Sunday, June 26, 2011

ഞാനും അവളും


ഞാനും അവളും
ആദ്യമായി കണ്ടുമുട്ടുമ്പോള്‍
അവള്‍ ഒരു പൂവും
ഞാന്‍ പൂ തേടുന്ന ഒരു വണ്ടുമായിരുന്നു

 ഞങ്ങള്‍ എപ്പോഴോ ഒരു ചെടിയായി,
അതില്‍ പൂമൊട്ടുകള്‍ വിരിഞ്ഞു,
പുഷ്പങ്ങളായി,
പിന്നെ അത് വസന്തമായി


ഋതുക്കള്‍ മാറി


അവള്‍ ഇന്ന് പൂവ് തേടുന്ന ഒരു വണ്ട്‌
ഞാനോ
പരാഗ രേണു കൊഴിഞ്ഞ ഒരു പൂവും
പുസ്തകം

അക്കങ്ങള്‍ ഇല്ലാത്ത,
ഒരു പൂസ്തകം വാങ്ങി ,
വരകള്‍ ഇല്ലാത്ത,
വര്‍ണങ്ങള്‍ ഇല്ലാത്ത..
ഒരു പൂസ്തകം

അതില്‍ കുറെ അക്കങ്ങള്‍ എഴുതി
കുറെ വരകള്‍ കോറി ,
വര്‍ണങ്ങള്‍ കോരി ഒഴിച്ചു
അടച്ചു വച്ചുപിന്നെപ്പോഴോ തുറന്നു
അക്കങ്ങളും വരകളും വര്‍ണങ്ങളും
മാഞ്ഞു പോയിരിക്കുന്നു

Thursday, June 23, 2011

യാത്രക്കിടയില്‍

   
ട്രാഫിക്‌ പോലീസ് ജീപ്പുകള്‍ സൈറന്‍ മുഴക്കി കൊണ്ട് ബസിനു അരികില്‍ കൂടി ചീറി പാഞ്ഞു പോവുന്നു.  എന്തോ അപകടം സംഭവിച്ചിട്ടുണ്ട്.. അല്ലങ്കില്‍ ഇങ്ങിനെ ഒരു ശബ്ദമുകരിതമായ അന്തരീക്ഷം സംജാതമാകില്ല.   ശബ്ദങ്ങള്‍ നമ്മളെ വല്ലാതെ അലോസരപ്പെടുത്തുന്ന അവസരങ്ങള്‍ ജീവിതത്തില്‍ വന്നു ചേരാറുണ്ട്.. ചില സമയങ്ങളില്‍ ചില ശബ്ദങ്ങള്‍ തേടി നമ്മള്‍ നടക്കാറുണ്ട് അത് പോലെ ചില താളക്രമത്തിലുള്ള ശബ്ദങ്ങള്‍ കേട്ട് ജീവിതം മറന്നു ജീവിക്കാറുണ്ട് നമ്മള്‍.   


ഈ 'സൈറന്‍' ബസിനുള്ളിലെ ഓരോ ആളിന്റെ മുഖങ്ങളിലും വല്ലാത്ത ഒരു 
ഉല്‍കണ്‌ഠ ഉണ്ടാക്കിയിട്ടുണ്ട്.  ബസ്‌ ഇനി എപ്പോള്‍ ഇവിടുന്നു ചലിക്കും എന്നറിയില്ല..    വിരസമായ  യാത്രകളില്‍ ഉല്ലാസം  നിറക്കാന്‍ മനസ്സിന് ഒരു നിമിഷം മതി.. ചിലപ്പോള്‍ മുന്നിലുള്ള  ഒരു കാഴ്ച്ചയില്‍ കൂടി അത് സാധ്യമാവാം. അല്ലങ്കില്‍  സുന്ദരി ആയ  ഒരു യുവതിയുടെ കൌതകം തോന്നിപ്പിക്കുന്ന  കണ്ണുകളില്‍ നിന്ന് അത് നമുക്ക് ഉണ്ടാക്കി എടുക്കാം.. അതുമല്ലങ്കില്‍, കൌമാര സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു ഒരു ഗാനത്തിന്റെ ഈരടികള്‍ മൂളുബോള്‍ കിട്ടുന്ന  അനുഭൂതി നിറഞ്ഞ സുഖത്തില്‍ ലയിച്ചു ചേര്‍ന്ന് കിടക്കാം .    നിശ്ചലമായ ഈ ബസ്സിന്റെ ചക്രങ്ങള്‍ ഉരുണ്ടു തുടങ്ങുന്നത് മുമ്പ് ഒരിക്കല്‍ തന്റെ ജീവിത സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ എന്റെ അടുത്തേക്ക് വന്ന  ഒരു പാവം മനുഷ്യനെ കുറിച്ചുള്ള ഓര്‍മകളില്‍ കുറച്ചു നേരം മുഴുകട്ടെ..

അയാളെ ഒരു കൊച്ചു വലിയ മനുഷ്യന്‍ എന്ന് പറയാം. അയാളുടെ ശരീരം അയാളുടെ പ്രായത്തിനു അനുസരിച്ച് വളര്‍ന്നിട്ടുണ്ടായിരുന്നില്ല. പക്ഷെ അയാള്‍ അതിനെ കുറിച്ച് ബോധവാനാണ് എന്ന് തോന്നിക്കും മട്ടിലുള്ള വലിയ അയഞ്ഞു തൂങ്ങുന്ന നീളന്‍ കൈയുള്ള ഷര്‍ട്ട്‌  ആയിരുന്നു  ധരിച്ചിരുന്നത്..  നരകയറിയ മുടി ഇഴകള്‍ നോക്കി, മരണത്തോട് അടുക്കുന്നു എന്ന് വിലപിച്ചു കൊണ്ടിരിക്കുന്ന  ആധുനിക   മനുഷ്യര്‍ക്കിടയില്‍,  പ്രായമായിട്ടും തന്റെ ശരീരം  അതിനു  അനുസരിച്ച് വളരാത്തത് കൊണ്ട് മറ്റുള്ളവരുടെ കണ്ണില്‍ പ്രായം തോന്നിപ്പിക്കാന്‍ വേണ്ടി വേഷവിധാനത്തില്‍ മാറ്റം വരുത്തിയ ഈ മനുഷ്യന്റെ 'മനസ്സിന്റെ ചെയ്തികള്‍'    എന്നെ തെല്ലൊന്നു അല്ബുതപ്പെടുത്താതെ ഇരുന്നില്ല.    ഞാന്‍ വെറുതെ അയാളുടെ മുഖത്തേക്ക് നോക്കി. .. ആ  മുഖം വിളറി വെളുത്തു  നെറ്റിയില്‍ നിന്ന് വിയര്‍പ്പു ചാലുകള്‍ ഒലിച്ച് ഇറങ്ങുന്ന   അവസ്ഥയില്‍ ആയിരുന്നു. ഞാന്‍ അയാള്‍ പറയുന്നത് കേള്‍ക്കുന്നതിനു  മുന്നേ ആയി..  എന്റെ മനസിലുള്ള അയാളുടെ  രൂപത്തോട് സംസാരിച്ചു തുടങ്ങി.  


നിങ്ങള്‍ ജീവിതത്തില്‍ വളരെ ഒറ്റപ്പെട്ടവനാണ്. ഈ നിര്‍ജീവമായ കണ്ണുകളില്‍ കാണുന്നത്,  ജീവിതം നിങ്ങളെ ഒറ്റപ്പെടുത്തിഎന്നത് പോലെ ആണ്. . വിധി എന്ന് ചിലര്‍ അതിനെ പറയും.. പക്ഷെ അത് എന്തുമാവട്ടെ, നിങ്ങള്‍ വെറുതെ ഒന്ന് ചിരിക്കു...  നിങ്ങളുടെ തൊട്ടുഅടുത്ത്  കൂടി നില്‍ക്കുന്ന ആ ചെറുപ്പക്കാരുടെ കൂട്ടത്തെ നോക്കു.. . വെറുതെ അവര്‍ പറയുന്നത് ഒന്ന് ശ്രദ്ധിക്കു.. അവര്‍ പറയുന്നത് അവരുടെ ഓഫീസിലെ മാഡത്തിന്റെ ഹൈ ഹീല്‍ ചെരിപ്പിനെ കുറിച്ചും, മാറിടം ഇറക്കി വെട്ടിയ ബ്ലൌസിനെ കുറിച്ചുമെല്ലാം ആണ്.. ദയവു ചെയ്തു മുഖം തിരിക്കാതെരിക്കു... അവരെ അവന്ജയോടെ നോക്കാതിരിക്കാന്‍ ശ്രമിക്കു.. വെറുതെ അവരുടെ പ്രായത്തിലേക്ക് ഒന്ന് മനസ്സിനെ കൊണ്ട് പോവു.. കണ്ടില്ലേ.. ആ ഷോര്‍ട്ട് പാന്റ്സ് ധരിച്ചവന്‍, അവന്റെ അടുത്ത് നില്‍ക്കുന്ന ചുരുണ്ട മുടികാരനെ നുള്ളുന്നത്, ചുരുണ്ട മുടികാരന്‍ എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നത്  കണ്ടില്ലേ?  ഒറ്റപ്പെടുന്നത് കൊണ്ട് നിങ്ങള്ക്ക് ഒരു നേട്ടവുമില്ല.. സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കു....  കൂട്ടത്തില്‍ ചേരു..  നിങ്ങളിലെ മനസ്സിനെ നിങ്ങള്‍ ചങ്ങലകളില്‍ ബന്ധിപ്പിക്കാതെ ഇരിക്കു..   


"ഞാന്‍ വന്നത്.. ഒരു കാര്യം സംസാരിക്കാനാണ്........."  

എന്താണ് .. പറയു..  സംസാരിച്ചാല്‍ തീരുന്ന പ്രശനം ആണെങ്കില്‍ ഞാന്‍ സഹായിക്കാം

"അവള്‍ക്കു ആവശ്യമുള്ളത് എല്ലാം ഞാന്‍ നല്‍കുന്നുണ്ട്.. കല്യാണം കഴിഞ്ഞിട്ടിപ്പോള്‍ ആറു വര്‍ഷങ്ങളായി .. മൂന്ന് കുട്ടികളും ആയി.. ഞാന്‍ അവള്‍ക്കു എല്ലാം കൊടുക്കുന്നു.. അവളിഷ്ടപ്പെടുന്ന ഭക്ഷണശാലകളില്‍ കൊണ്ട് പോയി  ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കൊടുക്കുന്നു.. 
അവള്‍ക്കു ആവശ്യമുള്ളപ്പോള്‍ പാര്‍ക്കില്‍ കൊണ്ട് പോവുന്നു,
ആവശ്യമുള്ളപ്പോള്‍ വസ്ത്രങ്ങള്‍ വാങ്ങി കൊടുക്കുന്നു  
എന്നിട്ടും അവള്‍ക്കു എന്നോട് സ്നേഹമില്ല.. 
ഇപ്പോള്‍ എനിക്കും അവളെ സ്നേഹിക്കാന്‍ കഴിയുന്നില്ല.. കുട്ടികളായി.. അല്ലായിരുന്നു എങ്കില്‍... ഞാന്‍......


നിങ്ങള്‍ എങ്ങിനെ സ്നേഹിക്കുന്നു എന്നാണ് പറയുന്നത്.. ?
അവളെ നിങ്ങള്‍ കല്യാണം കഴിച്ചു . അതിനു ശേഷം ദുബായിലേക്ക് കൊണ്ട് വന്നു..   പിന്നെ നാല് ചുവരുകള്‍ക്കുള്ളില്‍ അവളുടെ ജീവിതത്തെ നിങ്ങള്‍ തളച്ചിട്ടു..  സ്നേഹം എന്നാല്‍ തടവിലാക്കി വിശക്കുമ്പോള്‍ ഭക്ഷണം നല്‍ക്കുന്ന പ്രക്രിയ ആണോ.?
നിങ്ങള്‍ പലപ്പോഴും അവളെ ഒരു വേലക്കാരി എന്ന തലത്തിലേക്ക് കൊണ്ട് പോവുന്നു. 
നിങ്ങള്ക്ക് ഭക്ഷണം പാകം ചെയ്തു തരുന്ന ഒരു അടുക്കളക്കാരി.. നിങ്ങളുടെ കുട്ടികളെ പ്രസവിക്കാനുള്ള ഒരു ഉപകരണം.. അതിലപ്പുറം നിങ്ങള്‍ അവളെ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? 
അവളോട്‌ നിങ്ങള്‍ ഒന്ന് ചിരിച്ചു സംസാരിക്കാന്‍  ശ്രമിച്ചിട്ടുണ്ടോ?  
ഒരു കാമുകനെ പോലെ, അവളുടെ തോളില്‍ കൈകളിട്ടു തന്റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി.. എന്റെ പ്രിയേ..ഓരോ നാളും നിന്റെ സൌന്ദര്യം കൂടി വരുന്നുണ്ട് എന്ന് പകുതി തമാശയായി അവളോട്‌ പറയാറുണ്ടോ ? 
അവളുടെ മുടി ഇഴകളില്‍ വിരലോടിച്ചു, നുണകുഴിവിരിയുന്ന അവളുടെ കവിളുകളിലെ  തുടിപ്പുകള്‍ കാണാന്‍ ശ്രമിച്ചിട്ടുണ്ടോ?
അവളുടെ മടിയില്‍  തല വച്ച്.. ആ കണ്ണുകളിലേക്കു നോക്കി. എത്ര സംവത്സരങ്ങള്‍ നിന്റെ കൂടെ ജീവിച്ചാലും.. നീ എനിക്ക് എന്നുമെന്നും എന്റെ പ്രാണന്റെ പ്രാണന്‍  ആയിരിക്കും  എന്ന് പറയാറുണ്ടോ?.. 

രാത്രികളില്‍ കുട്ടികള്‍ ഉറങ്ങുന്നത് കാത്തിരുന്നു ... ഒരു കള്ള കാമുകനെ പോലെ അവളുടെ ശരീരത്തോട് ഒട്ടി ചേര്‍ന്ന് കിടക്കാന്‍  ശ്രമിച്ചിട്ടുണ്ടോ?    

കപടന്‍. കപടന്‍.. നിങ്ങള്‍ ഒരു കപടന്‍ ആണ്..
ഒരു ആയിരം പ്രാവശ്യം ഞാന്‍ ഇത് വിളിക്കും.. പോകു എന്റെ മുന്നില്‍ നിന്ന്. 
എന്നിട്ട് നിങ്ങളുടെ  ഭാര്യയെ  സ്നേഹിക്കു.. 


ബസ്‌ ചലിച്ചു തുടങ്ങി.. 
ഡ്രൈവര്‍ വണ്ടി മുന്നോട്ടു എടുത്തു കഴിഞ്ഞു.. ഞാന്‍ ബസ്സിന്റെ ഗ്ലാസ്‌ താഴ്ത്തി പുറത്തേക്കു ഒന്ന് കണ്ണോടിക്കട്ടെ ..
ഈ കാണുന്ന ഓരോ മരങ്ങള്‍ക്കും,  പൂകള്‍ക്കും,  അവയില്‍ തേന്‍ കുടിക്കാന്‍ എത്തുന്ന  പൂമ്പാറ്റകള്‍ക്കും,   
പരാഗ രേണു കൊഴിഞ്ഞ ഈ ഈന്തപനകള്‍ക്കും എത്ര എത്ര കഥകള്‍ 
നമ്മോടു പറയാന്‍ ഉണ്ടാവും..  
ഞാന്‍ തെല്ലു കണ്ണടക്കട്ടെ..
 ഈ സുഖമുള്ള മധുരമുള്ള സഹായാനത്തിന്റെ ഹിമ കണങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന് കൊള്ളട്ടെ..
                                                             

Saturday, June 18, 2011

ഞാനും എന്റെ കുഞ്ഞു അബൂബക്കറും

എവിടുന്നാണ് ആരവങ്ങള്‍? ഞാന്‍ ചെവി വട്ടംപിടിച്ചു.. വീടിന്റെ പുറത്തുനിന്നാണ് എന്ന് തോന്നുന്നു.. ശബ്ദം പുറത്തു കേള്‍ക്കാതെ  ജനല്‍പാളികള്‍ പതുക്കെ തുറന്നു പുറത്തേക്കുനോക്കി.. . അന്തരീക്ഷം നിറയെ  പൊടിപടലങ്ങള്‍, അഴികള്‍ ഇല്ലാത്ത ജനല്‍പാളികളിലൂടെ ദൂമം വീടിനുള്ളിലേക്ക് കടക്കുമെന്ന് തോന്നിപ്പിച്ചു... .. ..പൊടിപടലങ്ങള്‍ എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നത് കൊണ്ടാവണം, ഒന്നും കാണാന്‍ പറ്റുന്നില്ല...കതകിന്റെ സാക്ഷ നീക്കി ഞാന്‍ പുറത്തേക്കിറങ്ങി.. മുറ്റം നിറയെ കുട്ടികള്‍, ചിലര്‍ ഓടുന്നു.. ആര്‍പ്പു വിളിക്കുന്നു.. അവര്‍ക്കിടയിലേക്ക് ഇറങ്ങണോ? വല്ല്യുമ്മ കണ്ടാല്‍, വഴക്കിനു ഒരു കാരണം കൂടി ആവും.. വേണ്ട ഇറങ്ങണ്ട മനസ്സില്‍ പറഞ്ഞു...... എന്നിട്ട് കോലായിലെ ചാരുപടിയില്‍ കയറിനിന്നു. ..ഇപ്പോള്‍ കാണാം കുട്ടികളുടെ ബഹളം..അതിനിടയിൽ ആരോ പറയുന്നത് കേട്ടു ,, "അബൂബക്കര്‍ വന്നു.. അബൂബക്കര്‍ വന്നു" എന്റെ അബൂബക്കര്‍ ആയിരിക്കുമോ? .....മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു... ഞാന്‍ മുറ്റത്തേക്കിറങ്ങി.. കുട്ടികള്‍ക്കിടയില്‍ ഒരാള്‍ ഒരു വലിയ കമ്പ് ഉയര്‍ത്തി പിടിച്ചിരിക്കുന്നു.. തെങ്ങിന്നു വളം ഇടുന്ന കൂട്ടത്തില്‍ വെട്ടിയിട്ട ശീമക്കൊന്നയുടെ ഒരു കമ്പ്‌ ആയിരുന്നു അത്.. അവന്‍ അത് ആകാശത്തിലേക്ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നു അതിനൊത്ത് കുട്ടികള്‍ എല്ലാവരും നൃത്തം ചെയ്യുന്നു .. ഡാ നിന്റെ അബൂബക്കര്‍ വന്നു.. ഹുസൈന്‍ മാമന്റെ മോന്‍ സിയാദ് ആണ് അത് പറഞ്ഞത്. എവിടെ എവിടെ എന്റെ അബൂബക്കര്‍? അവനെ കുട്ടികള്‍ എല്ലാവരും കൂടി വളഞ്ഞു വച്ചിരിക്കുകയാ . .നീ പുറത്തേക്കു ഇറങ്ങണ്ട . നിന്റെ വല്യുമ്മ കണ്ടാല്‍ എന്നെ വഴക്ക് പറയും.. .. സിയാദ്ന്റെ മറുപടി എന്നെ നിരാശയില്‍ ആഴത്തി.. ... .ഞാന്‍ വീടിനകത്തേക്ക് ഓടി.. ...ഉമ്മാ ... ഉമ്മാ.. നമ്മുടെ അബൂബക്കര്‍ വന്നൂ.....


മുടി പറ്റെ വെട്ടിയ തല .. ചൈനക്കാരുടെ ..പോലെ ..ഒട്ടിയ മൂക്ക് .. വട്ടത്തില്‍ ഉള്ള മുഖം.. പിന്നെ ഞങ്ങള്‍ കുട്ടികളെ പോലെ അത്രയും പൊക്കം. ഇതായിരുന്നു എന്റെ അബൂബക്കര്‍ .. ബര്‍മയില്‍ കലാപം ഉണ്ടായപ്പോള്‍ എന്റെ വല്ല്യുപ്പയുടെ കൂടെ എന്റെ ഉപ്പയുടെ തറവാട്ടിലേക്ക് വന്നതായിരുന്നു അബൂബക്കര്‍ ..എന്റെ ഉമ്മയെ ഉപ്പയുടെ തറവാട് വീട്ടിലേക്കു കല്യാണം കഴിച്ചു കൊണ്ട് വരുമ്പോള്‍ അബൂബക്കറിനു എട്ടു വയസായിരുന്നു പ്രായം.. പിന്നെ എന്റെ ഉമ്മ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയപ്പോള്‍ എന്റെ വീടിലേക്ക്‌ അബൂബക്കറും വന്നു. ...അബൂബക്കര്‍ എന്റെ തറവാട് വീട്ടിലേക്കു വരുമ്പോള്‍ ഞങ്ങളുടെ തറവാട്ടില്‍ എണ്ണ ആട്ടുന്ന ചക്ക് ഉണ്ടായിരുന്നു .. ചക്കിന്റെ കഴ പോത്തുകളുടെ കഴുത്തില്‍ കെട്ടിവച്ചു പോത്തുകള്‍ ചക്കിനു ചുറ്റും വലയം വക്കുമ്പോള്‍ ചക്കില്‍ നിന്നും എണ്ണ പുറത്തേക്കു വരും .. പോത്തുകള്‍ക്ക് പിന്നില്‍ ഒരു ചാട്ടയും പിടിച്ചു അബൂബക്കറും ഉണ്ടാവും..... അബൂബക്കറിനെ കണ്ടാല്‍ പോത്തുകള്‍ ആവേശത്തോടെ ചക്ക് വലിക്കും.. ചിലപ്പോള്‍ എന്റെ വല്യുമ്മക്ക് ദേഷ്യം വന്നാല്‍ അബൂബക്കറിനോട് പറയും. പോത്തുകളുടെ പിന്നാലെ നടന്നു നീയും അവരെ പോലെ പോത്തായി മാറിയിട്ടുന്ടന്നു.. അത് കേട്ടാല്‍ അബൂബക്കര്‍ ചിരിക്കും.. അബൂബക്കറിനു വല്യുമ്മയെ ശെരിക്കും ഇഷ്ടായിരുന്നു.. ആ കാലത്ത് ഞാന്‍ ജനിച്ചിട്ടില്ല.. എന്റെ വല്യുമ്മ എന്നെ ഉറക്കാന്‍ പറഞ്ഞു തരുന്ന കഥകളില്‍ അബൂബക്കര്‍ പലപ്പോഴും ഒരു അതിഥിയെ പോലെ കടന്നു വരാറുണ്ട്.. അങ്ങിനെ ആണ് അബൂബക്കര്‍ എന്റെ ഹീറോ ആയി മാറിയത്..അബൂബക്കര്‍ എന്റെ മാത്രം ഹീറോ അല്ല.. ഞങ്ങള്‍ കുട്ടികളുടെ എല്ലാം ഹീറോ ആയിരുന്നു...... ഞങ്ങള്‍ക്കിടയിലെ വലിയ കുട്ടി . അങ്ങിനെ ആയിരുന്നു ഞങ്ങള്‍ അബൂബക്കറിനെ കണ്ടിരുന്നത് .. ഞാന്‍ അബൂബക്കറിനെ കാണുമ്പോള്‍ അബൂബക്കറിനു മുപ്പതു വയസ്സെങ്കിലും ആയിട്ടുണ്ടാവും.. പിന്നെ ഞാന്‍ വളര്‍ന്നു, പക്ഷെ അപ്പോഴും അബൂബക്കറിനു മുപ്പതു വയസ്സായിരുന്നു. അബൂബക്കറിനു വയസ്സ് കൂടില്ല്യത്രെ.... ഒരിക്കല്‍ ഞാനും, അനിയും, മുനീറും കൂടി ചോദിച്ചു, .അബൂബക്കറിന്റെ വയസ്സ് കൂടാത്തതിന്റെ രഹസ്യം........ അപ്പോഴാ അബൂബക്കര്‍ പറഞ്ഞത് .. ബര്‍മയില്‍ ആര്‍ക്കും വയസ്സ് കൂടില്ലത്രേ ....... അവിടെ ഉള്ള അബൂബക്കറിന്റെ ബാപ്പയും അബൂബക്കറിന്റെ അത്ര തന്നെ വലിപ്പം ഒള്ളു. .. വയസ്സാവുമ്പോള്‍ വലിയ ആളുകള്‍ ആവില്ലേ? താടിയും മീശയും എല്ലാം നര കയറില്ലേ? .. അബൂബക്കറിനു താടിയും മീശയും ഒന്നുമില്ല ..അത്കൊണ്ട് അബൂബക്കറിനു വയസ്സാവില്ല ... ..വീട്ടില്‍ ഉമ്മാക്കും വല്ല്യുമാക്കും അബൂബക്കറിന ഇഷ്ടല്ലായിരുന്നു, അതിനു കാരണം .. അബൂബക്കര്‍ വേണ്ടാത്തത് പറഞ്ഞു തന്നു ഞങ്ങള്‍ കുട്ടികളെ ചീത്തയാകുന്നു..എന്നാണ് ഉമ്മ പറയുന്നത്!! അത് കൊണ്ട് അബൂബക്കറിനെ അടുത്ത് പോവരുതന്നാ വീട്ടിലെ അലിഖിത നിയമം.. .. ഞാന്‍ വല്യമ്മയും ഉമ്മയും കാണാതെ ഇടയ്ക്കു അബൂബക്കറിന്റെ അടുത്ത് . പോവും അപ്പോള്‍ അബൂബക്കര്‍ ബര്‍മയിലെ കഥകള്‍ പറഞ്ഞു തരും . ഇടയ്ക്കു ചിലപ്പോള്‍ അബൂബക്കറിനെ കാണാതെ ആവും.. എന്നിട്ട് കുറെ ദിവസങ്ങള്‍ക്കു ശേഷം അബൂബക്കര്‍ വീണ്ടും പ്രതിക്ഷപെടും .. അബൂബക്കര്‍ പൂച്ചയെ ചക്കില്‍ കെട്ടി ദൂരെ സ്ഥലങ്ങളില്‍ കൊണ്ട് വിട്ടത് പോലെ ആണന്നു വല്ല്യുമ്മ പറയും.. അബൂബക്കര്‍ വീട്ടില്‍ ഉള്ള സമയത്ത് .. അബൂബക്കറിനെ അറിയിക്കാതെ ഞങ്ങള്‍ എവിടെ എങ്കിലും പോയാല്‍ ഞങ്ങള്‍ എത്തുന്നതിനു മുമ്പ് അബൂബക്കര്‍ അവിടെ എത്തിയിട്ടുണ്ടാവും.... അബൂബക്കറിനെ അറിയിക്കാതെ ഒരു കാര്യവും വീട്ടില്‍ ചെയ്യാന്‍ പറ്റില്ല.... ഒരു നെയ്‌ചോറോ, ബിരിയാണിയോ വക്കാന്‍ പറ്റില്ല .. എല്ലാത്തിനും അബൂബക്കറിന്റെ സാനിധ്യം ഉണ്ടാവും..
ഞങ്ങളുടെ നാട്ടില്‍ വര്‍ഷത്തില്‍ ഒരു ഉത്സവം ഉണ്ടാവറുണ്ടായിരുന്നു. .. കലംകരി എന്നാണ് ഞങ്ങള്‍ ആ ഉത്സവത്തിനെ പറയാറുള്ളത്. ഓരോ വര്‍ഷത്തിലും കലംകരി വരാന്‍ ഞങ്ങള്‍ കാത്തിരിക്കും .. കലംകരിക്ക് എന്റെ ഉമ്മയുടെ തറവാട്ടില്‍ നിന്നും മാമ്മന്‍മാര്‍ വരും.. അവര്‍ വരുമ്പോള്‍ കുറെ മിട്ടായി കൊണ്ട് വന്നു തരും, പിന്നെ കുറെ പൈസയും തരും ..പൈസ കൊണ്ട് ഞങ്ങള്‍ പിന്നെയും കുറെ മിട്ടായി വാങ്ങും. കലംകരി ഉത്സവത്തിന്‌ ഞങ്ങള്‍ പോകുമ്പോള്‍ അബൂബക്കറും കൂടെ ഉണ്ടാവും.. അബൂബക്കര്‍ പതുക്കെ പതുക്കെയാ നടക്കുന്നത്.. ഞങ്ങളെ പോലെ അബൂബക്കറിന്റെ കാലുകളും ചെറുതായിരുന്നു.. എന്റെ ഉപ്പ നടക്കുനത് പോലെ ധ്രിതിപിടിച്ചു നടക്കാന്‍ അബൂബക്കറിന്റെ കുഞ്ഞിക്കാലുകള്‍ക്ക് പറ്റില്ലായിരുന്നു . അബൂബക്കറിന്റെ കയ്യില്‍ പിടിച്ചോണ്ട് ഞാനും നടക്കും. ഉത്സവത്തിന്‌ ആളുകള്‍കിടയില്‍ കൂട്ടം തെറ്റി പോവാതെ ഇരിക്കാനായിരുന്നു അബൂബക്കര്‍ എന്റെ കൈ പിടിച്ചിരുന്നത് ..എനിക്കും ഉപ്പയെ പോലെ ധ്രിതിയില്‍ നടക്കാന്‍ ഇഷ്ടാണ് പക്ഷെ അബൂബക്കര്‍ സമ്മതിക്കില്ല .. എന്റെ കൈ പിടിച്ചു നടക്കുന്നത് അബൂബക്കറിന്റെ ഒരു അവകാശമാണ് എന്നാണ് മൂപരുടെ തോന്നല്‍.. ഞാന്‍ എത്ര ശ്രെമിച്ചാലും അബൂബക്കറിന്റെ കയ്യില്‍ നിന്ന് എന്റെ കൈക്ക് മോചനം കിട്ടാറില്ല..ഒരിക്കല്‍ ഞാനും അബൂബക്കറും, ഉപ്പയും പിന്നെ എന്റെ മാമനും കൂടി ഉത്സവം കാണാന്‍ പോയി. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ നേരം പാതിര ആയിരുന്നു.  അയല്‍പക്കത്തുള്ള വീടുകളില്‍ ആളുകള്‍ കുറവായിരുന്നു.. അവരില്‍ ചിലര്‍ ഉത്സവം കാണാന്‍ പോയി അപ്പോഴും തിരികെ വീട്ടില്‍ എത്തിയിട്ടില്ലായിരുന്നു.. ഉപ്പയും മാമനും കോലായില്‍ പായ വിരിച്ചു കിടന്നു.... അബൂബക്കര്‍ കോലായിലെ തിണ്ണയിലും കിടന്നു.. അന്ന് എന്റെ മാമന്റെ കയ്യില്‍ കുറെ കാശ് ഉണ്ടായിരുന്നു.. മാമന് പേര്‍ഷ്യയില്‍ പോവാന്‍ എന്റെ അമ്മായി കൊടുത്തതായിരുന്നു ആ കാശ്.    മാമന്‍ കിടക്കുന്നതിനു മുമ്പ് അമ്മായി ആ കാര്യം ഓര്‍മിപ്പിച്ചു ..'കാശ് കള്ളന്മാര് കൊണ്ട് പോവണ്ട .. കൊണ്ട് പോയാല്‍ പിന്നെ നിന്റെ പേര്‍ഷ്യയില്‍ പോക്ക് നടക്കില്ല'....അത് കേട്ട് മാമന്‍ ചിരിച്ചു.. എന്നിട്ട് പറഞ്ഞു ..അങ്ങിനെ ഒരു കള്ളന്‍ ഉണ്ടെങ്കില്‍ അത് ഒന്ന് കണ്ടിട്ട് തന്നെ കാര്യം.. എന്നിട്ട് കാശ് എടുത്തു പായയുടെ അടിയില്‍ വച്ചു.... ഞങ്ങള്‍ എല്ലാരും കൂടി കിടന്നു ഉറക്കമായി.....ഞാന്‍ നടുമുറ്റത്തെ മുറിയില്‍ ആയിരുന്നു കിടന്നിരുന്നത് .. ഉറക്കത്തിനിടയില്‍ എന്തോ ഒരു ശബ്ദം കേട്ട് ഞാന്‍ ഉണര്‍ന്നു. .... വീടിനു പുറത്തു ആരുടെയോ കാല്‍ പെരുമാറ്റം കേട്ടത് പോലെ തോന്നിപ്പിച്ചു ..... ഞാന്‍ ശ്വാസമടക്കി .. കണ്ണുകള്‍ ഇറുകെ അടച്ചു..... എന്തോ തട്ടി മറിയുന്നത് പോലെ ശബ്ദം.. എന്റെ മനസിനുള്ളില്‍ ഭയം ഇരച്ചു കയറി.. ...ഞാന്‍ കുറെ കൂടി കണ്ണുകള്‍ മുറ്കെ അടച്ചു.. ശരീരം വിറക്കാന്‍ തുടങ്ങി .. പുതപ്പു എടുത്തു കാല്‍ മുതല്‍ തല വരെ മൂടി.. പെട്ടന്ന് വീടിനുള്ളിലെ വിളക്കുകള്‍ തെളിഞ്ഞു .. ഉമ്മയും, അമ്മായിയും.. വല്ല്യുമ്മയും കൂടി വാതില്‍ തുറക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു.. ശബ്ദം കേട്ട് ഞാന്‍ തല ഉയര്‍ത്തി നോക്കി....എന്താ ഉമ്മാ എന്താ ഉണ്ടായത്............ ഡാ എഴുന്നേലക്ക് കള്ളന്‍ വന്നു.. ..ഉപ്പ കള്ളനെ പിടിക്കാന്‍ പോയി.. ,,,,ഇത് കേട്ടതും ഞാന്‍ ചാടി എഴുനേറ്റു കോലായിലേക്ക് ഓടി .. അവിടെ എന്റെ മാമന്‍ ഭയന്നു വിറച്ചു നില്ക്ക്ന്നു.... അയല്‍പക്കത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്കു ഇറങ്ങിയിട്ടുണ്ടായിരുന്നു .. ഉപ്പ എവിടെ? ഞാന്‍ ഉമ്മയോട് ചോദിച്ചു.. ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.. എന്റെ ഉപ്പ എവിടെ മാമാ?.....മാമനും ഒന്നും പറയുന്നില്ല.. .....മുറ്റത്ത്‌ നിന്ന് ആരോ പറയുന്നത് കേട്ടു അബ്ദുറഹിമാന്‍ കള്ളനെ കൊണ്ടേ വരൂ...എന്റെ ഉപ്പയുടെ പേരാണ് അബ്ദുറഹിമാന്‍, ഉപ്പാക്ക് ഭയങ്കര ധൈര്യമാണ് .. പക്ഷെ ഉപ്പ വന്നില്ല.. ....അപ്പോള്‍ ഞാന്‍ അബൂബക്കറിനെ നോക്കി.. അബൂബക്കര്‍ എവിടെ പോയി? ... അബൂബക്കറിനെ കാണാനില്ലല്ലോ? അബൂബക്കര്‍ എവിടെ ഉമ്മ? അബൂബക്കറും ഉപ്പാന്റെ കൂടെ ഓടിയിട്ടുണ്ടാവുമോ കള്ളനെ പിടിക്കാന്‍? . അബൂബക്കറിനെ കാണാതായതില്‍ ആര്‍ക്കും വിഷമമില്ലേ? എല്ലാരും എന്റെ ഉപ്പയെ മാത്രമാണ് അന്വേഷിക്കുന്നത് .. അബൂബക്കര്‍ പോയാല്‍ എനിക്ക് ബര്‍മയിലെ കഥകള്‍ ആര് പറഞ്ഞു തരും..ഞാന്‍ ഉത്സവത്തിന്‌ പോവുമ്പോള്‍ എന്റെ കുഞ്ഞി കൈ ആര് പിടിക്കും? ....അബൂബക്കറിനെ ഓര്‍ത്തു ഞാന്‍ കരയാന്‍ ത്ടങ്ങി...... മുറ്റത്ത്‌ നിന്ന് ചിലര്‍ പറയുനത് കേട്ടു .എല്ലാവരും ഇങ്ങിനെ നിന്നാല്‍ എങ്ങിനെയാ? ആരെങ്കിലും ഒന്ന് പോയി നോക്ക്.. ... ആകാശത്തില്‍ അമ്പിളി കല പതുക്കെ പതുക്കെ ചെറുതായി വരാന്‍ തുടങ്ങി....പള്ളിയില്‍ നിന്ന് ബാങ്ക് വിളി മുഴങ്ങി .. വിശ്വാസികളെയും അവിശ്വാസികളേയും വേര്‍തിരിക്കുന്നത് ദൈവത്തിലേക്കുള്ള വിളിക്ക് ഉത്തരം നല്‍കുമ്പോള്‍ ആണ് എന്ന് ഓര്‍മപ്പെടുത്തുന്നത് പോലെ, ..ബാങ്ക് വിളി അന്തരീക്ഷത്തില്‍ മുഴങ്ങി..... എന്റെ ഉപ്പയും അബൂബക്കറും ഇല്ലാത്ത ആ പ്രഭാതത്തെ വരവേല്‍ക്കാന്‍ ദൈവത്തിന്റെ മാലാഖമാര്‍ ഒരുങ്ങി


.. എന്റെ ഉമ്മ തളര്‍ന്നു കോലായില്‍ ഇരുന്നു..വല്ല്യുമ്മയും അമ്മായിയും നെഞ്ചില്‍ അടിച്ചു നിലവിളിക്കാന്‍ തുടങ്ങി .. പെട്ടന്ന്..അകലെ ഒരു പൊട്ടു പോലെ .. ഒരാള്‍ രൂപം പ്രതിക്ഷപെട്ടു.....അത് ..എന്റെ വീടിന്റെ അടുത്തേക്ക് നടന്നടുത്തു.. എല്ലാ മുഖങ്ങളിലും ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും സുഗന്ധം പടര്‍ന്നു.. .. അത് എന്റെ ഉപ്പ ആയിരുന്നു.. എല്ലാവരും കൂടി ഉപ്പയെ പൊതിഞ്ഞു ..എന്താ എന്താ... ഉണ്ടായത്.?? ..കറുത്ത് തടിച്ചു .. ശരീരം നിറയെ എണ്ണ തേച്ചു പിടിപിച്ചവനയിരുന്നു അവന്‍.. കള്ളനെ കുറിച്ചാണ് എന്റെ ഉപ്പ പറയുന്നത് ..ഞാന്‍ അവനെ പിടിക്കാന്‍ നോക്കി.. അവന്‍ വഴുതി പോയി... .. ഞാന്‍ കുറെ ദൂരം അവനെ പിന്തുടരുന്നു.. കിട്ടിയില്ല... ഉപ്പയില്‍ നിരാശ.......പക്ഷെ ഞാന്‍ അവനെ ശെരിക്കും വേദനിപ്പിച്ചിട്ടുണ്ട്.. എന്റെ കയ്യില്‍ ഒരു പേനകത്തി ഉണ്ടായിരുന്നു .. അത് കൊണ്ട് അവന്റെ പുറത്തു ഞാന്‍ ഒരു കുത്ത് കൊടുത്തിട്ടുണ്ട്‌..
എനിക്ക് ആശ്വാസമായി അബൂബക്കര്‍ കറുത്തിട്ടല്ല... പക്ഷെ എണ്ണ തേച്ചു എന്ന് പറഞ്ഞില്ലേ ? അബൂബക്കര്‍ എണ്ണ തെക്കാറുണ്ട്.. അബൂബക്കറിനെ പിടിക്കനയിരികുമോ ഉപ്പ ഓടിയത്? .. അബൂബക്കറിനെ ഓടാന്‍ കഴിയുമോ? അബൂബക്കറിന്റെ കാലു ചെറുതല്ലേ? .. ഇനി എന്തിനാ നീ ഇവിടെ നില്‍ക്കുന്നത്? ഉമ്മ പറഞ്ഞത് കേട്ട് ... ഞാന്‍ മനമില്ല മനസ്സോടെ കിടക്കാന്‍ പോയി.. എന്റെ അബൂബക്കറിനെ കാണാത്ത ദുഖത്തോടെ ഞാന്‍ കിടന്നു.. പുതപ്പു എടുത്തു തല അതിനുള്ളില്‍ മൂടി.... പെട്ടന്ന്...അബൂബക്ര്‍ എന്റെ അടുത്ത് വന്നു നില്കുന്നു...എന്റെ വല്ല്യുമ്മ ഒരു കത്തി എടുത്തു അബൂബക്കറിന്റെ അടുത്തേക്ക് വരുന്നു.. വേണ്ട ഉമ്മാ ..വേണ്ടാ... എന്റെ അബൂബക്കറിനെ കൊല്ലണ്ട... എന്റെ അബൂബക്കറിനെ കൊല്ലണ്ട... ഞാന്‍ അലറി കരഞ്ഞു......എന്താ മോനെ ..എന്ത് പറ്റി... .ഉമ്മാ അബൂബക്കറിനെ കൊല്ലണ്ട.. അബൂബക്കര്‍ കള്ളനല്ല ......മോനെ നീ ഉറക്കത്തില്‍ സ്വപ്നം കണ്ടതാ.. .അബൂബക്കറും ഇല്ല കള്ളനും ഇല്ല.. അബൂബക്കര്‍ എന്നോ മരിച്ചില്ലേ മോനെ, അവന്‍ പോയിട്ട് ഇപ്പോള്‍ രണ്ടു വര്ഷം കഴിഞ്ഞു.. അല്ല ഉമ്മാ ..അബൂബക്കറിനെ ഞാന്‍ കണ്ടു.. .. അന്തരീക്ഷമാകെ പൊടിപടലങ്ങള്‍.. വീടിന്റെ പുറത്തു നിന്ന് ആരവങ്ങള്‍ കേള്‍കുന്നില്ലേ.. കുട്ടികളുടെ ആര്‍പ്പു വിളികള്‍ കേള്‍കുന്നില്ലേ? കണ്ടില്ലേ കുട്ടികള്‍ അബൂബക്കറിനു ചുറ്റും നൃത്തം ചവിട്ടുന്നത്.. .. മോനെ.. മോന്റെ അബൂബക്കര്‍ മരിച്ചു ....മോന്‍ ഉറക്കത്തില്‍ സ്വപ്നം കണ്ടതാ ..... ഉമ്മാ എന്റെ അബൂബക്കര്‍ ഇനി വരില്ലേ? ഞാന്‍ ഉത്സവത്തിന്‌ പോവുമ്പോള്‍ എന്റെ കുഞ്ഞി കൈ പിടിക്കാന്‍? എനിക്ക് ബര്‍മയിലെ കഥകള്‍ പറഞ്ഞു തരാന്‍.?.


Thursday, June 9, 2011

മരം പെയ്യുന്നു
മരം പെയ്യുന്നു
----------------------
"മനു, നിനക്ക് എന്താണ് അറിയേണ്ടത്? നീ ചോദിക്കുന്നത് പറയാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. വേറെ വല്ലതും ചോദിക്ക് പ്ലീസ്‌. നീ നിരന്തരം എന്തിനാണ് ഇതിനെ കുറിച്ച് മാത്രം അറിയാന്‍ താല്പര്യപ്പെടുന്നത്? നമുക്ക് ഇത് മാത്രമാണോ സംസാരിക്കാനുള്ളത്? വെറുതെ ഈ ഒരു സായാഹ്നം എന്റെ കഥകള്‍ പറഞ്ഞു നശിപ്പിക്കണോ?"
.
'ഞാന്‍ അത് പറയണോ റീത്ത? ഞാന്‍ എന്തിനു അറിയണമെന്ന് നിനക്ക് നന്നായി അറിയാം. എന്‍്റെ കണ്ണുകളിലേക്കു നോക്ക് എവിടെയെന്റെ ഹൃദയം നിനക്ക് കാണാന്‍ കഴിഞ്ഞേക്കാം. എല്ലാം കാര്യങ്ങളും പറഞ്ഞു അറിയിക്കാന്‍ പറ്റുമോ? ചിലതൊക്കെ ഹൃദയത്തിന്റെ അഗാതതയില്‍ നിന്ന് പുറത്തേക്ക് എടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന അവസരങ്ങളും നമ്മുക്ക് ഉണ്ടാവാറില്ലേ? ചില സമയങ്ങളിലെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ ഹൃദയം തുറക്കാന്‍ പറ്റാത്തതും അത് കൊണ്ടാണ്. നമ്മുടെ മനസ്സിലുള്ളത് പ്രകടിപ്പിക്കാന്‍ കഴിയാതെ നമ്മള്‍ നിസ്സാഹായരാവുന്നു. പ്രത്യാകിച്ചും സ്നേഹിക്കുന്നവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. എന്നിട്ട് നമ്മള്‍ പരസ്പരം കുറ്റപ്പെടുത്തും. റീത്ത, ഒരിക്കല്‍ ഒരു രോഗി ഇത് പോലെ എന്റെ മുന്നില്‍ വന്നു. അയാള്‍ക്ക് ഭാര്യെയെ വളരെ ഇഷ്ടമാണ്. അയാളുടെ മനസ്സ് നിറയെ സ്നേഹമാണ്. സ്നേഹത്തിന്റെ തീക്ഷണത അയാളുടെ ഇടറുന്ന വാക്കുകളില്‍ നിന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. പക്ഷെ ഭാര്യയോടു അത് പ്രകടിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. ഭാര്യക്ക് അയാളുടെ സ്നേഹത്തിന്റെ ആഴം അറിയാനോ, മനസിലാക്കാനോ പറ്റുന്നുണ്ടായിരുന്നില്ല. അയാള്‍ക്ക് ഭാര്യയോടു സ്നേഹത്തോടെ സംസാരിക്കണമെന്നുണ്ട്. പക്ഷേ അയാള്‍ സ്നേഹിക്കാന്‍ ആഗ്രഹിച്ചു പറയുന്ന വാക്കുകളെല്ലാം കലഹങ്ങളിലേക്ക് എത്തുന്ന തരത്തില്‍ ആയിരിക്കും. ഞാന്‍ അതിനു അയാളുടെ പറഞ്ഞു കൊടുത്തത് കണ്ണുകള്‍ കൊണ്ട് സംസാരിക്കാനാണ്. ഒരു നോട്ടം കൊണ്ട് തന്നെ പ്രണയം ഒരു മിന്നല്‍ പിണര്‍ പോലെ ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് ഒരു കുളിര്‍മയുള്ള ജ്വാലയായി പടര്‍ന്നു കയറും. .ലഘുവായി പറഞ്ഞാല്‍ ഹൃദയവും ഹൃദയവും തമ്മിലുള്ള ഭാഷയാണ് പ്രണയം, അത് കണ്ണുകളിലൂടെ സ്പര്‍ശനത്തിലൂടെ നമ്മുക്ക് പ്രകടമാക്കാന്‍ കഴിയണം.'
.
"ശരി മനു സമ്മതിച്ചു, ഒരു വലിയ മനഃശാസ്‌ത്രജ്ഞന്‍. ഒന്ന് പോടാ"
.
'എടീ പെണ്ണെ, നീ കോളേജില്‍ പോയിലെക്‌ചര്‍ ചെയ്യുന്നത് പോലെ അല്ല ചികിത്സ'
.
"ഓ പിന്നെ... കുട്ടികളെ പഠിപ്പിക്കാനും അവരുടെ മനശാസ്ത്രം അറിയണം. മനു, നമ്മള്‍ എന്തിനായിരുന്നു കണ്ടുമുട്ടിയത്? ഞാന്‍ നിന്നെ കണ്ടു മുട്ടുന്നത് വരെയും, എന്റെ കഴിഞ്ഞ കാലത്തില്‍ ജീവിക്കുകയായിരുന്നു. ഇപ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത് എനിക്കൊരു വര്‍ത്തമാനകാലം ഉണ്ടന്ന്. ആദ്യമൊക്കെ നിന്റെ ഫിലോസഫി എനിക്ക് അസ്സഹനീയാമായിരുന്നു. പക്ഷേ നീ എന്നെ എത്രമാത്രം പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് ഈ നിമിഷം ഞാന്‍ അറിയുന്നു. ഞാന്‍ എന്റെ ഭൂതകാലത്തെ കുറിച്ച് പറയുമ്പോള്‍, നീ പറയാറില്ലേ? പിന്തിരിഞ്ഞു നോക്കി നടക്കാന്‍ നമുക്ക് പറ്റുമോന്ന്? പിന്നോട്ട് തിരിഞ്ഞു നോക്കിയുള്ള നമ്മുടെ പ്രയാണം എത്ര ദുഷ്കരമാണെന്ന്‍? ഇപ്പോള്‍ എനിക്ക് മനസിലായി അതിന്റെ പൊരുള്‍. ഇനി ഞാന്‍ പിന്നോട്ടില്ല മുന്നോട്ടു മാത്രം. പക്ഷേ ഇപ്പോള്‍ നീ എന്നെ വീണ്ടും പിറകോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നു.. എന്തിനാ മനു അത്? "
..
'നോക്ക് റീത്ത, ചിലപ്പോളെങ്കിലും നമുക്ക് നമ്മളെ അറിയാന്‍ അത് വേണ്ടി വരും, അത് മാത്രമാവരുത് ജീവിതം എന്നുമാത്രമേ ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമൊള്ളു. ഞാനിപ്പോള്‍ നിന്നോട് പറയുന്നത് പിന്നോട്ട് നടക്കാനല്ല മരങ്ങളെ പോലെ പെയ്യനാണ്. അങ്ങിനെ പറഞ്ഞാല്‍ എന്താണന്നു അറിയുമോ? മഴ പെയ്തു തോര്‍ന്നാലും മരങ്ങളില്‍ അവശേഷിക്കുന്ന ജല കണികകള്‍ ഭൂമിയുടെ മാറിലേക്ക്‌ ഇറ്റിറ്റു വീണു കൊണ്ടിരിക്കും അതിനു മലയാളത്തില്‍ പറയുന്ന പദമാണ് 'മരംപെയ്യുക' എന്ന്.'
..
"ശരി .. ശരി.. ഞാന്‍ എന്ന മരം പെയ്യാന്‍ പോവുകയാണ്. ഞാന്‍ ബാംഗ്ലൂര്‍, ഒരു കോളേജില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. എനിക്കപ്പോള്‍ ഇരുപത്തിയാറു വയസ്സ് പ്രായം വരും, വീട്ടില്‍ അപ്പച്ചനും അമ്മച്ചിക്കും നിര്‍ബന്ധം. കല്യാണം തന്നെയായിരുന്നു വിഷയം. എനിക്ക് എന്തോ ഓര്‍മ്മവച്ച നാള്‍ മുതല്‍ ആണ്‍വര്‍ഗത്തെ വെറുപ്പായിരുന്നു. അത്തരം ചിന്ത എങ്ങിനെയെന്റെ മനസ്സില്‍ വന്നു അടിഞ്ഞുകൂടിയെന്നറിയില്ല. എങ്ങിനെയോ ആ വെറുപ്പ്‌ എന്റെ ഹൃദയത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. ഒരു പക്ഷേ എന്റെ ജീവിതാനുഭവങ്ങള്‍ അതിനു പ്രേരകമായിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ ഞാനൊരിക്കലും ഒരു കല്യാണത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. വീട്ടില്‍ എല്ലാവര്ക്കും അറിയാമായിരുന്നു അത്. അമ്മയുടെ മടിയില്‍ തല വച്ച് കിടക്കുമ്പോള്‍ എന്റെ മനസ്സിലെ ഇത്തരം വികാരങ്ങള്‍ ഞാന്‍ പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു. അമ്മ അപ്പോള്‍ മൌനിയായി മാറും. അത് എന്നെ കുറെ വിഷമിപ്പിച്ചിരുന്നു. പിന്നെ പിന്നെ ഞങ്ങള്‍ ഈ കാര്യങ്ങള്‍ സംസാരിക്കാതെയായി. പക്ഷേ വീണ്ടും വിവാഹം ഒരു വിഷയമായി വന്നപ്പോള്‍ ഞാന്‍ അത്ഭുതപെട്ടു. എന്റെ മനസ്സിലെ വികാരങ്ങള്‍ അറിയാമായിരുന്നിട്ടും പിന്നെയും അതെങ്ങിനെ ചര്‍ച്ച വിഷയമായി!!. ഒരു പക്ഷേ അമ്മയുടെയോ അപ്പച്ചന്റെയോ തറവാട്ടിലെ ഏതെങ്കിലും ചടങ്ങിനിടയില്‍ ഒരു ചര്‍ച്ച വിഷയമായതാവാം. അല്ലെങ്കില്‍ അമ്മയുടെ കാലശേഷം എനിക്കൊരു തുണയില്ലാത്ത വിധം ഞാന്‍ ഒറ്റപെട്ടു പോവുമോ എന്നുള്ള ഭയമായിരിക്കാം. കൂടെ പഠിച്ചിരുന്ന കല്ല്യാണം ചെയ്ത ചില സുഹ്ര്‍ത്തുക്കളൊക്കെ അവരുടെ കുടുംബജീവിതത്തിന്റെ താളപിഴകള്‍ എന്നോട് പറയാറുണ്ടായിരുന്നു. എന്റെ തീരുമാനം എത്ര മാത്രം ശരിയാണെന്നുള്ള കാര്യം അപ്പോഴെക്കെ തെല്ലു അഹങ്കാരത്തോടെ ഓര്‍ത്തുപോയിട്ടുണ്ട്. മനു, പറയു എന്താണ് ഒരു വിവാഹത്തിന്റെ ആവശ്യകത, സ്ത്രീക്ക് അല്ലെങ്കില്‍ പുരുഷന്? എന്ത് കൊണ്ട് തനിയെ ജീവിച്ചു കൂടാ?"
....
'അയ്യോ മോളെ, ഒരു വലിയ ടാസ്ക് ആണല്ലോ? ഞാന്‍ ഫിലോസഫി പറയുമെങ്കിലും ഇത് പോലെയുള്ള ചോദ്യങ്ങളൊന്നും എന്റെ മനസ്സില്‍ ഇത് വരെ വന്നിട്ടില്ല. അതുകൊണ്ടുതന്നെ മുമ്പ് ആരോടെങ്കിലും പറഞ്ഞ ഒരുത്തരവും എന്റെ കയ്യിലില്ല. പക്ഷേ ഒരിക്കല്‍ ഞാന്‍ ഒരു യാത്രക്കാരിയെ ദുബായില്‍ വച്ച് കണ്ടുമുട്ടി. അവള്‍ ഹോളണ്ടില്‍ നിന്ന് ലോകം കാണാന്‍ ഇറങ്ങിയ ഒരു ടൂറിസ്റ്റ് ആയിരുന്നു. അവള്‍ എന്നോട് ഹില്‍ട്ടണ്‍ ഹോട്ടലില്‍ എത്താനുള്ള വഴി അനേഷിച്ചു. ഞാനും അങ്ങോട്ടുള്ള യാത്രയില്‍ ആയത് കൊണ്ട് അവളെയും എന്റെ കൂടെ കൂട്ടി. ഞങ്ങള്‍ കുറെ സംസാരിച്ചു. ഭാരത സ്ത്രീകളും, നമ്മുടെ സാംസ്‌കാരിക ആഘാതങ്ങളുമെല്ലാം ചര്‍ച്ച വിഷഷമായി. അതിന്ടക്ക് ഞങ്ങള്‍ വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ ഇടയായി. അവള്‍ വിവാഹം ചെയ്തിട്ടില്ലന്നും അവള്‍ക്കു ഒരു ബോയ്‌ ഫ്രണ്ട് ഉണ്ടന്നും അത് കൊണ്ട് വിവാഹത്തിന്റെ ആവശ്യമില്ലന്നും എന്നോട് പറഞ്ഞു .നീ ചോദിച്ചത് പോലെ എന്തിനാണ് വിവാഹമെന്നു അവളും ചോദിച്ചു. എനിക്ക് പെട്ടെന്നൊരു ഉത്തരം കൊടുക്കാന്‍ പറ്റിയില്ല. നടക്കുന്നതിനിടയില്‍ അവള്‍ പൊടുന്നനെ കാല്‍ തെന്നി വീഴാന്‍ പോയി. ഞാന്‍ അവളെ പിടിച്ചു എഴുന്നേല്‍പ്പിച്ചു എന്നിട്ട് പറഞ്ഞു ഇതിനാണ് വിവാഹം. നിങ്ങള്‍ ഇപ്പോള്‍ വീഴാന്‍ പോയില്ലേ അതുപോലെ ജീവിതത്തില്‍ ആരും താങ്ങാനില്ലാതെ ഒറ്റപെട്ടു പോവുന്ന നിമിഷങ്ങള്‍ ഉണ്ടാവും. അവിടെ ഒരു താങ്ങായി, തണലായി നമ്മുടെ നിഴല്‍പറ്റി ഒരാളുണ്ടാവണം. ആ കൈക്കുള്ളില്‍ നമ്മള്‍ പൂര്‍ണമായും സംരക്ഷിതരായിരിക്കും. നിന്നോടും ഇതേ ഉത്തരം പറയാനാണ് എനിക്ക് തോന്നുന്നത്.'
"മനു, ഇങ്ങിനെയൊരു ഉത്തരം പോലും എനിക്കുണ്ടായിരുന്നില്ല. എന്തിനാണ് വിവാഹമെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. അപ്പോള്‍ അമ്മ മൌനിയായി കുറെ നിമിഷങ്ങള്‍ നിന്നു. ഇടയ്ക്കു കണ്ണുകള്‍ നിറഞ്ഞു വരുന്നതായി എനിക്ക് തോന്നി. അമ്മയുടെ സങ്കടം കണ്ടു നില്ക്കാന്‍ കഴിയാത്തത്കൊണ്ട് ഞാന്‍ വിവാഹത്തിന് സമ്മതം അറയിച്ചു. പക്ഷെ ഒരു നിബന്ധന വച്ചു. ഞാന്‍ ആഗ്രഹിക്കുന്നത് പോലെയാവണം വിവാഹം . എന്റെ വരനെ ഞാന്‍ കണ്ടെത്തും എന്നിട്ട് ഞാനയാളെ സ്നേഹിച്ചു നോക്കും. അയാള്‍ സ്നേഹിക്കാനും സ്നേഹിക്കപെടാനും അര്‍ഹാനാണെന്നു എനിക്ക് ബോധ്യമാവണം. എന്റെ ചിന്തകളും അയാളുടെ ചിന്തകളും ഒന്നാണെന്ന തോന്നല്‍ എന്നില്‍ ഉണ്ടാവുമ്പോള്‍ മാത്രമേ ഞാനൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കു. അമ്മക്ക് ആദ്യം സമ്മതമായിരുന്നില്ല. പിന്നെ അങ്ങിനെയല്ലാതെ വേറെയൊരു വിവാഹമില്ലന്നു ഞാന്‍ വാശി പിടിച്ചപ്പോള്‍ അമ്മക്ക് വേറെ നിര്‍വാഹമില്ലാതെയായി"
.
'എന്നിട്ട് എന്ത് സംഭവിച്ചു റീത്ത? അങ്ങിനെ ഒരാളെ കിട്ടിയോ? ആരെങ്കിലും അങ്ങിനെ ഒരു ഈ ആവശ്യത്തിനു തയ്യാറായോ'
.
"അങ്ങിനെയൊരാള്‍ ഇല്ലെങ്കില്‍ എനിക്ക് വിവാഹം വേണ്ട എന്നായിരുന്നു എന്റെ തീരുമാനം. അത് കൊണ്ട് അങ്ങിനെയൊരാളെ കണ്ടെത്തുന്നത് വരെ കാത്തിരുന്നു. അയാളൊരിക്കലും കേരളത്തില്‍ താമസിക്കുന്ന ഒരു മലയാളിയാവരുതെന്നു ഞാന്‍ ആദ്യമേ ആഗ്രഹിച്ചിരുന്നു. അതിനുകാരണം, കേരളത്തിലുള്ള പുരുഷനമാര്‍ക്ക് സ്ത്രീകള്‍ എന്നാല്‍ അവരുടെ അടിമകള്‍ ആണെന്ന കാഴ്ചപ്പാടാണ്. മാത്രമല്ല കുറെ മുന്‍വിധികളും നിര്‍ബന്ധബുദ്ധികളും ചേര്‍ന്ന വികാരങ്ങളാണ് അവരെ മുന്നോട്ടു കൊണ്ട് പോവുന്നത്.'
.
'സ്വാമി വിവേകാനന്ദനെ ഓര്‍ത്തു പോവുന്നു. കേരളം ഒരു ഭ്രാന്താലയമെന്നു പറഞ്ഞത് എത്ര ശരിയാണ്. എന്നിട്ട്?'
.
"അങ്ങിനെ ഞാനൊരു ന്യൂസ്‌പേപ്പറില്‍ പരസ്യം കൊടുത്തു. ആദ്യമാദ്യം ആരും പ്രത്യുത്തരം ചെയ്തില്ല. പിന്നീട് ഒരാള്‍ ചെയ്തു. അതൊരു മറുനാടന്‍ മലയാളി ആയിരുന്നു. എന്റെ ആവശ്യങ്ങളെല്ലാം അയാള്‍ അംഗീകരിച്ചു. ഞങ്ങള്‍ സ്നേഹിക്കാന്‍ തുടങ്ങി. കഷ്ടിച്ച് ഒരു ആറു മാസം മാത്രം, അപ്പോഴേക്കും അയാള്‍ തനിനിറം പുറത്തെടുക്കുവാന്‍ തുടങ്ങി. ഞാന്‍ അയാളുടെ വേലക്കാരി, അയാള്‍ പറയുന്നതെക്കെ ഞാന്‍ കേള്‍ക്കണം, ഞാന്‍ ചെയ്യുന്നതിനെല്ലാം കുറ്റം. അങ്ങിനെ അയാളുമായുള്ള 'സൗഹൃദം' ഞാന്‍ മതിയാക്കി. പിന്നീടാണ് മാത്യുസിനെ കാണുന്നത്. അദ്ധേഹത്തിന്റെ അമ്മ മലയാളി, പപ്പ നോര്‍ത്ത് ഇന്ത്യന്‍. ഞങ്ങള്‍ ഒരേ പോലെ ചിന്തിക്കുന്നവര്‍, ഒരേ പോലെ ഇഷ്ടങ്ങള്‍ ഉള്ളവര്‍. സ്നേഹത്തിന്റെ അതുല്ല്യമായ നിധി ഞാന്‍ അദ്ദേഹത്തില്‍ കണ്ടെത്തി. അദ്ദേഹത്തിന് മാത്രമായി ഒരിഷ്ടവുമില്ല. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കെല്ലാം എന്റെ ധാര്‍മ്മികപിന്തുണ വേണമായിരുന്നു. അത് പോലെ തന്നെ എനിക്കും, എല്ലാത്തിനും അദ്ദേഹം വേണം. എന്നെ കാണുന്നതിനു മുമ്പുവരെ അദ്ദേഹവും കല്ല്യാണം വേണ്ടെന്ന തീരുമാനത്തിലായിരുന്നു. അഥവാ കല്ല്യാണം ചെയ്യുകയാണെങ്കില്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു അവളെ പൂര്‍ണമായും മനസ്സിലാക്കിയതിനു ശേഷമേ അതിനു ശ്രമിക്കു എന്നായിരുന്നു തീരുമാനം. അതുകേട്ടപ്പോള്‍ ദൈവം അദ്ദേഹത്തെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എനിക്കുവേണ്ടിയായിരിക്കുമെന്നെനിക്ക് തോന്നി. അദ്ദേഹം മുംബൈയിലും ഞാന്‍ ബാംഗ്ലൂരൂം ആയിരുന്നു. എല്ലാ അവധി ദിനങ്ങളിലും അദ്ദേഹം ബാംഗ്ലൂര്‍നു വരും. അല്ലെങ്കില്‍ ഞാന്‍ മുംബൈക്ക് പറക്കും. ഞാന്‍ പറയുന്നത് എല്ലാം സാധിപ്പിച്ചു തരുന്ന പവിത്രതയുടെ ഉറവിടമായ എന്റെ മാലാഖയായി അദ്ദേഹം മാറി. എന്റെ ജീവിതത്തിന്റെ ഏറ്റവും സൌരഭ്യവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളായിരുന്നു ആ ദിനങ്ങള്‍. രണ്ടു പേര്‍ക്കും പരസ്പരം പിരിഞ്ഞു ജീവിക്കാന്‍ സാധിക്കില്ല എന്നവസ്ഥ വന്നപ്പോള്‍ . ഞങ്ങള്‍ തീരുമാനിച്ചു കല്ല്യാണം കഴിക്കാന്‍. എന്റെ വീട്ടുകാര്‍ വളരെയധികം സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്. അമ്മക്ക് നിധി കിട്ടിയത് പോലെയായി. ചെറുപ്പക്കാരികളെ പോലെ അമ്മ വീടുമുഴുവന്‍ ഓടിനടന്നു. ചടങ്ങുകള്‍ വളരെ ലളിതമായി മതിയന്നയിരുന്നു എന്റെ തീരുമാനം അമ്മച്ചി ചെവികൊണ്ടില്ല. ഞാന്‍ നിര്‍ബന്ധം പിടിച്ചതുമില്ല കാരണം ഈ സ്വാതന്ത്ര്യമെങ്കിലും അമ്മക്ക് വിട്ടുകൊടുക്കണമെന്ന് മനസ്സിനുള്ളില്‍ നിന്നാരോ പറയുന്നത് പോലെ എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. ലോകത്ത് ഒരു സ്ത്രീക്കും കിട്ടാത്ത ഒരു സൌഭാഗ്യമാണ് എനിക്ക് കിട്ടിയിരിക്കുന്നതെന്നു എനിക്ക് തോന്നി. ഒരാളെ രണ്ടു വര്‍ഷത്തോളം സ്നേഹിക്കാന്‍ കഴിയുക, അയാള്‍ തന്റെ ജീവിതത്തില്‍ എന്നുമെന്നും കൂടെ ഉണ്ടാവുമെന്ന് ഉറപ്പു വരുത്തുക, എന്നിട്ട് അയാളെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുക. ഇങ്ങിനെ ആര്‍ക്കു പറ്റും?"
.
കല്യാണത്തിന് ശേഷം ഞങ്ങള്‍ മുംബൈയില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. ആ നിമിഷത്തെ കുറിച്ച് വര്‍ണിക്കാന്‍ വാക്കുകളില്ല മനു. ഞങ്ങളൊന്നിച്ചുള്ള നിമിഷങ്ങളിലൂടെ ഞാന്‍ മത്യുസിനെ അറിയുകയായിരുന്നു. എന്റെ കിനാവുകള്‍ക്ക് മാത്യുസ് ചിറകുകള്‍ നല്‍കി എന്നിട്ട് എന്നെ നക്ഷത്രങ്ങളുടെ ലോകത്തേക്ക് കൊണ്ട്പോയി. ആ അനന്ത നീല വിഹായുസ്സിനുള്ളില്‍ ഞാന്‍ ഒരപ്സരസായീ പറന്നു നടന്നു. എവിടെനിന്നോ തേടിപിടിച്ചു എന്റെ ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്ന ചിപ്പിക്കുള്ളിലെ മുത്തായി തീര്‍ന്നു മാത്യുസ്. പതിയെ പതിയെ ഞാന്‍ ആ സ്നേഹാമൃതത്തിന്റെ മാധുരിയില്‍ ഞാന്‍ അലിഞ്ഞില്ലാതെ ആയി. സ്വര്‍ഗമായ്, സ്വപനമായ് വര്‍ണങ്ങളുടെ അണയാത്ത ദീപമായി ആ സ്വരം എന്റെ ആത്മാവില്‍ കത്തി ജ്വലിച്ചു. മാത്യുസിന്റെ സാമിപ്യം എനിക്ക് വായുവും ജലവുമായി. ഇന്ദ്രിയങ്ങളില്‍ ആ തൂവല്‍സ്പര്‍ശം, മരവിച്ചുകിടക്കുന്ന എന്റെ പ്രാണനില്‍ അമൃത് പകര്‍ന്നു. എന്റെ സ്വപനങ്ങള്‍ എന്തായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു.
.
പക്ഷേ ...മനൂ പെഴ്ത് ഒഴിഞ്ഞുപോയ ഒരു പേമാരിയുടെ ഓര്‍മകളുമായി, ഇന്ന് ഞാനൊരു മരമായി പെയ്യുകയാണ്. ഇറ്റിറ്റു വീണുടഞ്ഞു വേര്‍പിരിഞ്ഞ ആ തുള്ളികളില്‍ മൂകമായി ഞാന്‍ ആ കണ്ണുകള്‍ തേടികൊണ്ടിരിക്കുന്നു. എനിക്കറിയില്ല എന്തിനാണ് മാത്യുസ് ഒരു പേമാരിയായി എന്നിലേക്ക്‌ പെയ്തത്..പിന്നെയൊരു പ്രഹേളികയായി എന്നിൽനിന്നും മറഞ്ഞത്. ഒരു പക്ഷേ ഇപ്പോള്‍ അദ്ദേഹം മറ്റൊരാളിന്റെ സ്വന്തമാവാം, എന്നാലും വെറുതെ, ഉള്ളിന്റെ ഉള്ളില്‍ മറ്റൊരു മഴയ്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുന്നു.. എന്റെ പ്രണയമേ ... നിന്നെ ഞാന്‍ എവിടെയാണ് അറിയാതെ പോയത്..??"
?"

Saturday, June 4, 2011

എന്റെ ബാല്യകാല സഖി
"മീഞ്ചന്ത പാലം പൊളിച്ച കാലം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?"
അയാളുടെ ചോദ്യം കേട്ട മാത്രയിൽ ഞാൻ  തെല്ല്‌നേരം ചിന്തയിൽ മുഴുകിയതിന്  ശേഷം  "ഇല്ല " എന്ന് മറുപടി നല്കി.
അപ്പോൾ അയാൾ പറയാൻ തുടങ്ങി  "എന്നാല്‍ അങ്ങിനെയൊരു കാലമുണ്ടായിരുന്നു.   
ആരും പ്രതീക്ഷിക്കാതെയാണ്  ആ പാലം പൊളിച്ചത്.  
അതുവരെ  ഒരു സമൂഹമായി ജീവിച്ചുകൊണ്ടിരുന്നവർ 
വേർപിരിഞ്ഞ് പുഴയുടെ ഇരുകരകളിലായി ജീവിതം ആരംഭിച്ചു.  
തൊട്ടുമുമ്പുവരെ തങ്ങള് അനുഭവിച്ചിരുന്ന  കഷ്ടപാടുകളെയും, ദുരിതങ്ങളേയും എല്ലാം ഒത്തുരുമിച്ചു നേരിട്ടവർക്കിടയിൽ  
എന്റെതെന്നും  നിന്റെതെന്നും, പറഞ്ഞു പരസ്പരം പോരടിക്കുന്ന ഒരവസ്ഥ പൊടുന്നനെ സംജാതമായി.  ആ പാലത്തിന്റെ തകര്ച്ച കാരണമാണ് എന്റെ ബാല്യകാല സഖിയുടെ ഓർമ്മകൾ എന്നിൽ വീണ്ടും തളിരിട്ടത്"

അയാൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ആ കാലഘട്ടത്തെ കുറിച്ചോർത്തു.   പുഴയുടെ ഇരുകരകളിലായി താമസിക്കുന്ന കുറെ  മനുഷ്യരും 
അവരെ പരസപരം  ബന്ധിപ്പിച്ചു നിർത്തിയിരുന്ന ഒരു പാലവും എന്റെ മനസ്സിലേക്ക് ഓടിയെത്തി.  ആ പാലം, ഒരു സ്വപ്നസാക്ഷാല്കാരം ആയിരുന്നിരിക്കണം.   
പ്രയാസങ്ങളുടെ കടത്തുതോണിയില്‍ നിന്ന് ഒരു നാടിന്റെ പുരോഗതിയിലേക്കുള്ള പരിവർത്തനം അത് വഴി സാധ്യമയിട്ടുണ്ടാവണം. 
അതിന്റെ തകർച്ച  ഉൾകൊള്ളാൻ കഴിയാതെ  ആ പാവം മനുഷ്യർ കുറെനാൾ അസ്വസ്ഥരായിട്ടുണ്ടാവുമെന്നു തീര്ച്ചയാണ്.   
സ്വന്തമെന്നു  കരുതിയത് പെട്ടെന്ന്  വേര്‍പ്പെട്ടുപോവുക പിന്നെയത് മറ്റൊരു സമൂഹത്തിന്റെതായി മാറുക,  പിന്നീട്  അത്തരം ചിന്തകളിൽ നിന്നുണ്ടാവുന്ന വൈകാരികത അസ്വസ്ഥതയുടെ തീ പടർത്തുമ്പോൾ  
അവരുടെ സാമാന്യബുദ്ധിയുടെ പ്രവര്‍ത്തനക്ഷമതയില്‍  പരിവര്‍ത്തനം ഉണ്ടാവുകയും 
അതുമൂലം അവർ   ഹൃംസ ജന്തുക്കളെ പോലെ പരസ്പരം പോരടിപ്പിക്കുന്ന സ്ഥിവിശേഷങ്ങളിലേക്ക്...
"നിങ്ങള്‍ സീറ്റ്‌ബെല്‍റ്റ്‌ ഇട്ടില്ലേ?" അയാളുടെ ചോദ്യം എന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി.

ഒരു  ഷയറിംഗ്  ടാക്സിയിലായിരുന്നു ഞാൻ ഇരുന്നിരുന്നത്.  
ഞാന്‍ സീറ്റ്‌ ബെല്‍റ്റ്‌ നേരെയാക്കിയപ്പോൾ  അയാള്‍ 'സ്റ്റാര്‍ട്ട്‌ കീ'  പ്രസ്‌ ചെയ്തു. കാര്‍ ചെറുതായി കുലുങ്ങികൊണ്ട് സ്റ്റാര്‍ട്ട്‌ ആയി.  
ഞാന്‍ അയാളെ നോക്കി സ്വരം താഴ്ത്തി പറഞ്ഞു.." നിങ്ങള്‍ ഇപ്പോൾ കുറെ കൂടി ചെറുപ്പം ആയിട്ടുണ്ട്‌.
നാല്  മാസങ്ങള്ക്ക് മുമ്പാണ്  നിങ്ങളെ ആദ്യമായി  ഞാൻ  കാണുന്നത്.  
അന്നൊന്നും  നിങ്ങളുടെ മുഖത്ത്  ഇപ്പോഴുള്ളത് പോലെ സന്തോഷമുണ്ടായിരുന്നില്ല"  
അയാള്‍ കാറിനുള്ളിലെ  റേഡിയോ ടൂണ്‍  ചെയ്യുന്ന ജോലിയിലായിരുന്നു.  
ഞാന്‍ പറഞ്ഞത് കേട്ടപ്പോള്‍ അയാള്‍ എന്റെ തൊട്ടരികിലേക്ക് ചേര്‍ന്നിരുന്നുകൊണ്ട് ചോദിച്ചു   
'ഞാന്‍ ചെറുപ്പമായെന്ന് ഒന്ന് കൂടി പറയാമോ?' 
എന്റെ മനസ്സില് അയാളോട് തോന്നിയ നീരസം പുറത്തുകാണിച്ചുകൊണ്ട്  ഞാൻ മറുപടി നല്കി  "ഞാന്‍ വെറുതെ പറഞ്ഞതല്ല......." 
എന്റെ മറുപടി കേട്ടപ്പോൾ, അയാള്‍ എന്റെ പുറത്തു തട്ടി  സ്നേഹപൂര്‍വ്വം പറഞ്ഞു 
'ദേഷ്യം പെടാണ്ട.  നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. ഞാനിപ്പോൾ വളരെയധികം സന്തോഷവാനാണ്. 
വര്‍ഷങ്ങളായി നീണ്ട കാത്തിരിപ്പിനൊടുവിൽ  എന്റെ ബാല്യകാലസഖിയോട് ഞാന്‍ വീണ്ടും സംസാരിച്ചു.  
ഇപ്പോള്‍ ഞാൻ പ്രസന്നവാനാണ്.   മനസ്സിന്റെ മയിൽപീലി ശേഖരത്തിൽ സൂക്ഷിച്ചുവച്ച  ഓർമകൾക്ക് പുതുജീവാൻ കിട്ടിയത് പോലെ 
ഒരനുഭൂതി എന്നിൽ നിറയുന്നു. അതാവണം എന്റെ മുഖത്ത് നിന്ന് നിങ്ങള്ക്ക് വായിച്ചെടുക്കാൻ സാധിച്ചത്'
കാറില്‍ നിന്ന്  സുന്ദരമായ ഒരു പാട്ട് കേള്‍ക്കാന്‍ തുടങ്ങി "സ്വര്‍ണ ഗോപുര നര്‍ത്തകി ശില്‍പം.... കണ്ണിനു സായൂജ്യം നിന്‍ രൂപം.. 
ഏത് ഒരു കോവിലും ദേവതയാക്കും... ഏത് പൂജാരിയും പൂജിക്കും .. നിന്നെ ഏത് പൂജാരിയും പൂജിക്കും.." 
ഒരു വേനല്‍ മഴ പോലെ ആ ഗാനം എന്റെ ആത്മാവിനെ ഹര്‍ഷപുളകിതമാക്കികൊണ്ട് ഒഴുകാൻ തുടങ്ങി.

"നമുക്ക് പിറകിലായി ഇരിക്കുന്നവര്‍ മലയാളികള്‍ അല്ല.  അവര്‍ക്ക് കൂടി കേട്ടാൽ മനസ്സിലാവുന്ന ഭാഷയിലുള്ള ഒരു പാട്ടല്ലേ നല്ലത്?"   
എന്റെ ചോദ്യം അയാള്‍ കേട്ടുവോ എന്തോ, അയാൾ റേഡിയോയുടെ ശബ്ദം നിയന്ത്രിക്കുന്ന ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു . 
"hare bai sab.. ek acha gana lagao na.. malabari hamko maloom nahi hai"
(സഹോദരാ ഒരു നല്ല പാട്ട് വക്കു. മലയാളം ഞങ്ങള്‍ക്ക് മനസിലാവില്ല).  പിറകില്‍ ഇരിക്കുന്ന ഒരു നോര്‍ത്ത് ഇന്ത്യക്കാരന്‍ വിളിച്ചു പറഞ്ഞു.  
അത്  കേട്ടപ്പോൾ അയാള്‍ അവരോടും എന്നോടും കൂടിയായി പറയുന്നത് പോലെ  ഉച്ചത്തില്‍ പറഞ്ഞു.
'ye hamara mehbooba ka gaana hai, usko bahot pasand hai... woh buddi ഹായ്' 
(ഇത് എന്റെ പ്രണയ്നിക്ക് ഇഷ്ടമായ ഗാനമാണ്. അവള്‍ ഒരു വയസ്സിയാണ്). അതിനു മറുപടിയായി ഞാൻ പറഞ്ഞു  
"വയസ്സിയായാല്‍ എന്താ? നിങ്ങള്‍ പരസ്പരം പ്രണയിക്കുന്നില്ലേ?  പ്രണയിക്കുമ്പോള്‍ നമുക്ക് പ്രായമാവുന്നില്ല.
പ്രണയം നമ്മുടെ മനസ്സിനെ എന്നുമെന്നും  ചെറുപ്പമാക്കും.  
പ്രണയിക്കുമ്പോൾ നമ്മള്‍ ഒരു സ്വപ്നാടനത്തിലാണ്.  
സ്വര്‍ഗത്തില്‍ എത്തിയത്പോലെയുള്ള ഒരു പ്രതീതിയാണ് പ്രണയം നമ്മളിൽ ഉണ്ടാക്കുന്നത്"   
എന്റെ ഫിലോസഫി അയാളില്‍ സന്തോഷമുണ്ടാക്കിയെന്നു  അയാളുടെ മന്ദഹാസത്തില്‍ നിന്ന് എനിക്ക്  മനസിലാക്കാന്‍ പറ്റി. 

വെള്ളിയാഴ്ച ആയത് കൊണ്ടാവണം  റോഡില്‍ സാമാന്യം ട്രാഫിക്‌ ഉണ്ടായിരുന്നു.   
ഇടയ്ക്കു ഇടയ്ക്കു അയാൾ ബ്രൈക്കിൽ കാൽ വക്കുന്നത്  കൊണ്ടാവാം യാത്രക്ക് ഒരു സുഖവും ഉണ്ടായിരുന്നില്ല.
ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയത് കൊണ്ടാവണം തന്റെ  കാറിനു തൊട്ടു മുമ്പ് പോവുന്ന കാറുകളുടെ ഡ്രൈവേര്‍സ്നെ 
അയാള്‍ ചീത്ത വിളിച്ചുകൊണ്ടിരുന്നു.   കാര്‍ പതുക്കെ പതുക്കെ  മുന്നോട്ടു നീങ്ങാൻ തുടങ്ങി. 
തൊട്ടുമുന്നില്‍ ഒരു സിഗ്നലില്‍ റെഡ് ലൈറ്റ് തെളിഞ്ഞപ്പോൾ അയാള്‍ കാര്‍ സ്ലോ ആക്കി.  
ഞാന്‍ അയാളോട് പേരും നാടും ചോദിച്ചു. മജീദ്‌, അതായിരുന്നു അയാളുടെ പേര്. നാട് കോഴിക്കോട്. എത്ര സുന്ദരമായ പേര്. 
"വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകലസഖിയിലെ മജീദ്‌ ആണോ നിങ്ങള്‍..?"  
എന്റെ ചോദ്യം കേട്ട് അയാള്‍  മനോരഹര്മായി പുഞ്ചിരിക്കുകയല്ലാതെ മറുത്തൊന്നും ഊരിയാടിയില്ല. 
ഞാൻ വീണ്ടും ചോദ്യങ്ങളിലേക്കു കടന്നു  "മജീദ്ക്ക നിങ്ങളുടെ ബാല്യകാല സഖിക്ക് എത്ര പ്രായമായി ?" 
അയാൾ കൈവിരല്‍ കൊണ്ട് കണക്കു കൂട്ടികൊണ്ട് പറഞ്ഞു 'അവള്‍ക്കിപ്പോള്‍ നാല്പതു കഴിഞ്ഞിട്ടുണ്ടാവും' , 
"നിങ്ങള്‍ക്കോ ?"  എന്റെ ചോദ്യം കേട്ടതും അയാള്‍  ഉത്തരം പറഞ്ഞതും ഒരുമിച്ചായിരുന്നു..'എനിക്ക് നാല്പത്തിയഞ്ച്' 
അതുകേട്ടപ്പോൾ ഞാന്‍ പൊട്ടിച്ചിക്കാൻ തുടങ്ങി.   അയാള്‍ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി.
"നിങ്ങള്‍ തൊട്ടു മുമ്പ് പറഞ്ഞ ഒരു കാര്യം ഓര്‍ത്തു ചിരിച്ചു പോയതാണ്.   
അപ്പോള്‍ നിങ്ങളില്‍ ആരാണ് വയസ്സനും വയസ്സിയും?"   അത് കേട്ടപോള്‍ അയാള്‍  ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങി.
"മജീദ്ക്ക.... നമുക്ക് കഥയിലേക്ക് വരാം.    എങ്ങിനെ ബാല്യകാല സഖിയെ വീണ്ടും നിങ്ങൾ കണ്ടു മുട്ടി.. ?"

കാര്‍ ഒരു പ്രധാനപാതയിലേക്ക് പ്രവേശിച്ചു.  
ഇപ്പോള്‍ യാത്രക്ക് നല്ല സുഖം ഉണ്ട്.  അയാൾ പറയാൻ തുടങ്ങി 'രണ്ടായിരത്തി ഒന്നിലാണ് ഞാന്‍ സൌദിയില്‍ നിന്നും 
ജോലി മതിയാക്കി നാട്ടില്‍ എത്തിയത്.  പാലം പൊളിച്ചത് കാരണം, പാലത്തിനു അടുത്ത് വാഹങ്ങള്‍ ആളുകളെ ഇറക്കും.
അവിടുന്ന്  മറുകരയില്‍ എത്താന്‍.. തോണിയെ ആശ്രയിക്കണം.    
ഒരിക്കല്‍ ഒരു യാത്രയില്‍, പാലത്തിനു അടുത്ത് ഇറങ്ങിയപ്പോള്‍ ആയിരുന്നു  ഞാന്‍ അവളെ കണ്ടത്. 
എന്റെ സഖിയുടെ ഏറ്റവും വലിയ കൂട്ടുകാരിയായിരുന്നു അവൾ. 
എന്നെ കണ്ടുമുട്ടിയത്,  അവളില്‍ അടക്കാനാവാത്ത സന്തോഷം ഉണ്ടാക്കിയതായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. 
അവളുടെ മാറില്‍ ഒരു കൊച്ചു കുഞ്ഞുണ്ടായിരുന്നു . അത് അമ്മയുടെ മാറില്‍ പറ്റി ചേര്‍ന്ന് കിടന്നുറങ്ങുക ആയിരുന്നു.
എന്റെ അടുത്ത് വന്നു അവള്‍ പറഞ്ഞു. 'ഫാത്തിമ നിങ്ങളെ ഇപ്പോഴും അന്വേഷിക്കാറുണ്ട് . 
ഞങ്ങള്‍ എല്ലായിപ്പോഴും  നമുടെ പഴയ കാര്യങ്ങള്‍ പറയാറുണ്ട്'.
അവളില്‍ നിന്ന് കിട്ടിയ അഡ്രസ്‌  എന്നെ കോഴിക്കോട് കല്ലായിയിലുള്ള  ഒരു കാന്റീനില്‍ എത്തിച്ചു.
എന്റെ ബാല്യകാല സഖി  അവിടെ കാന്റീന്‍ നടത്തുക ആയിരുന്നു.
എന്നെ കണ്ടതും അവളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അലയടിച്ചു ഉയര്‍ന്നതും ഒരുമിച്ചായിരുന്നു. 
ഞങ്ങള്‍ കുറെ സംസാരിച്ചു. പഴയതും  പുതിയയാതുമായ കാര്യങ്ങള്‍....., 
എന്നിലും കൂടുതല്‍ അവളാണ് സംസാരിച്ചത്.  അപ്പോഴെല്ലാംഎന്റെ മനസ്സില്‍ ഒരിക്കല്‍ താന്‍ അവളെ ആത്മാര്‍ഥമായി
സ്നേഹിച്ചിരുന്നു എന്ന കാര്യം എങ്ങിനെ അവളെ അറിയിക്കും എന്നാ വേവലാതി ആയിരുന്നു. 
എനിക്കത് പറയാന്‍ കഴിഞ്ഞില്ല. അവളുടെ കാര്യങ്ങളും ചോദിച്ചു അറിയാന്‍ കഴിഞ്ഞില്ല. 
പക്ഷെ ഒരു കാര്യം മാത്രം മനസിലായി. അവള്‍ ഒരു വിവാഹിതയാണെന്നും  അവള്‍ക്കു രണ്ടു കുട്ടികള്‍ ആണ് ഉള്ളതെന്നും.
അവിടുന്ന് ഇറങ്ങി പോരുമ്പോള്‍.. മനസ്സ് വല്ലാതെ നീറി. 
ഇനിയും എത്ര കാലം ഒരു കനലായി അവളെ താന്‍ ഒരിക്കല്‍ സ്നേഹിച്ച കാര്യം കൊണ്ട് മനസ്സില് പേറി നടക്കേണ്ടിവരും.
എന്തിനാണ് അവൾ ആ കാര്യം അറിഞ്ഞിരിക്കേണ്ടത് എന്ന് ചോദിച്ചാൽ ഒരു ഉത്തരമില്ല. 
ഒന്നിനും വേണ്ടിയല്ല. അവളും വിവാഹിത . ഞാനും...' 
അവസാനത്തെ വാചകം പൂർത്തിയാക്കാൻ കഴിയാതെ അയാൾ നിന്ന് ഒരു തേങ്ങലിന്റെ സ്വരം പുറത്തേക്കു വന്നു. 

അയാള്‍ റേഡിയോ  ഒരിക്കല്‍ കൂടി ടൂണ്‍ ചെയ്തു. 
അതില്‍ നിന്ന് പങ്കജ് ഉദാസിന്റെ ഒരു ഗസല്‍ കാറിനുള്ളിലെ നിശബ്ദതയെ ഭേദിച്ചു. 
gis din se juda woh hamse huye, is dil ne dhadakna chhod diya... Hai chaand ka mooh utaraa utaraa ..
 taaron ne chamakna chhod diya...
(എതു ദിവസമാണ് അവള്‍ എന്നില്‍ നിന്ന് വേര്‍പെട്ടു പോയത് അന്ന് മുതല്‍ എന്റെ ഹൃദയമിടിപ്പ്‌ നിന്ന് പോയി. 
പുഷ്പങ്ങള്‍ക്ക് മണം ഇല്ലാതായി.. നക്ഷത്രങ്ങള്‍ക്ക് തിളക്കമില്ലതായി..)  
'ഞാന്‍ വീണ്ടും അവളെ കാണാന്‍ ഒരിക്കല്‍ കൂടി പോയി. പക്ഷെ  അവള്‍ അവിടെ ഉണ്ടായിരുന്നില്ല. 
അവള്‍ വിവാഹമോചിത ആണന്ന കാര്യം അപ്പോഴാണ് ഞാന്‍ അറിയുന്നത്.
എന്റെ മനസ്സില്‍ അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ഉണ്ടായി.
പക്ഷെ പിന്നീട് ഒരീക്കളും അവളെ എനിക്ക് കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല..
കണ്ടുമുട്ടുന്ന ഓരോ സ്ത്രീയിലും ഞാന്‍ അവളുടെ മുഖം തിരഞ്ഞു.
എന്റെ സ്നേഹം അവളെ അവളെ  അറിയിക്കുക മാത്രമായിരുന്നു എന്റെ ലക്‌ഷ്യം.
അവളോടുള്ള  സ്നേഹം ഒരു കനലായി എന്റെ മനസ്സിനെ എരിയിച്ച്‌ കൊണ്ടിരുന്നു.
എനിക്ക് അവളെ വളരെയേറെ ഇഷ്ടമാണ്.
എന്തിനായിരുന്നു ഞാൻ അവളെ സ്നേഹിച്ചുകൊണ്ടിരുന്നത്? ഉത്തരമില്ല. 
ഒന്നിനും വേണ്ടിയല്ല, വെറുതെ, വെറുതെ..'


പെട്ടെന്ന്  കാർ  നിന്നു.
"എന്താ.. എന്ത് പറ്റി?  .." 
'കണ്ടില്ലേ .. ട്രാഫിക്‌ജാം.. ഇങ്ങിനെ പോയാല്‍ നമ്മള്‍ എവിടെയുമെത്തില്ല'. 
കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം അയാള്‍ വണ്ടി വേരെയൊരു  ദിശയിലേക്ക് തിരിച്ചു വിട്ടു.
പെട്ടെന്ന്  പ്രകാശത്തില്‍ നിന്നും ഇരുട്ടിലേക്ക് പോയത് പോലെ തോന്നിപ്പിച്ചു.
ഒരു റൌണ്ട് എബൌട്ട്‌ ചുറ്റി  വണ്ടി വീണ്ടും പ്രകാശത്തില്‍ എത്തിച്ചേർന്നു. 
ഇത്തിരി ആശ്വാസം തോന്നി. നമ്മുടെ ജീവിതം എത്ര ചെറുതാണ്. 
ഒരു വണ്ടിയുടെ ബോഡിയാണ്  നമ്മുടെ ജീവിതം. അതിന്റെ ചക്ക്രങ്ങളാണ് നമ്മുടെ ആഗ്രഹങ്ങളും  പ്രതീക്ഷകളും.
ചക്ക്രങ്ങള്‍ കറങ്ങുമ്പോള്‍ ജീവിതം മുന്നോട്ടു പോവുന്നു. 
ഇടയ്ക്കു പ്രതീക്ഷകള്‍ക്ക്  വിഘാതം ഏല്‍ക്കുമ്പോള്‍ നമ്മളില്‍ നിരാശയും,  വെറുപ്പും ഉണ്ടാവുന്നു.
ഒരു പക്ഷെ ഇത് പോലെ ഒരു ചെറിയ ഇരുട്ടിനെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക്  വീണ്ടും പ്രകാശത്തിലേക്ക് എത്താൻ കഴിയുമായിരിക്കാം. 
പക്ഷെ നമ്മളാരും  അതിനു ശ്രമിക്കാറില്ല.
ജീവിത വഴിത്താരയില്‍ ഇത് പോലെ നമ്മളും  ഇരുട്ടില്‍ എത്തിപെടാറുണ്ട്. 
തൊട്ടടുത്ത്‌  പ്രകാശം ഉണ്ടെന്നു അറിഞ്ഞിട്ടു പോലും, പ്രകാശത്തെ അറിയാന്‍ ശ്രമിക്കാതെ  
ഇരുട്ടില്‍ ജീവിതം ബലിയര്‍പ്പിക്കാന്‍ നമ്മൾ ഓരോരുത്തരും  മത്സരിക്കുന്നു. 

വണ്ടി ഇപ്പോള്‍ കുറച്ചു കൂടി ആൾത്തിരക്കുള്ള റോഡിലേക്ക് പ്രവേശിച്ചു. 
റോഡ്‌നു ഇരുവശവുമായി കുറെ കടകളും  വലിയ കെട്ടിടങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 
"മജീദ്ക്ക ..നിങ്ങള്‍ ബാക്കി  കൂടി പറയു ".. ...
അയാള്‍ കഥ പറയാന്‍ തുടങ്ങി...'അപ്രതീക്ഷിതമായി എനിക്ക് അവളുടെ ഫോണ്‍ നമ്പര്‍ കിട്ടി. 
എന്റെ പഴയകാല സഹപാഠികള്‍ ഒത്തുചേർന്ന  ഒരു സായാഹ്നത്തിൽ അവരില്‍ ഒരാളാണ് 
എനിക്കത് സംഘടിപ്പിച്ചു തന്നത്.   അവളുമായുള്ള  സംസാരത്തില്‍ നിന്നും 
എന്നോട് സംസാരിക്കാന്‍ അവള്‍ക്കു ഒട്ടും താല്പ്പര്യം ഇല്ല എന്ന വസ്തുത എനിക്ക് ബോധ്യമായി.
എന്റെ ഉദ്യേശം വേറെ വല്ലതുമാണോ എന്നൊരു ചിന്ത കാരണമാണ് 
അവൾ എന്നോട് അനിഷ്ടം കാണിക്കുന്നതെന്ന്  പറഞ്ഞപ്പോൾ എന്റെ മനസ്സ് പിടഞ്ഞു. 
ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു. ഇത് കണ്ട എന്റെ കൂട്ടുകാരില്‍ ഒരാള്‍ അവളെ വിളിച്ചു. 
എന്നോട് ഇനി അവളെ വിളിക്കരുത് എന്ന് പറയാന്‍ അവള്‍ അവരെ ഏല്പിച്ചു. 
അതുകേട്ടപ്പോൾ എന്റെ മനസ്സ് നന്നായി നൊന്തു. 
എന്റെ സ്നേഹം എനിക്ക് അവളെ  അറിയിക്കണം.. എന്തിനെന്നു ചോദിച്ചാൽ ഉത്തരമില്ല.
ഒന്നിനും വേണ്ടിയല്ല.. വെറുതെ...
പക്ഷെ, എന്നെ ഇഷ്ടമല്ലെങ്കില്‍  ഞാന്‍ എങ്ങിനെയത്  അവളെ അറിയിക്കും?
ഞാന്‍ വീണ്ടും അവളെ വിളിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.  പക്ഷെ ഒരിക്കൽ പോലും അവൾ  ഫോണ്‍ എടുത്തില്ല.
ആ സമയത്തായിരിക്കും നിങ്ങളെന്നെ ആദ്യം കണ്ടത്.
എനിക്ക് എന്നോട് സ്വയം വെറുപ്പ്‌ തോന്നിയിരുന്ന കാലമായിരുന്നു അത്. 
പക്ഷെ, നിനച്ചിരിക്കാതെ ഒരിക്കല്‍ ഒരു യാത്രയുടെ ഇടവേളയില്‍.. എനിക്ക് ഒരു മിസ്സ്‌ കാള്‍ കിട്ടി.
കാർ റോടരികിലേക്കു ഒതുക്കി നിരത്തിയതിന് ശേഷം ഞാൻ ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു.   
മറുതലക്കൽ കേട്ട അവളുടെ സ്വരം എനിക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു. 
പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു പ്രത്യേകമായ സന്തോഷം എന്റെ മനസ്സിനെ വരിഞ്ഞു മുറുക്കാൻ തുടങ്ങി.
ആ ദിവസം ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു. അപ്പോള്‍ അവളില്‍ കുറെ മാറ്റം പ്രകടമായിരുന്നു'

'ലോകത്തിന്റെ ഏതോ ഒരു കോണില്‍  ഒരാള്‍ അവളെ  ഇഷ്ടപ്പെടുന്നുണ്ടന്ന് അറിഞ്ഞപ്പോള്‍. അവള്‍ കുറെ കരഞ്ഞു.
പിന്നെ പറഞ്ഞു. നമ്മൾ വസിക്കുന്നത് ഇരുണ്ട ഭൂമിയുടെ ഒരു കോണിലാണ്.  
പ്രകാശത്തെ ഉൾകൊള്ളാൻ കഴിയാത്ത അത്രയും ഇരുൾ ഇവിടെയുള്ള മനുഷരുടെ മനസ്സുകളെ കീഴടക്കിയിരിക്കുന്നു. 
നമ്മുടെ പവിത്രമായ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻമാത്രം അതിവിശാലമല്ല ഈ ലോകം.   
പക്ഷെ, സ്വര്‍ഗത്തില്‍ വച്ച് നമുക്ക് ഒന്നാവണം.   
സ്വർഗ്ഗലോകത്ത്  നിങ്ങളെ എന്റെ ഇണയായി കിട്ടാനാണ്‌.  സർവശക്തനായ ദൈവത്തോടുള്ള എന്റെ പ്രാര്ത്ഥന. 
നിങ്ങള്ക്ക് എന്നെ അവിടെ കിട്ടണമോ മജീദ്ക്ക? 
എങ്കില്‍ നിങ്ങള്‍ ആദ്യം ഒരു നല്ല മനുഷ്യന്‍ ആവണം.
ദൈവത്തെ ആരാധിക്കുന്ന, ഭൂമിയെ സ്നേഹിക്കുന്ന,  പൂക്കളെ സ്നേഹിക്കുന്ന,  മാതാപിതാക്കളെ സ്നേഹിക്കുന്ന, 
സ്വന്തം ഭാര്യയെ സ്നേഹിക്കുന്ന, നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ അച്ഛന്റെ വാത്സല്യം നല്‍കുന്ന  ഒരു നല്ല മനുഷ്യന്‍... ....... 
അപ്പോള്‍ നമുക്ക് സ്വര്‍ഗത്തില്‍ വച്ച് ഒന്നിക്കാന്‍ കഴിയും'

കാര്‍ ഒരു ജനവാസമുള്ള ഒരു സ്ഥലത്ത് എത്തി.  അയാൾ റോഡ്‌ അരികിലേക്ക് കാർ  ചേര്‍ത്ത് നിര്‍ത്തി. 
എന്റെ തൊട്ടു പിന്നില്‍ ഇരുന്ന നോര്‍ത്ത് ഇന്ത്യക്കാരന്‍ അവിടെ ഇറങ്ങി. 
വീണ്ടും കാര്‍ മുന്നോട്ടു പോയി.. . "കഥ തീര്‍ന്നോ മജീദ്ക്ക?"
 'ഇല്ല കുട്ടി.. അവള്‍ക്കു വേണ്ടി ഞാന്‍ ഒരു നല്ല മനുഷ്യനായി, നല്ല അച്ഛനായി. സ്നേഹനിധിയായ  ഭര്‍ത്താവായി.
എനിക്കെന്റെ ഭാര്യയെ മുമ്പ് സ്നേഹിക്കുന്നതിലും കൂടുതല്‍ സ്നേഹിക്കാന്‍ ഇപ്പോള്‍  കഴിയുന്നുണ്ട്.  
കാരണം എനിക്ക് സ്വർഗത്തിൽ എത്തിച്ചേരണം'   അയാൾ പറഞ്ഞു നിർത്തിയപ്പോൾ 
എനിക്ക് ആ സ്ത്രീയോട് ആത്യന്തികമായ ബഹുമാനം തോന്നി. അവരുടെ ബുദ്ധിശക്തിയെക്കുറിച്ചു, കഴിവിനെക്കുറിച്ചു,  
നന്മ നിറഞ്ഞ അവരുടെ മനസ്സിനെ കുറിച്ച്.. 
ഏതൊരു പുരുഷന്റെയും ജീവിതത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ടന്നു നമ്മള്‍ പറഞ്ഞു കേട്ടിടുണ്ട്. 
അവരുടെ സ്നേഹം കൊണ്ട് ഒരു മനുഷ്യനെ നന്മയുടെ ലോകത്തേക്ക് എത്തിക്കാന്‍ അവർ ശ്രമിക്കുന്നു.
ഇന്ന് അയാളുടെ ജീവിതത്തില്‍ എവിടെയും അവളുടെ സ്വാധീനം പ്രകടമാണു...
സ്ത്രീ ... കുടുംബത്തിന്റെ ശക്തിയാണു, സ്നേഹമാണു, സ്വാന്തനമാണു. 
നന്മയുടെ നിറകുടമാണു ബന്ധങ്ങളെ വിളക്കിച്ചേര്ക്കുന്ന കണ്ണിയാണു ... ഭാര്യയായും, അമ്മയായും , സുഹൃത്തായും ഒഴുകുന്ന കണ്ണി.. .

അയാൾ വീണ്ടും പറയാൻ തുടങ്ങി 'ഞാനിപ്പോള്‍ എല്ലാ ദിവസവും അവളോട്‌ സംസാരിക്കും.. 
അവള്‍ എനിക്ക്  കുറെ പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചു തന്നു. ഈ ലോകത്തും.. പരലോകത്തും ശാന്തി കിട്ടനുള്ളതാണ് അവയെല്ലാം.
എനിക്കിപ്പോള്‍ കാണാന്‍ കഴിയും  സ്വര്‍ഗ്ഗ കവാടങ്ങള്‍  അവിടെ എനിക്കായി കാത്തിരിക്കുന്ന മാലാഖമാര്‍.. .
എന്റെ മുന്നിലേക്ക്‌ അവളെ ആനയിച്ചു കൊണ്ട് വരുന്ന സ്വര്‍ഗ്ഗ കന്യകകള്‍ . 
ഓരോ പ്രാവശ്യവും  ഞാന്‍ അവളോട്‌ സംസാരിക്കുമ്പോള്‍, അവള്‍ക്കു എന്തെങ്കിലും സമ്മാനം വേണമോ എന്ന് ചോദിക്കും. 
അവള്‍ക്ക് വേണ്ടത് എന്റെ നന്മ മാത്രമാണ്.. 
നമ്മള്‍ ഒരിക്കലും ഈ ഭൂമിയില്‍ വച്ച് കാണരുതെന്ന് അവള്‍ പേര്‍ത്തും പേര്‍ത്തും പറയുമായിരുന്നു. 
പക്ഷെ  ഞാന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.. 
കാരണം  എനിക്ക്  അവൾക്കൊരു സമ്മനം കൊടുക്കണമായിരുന്നു.
അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോൾ എന്റെ നിര്ബന്ധത്തിനു വഴങ്ങി എന്റെ  സമ്മാനം സ്വീകരിക്കാന്‍ അവൾ തയ്യാറായി.  അവള്‍ എന്നോട് ചോദിച്ച സമ്മാനം എന്താന്ന് അറിയുമോ മോനെ ?. '

"മജീദ്ക്ക എനിക്ക് ഇറങ്ങാനുള്ള സ്ഥലമെത്തി... "


'മോനെ.. ഇത് കേട്ടിട്ട് പോ...'  അയാൾ പറഞ്ഞു കഴിഞ്ഞതും പൊടുന്നനെ  കാറിന്റെ അടിയിൽ നിന്ന് എന്തോ ഒരു നിലവിളി ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു. ഒരു മനുഷ്യന്റെ കരച്ചിൽ പോലെ...അപ്പോഴേക്കും നിലവിളികളോടെ കുറേയാളുകൾ കാറിനടുത്തേക്ക് ഓടിയടുത്തു...  ഞൊടിയിടയിൽ സൈറൺ മുഴക്കിക്കൊണ്ട് കുറെ ട്രാഫിക്ക് പോലീസ് വാഹനങ്ങൾ കാറിനടുത്തേക്ക്  ചീറി പാഞ്ഞു വന്നു... പരിസര ബോധം നഷ്ടപെട്ടതുപോലെ മജീദ്ക്ക തേങ്ങി തേങ്ങി കരയാൻ തുടങ്ങി.  കാറിനടിയിൽ പെട്ട മനുഷ്യനിലോ  കാറിനു ചുറ്റും നിന്നും ഉയർന്ന കൂട്ട നിലവിളികളിലോ ഒന്നുമായിരുന്നില്ല എന്റെ മനസ്സ്. എന്റെ മനസ്സപ്പോൾ മുഴുവിക്കാൻ കഴിയാതെ പോയ കഥയിൽ ആയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാൻ അയാളുടെ അടുത്ത് തന്നെ നിന്നു. അയാൾ എന്റെ നേരെ നോക്കി...വിതുമ്പുന്ന അയാളുടെ ചുണ്ടുകൾക്ക്  എന്നോടെന്തോ പറയാനുള്ളതുപോലെ തോന്നിപ്പിച്ചു. പൊടുന്നനെ രണ്ടു പോലീസുകാർ അയാളുടെ അടുത്തെത്തി എന്തോ സംസാരിച്ചു. പിന്നെ അയാളുടെ കൈകൾ പിറകിലേക്ക് ചേർത്ത് ആ കൈകളിൽ വിലങ്ങണിയിച്ചു.

ഞാൻ പതുക്കെ കാറിൽ നിന്ന് പുറത്തേക്കിറങ്ങി. പിന്നെ തിരിഞ്ഞുനോക്കാതെ അകലേക്ക് നടന്നു. നടക്കുന്നതിനിടെ എന്റെ മനസ്സിനോട് ഞാൻ സ്വയം ചോദിച്ചു. അവള്‍ ഒരു സമ്മാനവും ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യരുത് എന്ന് തന്നെയായിരുന്നില്ലേ ഞാനും ആഗ്രഹിച്ചിരുന്നത്? വായനക്കാരെ നിങ്ങളും അങ്ങിനെ തന്നെയാണോ എന്നെ പോലെ...Thursday, June 2, 2011

ചിത്രശലഭംഒരു മയക്കത്തിന്റെ പൊടുന്നനെയുള്ള ഉണര്‍ച്ചയില്‍ എന്റെ കണ്ണുകള്‍ ചുമരില്‍ അവ്യക്തമായ ചലിക്കുന്ന രൂപത്തില്‍ പതിഞ്ഞു, ഞാന്‍ മിഴി ചിമ്മി ഉറക്കത്തിന്റെ കനം തൂങ്ങിയ കണ്‍പോളകള്‍ വീണ്ടും തുറക്കാന്‍ ശ്രമിക്കവേ, ചുമരില്‍ നിന്ന രൂപം ചെറുതായി ചലിച്ചു. എന്റെ കണ്ണുകള്‍ വീണ്ടും ആ രൂപത്തില്‍ ഉടക്കി . പക്ഷെ എനിക്ക് അറിയാന്‍ പാകത്തില്‍ ഒന്നും ആ രൂപത്തില്‍ നിന്ന് കിട്ടിയില്ല ... തൊണ്ട കുഴിയില്‍ നിന്ന് ഒരു നിലവിളി അറിയാതെ എന്നെ വിസ്മയിപ്പിച്ചു കൊണ്ട് ബഹിര്‍ഗമിച്ചു. പെട്ടെന്ന് അമ്മ ഓടി എന്റെ അരികില്‍ എത്തി.
.
എന്താ?? എന്ത് ഉണ്ടായി??..
.
അമ്മയുടെ ധ്രിതിപ്പെട്ടുള്ള ചോദ്യത്തിന് മറുപടി ആയി എന്റെ വിരലുകള്‍ ചുമരില്‍ പ്രത്യക്ഷപ്പെട്ട ചലിക്കുന്ന രൂപത്തിലേക്ക് നീണ്ടു. അമ്മക്ക് വെളിച്ചത്തിന്റെ അരണ്ട പ്രകാശത്തില്‍ ഒന്നും കാണാന്‍ വയ്യാത്തത് കാരണമാവാം, ദ്രുതഗതിയില്‍ സ്വിച്ബോര്‍ഡില്‍ അമ്മയുടെ കൈ അമര്‍ന്നത്. വെളിച്ചം മുറിയിലെ ഇരുട്ടിനെ പുണര്‍ന്നതും, അമ്മ അലമുറയിട്ടു കരയാന്‍ തുടങ്ങിയതും ഒരുമിച്ചായിരുന്നു . പൊടുന്നനെ ആരോ വാതിലില്‍ ശക്തി ആയി ഇടിക്കുന്ന ശബ്ദം എന്റെ കാതുകളില്‍ പ്രകമ്പനം കൊണ്ടു മൂടി. "എന്താ അമ്മേ? എന്താ പറ്റിയത്?" എന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ അമ്മ കരഞ്ഞു കൊണ്ടിരുന്നു. ഞാന്‍ ചുമരിലേക്ക് നോക്കി ഒരു ചിത്രശലഭം.. ഒരായിരം നര്‍ത്തകിമാര്‍ ഒന്നിച്ചു ചേര്‍ന്ന് വര്‍ണങ്ങള്‍ കൊണ്ടു ചിറകുകളാല്‍ അലങ്കഗ്രാതമായ....... അത് എന്നെ തന്നെ നോക്കി ഇരിക്കുന്നത് പോലെ തോന്നി. എത്ര അത്ഭുതമാണ് ചിത്രശലഭതിന്റെ വളര്‍ച്ച അല്ലെ? ആദ്യം ആദ്യം ആരും ശ്രദ്ധിക്കപ്പെടാതെ ഒരു ശലഭകോശം ആയി .. പിന്നെ ആരിലും അറപ്പ് ഉളവാക്കുന്ന ഒരു പുഴു ആയി .... പിന്നെ ആരിലും ഇഷ്ടം ഉണ്ടാക്കുന്ന ഒരു ചിത്രശലഭം അയി,......
.
ഞാന്‍ അതിനെ ചലിപ്പിക്കുവാന്‍ ഒരു ശ്രമം നടത്തി നോക്കി. ശോഷിച്ചു ശുഷ്കമായ കൈകള്‍ക്ക് എന്റെ തലച്ചേറിന്റെ ആജ്ഞകള്‍ക്ക് അനുസരിച്ച് പ്രതികരിക്കുവാന്‍ ശക്തി ഉണ്ടായിരുന്നില്ല. "എന്തിനായിരിക്കും അമ്മ നില വിളിച്ചത് ...?" എന്റെ കണ്ണുകള്‍ ഗ്ലുകോസ് ട്രിപ്പ് ഇട്ട എന്റെ വലതു കൈയ്യില്‍ നിശ്ചലം നിന്നു. ഹോ.. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ... കൈവെള്ള നിറയെ രക്തം .. ഞാന്‍ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി.. നിശ്ചലം ...നിര്‍ജീവം... അമ്മയുടെ കണ്ണുകള്‍ എന്നില്‍ നിന്നും ദൂരെ പ്രപഞ്ച സ്രഷ്‌ടാവിലേക്ക് നീണ്ടുപോയത് പോലെ തോന്നിപ്പിച്ചു .. അമ്മ കണ്ണുകള്‍ അടച്ചു പിടിച്ചിരിക്കുന്നു. എന്റെ അമ്മയുടെ പ്രാര്‍ത്ഥന സ്രഷ്‌ടാവ്‌ കേട്ടിരിക്കുമോ? .. ..പൊടുന്നനെ എന്റെ കണ്ണുകള്‍ മൊസ്സൈക്ക് തറയിലേക്ക് നീണ്ടു .... ശരീരം വൈദുതി ആഘാതം ഏറ്റത് പോലെ വിറ കൊണ്ടു ... ആത്മാവ്‌ എന്നില്‍ നിന്നും വേര്‍പെട്ടത് പോലെ ഒരു വേദന എന്റെ തൊണ്ട കുഴിയില്‍ നിന്നും കാലുകളിലേക്ക് വ്യാപിച്ചു .... തറ നിറയെ രക്തം ... കതുകില്‍ മുട്ടലിന്റെ ശക്തി കൂടി കൂടി വന്നു ... അമ്മക്ക് പരിസരബോധം കിട്ടിയത് പോലെ, അമ്മ പ്രാര്‍ത്ഥനയില്‍ നിന്ന് ഉണര്‍ന്നു കതുക് തുറന്നതും വെളുത്ത വസ്ത്രം ധരിച്ച ദൈവത്തിന്റെ മാലാഖമാര്‍ ദ്രുതഗതിയില്‍ എന്റെ അടുത്തേക്ക് ഓടിയത്തി ... അമ്മയേക്കാള്‍ വിഷമവും വെപ്രാളവും അവര്‍ പ്രകടിപ്പിക്കുന്നത് എന്നില്‍ അതിശയം ഉളവാക്കി .. അമ്മയുടെ ഇരിപ്പ് കണ്ടാവണം ആശ്വസിക്കാന്‍ എന്ന വണ്ണം അവരില്‍ ഒരാള്‍ അമ്മയെ മാറോടു ചോര്‍ത്തു കൊണ്ട് പറഞ്ഞു .... "ഒന്നുമില്ലമ്മേ ....ഒന്നുംമില്ല ...ഞങ്ങള്‍ എത്തിയില്ലേ ... ഇനി എന്താ പേടിക്കാനുള്ളത് ... കരയരുത് അമ്മെ ..." അതിനടയില്‍ മാലാഖമാരില്‍ ഒരു മുതിര്‍ന്നവള്‍ മറ്റുള്ളവരെ ശകാരിക്കുന്നുണ്ടായിരുന്നു ... എന്റെ കൈതണ്ടയില്‍ ഗ്ലുകോസ് ട്രിപ്പ് ഇട്ട സിറിഞ്ച് ഊരി പോയ ദ്വാരത്തില്‍ ഒരാള്‍ കൈ വിരല്‍ ചേര്‍ത്ത് വച്ചു .. എന്നിട്ട് എന്റെ കൈ മുകളിലേക് ഉയര്‍ത്തി പിടിച്ചു .. പ്രഷര്‍ കിട്ടാന്‍ എന്ന വണ്ണം അത് കുറെ നേരം ഉയര്‍ത്തിയ നിലയില്‍ നിര്‍ത്തി .... അല്‍പ നേരത്തെ പരിശ്രമത്തിനു ശേഷം രക്തത്തിന്റെ ഒഴുക്ക് നിലച്ചു .... കൈ എന്റെ ശരീരത്തിന് ആനുപാതികമായി നിവര്‍ത്തി വച്ച് എന്റെ ഞരമ്പുകളില്‍ വീണ്ടും സൂചി മുന കുത്തി അമര്‍ത്തി ...അപ്പോള്‍ അറിയാതെ ഞാന്‍ നില വിളിച്ചുപോയി. അവരില്‍ ഒരു മാലാഖ എന്റെ മുടി ഇഴകളില്‍ വെറുതെ തലോടി എന്നിട്ട് മന്ത്രിക്കുന്നത് പോലെ പറഞ്ഞു.... "കര്‍ത്താവു രക്ഷിച്ചു".. പിന്നെ അവര്‍ തറ അണു വിമുക്തമാക്കിയതിനു ശേഷം തുടച്ചു വൃത്തിയാക്കി ....
.
എനിക്ക് അറിയാന്‍ കഴിഞ്ഞു മാലാഖമാരുടെ മുഖത്തുള്ള ആശ്വാസം. അവരില്‍ ഒരാള്‍ കുരിശു വരച്ചു.... അത് വരെ ഞാന്‍ കാണാത്ത ദൈവത്തെ അവരില്‍ കൂടി തിരിച്ചറിഞ്ഞപ്പോള്‍ , ഒരിക്കല്‍ പോലും ദൈവത്തെ വിളിക്കാന്‍ എനിക്ക് തോന്നിയില്ലല്ല്ലോ എന്നോര്‍ത്ത് എന്റെ ഹൃദയം തേങ്ങി .. ദൈവം എന്റെ മരണത്തിനു സമയമായില്ല എന്നറിയിക്കാന്‍ ആണോ ചുമരില്‍ ഒരു ചിത്ര ശലഭമായ് അവതരിച്ചത്? ...അതോ എന്റെ ആത്മാവിന് ഈ ലോകത്തോട് ഇനിയും കുറെ കാര്യങ്ങള്‍ പറയാന്‍ ഉണ്ടെന്ന്‌ ദൈവം എന്നെ ഓര്‍മ്മപ്പെടുത്തിയത് ആവുമോ?... അറിയില്ല മനുഷ്യന്‍ എത്ര നിസഹായന്‍ ... എല്ലാമറിയുന്നു എന്ന് അഹന്ത നടിക്കുമ്പോള്‍ പോലും ഒന്നും അറിയുന്നില്ല ... ഇനിയും അറിയാനായി പലതും ബാക്കി കിടക്കുന്നു... .ഒരു ചിത്ര ശലഭതിന്റെ ജന്മം പോലെ ..ഒരു കോശം ആയി....പിന്നെ ഒരു പുഴുവായി ..പിന്നെയും കുറെ നാള്‍....ഭൂമിയുടെ അനന്തതയില്‍ നിന്ന് ആകാശത്തിന്റെ അനന്തതയിലെകുള്ള ആത്മാവിന്റെ പ്രയാണം..
(ഞാന്‍ ആദ്യം എഴുതിയ കഥ)

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...