിപ്പെടുത്തുകയാണ് ഇത്തരം പേരുകള്‍ ചെയ്യുന്നത്.! പേരിടാനാകാത്ത ബന്ധങ്ങളാല്‍ നിറഞ്ഞതായിരിക്കണം ജീവിതം. അങ്ങിനെയൊരവസ്ഥ എത്ര രസകരമയിരിക്കും. അല്ലേ? സ്വയം ചിരിച്ചുകൊണ്ട് അയാള്‍ ആ സ്ത്രീയെ വീണ്ടും സൂക്ഷ്മമായി വീക്ഷിക്കാന്‍ തുടങ്ങി.

തന്റെ കയ്യിലെ കൊച്ചുയന്ത്രത്തിലാണ് അവളുടെ ശ്രദ്ധ മുഴുവന്‍. ബോട്ടിന്റെ സൈഡ്സീറ്റില്‍ ഇരുന്നുകൊണ്ട് അവള്‍ അതിലെ പച്ചയും ചുവപ്പും കറുപ്പും നിറങ്ങളുള്ള ബട്ടണുകളില്‍ അമര്‍ത്തുകയാണ്.  ഇടയ്ക്കിടെ സ്വയം തലയില്‍ അടിയ്ക്കുന്നുണ്ട്. മറ്റുചിലപ്പോള്‍ അവള്‍ എന്തോ ഉരുവിടുന്നതയും അയാള്‍ക്കു കാണാന്‍ കഴിഞ്ഞു.  അയാള്‍ക്ക് അവളുടെ തൊട്ടടുത്തായി ഇരിക്കാന്‍ ആഗ്രഹം തോന്നി. പക്ഷെ അതിലെ അസ്വാഭാവികത ഓര്‍ത്തപ്പോള്‍, പ്രായോഗികമായ മറ്റൊരു വഴിയെക്കുറിച്ച് അയാള്‍ ചിന്തിച്ചു. അവളുടെ നോട്ടം അയാളിലേയ്ക്കു തിരിയുകയാണെങ്കില്‍,  തന്റെ കണ്ണുകളിലെ ദാഹത്തിലൂടെ, ചുണ്ടില്‍ വിരിയുന്ന മന്ദഹാസത്തിലൂടെ അയാള്‍ അവളുടെ ശ്രദ്ധയാകര്‍ഷിക്കുമായിരുന്നു. പക്ഷെ, യന്ത്രത്തില്‍ മാത്രമായി അവളുടെ ശ്രദ്ധയൊതുങ്ങിയത് അയാളെ നിരാശനാക്കി. അവളോടു സംസാരിക്കുന്നതിലൂടെയല്ലാതെ ആശയ വിനിമയം സാധ്യമല്ല എന്ന് അയാള്‍ക്കു മനസ്സിലായി. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ഭാര്യയെ പിരിഞ്ഞുള്ള അയാളുടെ ജീവിതത്തെക്കുറിച്ച് അയാള്‍ അവളോടു സംസാരിച്ചു.
‘വല്ലാത്ത ശൂന്യത. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. എവിടെയും പോയി ഒളിക്കാന്‍ ഒരു സ്ഥലമില്ലാത്ത അവസ്ഥ..!‘ .
‘സാരമില്ല, ഇതും ഒരു എക്സ്പീരിയന്‍സ് ആണെന്നു വിചാരിക്കൂ.’
‘അങ്ങനെ വിചാരിച്ചാണ് പുതിയ ജീവിതം തിരഞ്ഞെടുത്തത്. പക്ഷെ സ്വയം കുഴി കുഴിച്ച് അതിലിറങ്ങിനിന്ന് അതിന്റെ ആഴത്തെക്കുറിച്ചു വിലപിക്കുന്നതുപോലെയാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ.’
‘സന്തോഷിക്കുന്ന അവസ്ഥ സ്വയം ഉണ്ടാക്കണം. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മുടെ ചുറ്റുപാടില്‍ നിന്നു കണ്ടെത്തണം. നമുക്കു ചുറ്റുമായി നമ്മള്‍ അറിയാത്തതും കാണാത്തതുമായ എത്രയോ കാര്യങ്ങളുണ്ട്. നമ്മള്‍ അവരവര്‍ക്ക് ആവശ്യമായതു മാത്രം അറിഞ്ഞ്, മറ്റുള്ള കാഴ്ചകളെയും അറിവുകളെയും അവഗണിക്കുന്നു. ചുറ്റുപാടില്‍ ന്നിന്നു സന്തോഷം കണ്ടെത്തുന്നതിനു പകരം, ജീവിതത്തിലെ നഷ്ടപ്പെടലുകളുടെ വേദനയില്‍ നിന്നു പുറത്തുകടക്കാനാവാതെ സ്വയം തീര്‍ത്ത തടവില്‍ ജീവിതം ഹോമിക്കുന്നു.‘

‘ചുറ്റുപാടില്‍ നിന്നു കണ്ടെതിയതാണോ ആ യന്ത്രം എന്ന് അയാള്‍ ആരാഞ്ഞപ്പോള്‍ അവള്‍ അയാള്‍ക്ക് ആ യന്ത്രം കാണിച്ചുകൊടുത്തു.  അതൊരു ഒരു ഗെയിംപ്ലെയര്‍ ആയിരുന്നു. ഒരു സ്ത്രീ തന്റെ ഉദരത്തില്‍ ഒരു ഭ്രൂണത്തെ വഹിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു അതിനുള്ളില്‍. ഭ്രൂണം കിടക്കുന്ന ഗര്‍ഭപാത്രത്തിലേക്കു നീളുന്ന മൂന്നു കുഴലുകള്‍ അയാള്‍ കണ്ടു. ആ കുഴലുകള്‍ക്കുള്ളില്‍ ഒരു സ്രവം പോലെ എന്തോ ചിലതു ക്രമീകരിച്ചിട്ടുണ്ട്. ആ സ്രവത്തിലൂടെ ഒഴുകിനടക്കുന്ന മുതലകളെയും ചെറു മീനുകളെയും അയാള്‍ കണ്ടു. കുഴലുകള്‍ക്കു മുകളിലായി കയ്യില്‍ തോക്കുകളേന്തിയ ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിത്രങ്ങളുണ്ട്. ആ യന്ത്രം കയ്യിലെടുത്തുകൊണ്ട് അവള്‍ ഒരു ബട്ടന്‍ അമര്‍ത്തി. പൊടുന്നനെ യന്ത്രത്തിനകത്തു നിന്ന് തുരുതുരെ വെടിപൊട്ടുന്ന ശബ്ദം കേട്ടു. അതിന് അനുബന്ധമെന്നോണം ഒരു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചിലും. അതുകണ്ടപ്പോള്‍ മുമ്പെവിടെയോ വായിച്ച ഒരു കാര്യം അയാള്‍ക്ക് ഓര്‍മ്മവന്നു. മനുഷ്യന്റെ തലച്ചോറിന് അമിതവിശ്രമം കൊടുക്കുന്നത് അനോരോഗ്യകരമാണത്രേ. തലച്ചോറിന് എപ്പോഴും പുതിയ അറിവുകള്‍ കൊടുത്തുകൊണ്ടിരിക്കണം. ആരോഗ്യത്തെ സജീവമായി നിലനിര്‍ത്താന്‍ അതാവശ്യമാണ്. പുതിയ ഭാഷകള്‍ പഠിക്കുക, ബുദ്ധിപരമായ ഗെയിമുകള്‍ കളിക്കുക തുടങ്ങിയവയിലൂടെ തലച്ചോറിനു വ്യായാമം നല്‍കാന്‍ സാധിക്കും. ഒരിക്കല്‍ അയാളുടെ കൂട്ടുകാരിലൊരാള്‍ അയാളെ ഒരു ഗെയിം കാണിച്ചു. മലയാള സിനിമയിലെ സുന്ദരിമാരായ നടികളുടെ ചിത്രങ്ങളായിരുന്നു അതില്‍. ഇഷ്ടമുള്ള ഒരു നടിയെ തിരഞ്ഞെടുക്കാന്‍ കൂട്ടുകാരന്‍ അയാളോടു പറഞ്ഞു. അയാള്‍ തിരഞ്ഞെടുത്തത് കാവ്യരാജനെയായിരുന്നു. ഉടനെ കൂട്ടുകാരന്‍ കുറെ ബട്ടണുകള്‍ അമര്‍ത്തി. പെട്ടെന്ന് രണ്ടു ഫ്ലാഷുകള്‍ മിന്നി. ഉടനെ അയാളുടെ ഫോട്ടോ ആ ഗെയിമിനുള്ളിലെത്തി. പിന്നെയും അയാള്‍ കുറെ ബട്ടണുകള്‍ അമര്‍ത്തി. ഉടനെ കാവ്യ അയാളെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു. അയാള്‍ കോരിത്തരിച്ചുപോയി. അയാള്‍ക്ക് ആ സ്ക്രീനില്‍ കാണുന്ന എല്ലാ നടിമാരെയും ആലിംഗനം ചെയ്യണമെന്നു തോന്നി. അതിനായി അയാള്‍ ആ ഗെയിം പ്ലെയര്‍ അന്വേഷിച്ചു നടന്നു. അപ്പോഴാണ് അത്ഭുതപ്പെടുത്തുന്ന പലതരം ഗെയിമുകളെക്കുറിച്ച് അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ജപ്പാനില്‍ നിന്നിറങ്ങിയ ഒരു റേപ്പ്ഗെയിം അയാള്‍ കണ്ടു. ഒരു തീവണ്ടിയുടെ വിശ്രമമുറിയില്‍ വെച്ച് ഒരു അമ്മയെയും അവരുടെ രണ്ടു മക്കളെയും റേപ്പ് ചെയ്യാന്‍ അവസരം നല്‍കുന്ന ഒരു ഗെയിമായിരുന്നു ഒന്ന്. സ്പെഷ്യല്‍ ഇഫെക്റ്റുള്ള പശ്ചാത്തലസംഗീതത്തോടെയാണ് അത് തയ്യാറാക്കിയിരുന്നത്. കണ്ടിരിക്കെത്തന്നെ, റേപ്പ് ചെയ്യുന്ന ഒരു അനുഭവം ആ ഗെയിം പകര്‍ന്നുതരും. മറ്റൊന്ന് ഒരു ഓണ്‍ലൈന്‍ പോണ്‍ഗെയിമായിരുന്നു. ലോകത്തെ പ്രശസ്തരായ പോണ്‍ നടീനടന്മാരുമായി ഓണ്‍ലൈന്‍ കാമകേളികളിലേര്‍പ്പെടാന്‍ അവസരമൊരുക്കുന്ന ഗെയിമായിരുന്നു അത്.

‘ഈ ഗെയിം കളിച്ചിട്ടുണ്ടോ ? എന്റെ കൂടെ കളിയ്ക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഇത് നമുക്കൊന്നിച്ചു കളിക്കാം‘ എന്നുപറഞ്ഞ് അവള്‍ അയാളുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നു.  അയാള്‍ക്ക് പെട്ടെന്നു മറുപടി പറയാന്‍ കഴിഞ്ഞില്ല. അയാളുടെ മനസ്സിലപ്പോള്‍ കളിയെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു. അവള്‍ പറയാന്‍ തുടങ്ങി.
‘ഈ പച്ച ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഇതിലെ പുരുഷന്‍ സ്ത്രീയുടെ നേര്‍ക്ക്‌ വെടിയുതിര്‍ക്കുന്നു. വെടിയുണ്ടകള്‍ സ്ത്രീയില്‍ പതിയ്ക്കുന്നത് ശരിയായ ദിശയിലായാല്‍ സ്ത്രീയിലൂടെ ആ ഉണ്ടകള്‍ ഗര്‍ഭപാത്രത്തിലേക്ക് നീളുന്ന ഒരു കുഴലിലെത്തുന്നു. കുഴലിലെത്തുന്ന ആദ്യത്തെ വെടിയുണ്ടകളുടെ നേര്‍ക്ക് മുതലകള്‍ ഇഴഞ്ഞെത്തും. അപ്പോള്‍ ചുവന്ന ബട്ടണ്‍ അമര്‍ത്തണം. പൊടുന്നനെ,  ഉണ്ടകളില്‍ നിന്നു തീ പാറും. അതുകണ്ടു മുതലകള്‍ പേടിച്ചൊഴിഞ്ഞു പോവും. അടുത്തതായി വെടിയുണ്ടകള്‍ രണ്ടാമത്തെ കുഴലിലെത്തുന്നു. അവിടെ നിറയെ ചെറുമീനുകളുടെ കൂട്ടമാണ്. ഉടനെ, ചുവന്ന ബട്ടണും കറുത്ത ബട്ടണും ഒന്നിച്ചമര്‍ത്തിപ്പിടിച്ചു കൊണ്ടിരിക്കണം. അപ്പോള്‍ ഉണ്ടകളില്‍ നിന്നു കറുത്ത ഒരു ദ്രാവകം പ്രവഹിക്കും. മീനുകളെല്ലാം കൂട്ടത്തോടെ ചത്തുവീഴാന്‍ തുടങ്ങും. പക്ഷെ  വെടിയുണ്ടകള്‍ തിന്നാന്‍ ഓടിയെത്തുന്ന ചെറുമീനുകളുടെ പ്രവാഹത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരുപക്ഷേ, പെട്ടെന്നുണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഉണ്ടകളെ രക്ഷപ്പെടുത്താം. വീണ്ടും പച്ച ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചു കൊണ്ടിരിക്കണം.  രണ്ടാമത്തെ കുഴലില്‍നിന്ന് ഉണ്ടകള്‍ മൂന്നാമത്തെ കുഴലിലൂടെ ഗര്‍ഭപാത്രത്തിലേക്കു പ്രവേശിക്കുന്നു. ഉണ്ടകളുടെ എണ്ണമനുസരിച്ച് കുഞ്ഞിന്റെ വളര്‍ച്ച ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇതാണു കളി.! ‘ ‘നേരത്തെ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടല്ലോ. അതെങ്ങനെയാണ്?‘
‘മുതലകളും ചെറുമീനുകളും വെടിയുണ്ടകളെ ഭക്ഷിക്കുമ്പോള്‍ കുഞ്ഞു കരഞ്ഞുകൊണ്ടിരിക്കും.’
‘അങ്ങനെയെങ്കില്‍ കുഞ്ഞു ചിരിക്കുന്നതും വേണമല്ലോ.?’
‘അത് കുഞ്ഞിനു പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ മാത്രമേ ഉണ്ടാവൂ.‘
‘ചിരിക്കുന്ന കുഞ്ഞിനെ കണ്ടിട്ടുണ്ടോ.?’
‘ഇല്ല, എനിക്കതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.’
‘കളിയില്‍ ഒരിക്കലും ജയിച്ചിട്ടില്ല, അല്ലേ?‘
അയാളുടെ ചോദ്യം കേട്ട മാത്രയില്‍ അവള്‍ തെല്ലുനേരം മൌനം പാലിച്ചു. പിന്നെ പറഞ്ഞു: ‘തോല്‍വിയാണ് ജയത്തിന്റെ മഹത്ത്വം നമ്മളെ അറിയിക്കുന്നത്.’ എന്നിട്ട് ഗെയിം കളിക്കാനായി അയാളെ നിര്‍ബന്ധിച്ചു. പെട്ടെന്ന് വേര്‍പിരിഞ്ഞ തന്റെ ഭാര്യയെക്കുറിച്ച് അയാളോര്‍ത്തു. ‘തങ്ങളില്‍ ആരാണ് തോറ്റത്? ഭാര്യയുമൊത്തുള്ള രാത്രികളില്‍ ഉറക്കം വരുന്നതായി നടിച്ചു തിരിഞ്ഞുകിടക്കുമ്പോളെല്ലാം താന്‍ ജയിക്കുകയായിരുന്നില്ലേ ? പുരുഷബലഹീനത കിടപ്പറയിലെ നിഷേധത്തിലൂടെയാണ് വെളിപ്പെടുക. എന്നാല്‍, ഈ നിഷേധം സ്ത്രീ മനസ്സിലാക്കുന്നത് തന്റെ പങ്കാളിയുടെ ശരീരവും മനസ്സും മറ്റാർക്കോ പങ്കുവെയ്ക്കപ്പെട്ടുപോവുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ്. സ്ത്രീയിലെ ഈ ചിന്തയാണ്  പുരുഷന് താന്‍ വിജയിച്ചു എന്ന തോന്നലുണ്ടാക്കുന്നതും.’

‘കളിക്കുന്നില്ലേ ?‘ അവളുടെ ചോദ്യം കേട്ട് അയാള്‍ അവളുടെ കൂടെച്ചേര്‍ന്നു. പച്ച ബട്ടണ്‍ അമര്‍ത്തിയതും വെടിയുണ്ടകള്‍ സ്ത്രീയുടെ നേര്‍ക്കു കുതിച്ചു. ദിശ തെറ്റി അവ നിലത്തുവീണു. വീണ്ടും വീണ്ടും ശ്രമിച്ചു. ഇല്ല, പറ്റുന്നില്ല. ‘ആദ്യമായിട്ടാണ് കളിക്കുന്നത്. അതുകൊണ്ടാണ്. പച്ചബട്ടണ്‍ അമര്‍ത്തിക്കൊണ്ടേയിരിക്കൂ.’  ‘രണ്ടുപേര്‍ ചേര്‍ന്ന കളിയാണിത്. ഒരാള്‍ മാത്രം കളിക്കുന്നതുകൊണ്ടാണ് ഉണ്ടകള്‍ ശരിയായ സ്ഥലത്തെത്താത്തത്.!‘ ‘നിങ്ങള്‍ പുരുഷന്മാര്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കാറില്ലല്ലോ.‘ അതുകേട്ടപ്പോള്‍ത്തന്നെ അവള്‍ ഇതെങ്ങനെ മനസ്സിലാക്കിയെന്ന് അയാളോര്‍ത്തു. ‘നിങ്ങള്‍ക്ക് പുരുഷന്മാരെ നല്ല പരിചയമാണല്ലോ?‘ എന്ന് ചോദിക്കാന്‍ അയാള്‍ തുനിഞ്ഞതും, ‘ഇങ്ങോട്ടുതരൂ.. ഞാന്‍ കളിച്ചുതരാം..‘ എന്നുപറഞ്ഞുകൊണ്ട്  അവള്‍ ആ യന്ത്രം അയാളുടെ  കയ്യില്‍ നിന്നു പിടിച്ചുവാങ്ങി  കളിയാരംഭിച്ചു. തുരുതുരാ വെടിപൊട്ടി. പുരുഷനില്‍ നിന്ന് സ്ത്രീയിലൂടെ കുഴലുകളിലേക്ക് ഉണ്ടകള്‍ പ്രവഹിച്ചു. പക്ഷേ, മുതലകള്‍ ഇഴഞ്ഞെത്തി ഉണ്ടകളെല്ലാം വിഴുങ്ങി. കുഞ്ഞു കരയാന്‍ തുടങ്ങി. നിര്‍ത്താതെയുള്ള കരച്ചില്‍ അയാള്‍ക്ക് അസഹനീയമായി തോന്നി.
‘ഈ കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ ഒരു വഴിയുമില്ലേ..?’
‘കളി ജയിച്ചാല്‍ കുഞ്ഞു ചിരിക്കും. പക്ഷെ കരയുന്ന കുഞ്ഞാണ് ആരോഗ്യമുള്ള കുഞ്ഞ്.‘
'കുഞ്ഞു കരയുന്നത് കേള്‍ക്കാന്‍ നിങ്ങള്‍ മനപ്പൂര്‍വം ഉണ്ടകള്‍ മുതലകള്‍ക്കു കൊടുക്കുകയാണോ.?’
‘നിങ്ങള്‍ക്ക് കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും മനസ്സ് അറിയില്ല. കരഞ്ഞുകൊണ്ടുപിറക്കുന്ന കുഞ്ഞ് ചിരിച്ചുകാണാനാണ് അമ്മമാര്‍ കരയുന്നത്. പക്ഷെ  വലുതാവുമ്പോള്‍ കുഞ്ഞുങ്ങള്‍ അത് മറന്നുപോവുന്നു. കരയുന്ന അമ്മമാര്‍ അവര്‍ക്കു ശാപമാവുന്നു.‘
‘പെട്ടെന്ന് കളി ജയിക്കൂ. ചിരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ കാണാന്‍ കൊതി തോന്നുന്നു.‘
'കളി ജയിക്കാന്‍ ക്ഷമ വേണം. ബുദ്ധി വേണം. ശക്തി വേണമെന്നില്ല.‘
 അയാള്‍  നോക്കിയിരിക്കെ, മുതലകള്‍ പിന്‍വാങ്ങി. ചെറുമീനുകള്‍ ചത്തുപൊങ്ങി. മൂന്നാമത്തെ കുഴലുകളിലൂടെ വെടിയുണ്ടകള്‍ ഗര്‍ഭപാത്രത്തെ ലക്ഷ്യമാക്കി നീങ്ങി .പെട്ടെന്ന് കുഞ്ഞ് ചെറുതായി അനങ്ങി. കളി ഇനിയും ബാക്കിയുണ്ട്. കുഞ്ഞ് ചിരിക്കുന്നതുവരെ കളി തുടര്‍ന്നുകൊണ്ടിരിക്കണം..‘
 
അയാള്‍ അവളോട്‌ ചോദിച്ചു: ‘എന്തുകൊണ്ടാണ് മുമ്പൊന്നും ജയിക്കാതിരുന്നത്.?’
‘പതിനേഴാം വയസ്സിലാണ് ഒരു പുരുഷനെ ഞാന്‍ ആദ്യമായി മനസ്സിലാക്കുന്നത്. അന്നുതന്നെയാണ് ഞാന്‍ ആദ്യമായി ജീവിതത്തില്‍ തോറ്റതും. ഇരുളടഞ്ഞ ഒരു തെരുവീഥിയില്‍വെച്ച് ഞാന്‍ അയാളുടെ കാമവെറിയ്ക്കിരയായി. മുഖമില്ലാത്ത അയാള്‍ എവിടെയൊക്കെയോ ഇപ്പോഴുമുണ്ട്. പല പേരുകളില്‍. അയാള്‍ കാരണം എനിക്കു നഷ്ടമായത് ലോലഭിത്തികളുള്ള എന്റെ മനസ്സിന്റെ ഗര്‍ഭപാത്രമായിരുന്നു.! അന്നുമുതല്‍, എന്റെ മനസ്സിലിരുന്ന് ഒരു കുഞ്ഞ് കരഞ്ഞുകൊണ്ടേയിരിക്കുന്നു. ഒരിക്കലും ഞാന്‍ ആ കുഞ്ഞു ചിരിച്ചുകണ്ടിട്ടില്ല.'

അയാള്‍ക്കെന്തോ ഒരു വിറയല്‍ അനുഭവപ്പെട്ടു. ശരീരധമനികളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പോലെ, അത് ശരീരകോശങ്ങളിലേക്ക് വ്യാപിച്ചു.  ബോട്ടിന്റെ ഗതിവേഗം മാറി വരുന്നതായും ജലപ്പരപ്പില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതായും അയാള്‍ക്കു തോന്നി. അപ്പോഴും, പൂര്‍ണവളര്‍ച്ചയെത്തിയ ഒരു കുഞ്ഞിന്റെ ചിരി കേള്‍ക്കാനുള്ള കൌതുകത്തോടെ അവള്‍ കളി തുടര്‍ന്നുകൊണ്ടേയിരുന്നു.

Wednesday, September 12, 2012

ഒരു ന്യൂ ജനറേഷന്‍ കഥ"തീവണ്ടിയുടെ ജാലകക്കാഴ്ചകളില്‍ മനസ്സ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപര്‍ണയുടെ മൊബൈല്‍ ഫോണില്‍ മെസ്സേജ്  എത്തിയത് :  "നീ ചെയ്യാന്‍ പോവുന്ന പ്രവൃത്തിയുടെ അനന്തര ഫലം  എന്താവുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?  വിവാഹത്തിന് മുമ്പ് അനുഭവിച്ചത് ഏകാന്തതയല്ല എന്ന് ഒരു സ്ത്രീക്ക് ബോധ്യമാവുന്നത് വിവാഹശേഷമാണ്. നീ എം  വിളിക്കുന്ന  വഴിയെ പോവരുത്.  ദയവായി  നീ ഓരോ കുരുക്കില്‍ ചെന്ന് തല വെയ്ക്കരുത്." വിദ്യ നായരുടെ സന്ദേശം മൊബൈലിന്റെ മെസ്സേജ് ബോക്സില്‍  വന്നപ്പോള്‍ അപര്‍ണ്ണ പുച്ഛത്തോടെ അതിലേക്കു  നോക്കിയിട്ട് മെസ്സേജ്  ബോക്സ്‌ ക്ലോസ് ചെയ്തു.   പിന്നെ  കോണ്ടാക്റ്റ് ബട്ടണ്‍ അമർത്തി എം എന്ന പേരെടുത്ത് അതിലേക്കു നോക്കിക്കൊണ്ടു സ്വയം പറഞ്ഞു: "അടുത്ത  ജന്മത്തില്‍ ഞാന്‍ ഒരു പുരുഷനായി ജനിക്കുമെന്ന് നീ കളിയായി പറഞ്ഞതല്ലല്ലോ.
നോക്കിക്കോ അപ്പോള്‍ ഞാനും നിന്നെപ്പോലെയാവും, സ്വതന്ത്രനായി...."


വിവാഹത്തോടെ സ്ത്രീയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. പിന്നെ,  അടങ്ങിയൊതുങ്ങി തന്റെ ഇഷ്ടങ്ങളെല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി  ത്യജിച്ചു ജീവിക്കേണ്ട ഒരു അവസ്ഥയിലെത്തുന്നു.. ത്യാഗത്തെ  വേണമെങ്കില്‍ സ്നേഹത്തിന്റെ ഒരു ഖണ്‌ഡമായി കാണാം. പക്ഷെ  കൂട്ടിലടക്കപ്പെട്ട് നിസ്സഹായതയുടെ ഭാരം പേറി ജീവിക്കേണ്ടി വരുമ്പോള്‍ ഒരു  കാരാഗൃഹത്തില്‍ എത്തിപ്പെട്ടതു പോലെയാവില്ലേ? വിവാഹത്തിന് മുമ്പുള്ള  ജീവിതം ആസ്വദിക്കണം. അത് ഒരു പ്രതിജ്ഞയാണ്.  അതിനു വേണ്ടിത്തന്നെയാണ് എത്രയും പെട്ടെന്ന്  വീട്ടില്‍ എത്തിച്ചേരാനുള്ള അച്ഛന്റെ ഫോണ്‍ സന്ദേശം കിട്ടിയിട്ടും എം-നെ കാണാന്‍ താന്‍  പുറപ്പെടുന്നത്.  ഇന്നലെയാണ് അച്ഛന്‍  വിളിച്ചത്. ഒരു പക്ഷെ ഇപ്പോള്‍ അച്ഛന്റെ തിരക്കിട്ടുള്ള ഈ വിളി  ഒരു  ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കുള്ള തന്റെ പ്രയാണത്തിന്റെ ആരംഭത്തിനു വേണ്ടിയായിരിക്കാം. പ്രണയത്തില്‍ തുടങ്ങി വിവാഹത്തില്‍ എത്തുന്ന ഒരു  ബന്ധത്തെക്കുറിച്ചും  താന്‍ ആലോചിച്ചിട്ടില്ല  എന്നിട്ടും  എം-നെ കണ്ടു  മുട്ടിയപ്പോള്‍,  കൂടുതല്‍ സംസാരിച്ചപ്പോള്‍,  ഇടയ്ക്കെപ്പോഴോ ആ മോഹം
തന്നില്‍ ഉണരുകയായിരുന്നു.  ഒരു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാതെ  എപ്പോഴും മാറിമറിയുന്ന മനസ്സ് തന്നെയാണോ പെണ്ണിന്റെ ശാപം?


മൊബൈല്‍ ഫോണില്‍ കോണ്ടാക്റ്റ് പേജില്‍  തെളിയുന്ന ആ പേരിലേക്കു  വിളിക്കുമ്പോളെല്ലാം അച്ഛന്‍ തനിക്കു  ചെറുക്കനെ അന്വേഷിക്കുന്ന കാര്യം  എമ്മിനെ  ഉണര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും  കല്യാണക്കാര്യം  ചര്‍ച്ചാവിഷയമാകുമ്പോള്‍  എം മൌനത്തിലാണ്ടു പോവുകയും,
അല്‍പ്പനേരത്തിനു ശേഷം  എം  പരിധിക്കു പുറത്താണ്  എന്ന സന്ദേശം മൊബൈല്‍ഫോണ്‍ തനിക്കു നല്‍കുകയും ചെയ്തു കൊണ്ടിരിക്കും. ഏതൊക്കെ നിമിഷങ്ങളില്‍ വിവാഹത്തെക്കുറിച്ചു സംസാരിചിട്ടുണ്ടോ അപ്പോഴൊക്കെ, സ്നേഹിക്കുന്നതിന്റെ ലക്ഷ്യം വിവാഹം കഴിക്കുക മാത്രമല്ലെന്നും  വിവാഹമെന്നത് കുറെ കടമകളും ലക്ഷ്യങ്ങളും നിറവേറ്റപ്പെടുന്നതിനു വേണ്ടി  മാത്രമുള്ളതാണെന്നും  അതുകൊണ്ട്  യഥാര്‍ത്ഥ സ്നേഹം വിവാഹത്തിനു  മുമ്പുള്ളതാണെന്നും' എം ഉണര്‍ത്തുമായിരുന്നു . എഴുത്തുകാരന്റെ ആ വാക്കുകളെ തനിക്കു തള്ളാന്‍ കഴിയുമായിരുന്നില്ല. കാരണം അക്ഷരങ്ങളാണ്  തന്റെ സ്വപ്നങ്ങള്‍ക്കു നിറം നല്‍കിക്കൊണ്ടിരിക്കുന്നത്.  പിന്നെപ്പിന്നെ  എം പറയുന്നത് കേള്‍ക്കാനായി കൊതിക്കാന്‍ തുടങ്ങി മനസ്സ്. മനുഷ്യന്‍  എത്രതന്നെ ചിന്താശീലനാണെങ്കിലും സ്നേഹമെന്ന വികാരം നിറയുമ്പോള്‍ സ്ത്രീയും പുരുഷനും  കേവലം വികാരങ്ങളുടെ സങ്കേതം മാത്രമാവുന്നു. ഹൃദയത്തില്‍ ആദ്യമായി സൌഹൃദം  എന്ന വികാരം പടര്‍ത്തിയതും വാക്കുകള്‍  കൊണ്ട് തന്റെ  ശരീരത്തിലെ രക്തവാഹിനികളില്‍ വികാരതീവ്രമായ ഉഷ്ണപ്രവാഹം  ഉണ്ടാക്കിയതും എം ആയിരുന്നു. എം എന്ന അക്ഷരം ആദ്യമായി തന്റെ മൊബൈല്‍  ഫോണിന്റെ കോണ്ടാക്റ്റ് നമ്പറില്‍ ഒന്നായി മാറിയതിനു കാരണം ഇതുപോലെ ഒരു  തീവണ്ടിയാത്രയായിരുന്നു.  ഒരിക്കൽ, തീവണ്ടിയിലെ ശയ്യാതലത്തിലിരുന്ന്,  ജീവിതത്തിലെ   ഇനിയും പൂര്‍ത്തിയാകാത്ത വികാരങ്ങള്‍ക്ക്  ഓര്‍മകളിലൂടെ  ജീവന്‍ കൊടുക്കാന്‍ തുനിയവെയായിരുന്നു രണ്ടു കണ്ണുകള്‍ തന്നെ സഹശയനത്തിനു  ക്ഷണിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്.  ആദ്യം ആ കണ്ണുകളിലെ തിളക്കം  അസ്വസ്ഥതയുണ്ടാക്കിയെങ്കിലും, പിന്നീടു  തറപ്പിച്ചൊന്നു  നോക്കിയപ്പോള്‍  തല താഴ്ത്തിപ്പോവുന്ന പുരുഷനിലെ ധൈര്യമോർത്ത് താന്‍
ചിരിച്ചുപോവുകയായിരുന്നു.  സംസാരമദ്ധ്യേ അയാള്‍ ഒരു എഴുത്തുകാരനാണെറിഞ്ഞത് അയാളെ കൂടുതലറിയാന്‍  ഉത്സാഹിപ്പിച്ചു.  എഴുത്തുകാര്‍  എന്നും തന്റെ ആരാധനാപാത്രങ്ങള്‍ ആയിരുന്നുവല്ലോ. ആദ്യത്തെ ഉപചാര വാക്കുകള്‍ക്കുശേഷം ചോദ്യങ്ങള്‍ക്കു തുടര്‍ച്ച നല്‍കിയത് താന്‍ തന്നെയായിരുന്നു.

 "ഒരു പാട് കണ്ണുനീരും സ്വപ്നങ്ങളും നിറഞ്ഞ താങ്കളുടെ പുതിയ കഥകളൊന്നും വായനക്കാരിലേക്ക് എത്തുന്നില്ലല്ലോ, എന്തുപറ്റി.? കഥകളുടെ ഭണ്ടാരം ആരെങ്കിലും കുത്തിത്തുറന്നുവോ?"

‘തുറക്കാന്‍ പറ്റാത്ത താഴിട്ടാണ് ഞാന്‍ പൂട്ടിയിട്ടുള്ളത്. ആര്‍ക്കുമത്
എളുപ്പത്തില്‍  തുറക്കാന്‍ പറ്റില്ല.. ചിലപ്പോള്‍ എനിക്കുപോലും..‘

"അപ്പോള്‍ താക്കോല്‍ തിരഞ്ഞു നടക്കുവാണോ.? അതോ, അത് കളഞ്ഞുപോയോ? "

‘ഞാന്‍ തുറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഈയിടെയായി ശ്രമം വിജയിക്കാത്തതു പോലെ. ഓരോ ശ്രമവും എന്നെ എഴുത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നു.. ഓരോ നിമിഷവും ജീവിതം തീര്‍ന്നു പോവുന്നതുപോലെ തോന്നുന്നു. മരണത്തിലേയ്ക്ക് അടുക്കുന്നതു പോലെ...’

"താങ്കള്‍ മനസ്സിന്റെ വാതിലില്‍ നിന്നു കിതയ്ക്കാതെ. കണ്ണു തുറക്ക്. അപ്പോള്‍  ശ്രമം വിജയിക്കും"   സംസാരം വഴി തിരിച്ചുവിടാനായി പിന്നീട് താന്‍ ഓണത്തെക്കുറിച്ചും അന്യംനിന്നു പോവുന്ന ആഘോഷങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു. പക്ഷെ അതും എഴുത്തുകാരന്റെ തത്ത്വചിന്താപരമായ വാക്കുകളുടെ ഗതി മാറ്റാന്‍ സഹായകമായില്ല..  അദ്ദേഹം വീണ്ടും തുടര്‍ന്നു
"ജീവിതം ഒരു തടവറയല്ലേ, അവിടെ ആഘോഷങ്ങള്‍ക്ക് എന്തു പ്രസക്തി? ഇരുട്ടില്‍ കണ്ണു തുറന്നിട്ടും കാര്യമില്ല. ഒന്നും കാണില്ല.. "

"താങ്കളുടെ മുന്‍ എഴുത്തില്‍ കാണാന്‍ കഴിഞ്ഞ യാത്രകള്‍ വീണ്ടും തുടരൂ. യാത്രകള്‍ മനസ്സിന്റെ കണ്ണു തുറപ്പിക്കും, തടവറകളില്‍ നിന്നും പുറത്തുകടക്കാന്‍ പിന്നെ എളുപ്പമായിരിക്കും. മനസ്സിന്റെ ഇടനാഴികളില്‍ കഥകളുടെ ബീജസങ്കലനം യഥേഷ്ടം നടക്കും"

‘എന്റെ ദുഃഖം, കഥകളിലെ എന്റെ പുരുഷകഥാപാത്രങ്ങള്‍ എപ്പോഴും അസ്വസ്ഥരാണെന്നുള്ളതാണ്. അവര്‍ക്ക് ധൈര്യം കൊടുക്കാന്‍ എനിക്ക് കഴിയുന്നില്ല.. അതില്‍ നിന്നുള്ള മോചനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ കഥാപാത്രത്തെ പുതിയ യുഗത്തിന്റെ  പ്രതിനിധിയാക്കണം. പക്ഷെ എന്റെ മനസ്സ് എപ്പോഴും സഞ്ചരിക്കുന്നത് സ്ത്രീയ്ക്കൊപ്പമാണ്, അവളുടെ വിലാപങ്ങളും വിഷാദം നിറഞ്ഞ ജീവിതമാണ്‌ എന്റെ കഥകള്‍ക്കാധാരം.. എനിക്ക് ഇനി സ്ത്രീ കഥാപാത്രങ്ങളെത്തേടിയുള്ള അലച്ചില്‍ നിര്‍ത്തണം എന്നു തോന്നിത്തുടങ്ങിയിട്ടുണ്ട്. അങ്ങനെയൊരു തീരുമാനത്തില്‍ എത്തിയപ്പോളാണ്, ഞാന്‍ തടവറക്കുള്ളിലെത്തിപ്പെട്ടത്. ഞാന്‍ എഴുതിത്തുടങ്ങരുതായിന്നു എന്നിപ്പോള്‍ തോന്നുന്നു. കാരണം എനിക്കിപ്പോള്‍ ആരും ഇല്ലാതായി."

അദ്ദേഹം പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ കുറെ നേരം ചിന്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ദുഃഖം നിലനില്‍പ്പിന്റേതാണോ അതോ ജീവിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ചാണോ  എന്ന് എനിക്കു മനസ്സിലായില്ല.  ജീവിക്കണമെങ്കില്‍, കൂട് തുറന്നു ലോകത്തിന്റെ വിശാലതയിലെത്തണം.  അല്ലെങ്കില്‍ നഷ്ടസ്വപ്ങ്ങളെക്കുറിച്ചുള്ള  വിലാപമായിത്തീരും ജീവിതം  എന്ന് അദ്ദേഹത്തോടു  പറയാന്‍ തോന്നി.  പക്ഷെ അതു പറഞ്ഞാല്‍ തന്റെ സംസാരം, ചിലപ്പോള്‍ ആ മനസ്സിന്റെ കോണില്‍ ഒരു പോറലുണ്ടാക്കുകയില്ലേ  എന്നോർത്തപ്പോൾ, വേണ്ടെന്നു വെയ്ക്കുകയായിരുന്നു.  നഷ്ടങ്ങളില്‍  മാത്രം ജീവിക്കുന്ന ഒരാൾക്ക് മുന്നോട്ടുള്ള ജീവിതത്തിനു കുറച്ചു   പ്രയത്നിക്കേണ്ടി വരും. താനിപ്പോള്‍ ജീവിക്കുന്നതു തന്നെയാണ്  യഥാര്‍ത്ഥ ജീവിതം എന്ന വ്യാജസന്ദേശം നല്‍കി, സ്വന്തം  മനസ്സിനെ നിശ്ചലമായ ഒരു അവസ്ഥയിലെത്തിക്കേണ്ടി വരും.  ഒരിക്കല്‍ താനും ഇങ്ങനെ നഷ്ടങ്ങളില്‍ ജീവിക്കുകയായിരുന്നില്ലേ.?  പക്ഷെ  കൂടു തുറന്ന് ആകാശത്തിന്റെ വിശാലതയിലെത്തിയപ്പോള്‍...പിന്നെ എല്ലാം അറിയണമെന്നു തോന്നി.. ഇനിയും അറിയാന്‍ പലതുമുണ്ട്.  തന്റെ ചിന്തകള്‍ മുറിഞ്ഞത്  അദ്ദേഹത്തിന്റെ ഒരു മറുചോദ്യം കേട്ടാണ്. “ആയുസ്സ് ഒന്നിനും  വേണ്ടി കാത്തുനില്‍ക്കില്ല അല്ലേ ?" എന്നായിരുന്നു അത്.  പിന്നെ എന്തോ ആലോചിച്ചതിനു ശേഷം അദ്ദേഹം വീണ്ടും പറഞ്ഞു "ജീവിതത്തിലെ ആഗ്രഹങ്ങള്‍ വെറുതെ എരിഞ്ഞു തീരട്ടെ എന്നു കരുതാന്‍ വയ്യ."   ഈയൊരു വാക്യം തന്റെ  ചിന്തകളുമായി കൂട്ടി മുട്ടുന്നതായിരുന്നു. തനിക്കും ആഗ്രഹങ്ങളുണ്ട്. മനസ്സിന്റെ ആഗ്രഹങ്ങള്‍ മാത്രമല്ല അത്.  മറിച്ച് ശരീരത്തിന്റെ കൂടെ  ആഗ്രഹമാണ്.. ഒരു പുരുഷന്റെ തണല്‍പറ്റി, വിയര്‍പ്പില്‍ കുളിച്ചു കിടക്കുന്ന ഒരു സ്ത്രീയാവാന്‍ കൊതി തോന്നിയത് ഏതോ ഇംഗ്ലീഷ് മൂവി  കണ്ടപ്പോളായിരുന്നു. ഇത്തരം ചിന്തകള്‍ അപകടമാണെന്ന് ഉപബോധ മനസ്സ്  ഉണര്‍ത്തിയപ്പോള്‍ പോലും ശരീരം അതിനു വേണ്ടി കൊതിക്കുന്നതായി തനിക്കു  തോന്നിയിരുന്നു.  പിന്നെയും അദ്ദേഹത്തോട് എന്തൊക്കെയോ സംസാരിച്ചു. അന്നത്തെ യാത്ര അവസാനിക്കുമ്പോള്‍ എം എന്ന പേര് തന്റെ മൊബൈല്‍ സ്ക്രീനിലേക്കെത്തി. പിന്നീട് ഒരു തരം ഉന്മാദത്തോടെ, ആവേശത്തോടെ   ആ  മിഴികളില്‍ കണ്ട ലഹരിയുടെ തിളക്കത്തിലൂടെ എം തന്റെ ഹൃദയത്തിന്റെ സ്ക്രീനില്‍ തെളിഞ്ഞു വരാന്‍ തുടങ്ങി.  തങ്ങളുടെ സംസാരം പതിയെപ്പതിയെ  തേങ്ങലൊതുക്കുന്ന മനസ്സിനു ചുറ്റും
തേന്‍കിട്ടാശലഭമായി പറന്നു നടന്നു.   പിന്നീട് എപ്പോഴോ  സംസാരമദ്ധ്യേയാണ്  ഒരിക്കല്‍ക്കൂടി  കാണണമെന്ന് ആഗ്രഹം തോന്നിയത്. പക്ഷെ, ആ കാണല്‍ വെറും ഓർമ്മപുതുക്കല്‍ മാത്രമാവരുത്. അതിനുമപ്പുറം, ജീവിതത്തില്‍ എന്നുമെന്നും  ഓര്‍ക്കാന്‍ കഴിയുന്ന ഒന്നാവണം എന്നുകൂടി എം പറഞ്ഞപ്പോള്‍ തികച്ചും  അര്‍ത്ഥമില്ലാത്ത ഒരു വാചകം കേട്ടതുപോലെ  തോന്നി. പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.  അത് കേട്ട് എം  തുടര്‍ന്നു "ഞാന്‍ മാത്രമാവുന്ന എന്റെ സ്വകാര്യ നിമിഷങ്ങളില്‍ എന്റെ മനസ്സ് നിന്നെത്തേടി പോവുന്നു.  പിന്നെപ്പിന്നെ മടുപ്പുളവാക്കുന്ന എന്റെ  തടവറജീവിതം നീയുമായി ശയിക്കുന്നു.  പിന്നെ എന്റെ കിടക്കവിരിയില്‍  മഞ്ഞപ്പാടുകള്‍ അവശേഷിക്കുവോളം നീ ലഹരിയായി എന്നില്‍ പടര്‍ന്നു കയറുന്നു.."  അപ്പോള്‍ പൊടുന്നനെ താന്‍ ചോദിച്ചത് ഇങ്ങിനെയായിരുന്നു. "എന്നെ പ്രാപിക്കണമെന്നു തോന്നുന്നുണ്ടോ ഇപ്പോള്‍.?" അദ്ദേഹം ഞെട്ടിയിരിക്കണം.. അല്ലെങ്കില്‍ ധൈര്യം ചോര്‍ന്നു പോയ ഒരു  പുരുഷനായിത്തീര്‍ന്നിര്‍ക്കണം. പെണ്ണ് മാന്‍പേട പോലെയാവുമ്പോള്‍  മാത്രമാണ് പുരുഷന്‍ ധീരനാവുന്നത്.  സ്ത്രീ ഒന്നു പൊട്ടിത്തെറിച്ചാല്‍  ചോര്‍ന്നുപോവുന്നതാണ് പുരുഷന്റെ ധൈര്യം.!

വിദ്യനായരുടെ മൊബൈല്‍ സന്ദേശം വീണ്ടും ഓര്‍മയിലെത്തി.. താന്‍  ചെയ്യാന്‍ പോവുന്ന പ്രവൃത്തിയുടെ അനന്തരഫലത്തെക്കുറിച്ച് തന്നില്‍ ബോധം നിറയ്ക്കുകയാണവള്‍. മെഡിക്കല്‍ സ്റ്റോറില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും കടയില്‍ നിന്നോ വാങ്ങി കയ്യിലുള്ള ബാഗില്‍ സൂക്ഷിക്കാവുന്ന  ഒരു കവര്‍ കൊണ്ടു മൂടിവെയ്ക്കാവുന്നതേയുള്ളു അനന്തരഫലം. ഇനി അഥവാ  താന്‍ മറ്റൊരാളിന്റെ താലിച്ചരടിനുള്ളില്‍ കുരുങ്ങിക്കിടന്നാലും, ജീവിതത്തില്‍ എന്നുമെന്നും ഓര്‍ക്കാന്‍ എന്തെങ്കിലുമൊക്കെ  ഉണ്ടാവുന്നത് നല്ലതല്ലേ.? ഒരു പക്ഷെ, തന്റെ വിവാഹജീവിതത്തിലേയ്ക്കു വരുന്ന  വ്യക്തിയുടെ കൂടെ ശയിക്കുമ്പോള്‍...തന്നിലെ ജഡാവസ്ഥയാണ് അയാള്‍  ആഗ്രഹിക്കുന്നതെങ്കില്‍, സുഖമുള്ള പഴയ ഓര്‍മകളില്‍ വെറുതെ ലയിച്ചുകിടക്കാമല്ലോ..

നിറഞ്ഞ മനസ്സോടെ, സുഖമുള്ള ഓര്‍മകളോടെ, എം എന്ന എഴുത്തുകാരന്റെ  വിയര്‍പ്പിന്റെ മണം പേറി വീടെത്തുമ്പോള്‍, ഏകാന്തതയുടെ ഭാരം തന്നില്‍ നിന്നകന്നു പോയതായി അപര്‍ണയ്ക്കു തോന്നി.. ആദ്യമായി തനിയ്ക്ക് ആരൊക്കെയോ ഉള്ളതുപോലെ.. തന്റെ ചുറ്റും തന്നെ സ്നേഹിക്കുന്ന കുറേപ്പേർ  ഉള്ളതുപോലെ  അവള്‍ക്കു തോന്നാന്‍ തുടങ്ങി. അപര്‍ണ മനസ്സിലാക്കിയത് ശരിയായിരുന്നു..അവള്‍ക്കായി കാലം കാത്തിരിക്കുന്നുണ്ടായിരുന്നു; കത്തുന്ന കണ്ണുകളുമായി... 

ആ സമയം എം എന്ന എഴുത്തുകാരൻ തന്റെ 'ന്യു ജനറേഷൻ അപകടങ്ങൾ' എന്ന  കഥയുടെ  ക്ലൈമാക്സിൽ ഇങ്ങിനെ ഒരു പാരഗ്രാഫ് കൂടി എഴുതി ചേർത്തകൊണ്ടു കഥ അവസാനിപ്പിക്കുകയായിരുന്നു. "മൊബൈലിൽ പതിഞ്ഞ അവളുടെ  ശയനദൃശ്യങ്ങളിൽ  തെളിഞ്ഞ  നഗ്നശരീരത്തിന്റെ വ്യത്യസ്തപോസുകളിലേക്കു നോക്കി അയാൾ പൊട്ടിച്ചിരിച്ചു. ആ ചിത്രങ്ങളിലെവിടെയും തന്റെ മുഖമില്ല എന്നുറപ്പു വരുത്തിയ ശേഷം   തന്റെ മൊബൈലിലേക്ക് അവ അപ്‌ലോഡ്‌ ചെയ്തു. ആ കാഴ്ചകള്‍ പലര്‍ക്കും ആശ്വാസമാവുന്ന തോര്‍ത്ത്  അയാള്‍ മനസ്സില്‍ പറഞ്ഞു : "അടുത്ത  ജന്മത്തിലെങ്കിലും നീ  ഒരു പുരുഷനായി ജനിക്കണം.അപ്പോള്‍ നിനക്കും എന്നെപ്പോലെ  സ്വതന്ത്രനായി.."......"

Saturday, August 25, 2012

ധന്യമീ ജീവിതംഅവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്.
അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു.
അവള്‍ ഉറങ്ങിയെന്നുറപ്പുവരുത്തിയിട്ടു വേണം അയാള്‍ക്ക് തിരിഞ്ഞുകിടക്കാന്‍
കണ്ണടച്ച്, ഇരുട്ടില്‍ മലര്‍ന്നു കിടന്നു മനസ്സിനെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്നത് അയാളിപ്പോള്‍  പതിവാക്കിയിട്ടുണ്ട്. ആ അവസരങ്ങളിലെല്ലാം അയാള്‍ പോലുമറിയാതെ  ഉള്ളിൽ നിന്ന് ഒരു നെടുവീര്‍പ്പിന്റെ ശബ്ദം പുറത്തേക്കു വരാറുണ്ടായിരുന്നു. പലപ്പോഴും അവളതു കേള്‍ക്കുകയും, അയാളോടു ചേര്‍ന്നുകിടന്ന്, നെഞ്ചില്‍ തലചേര്‍ത്ത് അയാളെ  ആശ്വസിപ്പിക്കാന്‍ ശ്രമിക്കാറുമുണ്ടായിരുന്നു. അപ്പോള്‍ അയാള്‍ കൂടുതല്‍ അസ്വസ്ഥനാവുകയും അവളെ തന്നിൽനിന്നടർത്തി മാറ്റി നേരെ കിടത്തുകയും ചെയ്യും. പിന്നീട്  അയാള്‍ അവളുടെ  മനസ്സ് തേടിപ്പോകും. അപ്പോള്‍  അവളുടെ കണ്ണുകളില്‍ നിഴലിക്കുന്ന വേദന അയാളിലേക്കും പടരും. തന്നോടൊത്ത് ജീവിതം തുടങ്ങിയതു കൊണ്ടാണല്ലോ അവള്‍ക്കിങ്ങനെ കരയേണ്ടിവന്നത് എന്നോര്‍ത്ത് അയാള്‍ തേങ്ങും. എന്നിട്ട്  അവളിലേക്കു ചേര്‍ന്നുകിടന്ന് അവളെ ആശ്വസിപ്പിക്കും,   അവളുടെ കവിളില്‍ തന്റെ മുഖം ചേര്‍ത്ത് അയാള്‍ ഉറങ്ങാന്‍ കിടക്കും. അപ്പോഴൊക്കെ, അയാള്‍ ഉറങ്ങുന്നതിനു മുന്നേ അവള്‍ ഉറങ്ങുകയും, അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ശക്തി കൂടി വരുന്ന അവസരത്തില്‍ അയാള്‍ മലര്‍ന്നു കിടന്ന്  ഓര്‍മകളിലേക്കൊഴുകാന്‍ തന്റെ മനസ്സിനെ അനുവദിക്കുകയും ചെയ്യുമായിരുന്നു.


അവള്‍ ഉറങ്ങാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു കിടന്നു. അവള്‍ ഉറങ്ങിയെന്നുറപ്പായപ്പോള്‍ അയാള്‍ ശബ്ദം കേള്‍പ്പിക്കാതെ എഴുന്നേറ്റു. മുറിയില്‍നിന്ന് പുറത്തേക്കുള്ള ഇടനാഴിയിലൂടെ ടെറസ്സിലേക്ക് പ്രവേശിക്കുന്ന വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. തലേദിവസം പെയ്ത വേനല്‍ മഴ അന്തരീക്ഷത്തിലെ ഉഷ്ണത്തിന് തെല്ലു ശമനം വരുത്തിയിട്ടുണ്ടെന്ന് അയാള്‍ക്കു തോന്നി. അയാളോര്‍ത്തു, ‘ഒന്നും വേണ്ടിയിരുന്നില്ല,  വെറുതെ ആയിരുന്നില്ലേ അവളെ തന്റെ ജീവിതത്തിലേക്കു കൊണ്ടുവന്നത്. ? ആര്‍ക്കു വേണ്ടിയായിരുന്നു താന്‍ അത് ചെയ്തത്? കുടുംബത്തിനു വേണ്ടിയായിരുന്നുവോ?  ആയിരിക്കണം.അല്ലെങ്കില്‍, ഏകനായി ജീവിക്കാമായിരുന്നു. തന്റെ ദുഖങ്ങളും വ്യഥകളും തന്നില്‍ മാത്രം ഒതുങ്ങുമായിരുന്നു. അവള്‍ തന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എല്ലാം നേടിയ പ്രതീതി ആയിരുന്നു.  എന്നിട്ടും അവളോടൊത്തുള്ള രാത്രികളില്‍  ഒരിക്കലും യൌവ്വനം തുടിക്കുന്ന ഒരു ഭര്‍ത്താവിന്റെ സാന്നിധ്യമറിയിക്കാന്‍ തനിക്കു കഴിഞ്ഞിരുന്നില്ല. തന്റെ ബലഹീനത അവളില്‍ ഉണ്ടാക്കിയത് അവളെ ഇഷ്ടമല്ല എന്ന തോന്നലാണ്. താന്‍ ബലഹീനനല്ലെന്ന്  അവളെ അറിയിക്കാന്‍ കുറെ ശ്രമിച്ചതാണ്.  അവളിലേക്ക്‌ പ്രവേശിക്കുമ്പോള്‍, അവളുടെ ശരീരം തന്റെ ശരീരത്തോട് മുട്ടിയുരുമ്മുമ്പോള്‍, ആ കരവലയത്തിൽ അലിഞ്ഞു ചേരുമ്പോള്‍,  അവളുടെ ചുണ്ടുകളില്‍ തന്റെ ചുണ്ട് ചേരുമ്പോള്‍,  അറിയാതെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഭീതിജനകമായ  ഓര്‍മകളിലേക്ക്  മനസ്സ് സഞ്ചരിക്കാന്‍ തുടങ്ങും.

ചുവന്നു കലങ്ങിയ കണ്ണുകളുള്ള,  നെഞ്ചില്‍ ചുരുണ്ട ആകൃതിയില്‍ കറുത്ത രോമങ്ങളുള്ള, തടിച്ച ദേഹപ്രകൃതിയുള്ള അയാളുടെ നോട്ടവും ചിരിയും മനസ്സിലേക്ക് ഓടിയെത്തുന്നതോടുകൂടി സംഭരിച്ചുവെച്ച  ആവേശം തണുത്തുറഞ്ഞു മഞ്ഞുകട്ട പോലെയാവും. പിന്നീട് തളര്‍ച്ച ബാധിച്ചവനെ പോലെ കട്ടിലിലേക്ക് വീഴുമ്പോള്‍ കാതിലേക്ക് അരിച്ചിറങ്ങുന്ന അവളുടെ തേങ്ങലുകള്‍ കേള്‍ക്കരുതെന്ന്  വെറുതെ  ആഗ്രഹിച്ചുപോവും. പക്ഷെ അവളുടെ തേങ്ങലിന്റെ ശബ്ദം കൂടിവരുമ്പോള്‍ അറിയതെ താനും തേങ്ങിപ്പോവും. ‘നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല എന്റെ പ്രിയപ്പെട്ടവളേ,  ഞാന്‍ ഇങ്ങിനെ ആയി മാറുന്നത്’ എന്നു പറയാൻ ശ്രമിച്ചതാണ്.
അത് കേട്ടുകഴിഞ്ഞാല്‍ പിന്നെ അവള്‍ ചോദിക്കില്ലേ, ‘പിന്നെ എന്തുകൊണ്ട് താന്‍ ഇങ്ങനെ അവശനായി മാറുന്നുവെന്ന്.? എന്തുകൊണ്ട് തന്റെ വിരലുകള്‍ക്ക് അവളുടെ ശരീരത്തിലെ  മാന്ത്രിക വീണയില്‍ സ്വപ്തസ്വരങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന്.?’ അപ്പോളെന്തു പറയും? ‘നെഞ്ചിൽ ഇരുണ്ട രോമങ്ങള്‍ നിറഞ്ഞ, കറുത്തു തടിച്ച, വിയര്‍പ്പിന്റെയും മദ്യത്തിന്റെയും അറപ്പുളവാക്കുന്ന  മണവുമുള്ള ആ മനുഷ്യനെക്കുറിച്ച് പറയേണ്ടി വരില്ലേ? പറഞ്ഞാല്‍ അവള്‍ക്കതുൾക്കൊള്ളാന്‍ കഴിയുമോ? പക്ഷെ, പറയണം.  അല്ലെങ്കില്‍ താന്‍ ഒന്നിനും കൊള്ളാത്തവനായിപ്പോവും.  ഷണ്ഡനെന്ന് നാളെ ലോകം പറയും  അതിനിട വരുത്തിക്കൂടാ.’

അയാള്‍ പതുക്കെ അവള്‍ കിടക്കുന്ന മുറിയിലേക്ക് നടന്നു. ജനല്‍പ്പാളികളിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ വെട്ടം  ഇരുട്ട് പുതച്ചു കിടക്കുന്ന മുറിയിലേക്ക് അരിച്ചിറങ്ങുന്നത് കൊണ്ടാവണം, അവളുടെ വെളുത്തുതുടുത്ത  കാല്‍വണ്ണയുടെ കൊലുസിട്ട ഭാഗം  അയാളുടെ കണ്ണുകള്‍ക്കു കാണാന്‍ കഴിഞ്ഞത്.. അയാള്‍ മുട്ടുകുത്തി അവളുടെ കാലുകള്‍ക്കരികിലായി തന്റെ മുഖം താഴ്ത്തി. പൊടുന്നനെ അയാളുടെ മനസ്സ് താന്‍ ആരാധിക്കുന്ന ദേവതക്കു മുന്നില്‍ തൊഴുതുകേണു മാപ്പിരക്കുന്ന ഒരു വിശ്വാസിയുടെ അവസ്ഥയിലേക്കെത്തി. അയാള്‍ പതുക്കെ പറയാന്‍ തുടങ്ങി..

"ആ സംഭവത്തിനു ശേഷം  പിന്നീടൊരിക്കലും ഞാന്‍ അയാളെ കണ്ടിട്ടില്ല. അയാളെ കാണുന്ന ഒരു അവസ്ഥ വന്നുചേര്‍ന്നാല്‍ അലറിവിളിച്ചുപോവുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. അയാളുടെ സാന്നിദ്ധ്യമുണ്ടാവും എന്നു തോന്നിപ്പിക്കുന്ന  വഴികളില്‍ നിന്നെല്ലാം ഞാന്‍  ഒഴിഞ്ഞു നടക്കാറുണ്ട്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. നാട് കുറെ മാറി.. ഇടവഴികള്‍ക്ക് പകരം, റോഡുകള്‍ വന്നു. ഇരുട്ട് നിറഞ്ഞ തെരുവോരങ്ങള്‍ക്കു പകരം, വൈദുതിവിളക്കുകള്‍ നിറഞ്ഞ പ്രകാശം വിതറുന്ന വീഥികള്‍ രൂപപ്പെട്ടു. എങ്കിലും എന്റെ  മനസ്സ് ഇപ്പോഴും മാറിയിട്ടില്ല.  ഇപ്പോഴും അയാളുടെ ഓര്‍മ്മകള്‍ എന്നെ എന്റെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ടുപോകുന്നു. ഒരിക്കല്‍ സ്കൂളില്‍  നിന്ന് വീട്ടിലേക്കു മടങ്ങിവരുമ്പോഴുള്ള  ഒരു സായാഹ്നത്തിലായിരുന്നു അയാളെ കണ്ടത്.  ബസ്‌സ്റ്റാന്‍ഡില്‍ കീര്‍ത്തി ടൂറിസ്റ്റ് ഹോമിന്റെ തൊട്ടടുത്ത് കുട്ടികളുടെ ആരവം കേട്ടാണ് ഞാന്‍  അങ്ങോട്ടു പോയത്. പതിനഞ്ചും പതിനാറും വയസ്സുള്ള ചുണ്ടുകളില്‍ ചുവന്ന നിറത്തില്‍ ചായം പൂശിയ കുറെ കുട്ടികളുടെ ഒരു കൂട്ടമായിരുന്നു അവിടെ. അവര്‍ കൈകള്‍ കോര്‍ത്തു പിടിച്ച് ഒരു വലയം തീര്‍ത്തിരിക്കുന്നു.. ആ വലയത്തിനുള്ളില്‍ ഒരു കൊച്ചുകുട്ടി നില്‍ക്കുന്നു. കുട്ടികള്‍ എല്ലാവരും കൂടി എന്തോ പറയുന്നു. എന്നിട്ട് ആര്‍ത്തു ചിരിക്കുന്നു. വലയത്തിനുള്ളിലെ കുട്ടി വലയം ഭേദിച്ച് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. എന്നെക്കണ്ടപ്പോള്‍ ആ കുട്ടികള്‍ എന്നെയും ആ വലയത്തിനകത്താക്കാന്‍  ശ്രമം നടത്തി. അവിടെനിന്നോടി ബസ്‌സ്റ്റാന്‍ഡിനു പുറത്തെത്തിയപ്പോളാണ്  അയാളെ കണ്ടത്.. അയാള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. ആ കണ്ണുകള്‍ക്ക്‌ എന്തോ മാന്ത്രിക ശക്തിയുള്ളതു പോലെ തോന്നിപ്പിച്ചു.
 
സ്കൂളിലെ കൂട്ടുകാരാണ് പറഞ്ഞുതന്നത്, കുട്ടികളുടെ കൂട്ടത്തെക്കുറിച്ച്. സന്ധ്യമയങ്ങുമ്പോള്‍ കുട്ടികളെത്തേടിവരുന്ന ആളുകളുടെ കൂടെ പോയാല്‍, ആ കുട്ടികള്‍ക്ക് കുറെ കാശ് കിട്ടും.  ആവശ്യമുള്ള  ഭക്ഷണവും കിട്ടും. വരുന്നവര്‍ക്ക് നന്നായി ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക്  ചോദിക്കുന്നതെന്തും അവര്‍ കൊടുക്കും. കേട്ടപ്പോള്‍ അറപ്പും വെറുപ്പും തോന്നി.  സ്കൂളിലേക്ക് പോവുന്ന വഴിയില്‍ അയാള്‍ എല്ലായ്പ്പോഴും എന്നെ നോക്കി, ചിരിച്ചുകൊണ്ടു നില്‍പ്പുണ്ടാവും.  കുട്ടികളെ കൊണ്ടുപോവാന്‍ വരാറുള്ള ആളായിരിക്കുമെന്നു തോന്നിയപ്പോള്‍ സംശയിച്ചു തലകുനിച്ചാണ് അയാള്‍ക്കു  മുന്നിലൂടെ നടന്നിരുന്നത്. വല്ലപ്പോഴും തലയുയര്‍ത്തി നോക്കുമ്പോള്‍,  അയാളുടെ കത്തുന്ന കണ്ണുകള്‍ എന്റെ കണ്ണുകളുമായി കൂട്ടിമുട്ടും. അപ്പോള്‍ അയാളില്‍ ഒരു ചിരിവിടരും. എന്നെ അയാളിലേക്കു ക്ഷണിക്കുന്നതു പോലെ  ആയിരുന്നു ആ ചിരി. എന്റെ  തടിച്ച ശരീരമായിരിക്കണം അയാള്‍ക്ക് എന്നോട്  ഇഷ്ടം തോന്നാൻ കാരണമായതെന്നു തോന്നാറുണ്ട്. ഒരിക്കല്‍ അയാള്‍ ഒരു നൂറിന്റെ നോട്ടെടുത്ത് എന്റെ  നേരെ നീട്ടി. ആരും കാണുന്നില്ലെന്നുറപ്പു വരുത്തിയിട്ടാണ് ഞാന്‍ അതുവാങ്ങി പാന്റ്സിന്റെ പോക്കറ്റില്‍ ഇട്ടത്. പിന്നീട്  അയാളെ കാണുമ്പോള്‍ കാല്‍മുട്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങും. വായില്‍ ഉമിനീര്‍ വറ്റാന്‍ തുടങ്ങും.. അയാൾക്കുനേരെ നോക്കാന്‍ ശക്തിയില്ലാതെ ആ വഴി നടക്കാന്‍ പേടിയായി. കുറെ ദിവസങ്ങൾ വഴിമാറി നടന്നു. കാണാത്തപ്പോള്‍ ആശ്വാസം തോന്നിത്തുടങ്ങി. പിന്നെപ്പോഴോ വീണ്ടും അയാളെ കാണാന്‍ മോഹം തോന്നി. അങ്ങിനെയൊരിക്കലാണ്  അയാള്‍ എന്റെ  പിറകിലായി വന്നത്. ഞാന്‍ ധൃതിപ്പെട്ടോടാന്‍ ശ്രമിച്ചെങ്കിലും ഓടാന്‍ കഴിഞ്ഞില്ല. പിടിക്കപ്പെട്ടു എന്ന് തോന്നിയപ്പോള്‍ തളര്‍ന്നു താഴെയിരുന്നു. അയാള്‍ വന്നു പിടിച്ചെഴുന്നേല്‍പ്പിച്ച് ഒരു ഹോട്ടലിലേക്കു  കൊണ്ടുപോയി പൊറോട്ടയും ചിക്കന്‍ കറിയും വാങ്ങിത്തന്നു.  ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ കൂടെച്ചെല്ലാന്‍  ആവശ്യപ്പെട്ടു. ഒന്നും മിണ്ടാതെ പിറകെ നടക്കുകയായിരുന്നു. ബസ്‌സ്റ്റാന്റ് ചുറ്റി സ്കൂളിലേക്കു നടക്കുന്ന വഴിയിലൂടെ,  അയാളുടെ പിറകിലായി മിടിക്കുന്ന ഹൃദയത്തോടെ നടന്നു. കുറച്ചുദൂരെ യെത്തിയപ്പോള്‍ ഒരു മുസ്ലിം പള്ളിയും ശ്മശാനവും കണ്ടു. അത് കഴിഞ്ഞു പിന്നെയും കുറച്ചുകൂടി നടന്നപ്പോള്‍ ഞങ്ങൾ ഒരു ഇടവഴിയിലേക്കുള്ള പ്രവേശനദ്വാരത്തിലെത്തി

ആ ഇടവഴി ഒരു പുഴയുടെ തീരത്തേയ്ക്കുള്ളതാണെന്ന് അയാള്‍ പറഞ്ഞു.  പിന്നെപ്പറഞ്ഞു, ‘ആ പുഴയുടെ തീരത്ത് നമുക്കിരിക്കാം, അവിടേക്ക് നമ്മളെ ശല്യം ചെയ്യാന്‍ ആരും വരില്ല. അവിടെ നമുക്ക് നമ്മുടെ ലോകം തീര്‍ക്കാം.’  അതും പറഞ്ഞു അയാള്‍ ആ ഇടവഴിയിലേക്ക് പ്രവേശിച്ചു.. പെട്ടെന്ന് എന്റെ കാലുകള്‍ക്ക് ശക്തി കുറഞ്ഞുവന്നു. എന്റെ ദേഹമാകെ വിറയല്‍ ബാധിച്ചതു പോലെ തോന്നി. ഇടവഴിയിലെ മൂകത എന്നെ ഭീതിപ്പെടുത്തി. താന്‍ തിരിഞ്ഞോടി. ഓടിയോടി ത്തളര്‍ന്ന ഞാന്‍ വീട്ടിലെത്തി കട്ടിലിലേയ്ക്ക് വീണു. എന്റെ പ്രിയേ, നിന്നോടൊത്തുള്ള നിമിഷങ്ങളില്‍, ഈ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നു,  അപ്പോള്‍ ഞാന്‍.."

പെട്ടെന്ന് അവള്‍ കിടക്കവിട്ടെഴുന്നേറ്റു  എന്നിട്ട് അയാളോട് ചോദിച്ചു,

"സത്യമാണോ നിങ്ങള്‍ പറയുന്നത്?"
എന്നെ വിശ്വസിക്കു. ഞാന്‍ പറയുന്നത് സത്യമാണ്. അയാള്‍ എന്നെയൊന്നും ചെയ്തിട്ടില്ല.”

"പുഴവക്കിലെ  പൊന്തക്കാടിനു പിന്നിലേക്ക്‌ അയാള്‍ നിങ്ങളെ വലിച്ചിഴച്ചുകൊണ്ടു പോയില്ലേ? വായ പൊത്തിപ്പിടിച്ചില്ലേ?"
ഇല്ല..ഇല്ല...എന്നെ അയാളൊന്നും ചെയ്തിട്ടില്ല.”

"നിങ്ങള്‍  കുതറിമാറിയപ്പോള്‍ കരണത്തടിച്ചില്ലേ ? ഒച്ച വെച്ചാല്‍  കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയില്ലേ? സത്യം പറയൂ..."

അയാള്‍ക്ക് വെപ്രാളമായി. മത്തു പിടിച്ചവനെപ്പോലെ അയാള്‍  അവളുടെ ശരീരത്തില്‍  പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു..
"നീ എന്താണീ പറയുന്നത്? ഇതൊക്കെ നിനക്കെങ്ങനെ മനസ്സിലായി?"

അവള്‍ മന്ത്രിക്കുന്നതുപോലെ എന്തോ പറഞ്ഞു. എന്നിട്ട് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അയാളുടെ കാലിലേയ്ക്ക് വീണു. തേങ്ങലുകള്‍ക്കിടയില്‍ അവള്‍ പറഞ്ഞു കൊണ്ടിരുന്നു:
"എനിക്കും പറയാനുണ്ട്‌  ചിലതൊക്കെ, എനിക്കും അറിയിക്കാനുണ്ട്  ചിലതൊക്കെ
അന്ന് എനിക്ക് പതിനഞ്ചു വയസ്സായിരുന്നു..”

അയാള്‍ അലറി വിളിച്ചു  "വേണ്ട.. "

എന്നിട്ട് അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു. അവളുടെ കണ്ണുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ത്തുള്ളികള്‍ അയാൾ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്തു. അവളെ തന്റെ നെഞ്ചിലേയ്ക്കു ചേര്‍ത്ത്പിടിച്ച് അരികെ കിടത്തി. അയാളുടെ  ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത മാറിമറിഞ്ഞു . പതുക്കെപ്പതുക്കെ അവളെ അയാള്‍ അറിയാന്‍ തുടങ്ങി. അയാളുടെ യൗവ്വനം അവളുടെ വികാരങ്ങളില്‍ ജ്വാലയായി പടര്‍ന്നുകയറി. അവളുടെ കൈവിരലുകളുടെ താളത്തിനനുസരിച്ച്
അയാള്‍ അവളെ തന്റെ ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തിക്കൊണ്ടിരുന്നു. അധികം  താമസിയാതെ അനുഭൂതിയുടെ  ആഴക്കയങ്ങളിലൂടെ അവര്‍ ഒന്നായിത്തീര്‍ന്നു.

Tuesday, June 12, 2012

കഥ ഇതുവരെ
മടുപ്പ് തോന്നിപ്പിക്കുന്ന ദൈനംദിന ജീവിതത്തിലെപ്പോഴോ അര്‍ദ്ധവിരാമമിട്ട പഴയ പതിവുകള്‍ വീണ്ടും തുടങ്ങിവെച്ചത് ഈയിടെയാണ്. ആ സമയത്ത് പതിവായി ആസ്വദിച്ചിരുന്ന ഒന്നായിരുന്നു വൈകുന്നേരങ്ങളിലുള്ള നടത്തം. കടല്‍ക്കരയിലൂടെ,  ഏകനായി കൈ വീശി,  കടലില്‍ നിന്നു കരയിലേക്കു വീശുന്ന കാറ്റിനെ ജയിച്ചു മുന്നേറാന്‍ ഒരു പ്രത്യക സുഖമാണ്. ചുറ്റിനും കണ്ണോടിച്ചു മനസ്സില്‍ അസംഖ്യം ചിത്രങ്ങള്‍ രൂപപ്പെടുത്തി സ്വകാര്യ സ്വപ്നങ്ങളില്‍ കൂടിയുള്ള യാത്ര...അങ്ങിനെയുള്ള ഒരു യാത്രയിലാണ് ഞാന്‍ ആ ശബ്ദം കേട്ടത് .

" ഞാന്‍ പിടിക്കപ്പെട്ടു ..ഞാന്‍ പിടിക്കപ്പെട്ടു...."

അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങിയ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ നടത്തം നിര്‍ത്തി. . നങ്കൂരമിട്ടിരിക്കുന്ന ഉല്ലാസനൌകകള്‍ക്കടുത്ത് എവിടെയോ നിന്നാണ് ആ ശബ്ദം വരുന്നതെന്നു തോന്നി. ഞാന്‍ പതുക്കെ അങ്ങോട്ടുനടന്നു. രണ്ടു നൌകകള്‍ക്കിടയിലായി ഒരു കൊച്ചുവഞ്ചി കിടക്കുന്നുണ്ട്. കടലിലെ തിരമാലകള്‍ വഞ്ചിയെ ഒരു പ്രത്യേക താളക്രമത്തില്‍ ചലിപ്പിക്കുന്നുണ്ട്. ആ വഞ്ചിയില്‍ നിന്നാണ് ശബ്ദം കേള്‍ക്കുന്നത്. ഞാന്‍ നോക്കുമ്പോള്‍ ആ വഞ്ചിയില്‍ മുപ്പതുകാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു യുവാവ്‌ ഇരിക്കുന്നു. വളരെ പ്രാകൃതമായ വേഷമാണ് അയാളുടേത്. വെളുത്ത ജുബ്ബ പോലെയുള്ള ഒരു കുപ്പായമാണ് അയാള്‍ ധരിച്ചിരിക്കുന്നത്. ഞാന്‍ അയാളുടെ അടുത്തുചെന്ന് ചോദിച്ചു.

"നിങ്ങള്‍ എന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നത്? ആര് പിടിക്കപ്പെട്ടു എന്നാണ് പറയുന്നത്?"

അയാള്‍ ക്രൂരമായി എന്നെ നോക്കി. തെല്ലു പതര്‍ച്ചയോടെ ഞാന്‍ പിന്നോട്ട് മാറി. അപ്പോള്‍ അയാള്‍ തന്റെ സുന്ദരമായ മുഖത്ത് അതിലും സുന്ദരമായ ഒരു ചിരി വരുത്തിക്കൊണ്ട് എന്നോടു പറഞ്ഞു

"എന്നെ അവള്‍ പിടിച്ചു. എന്നെ അവള്‍ അറിഞ്ഞു.. എന്നെ അവള്‍ മനസ്സിലാക്കി."
.
"ഇയാള്‍ക്ക് എന്തെങ്കിലും മാനസികരോഗമാണോ? അതോ സിനിമ തലയ്ക്കു പിടിച്ച ഒരു ഭ്രാന്തനാണോ ഇയാള്‍?" എന്റെ ചിന്തകള്‍ ചിതല്‍പ്പുറ്റുകളെപ്പോലെ വ്യാപിക്കുന്നതിനു മുന്നേ അയാള്‍ പറഞ്ഞു:  "എനിക്ക് ഭ്രാന്തൊന്നുമില്ല. ഞാന്‍ ഒരു കഥാകൃത്താണ്. എന്റെ എഴുത്തുകളധികവും രൂപപ്പെട്ടത് ഈ കടല്‍ത്തീരത്തു നിന്നാണ്. ഇന്ന് ഞാനൊരു കഥ എഴുതുകയായിരുന്നു. അപ്പോള്‍ കഥയില്‍ നിന്ന് എന്റെ കഥാപാത്രം ഇറങ്ങിവന്ന് എന്നോടു സംസാരിക്കാന്‍ തുടങ്ങി. കഥ എഴുതുന്നതിനു മുമ്പ് ഞാന്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. എന്റെ ദേഹമാകെ മരവിച്ചതു പോലെയായിരുന്നു. പെരുവിരലില്‍ നിന്നു തുടങ്ങി ശിരസ്സിലേക്കെത്തുന്ന ഒരു വേദന എന്നില്‍ പടര്‍ന്നുകൊണ്ടിരുന്നു. ദുരന്തങ്ങളും ഭീതി നിറഞ്ഞ അന്തരീക്ഷവും, നിരായുധനായ ഒരു മനുഷ്യന്റെ പൊട്ടിപ്പിളര്‍ന്ന തലയുടെ ദൃശ്യങ്ങളും എന്നിലെ മനുഷ്യനെ ഇല്ലാതാക്കിയെന്ന് ഞാന്‍ അറിയുകയായിരുന്നു. ഞാന്‍ കാണുന്നതും, ചിന്തിക്കുന്നതും, എന്റെ സിരകളിലുമെല്ലാം ഒന്നുമാത്രമായിരുന്നു; ചോര, കട്ടപിടിച്ച ചോര.! അധികാരത്തിന്റെ ഇടനാഴികളിലെ ചോരക്കൊതിയന്മാരുടെ മടിശ്ശീലക്കിലുക്കം എന്നെ ഭീതിപ്പെടുത്തി.  അപ്പോള്‍ മുതല്‍ എനിക്കു മനസ്സിലാവാന്‍ തുടങ്ങി, ഇനിയെനിക്ക് ഒന്നുമെഴുതാന്‍ കഴിയില്ലെന്ന്. എന്നിലെ കഥാകാരന്‍ മരിച്ചു പോയിരിക്കുന്നു. കാരുണ്യരൂപിയായ കടല്‍ നിനച്ചിരിക്കാതെ രൌദ്രഭാഭാവം എടുത്തണിഞ്ഞിരിക്കുന്നു. തിരമാലകള്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഞാന്‍ എഴുതിത്തുടങ്ങിയ എന്റെ "കഥയില്‍നിന്ന്" അവള്‍ ഇറങ്ങിവന്നതു മുതല്‍ എനിക്കു ചുറ്റും പ്രകാശം പരന്നു. അവളൊരിക്കലും എനിക്കൊരു കൂട്ടായിത്തീരുമെന്ന് പ്രതീക്ഷിച്ചതല്ല. അവളെ എനിക്കു കിട്ടിയത് ഒരു അത്ഭുതമായി തോന്നുന്നു. എന്റെ 'കഥയിലെ' നായകന്‍ അവളോട്‌ പറയാന്‍ തുടങ്ങുകയായിരുന്നു "അദൃശ്യമായ നിന്റെ കൈകള്‍ എന്നെ വാരിപ്പുണരുന്നു. ആ മാന്ത്രികവിരലുകള്‍ നീണ്ട നാരുകളെപ്പോലെ എന്നെ ബന്ധിതനാക്കി യിരിക്കുന്നു. ഞാനിപ്പോള്‍ ഒരു പഞ്ഞിത്തുണ്ട് പോലെ അന്തരീക്ഷത്തില്‍ ഒഴുകിനടക്കുകയാണ്. നിന്റെ മൃദുലമായ കൈകള്‍ക്കുള്ളില്‍ അമർന്നിരിക്കാന്‍ എനിക്കു ഭാഗ്യമില്ല. ഞാന്‍ നിസ്സംഗനാണ്, നിര്‍വികാരനാണ്. മരണം ബാക്കിവെച്ചുപോയ ചില അടയാളങ്ങള്‍ മാത്രമാണ്‌ എന്നില്‍ അവശേഷിക്കുന്നത്. ഏതെങ്കിലും കഥയ്ക്കുള്ളില്‍ ഞാന്‍ അകപ്പെട്ടുപോയാല്‍ പിന്നെ എനിക്കു ജീവിതമില്ല. ആ കഥയില്‍ ഞാന്‍ മരിച്ചിരിക്കും,"  അപ്പോഴാണ് അവള്‍ കഥയില്‍ നിന്നിറങ്ങിവന്ന് എന്നോടു സംസാരിച്ചത് .  "എന്തിനാണ് നീ നായകനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.?  അവനു നീ ധൈര്യം കൊടുക്കണം. ഒരു പെണ്ണിനെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള ധൈര്യം."

ഞാന്‍ അവളോട്‌ പറഞ്ഞു: "അവനു ധൈര്യമില്ലാത്തത് ഒരു മുസ്ലിം പേര് ഉണ്ടായതു കൊണ്ടാണ്. ഹിന്ദുവായ നിന്നെ അവനു മനസ്സുകൊണ്ട് സ്നേഹിക്കാം. അവനു നിന്നോട് പ്രണയാഭ്യര്‍ത്ഥന നടത്താം. പക്ഷെ അതറിയുന്നതോടുകൂടി സമൂഹം അവനെ തീവ്രവാദിയെന്നു മുദ്രകുത്തും. ഹിന്ദുവിനെ സ്നേഹിച്ചു മതപരിവര്‍ത്തനം നടത്തുന്ന ഒരു മതഭ്രാന്തന്‍ എന്ന് വിളിക്കുമവനെ. അതു കാരണം അവനു സമൂഹത്തെ പേടിയാണ്. അധികാരവര്‍ഗത്തെ പേടിയാണ്. നിയമപാലകരെ പേടിയാണ്. അങ്ങിനെയുള്ള ഒരാളിന് എങ്ങനെ ധൈര്യം ഉണ്ടാവും? അതുകൊണ്ട് എന്റെ നായകന് ധൈര്യമില്ല. നിര്‍വികാരത മാത്രമാണ് അവനെ നയിക്കുന്നത്." ഞാന്‍ പറഞ്ഞതുകേട്ട് ദേഷ്യത്തോടെ എന്റെ നേര്‍ക്ക്‌ നോക്കി. എന്നിട്ട് പറയാന്‍ തുടങ്ങി.
"എഴുത്തുകാരാ, നീ കള്ളനാണ്. നീ തന്നെയല്ലേ കഥയിലെ നായകന്‍.? എന്നിട്ട് വെറുതെ എന്തിനു നീ നിഷ്കളങ്കതയുടെ മൂടുപടമെടുത്തണിയുന്നു? ഒന്നുമറിയില്ലെന്ന നിന്റെ ഭാവം എന്നെ ചിരിപ്പിക്കുന്നു. നീ സംസാരിക്കുന്നതുകേട്ടാല്‍ ഏതു പെണ്‍കുട്ടിയും വിശ്വസിച്ചുപോവും. പാവം പെണ്‍കുട്ടികള്‍.. അവര്‍ ഹൃദയം കൊണ്ട് ചിന്തിക്കുന്നു. നീ കഥയിലൂടെ എന്നോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പോലും നിന്നെ വിശ്വസിച്ചുപോയി. പക്ഷെ എനിക്ക് നീ വിവേചനബുദ്ധി ആദ്യമേ നല്‍കിയിരുന്നു. നിന്റെ കഥാപാത്രം വെറും ഹൃദയം കൊണ്ട് ചിന്തിക്കുന്ന ഒരാളായി മാറരുത് എന്ന് വാശിയുള്ളതുപോലെയാണ് നീ എന്നെ രൂപപ്പെടുത്തിരിക്കുന്നത് അതെനിക്ക് ഉപകാരമായി. നീ എന്നെ സ്നേഹിക്കുന്നതുപോലെ അഭിനയിക്കുകയായിരുന്നു. നിനക്ക് എവിടെ സ്നേഹം? എത്രയെത്ര പെണ്‍കുട്ടികളുടെ കണ്ണുനീരാണ് നിന്റെ കഥകളില്‍ നീ കുത്തി നിറച്ചിരിക്കുന്നത്.?"

എനിക്ക് എന്റെ കഥാപാത്രത്തോട് പെട്ടെന്നൊരു ആരാധന തോന്നി. എന്റെ അസ്തിത്വത്തെക്കുറിച്ച് ഒരാള്‍ സംസാരിച്ചുകേള്‍ക്കുന്നത് ആദ്യമായിരുന്നു. എന്റെ കഥകളിലൂടെ ഞാന്‍ എത്രയോ കാലമായി എന്നെ തേടുന്നു. പക്ഷെ, എനിക്കൊരിക്കലും എന്നെ കണ്ടെത്താന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഞാന്‍ അവളോട്‌ പറഞ്ഞു  "നിനക്ക് എന്റെ കൂട്ടുകാരിയായിക്കൂടേ,? നിന്റെ സൌഹൃദം എന്റെ ജീവിത്തിനു പുതിയ അര്‍ഥങ്ങള്‍ തരും"  പൊടുന്നനെ അവളുടെ കൈവിരലുകള്‍ എന്റെ നെറ്റിയില്‍ തടവിക്കൊണ്ടിരിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു  അപ്പോള്‍ വര്‍ഷത്തിലെ ആദ്യ മഴ കൊണ്ടിട്ടെന്നപോലെ ഞാന്‍ കോരിത്തരിച്ചു പോയി.  സ്വച്ഛവും സുന്ദരവുമായ സ്വപ്നത്തിലെന്ന പോലെ പാതിയടഞ്ഞ മിഴികളില്‍ക്കൂടി ഞാന്‍ അവളെ കണ്ടു. അവള്‍ ചുണ്ടുകള്‍ എന്റെ ചെവിയോടു ചേര്‍ത്തുവച്ചു മന്ത്രിച്ചു " നീ കഴിഞ്ഞതൊക്കെ മറക്കണം. നിന്റെ ജീവിത്തില്‍ ഞാന്‍ എന്നുമെന്നും ഉണ്ടായിരിക്കും. നിനക്ക് ഒരു കൂട്ടായി,  താങ്ങായി, തണലായി."

ഞാന്‍ അവളോട്‌ പറഞ്ഞു "അങ്ങിനെയെങ്കില്‍ എനിക്ക് എന്നെ മറക്കേണ്ടിയിരിക്കുന്നു. എന്റെ കുട്ടിക്കാലത്തെ മറക്കേണ്ടിയിരിക്കുന്നു. എന്നെ മുറിപ്പെടുത്തിയവരെയും, വേദനിപ്പിച്ചവരെയും, എന്നില്‍ നിന്ന് വിദൂരതയിലേക്ക് പോയവരെയും മറക്കേണ്ടിയിരിക്കുന്നു. എന്നെ മറന്നാല്‍ ഞാന്‍ പിന്നെ ആരെക്കുറിച്ച് എഴുതും? നിന്നില്‍പോലും ഞാനുണ്ട്. എന്റെ അസ്തിത്വമില്ലാതെ ഒരു കഥാപാത്രത്തിനും പൂര്‍ണത നല്കാന്‍ എനിക്കു കഴിയില്ല. ഞാന്‍ ഈ കഥ തീര്‍ക്കുമ്പോള്‍ നിനക്ക് അവകാശികള്‍ ഉണ്ടാവും. അവര്‍ എന്നെ തള്ളിപ്പറയും. നിമിഷനേരത്തെ സന്തോഷത്തിനു വേണ്ടി, നിയന്ത്രിക്കാനാവാത്ത വികാരങ്ങളുടെ വെപ്രാളത്തില്‍ ഞാന്‍ എപ്പോഴോ സൃഷ്ടിച്ചതാണു നിന്നെയെന്നു അവര്‍ പറയും. ആരുമറിയാതെ എവിടെയോ കിടക്കുന്ന നിനക്ക് പൂര്‍ണത നല്‍കുന്നത് വരെ മാത്രമാണ് നീ എന്റേതാവുന്നത്. നിനക്കറിയുമോ? നിന്നെ കാണുന്നതിനുമുമ്പ് ഞാന്‍ ദുഃഖക്കയത്തിലായിരുന്നു. ആ കയത്തില്‍ നിന്നു പുറത്തുകടക്കാന്‍ കഴിയാതെ നിലവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അങ്ങനെയാണ് ഞാന്‍ എഴുതിത്തുടങ്ങിയത്. എന്റെ നിലവിളി ലോകം കേള്‍ക്കട്ടെയെന്നു ഞാന്‍ ആഗ്രഹിച്ചു.. ഞാന്‍ കരയുമ്പോള്‍ അത് കഥകളായി മാറി. കണ്ണീരിന്റെ പ്രളയമായി.  സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി. ചിലതൊക്കെ എഴുതിക്കഴിയുമ്പോള്‍ എന്റെ നിലവിളികള്‍ തേങ്ങലുകളായി പരിണമിച്ചു.  ചില കഥകൾ അവസാനിപ്പിക്കുമ്പോള്‍ ഞാന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. മറ്റുചിലവ അവസാനിപ്പിക്കാന്‍ കഴിയാതെ ഞാന്‍ വീടുവിട്ടിറങ്ങി. തെരുവിലൂടെ അലഞ്ഞു. പുഴകളോടും, കാറ്റിനോടും കടലിനോടും സംസാരിക്കാന്‍ ശ്രമിച്ചു. ചിലപ്പോള്‍ അവര്‍ എനിക്ക് ആശ്വാസം തന്നു. മറ്റു ചിലപ്പോള്‍ അവര്‍ എന്നെ അന്യനെപ്പോലെ ആട്ടിയോടിച്ചു. ചൂടും തണുപ്പും മാറിമാറി വന്ന ഒരു നിമിഷത്തില്‍ എന്റെ മനസ്സിന്റെ ഇടനാഴിയിലാണ് നിന്റെ ജനനം ഉണ്ടായത്. ആ നിമിഷത്തില്‍ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ കണ്ണുനീര്‍ത്തുള്ളി കൊണ്ട് നിന്റെ മനസ്സിന്റെ ചിത്രത്തില്‍ തുരുതുരാ ചുംബനങ്ങള്‍ കൊണ്ട് മൂടണമെന്ന് "

"എഴുത്തുകാരാ, നിന്റെ സൌഹൃദത്തിന്റെ നൈർമല്ല്യത്തെക്കുറിച്ച് ആദ്യമെന്നില്‍ സംശയമുണർന്നിരുന്നു. പക്ഷേ, നിന്നെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ കോരിച്ചൊരിയുന്ന മഴയില്‍ എന്റെ കുടയുടെ ഇത്തിരിവട്ടത്തില്‍ നിന്റെ ശരീരം എന്നോട് മുട്ടിയുരുമ്മിനിന്നു. പിന്നെ, എന്റെ ഉള്ളിലുള്ള സ്നേഹമെല്ലാം ഞാന്‍ നിനക്കു നല്‍കുകയായിരുന്നു. പക്ഷെ നീ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ അറിയാം നീയൊരു കാപട്യക്കാരനാണെന്ന്. നീ സ്വന്തം കാലില്‍ നില്ക്കാന്‍ പഠിച്ചവനാണ്. നിന്നെ വിശ്വസിക്കുന്ന പെണ്‍കുട്ടി എല്ലാം ഉപേക്ഷിച്ചു നിന്റെകൂടെ വരാന്‍ നില്‍ക്കുമ്പോള്‍, നീ അവളോട്‌ പറയും  നീ അന്യജാതിയില്‍പ്പെട്ടതാണ് അതുകൊണ്ട് നമുക്ക് ഒന്നിക്കാന്‍ കഴിയില്ല,  എന്റെ സ്നേഹം ഒരു സങ്കല്പമായി കാണുക. യാഥാര്‍ത്ഥസ്നേഹത്തിനു വേദന മാത്രമാണുള്ളത്. സ്നേഹത്തിന്റെ സൗരഭ്യമറിയാന്‍ നമുക്ക് സങ്കല്പത്തിലൂടെയുള്ള സ്നേഹത്തിലൂടെ ശ്രമിക്കാം.  അപ്പോള്‍ നിന്നെ വിശ്വസിച്ച പെണ്‍കുട്ടി  നിന്റെ കാലില്‍ വീഴും. എന്നെ ഉപേക്ഷിക്കല്ലേയെന്നു കേണപേക്ഷിക്കും. അപ്പോള്‍ നീ അവളോട്‌ ചോദിക്കുമായിരിക്കും ഏതു നൂറ്റാണ്ടിലാണ് നീ ജീവിക്കുന്നതെന്ന്. ചങ്ങമ്പുഴയുടെ രമണന്‍ എഴുതിയ കാലഘട്ടമാണോയെന്ന്.  എന്റെ പ്രിയപ്പെട്ട കഥാകാരാ, നൂറ്റാണ്ടുകള്‍ സൃഷ്‌ടിച്ച വിപ്ലവങ്ങള്‍ക്കൊന്നും പെണ്ണിന്റെ മനസ്സിനെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യന്റെ രോദനങ്ങള്‍ക്കും യാതനകള്‍ക്കും സങ്കടങ്ങള്‍ക്കും വ്യഥകള്‍ക്കും കാലമില്ല. അവ മനുഷ്യന്റെ  സൃഷ്‌ടി മുതല്‍ എങ്ങനെയായിരുന്നുവോ അങ്ങനെതന്നെയാണ് ഇന്നും. മഹാവിപ്ലവങ്ങള്‍ മാറ്റിയത് മനുഷ്യന്റെ ചിന്തകളെ മാത്രമാണ്. അതിനു വില നല്‍കിയതോ, അവന്റെ സന്താനങ്ങളെ, സഹോദരങ്ങളെ, അച്ഛനമ്മമാരെ. ഇന്നും അത് തുടരുന്നു.  കണ്ണീരിന്റെ ഉണങ്ങാത്ത മുറിവുകളുമായി വിലപിക്കുന്ന അമ്മമാരുടെ ചിത്രങ്ങള്‍ നിന്റെ കണ്മുന്നില്‍ കഥകളായി മാറുന്നത് നീ കാണുന്നില്ലേ? വെട്ടിപ്പൊളിച്ച തലയോട്ടികളും രക്തത്തില്‍ കുതിര്‍ന്ന തന്റെ പ്രിയതമന് അന്ത്യ ചുംബനം നല്കാന്‍ കഷണംകഷണമായ തുണ്ടുകളില്‍നിന്നു ചുണ്ടുകള്‍ തിരയുന്ന ഹതഭാഗ്യയായ സ്ത്രീയെയും നീ കാണുന്നില്ലേ? എന്നിട്ടും നീ സ്ത്രീയെ കളിപ്പാട്ടമാക്കുന്നു. അവളുടെ ഹൃദയത്തെ നീ കീറിമുറിയ്ക്കുന്നു."
.
എന്റെ കഥാപാത്രമേ, നീ എന്റെ മനസ്സിന്റെ വിഭ്രാന്തിയുടെ പരിസമാപ്തിയായി മാറാതിരിക്കൂ. നീ എന്റെ മനസ്സില്‍ ചുട്ടു പൊള്ളുന്ന തീ കോരിയിടാതെയിരിക്കൂ. എന്റെ ചുണ്ടുകള്‍ വരണ്ടു പോവുകയും ശരീരമാകെ വിയര്‍പ്പില്‍ കുളിക്കുകയും ചെയ്യുന്നു. ഞാന്‍ നിസ്സഹായനാണ്,  ഞാന്‍ കാപട്യക്കാരനാവാം നീചനാവാം, ക്രൂരനാവാം, പക്ഷെ ഞാന്‍ സ്നേഹിച്ചിട്ടില്ല എന്നുമാത്രം പറയരുത്. സ്നേഹം കൊണ്ടല്ലേ ഞാന്‍ നിന്നെക്കുറിച്ചെഴുതുന്നത്?  സ്നേഹം കൊണ്ടല്ലേ പെണ്ണിന്റെ മനസ്സിനെ ഞാന്‍ അറിയാന്‍ ശ്രമിക്കുന്നത്? സ്നേഹത്തെ അറിയാന്‍ ശ്രമിക്കുന്നത്? സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും ആഗ്രഹിക്കുന്നതും സ്നേഹം കൊണ്ട് തന്നെയാണ്..

"എഴുത്തുകാരാ,  നീ സ്നേഹിക്കുന്ന ഞാന്‍ നിന്നെ വിട്ടുപോയാല്‍ നീ എന്തുചെയ്യും? എന്നെ വീണ്ടും പുന:സൃഷ്‌ടിക്കാന്‍ ശ്രമിക്കുമോ? ഇല്ല ഒരിക്കലുമില്ല. നീ പുതിയ ഒരു പെണ്‍കഥാപാത്രത്തെ പുന:സൃഷ്‌ടിക്കും  എന്നിട്ട് നീ അവളെ വശീകരിക്കാന്‍ ശ്രമിക്കും. സ്നേഹം അഭിനയിച്ച് അവളെ വശത്താക്കും. നീ അവളെ നിന്റെ അടിമയാക്കി മാറ്റും "

“ധിക്കാരം പറയുന്നുവോ? നിന്റെ അസ്ഥിത്വം നീ മറക്കുന്നു.  നീ എന്റെ സൃഷ്‌ടിയാണ്, ഞാന്‍ ആണ് നിനക്ക് പൂര്‍ണത നല്‍കിയത്. എന്റെ ചിന്തകളാണ് നീ പറയാന്‍ ശ്രമിക്കുന്നത്. ഞാന്‍ നിനക്കു നല്‍കിയ അഖണ്‌ഡമായ ജ്ഞാനം കൊണ്ടാണ് നീ പറയുന്നത് ലോകം അറിയുന്നത് .  നിനക്ക് ഇനി ജീവിക്കാന്‍ അര്‍ഹതയില്ല. ഞാന്‍ നിന്നെ സംഹരിക്കുന്നു. കണ്ടില്ലേ, നിനക്ക് നിലവിളിക്കാന്‍ കൂടി കഴിയുന്നില്ല.“

അത്രയും പറഞ്ഞു നിര്‍ത്തി അയാള്‍ കിതക്കാന്‍ തുടങ്ങി. പിന്നെയും അയാള്‍ക്ക് എന്നോട് എന്തൊക്കെയോ പറയാന്‍ ഉണ്ടെന്നു അയാളുടെ മുഖഭാവത്തില്‍ നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ഞാന്‍ അയാളോട് ചോദിച്ചു "എന്നിട്ട് നിങ്ങള്‍ നിങ്ങളുടെ കഥാപാത്രത്തെ എന്ത് ചെയ്തു? അവളെ നിഷ്കരുണം കൊന്നുകളഞ്ഞുവോ?"

"എനിക്ക് അവളെ കൊല്ലേണ്ടിയിരുന്നില്ല.. പക്ഷെ ഞാന്‍ പിടിക്കപ്പെട്ടുവെന്നു മനസിലാക്കിയപ്പോള്‍, എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒരു പക്ഷെ അവള്‍ക്കു ഞാന്‍ സ്വാതന്ത്ര്യം കൊടുത്താല്‍ അവള്‍ എനിക്കെതിരെ പോരാടും. എന്റെ ചിന്തകളെ മാറ്റിമറിക്കും. നിനക്കറിയുമോ, അവളെ ഞാന്‍ കൊണ്ടുപോകാനിരിക്കുകയായിരുന്നു. ഏഴു സമുദ്രങ്ങളും കടന്നു മനുഷ്യന്റെ കാല്‍ പതിയാത്തിടത്തേക്ക്. എന്റെ വലിയ സ്വപ്നമായിരുന്നു ഞങ്ങള്‍ രണ്ടു പേര്‍ മാത്രമുള്ള ഭൂമി. പക്ഷെ അവളെ ഞാന്‍..." അതും പറഞ്ഞു അയാള്‍ കരയാന്‍ തുടങ്ങി. എന്നിട്ട് അയാള്‍ പറഞ്ഞു.. "പാവമായിരുന്നു അവള്‍. ചിറകുകള്‍ ഛേദിക്കപ്പെട്ടവൾ..സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോയവള്‍. അവള്‍ ശബ്ദിച്ചപ്പോള്‍ ദിക്കുകള്‍ ഭേദിക്കാന്‍ ശക്തിയുള്ള വാക്കുകള്‍ വന്നു. അവളെ നേരിടാന്‍ കഴിയാതെ നിസ്സഹനായിപ്പോയി ഞാന്‍ " പിന്നെ അയാള്‍ ക്രൂരനായി എന്നെ നോക്കി. എന്നിട്ട് വിലപിക്കുന്ന സ്വരത്തില്‍ ചോദിച്ചു. "നീ എന്റെ ഏതു കഥയില്‍ നിന്നാണ് പുറത്തു ചാടിയത്? നിങ്ങളോടൊക്കെ ഞാന്‍ എന്തുതെറ്റ് ചെയ്തു? എന്റെ ഹൃദയത്തില്‍ വിടരാനവാതെ വിങ്ങുന്ന പൂവിനെ കാണിച്ചു തന്നതാണോ ഞാന്‍ ചെയ്ത പാപം? എന്റെ ദുര്‍ബല വിചാരങ്ങള്‍ ഞാന്‍ ത്യജിക്കണമായിരുന്നു. എന്റെ കഥാപാത്രങ്ങളെയെല്ലാം സ്നേഹിക്കുമെന്നു വ്യമോഹിക്കരുതായിരുന്നു."

പെട്ടെന്ന് പ്രക്ഷുബ്ധമായ ഒരു തിരമാല തീരത്തേക്ക് ആഞ്ഞടിച്ചു. രണ്ടു ഉല്ലാസനൌകകള്‍ക്കിടയില്‍ കിടക്കുന്ന അയാളുടെ കൊച്ചുവഞ്ചി ആടിയുലഞ്ഞു. അപ്പോള്‍ ഒരു നിലവിളി അന്തരീക്ഷത്തില്‍ മുഴങ്ങി. " എന്നോട് സൌഹാര്‍ദം നടിച്ചതെന്തിനായിരുന്നു.? എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് എന്തിനായിരുന്നു.?"

അനേകം വികാരങ്ങളേറ്റു വാങ്ങിയിട്ടും ഒന്നിനും ജീവന്‍ കൊടുക്കാനാവാതെപോയ ഒരു പാവം കഥാകൃത്തിനെയോര്‍ത്തു ഞാന്‍ എന്റെ യാത്രയ്ക്ക് വിരാമമിട്ടു. ആ കടല്‍ക്കരയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ കഥാപാത്രങ്ങള്‍ കഥാകൃത്തിനെ തേടിച്ചെല്ലുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് ഓര്‍ത്തു ഞാന്‍ സ്വയം ചിരിച്ചുകൊണ്ടിരുന്നു.

Monday, April 30, 2012

കാവല്‍ക്കാരന്‍തിമര്‍ത്തു പെയ്യുന്ന മഴ, കാടുകളും, മേടുകളും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു.  ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഉല്ലാസം നല്‍കുന്ന, ആനന്ദകരമായ യാത്രകളുടെ പര്യവസാനമായി തീരുന്ന വിനോദകേന്ദ്രങ്ങളിലെ തൊഴിലാളികള്‍ മ്ലാനത നിറഞ്ഞ മുഖത്തോട് കൂടി ഇരിക്കുന്ന ഒരു അവസ്ഥയിലാണ്, മനോഹരമായ ചുറ്റും പുല്‍മേടുകളും, ചോലവനങ്ങളും, നീര് ഉറവകളും ഉള്ള ആ ഉല്ലാസകേന്ദ്രത്തില്‍ ഞാന്‍ എത്തിയതും പിന്നീട് അയാളെ കണ്ടതും.. ആദ്യ നോട്ടത്തില്‍ ഞാന്‍ അയാള്‍ക്ക് ഒരു അമ്പത് വയസ്സ് പ്രായം കുറിച്ചിട്ടു.. പോകെ പോകെ.. അയാളുടെ സംസാരത്തില്‍ നിന്ന് ഒരു നല്പതുകാരന്റെ മനസ്സ് എനിക്ക് കാണാന്‍ കഴിഞ്ഞു.. പക്ഷെ മനസ്സും ആ രൂപവും തമ്മിലുള്ള ചേര്‍ച്ച ഇല്ലാഴ്മ, അയാളുടെ വയസ്സിനെ സംബന്ധിച്ച് ഇവിടെ കുറിച്ചിടാന്‍ എനിക്ക് പറ്റാതെ വന്നിരിക്കുന്നു. ഒരു പക്ഷെ, അയാളോട് ഞാന്‍ കൂടുതല്‍ അടുക്കുമ്പോള്‍, എന്നെപോലെ ഒരു ചെറുപ്പകാരന്‍ അയാളില്‍ ഉണ്ടാവാം. അപ്പോള്‍ ഞാന്‍ അയാളുടെ വയസ്സ് കണ്ടെത്തും തീര്‍ച്ച.
 

അയാള്‍ ആ ഉല്ലാസ കേന്ദ്രത്തിലെ ജീവനകാരനാണ്. കാവല്‍കാരന്‍ എന്നാണ് അയാള്‍ എന്നോട് പറഞ്ഞത്, നിങ്ങളല്ല ഇതിന്റെ കാവല്‍കാരന്‍ എന്ന് എനിക്ക് പറയാന്‍ തോന്നി. കാരണം, അയാളും ഞാനും നിങ്ങളും എല്ലാം മറ്റൊരുടെയോ കാവലില്‍ ആണ്. ഇനി അയാള്‍ ആ കെട്ടിടത്തിന്റെ കാവല്‍കാരന്‍ എന്നാണ് ഉദ്ദേശിച്ചത് എങ്കില്‍ അതും തെറ്റാണു. അയാളെ അങ്ങിനെ ഒരു ജോലി ഏല്‍പ്പിച്ച ആളായിരിക്കണം ആ കെട്ടിടത്തിന്റെ കാവല്‍കാരന്‍. അല്ലായിരുന്നുവെങ്കില്‍ കെട്ടിടതിനെ സംരക്ഷിക്കാന്‍, അയാള്‍ ഒരു സംരക്ഷകന്റെ സഹായം തേടില്ലായിരുന്നുവല്ലോ?.. എന്നിട്ടും അയാള്‍ പറഞ്ഞത് ഞാന്‍ കേട്ട് നിന്നു. കാരണം, എന്റെ മനസ്സ് എന്നോട് പറഞ്ഞത് , അയാളോട് അനുകമ്പ കാണിക്കാനാണ്. മനസ്സിന് ആണോ അതോ എന്റെ തലച്ചോറിനാണോ കൂടുതല്‍ പ്രാധാന്യം ഞാന്‍ നല്‍കേണ്ടത്? സ്നേഹം, ദുഃഖം, ദേഷ്യം, വിശപ്പ്‌, ദാഹം, കാമം, ഇങ്ങിനെയുള്ള വികാരങ്ങള്‍ എല്ലാം നമ്മളെ അറിയിക്കുന്നതില്‍ മനസ്സിനുള്ള പങ്കു വളരെ ഏറെയാണ്‌. പക്ഷെ മനസ്സില്‍ തോന്നുന്നത് പോലെ എല്ലാം നമുക്ക് പുറമേ പ്രകടിപ്പിക്കാന്‍ പറ്റില്ലല്ലോ, മനസ്സിന്റെ ഈ തോന്നലുകളെ ബുദ്ധി കൊണ്ട് വിവേചിച്ചു അറിയുന്നു.. അതിനു ശേഷം ഒരു തീരുമാനത്തില്‍ നാം എത്തുന്നു. അയാള്‍ കാവല്‍ക്കാരന്‍ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആദ്യം തോന്നിയത് ദേഷ്യമാണ്, പക്ഷെ എന്റെ മസ്തിഷ്കം എന്നോട് പറഞ്ഞു, അയാളെ കൂടുതല്‍ അറിയാന്‍.. അത് പ്രകാരം എനിക്ക് അയാളോട് തോന്നുന്ന വികാരത്തില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നും.. ... ഇപ്പോള്‍ അയാളോട് അനുകമ്പ കാണിക്കാന്‍ പറഞ്ഞത് എന്റെ മനസ്സാണ്. ഇവിടെ എനിക്ക് ബുദ്ധികൊണ്ട് വിവേചിച്ചു അറിയേണ്ട ആവശ്യമില്ല. കാരണം, തലച്ചോറ് മുമ്പേ എന്നോട് പറഞ്ഞതും ഇത് തന്നെയല്ലേ.. അയാളെ അറിയാന്‍. അനുകമ്പ കാണിക്കാന്‍.

"ഈ നശിച്ച മഴ ഒന്ന് മാറിയിരുന്നെങ്കില്‍ , ഈ പ്രക്രതിയുടെ ക്രൂരത ഒന്ന് അവസാനിച്ചിരുന്നെങ്കില്‍" അയാള്‍ അക്രോശിക്കുന്നത് പോലെയാണ് ഇത് പറഞ്ഞത്. എനിക്ക് അയാളോട് മതിപ്പ് തോന്നി. എന്താണ് കാരണം എന്നറിയുമോ? ഈ മഴയും, നശിച്ച പ്രക്രതിയുടെ അവസ്ഥയും കാരണമാണു ആ കെട്ടിടത്തിലേക്ക് ആളുകള്‍ വരാത്തതെന്ന് അയാള്‍ മനസ്സിലാക്കിയിരിക്കുന്നു. തന്റെ ജോലി വെറും കെട്ടിടത്തിനെ സംരക്ഷിക്കല്‍ മാത്രമല്ല, തന്റെ യജമാനന്റെ സന്തോഷവും കൂടിയാണന്നു അയാള്‍ക്ക് അറിയാം. അത് കൊണ്ട് അയാള്‍ പ്രകൃതിയില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. പക്ഷെ ഇയാള്‍ തന്നെ ആയിരിക്കില്ലേ, മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥനാ നിരതനായി, കുറെ കാലം പ്രകൃതിയെ വിളിച്ചു വിലപിച്ചത്? അപ്പോഴും അയാള്‍ ഒരു പക്ഷെ ഇങ്ങിനെ അക്രോശിച്ചിട്ടുണ്ടാവും "ഈ നശിച്ച ചൂട് ഒന്ന് കുറഞ്ഞിരുന്നുവെങ്കില്‍, ഈ പ്രകൃതി ഒന്ന് മാറിയിരുന്നെങ്കില്‍". എന്തൊരു വിരോധാഭാസം അല്ലെ? നമുക്ക് ആവശ്യമുള്ളപ്പോള്‍ എല്ലാം, നാം പ്രകൃതിയെ കുറ്റപ്പെടുത്തുന്നു. അത് നമ്മള്‍ അധിവസിക്കുന്ന പ്രകൃതിയെ കുറിച്ച് മാത്രമല്ല നമ്മുടെ സ്വന്തം ശരീര പ്രക്രതിയെ പോലും നമ്മള്‍ ഇങ്ങിനെ സ്വയം കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതൊക്കെ കേള്‍ക്കുന്ന ദൈവത്തിന്റെ അസ്ഥ എന്തായിരിക്കും? തന്റെ സൃഷ്ടിയുടെ ബലഹീനത ശെരിക്കും അറിയുക ദൈവത്തിനു തന്നെ ആയിരിക്കില്ലേ? ഇത് കൊണ്ട് ഒക്കെ ആയിരിക്കാം, ദൈവത്തിന്റെ സ്രിഷിടിപ്പിനെ കുറിച്ച് മനുഷ്യന്‍ വാചാലനാവുമ്പോള്‍, മനുഷ്യന്‍ തന്റെ സൃഷ്ടിപ്പിനെ കുറിച്ച് സ്വയം പറയുന്നത്, "നന്ദിയില്ലാത്തവന്‍"
.
"ഞാന്‍ ഇവിടെ പുതിയതാണ് .. എനിക്ക് ഇവിടുത്തെ ഭുപ്രകൃതിയെ കുറിച്ചോ, മനുഷ്യരെ കുറിച്ചോ എന്തിനു ഈ നാടിനെ കുറിച്ച് പോലും ഒന്നുമറിയില്ല, അതൊക്കെ ഒന്ന് പറഞ്ഞു തരാമോ? " എന്റെ ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി തികച്ചും വിത്യസ്തമായിരുന്നു.
.
അയാള്‍ പറഞ്ഞത്: " ഈ കെട്ടിടമാണ് എന്റെ ലോകം, ഇവിടെ എത്ര മുറികള്‍ ഉണ്ടെന്നു നിങ്ങള്‍ എന്നോട് ചോദിക്കു, അതില്‍ ദിവസം തോറും എത്രയെത്ര ആളുകള്‍ വരുന്നുണ്ട് എന്ന് എന്നോട് ചോദിക്കു." എന്നിട്ട് അയാള്‍ പറയാന്‍ തുടങ്ങി, അവിടെ വരുന്ന മനുഷ്യര്‍ അവിടെ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങള്‍, അവരുടെ അഹങ്കരത്തോടയുള്ള പ്രവര്‍ത്തനങ്ങള്‍, അവസാനം അവിടം വിട്ടു പോവുന്ന മനുഷ്യര്‍ ആ കെട്ടിടത്തിനെ എത്ര മാത്രം പരിക്കല്‍പ്പിച്ചു കൊണ്ടാണ് പോവുന്നത് എന്നൊക്കെ. അയാള്‍ കെട്ടിടത്തെ കുറിച്ച് പറയുമ്പോളെല്ലാം എനിക്ക് വല്ലാത്ത അസ്സഹനീയത അനുഭവപ്പെട്ടു. അപ്പോഴെക്കെ ഞാന്‍ ഓര്‍ത്ത്‌ കൊണ്ടിരുന്നത്, എന്തിനു ഇത്ര മാത്രം അയാള്‍ ആ കെട്ടിടത്തെ സ്നേഹിക്കുന്നു എന്നായിരുന്നു. നാളെ ഒരിക്കല്‍ യജമാനന്‍ അയാളോട് അവിടുന്ന് പോവാന്‍ പറയുക ആണെങ്കില്‍, അയാള്‍ക്ക് പോയെ തീരു.. ഒരു പക്ഷെ വെറുതെ ഒന്ന് അയാള്‍ക്ക് യാചിച്ചു നോക്കാം "യജമാനാ.. എനിക്ക് കുറച്ചു കൂടി സമയം തരു.  എന്റെ കുഞ്ഞുങ്ങള്‍ക്ക്‌, ഭാര്യക്ക്‌, എന്റെ അഭാവത്തില്‍ വേറെ ഒരു സംരക്ഷകന്‍ ഇല്ല. അത് കൊണ്ട്.. കുറച്ചു കാലം കൂടി നീട്ടി തന്നാല്‍.... " ഈ വാക്കുകള്‍ മുഴുവന്‍ പറയാന്‍ ചിലപ്പോള്‍ യജമാനന്‍ അയാളെ അനുവദിക്കില്ല. അതിനു മുമ്പ് തന്നെ അയാളെ യജമാനന്‍ അവിടുന്ന് പുറത്താക്കുമായിരിക്കാം. കാരണം, യജമാനന് അയാളെ എന്നോ അറിയാം. അയാള്‍ക്ക് ഭാര്യയോടുള്ള സ്നേഹം കൊണ്ടല്ല കുറച്ചു സമയം കൂടി ചോദിക്കുന്നതെന്ന്, പകരം, ആ കെട്ടിടത്തിനു ചുറ്റിപറ്റിയുള്ള ജീവിതം അയാള്‍ വളരെ ഇഷ്ടപ്പെടുന്നത് കൊണ്ടാണന്നു. കുന്നുകളും, ചോലവനങ്ങളും ചുറ്റപെട്ടു ഏകാന്തമായി കിടക്കുന്ന ആ കെട്ടിടത്തിന്റെ അതെ അവസ്ഥയാണ്‌ അയാളുടെതും , അയാളും ഏകാന്തനായി പോയിട്ടുണ്ട്.. അയാള്‍ എന്തിനാണ് ഈ കെട്ടിടത്തെ കുറിച്ചും ഇത്ര മാത്രം വാചാലനവുന്നത്!
.
എന്റെ ചിന്തകള്‍ മുറിഞ്ഞത് ഒരു വഴക്ക് കേട്ടാണ്.  ഞാന്‍ നോക്കുമ്പോള്‍, ആ കെട്ടിടത്തിലെ തൂപ്പുകരനോട് അയാള്‍ കയര്‍ക്കുന്നു.. കയര്‍ക്കുന്നതിന്റെ അവസാനമായി കാവല്‍ക്കാരന്‍ തൂപ്പുകരനോട് പറയുകയാണ് "വെറുതെ അല്ല നിങ്ങള്‍ വെറുമൊരു തൂപ്പുകാരന്‍ ആയി മാറിയത്, ചെയ്യുന്ന ജോലിയിലെങ്കിലും അല്പം സത്യസന്ധത കാണിച്ചിരുന്നുവെങ്കില്‍, ഈ നിലം തുടച്ചു കൊണ്ട് നിങ്ങള്ക്ക് നില്‍ക്കേണ്ടി വരില്ലായിരുന്നു" ഈ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് ഒട്ടും മനസ്സിലായില്ല.. കാവല്‍ക്കാരനും, തൂപ്പുകാരനും ചെയ്യുന്ന പണികള്‍ ഒരേ പോലെ അല്ലെ.. ഒരാള്‍ വൃത്തിയാക്കുന്നു മറ്റൊരാള്‍ കാവലിരിക്കുന്നു. ഇപ്പോള്‍ അയാളുടെ വയസ്സ് എനിക്ക് ഇവിടെ കുറിച്ചിടാന്‍ പറ്റുമെന്ന് തോന്നുന്നു.. അയാള്‍ക്ക് നാല്പതു വയസ്സ് കഴിഞ്ഞു കാണും.. അത് കൊണ്ടാണ് അയാളുടെ പെരുമാറ്റത്തില്‍ ഇത്രമാത്രം ഈര്‍ഷ്യത, തനിക്കു നഷ്ട്ടപെട്ടുപോയ യവ്വന ചിന്തകള്‍ അയാളുടെ സ്വഭാവത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ആയിരിക്കാം ഒരു പക്ഷെ ഈ ദേഷ്യം കലര്‍ന്ന സ്വഭാവം അയാള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. അല്ല എങ്കില്‍, തീര്‍ച്ചയായും..താന്‍ വൃദ്ധനായി പോവുന്നുണ്ടോ എന്ന് ഒരു തോന്നല്‍ അയാളില്‍ ഉണ്ടാവുന്നുണ്ടാവം. താന്‍ ഊര്‍ജ്ജ്വസ്വലനാണ് എന്ന് കാണിക്കാന്‍ വേണ്ടി ആയിരിക്കാം ഒരു പക്ഷെ അയാള്‍ തന്റെ സ്വഭാവത്തില്‍ ചെറുപ്പത്തിന്റെ തീവ്രത പ്രകടിപ്പിക്കുന്നത്.
.
മഴ അവസാനിച്ചു വരുന്നതിന്റെ ലക്ഷണങ്ങള്‍ അന്തരീക്ഷത്തില്‍ കാണാമിപ്പോള്‍.. ഒരു ടൂറിസ്റ്റ് ബസ്‌ കെട്ടിടത്തെ ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നു.. നാളത്തെ പ്രഭാതം ഒരു പക്ഷെ, മനുഷ്യര്‍ ആഘോഷിക്കുക, ലോകത്തിന്റെ കാവല്‍ക്കാരനെ കുറിച്ച് ഓര്‍ത്തു കൊണ്ടായിരിക്കും.. ദുരിതങ്ങള്‍ ഉണ്ടാക്കുന്നതും, പിന്നീട് അതിനു ശമനം വരുത്തുന്നതും ആ കാവല്‍ക്കാരന്‍ തന്നെ.. .. മനുഷ്യന്റെ നന്ദികേടു കൊണ്ട് തന്നെ ആവുമോ ഇതൊക്കെ. കെട്ടിടത്തിന്റെ കാവല്‍ക്കാരന്‍ ടൂറിസ്റ്റ് ബസ്സില്‍ നിന്നിറങ്ങുന്ന സന്ദര്‍ശകരുടെ അടുത്തേക്ക് പോവാനുള്ള ഒരുക്കത്തിലാണ്. വീണ്ടും കാണാം എന്ന ഒരു വാക്ക് കൊണ്ട് ഞാനും അയാളും തമ്മിലുള്ള ബന്ധം ഞാന്‍ മുറിച്ചു. .. ഞങ്ങളുടെ വണ്ടിയുടെ ചക്രങ്ങള്‍ ഉരുണ്ടു തുടങ്ങി..ലോകത്തിന്റെ കാവല്‍ക്കാരന്‍ ഉണ്ടാക്കി വച്ച മറ്റു കാഴ്ചകളിലേക്ക്.
...

Monday, April 23, 2012

ജനറേഷന്‍ ഗാപ്‌


..
ഇരുപ്പത്തിരണ്ട് വയസ്സുകാരിയായ ഗൌരി നായര്‍ അസ്വസ്ഥയായി അവളുടെ റൂമിലേക്ക്‌ പോവുന്നത് കണ്ടപ്പോള്‍ മിസ്സിസ് ഭദ്ര നായര്‍ ഊഹിച്ചു
ഇന്നും അവിനാഷിനോട് അവള്‍ വഴക്കിട്ടുകാണും.
വഴക്കിന്റെ കാരണം അനേഷിച്ചുപോവുമ്പോള്‍ എല്ലായിപ്പോഴും ചെന്നെത്തുന്നത്,
ആത്മാര്‍ഥമായി സ്നേഹിക്കുന്ന അവിനാഷിനെ വേര്‍പിരിയേണ്ടിവരുമോ
എന്ന ഭയയും ആശങ്കയും നിറഞ്ഞ ഗൌരിയുടെ സംഘര്‍ഷഭരിതമായ മനസ്സിന്റെ അവസ്ഥയിലേക്കാണ്.
...
അവളുടെ റൂമിന്റെ വാതില്‍വരെ പോയാലോ? വേണ്ട. കുറച്ചുകഴിയട്ടെ.
...
അവളോട്‌ പറഞ്ഞിട്ട് കാര്യമില്ല.
എന്ത്കൊണ്ട് ഈ കുട്ടി ഇങ്ങിനെ? ഇത്രമാത്രം, ജീവിതത്തെ പേടിക്കുന്നു?
ജീവിതമെന്ന ഒറ്റവരി പാത എവിടെയോവച്ച് രണ്ടായി ഇഴപിരിഞ്ഞു പോവുമോയെന്ന
ഭയമാണ് അവൾക്ക്. ഒരിക്കല്‍ തന്നോട്പോലും അവള്‍ ഇതേകാരണംകൊണ്ട് വഴക്കിട്ടുണ്ട്. "മമ്മയുടെ സ്നേഹം എനിക്ക് ഇല്ലാതാവുമോ എന്ന് ഞാന്‍ ഭയക്കുന്നു. മമ്മ എനിക്ക് വേണ്ടി ഒരുപാട് സഹിക്കുന്നു.. ഒരുപാട് കഷ്ട്ടപ്പെടുന്നു. ഒരുപക്ഷേ മമ്മ എന്നില്‍നിന്നും വേര്‍പ്പെട്ടുപോയാല്‍!! പിന്നെ ഞാന്‍ കരഞ്ഞുതളര്‍ന്ന അവസ്ഥയില്‍ വിദൂരതയിലേക്ക് കണ്ണുംനട്ട് മമ്മ പോയ വഴിയെ നോക്കിയിരിക്കേണ്ടിവരും. അത്കൊണ്ട് മമ്മ എന്നെ സ്നേഹിക്കരുത് പ്ലീസ്" അതുംപറഞ് അവള്‍ കരയുകയായിരുന്നു. അപ്പോള്‍ തന്റെ കണ്ണില്‍നിന്ന് ഒലിച്ചിറങ്ങിയ ജലധാര മകള്‍ കാണരുതെന്ന് ആഗ്രഹിച്ചു തുടച്ചുകളയാന്‍ നടത്തിയ വിഫലശ്രമം അവള്‍കണ്ടു. പിന്നീട് അവള്‍ തന്നെ കെട്ടിപിടിച്ച് തന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് വച്ച് "മമ്മാ എന്നെ ശപിക്കരുതേ" എന്ന് പറഞ്ഞു വിലപിച്ചത് ഇപ്പോഴും ഓര്‍മയില്‍നിന്ന് മായുന്നില്ല. പക്ഷേ എന്തിന്? എന്താണ് എന്റെ ഈ പാവം കുട്ടിക്ക് പറ്റിയത്? പൂവുപോലെ മനസ്സുള്ള തന്റെ കുട്ടി, സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന തന്റെ പോന്നുമകള്‍ പൊടുന്നനെ സ്നേഹത്തെ ഭയക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. തന്നെ സ്നേഹിക്കുന്നവരെല്ലാം തനിക്കു നഷ്ടപ്പെടുമോ എന്ന ചിന്ത അവളെ, തന്നെ സ്നേഹിക്കുന്നവരെ തന്നില്‍നിന്ന് അകറ്റുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.
...
ഒരിക്കല്‍ തലമുറകളുടെ അന്തരത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചക്കിടയില്‍ തന്റെ മകളുടെ കോളേജില്‍ പഠിക്കുന്ന മിസ്സ്‌ ഇന്ദു പഴയ തലമുറയിലെ സ്നേഹത്തെകുറിച്ചും, സ്നേഹനിഷേധത്തെകുറിച്ചും സംസാരിച്ചപ്പോള്‍ തന്റെ ജീവിതം ഈ കുട്ടി എങ്ങിനെയറിഞ്ഞു എന്ന ചിന്തയിലായിരുന്നു താന്‍. പലപ്പോഴും തന്റെ തലമുറയിലെ സ്ത്രീകള്‍ക്ക് മനസ്സിലുള്ള സ്നേഹം പുറമേക്ക് പ്രകടമാക്കുവാന്‍ കുടുംബങ്ങളിലെ കാരണവന്മാരുടെ ശ്വാസനകള്‍ തടസ്സമായി തീര്‍ന്നിരുന്നു. ഗൌരിയുടെ അച്ഛന്റെ സ്നേഹം പോലും ശരിക്കും കിട്ടിയിരുന്നത്, രാത്രികളിലെ വൈകാരികമായ ഇണചേരലിന്റെ അനുഭൂതിയില്‍നിന്ന് മാത്രമാണ്. പകല്‍ സമയങ്ങളില്‍ അദ്ദേഹം തികഞ്ഞ ഗൌരവക്കാരനായിരുന്നു. അപ്പോഴെക്കെ തന്നോട് അദ്ദേഹം ഇടപഴകാറുള്ളത് താന്‍ അദ്ധേഹത്തിന്റെ വീട്ടിലെ വെറുമൊരു വീട്ടു ജോലിക്കാരി എന്ന നിലക്കായിരുന്നു. പലപ്പോഴും പകലുകളിലുള്ള അദ്ദേഹത്തിന്റെ അവഗണന നിറഞ്ഞ പെരുമാറ്റം സഹിക്കവയ്യാതെ, കണ്ണ്നീര്‍ ഇല്ലാതെ കരഞ്ഞ അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, രാത്രിയാവുന്നതോട്കൂടി അദ്ദേഹം തീർത്തുമൊരു പുതിയമനുഷ്യനായി മാറും. പിന്നെ കരയാനോ, സങ്കടം പറയാനോ, പരിഭവം അറിയിക്കാനോ തനിക്ക് നേരംകിട്ടാറില്ല. അപ്പോഴേക്കും വികാരത്തിന്റെ വേലിയേറ്റങ്ങളില്‍ ഭൂമിയില്‍ നിന്നുയർന്ന് സ്വര്‍ഗത്തിന്റെ കവാടങ്ങളിലൂടെ, ആകാശത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറന്ന് പറന്ന് അവസാനം തളർന്ന് ഭൂമിക്കും ആകാശത്തിനുമിടക്കുള്ള ഒരു അത്ഭുത ദീപ്പില്‍ എത്തിച്ചേരുന്നു. പിന്നെ, പിന്നെ വിയര്‍പ്പുകണങ്ങള്‍ ഒലിച്ചിറങ്ങുന്ന അവസ്ഥയില്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതിവീണുപോവും. ഗൌരിയുടെ ജനനത്തോട് കൂടിയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായത്,.. അവസാനം തറവാട് ഭാഗിച്ചപ്പോള്‍ കിട്ടിയ സ്ഥലത്ത് വീട് വച്ച് താമസം തുടങ്ങിയപ്പോളാണ് ആശ്വാസമായത്. ഇനി ആരെയും പേടിക്കാതെ സ്നേഹിക്കാമല്ലോ!
...
തനിക്കു കിട്ടാതെപോയ സ്നേഹം അവള്‍ക്കെങ്കിലും കിട്ടണമെന്ന് തനിക്കു നിര്‍ബന്ധമായിരുന്നു. അത്കൊണ്ട്തന്നെയാണ് സ്നേഹത്തെ കുറിച്ചുള്ള ബോധം അവളില്‍ നിറച്ച്കൊണ്ട് വളര്‍ത്തിയത്. താന്‍ അവള്‍ക്കു കൊടുത്ത ഉപദേശത്തില്‍ സുപ്രധാനമായി പറഞ്ഞത്, സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍, അതിന്റെ അന്ത്യം എന്താവുമെന്നോർത്ത് ദുഖിക്കരുത് എന്നായിരുന്നു. അത്പോലെതന്നെ, സ്നേഹിക്കുമ്പോള്‍ വര്‍ത്തമാനകാലത്തിലെ ജീവിത ലക്ഷ്യങ്ങള്‍ ആഗ്രഹിച്ചു കൊണ്ടാവരുതെന്നും ഉപദേശിച്ചത് ഓര്‍ക്കുന്നു.. അപ്പോഴെക്കെ അവള്‍ ഒരുകൊച്ചുകുഞ്ഞിനെ പോലെ താന്‍ പറയുന്നത്കേട്ട് കൊണ്ടിരിക്കുമായിരുന്നു. ഒരിക്കല്‍, അവള്‍ തന്റെ മടിയില്‍ തലവച്ചുകിടക്കുമ്പോള്‍, താന്‍ എന്തൊക്കെയോ സ്നേഹത്തെ കുറിച്ച്പറഞ്ഞു.. കുട്ടിക്ക് മുഷിപ്പുണ്ടോ അമ്മ പറയുന്നത്കേള്‍ക്കുമ്പോള്‍ എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി അവള്‍ക്കു സ്നേഹത്തെകുറിച്ച് കൂടുതല്‍ അറിയണമെന്നായിരുന്നു. അപ്പോള്‍ പിന്നെയും താന്‍ തുടര്‍ന്നു: "സ്നേഹിക്കുന്നവര്‍, നമ്മളെ പാതിവഴിയില്‍ ഉപേക്ഷിച്ചു, തിരിഞ്ഞുനോക്കാതെ ദൂരേക്ക്‌ അകന്നുപോവുന്ന അസ്സഹനീമായ ഒരു കാഴ്ച ജീവിതത്തില്‍ നമുക്ക് കണ്ടുനില്‍ക്കേണ്ടി വന്നേക്കാം. അപ്പോള്‍ പൊടുന്നനെ ദുഖത്തിന്റെ ഇരുണ്ടതടവറക്കുള്ളില്‍ നമ്മള്‍ അകപ്പെട്ടുപോവും. ആശ്രയിക്കാന്‍ ആരുമില്ല എന്ന തോന്നല്‍ ജീവിതത്തില്‍ നമ്മളെ ഒറ്റപ്പെടുത്തും. അപ്പോള്‍ നെഞ്ച്പൊട്ടുമാറ് ഉച്ചത്തിലൊന്ന് കരയാന്‍തോന്നിയേക്കാം. നിര്‍വചിക്കാന്‍ കഴിയാത്ത ആ അവസ്ഥ ഒരുപക്ഷേ നമ്മുടെ മനസ്സിന്റെ സമനില തെറ്റിച്ചേക്കാം. അത്തരമൊരു ദുരവസ്ഥയില്‍ ഈ ഭൂമിയില്‍ ജനിച്ചുപോയതിനെ കുറിച്ചോര്‍ത്തു വിലപിക്കുന്ന ഒരാളായി മാറാം നമ്മള്‍. അപ്പോഴെക്കെ ഓർക്കേണ്ടത് സ്നേഹിച്ചുപോയത് ജീവിക്കാന്‍വേണ്ടിയായിരുന്നു, ജീവിതത്തെ സന്തോഷകരമാക്കാന്‍ വേണ്ടിയായിരുന്നു എന്ന വസ്തുതയാണ്. പാതിവഴിയില്‍ ഉപേക്ഷിച്ച്പോയ സ്നേഹം ഒരിക്കലും നമ്മുടെ ജീവിത്തിന് ആവശ്യമില്ലാത്തതായിരുന്നു, അത്കൊണ്ട്തന്നെയാണ് അത് ഉപേക്ഷിച്ചുപോയതും. പോവുന്നതെല്ലാം പോവട്ടെ, ഒരു നാള്‍ സ്നേഹത്തിന്റെ പുഞ്ചിരിപൊഴിക്കുന്ന, ഓമനത്തംതുളുമ്പുന്ന, പൂവിതള്‍ പോലുള്ള മുഖവുമായി അവന്‍ വരും. എന്നിട്ട് അവന്‍ നമ്മുടെ കൈപിടിച്ചു നടത്തും, സ്നേഹത്തിലൂടെ, തലോടലിലൂടെ, വാത്സല്യത്തിലൂടെ, കാരുണ്യത്തിലൂടെ. അന്നാണ് മനസിലാവുക, നമ്മുക്ക് ജീവിതത്തിന്റെ അര്‍ഥം, സ്നേഹിക്കപ്പെടുന്നതിന്റെ അനുഭൂതി. അപ്പോള്‍ നമ്മള്‍ സ്വയം മന്ത്രിക്കും... "എന്റെ പ്രിയനേ.. നിന്റെ സ്നേഹം ഞാന്‍ നെഞ്ചോടുചേര്‍ക്കുന്നു. നിന്റെ ഓര്‍മകളില്‍ ഒരു കൊച്ചുനൗകയെ പോലെ ഒഴുകിനടക്കുക എന്നതാണ് ഇപ്പോളെന്റെ ജീവിതാഭിലാഷം. സ്നേഹത്തിനായി ദാഹിക്കുന്ന ആനന്ദത്തിന്റെ അനുഭുതിയില്‍ നിന്ന്, സ്നേഹിക്കപ്പെടുക എന്ന ഇന്ദ്രിയങ്ങള്‍ക്കു അതീതമായ സുഖം ഞാന്‍ അനുഭവിക്കുകയാണിപ്പോള്‍." പക്ഷേ അതുവരെ നമുക്ക് കാത്തിരിക്കാന്‍ കഴിയണം. കൊടുങ്കാറ്റില്‍ അകപെടാത്ത, പ്രളയജലത്തില്‍ മുങ്ങിതാഴാതെ നൗക തുഴഞ്ഞുകൊണ്ടിരിക്കണം. എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്തുകൊണ്ട് അത് മുന്നോട്ടുകൊണ്ട്പോവണം..."
...
ഗൌരി കേള്‍ക്കുന്നുണ്ടോ എന്നറിയാന്‍ വിളിച്ചപ്പോളാണ് അവൾ തന്റെ മടിയില്‍ കിടന്നുറങ്ങിപോയിരുന്നുവെന്ന് മനസ്സിലായത്. പിന്നെ താന്‍ ആര്‍ക്കുവേണ്ടിയായിരുന്നു ഇതൊക്കെ പറഞ്ഞതെന്നോര്‍ത്ത് കുറെചിരിച്ചു. ഇന്ന് തന്റെ മകളുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ അവള്‍ക്കു എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. പലപ്പോഴും അവളോട്‌ ചോദിച്ചതാണ് "എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളോർത്ത് സ്നേഹിക്കുന്നവരെ വെറുപ്പിക്കുന്നതെന്ന്" അപ്പോള്‍ അവള്‍ പറഞ്ഞത് "അമ്മക്ക് ഒന്നും മനസിലാവില്ല. അമ്മയുടെ കാലത്തേ തലമുറയല്ല ഇന്ന്. അന്നത്തെ യുഗത്തില്‍നിന്നും വിത്യസ്തമായ ഇലക്ട്രോണിക് യുഗമാണ് ഇന്ന്" എന്നായിരുന്നു. അവള്‍ പറഞ്ഞത് ശരിയല്ലേ?... ഇപ്പോള്‍ മനുഷ്യന്‍ വെറുമൊരു 'ഉപകരണം' മാത്രമല്ല?, അച്ഛനമ്മമാര്‍ പോലും ഉപകരണങ്ങളാണ്. മക്കളെ വളര്‍ത്തിവലുതാക്കി അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്കാന്‍ മാത്രമുള്ള 'ഉപകരണം' .. അത്കഴിഞ് അവര്‍ക്ക് കല്യാണപ്രായമെത്തുമ്പോൾ അച്ഛനോ അമ്മക്കോ സ്ഥാനമില്ല, അപ്പോളവർ പറയുക. അത് തങ്ങളുടെ സ്വന്തം കാര്യമാണ്. അതില്‍ അച്ഛനും അമ്മയും ഇടപെടണ്ട എന്ന രീതിയിലാണ്. ഇന്നത്തെ സ്നേഹത്തിന്റെ ലക്‌ഷ്യം അല്‍പനേരത്തേക്കുള്ള സന്തോഷമാണ്. താല്കാലിക ശമനം. അവിടെ, അമ്മ എന്നോ, മകള്‍ എന്നോ വിത്യാസമില്ല. സ്നേഹമെന്ന ലേപനംപുരട്ടി, ചെന്നായയുടെ വേഷമണിഞ്ഞ മനുഷ്യന്‍ ചോരകിനിയുന്ന ദംഷ്ട്രകൊണ്ട് സ്നേഹമെന്ന പൂവിതളിനെ അടര്‍ത്തിമാറ്റി കാഴ്ച്ചകളാക്കുന്നു. തന്റെ വീട്ടുമുറ്റത്ത് തളിർത്ത് നറുമണംപരത്തുന്ന പൂവിതള്‍ മറ്റൊരാള്‍ക്ക്‌ കാഴ്ചയാവുന്നതില്‍നിന്ന് തനിക്കു കിട്ടുന്ന സുഖത്തിന്റെ മനശാസ്ത്രം തേടിപോവുബോള്‍ ലഭിക്കുന്ന ഉത്തരം മനുഷ്യമനസ്സ് എന്ന പ്രതിഭാസം അറിയാന്‍ ഇനിയും ഇനിയും കാത്തിരിക്കണമെന്നാണ്. ഒരുമുഖത്തിന്‌ രണ്ടുഭാവങ്ങള്‍, ഒന്ന് ചിരിക്കുന്ന അവസ്ഥയെങ്കില്‍ മറ്റൊന്ന് അട്ടഹസിക്കുന്ന കാട്ടാളന്റെത്. എങ്ങിനെ മുനഷ്യനിങ്ങിനെ ഒരേസമയം രണ്ടു അവസ്ഥകള്‍ ഉണ്ടാക്കാന്‍പറ്റുന്നു? അവള്‍ പറഞ്ഞത് എത്ര വാസ്തവമാണ് തനിക്കു ഈ യുഗത്തെ അറിയാന്‍ കഴിയില്ല.. കാരണം,. തനിക്ക് ഇന്നത്തെ കുട്ടികളെപോലെ ഒരു 'ഉപകരണം' ആവാന്‍ കഴിയില്ല. താന്‍ മനുഷ്യനാണ്. മജ്ജയും, മാംസവും, വികാരങ്ങളും, വിചാരങ്ങളുംഎല്ലാമുള്ള മനുഷ്യന്‍..
...
ഗൌരിയുടെ ചിന്തകള്‍ക്ക് മാറ്റംവന്നത് അവിനാഷ് അവളെ സ്നേഹിക്കാന്‍ തുടങ്ങിയത്മുതലാണ്‌. തലമുറകളുടെ അന്തരമുണ്ടെങ്കിൽ പോലും, അവിനാഷ്ന്റെ സ്നേഹം മനസ്സിലക്കാന്‍ തനിക്ക് കഴിയുമായിരുന്നു. അവന് ഗൌരി ജീവനായിരുന്നു. അവള്‍ വിഷമിക്കുന്നതോ, കരയുന്നതോ അവന് താങ്ങാന്‍കഴിയുമായിരുന്നില്ല. അത്കൊണ്ട്തന്നെ, മകളെ അവന്റെ കൂടെ വിശ്വസിച്ചുപറഞ്ഞയക്കുന്നത് അഭിമാനമായിതോന്നി. തന്റെ മകള്‍ വെറുമൊരു 'ഉപകരണം' അല്ല എന്ന തിരിച്ചറിവും തനിക്കു സന്തോഷംനല്‍കുന്ന ഒരനുഭവം ആയിരുന്നു. അവര്‍ തമ്മിലുള്ള സ്നേഹം അറിഞ്ഞത്മുതല്‍, അവരുടെ ഭാവിജീവിതവും താന്‍ നിശ്ചയിച്ചുകഴിഞ്ഞതാണ്. അവിനാഷിന്റെ വീട്ടുകാര്‍ക്കും അവളെ വലിയകാര്യമാണ്. അവര്‍ക്കും ആവിനാഷും മകളും ഒന്നിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടന്ന് അറിഞ്ഞപ്പോള്‍ അവളെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരാളിന്റെ കയ്യില്‍തന്നെ ഏല്‍പ്പിക്കാന്‍ കഴിയുമല്ലോ എന്ന അറിവില്‍നിന്ന് പകര്‍ന്നുകിട്ടിയ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തയത്രയും വലുതായിരുന്നു . പക്ഷേ അവന്റെ കാര്യത്തില്‍ അവളുടെ ഉല്‍കണ്‌ഠ കാണുബോള്‍ അത്ഭുതം തോന്നാറുണ്ട്.. ആ ഉല്‍കണ്‌ഠയുടെ കാരണം ആശ്ചര്യംജനിപ്പിക്കുന്നതായിരുന്നു. അവള്‍ക്കു എപ്പോഴും അവന്റെ സ്നേഹം നഷ്ടമാവുമോ എന്ന ഭയമാണ് . എന്തിന് അങ്ങിനെയെന്ന് ചോദ്യത്തിന് ഉത്തരമായി അവള്‍ പറഞ്ഞ മറുപടികേട്ടപ്പോള്‍ ശെരിക്കും ഞെട്ടിപ്പോയി.. താന്‍ മുമ്പ് എപ്പോഴോ അവളോട്‌ സ്നേഹത്തെ കുറിച്ച് ഉണര്‍ത്തിയ ഒരു കാര്യമാണ് അവള്‍ തന്റെ നേര്‍ക്ക്‌ ശരം കണക്കെ തൊടുത്തുവിട്ടത്. "അവന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചുപോയാല്‍... അപ്പോള്‍ പൊടുന്നനെ ദുഖത്തിന്റെ ഇരുണ്ട തടവറയില്‍ ഞാന്‍ എത്തപ്പെടില്ലേ.. ആരുമാരുമില്ലാത്ത ആ അവസ്ഥയില്‍ ഞാന്‍ നെഞ്ച്പൊട്ടുമാറു ഉച്ചത്തില്‍നിലവിളിച്ചാല്‍ ആര് കേള്‍ക്കും അമ്മെ? പിന്നെ അമ്മ പറയുന്നത്പോലെ 'പോവുന്നത് പോട്ടെ' എന്ന് വക്കാന്‍ എനിക്ക്കഴിയില്ല. അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല അമ്മക്കൊന്നും മനസിലാവില്ല. ഇന്നത്തെ തലമുറയെകുറിച്ച് അമ്മക്ക് അറിയില്ല. അവന്‍ ഒരിക്കല്‍ പറഞ്ഞുനോക്കട്ടെ എന്നെ ഉപേക്ഷിച്ചുപോവുമെന്ന്, ആ നിമിഷം ഞാന്‍ ആവനെ കൊന്നിരിക്കും. എന്നിട്ട് അവന്റെ ശരീരം വെട്ടി നുറുക്കി കഷണങ്ങള്‍ ആക്കും. പിന്നെ ഞാനും മരിക്കും..... സത്യം."
..
അവളെ പറഞ്ഞു മനസിലാക്കാന്‍ കുറെ ശ്രമിച്ചു.. അവളൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നറിവില്‍ നിന്ന് ഇന്നത്തെ തലമുറയെകുറിച്ച് മനസിലാക്കാന്‍ പറ്റി.. അവര്‍ക്ക് പോലും അന്യമായ എന്തോ വികാരങ്ങളാണ് അവരെ നയിക്കുന്നതെന്ന്. ഇന്നത്തെ തലമുറയ്ക്ക് എല്ലാം അറിയാം.. തന്റെ തലമുറയില്‍ ഒളിച്ചുവക്കപ്പെട്ട എല്ലാ രഹസ്യങ്ങളും ഇന്ന് ഇന്റെര്‍നെറ്റിന്റെ ജാലക കാഴ്ചകളിലെ ഒരു വിനോദം മാത്രം.. അത് കൊണ്ട്തന്നെ, ഇന്നത്തെ തലമുറയെ ഒന്നിനെകുറിച്ചും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല....... ഒരു പക്ഷെ.. എല്ലാം അറിയാം എന്നത് തന്നെയായിരിക്കും ഇന്ന് അവര്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത്.. എല്ലാം അറിഞ്ഞാല്‍ പിന്നെ അറിയാനായി ഒന്നും ഉണ്ടാവില്ല.. പിന്നെ തോന്നുക സംഹരിക്കനായിരിക്കും.. ... അത് തന്നെയല്ലേ ഇന്ന് കാണുന്ന കാഴ്ചകള്‍.. സ്നേഹിക്കന്നവരെ പോലും സംഹരിക്കാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥയിലേക്ക് അവരുടെ മനസ്സ് വളര്‍ന്നു കഴിഞ്ഞു..
..
മകളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ എന്തറിവാണ് ഇനി തനിക്കുള്ളത് എന്ന് ആലോചിക്കുന്നതിനിടെ മിസ്സിസ് ഭദ്ര നായരുടെ മനസ്സില്‍ പെട്ടെന്ന് ഒരു കൊള്ളിയാന്‍മിന്നി.. മകള്‍ പറഞ്ഞ വാക്കുകള്‍ അവര്‍ ഓര്‍ത്തു.."അവന്‍ ഒരിക്കല്‍ പറഞ്ഞു നോക്കട്ടെ ...എന്നെ ഉപേക്ഷിച്ചു പോവുമെന്ന്.......ആ നിമിഷം ഞാന്‍ ആവനെ കൊന്നിരിക്കും.. എന്നിട്ട് അവന്റെ ശരീരം ഞാന്‍ വെട്ടി നുറുക്കി കഷണങ്ങള്‍ ആക്കും...പിന്നെ ...ഞാനും മരിക്കും..... സത്യം" പെട്ടെന്ന് അവര്‍ ദൈവത്തെ വിളിച്ചു..... "ഭഗവാനെ.. എന്റെ കുട്ടിക്ക് ഒരു ആപത്തും വരുത്തരുതേ" അതും പറഞ്ഞു അവര്‍ കാലുകള്‍ വലിച്ചുവച്ച് അവളുടെ മുറിയുടെ ലക്ഷ്യമാക്കി ഓടി.. .....

 .....

Wednesday, April 18, 2012

ഒരു എഴുത്തുകാരന്റെ ജീവിതകഥ


കുറച്ചു ദിവസങ്ങളായി ഒരു നിശ്ചലാവസ്ഥ,
ശൂന്യമായ മനസ്സ്, എവിടെയുമെത്താത്ത ചിന്തകള്‍,
അടുക്കും ചിട്ടയും ഇല്ലാതെ ക്രമരഹിതമായ ദിനചര്യകള്‍,
ഒന്നിനോടും ഒരു ഉത്സാഹം തോന്നുന്നില്ല.
ഇങ്ങിനെയൊക്കെ തോന്നാന്‍ മാത്രം ജീവിതത്തില്‍ എന്തെങ്കിലും  മാറ്റങ്ങൾ സംഭവിച്ചുവോ?
ഇല്ല... ഒന്നുമില്ല, എല്ലാം പഴയത് പോലെ തന്നെ.
എന്നിട്ടും എന്തുകൊണ്ടാണ് ഒരു അപരിചിത്വം ജീവിതത്തിൽ വന്നുചേർന്നത്‌?
ഇത്തരം ചിന്തകൾ പേറി നടക്കുമ്പോള്‍
കഥാകൃത്തിന്  സ്വയമൊന്നു വിചിന്തനം നടത്താന്‍ തോന്നി.
ആ സമയത്താണ്  ആരോ അയാളെ വിളിക്കുന്നതായി  തോന്നിയത്.
'ഹായ് കഥാകാരാ.. ...‍"
ആരാണ് തന്നെ വിളിക്കുന്നത്?
കഥാകൃത്ത്  ചുറ്റുപാടും നോക്കി.. ആരുമില്ലല്ലോ?"
"കഥാകാരാ.." വീണ്ടും അതെ വിളി...
ഒരു നിമിഷത്തെ സംഭ്രമത്തിനു ശേഷം
തന്നെയാരാണ് വിളിക്കുന്നതെന്ന്  ഉള്‍കൊള്ളാന്‍ കഥാകൃത്തിനു  സാധിച്ചു.
തന്റെ  മനസ്സാണ് തന്നെ വിളിക്കുന്നത്.
കഥാകൃത്ത് ചോദിച്ചു.  'ഈ മനസ്സിന് എന്തുപറ്റി ?
മനസ്സിനെ അറിയാന്‍  ഞാന്‍ പലപ്പോഴായി ശ്രമം നടത്തിയതായിരുന്നുവല്ലോ?
അപ്പോഴൊന്നും മനസ്സ് എന്നെ കണ്ട ഭാവം നടിച്ചിരുന്നില്ല.
എന്ത് പറ്റി?  പതിവില്ലാത്തൊരു സ്നേഹം?'
മനസ്സ് പറഞ്ഞു "പതിവില്ലാത്തത് ഒന്നുമല്ല.
ഞാന്‍ നിന്റെ മുന്നിലൂടെ നടന്നാൽ പോലും നീ എന്നെ കാണാറില്ല. നീ വല്ലാതെ മാറിയിട്ടുണ്ട്"

ഹ ഹ ഹ കഥാകൃത്തിന് ചിരി വന്നു.
എന്നിട്ട്  കഥാകൃത്ത്‌  പറഞ്ഞു  'നീ എന്നെ നോക്കുന്നില്ല എന്നായിരുന്നു എന്റെ പരാതി, ഇപ്പോള്‍, ഞാന്‍ സ്വയം ആവര്‍ത്തിക്കുന്ന ചോദ്യം നീ എന്നോട് ചോദിക്കുന്നു.
ശരിക്കും നമ്മളിൽ, രണ്ടിൽ ഒരാള്‍ക്ക് എന്തോ കുഴപ്പം ഉണ്ട്.
ഒരു പക്ഷെ, എനിക്ക് തന്നെയാവനാണ് സാധ്യത,
കാരണം.ഈയിടെയായി എന്നെ കാണുമ്പോള്‍ ആളുകൾ എല്ലാവരും
എന്നില്‍നിന്ന് അകന്നുമാറി  പോവുന്നതായി എനിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്'
മനസ്സ് പറഞ്ഞു "നിന്നിൽ നിന്ന് എല്ലാവരും അകന്നുമാറുന്നതിനു കാരണം നീ കഥകളില്‍ ജീവിക്കുന്നത് കൊണ്ടാണ്.
നിന്നെ സ്നേഹിക്കുന്നവരോടും, അറിയുന്നവരോടും
നിന്നെ അറിയാനായി നിന്നിലേക്ക്‌ വരുന്നവരോടും
നിനക്ക് സംസാരിക്കാനുള്ളത് കഥകള്‍ മാത്രമാണ്.
കഥകള്ക്കപ്പുറമുള്ള ലോകം നിനക്ക് അന്യമായി തീർന്നിട്ടുണ്ട്.
ജീവിതമൊരു കഥയല്ല, കവിതയുമല്ല.
തീക്ഷണമായ അനുഭവങ്ങളെ,  ചിന്തകളെ അടുക്കും ചിട്ടയോടെ പകർത്തിവച്ച്
കുറച്ചു ചായകൂട്ടുകൾ കൊണ്ട് മോടിപിടിപ്പിച്ചു ഉണ്ടാക്കുന്ന
ഒരു വിഭവം മാത്രമാണ് കഥയും കവിതയും.
എല്ലാവരും ഇത്തരത്തിൽ അനുഭവങ്ങളെ വായനയിലൂടെ അറിയാൻ ശ്രമിക്കുന്നവരാകണം എന്നില്ല. ചിലെരെങ്കിലും  ഇതൊന്നുമില്ലതിരുന്ന നിന്റെപഴയ  കാലത്തേ ഇഷ്ടപ്പെടുന്നവരാണ്.
സത്യത്തിൽ നിന്നോട് പോലും നിനക്ക് സ്നേഹമില്ല..
 നിന്റെ ശരീരം പോലും അതിനു സാക്ഷിയാണ്. 
ആരോഗ്യമുള്ള ഒരു ശരീരത്തിനു മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സിനെ കുറിച്ച് അറിയാൻ കഴിയു.  അത്കൊണ്ടാണ് നിനക്ക് എന്നെ അറിയാനോ  മനസ്സിലാക്കുവാനോ സാധിക്കാത്തത്"
'ഞാന്‍ നിന്നെ അറിയാന്‍ ശ്രമിക്കാം. അതിനു ഞാന്‍ എന്താണ് ചെയ്യേണ്ടത്'
"എങ്കില്‍ ഞാന്‍ നിനക്ക് രണ്ടു ജീവിതങ്ങളെ കാണിച്ചു തരാം.
ആദ്യത്തെ ജീവിതം നീ എഴുതാനിരിക്കുന്ന കഥയിലെ നായകന്റെതാണ്.
ഒരു കാലത്ത് നിന്റെ സന്തത സഹചാരിയും, നിന്റെ കളികൂട്ടുകാരനും,
സര്‍വോപരി, കുറെ ബിരുദങ്ങള്‍ എടുത്തു, അവസാനം ഒരു സര്‍ക്കാര്‍ തസ്തികയില്‍ ഗുമസ്തനായി ജോലി ചെയ്യുന്ന ആളിന്റെതാണ്‌.  
രണ്ടാമതായി നീ സംസാരിക്കേണ്ടത് നിന്നിലെ കഥാകൃത്തിനോടാണ്.
പക്ഷെ ഒരു നിബന്ധന ഉണ്ട്. സംസാരിച്ചു കഴിയുമ്പോള്‍ നിനക്ക് നിന്നെ മനസ്സിലാവണം.
പിന്നെ നിന്നെ സ്നേഹിക്കുന്ന എന്നെ  അഥവാ നിന്റെ മനസ്സിനെയും....സമ്മതമാണോ?  
ശരി .. എങ്കില്‍ ഇതാ നീ എഴുതാന്‍ ആഗ്രഹിക്കുന്ന കഥയിലെ  നിന്റെ കളികൂട്ടുകാരന്റെ ജീവിതത്തെ നിന്റെ ചിന്തകളിലേക്ക് തരുന്നു. അവനുമായി നീ സംസാരിക്കു"

'എങ്ങിനെയുണ്ട് രമേശ്‌ ജീവിതം'
"എന്ത് ജീവിതം?  ജനിച്ചത് കൊണ്ട് ജീവിക്കുന്നു.അതിനുമപ്പുറം വലിയ അര്‍ത്ഥങ്ങളൊന്നും ഞാന്‍ ജീവിതത്തിനു കൊടുക്കുന്നില്ല"
'നിനക്കിതു എന്ത് പറ്റി?
നീ ഇങ്ങിനെ ചിന്തിക്കുന്ന ഒരാളായിരുന്നില്ലല്ലോ?
ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുകളും യുക്തിഭദ്രമായ നിലപാടുകളും നിനക്കുണ്ടായിരുന്നു. നീയുമായുള്ള സൌഹൃദം എന്റെ വ്യക്തിത്വത്തെ ഒരു പരിധിവരെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വേള നിന്റെ ചിന്തകളാണ് എന്റെ ചിന്തകളായി പുറത്തു വരുന്നത് എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷെ, നിന്റെ വാക്കുകളിലിപ്പോൾ  നിരാശ നിറഞ്ഞു നിലക്കുന്നതായി മനസ്സിലാവുന്നു'
"അങ്ങിനെയൊരു കാലം ഉണ്ടായിരുന്നു എന്നത് ശരി തന്നെയാണ്.
പക്ഷെ എനിക്കിപ്പോള്‍ ആളുകള്‍ കൂടുന്നിടത്ത് പോവാന്‍ വല്ലാത്ത മടിയാണ്.
ആകെകൂടി പോവാന്‍ തോന്നുന്നത് മരണം നടക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ്.
പിന്നെ മരണത്തിന്റെ എല്ലാ ശേഷക്രിയകളും കഴിഞ്ഞതിനു ശേഷം മാത്രമാണ് ഞാൻ അവിടെനിന്നും  മടങ്ങുക'

'അതിനര്‍ത്ഥം, സമൂഹത്തിനെ ഉള്‍കൊള്ളാന്‍ നിനക്ക് കഴിയുന്നില്ല എന്നാണ്.
നീ ഒളിച്ചോടാന്‍ ശ്രമിക്കുന്നു.
അത് മരണത്തിലൂടെയാണെങ്കില്‍ പോലും നീ ഏറ്റു വാങ്ങാന്‍ തയ്യാറാണ്.
മരണത്തെ നീ ആഗ്രഹിക്കുന്നു എന്നും പറയാം.
നിന്നെ നീ അളക്കുന്നത് മാറിയ സമൂഹത്തെ നോക്കിയാണ്.
പക്ഷെ നീ കാണുന്നത് സാമൂഹ്യ നനമകളെ അല്ല, മറിച്ച്‌ സമൂഹം ഉണ്ടാക്കി വച്ചിരിക്കുന്ന പൊള്ളയായ ജീവിത യഥാര്‍ത്ത്യങ്ങളെയാണ്'
"ഒരു അര്‍ത്ഥത്തില്‍ നീ പറഞ്ഞത് ശരിയാണ്. സമൂഹവുമായി പൊരുത്തപ്പെട്ടു പോവാന്‍ എനിക്ക് കഴിയുന്നില്ല. അതിനു കാരണം, യവ്വനകാലഘട്ടത്തില്‍ എനിക്കുണ്ടായ മാറ്റങ്ങളായിരുന്നു.  ആ കാലത്ത് എന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും, എന്നോട് ഇടപഴകുന്നവരുമെല്ലാം ജീവിത്തിലെ വിവിധതലങ്ങളിലുള്ളവരായിരുന്നു.
അവരിൽ പലരും എന്നെ കണ്ടു പഠിക്കാന്‍ മത്സരിക്കുന്നത് എനിക്കറിയാമായിരുന്നു.
ഓരോ ബിരുദങ്ങള്‍ നേടുമ്പോഴും ഞാൻ സ്വയം എന്റെ അസ്തിത്വത്തിൽ നിന്ന് ഏറെ ദൂരെ പോവുന്നതായി ഒരു തോന്നല്‍ എനിക്കുണ്ടായിരുന്നു.
പിന്നീട് ജോലി തേടിയുള്ള യാത്രകളില്‍ ഞാന്‍ ആഗ്രഹിച്ചത് ഒരു സര്‍ക്കാര്‍ ജോലിയാണ്. പതിയെ പതിയെ എന്നെ മാത്രകയാക്കിയ പലരും എന്നില്‍ നിന്ന് അകന്നു പോവുന്നതായി എനിക്ക് മനസ്സിലാവാൻ തുടങ്ങി. സര്‍ക്കാര്‍ ജോലി നേടിയതില്‍ പിന്നെ എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നുമുണ്ടായില്ല, പകരം അത് ഒരു സ്ഥായിയായ അവസ്ഥയില്‍ ഞാന്‍ എത്തപ്പെട്ടു.   സമൂഹം അപ്പോഴെക്കെ മാറ്റങ്ങള്‍ക്കു വേണ്ടി വെമ്പല്‍ കൊള്ളുകയായിരുന്നു. പലരും കടൽ കടന്നു. ആഗ്രഹിച്ചതൊക്കെ നേടി.   അവരിൽ പലരും സമൂഹത്തിൽ അവരുടെതായ സ്ഥാനമാനങ്ങൾ  ഉണ്ടാക്കി. ഒരു സർക്കാർ ജോലിയിൽ മാത്രം ഒതുങ്ങിപ്പോയ ഞാൻ  എനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ മുന്നിൽ ഒന്നുമില്ലാത്ത ആളായി മാറി.
ഞാൻ ആരുമല്ല, എനിക്ക് ഒന്നുമാവാന്‍ കഴിഞ്ഞില്ല"
'നീ ജീവിതത്തില്‍ എന്നോ മരിച്ചവനാണ്.
മരിച്ചവന്‍ എന്നതിന്റെ വിവക്ഷ പരാജയപ്പെട്ടവന്‍ എന്നും നല്‍കാം.
നിന്റെ പരാജയത്തിന്റെ വ്യാപ്തി നീ അളക്കുന്നത്  മറ്റുള്ളവരില്‍ നിന്ന് നിനക്കില്ലാത്തതിനെ കുറിച്ചോർത്ത്കൊണ്ട്  മാത്രമാണ്.
നിന്റെ ജീവിതാഭിലാഷങ്ങള്‍ പൂവണിയിക്കാന്‍ നിനക്ക് കഴിഞ്ഞില്ലന്നു നീ വിചാരിക്കുന്നു. സുഖവും ദുഖവും ആപേക്ഷികമാണ്.  അത് മാറിമറിഞ്ഞു കൊണ്ടിരിക്കും. നിന്റെ നിർവികാരത കാരണം,  ജീവിതത്തിൽ നീ അനുഭവിക്കുന്ന മനോഹരമായ പല അവസ്ഥകളുടെയും അനുഭൂതി നുകരാൻ നിനക്ക് കഴിയാതെ വരുന്നു....'

"കഥാകാരാ.. ...."
 'എന്തെ  മനസ്സേ'
"ഞാന്‍ നിങ്ങളുടെ സംഭാഷണത്തില്‍ ഇടപെടുകയാണ്.
നിന്റെ കഥയിലെ നായകനെ ജീവിത യാഥാർത്യങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ട് വരാന്‍ പെട്ടെന്ന്  കഴിയില്ല. അത്കൊണ്ട് തന്നെയാണ് ഈ കഥ അപൂര്‍ണമായി നീ എന്നില്‍ അവശേഷിപ്പിച്ചത്.  അയാള്ക്ക് ജീവിതം അറിയാം. എന്നിട്ടും, പരാജയപെട്ടവൻ എന്ന തോന്നൽ സ്വയം സൃഷ്ടിച്ചു ജീവിതത്തെ പഴിച്ചുകൊണ്ട് കാലം കഴിക്കാനാണ് അയാൾ ആഗ്രഹിക്കുന്നത്. ഇനി നിനക്ക് രണ്ടാമത്തെ ആളോട് സംസാരിക്കാം.. അത് നിന്നിലുള്ള കഥാകരനോടാണ്. നീ അറിയാത്ത നിന്നിലെ എഴുത്തുകാരനോട്‌"
"എന്ത്കൊണ്ട് താങ്കളുടെ കഥകളില്‍ ബാല്യത്തെ കുറിച്ചും, അച്ഛനമ്മാരുടെ സ്നേഹത്തെ കുറിച്ചും കാണുന്നില്ല?'
'ഞാന്‍ ഒരു കഥകൃത്ത് അല്ല. കാരണം എനിക്ക് അനുഭവങ്ങളുടെ തീച്ചൂളയില്ല.  ഞാന്‍ വളർന്നത് ഒരു കൂട്ട്കുടുംബത്തില്‍ അല്ല, അത് കൊണ്ട് മുത്തശ്ശി കഥകളെ കുറിച്ച് എനിക്ക് അറിയില്ല. ഞാന്‍ പിച്ചവച്ചത് എന്റെ അമ്മയുടെ കൈകളില്‍ ഇരുന്നല്ല, അത്കൊണ്ട് അമ്മയെക്കുറിച്ച് എഴുതാൻ  എനിക്കറിയില്ല. ജോലി തേടി വിദേശത്തേക്ക് പോയ അച്ഛന്‍ മാസത്തിലൊരിക്കൽ  ഹോസ്റ്റല്‍ വാര്‍ഡനു എഴുതുന്ന കത്തുകളില്‍ കൂടി പകർന്നു കിട്ടിയ സ്നേഹം മാത്രമേ എനിക്കും എന്റെ അച്ഛനും ഇടയിൽ ഒള്ളു  അത് കൊണ്ട് എനിക്ക് അച്ഛനമ്മാരുടെ സ്നേഹത്തിന്റെ ശക്തിയെ കുറിച്ച് എഴുതാനറിയില്ല'
"അനുഭവം ഇല്ലാതെ നിങ്ങള്‍ എങ്ങിനെ എഴുതുന്നു?  ഒരു കഥാകൃത്ത് കുറെ അനുഭവങ്ങള്‍ ഉള്‍കൊള്ളുന്ന ഒരാളായിരിക്കണം എന്ന് പറഞ്ഞു കേള്‍ക്കുന്നു? പക്ഷെ താങ്കളുടെ കാര്യത്തില്‍ അത് ശരി അല്ലല്ലോ? താങ്കള്‍ എങ്ങിനെ കഥ ഉണ്ടാക്കുന്നു?"
'കഥ ഞാന്‍ കാണുന്നത് എന്റെ ചുറ്റും ജീവിക്കുന്ന ആളുകളില്‍ നിന്നാണ്.  എന്റെ കണ്ണുകളില്‍ പ്രതിഫലിക്കുന്ന എന്തിനെയും അറിയാനും, അവയോടു നിശബ്ധമായി സംസാരിക്കാനും ശ്രമിക്കുന്നു. സ്ഥിരം കാഴ്ചകള്‍ കണ്ണിനെ തേടി എത്തുമ്പോള്‍, മടുപ്പിക്കുന്ന കാഴ്ച്ചകളിൽ നിന്ന് മാറി കാണാത്തതിനെ തേടി നടക്കാന്‍ തുടങ്ങും.  കഥ എഴുത്ത് തുടങ്ങുന്നതിനു മുമ്പ്, എന്റെ മനസ്സില്‍ എന്തൊക്കെയോ ഉണ്ടായിരുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ ഇപ്പോള്‍ പൊടുന്നനെ എനിക്ക് ഒന്നും ഓര്‍മിച്ചു എടുക്കാന്‍ കഴിയുന്നില്ല. ഓര്‍ക്കാന്‍ കഴിയാത്ത ഓര്‍മകളുടെ ചെപ്പില്‍ നിന്ന് ചിലതൊക്കെ ഓര്‍മിച്ചെടുക്കാന്‍ ഈയിടെ വിഫല ശ്രമം നടത്തിനോക്കി. പക്ഷെ ഓര്‍മകളെ തേടി നടക്കുന്നതിനു പകരം, കാഴ്ച്ചകളെ തേടി നടക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് എനിക്കിപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്.
 കാഴ്ച്ചകൾ മടുപ്പുണ്ടാക്കില്ല. ഓര്‍മ്മകള്‍ ചിലപ്പോള്‍ അസ്വസ്ഥതയായി മാറും'
"കണ്ടു മറന്ന കാഴ്ച്ഛകളിലെ ചിലതക്കെയോര്‍ത്തു താങ്കള്‍ സ്വയം ചിരിച്ചു കൊണ്ട് പലപ്പോഴും നടക്കാറുണ്ടല്ലോ? എന്നിട്ടും എന്ത് കൊണ്ട് താങ്കളുടെ കഥകളില്‍ തമാശകള്‍ ഉണ്ടാവുന്നില്ല?"
'തമാശകള്‍' നമ്മള്‍ സ്വയം സൃഷ്‌ടിക്കുന്നത്  അല്ല. ചില ചിന്തകള്‍പോലും തമാശകളാണ്.
ഞാന്‍ ഒരു ഉദാഹരണം പറയാം..എന്റെ 'യാത്രക്കിടയില്‍' എന്ന പംക്തിയില്‍, എന്റെ മുന്നില്‍ നില്ക്കുന്ന ചുവന്ന ചുരിദാര്‍ ധരിച്ച ഒരു  പെണ്‍കുട്ടി  ആരുമായോ ഫോണില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന കാഴ്ച  എന്നില്‍ അസ്വസ്ഥയായി പടര്‍ന്നു കയറുന്നു. അപ്പോൾ ഞാന്‍ സ്വയം പറയുന്നു,  അവൾ  അവിടെ നിന്ന് മാറി മറ്റേതെങ്കിലും ഒരു സീറ്റില്‍ പോയിരുന്നു സംസാരിച്ചു കൂടെയെന്ന് കാരണം അവളവിടെ നിന്ന് സംസാരിക്കുന്നതു കൊണ്ട് എനിക്ക് മറ്റൊന്നും ശ്രദ്ധിക്കാന്‍ പറ്റാതെ വരുന്നു,  ഇതില്‍ ഒരു തമാശ ഉണ്ട്.  ഞാന്‍ അവിടെനിന്നു മാറി മറ്റൊരു സ്ഥലത്ത് ഇരുന്നാൽ എനിക്ക് അവളെ കാണേണ്ട അവസ്ഥയുണ്ടാവില്ല  പക്ഷെ ഞാന്‍ സ്വയം  മാറുന്നതിനു പകരം,   അവളോട്‌ മാറി എവിടെയെങ്കിലും പോയി ഇരിക്കാന്‍ പറയുന്നു. .. സമൂഹത്തിന്റെ പൊതുവായ അവസ്ഥയാണിത്.  ഇത് തന്നെയാണ് എന്റെ ചിന്തകള്‍... ഇത് ഒരു ആക്ഷേപഹാസ്യമാണ്. പക്ഷെ വായനക്കാര്‍ എന്നെ  സീരിയസ്സ് എഴുത്തുകാരനായി കാണുന്നത് കൊണ്ടാവാം അവര്‍ക്ക് എന്റെ എഴ്ത്തിലെ തമാശകള്‍ അറിയാന്‍ കഴിയാത്തത്'
"കഥാകാരാ..., നിനക്ക് നിന്നെ മനസിലായില്ലേ, നീ ശൂന്യതയില്‍ നിന്നാണ് കഥകള്‍ ഉണ്ടാക്കുന്നത്. പ്രകൃതിയാണ് നിനക്ക് കഥകള്‍ തരുന്നത്.. നിന്റെ കണ്ണുകള്‍ എങ്ങിനെ പ്രകൃതിയെ നോക്കുന്നുവോ?  അതാണ് നിന്റെ കഥ.  പ്രകൃതിയുടെ മാറ്റങ്ങള്‍ക്കു അനുസരിച്ച് നീന്റെ ചിന്തകളും മാറുന്നു. നീ അനുഭവിക്കുന്ന ഇപ്പോഴുള്ള വിഷമവും അത് തന്നെയാണ്..പൊടുന്നനെ നിന്റെ പ്രക്രതി മാറിയിട്ടുണ്ട്.. അത് മനസിലാക്കാനുള്ള ശ്രമമാണ് നിന്നില്‍ അസ്വസ്ഥതയായി മാറിയത്"
സ്വയം മനസ്സിലായ കഥാകാരന്‍ ചിന്തകളുടെ ഉള്‍കാഴ്ചയുമായി കാഥികന്റെ പണിപ്പുരയിലേക്ക് നടന്നു... .മനസ്സെന്ന അത്ഭുത മാന്ത്രികതയില്‍ വിടര്‍ന്ന കാഴ്ച്ചകളുമായി,..

Tuesday, April 17, 2012

ഇനിയും കഥ തുടരും
അയാള്‍ ഒരു കഥ അന്വേഷിച്ചു നടക്കുകയാണ്..  ജീവിതാനുഭവങ്ങളില്‍  നിന്നാണ് കഥ ഉണ്ടാവുന്നതെന്നു അയാള്‍ക്കറിയാം.. പക്ഷെ, അയാളുടെ മനസ്സ് നിശ്ചലമാണ്.. നിശ്ചലാവസ്ഥ തന്റെ മനസ്സിനെ ചിന്തിപ്പിക്കില്ലന്നു അയാള്‍ക്ക് അറിയാം, അത് കൊണ്ട്, മനസ്സിനെ  അസ്വസ്ഥമാക്കാന്‍   വേണ്ടി അയാള്‍  ശ്രമമാരംഭിച്ചു. 

ഭൂമിയും അതിന്റെ വൈവിദ്യങ്ങളുമായിരുന്നു ആദിമ മനുഷ്യരെ അസ്വസ്ഥമാക്കിയിരുന്നതെങ്കില്‍, ഇന്നത്തെ മനുഷ്യന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നത് അവന്‍ തന്റെതന്നെ സമൂഹത്തിലെ ബലഹീനര്‍ക്കുമേല്‍ സ്ഥാപിക്കുന്ന ആദിപത്യമാണ്.  കുറെ കാലമായി ഈ  ചിന്തകളാണ് ‌ അയാളെ കുറച്ചെങ്കിലും അസ്വസ്ഥനാക്കുന്നതെന്നു  അയാളുടെ കഥകള്‍ വായിച്ചാല്‍ അറിയാം. ഇതിലുമപ്പുറമുള്ള ചിന്തകളാണ് ഇനി അയാള്‍ക്ക് വേണ്ടത്.   ഒടുവില്‍ അയാള്‍ തീരുമാനിച്ചു തന്റെ ഭാര്യയോടു കലഹത്തില്‍ ഏര്‍പ്പെടാന്‍..  അവള്‍ ചിരിച്ചു കൊണ്ട് അയാളോട് ചോദിച്ചു.. "നിങ്ങള്‍ കഥകള്‍ എഴുതാന്‍ വേണ്ടി അല്ലെ എന്നോട് കലഹത്തില്‍ ഏര്‍പ്പെടുന്നത്?  എല്ലാവരും മനസ്സിന്റെ സ്വസ്ഥത ആഗ്രഹിച്ചാണ് ഭാര്യയോട് സംസാരിക്കുക, നിങ്ങള്‍ വല്ലാത്ത ഒരു മനുഷ്യന്‍ തന്നെ,  എന്നാലും നിങ്ങളെ എനിക്ക്  ഇഷ്ട്ടമാണ്, ഒരിക്കലും നിങ്ങളോട് ദേഷ്യപ്പെടാന്‍ എനിക്ക് സാധിക്കില്ല" ഇളിഭ്യനായ അയാള്‍ അലക്ഷ്യമായി മുന്നില്‍ കണ്ട വഴിയിലൂടെ യാത്ര ആരംഭിച്ചു.


അമ്പലത്തിലേക്ക് പോവുകയാണോ? എങ്കില്‍ പാദരക്ഷകള്‍ ഞങ്ങളെ ഏല്‍പ്പിക്കു.  റോഡ്‌ അരികില്‍ സ്ഥാപിച്ചിരിക്കുന്ന പോലീസ് ബാരിക്കേടിനു അടുത്ത് നില്‍ക്കുന്ന താടിവച്ച ചെറുപ്പകാരന്‍ അയാളുടെ നേരെ നോക്കി പറഞ്ഞു. 
എന്റെ ഷൂ ഞാന്‍ അഴിച്ചു വക്കാം, പക്ഷെ അത് നഷ്ടപ്പെടില്ല എന്നതിന് എന്താ ഉറപ്പു?
ഞങ്ങള്‍ക്ക് അഞ്ചു രൂപ തന്നാല്‍, ഞങ്ങളിത് സൂക്ഷിച്ചു വക്കും..
പക്ഷെ സുഹൃത്തെ ഇതിനു അയ്യായിരം രൂപയിലധികം വിലയുണ്ട്‌. ഹഷ് പപ്പീസ്‌ എന്ന ഒരു അമേരിക്കന്‍ കമ്പനിയുടേതാണ് ഇത്.
ഞങ്ങള്‍ക്ക് നിങ്ങളോട് തര്‍ക്കിക്കാന്‍ നേരമില്ല,  പറ്റുമെങ്കില്‍  ഷൂ ഞങ്ങളെ ഏല്പിക്കു.. അമ്പലത്തിലേക്ക് ഇത് ധരിച്ചുകൊണ്ട് പോവാന്‍ പറ്റില്ല.

ഞാന്‍ അമ്പലത്തില്‍ കയറാന്‍ വന്നതല്ല,.. എന്റെ ജോലി കഥ എഴുത്താണ്,  ഞാന്‍ അലക്ഷ്യമായി നടക്കുകയാണ്.. നിങ്ങളെ കണ്ടപ്പോള്‍ എന്റെ കഥയില്‍ നിങ്ങള്‍ വരണമെന്ന് എനിക്ക് തോന്നി, അത് കൊണ്ട് മാത്രമാണ്  നിങ്ങളോട് ഞാന്‍ സംസാരിക്കാന്‍ നിന്നത്. 

മുന്നോട്ടു നടക്കുമ്പോള്‍ വീണ്ടും അയാള്‍ കുറെ ബാരിക്കേഡുകള്‍ കണ്ടു, ഓരോ ബാരിക്കേടിന്നും അരികിലായി പാദരക്ഷകള്‍ സൂക്ഷിക്കാന്‍ ആളുകള്‍ നില്‍ക്കുന്നു.. വഴി നിറയെ കുറെ ആളുകള്‍, സ്ത്രീകളും കുട്ടികളും അവരില്‍ ഉണ്ട്.  ഒരു  ചെറുപ്പകാരിയായ   പെണ്‍കുട്ടി അയാളെ നോക്കി ചിരിച്ചു.. അയാള്‍ ഓര്‍ത്തു , .. അലക്ഷ്യമായി നടക്കുന്ന തന്റെ ലക്‌ഷ്യം ഈ പെണ്‍കുട്ടിയെ കാണാന്‍ ആയിരിക്കാം. പക്ഷെ അവള്‍ അയാളെയും കടന്നു പോയി.. അയാള്‍ക്ക് പിറകിലോട്ടു തിരിഞ്ഞു നോക്കാന്‍ മടി തോന്നി. അമ്പലത്തിനു തോട്ടുഅടുത്തു എത്തിയപ്പോള്‍ അവിടെ കുറെ കച്ചവടക്കാരെ  കണ്ടു, പലതരം പൂക്കള്‍ കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരാളോട് അയാള്‍ അവിടെ ആളുകള്‍ തടിച്ചു കൂടിയതിനെ കുറിച്ച് അനേഷിച്ചു.. അയാള്‍ പറഞ്ഞ മറുപടിയില്‍ നിന്നാണ്, ആ ദിവസം  ശിവരാത്രി ദിനം ആണന്നു അയാള്‍ക്ക് മനസിലായത്.. മുന്നോട്ടു നടക്കുമ്പോള്‍ അയാള്‍ക്ക് എതിരെ ഒരു സ്ത്രീയും പുരുഷനും നടന്നു വരുന്നുണ്ടായിരുന്നു.  ആ സ്ത്രീയുടെ നഗ്നമായ വയറു സാരിയുടെ ഇടയില്‍ കൂടി അയാള്‍ കണ്ടു.  അയാള്‍ നോക്കുന്നത് കണ്ടിട്ടാവണം അവള്‍ സാരി വയറിലേക്ക് വലിച്ചിട്ടു അവിടെ മറച്ചു.. എന്നാലും നേര്‍ത്ത സാരിക്കിടയിലൂടെ അയാള്‍ അവളുടെ വയറിന്റെ മടക്കുകള്‍ കണ്ടു .  സാരിക്കിടയിലൂടെ കണ്ട വയറിന്റെ മാംസളമായ ഭാഗം  അയാളുടെ മനസ്സില്‍ ലഹരി പടര്‍ത്തി .. താന്‍ പണ്ട്  സ്വപനം കണ്ട പെണ്‍കുട്ടികള്‍ക്കും ഇത് പോലെ സാരിക്കിടയിലൂടെ വെളിപ്പെടുന്ന ആലില വയറു ഉണ്ടായിരുന്നതായി അയാള്‍ ഓര്‍ത്തു.. അവരും അയാളെ കടന്നു പോയി..

എന്ത് കൊണ്ടാണ് അവര്‍ മുട്ടിയുരുമ്മി  നടക്കാത്തത്?  കല്യാണം കഴിഞ്ഞ ആദ്യ നാളുകള്‍ മാത്രമായിരിക്കും ഇങ്ങിനെ നടക്കുക.. പിന്നെ പിന്നെ അകലം കൂടും, മനസ്സിന്റെ അകലം കൂടുമോ? കൂടുമായിരിക്കും..എന്നിട്ട് തനിക്കു കൂടിയിട്ടുണ്ടോ... അയാള്‍ ഓര്‍മകളില്‍ ചികഞ്ഞു.. ഭാര്യയുമായി അയാള്‍ കലഹിച്ചിട്ടുണ്ട്.. പിണങ്ങി ഇരിന്നിട്ടുണ്ട്. അവളോട്‌ ഉറങ്ങുകയാണ്  എന്ന് പറഞ്ഞു കള്ളം നടിച്ചു കിടന്നിട്ടുണ്ട്... എന്നിട്ട് .. മറ്റൊരു ദിവസമാവുമ്പോള്‍ കൂടുതല്‍ അടുക്കാന്‍ തോന്നിയിട്ടുണ്ട്.. അവളുടെ കവിളില്‍ തന്റെ മുഖം ചേര്‍ത്ത് കരഞ്ഞിട്ടുണ്ട്.. അവളുടെ പിന്‍കഴുത്തില്‍ ഉമ്മ വച്ച് അവളെ കോരിത്തരിപ്പിച്ചിട്ടുണ്ട്.. അകന്നാല്‍ അടുക്കാന്‍ തോന്നും.. അടുത്താല്‍ അകലാന്‍ തോന്നും.. അതായിരിക്കാം സ്നേഹം.. അവര്‍ സ്നേഹിക്കുനത് കൊണ്ടാവാം അകന്നു നടക്കാന്‍ തോന്നുന്നത്..

അയാള്‍ വീണ്ടും യാത്ര തുടര്‍ന്നു.  മുന്നോട്ടു നടക്കുമ്പോള്‍ അയാള്‍ നാലുപാടും നോക്കി കൊണ്ടിരിന്നു.. കഥയില്‍ എന്തെക്കെ ഉള്‍പ്പെടുത്തണം, ഒരു പെണ്ണും ആണും പ്രണയിക്കുന്നത് വേണം, അല്ലങ്കില്‍ കഥ ആവില്ല.. പക്ഷെ.. പ്രണയിക്കുന്നവരെ അയാളുടെ കണ്ണുകള്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല.. കണ്ട കാഴ്ചകളിലെല്ലാം സ്ത്രീയും പുരുഷനും പരസ്പരം അകലം പാലിച്ചു കൊണ്ട് നടക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നിപ്പിച്ചു.

തണുത്ത കാറ്റ് വീശിയപ്പോള്‍  അയാളെ ചെറുതായി തണുക്കാന്‍ തുടങ്ങി..  നെറ്റിയില്‍ തൊട്ടു നോക്കി.. വിയര്‍ത്തിട്ടുണ്ടോ .. ഇല്ല.. അതിനു ഇനിയും നടക്കണമായിരിക്കും.. വിയര്‍ത്താല്‍ തണുക്കില്ല എന്നാണ് അയാളുടെ വിശ്വാസം..  ചില വിശ്വാസങ്ങളും സ്വപ്നങ്ങളും ചേര്‍ന്നതാണ്  ജീവിതമെന്നാണ്  അയാള്‍ വിശ്വസിക്കുന്നത്.. പക്ഷെ ഓരോ സ്വപ്നത്തിനും അടുത്ത് എത്തുമ്പോള്‍, അത് താന്‍ കണ്ട സ്വപനമല്ലന്ന തിരിച്ചറിവില്‍ അയാള്‍ എത്തുന്നു .. അത് കൊണ്ട്തന്നെ, മറ്റുള്ളവരുടെ സ്വപനങ്ങളെ കുറിച്ച് അയാള്‍ കഥകളില്‍ എഴുതി നിറച്ചു.  കഥകള്‍ എഴുതി തീരുമ്പോള്‍  അതായിരുന്നു തന്റെ സ്വപനമെന്നു അയാള്‍ തിരിച്ചറിഞ്ഞു. ഓരോ സ്വപ്നത്തിന്റെ അവസാനവും മറ്റൊരു സ്വപ്നത്തിന്റെ തുടക്കമാണ് എന്ന് അയാള്‍ തിരിച്ചറിഞ്ഞതും മറ്റുള്ളവരുടെ സ്വപങ്ങളില്‍ കൂടി ആയിരുന്നു.. 

ദൂരെ ഒരു മരത്തിനു അരികിലായി നീല സാരിയില്‍ ഒരു സ്ത്രീ ഇരിക്കുന്നത് അയാള്‍ കണ്ടു.. ആ മരത്തിനു അരികെ തനിച്ചിരിക്കാന്‍ ആ സ്ത്രീയെ പ്രേരിപ്പിച്ചത് എന്താവും?   അയാള്‍ ആ മരത്തിനു അരികിലേക്ക് നടന്നു..  വളരെ വൃത്തിയായി വസ്ത്രം  ധരിച്ച ഒരു പ്രായമായ സ്ത്രീ ആയിരുന്നു അത്. എന്തിനാണ് ഈ സ്ത്രീ ഇങ്ങിനെ തനിചിരിക്കുന്നത്,  ഒരു പക്ഷെ ജീവിതത്തില്‍ അവര്‍ ഒറ്റപ്പെട്ടു പോയിട്ടുണ്ടാവും.    തണുത്ത കാറ്റ് വീശുന്നതും, അത് മരച്ചില്ലകളെ തഴുകി തലോടി പോവുന്നതും അവരറിയുന്നില്ല.  അവര്‍ മറ്റൊരു ലോകത്തില്‍ ആണ് എന്ന് തോന്നുന്നു.. താലോലം പാടി ഉറക്കി, വളര്‍ത്തി വലുതാക്കിയ മക്കള്‍ ആയിരിക്കുമോ അവരെ ഇങ്ങിനെ ഒറ്റപ്പെടുത്തിയത്?   അതോ ഭൌതിക ലോകത്തിലെ സുഖസൌകര്യങ്ങള്‍ തേടി പോയ ഭര്‍ത്താവായിരിക്കുമോ? എങ്ങിനെ ആയാലും അവരെ ജീവിപ്പിക്കുന്നത് സ്വപനങ്ങള്‍ ആണ്  .. അല്ലായിരുന്നുവെങ്കില്‍  ഇങ്ങിനെ തനിച്ചിരുന്നു  മറ്റൊരു ലോകത്തിലൂടെ അവര്‍ തന്റെ മനസ്സിനെ വിഹരിക്കാന്‍ ഇഷ്ടപ്പെടുമോ?

അയാള്‍ക്ക് സമാധാനമായി.. ആദ്യമായി തന്റെ മനസ്സ് അസ്വസ്ഥമാവന്‍  തുടങ്ങിയിരിക്കുന്നു.. ഒറ്റപ്പെടലിന്റെ  വേദന നിറഞ്ഞ സുഖത്തെ കുറിച്ച് ഓര്‍ക്കാന്‍ കഴിയുന്നു...  ചിലപ്പോള്‍ തോന്നും ഒറ്റപ്പെടലാണ് ജീവിതത്തില്‍ സന്തോഷം ഉണ്ടാക്കുന്നതെന്ന്...  പിന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കണ്ടല്ലോ, സ്വന്തത്തിനു വേണ്ടി മാത്രമായി ജീവിക്കാം.. പാരധികള്‍ കേള്‍കണ്ട.. പരിഭവങ്ങള്‍ അറിയണ്ട..താന്‍ ചെയ്തു കൊടുത്ത ഉപകാരത്തിനു പകരമായി തിരിച്ചു കിട്ടാത്ത നന്ദിയെയോ, പുഞ്ചിരിയെയോ ഓര്‍ത്തു ഹൃദയത്തില്‍ ദുഃഖങ്ങള്‍ നിറക്കണ്ട.  പക്ഷെ, മറ്റു ചിലപ്പോള്‍ തോന്നും  മറ്റുള്ളവര്‍ക്ക്  വേണ്ടി ജീവിക്കുന്നതിനും ആനന്ദം ഉണ്ടന്ന് .   അപ്പോള്‍ തന്നെയാണ് തനിക്കു ആരെക്കെയോ ഉണ്ടന്ന തോന്നലുകള്‍ ഉണ്ടാവുന്നതെന്ന് ..  സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുക എന്നതിലും സുഖം, അത് സ്വപ്നമായി അവശേഷിക്കുന്നത് തന്നെയാണ്. അപ്പോള്‍ തന്നെയാണ് ജീവിക്കാനുള്ള പ്രേരണ ഉണ്ടാവുന്നതും.  ഇനി കഥ ഉണ്ടാക്കാം...അസ്വസ്ഥമായ   മനസ്സില്‍ നിന്ന് സുന്ദരമായ കഥകള്‍ ഉണ്ടാക്കാം... അയാള്‍ക്ക് ആര്‍പ്പു വിളിക്കാന്‍ തോന്നി.. സന്തോഷം കൊണ്ട് അയാള്‍ തുള്ളിച്ചാടി..ലക്‌ഷ്യം നേടിയ സന്തോഷത്തോടെ അയാള്‍ യാത്ര തുടര്‍ന്നു.    പെട്ടന്ന്  അത്യുച്ചത്തിലുള്ള ഒരു ശബ്ദം ആ പ്രദേശത്തെ ഭീതിയില്‍ ആഴത്തി.. ആളുകള്‍ നാല് പാടും ചിതറി ഓടി.. .. അന്തരീക്ഷത്തില്‍ തീഗോളങ്ങള്‍ ഉയര്‍ന്നു പൊങ്ങി..കുറച്ചു നിമ്ഷങ്ങള്‍ക്ക് ശേഷം വീണ്ടും  അതിലും ഭയാനകമായ ഒരു ശബ്ദം കൂടി അയാള്‍ കേട്ടു. ആ പ്രദേശത്തെ തല ഉയര്‍ത്തി നില്‍ക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വിറകൊണ്ടു.. കെട്ടിടത്തിനകത്ത് നിന്ന് ആളുകള്‍ ഇറങ്ങി ഓടാന്‍ തുടങ്ങി.. ഡീസലിന്റെയും പെട്രോളിന്റെയും രൂക്ഷ ഗന്ധം അന്തരീക്ഷത്തെ മലിനമാക്കാന്‍ തുടങ്ങി.. അയാള്‍ മൂക്കിന്റെ ആഗ്രഭാഗം കൈ വച്ച് അടച്ചു പിടിച്ചു.  കറുത്തിരുണ്ട പുക മേല്പ്പോട്ടുയര്‍ന്നു ഭൂമിക്കും ആകാശത്തിനുമിടയില്‍ ഒരു ആവരണം തീര്‍ത്തു. സൈറന്‍ മുഴക്കി കൊണ്ട്  മുറിവേറ്റവരേയും രോഗികളേയും കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ഇരച്ചു എത്തി.  ആളുകള്‍ പൊട്ടികരഞ്ഞു കൊണ്ട് ഓടുന്നത് അയാള്‍ കണ്ടു, നേരത്തെ തനിച്ചിരുന്നു ഏതോ ദിവാസ്വപ്നത്തില്‍ മുഴകിയിരുന്ന ആ വൃദ്ധയായ സ്ത്രീ മാറത്തടിച്ചു നിലവിളിച്ചു കൊണ്ട് അയാള്ക്കരികിലൂടെ ദ്രിതിപ്പെട്ടു ഓടി.. ആരെക്കെയോ പറയുന്നത് കേട്ടു.. ബോംബു ബോംബു, ചിലര്‍ പറയുന്നത് കേട്ടു കാറിലാണ് ബോംബു പൊട്ടിയത്. ..  എല്ലാം നശിച്ചു.. ഒന്നും ബാക്കിയില്ല.. നിരാലംബരായ ശരീരം വെന്തുകരിഞ്ഞ കുറച്ചു മനുഷ്യര്‍ മാത്രമല്ലാതെ...

ക്ലൈമാക്സ്‌ കിട്ടിയ സന്തോഷത്താല്‍,  ആഹ്ലാദഭരിതനായി അയാള് വിളിച്ചു പറഞ്ഞു: ഹാ എത്ര സുന്ദരമിനിമിഷം!! ..

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...