Thursday, June 9, 2011

മരം പെയ്യുന്നു
മരം പെയ്യുന്നു
----------------------
"മനു, നിനക്ക് എന്താണ് അറിയേണ്ടത്? നീ ചോദിക്കുന്നത് പറയാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. വേറെ വല്ലതും ചോദിക്ക് പ്ലീസ്‌. നീ നിരന്തരം എന്തിനാണ് ഇതിനെ കുറിച്ച് മാത്രം അറിയാന്‍ താല്പര്യപ്പെടുന്നത്? നമുക്ക് ഇത് മാത്രമാണോ സംസാരിക്കാനുള്ളത്? വെറുതെ ഈ ഒരു സായാഹ്നം എന്റെ കഥകള്‍ പറഞ്ഞു നശിപ്പിക്കണോ?"
.
'ഞാന്‍ അത് പറയണോ റീത്ത? ഞാന്‍ എന്തിനു അറിയണമെന്ന് നിനക്ക് നന്നായി അറിയാം. എന്‍്റെ കണ്ണുകളിലേക്കു നോക്ക് എവിടെയെന്റെ ഹൃദയം നിനക്ക് കാണാന്‍ കഴിഞ്ഞേക്കാം. എല്ലാം കാര്യങ്ങളും പറഞ്ഞു അറിയിക്കാന്‍ പറ്റുമോ? ചിലതൊക്കെ ഹൃദയത്തിന്റെ അഗാതതയില്‍ നിന്ന് പുറത്തേക്ക് എടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന അവസരങ്ങളും നമ്മുക്ക് ഉണ്ടാവാറില്ലേ? ചില സമയങ്ങളിലെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ ഹൃദയം തുറക്കാന്‍ പറ്റാത്തതും അത് കൊണ്ടാണ്. നമ്മുടെ മനസ്സിലുള്ളത് പ്രകടിപ്പിക്കാന്‍ കഴിയാതെ നമ്മള്‍ നിസ്സാഹായരാവുന്നു. പ്രത്യാകിച്ചും സ്നേഹിക്കുന്നവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. എന്നിട്ട് നമ്മള്‍ പരസ്പരം കുറ്റപ്പെടുത്തും. റീത്ത, ഒരിക്കല്‍ ഒരു രോഗി ഇത് പോലെ എന്റെ മുന്നില്‍ വന്നു. അയാള്‍ക്ക് ഭാര്യെയെ വളരെ ഇഷ്ടമാണ്. അയാളുടെ മനസ്സ് നിറയെ സ്നേഹമാണ്. സ്നേഹത്തിന്റെ തീക്ഷണത അയാളുടെ ഇടറുന്ന വാക്കുകളില്‍ നിന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. പക്ഷെ ഭാര്യയോടു അത് പ്രകടിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. ഭാര്യക്ക് അയാളുടെ സ്നേഹത്തിന്റെ ആഴം അറിയാനോ, മനസിലാക്കാനോ പറ്റുന്നുണ്ടായിരുന്നില്ല. അയാള്‍ക്ക് ഭാര്യയോടു സ്നേഹത്തോടെ സംസാരിക്കണമെന്നുണ്ട്. പക്ഷേ അയാള്‍ സ്നേഹിക്കാന്‍ ആഗ്രഹിച്ചു പറയുന്ന വാക്കുകളെല്ലാം കലഹങ്ങളിലേക്ക് എത്തുന്ന തരത്തില്‍ ആയിരിക്കും. ഞാന്‍ അതിനു അയാളുടെ പറഞ്ഞു കൊടുത്തത് കണ്ണുകള്‍ കൊണ്ട് സംസാരിക്കാനാണ്. ഒരു നോട്ടം കൊണ്ട് തന്നെ പ്രണയം ഒരു മിന്നല്‍ പിണര്‍ പോലെ ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് ഒരു കുളിര്‍മയുള്ള ജ്വാലയായി പടര്‍ന്നു കയറും. .ലഘുവായി പറഞ്ഞാല്‍ ഹൃദയവും ഹൃദയവും തമ്മിലുള്ള ഭാഷയാണ് പ്രണയം, അത് കണ്ണുകളിലൂടെ സ്പര്‍ശനത്തിലൂടെ നമ്മുക്ക് പ്രകടമാക്കാന്‍ കഴിയണം.'
.
"ശരി മനു സമ്മതിച്ചു, ഒരു വലിയ മനഃശാസ്‌ത്രജ്ഞന്‍. ഒന്ന് പോടാ"
.
'എടീ പെണ്ണെ, നീ കോളേജില്‍ പോയിലെക്‌ചര്‍ ചെയ്യുന്നത് പോലെ അല്ല ചികിത്സ'
.
"ഓ പിന്നെ... കുട്ടികളെ പഠിപ്പിക്കാനും അവരുടെ മനശാസ്ത്രം അറിയണം. മനു, നമ്മള്‍ എന്തിനായിരുന്നു കണ്ടുമുട്ടിയത്? ഞാന്‍ നിന്നെ കണ്ടു മുട്ടുന്നത് വരെയും, എന്റെ കഴിഞ്ഞ കാലത്തില്‍ ജീവിക്കുകയായിരുന്നു. ഇപ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത് എനിക്കൊരു വര്‍ത്തമാനകാലം ഉണ്ടന്ന്. ആദ്യമൊക്കെ നിന്റെ ഫിലോസഫി എനിക്ക് അസ്സഹനീയാമായിരുന്നു. പക്ഷേ നീ എന്നെ എത്രമാത്രം പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് ഈ നിമിഷം ഞാന്‍ അറിയുന്നു. ഞാന്‍ എന്റെ ഭൂതകാലത്തെ കുറിച്ച് പറയുമ്പോള്‍, നീ പറയാറില്ലേ? പിന്തിരിഞ്ഞു നോക്കി നടക്കാന്‍ നമുക്ക് പറ്റുമോന്ന്? പിന്നോട്ട് തിരിഞ്ഞു നോക്കിയുള്ള നമ്മുടെ പ്രയാണം എത്ര ദുഷ്കരമാണെന്ന്‍? ഇപ്പോള്‍ എനിക്ക് മനസിലായി അതിന്റെ പൊരുള്‍. ഇനി ഞാന്‍ പിന്നോട്ടില്ല മുന്നോട്ടു മാത്രം. പക്ഷേ ഇപ്പോള്‍ നീ എന്നെ വീണ്ടും പിറകോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നു.. എന്തിനാ മനു അത്? "
..
'നോക്ക് റീത്ത, ചിലപ്പോളെങ്കിലും നമുക്ക് നമ്മളെ അറിയാന്‍ അത് വേണ്ടി വരും, അത് മാത്രമാവരുത് ജീവിതം എന്നുമാത്രമേ ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമൊള്ളു. ഞാനിപ്പോള്‍ നിന്നോട് പറയുന്നത് പിന്നോട്ട് നടക്കാനല്ല മരങ്ങളെ പോലെ പെയ്യനാണ്. അങ്ങിനെ പറഞ്ഞാല്‍ എന്താണന്നു അറിയുമോ? മഴ പെയ്തു തോര്‍ന്നാലും മരങ്ങളില്‍ അവശേഷിക്കുന്ന ജല കണികകള്‍ ഭൂമിയുടെ മാറിലേക്ക്‌ ഇറ്റിറ്റു വീണു കൊണ്ടിരിക്കും അതിനു മലയാളത്തില്‍ പറയുന്ന പദമാണ് 'മരംപെയ്യുക' എന്ന്.'
..
"ശരി .. ശരി.. ഞാന്‍ എന്ന മരം പെയ്യാന്‍ പോവുകയാണ്. ഞാന്‍ ബാംഗ്ലൂര്‍, ഒരു കോളേജില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. എനിക്കപ്പോള്‍ ഇരുപത്തിയാറു വയസ്സ് പ്രായം വരും, വീട്ടില്‍ അപ്പച്ചനും അമ്മച്ചിക്കും നിര്‍ബന്ധം. കല്യാണം തന്നെയായിരുന്നു വിഷയം. എനിക്ക് എന്തോ ഓര്‍മ്മവച്ച നാള്‍ മുതല്‍ ആണ്‍വര്‍ഗത്തെ വെറുപ്പായിരുന്നു. അത്തരം ചിന്ത എങ്ങിനെയെന്റെ മനസ്സില്‍ വന്നു അടിഞ്ഞുകൂടിയെന്നറിയില്ല. എങ്ങിനെയോ ആ വെറുപ്പ്‌ എന്റെ ഹൃദയത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. ഒരു പക്ഷേ എന്റെ ജീവിതാനുഭവങ്ങള്‍ അതിനു പ്രേരകമായിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ ഞാനൊരിക്കലും ഒരു കല്യാണത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. വീട്ടില്‍ എല്ലാവര്ക്കും അറിയാമായിരുന്നു അത്. അമ്മയുടെ മടിയില്‍ തല വച്ച് കിടക്കുമ്പോള്‍ എന്റെ മനസ്സിലെ ഇത്തരം വികാരങ്ങള്‍ ഞാന്‍ പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു. അമ്മ അപ്പോള്‍ മൌനിയായി മാറും. അത് എന്നെ കുറെ വിഷമിപ്പിച്ചിരുന്നു. പിന്നെ പിന്നെ ഞങ്ങള്‍ ഈ കാര്യങ്ങള്‍ സംസാരിക്കാതെയായി. പക്ഷേ വീണ്ടും വിവാഹം ഒരു വിഷയമായി വന്നപ്പോള്‍ ഞാന്‍ അത്ഭുതപെട്ടു. എന്റെ മനസ്സിലെ വികാരങ്ങള്‍ അറിയാമായിരുന്നിട്ടും പിന്നെയും അതെങ്ങിനെ ചര്‍ച്ച വിഷയമായി!!. ഒരു പക്ഷേ അമ്മയുടെയോ അപ്പച്ചന്റെയോ തറവാട്ടിലെ ഏതെങ്കിലും ചടങ്ങിനിടയില്‍ ഒരു ചര്‍ച്ച വിഷയമായതാവാം. അല്ലെങ്കില്‍ അമ്മയുടെ കാലശേഷം എനിക്കൊരു തുണയില്ലാത്ത വിധം ഞാന്‍ ഒറ്റപെട്ടു പോവുമോ എന്നുള്ള ഭയമായിരിക്കാം. കൂടെ പഠിച്ചിരുന്ന കല്ല്യാണം ചെയ്ത ചില സുഹ്ര്‍ത്തുക്കളൊക്കെ അവരുടെ കുടുംബജീവിതത്തിന്റെ താളപിഴകള്‍ എന്നോട് പറയാറുണ്ടായിരുന്നു. എന്റെ തീരുമാനം എത്ര മാത്രം ശരിയാണെന്നുള്ള കാര്യം അപ്പോഴെക്കെ തെല്ലു അഹങ്കാരത്തോടെ ഓര്‍ത്തുപോയിട്ടുണ്ട്. മനു, പറയു എന്താണ് ഒരു വിവാഹത്തിന്റെ ആവശ്യകത, സ്ത്രീക്ക് അല്ലെങ്കില്‍ പുരുഷന്? എന്ത് കൊണ്ട് തനിയെ ജീവിച്ചു കൂടാ?"
....
'അയ്യോ മോളെ, ഒരു വലിയ ടാസ്ക് ആണല്ലോ? ഞാന്‍ ഫിലോസഫി പറയുമെങ്കിലും ഇത് പോലെയുള്ള ചോദ്യങ്ങളൊന്നും എന്റെ മനസ്സില്‍ ഇത് വരെ വന്നിട്ടില്ല. അതുകൊണ്ടുതന്നെ മുമ്പ് ആരോടെങ്കിലും പറഞ്ഞ ഒരുത്തരവും എന്റെ കയ്യിലില്ല. പക്ഷേ ഒരിക്കല്‍ ഞാന്‍ ഒരു യാത്രക്കാരിയെ ദുബായില്‍ വച്ച് കണ്ടുമുട്ടി. അവള്‍ ഹോളണ്ടില്‍ നിന്ന് ലോകം കാണാന്‍ ഇറങ്ങിയ ഒരു ടൂറിസ്റ്റ് ആയിരുന്നു. അവള്‍ എന്നോട് ഹില്‍ട്ടണ്‍ ഹോട്ടലില്‍ എത്താനുള്ള വഴി അനേഷിച്ചു. ഞാനും അങ്ങോട്ടുള്ള യാത്രയില്‍ ആയത് കൊണ്ട് അവളെയും എന്റെ കൂടെ കൂട്ടി. ഞങ്ങള്‍ കുറെ സംസാരിച്ചു. ഭാരത സ്ത്രീകളും, നമ്മുടെ സാംസ്‌കാരിക ആഘാതങ്ങളുമെല്ലാം ചര്‍ച്ച വിഷഷമായി. അതിന്ടക്ക് ഞങ്ങള്‍ വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ ഇടയായി. അവള്‍ വിവാഹം ചെയ്തിട്ടില്ലന്നും അവള്‍ക്കു ഒരു ബോയ്‌ ഫ്രണ്ട് ഉണ്ടന്നും അത് കൊണ്ട് വിവാഹത്തിന്റെ ആവശ്യമില്ലന്നും എന്നോട് പറഞ്ഞു .നീ ചോദിച്ചത് പോലെ എന്തിനാണ് വിവാഹമെന്നു അവളും ചോദിച്ചു. എനിക്ക് പെട്ടെന്നൊരു ഉത്തരം കൊടുക്കാന്‍ പറ്റിയില്ല. നടക്കുന്നതിനിടയില്‍ അവള്‍ പൊടുന്നനെ കാല്‍ തെന്നി വീഴാന്‍ പോയി. ഞാന്‍ അവളെ പിടിച്ചു എഴുന്നേല്‍പ്പിച്ചു എന്നിട്ട് പറഞ്ഞു ഇതിനാണ് വിവാഹം. നിങ്ങള്‍ ഇപ്പോള്‍ വീഴാന്‍ പോയില്ലേ അതുപോലെ ജീവിതത്തില്‍ ആരും താങ്ങാനില്ലാതെ ഒറ്റപെട്ടു പോവുന്ന നിമിഷങ്ങള്‍ ഉണ്ടാവും. അവിടെ ഒരു താങ്ങായി, തണലായി നമ്മുടെ നിഴല്‍പറ്റി ഒരാളുണ്ടാവണം. ആ കൈക്കുള്ളില്‍ നമ്മള്‍ പൂര്‍ണമായും സംരക്ഷിതരായിരിക്കും. നിന്നോടും ഇതേ ഉത്തരം പറയാനാണ് എനിക്ക് തോന്നുന്നത്.'
"മനു, ഇങ്ങിനെയൊരു ഉത്തരം പോലും എനിക്കുണ്ടായിരുന്നില്ല. എന്തിനാണ് വിവാഹമെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. അപ്പോള്‍ അമ്മ മൌനിയായി കുറെ നിമിഷങ്ങള്‍ നിന്നു. ഇടയ്ക്കു കണ്ണുകള്‍ നിറഞ്ഞു വരുന്നതായി എനിക്ക് തോന്നി. അമ്മയുടെ സങ്കടം കണ്ടു നില്ക്കാന്‍ കഴിയാത്തത്കൊണ്ട് ഞാന്‍ വിവാഹത്തിന് സമ്മതം അറയിച്ചു. പക്ഷെ ഒരു നിബന്ധന വച്ചു. ഞാന്‍ ആഗ്രഹിക്കുന്നത് പോലെയാവണം വിവാഹം . എന്റെ വരനെ ഞാന്‍ കണ്ടെത്തും എന്നിട്ട് ഞാനയാളെ സ്നേഹിച്ചു നോക്കും. അയാള്‍ സ്നേഹിക്കാനും സ്നേഹിക്കപെടാനും അര്‍ഹാനാണെന്നു എനിക്ക് ബോധ്യമാവണം. എന്റെ ചിന്തകളും അയാളുടെ ചിന്തകളും ഒന്നാണെന്ന തോന്നല്‍ എന്നില്‍ ഉണ്ടാവുമ്പോള്‍ മാത്രമേ ഞാനൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കു. അമ്മക്ക് ആദ്യം സമ്മതമായിരുന്നില്ല. പിന്നെ അങ്ങിനെയല്ലാതെ വേറെയൊരു വിവാഹമില്ലന്നു ഞാന്‍ വാശി പിടിച്ചപ്പോള്‍ അമ്മക്ക് വേറെ നിര്‍വാഹമില്ലാതെയായി"
.
'എന്നിട്ട് എന്ത് സംഭവിച്ചു റീത്ത? അങ്ങിനെ ഒരാളെ കിട്ടിയോ? ആരെങ്കിലും അങ്ങിനെ ഒരു ഈ ആവശ്യത്തിനു തയ്യാറായോ'
.
"അങ്ങിനെയൊരാള്‍ ഇല്ലെങ്കില്‍ എനിക്ക് വിവാഹം വേണ്ട എന്നായിരുന്നു എന്റെ തീരുമാനം. അത് കൊണ്ട് അങ്ങിനെയൊരാളെ കണ്ടെത്തുന്നത് വരെ കാത്തിരുന്നു. അയാളൊരിക്കലും കേരളത്തില്‍ താമസിക്കുന്ന ഒരു മലയാളിയാവരുതെന്നു ഞാന്‍ ആദ്യമേ ആഗ്രഹിച്ചിരുന്നു. അതിനുകാരണം, കേരളത്തിലുള്ള പുരുഷനമാര്‍ക്ക് സ്ത്രീകള്‍ എന്നാല്‍ അവരുടെ അടിമകള്‍ ആണെന്ന കാഴ്ചപ്പാടാണ്. മാത്രമല്ല കുറെ മുന്‍വിധികളും നിര്‍ബന്ധബുദ്ധികളും ചേര്‍ന്ന വികാരങ്ങളാണ് അവരെ മുന്നോട്ടു കൊണ്ട് പോവുന്നത്.'
.
'സ്വാമി വിവേകാനന്ദനെ ഓര്‍ത്തു പോവുന്നു. കേരളം ഒരു ഭ്രാന്താലയമെന്നു പറഞ്ഞത് എത്ര ശരിയാണ്. എന്നിട്ട്?'
.
"അങ്ങിനെ ഞാനൊരു ന്യൂസ്‌പേപ്പറില്‍ പരസ്യം കൊടുത്തു. ആദ്യമാദ്യം ആരും പ്രത്യുത്തരം ചെയ്തില്ല. പിന്നീട് ഒരാള്‍ ചെയ്തു. അതൊരു മറുനാടന്‍ മലയാളി ആയിരുന്നു. എന്റെ ആവശ്യങ്ങളെല്ലാം അയാള്‍ അംഗീകരിച്ചു. ഞങ്ങള്‍ സ്നേഹിക്കാന്‍ തുടങ്ങി. കഷ്ടിച്ച് ഒരു ആറു മാസം മാത്രം, അപ്പോഴേക്കും അയാള്‍ തനിനിറം പുറത്തെടുക്കുവാന്‍ തുടങ്ങി. ഞാന്‍ അയാളുടെ വേലക്കാരി, അയാള്‍ പറയുന്നതെക്കെ ഞാന്‍ കേള്‍ക്കണം, ഞാന്‍ ചെയ്യുന്നതിനെല്ലാം കുറ്റം. അങ്ങിനെ അയാളുമായുള്ള 'സൗഹൃദം' ഞാന്‍ മതിയാക്കി. പിന്നീടാണ് മാത്യുസിനെ കാണുന്നത്. അദ്ധേഹത്തിന്റെ അമ്മ മലയാളി, പപ്പ നോര്‍ത്ത് ഇന്ത്യന്‍. ഞങ്ങള്‍ ഒരേ പോലെ ചിന്തിക്കുന്നവര്‍, ഒരേ പോലെ ഇഷ്ടങ്ങള്‍ ഉള്ളവര്‍. സ്നേഹത്തിന്റെ അതുല്ല്യമായ നിധി ഞാന്‍ അദ്ദേഹത്തില്‍ കണ്ടെത്തി. അദ്ദേഹത്തിന് മാത്രമായി ഒരിഷ്ടവുമില്ല. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കെല്ലാം എന്റെ ധാര്‍മ്മികപിന്തുണ വേണമായിരുന്നു. അത് പോലെ തന്നെ എനിക്കും, എല്ലാത്തിനും അദ്ദേഹം വേണം. എന്നെ കാണുന്നതിനു മുമ്പുവരെ അദ്ദേഹവും കല്ല്യാണം വേണ്ടെന്ന തീരുമാനത്തിലായിരുന്നു. അഥവാ കല്ല്യാണം ചെയ്യുകയാണെങ്കില്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു അവളെ പൂര്‍ണമായും മനസ്സിലാക്കിയതിനു ശേഷമേ അതിനു ശ്രമിക്കു എന്നായിരുന്നു തീരുമാനം. അതുകേട്ടപ്പോള്‍ ദൈവം അദ്ദേഹത്തെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എനിക്കുവേണ്ടിയായിരിക്കുമെന്നെനിക്ക് തോന്നി. അദ്ദേഹം മുംബൈയിലും ഞാന്‍ ബാംഗ്ലൂരൂം ആയിരുന്നു. എല്ലാ അവധി ദിനങ്ങളിലും അദ്ദേഹം ബാംഗ്ലൂര്‍നു വരും. അല്ലെങ്കില്‍ ഞാന്‍ മുംബൈക്ക് പറക്കും. ഞാന്‍ പറയുന്നത് എല്ലാം സാധിപ്പിച്ചു തരുന്ന പവിത്രതയുടെ ഉറവിടമായ എന്റെ മാലാഖയായി അദ്ദേഹം മാറി. എന്റെ ജീവിതത്തിന്റെ ഏറ്റവും സൌരഭ്യവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളായിരുന്നു ആ ദിനങ്ങള്‍. രണ്ടു പേര്‍ക്കും പരസ്പരം പിരിഞ്ഞു ജീവിക്കാന്‍ സാധിക്കില്ല എന്നവസ്ഥ വന്നപ്പോള്‍ . ഞങ്ങള്‍ തീരുമാനിച്ചു കല്ല്യാണം കഴിക്കാന്‍. എന്റെ വീട്ടുകാര്‍ വളരെയധികം സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്. അമ്മക്ക് നിധി കിട്ടിയത് പോലെയായി. ചെറുപ്പക്കാരികളെ പോലെ അമ്മ വീടുമുഴുവന്‍ ഓടിനടന്നു. ചടങ്ങുകള്‍ വളരെ ലളിതമായി മതിയന്നയിരുന്നു എന്റെ തീരുമാനം അമ്മച്ചി ചെവികൊണ്ടില്ല. ഞാന്‍ നിര്‍ബന്ധം പിടിച്ചതുമില്ല കാരണം ഈ സ്വാതന്ത്ര്യമെങ്കിലും അമ്മക്ക് വിട്ടുകൊടുക്കണമെന്ന് മനസ്സിനുള്ളില്‍ നിന്നാരോ പറയുന്നത് പോലെ എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. ലോകത്ത് ഒരു സ്ത്രീക്കും കിട്ടാത്ത ഒരു സൌഭാഗ്യമാണ് എനിക്ക് കിട്ടിയിരിക്കുന്നതെന്നു എനിക്ക് തോന്നി. ഒരാളെ രണ്ടു വര്‍ഷത്തോളം സ്നേഹിക്കാന്‍ കഴിയുക, അയാള്‍ തന്റെ ജീവിതത്തില്‍ എന്നുമെന്നും കൂടെ ഉണ്ടാവുമെന്ന് ഉറപ്പു വരുത്തുക, എന്നിട്ട് അയാളെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുക. ഇങ്ങിനെ ആര്‍ക്കു പറ്റും?"
.
കല്യാണത്തിന് ശേഷം ഞങ്ങള്‍ മുംബൈയില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. ആ നിമിഷത്തെ കുറിച്ച് വര്‍ണിക്കാന്‍ വാക്കുകളില്ല മനു. ഞങ്ങളൊന്നിച്ചുള്ള നിമിഷങ്ങളിലൂടെ ഞാന്‍ മത്യുസിനെ അറിയുകയായിരുന്നു. എന്റെ കിനാവുകള്‍ക്ക് മാത്യുസ് ചിറകുകള്‍ നല്‍കി എന്നിട്ട് എന്നെ നക്ഷത്രങ്ങളുടെ ലോകത്തേക്ക് കൊണ്ട്പോയി. ആ അനന്ത നീല വിഹായുസ്സിനുള്ളില്‍ ഞാന്‍ ഒരപ്സരസായീ പറന്നു നടന്നു. എവിടെനിന്നോ തേടിപിടിച്ചു എന്റെ ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്ന ചിപ്പിക്കുള്ളിലെ മുത്തായി തീര്‍ന്നു മാത്യുസ്. പതിയെ പതിയെ ഞാന്‍ ആ സ്നേഹാമൃതത്തിന്റെ മാധുരിയില്‍ ഞാന്‍ അലിഞ്ഞില്ലാതെ ആയി. സ്വര്‍ഗമായ്, സ്വപനമായ് വര്‍ണങ്ങളുടെ അണയാത്ത ദീപമായി ആ സ്വരം എന്റെ ആത്മാവില്‍ കത്തി ജ്വലിച്ചു. മാത്യുസിന്റെ സാമിപ്യം എനിക്ക് വായുവും ജലവുമായി. ഇന്ദ്രിയങ്ങളില്‍ ആ തൂവല്‍സ്പര്‍ശം, മരവിച്ചുകിടക്കുന്ന എന്റെ പ്രാണനില്‍ അമൃത് പകര്‍ന്നു. എന്റെ സ്വപനങ്ങള്‍ എന്തായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു.
.
പക്ഷേ ...മനൂ പെഴ്ത് ഒഴിഞ്ഞുപോയ ഒരു പേമാരിയുടെ ഓര്‍മകളുമായി, ഇന്ന് ഞാനൊരു മരമായി പെയ്യുകയാണ്. ഇറ്റിറ്റു വീണുടഞ്ഞു വേര്‍പിരിഞ്ഞ ആ തുള്ളികളില്‍ മൂകമായി ഞാന്‍ ആ കണ്ണുകള്‍ തേടികൊണ്ടിരിക്കുന്നു. എനിക്കറിയില്ല എന്തിനാണ് മാത്യുസ് ഒരു പേമാരിയായി എന്നിലേക്ക്‌ പെയ്തത്..പിന്നെയൊരു പ്രഹേളികയായി എന്നിൽനിന്നും മറഞ്ഞത്. ഒരു പക്ഷേ ഇപ്പോള്‍ അദ്ദേഹം മറ്റൊരാളിന്റെ സ്വന്തമാവാം, എന്നാലും വെറുതെ, ഉള്ളിന്റെ ഉള്ളില്‍ മറ്റൊരു മഴയ്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുന്നു.. എന്റെ പ്രണയമേ ... നിന്നെ ഞാന്‍ എവിടെയാണ് അറിയാതെ പോയത്..??"
?"

8 comments:

മണ്‍സൂണ്‍ നിലാവ് said...

എന്റെ പ്രണയമേ ... നിന്നെ ഞാന്‍ എവിടെയാണ് അറിയാതെ പോയത്..???


മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !

Anita said...

maram peyunnathinde meaning valare ishtamayi. nannayirikunnu manu. Keep it up!

Anonymous said...

thanks chechi

Satheesan .Op said...

നല്ല എഴുത്ത് .ആശംസകള്‍ ...

ajith said...

കഥ വായിച്ചു.

Najeemudeen K.P said...

കൊള്ളാം.. നന്നായിട്ടുണ്ട്. ഇനിയും എഴുതുക.

c.v.thankappan said...

നന്നായിട്ടുണ്ട്.
ആശംസകള്‍

AmmuS said...

കൊള്ളാം മനു ഏട്ടാ .. എന്നാലും ഒരു സംശയം ആ കഥയുടെ അവസാനം അവര്‍ എങ്ങനെ പിരിഞ്ഞു എന്നുകൂടി സൂചിപ്പിക്കാമായിരുന്നില്ലേ എന്ന് . അപ്പോള്‍ കഥക്ക് ഒരു ഫുള്‍ ലൈഫ് കിട്ടില്ലേ ?

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...