Monday, August 7, 2017

ആ കണ്ണുകള്‍ നനയരുത്




"ബിന്ദു..ഞാനും  നിന്നപോലെ ചിന്തിക്കാൻ ഒരു ശ്രമം നടത്തിനോക്കാം... അവൾ നിഷ്കളങ്കയായിരിക്കും. നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപെട്ടവരാണ്. ഞാൻ അടങ്ങിയ പുരുഷവർഗം നിങ്ങളെ എപ്പോഴും ചൂഷണത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു. ഹോ.. ഓർക്കാൻ വയ്യ... എത്ര നിഷ്കളങ്കനായാണ് അയാൾ എന്റെ മുമ്പിലിരുന്ന്  സംസാരിച്ചത്. ശരിയാണ് ബിന്ദു...പുരുഷനൊരിക്കലും പീഡനമേല്‍ക്കാറില്ല. അവന്‍ പീഡിപ്പിക്കാറേയുള്ളു...അല്ലെ.?

"രാജീവ്... ഏതെങ്കിലും ഒരമ്മ തന്റെ പെണ്മക്കളെ അവരുടെ മുത്തച്ഛൻ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞുകൊണ്ട് വെറുതെ കേസുകൊടുക്കുമോ? നിങ്ങൾ പത്രക്കാർ അങ്ങിനെയൊരു ചിത്രം ജനങ്ങൾക്ക് മുമ്പിൽ സമർപ്പിച്ചാൽ, പൊതു ജനം അത് വിശ്വസിക്കുമോ? കാരണം ഞാനും നീയും  വായിച്ചും കണ്ടും ശീലിച്ചത് പുരുഷനാൽ പീടിക്കപെടുന്ന സ്ത്രീയെയാണ്. പേടിച്ചും വിറച്ചും പുരുഷൻ എന്ന സിംഹത്തിന് ഇടയിൽ ജീവിക്കേണ്ടിവരുന്ന മാൻപേടയുടെ അവസ്ഥയിലാണ് ഓരോ സ്ത്രീകളും ജീവിക്കുന്നത്. അതിനിടയിലാണ് നീ  ഒരു പുരുഷനെ നല്ലവനായി ചിത്രീകരിക്കാൻ പോവുന്നത്? രാജീവ്...നീ അയാളെ കണ്ടുമുട്ടിയപ്പോൾ എന്താണ് അയാൾ നിന്നോട് പറഞ്ഞത്..അയാൾ ആ പിഞ്ചുപെൺകുട്ടികളെ എന്തായിരിക്കും ചെയ്തിരിക്കുക? ബലാത്സംഗം ചെയ്തു കാണുമോ? അതോ കാമവെറിപൂണ്ട ആ കാട്ടാളൻ ആ പെൺകുട്ടികളെ നിഷ്‌കരുണം പിച്ചിചീന്തിയിരിക്കുമോ?"

അയാൾ ആദ്യം എനിക്ക് മുമ്പിൽ നൽകിയത് ഒരു ഫോൺ സംഭാഷത്തിന്റെ വിവരണമാണ്. അത് ഏകദേശം ഇങ്ങിനെയാണ്‌.
"ഹാലോ.... ഞാൻ അവളുടെ അമ്മാവനാണ്... എത്രയും പെട്ടെന്ന് ക്യാഷ് വീട്ടിലെത്തിക്കണം... നിങ്ങൾക്കറിയാമല്ലോ സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള നിയമങ്ങൾ? ഞങ്ങൾ കേസ് കൊടുത്താൽ നിങ്ങൾ അകത്താവും. അതുകൊണ്ടു പെട്ടെന്ന് അമ്പത് ലക്ഷം അവൾക്ക് നൽകണം. അല്ലെങ്കിൽ അവളുടെ പേരിൽ ഒരു വീടും പുരയിടവും നൽകണം...."
.
'അവളെന്റെ ഭാര്യയാണ്.. അതിലുപരി എന്റെ രണ്ടു പെണ്മക്കളുടെ അമ്മയുമാണ്. അവൾക്ക് പ്രത്യേകമായി വീട് വച്ച് നൽകാനുള്ള സാമ്പത്തികസ്ഥിതി എനിക്കില്ല. ഞാനിപ്പോൾ താമസിക്കുന്നത് എന്റെ അച്ഛനോടും അമ്മയോടുമൊപ്പമാണ്. അവൾക്കും അവിടെ താമസിക്കാം. ഞങ്ങൾ എല്ലാവരും അവളെ വളരെയധികം സ്നേഹിക്കുന്നു. നിങ്ങൾ അവളെ എന്റെ വീട്ടിലേക്കു തിരികെ പറഞ്ഞയക്കണം"
.
"ഇവിടെ വനിത കമ്മീഷനും, മീഡിയകളും, പോലീസും, എല്ലാം സ്ത്രീപക്ഷത്താണ് എന്ന് ഓർക്കുന്നത് നല്ലതാണ്. ഇതുവരെ നിങ്ങൾ ജീവിതത്തിൽ ഉണ്ടാക്കിയ സൽപ്പേര് പോവാൻ ഒരു നിമിഷം മതി എന്നോർക്കുന്നതും നല്ലതാണ്. ഒരാഴ്ച സമയം നിങ്ങൾക്ക്‌ ഞങ്ങൾ തരാം. അതിനുള്ളിൽ അവൾക്കനുകൂലമായ മറുപടി നൽകണം"

"ഈ സംഭാഷണത്തിൽ നിന്ന് സാറിന് ഈ കേസിനെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടിയിരിക്കുമല്ലോ? ഞാൻ കൂടുതൽ വിശദമായി പറയാം.  ഞങ്ങൾ കേരളത്തിന് വെളിയിൽ വർഷങ്ങളായി താമസിക്കുന്നവരാണ്. ഇപ്പോൾ എന്റെ ഭാര്യ കുട്ടികളെ എന്റെ അടുക്കൽ ഉപേക്ഷിച്ച് അവളുടെ വീട്ടിലേക്കു പോയിരിക്കുകയാണ്. മുകളിലെ ഫോൺ സംഭാഷണം പോലെ പല രൂപത്തിലും ഭാവത്തിലും അവളുടെ വീട്ടുകാർ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയിട്ട് കാലം ഏറെയായി. എന്റെ അച്ഛനും അമ്മയ്ക്കും മകനായി ഞാൻ ഒരാൾ മാത്രമാണുള്ളത്. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉള്ള ഒരു നല്ലവീട് അച്ഛന്റെ പേരിൽ ഞങ്ങൾക്ക് നാട്ടിൽ ഉണ്ട്. പക്ഷേ അവൾക്കവിടെ താമസിക്കാൻ ഇഷ്ടമില്ല. അവൾക്കു സ്വന്തമായി ഒരു വീട് വേണം അല്ലെങ്കിൽ അമ്പതുലക്ഷം അവളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കണം. ഇതാണ് അവളുടെ വീട്ടുകാരുടെ ആവശ്യം. ഇതൊക്കെയാണ് സത്യമെങ്കിലും ഇന്ന് ഞാനും എന്റെ കുടുംബവും പീഡന കേസിലെ പ്രതികളാണ്. സാർ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. അറുപത്തിയഞ്ചു കഴിഞ്ഞ എന്റെ അച്ഛന്റെ പേര് സ്ക്രോളിംഗ് ന്യൂസ് ആയി ടെലിവിഷനിൽ പ്രത്യക്ഷ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു. എന്റെ പെൺകുഞ്ഞുങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചു എന്നാരോപിച്ചാണ് അവൾ കേസ് കൊടുത്തിട്ടുള്ളത്"

അയാൾ കുറച്ചു നിമിഷം നിശബ്ദനായി...പിന്നെ ...പിന്നെ .തൊണ്ട ഇടറി വാക്കുകൾ മുറിഞ്ഞുപോയ അവസ്ഥയിൽ ആയി...കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അയാൾ വീണ്ടും പറയാൻ തുടങ്ങി..

നിങ്ങളിൽ പലരും സ്വയം പറഞ്ഞുകാണും സാറേ.. വയസ്സുകാലത്ത് എന്തിനായിരിയ്ക്കും ആ നീചൻ പാവം കുഞ്ഞുങ്ങളെ പീഡിപ്പിച്ചത്!! ആ  പിശാചിനെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്. ആ നായയുടെ പുരുഷ ലിംഗം ഛേദിക്കണം!! ആ തെണ്ടിയെ ചെരുപ്പുമാല അണിയിച്ചുകൊണ്ട് തെരുവിലൂടെ നഗ്നായായി നടത്തണം " എനിക്കറിയാം നിങ്ങൾ പാവങ്ങളാണെന്ന്. ഞാനും നിങ്ങളുമെല്ലാം വാർത്താമാധ്യമങ്ങളെ വളരെയധികം വിശ്വസിക്കുന്നു. പോലീസിനെ വിശ്വസിക്കുന്നു. അവർ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നു. അവർ തയ്യാറാക്കുന്ന കേസ് ഡയറിപോലും സത്യമാണെന്ന് വിദേശിക്കുന്നു. ഞാനും വിശ്വസിച്ചിരുന്നു അവർ പറയുന്നതൊക്കെ സത്യമാണെന്ന് ഈ കേസിൽ അകപെടുന്നതുവരെ. ഞാനും എന്റെ അച്ഛനും അമ്മയും പിന്നെ ദൈവവും മാത്രമേയൊള്ളു ഈ കേസിലെ സത്യം അറിയുന്നവർ. ഞങ്ങൾക്ക് കരയാൻ മാത്രമേ കഴിയു. ഞങ്ങൾ പറയുന്നത് ആരും വിശ്വസിക്കില്ല. മനസ്സും ഹൃദയവും നിങ്ങള്ക്ക് തുറന്നു വച്ചുതരാൻ കഴിയുന്ന മന്ത്രികവിദ്യ ഞങ്ങൾക്കറിയില്ല. ഞങ്ങൾക്ക് മുമ്പിലുള്ള ഏക വഴി കൂട്ട ആത്മഹത്യയാണ്. പക്ഷേ അപ്പോഴും സത്യം ഇവിടെ വിജയിക്കുന്നില്ല...ഞങ്ങൾ മരിച്ചാലും നിങ്ങളിൽ ഒരാൾ പോലും ഞങ്ങൾക്ക് വേണ്ടി കണ്ണുനീർ പൊഴിക്കില്ല. ഞങ്ങൾ മരിക്കുക തന്നെയാണ് വേണ്ടതെന്ന് നിങ്ങൾ എല്ലാവരും കൂട്ടത്തോടെ പറയും. സത്യം ജയിക്കേണ്ടേ സാർ? സ്വന്തം കുഞ്ഞുങ്ങളുടെ മേൽ ഇത്തരം ആരോപണം നടത്തുന്ന മാതാവ് ശിക്ഷ്യക്ക് അർഹയല്ലേ സാർ? ഞാൻ പുരുഷനായത്കൊണ്ട് ഒരു കമ്മീഷനും ഞങ്ങൾക്കനുകൂലമായി സംസാരിക്കില്ല. നമ്മുടെ കോടതികൾ പോലും മാധ്യമങ്ങളുടെ സ്വാധീനത്തിന്റെ വലയിൽ അകപ്പെട്ടിരിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈയിടെ നടന്ന പല കേസുകളിലും കോടതിയുടെ ഇടപെടലിൽ മാധ്യമങ്ങളുടെ സ്വാധീനം പ്രകടമായി കാണാം. ഞങ്ങൾക്ക് നീതി കിട്ടുമോ സാർ? അതോ നിങ്ങൾ പത്രക്കാർ ഞങ്ങളെ കൂട്ട ആത്മഹത്യയിലേക്ക് കൊണ്ടുപോകുമോ? "

അയാളോട്  സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ അയാളോട് കണ്ണുകളിലേക്കു ഉറ്റുനോക്കികൊണ്ടിരിക്കുകയായിരുന്നു.  അയാളുടെ മനസ്സിലെ  വിചാരവികാരങ്ങളുടെ മിന്നലാട്ടങ്ങള്‍  ആ  കണ്ണുകളിലൂടെ പ്രതിബിംബിക്കുന്നത് ഞാൻ കണ്ടു. ആ കണ്ണുകളില്‍ നിന്നും തുരാതുരാ ഒഴുകുന്ന ചുടുനീർ എന്റെ ഹൃദയത്തെ പൊള്ളിച്ചു. ചാലുകീറി ഒഴുകുന്ന ആ കണ്ണീരില്‍ അയാളുടെ നിഷ്‌കളങ്കത  തെളിഞ്ഞു കാണാമായിരുന്നു. എന്നിരുന്നാലും  എനിക്ക് അയാളെ അപരാധിയായി മാത്രമേ കാണാൻ പാടൊള്ളു.   അതാണ് സാമൂഹ്യകമായ കാഴ്ചപ്പാട്. അതിനു വിരുദ്ധമായി ഞാൻ എഴുതുമ്പോൾ  എന്റെ ചിന്തകൾ  മനുഷ്യത്വവിരുദ്ധം ആയി മാറും. എന്ത്‌കൊണ്ടാണ് എനിക്ക് മറ്റുള്ളവരെ പോലെ ചിന്തിക്കാൻ കഴിയാത്തത്?  ഒരുപക്ഷേ എനിക്ക് പെൺകുട്ടികൾ ഇല്ലാത്തതുകൊണ്ടാവാം.  അല്ലെങ്കിൽ സഹോദരികൾ എനിക്കില്ലാത്തത് കൊണ്ടും ആവാം. ആയിരുന്നുവെങ്കിൽ എനിക്ക് പെണ്ണിനെ കുറിച്ചും അവളുടെ മനസ്സിനെ കുറിച്ചും അറിയാൻ സാധിക്കുമായിരുന്നു!!
.
എന്റെ മനസ്സിലെ ചിന്തകളിൽ ഉടലെടുത്ത സംശയം അയാളിൽ നിന്ന് മറച്ചുപിടിച്ചുവച്ചുകൊണ്ട് ഞാൻ  പറഞ്ഞു  "ദയവു വിചാരിച്ചു താങ്കൾ കരായതിരിക്കു സുഹൃത്തേ.. എനിക്ക് കഴിയുന്ന എല്ലാ സഹായങ്ങളും ഞാൻ താങ്കൾക്ക് വേണ്ടി ചെയ്തുതരാം....നമ്മുടെ രാജ്യത്ത് സ്ത്രീക്ക് മാത്രമായി ഒരു പ്രത്യേക നീതിയില്ല. പുരുഷനും നീതികിട്ടും!!   പക്ഷേ എന്റെ ആശ്വാസ വാക്കുകൾ അയാളുടെ കരച്ചിലിന്റെ ശക്തിയെ ശമിപ്പിച്ചില്ല.. അതുകൂടി കൂടി വരാൻ തുടങ്ങി. പിന്നെയൊരു കൊച്ചുകുട്ടിയെപോലെ വിതുമ്പികൊണ്ടു  കരച്ചിലിനിടയിൽ അയാൾ പറഞ്ഞു "ഞാന്‍ വല്ലാതെ അപമാനിക്കപ്പെട്ടിരുന്നു സാറെ.  ഞാനൊരു പുരുഷനായി പോയതാണോ സാറേ എന്റെ കുറ്റം? അല്ലായിരുന്നുവെങ്കിൽ എന്നെ സഹായിക്കുവാനും എനിക്കുവേണ്ടി ശബ്‌ദിക്കുവാനും ആയിരം പേർ ഉണ്ടാകുമായിരുന്നില്ലേ സാറേ?"    അപ്പോൾ ഏകാന്തതയുടെ ശൂന്യമായ വഴിയില്‍ തളര്‍ന്നുപോയ ആ മനുഷ്യന്റെ മ്ലാനമായ മുഖത്തുനിന്നും പീഡനത്തിന്റെ ഇരയെ ഞാന്‍ വായിച്ചെടുക്കുകയായിരുന്നു. നിസ്സഹായനായ ആ മനുഷ്യന്‍ ജീവിതത്തില്‍ ഇത്രയൊക്കെ സഹിക്കേണ്ടി വരുന്നതിന്റെ യുക്തിയെകുറിച്ച് ഞാൻ ആലോചിച്ചുനോക്കി. സ്ത്രീ സുരക്ഷക്കും, സ്ത്രീ സംരക്ഷത്തിനു വേണ്ടിയുള്ള നിയമങ്ങൾ എങ്ങിനെയാണ് സ്ത്രീകൾ ദുർവിനിയോഗം ചെയ്യുന്നതെന്ന് മനസ്സിലായപ്പോൾ പുരുഷനായ ഞാൻ ഒരു നിമിഷം എന്റെ ജന്മത്തെ ശപിച്ചു.

അയാൾക്ക്‌ വേണ്ടി ഞാൻ ആദ്യം കാണാൻ പോയത് ഒരു അഭിഭാഷകയെയാണ്. "ഈ കേസിൽ കുട്ടികളുടെ മൊഴി അതിപ്രധാനമാണ്. കുട്ടികൾ അയാളുടെ കയ്യിലുള്ളത് കൊണ്ട് പേടിക്കാനില്ല.. ഒരു അഭിഭാഷക എന്ന നിലയിൽ വർഷങ്ങളായിട്ടുള്ള എന്റെ അനുഭസമ്പത്ത് വച്ച് പറയാം. ഈ ഹർജിയിൽ കള്ളങ്ങളുടെ പ്രളയമാണ്. നിങ്ങളുമായി സംസാരിച്ചപ്പോൾ എനിക്കത് കൂടുതൽ വ്യക്തമായിട്ടുണ്ട്. ഞങ്ങളുടെ പ്രൊഫഷനിൽ  ആളുകളെ കുറ്റം പറയാൻ പാടില്ല. എന്നിരുന്നാലും ചില സത്യങ്ങൾ പറയാതിരിക്കാനും നിവർത്തിയില്ല.. അവൾക്ക് വേണ്ടി കേസ് ഏറ്റെടുത്ത വകീൽ ഒരു ഫ്രോഡ് ആണ്. എനിക്ക് വർഷങ്ങളായി അയാളെ അറിയാം.. എല്ലാ പ്രഫഷനിലും ഉള്ളത്പോലെ ഞങ്ങളുടെ കൂട്ടത്തിലും കുറച്ചു വൃത്തികെട്ടവന്മാർ ഉണ്ട്. അതുകാരണം കൂടിയാണ് ഹർജിയിൽ ഇത്രയും നീചമായ കാര്യങ്ങൾ എഴുതി ചേർത്തിട്ടുള്ളത്. ഈ കേസിനെ സംബന്ധിച്ച് ബാലാവകാശ കമീഷനിലും പരാതി നൽകിയിട്ടുണ്ട്.. അതുകൊണ്ടു കൂടിയാണ് കേസ് സ്ട്രോങ്ങ് ആയി മാറിയത്" .
.
'കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും അവരുടെ പരിരക്ഷക്കുമായി അനുവദിക്കപ്പെട്ട നിയമത്തെ നമ്മൾ മനുഷ്യർ അവഹേളന പത്രമാക്കുക അല്ലെ.. മാഡം?  ദാമ്പത്യ ബന്ധത്തിൽ ഉണ്ടാവുന്ന താളപ്പിഴകൾ കുടുംബ കോടതികളിലേക്കെത്തുമ്പോൾ, കേസിനു ബലം നൽകാൻ വേണ്ടി മാത്രമായിരിക്കണം  ഇത്തരത്തിൽ ഒരു പീഡനകഥ മെനഞ് കുഞ്ഞുങ്ങളെ നമ്മൾ ബലികൊടുക്കുന്നത് അല്ലെ?. പാവം ആ കുട്ടികൾ..  ആ പിഞ്ചുപെൺകുഞ്ഞുങ്ങൾ അറിഞ്ഞുകാണുമോ... തങ്ങളുടെ മുത്തച്ഛനാൽ തങ്ങൾ ലൈംഗീക പീഡനത്തിന് ഇരയായിയെന്ന് തങ്ങളുടെ അമ്മ ബാലാവകാശ കമീഷനിലും പോലീസിലും പരാതി കൊടുത്തിരിക്കുമെന്ന്? തങ്ങളുടെ അച്ഛൻ ഒരു ക്രിമിനൽ കേസിൽ പ്രതിയാണെന്ന്? നാളെ പത്രങ്ങളിലും ടി.വി. ന്യൂസിലും തങ്ങളുടെ അച്ഛന്റെ മനസാക്ഷിയെ ചോദ്യം ചെയ്യാവുന്ന തരത്തിലുള്ള വാർത്തകൾ ഇടംപിടിക്കുമെന്ന്? ഇരകൾ എന്ന പേരിൽ നാളെ തങ്ങളും വാർത്തകളിൽ നിറയുമെന്ന്?'
.
"കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും ഇല്ലാതാക്കുക എന്നതിന് വേണ്ടിയാണ് ഇങ്ങിനെയൊരു കമ്മീഷൻ . പക്ഷേ പലപ്പോഴും ഒന്നമറിയാത്ത ഇളം പിഞ്ചുമനസ്സുകൾ കോടതി മുറിക്കുള്ളിക്ക് എടുത്തറിയപ്പെടുന്നതിനു അവർ കാരണം ആവുന്നു. നിങ്ങളുടെ കേസിൽ അവരുടെ ഇടപെടൽ ശരിയായില്ല എന്നാണ് എനിക്ക് തോന്നുന്നത്... ഇതിൽ പറയുന്ന പെൺകുട്ടികൾ വിദേശത്ത് താമസിക്കുന്നവരാണ്.... ഈ കുറ്റകൃത്യം നടന്നു എന്ന് പറയുന്നത് വിദേശത്ത് വച്ചാണ്. നിങ്ങളുമായി തെറ്റിപ്പിരിഞ്ഞ കുട്ടികളെ ഉപേക്ഷിച്ചു നാട്ടിലേക്കു വന്നത്തിനു ശേഷമാണ് അവൾ ഇത്തരത്തിൽ ഒരു കേസ് കൊടുത്തിട്ടുള്ളത്.."
.
'മാഡം ... ഈ കേസിൽനിന്ന് അവരെ മുക്തരാക്കാൻ ഇനിയൊരു വഴിയുമില്ലേ?'
.
"അയാളുടെ മനസാക്ഷിക്ക് മാത്രമേ അറിയൂ തെറ്റുകാരനല്ല എന്ന സത്യം.. സമൂഹത്തിൽ ഇപ്പോൾ ഏറെക്കുറെ അയാൾ കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കും...കാരണം, നമ്മൾ പലരുടെയും മനസ്സുകൾ ലൈംഗികാവയവങ്ങളേ മാത്രം ചുറ്റിപ്പറ്റി കഥകള്‍ മെനയുകയും, സ്വയം സര്‍വ്വജ്ഞരും കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ വക്താക്കളുമായി വേഷം കെട്ടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. അയാളോട് വിഷമിക്കേണ്ട എന്ന് പറയാൻ മാത്രമെയിപ്പോൾ എനിക്ക് കഴിയു. അയാൾക്ക്‌ ആവശ്യമുള്ള നിയമ സഹായം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു എന്ന് പറയു... "
.
പിന്നെ ഞാൻ പോയത് കേസ് ഫയൽ ചെയ്ത പോലീസ് സ്റ്റേഷനിലേക്കാണ്. ഇൻസ്‌പെക്ടറെ കാണുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. ഇടതൂര്‍ന്നു നില്‍ക്കുന്ന പൈന്‍മരക്കാടുകള്‍ക്ക് അരികെയായിരുന്നു ആ പോലീസ് സ്റ്റേഷൻ. പ്രവേശന കവാടത്തിൽ തോക്ക് പിടിച്ചുനിൽക്കുന്ന കോൺസ്റ്റബിളിനോട് ഇൻസ്‌പെക്ടറെ തിരക്കുമ്പോൾ എന്റെ കാൽമുട്ടുകൾ വിറകൊള്ളൂന്നുണ്ടായിയുരുന്നു. ഒരു മെലിഞ്ഞ രൂപം ആയിരുന്നു ഇസ്നപെക്ടർക്ക്. ചുവന്ന കണ്ണുകളുള്ള അദ്ദേഹം എന്റെ അടുത്തെത്തിയപ്പോൾ മദ്യത്തിന്റെ മണം എനിക്കനുഭവപെട്ടു. പക്ഷേ ഉടനെ എന്റെ മനസ്സ് എന്നെ തിരുത്തി. ചുവന്ന കണ്ണുകൾ ആയത് കാരണം മാത്രമായിരിക്കണം ഞാൻ അയാൾ മദ്യപാനി ആണ് എന്ന് ചിന്തിച്ചു പോയത്. ഒരുപക്ഷേ ജന്മനാ അയാളുടെ കണ്ണുകൾ അങ്ങിനെയായിരിക്കും. നമ്മൾ മനുഷ്യർക്ക് പലരെ കുറിച്ചും ഒരു മുൻസമീപനം ഉണ്ട്. അതുകൊണ്ടായിരിക്കാം ഞാൻ അങ്ങിനെ ചിന്തിച്ചുപോയത്.
.
'അവൾ..... ' ഞാൻ പറഞ്ഞു മുഴുവിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം എന്നോട് പറഞ്ഞു.. "ഇര എന്ന വാക്കു ഉപയോഗിക്കു.. അതാണ് കൂടുതൽ യോജിക്കുക.."
.
'സർ ആരാണ് ഇര, പ്രതിയാക്കപ്പെട്ട ആളോ അതോ ഹർജിക്കാരിയോ ?'
.
"ഈ സ്റ്റേഷനിൽ എത്തിയ മറ്റു കേസുകളിൽ നിന്ന് തികച്ചും അപൂർവമായ കേസ് തന്നെയാണ് ഇത് . അതുകൊണ്ടാണ് ഇത് കോടതിയിൽ അയക്കുന്നതിനു മുമ്പായി ഞാൻ കമീഷണർ ഓഫീസിലേക്ക് അയച്ചതും. ഈ കേസിൽ ഞങ്ങൾക്ക് കൂടുതൽ നിയമ ഉപദേശം ആവശ്യമുണ്ട്.'
.
"സർ.. . ഒരു സാധാരണക്കാരൻ എന്ന നിലയിൽ എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്.. അതുകൊണ്ടാണ് ഞാൻ കൂടുതൽ ചോദ്യങ്ങളിലേക്കു കടക്കുന്നത്.. ഒരു സ്ത്രീ ഒരു പരാതി നൽകുമ്പോൾ, അത് സത്യമാണോ അതോ വ്യാജ പരാതിയാണോ എന്നറിയാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാവേണ്ടതല്ലേ? നമ്മുടെ കേസിൽ അങ്ങിനെ ഉണ്ടായിട്ടില്ല.. പരാതി കിട്ടിയപ്പോൾ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനാണ് താങ്കളുടെ ഡിപ്പാർട്ട്മെന്റ് ശ്രമിച്ചത്. എന്തുകൊണ്ട് പരാതി ന്യായമാണോ എന്ന് അറിയാൻ ശ്രമിക്കാഞ്ഞത്"
.
"ഇതൊരു ലൈംഗിക പീഡന കേസ് ആണ്. തനിക്കും തന്റെ കുട്ടികൾക്കും ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ലൈംഗീക പീഡനം ആണ് ഹരജിക്കാരി ഉന്നയിച്ചിട്ടുള്ളത്. ലൈംഗീക പീഡനം എന്ന് പറഞ്ഞാൽ എന്താണ് എന്നറിയുമോ? സ്‌ത്രീക്ക്‌ ഇഷ്ടമില്ലാതെ...അവരുടെ ശരീരത്തില്‍ തുറിച്ചു നോക്കുക, ലൈംഗിക താല്‍പര്യത്തോടെ നോക്കുക, ചൂളമടിക്കുക, നേരിട്ടോ ഫോണിലൂടെയോ അശ്ലീല കമന്റുകള്‍/തമാശകള്‍ പറയുക, കത്തുകള്‍/ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുക. പിന്‍തുടര്‍ന്നു ശല്യപ്പെടുത്തുക (പ്രത്യേകിച്ചും വിജനമായ സ്ഥങ്ങളില്‍), അശ്ലീല സിനിമ/ ചിത്രങ്ങള്‍ കാണിക്കുക, ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുക, ശ്വാസം ശരീരത്തില്‍ വീഴുന്നമാതിരി ചേര്‍ന്നു നില്‍ക്കുക, ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്‌പര്‍ശിക്കുക, ചുംബിക്കുക, കെട്ടിപ്പിടിക്കുക, അവയവങ്ങള്‍ കൊണ്ട്‌ ശരീരത്തില്‍ ഉരസുക, ലൈംഗിക സേവനങ്ങള്‍ ആവശ്യപ്പെടുക ഇതൊക്കെ ലൈംഗീക പീഡന പരിധിയിൽ വരുന്നതാണ്. സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ അവിടെ കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ല. കാരണം സ്ത്രീ പറയുന്നത് സത്യമായിരിക്കും!!!"
.
'ഒരു വഴിയുമില്ലേ സാർ അയാളെ രക്ഷിക്കാൻ? അതോ അയാൾ ഒരു പുരുഷനായതാണോ അയാളുടെ തെറ്റ്?'
.
"ഞങ്ങൾ നിസ്സഹായരാണ്. നിയമം നടപ്പിൽ വരുത്തുക എന്നതാണ് ഞങ്ങളുടെ കർത്തവ്യം. നിങ്ങൾ ഒരു വകീലിനെ സമീപിക്കു. കോടതിയിൽ എത്തുമ്പോൾ ജാമ്യത്തിന് അപേക്ഷിക്കു.. ഇത് മാത്രമാണ് എനിക്ക് പറയാനുള്ളത്"

പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നിസ്സഹായതയുടെ ക്രൂരമുഖം എന്നിലെ എന്നെ ഉറ്റുനോക്കികൊണ്ടരിക്കുന്നത്പോലെ തോന്നി.  ഉറ്റവര്‍ ഉടയവര്‍  അറത്തുമുറിച്ചില്ലാതാക്കിയ ബന്ധത്തിന്റെ ബന്ധനത്തെ കുറിച്ചോർത്ത് എന്റെ മനസ്സ് പിടഞ്ഞു. എന്തായിരിക്കും അവർ ആ പിഞ്ചുകുഞ്ഞുങ്ങളോട് ചോദിക്കുക? നിങ്ങളെ മുത്തച്ഛൻ മടിയിലിരുത്താറുണ്ടോ?...നിങ്ങളുടെ കവിളുകളിൽ ഉമ്മക്കവാറുണ്ടോ? നിങ്ങളുടെ തുടകളിൽ മുത്തച്ഛന്റെ കൈവിരലുകൾ ഓടികളിക്കാറുണ്ടോ? നിങ്ങളുടെ മാറിടത്തില് കൊച്ചു മുഴുപ്പുകളിൽ മുത്തച്ഛൻ തലോടാറുണ്ടോ?'
.
"രാജീവ്...അവർക്ക് അറിയാം ഏത് രീതിയിലാണ് കുട്ടികളോട് സംസാരിക്കേണ്ടത് എന്നതിനെക്കുറിച്ച്‌. കുട്ടികളുടെ മാനസിക നിലയെക്കുറിച്ചും അവർ പറയുന്നത് എന്താണെന്നും മനസ്സിലാക്കാനുള്ള കഴിവുള്ള ആളുകളാണ് ഇത്തരം ചോദ്യങ്ങളുമായി അവരെ സമീപിക്കുന്നത്"
.
'ബിന്ദു...എന്തായാലും എന്റെ മനസ്സിൽ ഉടെലെടുത്ത സന്ദേഹം തന്നെയാവില്ലേ അവരുടെ ചോദ്യങ്ങളിലൂടെ പുറത്തുവരിക? ഒരു മുത്തച്ഛന്.അല്ലെങ്കിൽ അച്ഛന്...തന്റെ കൊച്ചു കുഞ്ഞുങ്ങളെ ഉമ്മ വക്കാൻ പാടില്ലേ? അവരുടെ തുടകളിൽ മുറിവുണ്ടായാൽ മരുന്ന് പുരട്ടി കൊടുക്കാൻ പാടില്ലേ? ഒരു പക്ഷേ അമ്മയുടെ അസാന്നിധ്യത്തിൽ അച്ഛനും മുത്തശ്ശനും ഒക്കെ കുട്ടികളെ കുളിപ്പിക്കുമ്പോൾ അവരുടെ ജനനദ്രീയങ്ങളിൽ സ്പർശിക്കേണ്ടി വരില്ലേ? അതൊക്കെ പിന്നീട് ബാലപീഡനം ആയിമാറുമോ?'
.
"രാജീവ് നീ എന്തിനാണ് ഇതിൽ ഇത്ര ഡെസ്പേറേറ്റ് ആവുന്നത്? നിന്റെ ജോലി റിപ്പോർട്ടിങ് ആണ്. അതിലെ തെറ്റും ശെരിയും ഓർത്ത് നീ വ്യാകുലപ്പെടേണ്ടതില്ല. തെറ്റോ ശെരിയോ എന്നതിൽ ഉപരി നീ നൽകുന്ന റിപ്പോർട്ട് ആളുകളെ രസിപ്പിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. ആ വാർത്തക്ക് ജനങ്ങളുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്നുണ്ടോ? അതിനെ അനുകൂലിച്ച് ജനങ്ങൾ അഭിപ്രായപ്രകടനം നടത്തുന്നുണ്ടോ? മറ്റു മാധ്യമങ്ങൾ നിന്റെ ന്യൂസ് ഫോളോ ചെയ്യുന്നുണ്ടോ? ഇങ്ങിനെയൊക്കെ സംഭവിച്ചാൽ നീ വിജയിച്ചു. മറ്റുള്ളവരുടെ ശ്രദ്ധക്ക് പത്രമാവാൻ കഴിയുക എന്നത് ഒരു പത്രവാർത്തകനെ സംബന്ധിച്ചു വലിയ വിജയമാണ്. ഈ കേസിൽ കുട്ടികളുടെ മൊഴിയെടുക്കുന്നതോടു കൂടി, അയാളുടെ നിരപരാധിത്വം തെളിയിക്കാവുന്നതല്ലേ ഒള്ളു... ഇതൊക്കെ ഓർത്ത് ഈ രാത്രി വെറുതെ നശിപ്പിക്കണോ? എല്ലാം മനസ്സിൽ നിന്ന് മാറ്റു എന്നിട്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട് നിന്നിലേക്ക്‌ അമർത്തു. നിന്റെ ചുണ്ടുകളുടെ ലാളന ഞാൻ അറിയട്ടെ...നിന്റെ കൈവിരലുകളുടെ മാന്ത്രികത എന്നെ ഉണർത്തട്ടെ.. ഓർമ്മയുണ്ടോ നമ്മൾ ആദ്യം കാണുമ്പോൾ ഞാൻ ഉണങ്ങിയ ഒരു വിറകുകൊള്ളിയായിരുന്നു. നിന്റെ മഴത്തുള്ളികളുടെ തണുപ്പേറ്റാണ് എന്നിൽ പിന്നെയും പുതുനാമ്പുകൾ തളിർത്തത്"
.
'ഇല്ല ബിന്ദു... എന്നോട് ക്ഷമിക്കു...എനിക്ക് നിന്റെ ശരീരത്തിന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുൻ കഴിയുമെന്ന് തോന്നുന്നില്ല. നിന്റെ ശരീരത്തിലേക്ക് നീ എന്നെ വലിച്ചടുപ്പിക്കുബോൾ, നിന്റെ അധരങ്ങളിലെ മധുചഷകം എന്റെ ചുണ്ടോടു അടുപ്പിക്കുമ്പോൾ, നിന്റെ മാറിടം എനിക്കുവേണ്ടി ചുരക്കുമ്പോൾ എല്ലാം ഞാൻ ഭയപ്പെടുന്നു. ഒരു പക്ഷേ നാളെ ഞാനും ഒരു പീഡകന്റെ റോളിൽ ജനങ്ങൾക്ക് മുമ്പിൽ എത്താം.. ഒരു ചാനൽ ചർച്ചയിൽ ജീവിതം പറയുന്ന കെട്ടുകഥയിൽ നമ്മൾ രണ്ടു പേരും മുഖത്തോടു മുഖം നോക്കി അന്യരെപ്പോലെ ഇരുന്നെന്നു വരാം. എനിക്കൊന്നിനും കഴിവില്ല. ഒരു നിർവികാരത എന്നെ ബാധിച്ചിരിക്കുന്നു.'
.
"രാജീവ്...മുച്യൽ കോൺസെന്റിൽ ശാരീരികമായി ബന്ധപ്പെടുമ്പോൾ അവിടെ പുരുഷനെ മാത്രം കുറ്റപ്പെടുത്തുന്നത് ശെരിയല്ല. രണ്ടുപേരും ആ നിമിഷങ്ങൾ ആഘോഷിക്കുന്നുണ്ട്. അവിടെ പുരുഷൻ മാത്രമായി തെറ്റുകാരൻ ആവുന്നത് എങ്ങിനെയാണ് എന്ന് മനസ്സിലാവുന്നില്ല. ഇനി ഇപ്പോൾ ഒറ്റ വഴിയേ ഒള്ളൂ. നിങ്ങൾ പുരുഷന്മാർ എല്ലാം കൂടി ഒരു സംഘടന ഉണ്ടാക്ക്. അല്ലെങ്കിൽ ഞങ്ങൾ സ്ത്രീകൾ ഉണങ്ങിയ വിറകുകൊള്ളികളായി പോവും. നിന്റെ ഭാര്യയോടും നീ ഇങ്ങിനെയാണോ രാജീവ്...അവളുടെ ശരീരത്തെയും നീ തൊടാറില്ലേ? അവളിലേക്ക് നീ ഒരു നദിയായി പ്രവഹിക്കാറില്ലേ? ഇങ്ങിനെ പേടിത്തൊണ്ടനായാൽ നിനക്കെങ്ങനെ ജീവിക്കാൻ കഴിയും. നിനക്കെങ്ങനെ നിന്റെ വംശത്തെ നിലനിർത്താൻ കഴിയും. നിനക്ക് പിറക്കാൻ പോവുന്ന കുഞ് ഒരു പെണ്കുട്ടിയായിരിക്കണേ എന്ന് എത്ര തവണ നീ എന്നോട് പറഞ്ഞിട്ടുണ്ട്..ഓർമയുണ്ടോ?"
.
'ഒരു പാട് കണ്ണുനീരും, ഒരു പാട് നിശ്വാസങ്ങളും ഇതൊക്കെ മൂടിവയ്ക്കാൻ ഒരു ചെറുപുഞ്ചിരിയും അതാണ് എന്റെ ഭാര്യ. അധികം സംസാരിക്കാത്ത, അടങ്ങിയൊതുങ്ങി കഴിയുന്ന വീടുനോക്കുന്ന പാചകവിദഗ്‌ധയായ ഒരു സ്ത്രീയാണ് അവൾ. പക്ഷേ ഞാനിപ്പോൾ അവളെ പോലും സംശയത്തോടെയാണ് നോക്കുന്നത്. രാത്രികളിൽ ഞാൻ അവളെ വാരിപുണരുമ്പോൾ എന്റെ വികാരം എന്നിൽനിന്നും ചോർന്നുപോവുന്നത് പോലെ അനുഭവപ്പെടുന്നു. എന്നിലെ എന്നെ ചൂടുപിടിപ്പിക്കാൻ അവൾ വളരെയധികം പരിശ്രമിക്കാറുണ്ട്. അവസാനം അവൾ എന്നിൽനിന്ന് അകന്നു മാറി നിശബ്ദം തേങ്ങി കരയുന്നത് കാണാം. എനിക്കപ്പോൾ അവളുടെ ശരീരത്തെ തൊടാനോ ആശ്വസിപ്പിക്കാനോ ധൈര്യം ഉണ്ടാകാറില്ല. എനിക്ക് കുഞ്ഞുങ്ങൾ വേണ്ട..ബിന്ദു....എനിക്ക് പിറക്കുന്ന കുഞ് അഥവാ ഒരു പെൺകുട്ടി കൂടി ആണെങ്കിൽ..!!! നാളെ ഒരു പീഡകന്റെ റോളിൽ ഞാൻ.!!!...എനിക്കോർക്കാൻ വയ്യ.... വേണ്ട... എനിക്ക് കുഞ്ഞുങ്ങൾ വേണ്ട......എനിക്ക് ധൈര്യമില്ല.

Friday, January 27, 2017

ഒരിടത്ത് ഒരു അച്ഛനുണ്ടായിരുന്നു..

                                                    

.

"ഒരു തടാകം..
തടാകകര മുഴുവന്‍ ഭീകരമായ നിശബ്ധത.
അജ്ഞാത കോണുകളില്‍ നിന്ന് പുറപ്പെട്ട്  ഒന്നായിചേര്‍ന്ന് താളക്രമത്തിലുള്ള ഒരു നേര്‍ത്തശബ്ദം.
പതിഞ്ഞ കാലടിശബ്ദം. തടാകകര നിറയെ മഞ്ഞ് മൂടികിടക്കുന്നു..
മഞ്ഞിന്റെ തിരശീലക്ക് പിറകില്‍നിന്ന് ഒരുകൈ ഉയര്‍ന്നുവരുന്നു..
ഒരു കുഞ്ഞിളംകൈ ..
ആ കൈ തന്നിലേക്ക്  നീട്ടുന്നു..
അതെ കേള്‍ക്കാം.. .. ആ ശബ്ദം അടുത്തേക്ക് വരുന്നുണ്ടല്ലോ..
തടാകത്തിന്റെ വലിപ്പം കൂടി കൂടി വരുന്നു.....
മഞ്ഞ്  പാളികള്‍ രണ്ടാവുന്നു.. അവിടെയൊരു  ഒരു ഗര്‍ത്തം രൂപപ്പെട്ടുവരുന്നല്ലോ .....
തന്നെ പിടിക്കാനായി നീട്ടിയ ആ കുഞ്ഞി കൈ കാണാനില്ല..
എന്റെ കുഞ്ഞേ എവിടെ പോയി നീ?.. എവിടെ പോയി....? "


ഹോ .. വിശ്വസിക്കാന്‍ കഴിയുന്നില്ല എന്തൊക്കെയാണ് താന്‍ കണ്ടത്. വല്ലാത്തൊരു സ്വപ്നം. ഇരുട്ടിന്റെ മറവില്‍ അവന്‍ ഒളിച്ചിരിക്കുന്നുണ്ട്. തന്റെ തൊട്ടടുത്തുണ്ട് .. ശരിക്കും അവന്‍ തന്റെ കയ്യില്‍ സ്പര്‍ശിച്ചു.. അവന്റെ കൈകള്‍ക്ക് നല്ല തണുപ്പായിരുന്നു.  ആ തണുപ്പ് ശരീരത്തില്‍ എവിടെയൊക്കെയോയായി  നിറയുന്നു.


ഡോക്ടര്‍ തിരക്കിലാണ് പുറത്തു വെയിറ്റ് ചെയ്യു.. ചുവന്ന അക്ഷരത്തില്‍ എഴുതിവച്ച ബോർഡിന് താഴെയായി ഒരു കുട്ടിയടെ ചിത്രം. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു കൊച്ചുകുട്ടി.. വിരല്‍ ചുണ്ടില്‍ ചേര്‍ത്ത്പിടിച്ചിരിക്കുന്നു..
"ടോക്കണ്‍  നമ്പര്‍ വിളിക്കുമ്പോള്‍ അകത്തേക്ക് പോയാല്‍ മതി...." സിസ്റ്ററുടെ വാക്കുകള്‍ അയാള്‍ കേട്ടില്ല.. മനസ്സ് മുഴുവനും സ്വന്തം അവസ്ഥയെകുറിച്ചുള്ള ചിന്തകളില്‍ അലയുകയായിരുന്നു.. അവളോട്‌ എങ്ങിനെ പറയും? ഈയിടെയായി തന്റെ മൗനം അവളെ പേടിപ്പെടുത്തുന്നുണ്ട്. കല്ല്യാണം കഴിഞ്ഞുള്ള ആദ്യനാളുകളില്‍ കണ്ട തന്നെയല്ല അവള്‍ ഇപ്പോള്‍ കാണുന്നതെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.. ആ മുഖത്തേക്ക് നോക്കാന്‍ കഴിയുന്നില്ല.. തൊണ്ടയില്‍ നിന്ന് വേദനയുടെയും നിരാശയുടെയും കൈപ്പുനീര്‍ വായിലേക്ക് വരുന്നു. അച്ഛന്റെയും..അമ്മയുടെയും പിന്നെ കുടുംബക്കാരുടെയും കുറ്റപ്പെടുത്തലുകള്‍ അവള്‍ക്ക് മാത്രമാണ്. ഒരിക്കല്‍ അച്ഛന്‍ രഹസ്യമായി ചോദിച്ചത് ഓര്‍ക്കുന്നു. "അരുണ്‍ നിനക്ക് അവളെ ഒഴിവാക്കി കൂടെ? എന്നിട്ട് വേറെയൊരു  കല്യാണം കഴിച്ചുകൂടെ?"  അന്ന് വയര്‍പിളര്‍ന്നു കുടല്‍മാലകള്‍ പുറത്തിടുമ്പോള്‍ ഒരു ജീവനുള്ള ശരീരം അനുഭവിക്കുന്ന പിടച്ചില്‍ താന്‍ അറിഞ്ഞതാണ്. ഹൃദയം പിളര്‍ന്നുപോയത് പോലെതോന്നി.. കൂടുതല്‍ കേട്ട്നില്‍ക്കാന്‍  തോന്നിയില്ല. അച്ഛനോട് പറയേണ്ടി വന്നു. അവള്‍ അല്ല കുറ്റക്കാരിയെന്ന്. തനിക്കാണ് പ്രശ്നമെന്ന്. പിന്നെയും താന്‍ എന്തൊക്കെയോ പറഞ്ഞു. ചെറുപ്പത്തില്‍ തനിക്കു ഉപയോഗിക്കാന്‍ തന്ന ഡ്രസ്സുകളെ കുറിച്ച്.. പിന്നെ മുണ്ടിനീര് പോലെയുള്ള രോഗം വന്നതിനെകുറിച്ച്. അതിനോട് ചേർത്ത് മറ്റൊരു ചോദ്യവും താൻ ചോദിക്കുകയുണ്ടായി. "എന്തിനു എന്നെ ഈ ഭൂമിയിലേക്ക് ജനിപ്പിച്ചു അമ്മേ ....ജനിച്ചപ്പോൾ തന്നെ ഇല്ലാതാക്കാമായിരുന്നില്ലേ" പിന്നീട്  അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കാന്‍ തനിക്കു ശക്തിയുണ്ടായിരുന്നില്ല. അമ്മയുടെ ഹൃദയം എത്രമാത്രം വേദനിച്ചിട്ടുണ്ടാവും?  തന്നെ പത്തുമാസം ചുമന്നുപ്രസവിച്ചു. ജീവിതത്തിലുടനീളം സംരക്ഷിച്ചു. അവസാനം സ്വന്തം മാതാവിനെ തള്ളി പറഞ്ഞിരിക്കുന്നു.. എന്തിന് ജന്മം നൽകി എന്ന ചോദ്യത്തിലൂടെ.... .


തനിക്കൊരു അച്ഛനാവാൻ കഴിയില്ലെന്ന് ഡോക്ടർ പറയുന്നു. കാരണം തനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ല. പക്ഷേ തന്റെ രക്തത്തില്‍ പിറന്നത്‌ അല്ലെങ്കില്‍പോലും തനിക്കു ഒരു കുട്ടിയെ നല്കാന്‍ ഡോക്ടര്‍ തയ്യാറാണ്.. അങ്ങിനെ തനിക്കു  സമൂഹത്തിന്റെ മുന്നില്‍  അച്ഛന്‍ ആവാന്‍ കഴിയും . പക്ഷേ  തന്റെ ഭാര്യയുടെ മുന്നില്‍!! സ്വന്തം മനസാക്ഷിയുടെ മുന്നില്‍'!! ഇല്ല.. അറിയില്ല.. ഒന്നുമറിയില്ല.... രക്തത്തിനും മാതാപിതാ ഗുരുക്കന്മാര്‍ക്കും വില ഇല്ലാത്ത ഈ കാലഘട്ടത്തില്‍ ഒരുപക്ഷേ താന്‍ ചെയ്യുന്നതും തെറ്റായിരിക്കില്ല.. തനിക്കൊരു ലക്‌ഷ്യമുണ്ട്. ഒരു കുട്ടിയുടെ അച്ഛനാവാന്‍ വേണ്ടിയാണ് എന്നെങ്കിലും.. അപ്പോൾ ബീജം നല്‍കി കാശ് വാങ്ങുന്ന ദാതാവിനോ?

ടോക്കണ്‍  നമ്പര്‍ ഇരുപത് എന്ന വിളികേട്ടപ്പോള്‍ അയാള്‍ ഡോക്ടറുടെ കണ്‍സള്‍ട്ടിങ് റൂമിലേക്ക്കടന്നു.
"അരുണ്‍ ഭാര്യെയെ കൊണ്ടുവന്നില്ലേ ?"
'ഉണ്ട്... പുറത്തിരിപ്പുണ്ട്.. '
"എങ്കില്‍ അവരെകൂടി വിളിക്കു അരുണ്‍"
'പക്ഷേ  ഡോക്ടര്‍.. എനിക്കൊരു  കാര്യം പറയാനുണ്ട് ..അവളെ അറിയിക്കാതെ പറ്റില്ലേ?'
"ഹേ മിസ്റ്റര്‍ . നിങ്ങളോട് ഞാന്‍ പറഞ്ഞില്ലേ.. അവരുടെ സമ്മതമില്ലാതെ പറ്റില്ലെന്ന് .."
'പക്ഷേ  ഡോക്ടര്‍ അവള്‍ക്കുവേണ്ടത് സ്വന്തം ഭര്‍ത്താവിന്റെ കുട്ടിയെ അല്ലേ?'
"നോക്ക് മിസ്റ്റര്‍ അരുണ്‍ ഇത് പോലെയുള്ള  ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല.. ഞങ്ങള്‍ക്ക് ഇവിടെ ഒരു നിയമാവലിഉണ്ട്. അതനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ പറ്റു. ഇനി നിങ്ങള്‍ പറയുന്നത് വാദത്തിനു വേണ്ടി ഞാന്‍ അംഗീകരിക്കാം, ഒരു നാള്‍ അവള്‍ ഇതറിഞ്ഞാല്‍?... നിങ്ങളല്ല അവളുടെ കുട്ടിയുടെ അച്ഛന്‍ എന്നറിഞ്ഞാല്‍ എന്താവും അരുണ്‍ അവളുടെ പ്രതികരണം?"....
'ഡോക്ടര്‍ അവള്‍ അറിയാന്‍ പോവുന്നില്ലല്ലോ?..പിന്നെ എങ്ങിനെയാ.....'
"മിസ്റ്റര്‍  അരുണ്‍ മനുഷ്യന്‍ എല്ലായിപ്പോഴും ഒരേ അവസ്ഥയിലല്ല. ചിലപ്പോള്‍ സ്വയം തന്നെതന്നെ മനുഷ്യന്‍ ചതിക്കും, വഞ്ചിക്കും. ഒരിക്കലും പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍, സ്വന്തം ലാഭത്തിനു വേണ്ടിപറയും. ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തികള്‍ ഒരു അറപ്പും വെറുപ്പും ഇല്ലാതെ ചെയ്യും.:"
'ഞാന്‍ അവളെ വിളിക്കാം.. പക്ഷേ  ഡോക്ടര്‍ അവളോട്‌ ഇതൊന്നും പറയണ്ട.. ഞാന്‍ സൗമ്യമായി  പറഞ്ഞു മനസിലാക്കികൊള്ളാം.. '
"നോക്കു അരുണ്‍.. ഈ ചികിത്സയില്‍ ഞങ്ങള്‍ ബീജദാതാവിന്റെ പേരുവിവരങ്ങള്‍  പുറത്തുവിടില്ല.. അത്പോലെ . ബീജം സ്വീകരിച്ചു ഗര്‍ഭംധരിച്ച ദമ്പതികളെ കുറിച്ചും.... .നിങ്ങള്ക്ക് സംശയം ഉണ്ടെങ്കില്‍ നോക്ക്....ഈ ഫയല്‍ കണ്ടുവോ... ഇത് നിറയെ ബീജദാതാക്കള്‍ വഴി ഗര്‍ഭംധരിച്ച ദമ്പതികളെ കുറിച്ചുള്ളതാണ്.. ഈ ചുവന്ന അടയാളം രേഖപ്പെടുത്തിയത്കണ്ടില്ലേ.. അത് ഇങ്ങിനെചെയ്തിട്ടും വിജയിക്കാത്ത വിരളമായ കേസുകള്‍ ആണ്.. "

ആരെയും അറിയിക്കില്ല എന്ന് പറഞ്ഞ ഫയല്‍ ഡോക്ടര്‍ തനിക്കു കാണിച്ചു തരുന്നു. അപ്പോൾ ആരെയും അറിയിക്കില്ല എന്ന് പറഞ്ഞതിന് എന്ത് വിശ്വാസ്യത ആണുള്ളത്? ഡോക്ടര്‍ രാജലക്ഷ്മിയുടെ വാക്കുകള്‍ കൂരമ്പ്‌ പോലെ മനസ്സില്‍ തറക്കുന്നു.. .
"നോക്ക് അരുൺ ... നിങ്ങള്ക്ക് മാത്രമല്ല നിങ്ങളെപോലെ അനേകം ആളുകളുണ്ട് നമ്മുടെ സമൂഹത്തിൽ ഒരു കുഞ്ഞിന്റെ അച്ഛനാവാൻ കഴിയാത്ത ഹതഭാഗ്യർ. അമ്പത് ശതമാനം ചലനാവസ്ഥയിലുള്ള ബീജങ്ങള്‍ ഉണ്ടായിട്ടുപോലും, ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍പറ്റാത്ത അവസ്ഥയിലുള്ള ആളുകളുണ്ട്. അമ്പത് ശതമാനം വേണ്ട.. ഒരു ബീജം മതി.. ആ ഒരു ബീജം അണ്ഡവുമായി കൂടി ചേര്‍ന്നാണ് ഭ്രൂണം രൂപപ്പെടുന്നത്. ഇനി അഥവാ നിങ്ങളുടെ വൃഷണ സഞ്ചിയില്‍ ബീജം ഉത്പാദിപ്പിക്കാനുള്ള സാധ്യതയില്ലങ്കില്‍, രക്തത്തില്‍ നിന്ന് അത് വേര്‍തിച്ചെടുത്ത് അതിലൂടെ ഒരു കുട്ടിയുടെ അച്ഛനാവാന്‍ കഴിയും. പക്ഷേ  അരുണിന്റെ കാര്യത്തിൽ ഈ സാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല എന്നതാണ് വസ്ഥുത കാരണം നിങ്ങളുടെ രക്തത്തില്‍ പോലും ബീജോല്പാധനം നടക്കുന്നില്ല. അത് നമ്മൾ ലാബ് ടെസ്റ്റ് വഴി സ്ഥിരീകരിച്ചതാണല്ലോ. ഇനി നമ്മുടെ മുമ്പിലുള്ള ഏക വഴി പുറത്ത്നിന്നുള്ള ഒരു ദാതാവിന്റെ ബീജം സ്വീകരിക്കുക എന്നത് മാത്രമാണ്. പുറത്ത്നിന്ന് ബീജബാങ്ക് വഴി എടുക്കുന്ന ശുദ്ധീകരിച്ച ബീജാണുക്കളെ സിറിഞ്ച്‌ വഴി സ്ത്രീയുടെ ജനനേന്ദ്രിയത്തിനകത്ത്‌ നിക്ഷേപിക്കുകയാണ് ഞങ്ങള്‍ ചെയ്യുക... ഇതിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കാന്‍ ഒന്നിലധികം  അണ്ഡം രൂപപ്പെടുത്തി എടുക്കാവുന്ന തരത്തിലുള്ള മരുന്നുകള്‍ ഞങ്ങള്‍ നിങ്ങളുടെ ഭാര്യക്ക് നല്‍കും, ഈ മരുന്നുകള്‍ മാസമുറയുടെ കാലചക്രം ക്രിത്യമാക്കുകയും അണ്ഡങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും, അത് കൊണ്ട് വിജയ സാധ്യത അറുപതു ശതമാനം ഉണ്ട്...."


രണ്ടു അവസ്ഥയാണ്‌ തന്റെ മുന്നിലുള്ളത്. ഒന്ന് അനാഥാലയത്തില്‍ നിന്ന് ഒരു കുഞ്ഞിനെ ദത്ത്  എടുക്കാം. അപ്പോള്‍ തനിക്കൊരു കുട്ടി ഉണ്ടാവും. പക്ഷേ  സമൂഹത്തിന്റെ മുന്നില്‍ താനായിരിക്കില്ല ആ കുഞ്ഞിന്റെ അച്ഛന്‍. പിന്നെയുള്ളതാണ് ഡോക്ടര്‍ പറഞ്ഞ മാര്‍ഗം.  മറ്റൊരാളുടെ ബീജം സ്വീകരിച്ച്  തന്റെ ഭാര്യയുടെ അണ്ഡവുമായി കൂട്ടിചേര്‍ത്ത് ഒരു കുഞ്ഞിനു ജന്മംനല്‍കുക എന്ന പ്രക്രിയ.  ആ കുട്ടിയെ തന്റെ ഭാര്യയുടെ കുട്ടി എന്ന് പറഞ്ഞെങ്കിലും തനിക്കു സ്നേഹിക്കാന്‍ പറ്റും. പക്ഷേ , ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യരെ വൈകൃതമായ രീതിയില്‍ സൃഷ്‌ടിക്കുന്നത്‌ അധാര്‍മ്മിക പ്രവര്‍ത്തിയല്ലേ? ‌ഒരു കുട്ടിക്ക് ഒന്നിലധികം അച്ചന്മാര്‍!!! ഒന്ന് വളര്‍ത്തുപിതാവ്! രണ്ട്..ബീജപിതാവ്! മനുഷ്യന്‍ ജന്മംമെടുക്കുന്ന  പ്രതിഭാസത്തില്‍ ബീജദാതാവും അണ്ഡദാതാവുമല്ലേ  പിതാവും മാതാവും? ഇതിനല്ലേ രക്തബന്ധമെന്ന്‌ പറയുന്നത്‌? കൂട്ടിയും ഗുണിച്ചും നോക്കുമ്പോള്‍ ചില ഉത്തരങ്ങള്‍ മനസ്സില്‍ ഉണ്ട്.. ഹൃദയം മാറ്റിവക്കുന്നത്പോലെ.. കണ്ണുകള്‍ മാറ്റിവക്കുന്നത്പോലെ.. രക്തം സ്വീകരിക്കുന്നത് പോലെ.. അതിനെ എല്ലാം ഇതിനോട് ഉപമിക്കാന്‍ പറ്റുമോ? ദൈവം, പ്രകൃതി. രതി.. പ്രേമം.. പ്രജനനം, ശാസ്ത്രം.. മതം.. ബീജദാതാവ്.. വാടക ഗര്‍ഭപാത്രം, അണ്ഡദാതാവ്.... വയ്യ.. മടുത്തു. അനേകം കുഞ്ഞുങ്ങള്‍ ഇന്ഫെര്‍റ്റിലിറ്റി ക്ലീനിക്കുകളില്‍ ദിനംപ്രതി ജനിക്കുന്നു.. അച്ഛന്‍ ആരെന്നറിയാത്ത, അമ്മ ആരെന്നറിയാത്ത, രക്ത ബന്ധത്തെകുറിച്ച് അറിയാത്ത.. പാവം പൈതങ്ങള്‍ !!!

ദൈവമേ നീ എന്തിനു എന്നെ ശ്രിഷ്ടിച്ചു? ഞാന്‍ ജീവിതത്തില്‍ നിന്നെ ഓര്‍ത്തിട്ടുണ്ടയിരുന്നില്ലേ? നിന്റെ നന്മയെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ ഞാന്‍ മനുഷ്യനെ ഓര്മപ്പെടുത്തിയിരുന്നില്ലേ? നിന്നെ ഉൾകൊള്ളത്താവരുമായി ഞാന്‍ സഹകരിക്കാറില്ലായിരുന്നല്ലോ? നീ ഉണ്ടാക്കിയ സംഹിതകള്‍ അല്ലെ ഞങ്ങളെ മനുഷ്യരെ പല വിഭാകങ്ങളായി തിരിച്ചത്. നിന്റെ പേരില്‍ പല വിഭാകങ്ങളായി തിരിഞ്ഞല്ലേ മനുഷ്യര്‍ ബോംബയിലും ഗുജറാത്തിലും അവരുടെ സഹോദരമാരെയും സഹോദരികളെയും പേപ്പട്ടികളെ  പോലെ കൊന്നു കുഴിച്ചു മൂടിയത്? .വായില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്?. നീ വിഭാവനം ചെയ്യുന്ന സ്വര്‍ഗത്തിന്റെ അവകാശികള്‍ ആവാനയിരുന്നില്ലേ പലരും തീവ്രവാദത്തിന്റെ വിത്തുകള്‍ ജങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്നത്. പക്ഷേ ഇന്ന് ഞങ്ങള്‍ മനുഷ്യര്‍ക്ക്‌ നിന്റെ സൃഷ്ടിപ്പ് കൊണ്ട് പൂര്‍ണത ഇല്ലാത്ത അവസ്ഥ കാരണം ഒരു കുട്ടിയുടെ അച്ഛനാവാന്‍ നീ ഉണ്ടാക്കിയ തത്വസംഹിതകളെ തള്ളിപറയേണ്ടി വന്നിരിക്കുന്നു. അനേകം കുഞ്ഞുങ്ങള്‍ ഇന്ഫെര്‍റ്റിലിറ്റി ക്ലീനിക്കുകളില്‍ ദിനം പ്രതി ജനിക്കുന്നു. അച്ഛന്‍ ആരന്നറിയാത്ത. രക്ത ബന്ധത്തെ കുറിച്ച് അറിയാത്ത. പാവം പൈതങ്ങള്‍!!


                                                                        xxxxxxxxxxxxxxxxx


എന്റെ പ്രിയപെട്ടവളെ, നിന്നെ പറഞ്ഞു മനസിലാക്കുന്നതില്‍ ഞാന്‍ വിജയിച്ചുവെന്ന് എനിക്കറിയാം.. നീ ലാബര്‍റൂമില്‍ നിന്റെ കുഞ്ഞിനെ പ്രസവിക്കാനായി അക്ഷമയായി കിടപ്പാണ്. നീ വേറെയൊരാളുടെ കുഞ്ഞിനെ പ്രസവിക്കുന്നതിലൂടെ നിനക്കൊരു  അമ്മയാവാം  നിനക്ക് ഇഷ്ടമായിട്ടല്ല നീ ഇങ്ങിനെചെയ്യുന്നതെന്ന് അറിയാം. നീ ആദ്യം ഒഴിഞ്ഞുമാറിയതായിരുന്നുവല്ലോ .. പക്ഷേ എന്നെ ഒഴിവാക്കി വേറെയൊരു  കല്യാണം കഴിക്കാന്‍ നിന്നെ ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് നീ അതിന് തയ്യാറായത്.. കാരണം..നിനക്ക് എന്നെ അത്രക്കും ഇഷ്ടമാണ്..എന്റെകൂടെ ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണ്  നീ ഈ അധര്‍മത്തിനു കൂട്ടുനിൽക്കുന്നത്.. ഞാന്‍ നിസ്സഹായന്‍ ആണെന്ന് നിനക്ക് അറിയാം. എന്റെ നിസ്സഹായതയില്‍ എന്റെ കൂടെ നില്‍ക്കേണ്ടവളാണ് നീ... ..


സിസ്റ്റര്‍ ഓടി വരുന്നല്ലോ? 'എന്താ സിസ്റ്റര്‍ ..?'
"നിങ്ങളല്ലേ  നിഷയുടെ ഭര്‍ത്താവ്?"
'അതെ സിസ്റ്റര്‍.. '
"പേഷ്യന്റിന്റെ അവസ്ഥ കുറച്ചു കൊമ്ബ്ലിക്കേറ്റട് ആണ് .. പെട്ടെന്ന്  രക്തം വേണം..
ഞങ്ങളുടെ ഹോസ്പിറ്റലില്‍ രക്തബാങ്ക് ഇല്ല.. നിങ്ങള്‍ പുറത്ത്നിന്ന് സംഘടിപ്പിക്കണം"


ഈ രാത്രിയില്‍ ആരോട് ചോദിക്കും.. സമയം രണ്ടുമണിയാവുന്നു.. തൊട്ടടുത്തുള്ള ഫാര്‍മസിയില്‍ ചോദിച്ചാലോ? ....അവിടെ വെളിച്ചം കാണുന്നുണ്ട്.. ഒരു പെണ്‍കുട്ടിയും..ഒരു ആണ്‍കുട്ടിയുമാണ് അവിടെ ഇരിക്കുന്നത്. അവർ എന്തോ സംസാരിക്കുന്നു...  'നോക്കു.. ഒ-നെഗറ്റീവ് രക്തം എവിടെയാ കിട്ടുക.?' അവര്‍ ശ്രദ്ധിക്കുന്നില്ലല്ലോ ..'സഹോദരാ എന്റെ ഭാര്യയുടെ അവസ്ഥ വളരെമോശമാണ്.. എന്നെയൊന്ന് സഹായിക്കുമോ.. എനിക്ക് പെട്ടെന്ന്  ഒ-നെഗറ്റീവ് രക്തം എവിടെയാ കിട്ടുക ഒന്ന് പറഞ്ഞു തരാമോ?' പട്ടികള്‍.. അവര്‍ ശ്രദ്ധിക്കുന്നുപോലുമില്ല. മൊബൈല്‍ എടുത്ത്  അച്ഛനെ വിളിച്ചാലോ? രാത്രിയില്‍ അച്ഛന്‍ ഉറങ്ങുകയായിരിക്കും.. വിളിക്കണോ? .. വിളിക്കാം അല്ലെ.. അങ്ങേതലക്കല്‍ ശബ്ദം ..'മോനെ ഒന്ന്കൊണ്ടും പേടിക്കണ്ട.. ദൈവം നിന്റെ കൂടെയുണ്ടാവും.. മോനെ ധൈര്യമായി ഇരിക്ക്.. അച്ഛന്‍ ആളുമായി വരാം..'  ഹോ .. ആശ്വാസം. താന്‍ നിഷേധിച്ച ദൈവത്തെ വിളിക്കാന്‍ അച്ഛന്‍ ഓര്‍മപ്പെടുത്തുന്നു.. അതെ അവസാനം സഹായിക്കാനുള്ളത്‌ ദൈവം തന്നെയാണ്.. അവസാന ആശ്രയം അത് മാത്രമാണ്.. ഒരുപക്ഷേ ഡോക്ടറും ഇപ്പോള്‍ ദൈവത്തെ വിളിക്കുകയായിരിക്കും. ദൈവമേ എന്റെ ഭാര്യക്ക് ഒന്നും വരുത്തരുതേ.. നീ മാത്രമാണ് എനിക്ക് തുണ.. നീ എനിക്ക് എല്ലാം തന്നിരുന്നു... സൗന്ദര്യം . നല്ല വീട്.. . സമൂഹത്തില്‍ മാന്യത.. എല്ലാത്തിലും ഉപരി നല്ല മാതാപിതാക്കള്‍.. പിന്നെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു നല്ല സഹധര്‍മിണി.. നിന്നെ ഞാന്‍ തള്ളിപറഞ്ഞത്.. എനിക്ക് ഇല്ലാത്ത ഒരുകാര്യത്തെ ഓര്‍ത്താണ്.. പക്ഷേ  എനിക്ക് ഉള്ളതിനെ ഓര്‍ത്തു നിനക്ക് നന്ദി ഞാന്‍ പറഞ്ഞില്ല....എനിക്ക് നീ ചെയ്തുതന്ന നന്മകളെ കുറിച്ച് ഞാന്‍ ഓര്‍ത്തതുമില്ല..... എന്നെ രക്ഷിക്കു.. എന്റെ ഭാര്യയെ രക്ഷിക്കു.....


നേരം വെളുത്തു വരുന്നു.. രക്തം നല്‍കാനായി അച്ഛന്‍ അയച്ച രണ്ടു ആളുകള്‍ പുറത്തു കാത്തുനില്‍ക്കുന്നു.. ഒന്നും അറിയാന്‍ പറ്റുന്നില്ലല്ലോ? ദൈവമേ എന്റെ നിസ്സഹായ അവസ്ഥ നീ കാണുന്നില്ലേ...എന്റെ ചുറ്റുപാടുമുള്ള അന്തരീക്ഷത്തിന് ഘനം കൂടി വരുന്നു. ആകാശവും ഭൂമിയും എന്നെ എതിര്‍ ദിശകളിലേക്ക് വലിച്ചു കൊണ്ടിരിക്കുന്നു . അനന്തമായ സമയത്തിന്റെ അദൃശ്യ ഹസ്തങ്ങള്‍ എന്നെ മുന്നോട്ടു വലിച്ചു പിടിക്കുന്നു.....ഞാന്‍ ഒരു മണല്‍ക്കാട്ടിന്റെ നടുവിലാണിപ്പോള്‍... മണല്‍ കാറ്റ് ആഞ്ഞു വീശികൊണ്ടിരിക്കുന്നു.. ഒട്ടകം എന്നെ വിട്ടു എവിടെയോ ആണ്..... ജീവന്‍ നില നിര്‍ത്താനുള്ള ഭക്ഷണവും വെള്ളവും അതിന്റെ പുറത്താണ്.. എന്നെ രക്ഷിക്കു...


"അരുണ്‍.. ..അരുണ്‍"
'എന്താ ഡോക്ടര് എവിടെ എന്റെ ഭാര്യ? പ്രസവിച്ചുവോ? ..'
"സോറി" അരുണ്‍... ഞങ്ങള്‍ കഴിയുന്നതും ശ്രമിച്ചു.. പക്ഷേ  .."
'എന്താ ‍ഡോക്ടര്‍ എന്തുപറ്റി .. ദയവു ചെയ്തു പറയു....'
"സോറി അരുണ്‍.. നിങ്ങളുടെ കുഞ്ഞിനെ രക്ഷപെടുത്താന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല.. കുഞ്ഞു മരിച്ചു.. ."



ദൈവമേ . ..നീ എന്നെ രക്ഷിച്ചതാണോ? ശിക്ഷിച്ചതാണോ?
ഞാനെന്ത്  ചെയ്യണം... ഇതായിരിക്കാം എന്റെ നിയോഗം..
നിന്റെ സൃഷ്ടിപ്പിനെ ചോദ്യം ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലായിരിക്കാം അല്ലെ??

Sunday, January 1, 2017

ഉദ്യാനപാലകർ


'എന്താണ് ഡോക്ടര്‍  പതിവില്ലാത്തൊരു ഗൌരവം ?‘ എന്നു  ചോദിച്ചു കൊണ്ട് ഡോക്ടര്‍ രേഷ്മ അടുത്തേക്കു വന്നപ്പോള്‍ ഡോക്ടര്‍ അനിത  അസ്വസ്ഥതയോടെ പ്രതികരിച്ചു: "വിവരിക്കാനാവാത്ത എന്തൊക്കെയോ മനസ്സില്‍ കിടന്നു പിടയുന്നു.  മനസ്സിന്റെ ഭാഷ വാക്കുകളില്‍ പരിമിതപ്പെടുത്താന്‍ സാധിക്കില്ല'   അതു കേട്ട് രേഷ്മ  പകുതി കളിയായും പകുതി സീരിയസ്സായും  പറഞ്ഞു: "ഈശ്വരാ, വേറെ ലിപി കണ്ടു പിടിക്കേണ്ടി വരുമോ?  മനസ്സ് പറിച്ചുനടാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് നമുക്കൊന്നാലോചിച്ചു നോക്കിയാലോ?  അതോ ഡോക്ടറുടെ റിലേ പോയോ?" ദ്വയാര്‍ത്ഥം തിരിച്ചറിഞ്ഞപ്പോള്‍ അസ്വസ്ഥതയോടെ അവള്‍  പറഞ്ഞു "ഇപ്പോള്‍ എല്ലാത്തിനും പകരം ഉണ്ടല്ലോ, കയ്യില്‍ ബാറ്റന്‍ ഉണ്ട്, പക്ഷെ നിന്നെപ്പോലെ കൈമാറാന്‍ ആളുകള്‍ ഇല്ല"  പൊടുന്നനെ ഒരു അടി കിട്ടിയതുപോലെ തോന്നി രേഷ്മയ്ക്ക്.

രേഷ്മ പോയിട്ടും ഡോക്ടര്‍ അനിത  തന്റെ അസ്വസ്ഥതയെക്കുറിച്ചു തന്നെ ഓര്‍ത്തുകൊണ്ടിരുന്നു. കുറെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മനസ്സില്‍ എവിടെയൊക്കെയോ കിടന്നു പിടയുന്നതുപോലെ അവള്‍ക്കനുഭവപ്പെട്ടു .  ആരോ വലിച്ചെറിഞ്ഞുപോയ ഒരു പാവക്കുട്ടിയുടെ ചുണ്ട് കടിച്ചമര്‍ത്തിക്കൊണ്ടുള്ള വിങ്ങിപ്പൊട്ടല്‍ പോലെ, ഒരു തേങ്ങല്‍ ഹൃദയത്തില്‍ നിന്ന് അടര്‍ന്നു വീഴാന്‍ വെമ്പുന്നതുപോലെ തോന്നി. അടുക്കും ചിട്ടയുമില്ലാതെ ഓര്‍മ്മകള്‍ ഒന്നിന്നു മീതെ ഒന്നായി  ചിതറിവീണപ്പോള്‍  അവള്‍ക്കു തല പെരുത്തുവരുന്നത് അറിയാന്‍ കഴിഞ്ഞു. തന്റെ ഫേസ് ബുക്ക്‌ ഫോട്ടോയ്ക്ക് താഴെ 'വികാരം തുടിച്ചു നില്‍ക്കുന്ന മുഖം'  എന്ന ഒരാളുടെ  കമന്റ്‌ കണ്ടപ്പോള്‍ ആണ് മനസ്സ് അസ്വസ്ഥമാവാന്‍ തുടങ്ങിയത്. 'ഇതളുകള്‍ അടര്‍ന്നുവീണ താമരപ്പൂവ്' എന്ന് അതിനുതാഴെ എഴുതിവയ്ക്കാന്‍ തോന്നി.  റോസിനെ സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയും. സൂക്ഷ്‌മതയോടെ, ശ്രദ്ധയോടെ, വളര്‍ത്തിയാല്‍ ഒരു റോസ് ഉണ്ടാവും. പക്ഷെ താമര അങ്ങിനെയാണോ? ആരുമാരും ശ്രദ്ധിക്കാന്‍ ഇല്ലാതെ, തീര്‍ത്തും ഒറ്റപ്പെട്ട്, ജലാശയത്തിലെ ചെളിയും പായലും നിറഞ്ഞ സ്ഥലത്ത് വളര്‍ന്നുവന്ന്, പൂജയ്ക്കെടുക്കാൻ കഴിയുന്നത്രയും വിശുദ്ധിയിലേക്ക് എത്തുന്നതിനാല്‍ റോസിലും സുന്ദരം ലോട്ടസ് തന്നെയാണ്. ബാഹ്യമായ സൌന്ദര്യം ആസ്വദിക്കുന്നവന് ഒരുപക്ഷെ രണ്ടു പൂവുകളെയും താരതമ്യപ്പെടുത്തവന്‍ സാധ്യമായി എന്ന് വരില്ല.  അത് കൊണ്ടുതന്നെ, ഏതു പൂവും അവന്റെ മുന്നില്‍ വെറുമൊരു പൂവ് മാത്രമാണ്.  ഇതളുകള്‍ അടര്‍ന്നു വീണാല്‍ ആരുടെയെങ്കിലും കാല്‍പാദത്തിനടിയില്‍ ഞെരിഞ്ഞു അമര്‍ന്നു പോവാന്‍ മാത്രമാണ് അതിന്റെ വിധി.  

തന്നെ ആരെങ്കിലും മുമ്പ് അങ്ങിനെ വിളിച്ചിരുന്നോ? ഓര്‍മ്മയുടെ ഇടനാഴിയില്‍ വീണ്ടും മറ്റൊരു ജാലകം തുറന്നു.  വികാരം തുടിച്ചു നില്‍ക്കുന്ന താമരപ്പൂവ്. അങ്ങിനെയാണ് മനോജ്‌ തന്നെ വിശേഷിപ്പിച്ചത്. എന്നിട്ടവന്‍ ചോദിച്ചു "നിന്നെ ആരെങ്കിലും മുമ്പ് ലോട്ടസ് എന്ന് വിളിച്ചിട്ടുണ്ടോ ?" നോ, നെവര്‍ ഇന്‍ മൈ ലൈഫ്, യു ആര്‍ ദി ഫസ്റ്റ്‌ വണ്‍, പക്ഷെ  ഞാന്‍ നിന്നെ എപ്പൊഴെങ്കിലും മോഹിപ്പിച്ചിട്ടുണ്ടോ? എന്റെ വക്കുകളിലൂടെയോ, നോട്ടത്തിലൂടെയോ, എന്നിട്ടും ‘വികാരം തുടിച്ചു നില്‍ക്കുന്ന‘ എന്ന് നീ എന്തുകൊണ്ട് പറഞ്ഞു.? "സ്ത്രീയെ നോക്കുന്ന പക്വത്വയുള്ള എതൊരു പുരുഷനും അതറിയാന്‍ കഴിയും  എന്റെ കണ്ണുകളിലെ ആഴം സഹിക്കാന്‍ കഴിയാതെ നീ എന്നില്‍ നിന്നും കണ്ണുകള്‍ വലിച്ചെടുക്കുമ്പോള്‍, നിന്റെ ധമനികളിലേക്ക് ഇരച്ചു കയറുന്ന രക്തത്തിന്റെ ചൂട് നിന്നെ പരിഭ്രമിപ്പിക്കുന്നുണ്ടെന്നറിയാൻ എനിക്കു കഴിഞ്ഞിരുന്നു.  നീന്റെ നോട്ടമോ, പ്രവൃത്തിയോ ആരെയും മോഹിപ്പിക്കരുതെന്നു നീ ആഗ്രഹിക്കുന്നതുപോലും, നിന്നില്‍ മോഹഭംഗമുള്ളതു കൊണ്ടാണ്. വികാരങ്ങള്‍ ഉള്ളിലൊതുക്കി, യഥാർത്ഥ്യത്തെ നേരിടാന്‍ കഴിയാതെ ആമയെപ്പോലെ തല വലിയ്ക്കുന്ന സ്വഭാവം സ്ത്രീകളില്‍ ഉള്ളതുകൊണ്ടാണ് നിങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ക്രിസ്തുവോ ബുദ്ധനോ ഉണ്ടാവാത്തത്."  

പെട്ടെന്ന് തളര്‍ച്ച ബാധിച്ചതു പോലെ തോന്നി.തെല്ലു നേരത്തെ നിശബ്ദതയ്ക്കു ശേഷം ഭ്രാന്തമായ ആവേശത്തോടെ പറയാന്‍ ശ്രമിച്ചു  "നീ എന്തിനാണ് എന്നെയിങ്ങനെ മാനസികമായി പീഡിപ്പിക്കുന്നത്?"  പറഞ്ഞു കഴിഞ്ഞപ്പോളാണ്  തന്റെ ഭാഷ ദയനീയമായിപ്പോയെന്നോർത്തത്. പക്ഷെ അവന്‍ ഒന്നും ഭാവിക്കാതെ പറഞ്ഞു  "ശാരീരികമായി പീഡിപ്പിക്കാന്‍ നീ നിന്നുതരാത്തതു കൊണ്ട്,  നിന്റെ ശരീരം എനിക്ക് സമർപ്പിക്കൂ എങ്കില്‍ ഞാന്‍ നിന്റെ മനസ്സിനെ വെറുതെ വിടാം"   ഒരു നിമിഷം അവനെത്തന്നെ നോക്കിനിന്നു.  പെട്ടെന്ന് കണ്ണുകളില്‍ തീ പടരുന്നതായി അനുഭവപ്പെടാന്‍ തുടങ്ങി. ബാഗില്‍ ഊരിവച്ച കണ്ണട വീണ്ടും ധരിച്ചു കൊണ്ട് അവിടുന്ന് പോവുമ്പോള്‍ പിന്നില്‍ ഒരു പൊട്ടിച്ചിരി ഉയര്‍ന്നതു പോലെ തോന്നി.  ഇപ്പോള്‍ താനിതൊക്കെ എന്തിനോര്‍ക്കണം? അനിതയ്ക്ക് വീണ്ടും അസ്വസ്ഥതയേറി വന്നു. കൺസല്‍ട്ടിംഗ് റൂമിലേക്ക്‌ ഇന്നലെ കടന്നുവന്ന റോസ് എന്നുപേരുള്ള ആ പതിനാലുകാരിപ്പെണ്‍കുട്ടിയാണ് തന്നെ വീണ്ടും ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുന്നത്.  അവള്‍ക്കു തന്നോട് ഒന്നേ പറയാന്‍ ഉണ്ടായിരുന്നൊള്ളൂ "പറ്റിപ്പോയി ആന്റി,  എങ്ങിനെയെങ്കിലും രക്ഷിയ്ക്കണം, ഡാഡി അറിയരുത്, പ്ലീസ്‌"  

റോസ്,  തന്നെ വീണ്ടും ഓര്‍മ്മകള്‍ വലിച്ചുകൊണ്ടുപോവുന്നു. ഒരിക്കല്‍ അവന്‍ തന്നെ നോക്കി പറഞ്ഞു "എന്റെ താമരപ്പൂവേ, ദുഃഖം മാത്രമാണല്ലോ നിനക്കു കൂട്ട്. വിശുദ്ധിയുടെ പര്യായമായ നിനക്ക്, ദൂരെനിന്നു നിന്നെ നോക്കി, തന്റെ സൌന്ദര്യത്തെ വാഴ്ത്തുന്ന ആരാധകന്റെ കൈകളില്‍ എത്തിച്ചേരാനുള്ള ഭാഗ്യമില്ലാതെ പോയല്ലോ.  നീന്തല്‍ വശമില്ലാത്ത ആ രാജകുമാരന്‍ പായലും ചെളിയും മൂടിയ ജലാശയത്തിനരികില്‍ നിന്നെ നോക്കിയിരിക്കുകയാണ്. പക്ഷെ നീ ഇപ്പോഴും ചിന്തിക്കുന്നത് ആ രാജകുമാരന്റെ കൈകള്‍ക്ക് വിശുദ്ധിയുണ്ടോ എന്നു മാത്രമാണ്. നീ റോസായിരുന്നെങ്കിലെന്ന് അവനിപ്പോള്‍ ആഗ്രഹിച്ചു പോവുന്നു.  ചുറ്റിലും ചെറിയ മുള്ളുകള്‍ മാത്രമാണ് റോസിനെ സംരക്ഷിച്ചു നിര്‍ത്താന്‍ ഉള്ളത്. കൈയെത്തിച്ചു നിന്നെ തൊട്ടുതലോടുമ്പോള്‍, ചുറ്റുമുള്ള മുള്ളുകള്‍ അവനെ വേദനിപ്പിക്കാന്‍ ശ്രമിക്കുമായിരിക്കാം. പക്ഷെ,  നീ അവന്റെ അരികിളില്‍  ഇല്ലാത്ത നിമിഷങ്ങള്‍ എല്ലാം ആ മുള്ളുകളുടെ നീറ്റലിന്റെ സുഖമുള്ള വേദനയില്‍ അലിഞ്ഞു ചേര്‍ന്ന് കിടക്കാന്‍ അവന്‍ ആഗ്രഹിക്കും. അപ്പോള്‍  പ്രകൃതിയെ നോക്കി അവന്‍ പറയുമായിരിക്കും  ' ഹേ പ്രപഞ്ചമേ നിന്നിലേയ്ക്കു വര്‍ഷിക്കുന്ന പുതുമഴയുടെ ഗന്ധം എനിക്കേറെ പ്രിയമായിരുന്നു. മേഘങ്ങള്‍ക്കുള്ളില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന ആദ്യ മഴത്തുള്ളി തന്റെ വെള്ളിച്ചിറകുകള്‍ മെല്ലെ വിടർത്തി, ഭൂമിയിലേക്ക്‌ പറന്നിറങ്ങുമ്പോള്‍ ഞാന്‍ ഒരു തുള്ളിയായി അലിഞ്ഞു ചേരുവാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, ഞാന്‍ ഒരു സ്ത്രീയുടെ തലമുടിയില്‍ തഴുകിയതുമുതല്‍ അവളുടെ സ്വര്‍ണ്ണമുടി ഉരുകി ഒരു സ്വര്‍ണനദിയായി എനിക്ക് ചുറ്റും ഒഴുകി. പ്രപഞ്ചമേ,  സ്ത്രീസൌന്ദര്യത്തിന്റെ പകുതി പോലും നിന്നെ സൃഷ്‌ടിച്ച ശക്തി നിനക്ക് നൽകിയിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നിന്നെയോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു.    

 'സ്റ്റോപ്പ്‌ ഇറ്റ്‌'  താന്‍ അറിയാതെ നിലവിളിച്ചു പോയി. പിന്നെ, പൊട്ടിപ്പൊട്ടിക്കരഞ്ഞു. കരച്ചിലിനിടയില്‍ വിതുമ്പിയ വാക്കുകള്‍ മുറിഞ്ഞു മുറിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.  പിന്നെ എങ്ങിനെയൊക്കെയോ ഇത്രയും പറഞ്ഞൊപ്പിച്ചു:  'എന്നെക്കുറിച്ച് ആദ്യമാണ് ഇങ്ങിനെ ഒരാള്‍... എന്റെ മനസ്സിലൂടെ കടന്നു പോവുന്ന പരശ്ശതം ചിന്തകള്‍ അതേ വികാരാവേശത്തോടെ, അതെ ഊഷ്മളതയോടെ ഒരാള്‍ അറിയുന്നത് ആദ്യമായാണ്'  പെട്ടെന്നായിരുന്നു അവന്‍ തന്നെ കടന്നുപിടിച്ചു മാറോടു ചേര്‍ത്തണച്ചത്.  ഉടഞ്ഞു ചിതറിയ ഹൃദയവുമായി അവനില്‍ നിന്നകന്നു മാറാന്‍ കഴിയാതെ വിറച്ചുനിന്നപ്പോള്‍ താന്‍ ചോദിച്ചു കൊണ്ടിരുന്നു  'നീ എന്തിനിങ്ങനെ...ഇങ്ങനെയായിരുന്നില്ല നീ,  ഞാന്‍ അറിയുന്ന നിന്നില്‍ ഇത്രയും പൈശാചികത നിറഞ്ഞിരുന്നില്ല.  എങ്ങിനെയാണ്‌ നിനക്ക് പെട്ടെന്ന് മാറാന്‍ സാധിച്ചത്.?  ദെയർ  ഷുഡ്‌ ബി എ റീസൺ.  തന്റെ കൈകള്‍ അവന്റെ ശരീരത്തോട് ചേര്‍ത്തമര്‍ത്തിക്കൊണ്ടവന്‍ പറഞ്ഞു: ' ഞാന്‍ ഒരു പുരുഷന്‍ ആണെന്നുള്ളത് തന്നെയാണ് റീസണ്‍. പല തരം വികാരവിചാരങ്ങള്‍ കൊണ്ട് സങ്കീര്‍ണമാണ് ഓരോ വ്യക്തിയുടെയും ജീവിതം. വികാരങ്ങളുടെ മാറ്റം അനുസരിച്ച് പ്രവര്‍ത്തനങ്ങളിലും മാറ്റം ഉണ്ടാവുന്നു.   ശാന്തതയും, സമാധാനവും, മാത്രം പുറമേ കാണിക്കുന്ന ഒരാളിന്റെ മനസ്സ് പൂര്‍ണമായും കളങ്കരഹിതമാണെന്ന് പറയുമോ നീ?  ഞാന്‍ പറയും,  അവന്‍ പൂര്‍ണനാവണമെങ്കില്‍ രൌദ്രത കൂടി തന്റെ സ്വഭാവത്തില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ട്. മനുഷ്യന്‍ പൂര്‍ണ്ണന്‍ ആവണമെങ്കില്‍  അവനില്‍ എല്ലാ വികാരങ്ങളും ഉണ്ടായിരിക്കണം.   നീ എന്നിൽ അത്തരമൊരു  സങ്കീര്‍ണമായ വികാരം ഉണർത്തിയിരിക്കുന്നു. എന്നെ മനസ്സിലാക്ക് പ്ലീസ്‌..എന്നെ ദുഖിപ്പിക്കരുത് പ്ലീസ്‌"

അവന്‍ തന്നെ നോക്കി ദയനീമായി കേണു കൊണ്ടിരുന്നപ്പോള്‍ അലിവുതോന്നി. മഞ്ഞിന്റെ തണുപ്പിലേക്ക് ചൂട് അരിച്ചു കയറുന്നത് പോലെ തോന്നി. എന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും അവന്‍ മേച്ചു നടന്നപ്പോള്‍ അനുസരണയുള്ള അശ്വങ്ങളായി അവ പിന്നാലെ ചെന്നു. പിന്നെയവന്‍ ആ അശ്വങ്ങളെ തെളിച്ചു കൊണ്ട് ദൂരെ സ്വപ്നങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സ്വര്‍ഗ്ഗകവാടത്തിലേക്ക് തന്നെ കൊണ്ടുപോയി.  സന്ധികളെ ഉലയ്ക്കുന്ന വേദനകളില്‍  നിന്നാണ് തിരിച്ചറിവ് ഉണ്ടായത്. എഴുന്നേറ്റു നിന്നു കൈകള്‍ നിവര്‍ത്തി കുടഞ്ഞു അവനോടു പറഞ്ഞു 'എനിക്ക് പനി വരുന്നുണ്ടെന്നു തോന്നുന്നു'  അപ്പോൾ അവന്‍ ചിരിച്ചുകൊണ്ടുപറഞ്ഞത്,  ഒരു പാരസെറ്റമോള്‍ കഴിക്കാനാണ്.  പെട്ടെന്ന് തനിക്കവനോടു വെറുപ്പ്‌ തോന്നി.  വല്ലാത്തൊരു നിസ്സഹായത തന്നിലേക്ക്  അരിച്ചു വന്നു. ഉള്ളിന്റെയുഉള്ളില്‍ നിന്നു ആരോ പറയുന്നതുപോലെ തോന്നി ' ഇതിനു വേണ്ടിയായായിരുന്നുവോ നീ ഇത്രയും കാലം ജീവിച്ചത് ?"  ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു ഹോസ്റ്റല്‍ മുറിയിലേക്ക് നടക്കുമ്പോള്‍ വേദനയോടെ താന്‍ പറഞ്ഞുകൊണ്ടിരുന്നു 'എന്റെ താമരപ്പൂവേ, പായലും ചെളിയും നിറഞ്ഞ ജലാശയത്തില്‍, പ്രകൃതിയുടെ സംരക്ഷണത്തില്‍ മാത്രം വളര്‍ന്നു വന്ന നീന്നെ നീന്തല്‍ വശമില്ലാത്ത ഒരുവന്‍ കവർന്നെടുത്തിരിക്കുന്നു. എത്ര വളര്‍ന്നാലും ഒരു ചുരുട്ടിയ കൈത്തലത്തിനപ്പം വലിപ്പമുള്ള ഒരു പൂ മാത്രമാണ് നീ'  

നിറഞ്ഞ മിഴികളുമായി റോസ് തന്നെ നോക്കി  പറഞ്ഞ വാക്കുകള്‍ ഓർമ്മ വരുന്നു. ‘പറ്റിപ്പോയി ആന്റി.  അവന്‍ ദയനീമായി കേണപേക്ഷിച്ചപ്പോള്‍, മനസ്സലിഞ്ഞു പോയി. പിന്നെ ഒന്നും ഓര്‍ക്കാന്‍ പറ്റിയില്ല. ഇപ്പോള്‍  ദിനവും അവനെക്കുറിച്ച് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. ഹി ഈസ്‌ എ ഡെർട്ടി ഡെവിള്‍...’. പച്ച കര്‍ട്ടന്‍ ഇട്ട മുറിയില്‍ നിന്നു കൈകഴുകി പുറത്തു വരുമ്പോള്‍, ആശ്വസിച്ചു ' ഒറ്റപ്പെട്ടു പോയ പൂവേ, നിന്റെ വേദന ഞാന്‍ അറിയുന്നു. നമ്മള്‍ വെറും പൂവുകള്‍ മാത്രമാണ്. നിഴലുകളുടെ ഇരുട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവര്‍. എത്ര വളര്‍ന്നാലും, ചുറ്റും മുള്ളുകള്‍ തീര്‍ത്താലും ഒരു  ചുരുട്ടിയ കൈത്തലം നമുക്ക് മേല്‍  ഭ്രാന്തമായി പടര്‍ന്നു കയറാം. . ആരോടും ഒന്നിനോടും നമുക്ക്  വെറുപ്പില്ല. ചില കണ്ണുകള്‍ക്ക്‌ മുന്നില്‍ നമ്മുടെ  ഇതളുകള്‍ ചതഞ്ഞരഞ്ഞു പോയിട്ടുണ്ടാവാം. ആയിരം ദീപങ്ങള്‍ നമുക്ക് ചുറ്റും ഉദ്യാനമായിയിത്തീരുന്ന കാലമത്രയും നമുക്ക് ചിരിച്ചുകൊണ്ടിരിക്കാം"    

ഡോക്ടര്‍, ഡോക്ടര്‍...ഒരു ആക്സിഡന്റ്റ്.‘ രേഷ്മയുടെ നിര്‍ത്താതെയുള്ള വിളി കേട്ടാണ് ഡോക്ടര്‍ അനിത ചിന്തയില്‍ നിന്നുണര്‍ന്നത്. ‘ഒരു ചെറിയ പെണ്‍കുട്ടിയാണ്. പതിനാലോ പതിനഞ്ചോ പ്രായം വരും. . കാഷ്വൽറ്റി വാര്‍ഡിലേക്കോടുമ്പോള്‍, ഡോക്ടര്‍ അനിത പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു: ‘ഈശ്വരാ, അത് അവളായിരിക്കരുതേ.. അപ്പോഴും ഉദ്ദ്യാനത്തില്‍  ഇതളുകള്‍ വേര്‍പെട്ട ഉടലുമായി അനേകം പൂവുകള്‍ ദയനീയമായി ചിരിച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നു.

Thursday, October 20, 2016

നീ പോകരുതായിരുന്നു


'അതീന്ദ്രിയം ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കഥാരചന മത്സരത്തിൽ എന്നെ  ഒന്നാം സമ്മാനത്തിന് അർഹനാക്കിയ കഥ)







മുന്നിലെ ആഴ്ചപതിപ്പ് എടുത്തുനിവര്‍ത്തി കുറെനേരം അതിലേക്ക് നോക്കിയിരുന്നു. എന്നിട്ട് എന്റെ നേരെതിരിഞ്ഞു നിര്‍വികാരമായ ഭാവത്തോടുകൂടി അവന്‍ ചോദിച്ചു.
"നിനക്ക് ബോറടിച്ചോ അമ്മു? ഇല്ലെങ്കിൽ ഞാനൊരു  കഥ പറയാം,
ഒരു കുറുക്കന്റെ കഥ. കിട്ടിയ മുന്തിരി കഴിച്ചുതുടങ്ങിയപ്പോൾ പുളിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വിലപിച്ച  കുറുക്കന്റെ കഥ. ഇവിടെ ഇപ്പോള്‍ ആരാണ് കുറുക്കന്‍, എവിടെ മുന്തിരി എന്ന് നീ ചോദിച്ചേക്കരുത്. പുളിച്ചിട്ട്  ഇറക്കാനും വയ്യ, വിശപ്പ്‌ ഓർത്തപ്പോൾ തുപ്പാനും വയ്യ എന്ന അവസ്ഥയാണ്‌
ആ പാവം  കുറുക്കന്.....ഞാന്‍ മരിച്ചാല്‍ നീ എന്റെ ജീവചരിത്രം എഴുതുമോ അമ്മു?"


'എന്തിനാ ഇപ്പോള്‍ നീ മരണത്തെ കുറിച്ച് ഓര്‍ക്കുന്നത് മനു?'


"അമ്മു നിനക്കറിയാമോ....ഞാന്‍ നിന്നോട് ഏറ്റവുംകൂടുതല്‍ ചോദിച്ച ചോദ്യം?"

'ഞാന്‍...ഞാന്‍...' വരണ്ടുണങ്ങിയ  എന്റെ തൊണ്ടയില്‍ നിന്ന്
വാക്കുകള്‍ക്കായി  പരതുന്നതിനിടയില്‍ അവന്‍ പറഞ്ഞു


"ഞാന്‍ നിന്നോട് ചോദിച്ച ചോദ്യങ്ങളില്‍ ഏറ്റവുംകൂടുതല്‍ ആവര്‍ത്തിച്ച ഒരണ്ണം ഇതായിരിക്കും 'നീയെവിടെ ?"


ഉപകഥകള്‍ എന്റെയുള്ളില്‍ അസുഖകരമായ ചിന്തകള്‍ വളർത്തും
എന്ന് തോന്നിയത് കൊണ്ടാവാം പിന്നീട് അവന്‍  മൌനത്തില്‍ ആണ്ടുപോയി.
ആ മൌനം എന്റെ മനസ്സില്‍ അസ്വസ്ഥതയായി പടര്‍ന്നു കയറി.
'മനു നീ സ്വയം അറിയണം അല്ലെങ്കില്‍ എന്നെ മനസ്സിലാക്കണം. ഒരിക്കല്‍ ഞാന്‍ നിന്റെ നെഞ്ചിൽചേര്‍ന്ന് കിടക്കുമ്പോള്‍ പോലും നീ ഇതേ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നില്ലേ? ഒരു പാട് ഇഷ്ടം തോന്നുമ്പോള്‍ അല്ലെ ഞാന്‍ അങ്ങിനെ കിടക്കാറൊള്ളൂ. എന്നിട്ടിപ്പോള്‍ നീയെവിടെ  മനു?
നീ എങ്ങോട്ടാണ് പോയത്? എന്നില്‍ നിന്നും വിദൂരതയിലേക്കാണോ?
അതോ ഒരിക്കലെങ്കിലും നിനക്ക് വിജയിക്കാന്‍ വേണ്ടിയാണോ?
അല്ലെങ്കിലും നീന്റെ ജീവിതം വൈരുദ്ധ്യങ്ങളുടെ ഭാണ്ഡമാണെന്ന്
എനിക്ക് തോന്നാറുണ്ടായിരുന്നു.
sometimes i feel you are just faking all these philosophy.
നിന്നെ അറിയാന്‍പാകത്തില്‍ നിന്റെ ചിന്തകള്‍ വളര്‍ന്നിട്ടില്ലയിരുന്നു.
സന്തോഷത്തെ നീ ദുഖമെന്നും ദുഖത്തെ നീ സന്തോഷമെന്നും ദുര്‍വ്യാഖ്യാനിച്ചു. നീ പറയുന്നത് സത്യമാവാന്‍വേണ്ടി  മറ്റുള്ളവരുടെ ചിന്തകളില്‍ നീ ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിച്ചു.
പക്ഷെ ഓരോ പ്രാവശ്യവും നീ തോല്‍ക്കുകയായിരുന്നു..
നീ അത് ഒരു വിജയമായി കണക്കാക്കി.
നിന്റെ ഫിലോസഫിയില്‍ ഒരിക്കലും ഞാന്‍ ഇഷ്ടപ്പെടാത്തത്
നിന്റെ ജനനം ഒരു പരാജയത്തില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ ആയിരുന്നു.
അന്ന് നിന്നോട് ഞാന്‍ തര്‍ക്കിച്ചത് ഓര്‍മ്മയുണ്ടോ?
we all are winners in that area, we fought with a millions of sperms to get this life!'
ഒരു പക്ഷെ ഈയൊരു  നിമിഷം നിനക്കെന്നോട് വെറുപ്പ്‌ തോന്നിയേക്കാം,
എനിക്കത് പറയാതിരിക്കാന്‍ കഴിയില്ല മനു, നിന്റെ മനസ്സില്‍ വേറെയൊരാൾ  ഉണ്ട്, നീ മനപൂര്‍വം ഒളിച്ചുവച്ച  ഒരാള്‍.
നീ എല്ലാവരെയും പോലെ ദയയും, കാരുണ്യവും, സ്നേഹവും കാംക്ഷിക്കുന്നു.
എന്നിട്ട് പുറമേക്ക് നി  എല്ലാത്തിനെയും നിഷ്കരുണം തള്ളുന്നു.
നിനക്ക്  എന്തെക്കെയോ നഷ്ടപ്പെട്ട് പോവുമോ എന്നോര്‍ത്ത് നീ ലോകത്തെ പേടിക്കുന്നു.

മനു...നിന്നെയറിയാൻ  നീ വിടപറഞ്ഞുപോയ വഴിയെ ‍ഞാന്‍പോയി
കുറ്റികാടുകള്‍ നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ, അതവസാനിക്കുന്ന ഒരു ഇടവഴിയുടെ അറ്റംവരെ. പിന്നെയും കുറെ ദൂരെ, കരിങ്കല്‍ പാതകളിലൂടെ,
അതവസാനിക്കുന്ന റെയില്‍ പാളത്തിലൂടെ..
പിന്നെ കണ്ണിന്റെ കാഴ്ച അവസാനിക്കുന്ന ഇരുണ്ട ആകാശത്തിന്നും ഭൂമിക്കും ഇടയിലെ നേര്‍രേഖയിലൂടെ...
എന്നിട്ടും ...
ഇനി എനിക്ക് സഞ്ചരിക്കേണ്ടത് നിന്നെ ഞാന്‍ അറിയാന്‍ തുടങ്ങിയിടത്തു നിന്നാണ്.
പ്രൈമറി ക്ലാസ്സുകളിലെ പുസ്തക താളുകള്‍ക്കിടയില്‍ സൂക്ഷിച്ചുവച്ച
ഓര്‍മകളുടെ  മയില്‍‌പീലി ശേഖരത്തിലൂടെ
വിടരാതെ കരിഞ്ഞു പോയ ഒരിതള്‍പോലെ നുണയാന്‍ മധുരമില്ലാതെ പോയ
നിന്റെ യൗവ്വനത്തിന്റെ ഓര്‍മകളിലൂടെ, പിണക്കങ്ങളിലൂടെ, ഇണക്കങ്ങളിലൂടെ
വിഡ്ഢിത്തങ്ങളിലൂടെ,
വേദനകളിലൂടെ.

നീ എവിടെ മനു?

മനു നിനക്കറിയാമോ?
'എനിക്ക് സഹിക്കാന്‍ കഴിയുന്നില്ലല്ലോ മോളെ, അവനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല മോളെ...'
അതും പറഞ്ഞു നിന്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകരഞ്ഞു.
നിന്റെ അമ്മയെ ആശ്വസിപ്പിക്കുവാന്‍ ഞാന്‍ അവരോടു ജീവിതത്തെകുറിച്ച് പറഞ്ഞു. വിധിയെകുറിച്ച് പറഞ്ഞു. അവസാനം ഞാന്‍ തീരുമാനിച്ചു നിന്നെകുറിച്ച് എഴുതാന്‍. അതില്‍ പിന്നീട് എനിക്ക് ഉറങ്ങാന്‍കഴിഞ്ഞിട്ടില്ല.
അങ്ങിനെയാണ് ഈ കഥ ഞാനെഴുതാൻ  തുടങ്ങിയത്.
കഥയുടെ തുടക്കത്തിലധികം എന്നെ വിഷമിപ്പിക്കുന്നത് ഇതിന്റെ പര്യവസാനമാണ്. കാരണം നിഗൂഡത നിറഞ്ഞ  നിന്റെ അപ്രക്ത്യക്ഷമാവലിനെ കുറിച്ച് ആര്ക്കും അറിയില്ലല്ലോ ...
നിന്നെ അവസാനമായി ഞാൻ കണ്ടത് ചെമ്മണ്‍പാത അവസാനിക്കുന്ന ഇടവഴിലേക്കുള്ള നിന്റെ പ്രവേശനമാണ്.
അപ്പോഴാണ് നീ അവസാനമായി തിരിഞുനോക്കി എന്റെനേരെ കൈവീശിയത്. അതൊരു യാത്രപറച്ചിലായിരുന്നുവോ?
മനു എന്റെ ഹൃദയം നേർത്തുവരുന്നു.
അത് പൊട്ടിപിളര്‍ന്നു പോവുന്നതുപോലെ തോന്നുന്നു.
എനിക്ക് ഈ കഥ  മുഴുവിക്കാന്‍ കഴിയുന്നില്ലല്ലോ?
എനിക്ക് നിന്നെ അറിയാന്‍ കഴിയുന്നില്ലല്ലോ?
എനിക്ക് നിന്നോട് സംസാരിക്കണം..
എന്റെ ഉള്ളിലെ നിന്നോട്,
എന്റെ ഹൃദയത്തില്‍ നീ അവശേഷിപ്പിച്ചു പോയ നിന്റെ കുഞ്ഞുഹൃദയത്തോട് .


'എങ്ങിനെയുണ്ട്  എന്റെ കഥയുടെ തുടക്കം മനു?'

"കൊള്ളാം
 വായിക്കാന്‍ പ്രേരിപ്പിക്കുന്ന ചിലത് ഇതിലുണ്ട്  .
 പക്ഷെ ഒരു സംശയം ചോദിച്ചോട്ടെ അമ്മു .."
'ഹും.... ചോദിക്ക്..'
"എന്റെ ബാക്ക്ഗ്രൌണ്ട് പിന്നീട്  എക്സ്‌പ്ലൈൻ ചെയ്യുമോ?"

'അതെന്തിനാണ്  മനു? വായനക്കാര്‍ക്ക്‌ അറിയേണ്ടത് നിനക്കെന്തുസംഭവിച്ചു എന്നത് മാത്രമാണ്. ഈ കഥയിൽ  എനിക്കുപോലും റോളില്ല. ഈ കഥ പറച്ചിലില്‍ മനുവിന്റെ തീരോധാനമാണ് വിഷയം. നിന്നെ കൂടുതല്‍ അറിയാന്‍ വേണ്ടിയാണ് ഞാന്‍ നമ്മുടെ സ്നേഹത്തെപോലും ഇതില്‍ വരച്ചുകാണിക്കുന്നത്'
"അമ്മു ഞാനൊരു  കാര്യംപറയട്ടെ, ഈ കഥ നീ മുഴുവിപ്പിക്കണമെങ്കില്‍ യു ഷുഡ്‌ ഫാള്‍ ഇന്‍ ലവ്.  പിന്നെ കാര്യങ്ങള്‍ ഈസി ആവും. ഒന്ന് രണ്ടു പരാജയങ്ങള്‍ വരുബോള്‍ ഫിലോസഫി ചറപറയായി വരും ഹ ഹ ഹ"
'എങ്കില്‍ നമുക്ക് പ്രേമിക്കാം മനു. കഥയുടെ അവസാനം പ്രേമവും തീരണം'
"വെല്‍ ... അങ്ങിനെ തീവ്രമായി പ്രണയിക്കണമെങ്കില്‍ ഒരു നിഷ്കളങ്കത വേണം . ..ഐ ഡോണ്ട് ഹാവ് ദാറ്റ്‌ ഇന്നസെന്‍സ് എനിമോര്‍"
'പക്ഷെ ഞാന്‍ നിഷ്കളങ്കയാണ് മനു'
"ഒട്ടും അല്ല അമ്മു .. യു ആര്‍ നോട്ട്...."
'ഞാന്‍ നിഷ്കളങ്കയല്ലങ്കില്‍ എന്റെ അധരങ്ങള്‍ നിന്റെ കവിളില്‍തടങ്ങളെ ചുവപ്പിക്കുമായിരുന്നുവോ ?
എന്റെ കൈകള്‍ നിന്റെ ശരീരത്തെ പുണരുമായിരുന്നുവോ?
എന്റെ ഇന്ദ്രിയങ്ങളില്‍ നിന്റെ നിശ്വാസങ്ങള്‍ ചിറകടിച്ചു പറക്കുമായിരുന്നുവോ?'
"അത് ട്രസ്റ്റ്‌ ആണ് അമ്മു .. നോട്ട് ഇന്നസെന്‍സ് "
'ട്രസ്റ്റ്‌ സ്നേഹത്തില്‍ നിന്നാണ് ഉണ്ടാവുന്നത് മനു'
"അമ്മു സ്നേഹം ഒരിക്കലും ഭ്രാന്തമായ ഒരു ആവേശമായി മാറരുത്"
'നിഷ്കളങ്കത താനെ ഉണ്ടയികൊള്ളും. സ്നേഹിക്കാന്‍ വേണ്ടത് കുറച്ചു ധൈര്യമാണ് മനു...'
"നെവെര്‍ അമ്മു .. സ്നേഹം കുറെ പോസ്സസ്സിവ്നെസ്സും സെള്‍ഫിഷ്നെസ്സും മാത്രമാണ്.
ആകെ ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥ.  പ്രായം കൂടുതോറും ഈ അവസ്ഥ മാറി ഒരു തരം മരവിപ്പ് വരും.  പിന്നീട് കുറെ മുന്‍വിധികള്‍ മാത്രമായി മാറും എല്ലാം"
'സ്ത്രീക്ക് സ്നേഹം സമര്‍പ്പണമാണ്‌ മനു.
മെന്‍ ലൈക്‌ ദി ത്രില്‍, വുമെന്‍ ലുക്ക്‌ ഫോര്‍ കണ്സിസ്ടന്‍സി..'
മനു... മനു.. എന്താണ് മിണ്ടാത്തത്..'
"ഞാന്‍ ചിന്തിക്കുകയായിരുന്നു അമ്മു .. നീ എങ്ങിനെയാണ്‌ എന്നെ ഈ കഥയില്‍  അവസാനിപ്പിക്കാന്‍ പോവുന്നതെന്ന്!"
'എങ്ങിനെ വേണം.. ഇങ്ങിനെ മതിയോ?  'കാറ്റിനു ശക്തി കൂടികൊണ്ടിരുന്നു.
ഒരു കുട്ടിയുടെ നിഷ്കളങ്കമായ ആവേശത്തോടെ അവന്‍ കാറ്റിനു എതിരെ മുന്നേറാന്‍ തുടങ്ങി. പെട്ടെന്ന്  ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു വണ്ടി അവനു പിന്നില്‍ നിന്നായി ചീറി പാഞ്ഞു വന്നു'
"ദെന്‍ വാട്ട്‌ ഹാപ്പെന്റ് അമ്മു ... ഐ വിഷ് വി കുട് ജസ്റ്റ്‌ ചെയിഞ്ചു ഔര്‍ സോള്സ് ഫോര്‍ എ വൈല്‍. കുറച്ചുസമയം അമ്മു ഞാനായി  ജീവിക്ക് അപ്പോള്‍ ഉത്തരം കിട്ടും !"


ഞാന്‍ എന്റെ മനസ്സിന് പരകം മനുവിന്റെ മനസ്സുമായി ഈ കഥ തുടരുകയാണ്.


"അമ്മുവിനോട് കൈ വീശി യാത്രപറഞ്ഞ ഞാന്‍ ചെമ്മണ്‍പാത അവസാനിക്കുന്ന ഇടവഴിയിലേക്ക് കയറി. അവിടുന്ന് കൈതകാടുകള്‍ വകഞ്ഞുമാറ്റി റെയില്‍ പാലത്തിലേക്ക്, കാബിനുള്ളില്‍ കയറി താഴെ ഒഴുകുന്ന പുഴയിലേക്ക് കുറെ നോക്കി നിന്നു.
വിജയശ്രീലാളിതയായി  ഒഴുകുന്ന പുഴ.
പെട്ടെന്ന്  കാറ്റ് ആഞ്ഞു വീശാന്‍തുടങ്ങി.
പിന്നെ പിന്നെ കാറ്റ് ആരോഹണ അവരോഹണ ക്രമത്തില്‍ എനിക്ക് ചുറ്റും നൃത്തം ചെയ്യാന്‍തുടങ്ങി.
പതിയെ പതിയെ കാറ്റിനു രൂപമാറ്റം വരാന്‍തുടങ്ങി.
അതൊരു  സുന്ദരിയായ സ്ത്രീ രൂപത്തിലേക്ക് മാറി.
ആ രൂപത്തിന് ചിറകുകള്‍ ഉണ്ടായിരുന്നു..
അവ്യക്തമായ ഭീതിയുടെയോ അകാരണമായ ആകര്ഷണീതയുടെയോ
എന്താണ് മുന്നിട്ടു നില്‍ക്കുന്ന ഭാവമെന്ന് വിവേചിച്ചു അറിയുവാന്‍ എനിക്ക് കഴിയുമായിരുന്നില്ല.
ആ രൂപം എന്നെകുറിച്ച് എല്ലാം മനസിലാക്കിയിരുന്നു..
സ്വപ്ങ്ങളില്‍ തളച്ചിട്ട എന്റെ മനസ്സ് , യാഥാർഥ്യത്തിന്  നേരെ നോക്കാന്‍ കഴിയാതെ പിറകിലേക്ക് തിരിക്കുന്ന എന്റെ കണ്ണുകള്‍.
ജീവിതത്തെ പഴിച്ചുകൊണ്ടുള്ള എന്റെ യാത്രകൾ..
പരാജയങ്ങള്‍ എന്നെ ജീവിപ്പിക്കുന്നതോര്‍ത്തു ഞാന്‍ വിലപിച്ച നേരങ്ങളില്‍
അഭയം തേടാറുള്ള റെയില്‍പാളങ്ങളിലെ പകലുകള്‍,
മരണത്തിനും ജീവിതത്തിനും ഇടക്കുള്ള നേര്‍ത്ത തിരശീലക്കുള്ളില്‍
നിന്നും പലപ്പോഴായി ഞാന്‍ അകന്നു പോയ നിമിഷങ്ങള്‍
അങ്ങിനെ ...അങ്ങിനെ.. ആ രൂപം ഓരോരോന്നായി എന്നിലെ എന്നെ കുറിച്ച് പറയാന്‍ തുടങ്ങി.
ശബ്ദങ്ങള്‍ കൊണ്ട് പോറല്‍ വീഴാത്ത നിമിഷങ്ങള്‍,
പതിയെ ആ രൂപം വിഷാദം കൊണ്ട് സജ്ജലമായ മിഴികള്‍ ഉയര്‍ത്തി എന്നെ നേരെ നോക്കി. ചില പുലര്‍കാലങ്ങളില്‍ അപൂര്‍വമായി കാണാറുള്ള ദാഹത്തിന്റെ തിര ഇളക്കം ആ കണ്ണുകളില്‍ എനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞു.

'നീ ആരാണ് , നീ എന്തിനു എന്നെ തുറിച്ചു നോക്കുന്നു?' ഞാൻ ആ രൂപത്തെ നോക്കി ചോദിച്ചപ്പോൾ അത് എന്നോട് പറഞ്ഞു
"ഞാന്‍ ആണ് മരണം, നീ എന്നെ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയില്ലേ,ഇപ്പോളാണ് നിന്റെ സമയമായത്, ഞാന്‍ നിന്നെ കൂട്ടി കൊണ്ട് പോവാന്‍ വന്നതാണ്‌".

'മരണമേ നിനക്ക് ഇത്രയും സൌന്ദര്യമോ?
എനിക്ക് ആദ്യമായി ജീവിക്കുവാന്‍ തോന്നുന്നു..
ഞാനിപ്പോള്‍ ഒരു സ്നേഹത്തില്‍ ആണ്..
ഒരു പേടകത്തില്‍ എന്നപോല്‍  ഒഴുകി നടക്കുകയാണ്.
ഞാന്‍ ഈ വഴിയിലേക്ക് തിരിയുമ്പോൾ
പ്രതീക്ഷകളുടെ കണ്ണുകളുമായി അവൾ  എന്നെ നോക്കി നില്‍പ്പുണ്ടായിരുന്നു'

"യു ചീറ്റ്, ഹാര്‍ട്ട്ലെസ്സ്, നീ എന്നും സ്വാര്‍ത്ഥനായിരുന്നില്ലേ?
നിനക്ക് എപ്പോഴും സ്നേഹം ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ടായിരുന്നില്ലേ  ?
എന്നിട്ടും ഒരു പാവം പെണ്ണിനെ നീ....? മരണത്തെ ആഗ്രഹിച്ചു നടക്കുന്ന നീ എന്തിന്  ഒരു പെണ്‍കുട്ടിയെ വഞ്ചിച്ചു. വരൂ എന്റെ കൂടെ.."  അതും പറഞ്ഞു ആ രൂപം പാളത്തിലൂടെ ‍ നടക്കാന്‍ തുടങ്ങി . ആ രൂപത്തിന് പിറകെ ഞാനും..
എന്റെ നിയോഗമായിരുന്നു അത്. അല്‍പ സമയത്തിനുള്ളില്‍ പിന്നില്‍ ഒരു ചൂളംവിളി ഉയരും, പിന്നെ എല്ലാ വേദനകള്‍ക്കും വിട, സ്വപങ്ങള്‍ക്കും വിട.
പെട്ടെന്ന്  ഭൂമി വിറപ്പിച്ചു കൊണ്ട് പാളം കുലുങ്ങി.
ഇടതുവശത്തേക്കോ വലതുവശത്തേക്കോ ഒന്ന് മാറിയാല്‍ ജീവിതം ഇനിയും ബാക്കിയായേക്കാം........പക്ഷെ ... .


എനിക്ക് തുടര്‍ന്ന് എഴുതാന്‍ കഴിയുന്നില്ല.

നീ പോകരുതായിരുന്നു മനു.
ഭാവിയില്‍ എവിടെയെങ്കിലുംവച്ച് നമ്മള്‍ കണ്ടുമുട്ടുമെന്ന് ഞാനൊരു സ്വപനം കണ്ടുനടന്നിരുന്നു. അന്ന് പറയാന്‍ കരുതിവച്ചിരുന്ന വാചകം കേള്‍ക്കാന്‍ നില്‍ക്കാതെ.... നീ പോകരുതായിരുന്നു

Monday, May 9, 2016

ഡിവൈന്‍ പില്‍ഗ്രിമേജ്

)






ഒന്ന്

"മനൂ, നിന്റെ ധിക്കാരം കൂടിപ്പോവുന്നു..നീ ആരാന്നാ നിന്റെ വിചാരം? ആ എഴുത്ത് ഇങ്ങോട്ട് താ, പ്ലീസ്."  അതും പറഞ്ഞ് ആര്യ എന്റെ കയ്യില്‍ നിന്ന് അവളെഴുതിയ അപൂര്‍ണ്ണമായ കഥയുടെ കടലാസ് ചുരുള്‍ തട്ടിയെടുക്കാൻ ശ്രമിച്ചു നോക്കി.  പക്ഷെ ഞാന്‍ അവളില്‍ നിന്നു സമർത്ഥമായി രക്ഷപ്പെട്ടുകൊണ്ട് ‍ മുറിയില്‍ക്കയറി വാതില്‍ പൂട്ടി. രണ്ടറ്റവും കീറിയ നിലയില്‍ എന്റെ കയ്യിലകപ്പെട്ട  ആ കടലാസുകഷണത്തില്‍ നിന്ന് വായിക്കാന്‍ കഴിഞ്ഞത് ഇപ്രകാരമാണ് :

"പിന്നെ ഞങ്ങള്‍ രണ്ടു പേരും ഉറങ്ങാന്‍ കിടന്നു..ഉറക്കത്തിനിടയില്‍, പെട്ടെന്നൊരു അലര്‍ച്ച കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത്  അവന്‍ നെഞ്ചില്‍ കൈവച്ച്  കാല്‍മുട്ടില്‍  തലചായ്ച്ച്  ഇരിക്കുന്നു.  ഞാന്‍ അവന്റെ പുറത്തു തട്ടി ..ഡാ അഖീ..എന്താ നിനക്ക് പറ്റിയതെന്ന് ചോദിച്ചതും അവന്‍ മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. ഞാന്‍ അവന്റെ തോളില്‍ പിടിച്ചു കുലുക്കികൊണ്ട് അവനെ വിളിച്ചു.. അവനില്‍ നിന്നും ഒരു ശബ്ദവും പുറത്തു വന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ സ്തബ്ധയായി.   എന്റെ നിലവിളികേട്ടാണ്  അങ്കിളും ആന്റിയും ഉണര്‍ന്നത് .  പെട്ടെന്ന് തന്നെ അവര്‍  ആംബുലന്‍സിന്റെ  നമ്പര്‍ ഡയല്‍ ചെയ്തു..അവരെത്തിയാണ്   അവന്‍ മരിച്ചെന്നു സ്ഥിരീകരിച്ചത് ...പക്ഷെ എങ്ങിനെ?  എങ്ങിനെ ഇത്ര പെട്ടെന്ന് നിനക്ക് ഈ ലോകത്തോട്‌ വിട പറയാന്‍ തോന്നി?   ഇരുപത്തിയഞ്ചു  വയസ്സുകൊണ്ടു ഈ ലോകം മടുത്തുവോ നിനക്ക്?  എന്റെ അരികിലായി നീ എന്നെ കെട്ടിപ്പുണര്‍ന്നു കിടക്കുമ്പോള്‍ , നിന്റെ നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്  എന്റെ  ധമനികളിൽ അഗ്നി കൊളുത്തുന്ന ഒരുന്മാദം അലയടിച്ചപ്പോള്‍   ഞാന്‍ അറിയാതെ ഭൂമിയില്‍നിന്ന് മറ്റേതോ ലോകത്തേയ്ക്കു ഉയർത്തപ്പെടുകയായിരുന്നു. അപ്പോഴാണ് നീ എന്റെ പൊട്ടിച്ചിരി കേട്ടത്.. പിന്നെ  നീയും എന്റെ കൂടെ കൂടി ചിരിക്കുകയായിരുന്നില്ലേ.. ചിരിച്ചു ചിരിച്ചു തളര്‍ന്നപ്പോള്‍ നിന്റെ മുഖം കാണേണ്ടതായിരുന്നു, ചുവന്നു തുടുത്ത നിന്റെ ചുണ്ടുകളെ എനിക്ക് 'ബേബി പിങ്ക്' എന്ന് വിളിക്കാനാണ് തോന്നിയത് .  എനിക്ക് പലപ്പോഴും തോന്നാറുണ്ട് നിന്നെ ഒരു സാരിയുടുപ്പിച്ചു നെറ്റിയില്‍ ഒരു സിന്ദൂരപ്പൊട്ടും ചാര്‍ത്തി നിര്‍ത്തുവാന്‍. എനിക്ക് വയ്യ.. എന്റെ അഖീ..എന്റെ ചിന്തകള്‍ എവിടെയോ മുറിയുന്നു പക്ഷെ ഉറക്കത്തിലേക്കു വഴുതി വീഴുന്നതിനിടെ നീ എന്നോട് എന്തോ പറയാന്‍ ശ്രമിച്ചത്  ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു...  എന്തായിരുന്നു അത്.?"   

ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ ആര്യ  വിഷമത്തോടെ വാതിലിനരികെ നില്‍പ്പുണ്ടായിരുന്നു. "പൊട്ടിപ്പെണ്ണേ, കഥ നന്നായിട്ടുണ്ട്.. ബാക്കി കൂടി എഴുതൂ, പിന്നെ ഒരു കാര്യം..അഖിലേഷ് ആണോ നിന്റെ കഥയിലെ അഖി.?  ആദ്യമാദ്യം നമ്മള്‍ എഴുതുന്ന കഥകളില്‍ എല്ലാം നമുക്ക് ഇഷ്ടമുള്ള ആരെങ്കിലും തന്നെ ആയിരിക്കും കഥാപാത്രം. ഞന്‍ പോലും എന്റെ പേര് വച്ച് എത്രയോ കഥകള്‍ എഴുതിയിട്ടുണ്ട്.!”    ഞാന്‍ പറഞ്ഞതിന് മറുപടിയായി അവള്‍ എന്നോട് ആ കഥയില്‍ ഒരു വരി കൂടി  എഴുതിച്ചേര്‍ക്കാന്‍ പറഞ്ഞു.. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ അവളുടെ കഥക്ക് താഴെ എഴുതി വച്ചു.. "ഐ ആം വെയ്റ്റിംഗ് ഫോര്‍ സംവണ്‍.”


മനു ആ ലേഡി ഡോക്ടറെ ആയിരിക്കുമല്ലേ വെയിറ്റ് ചെയ്യുന്നത് ?  അവള്‍ സമ്മതിച്ചുവോ?  

“പോടീ.. അതൊന്നുമല്ല .. നിന്റെ കഥയിലെ കഥാപാത്രം മരണത്തിനു മുമ്പ് പറഞ്ഞ വാചകമാണ് ഞാന്‍ എഴുതി വച്ചത്.. ഇനി നിനക്ക് അതില്‍ നിന്ന് കഥ കൊണ്ട് പോവാം. .  പിന്നെ ഡോക്ടറും  ഞാനും ഇന്ന് രാത്രി ബീച്ച് പാര്‍ക്കില്‍ സന്ധിക്കും .. ഞാന്‍ ബാര്‍ബിക്ക്യു  അറേഞ്ച് ചെയ്തിട്ടുണ്ട്.. അവള്‍ ഒരു ഫ്രഞ്ച് വൈനും കൊണ്ടുവരാമെന്ന് ഏറ്റിട്ടുണ്ട്‌.  ഒരു പക്ഷെ ഇന്നത്തെ രാത്രി ഞങ്ങളുടെ പ്രേമത്തിന്റെ അവസാനരാത്രി ആയേക്കാം  കാരണം,  ഒരു പെണ്ണിന്റെ അധരം എന്റെ അധരത്തെ ചുവപ്പിക്കുക ഒരേ ഒരു തവണ മാത്രമായിരിക്കും,  അത് കഴിഞ്ഞാല്‍ എന്റെ പ്രേമം കഴിഞ്ഞു.. ഞാന്‍ ഒരിക്കലും ഒരു പെണ്ണിനെയും മനസ്സുകൊണ്ട് സ്നേഹിച്ചിട്ടില്ല. എന്റേത് വെറും മോഹം മാത്രമാണ്.  എനിക്ക് അവര്‍ കീഴ്പ്പെടുമ്പോള്‍ അവസാനിക്കുന്ന വെറും മോഹം.  അതിനെ പ്രേമം എന്ന് വിളിക്കാമോ? കാമം എന്ന് വിളിക്കാമോ?  കുറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്തു ജയം നേടുന്ന ഒരു കൌശലക്കാരന്റെ മല്‍സരക്കളി മാത്രം. ഒരു കളി ജയിച്ചാല്‍ മറ്റൊന്നിലേക്ക്.  ഈ അര്‍ത്ഥത്തില്‍ ഞാന്‍ ഒരു ക്രൂരനാണ്, വഞ്ചകനാണ്.  എന്തുകൊണ്ട് അങ്ങിനെ എന്നെനിക്കറിയില്ല... ചിലപ്പോളൊന്നും  എന്റെ മനസ്സിന്റെ ചെയ്തികളെക്കുറിച്ച്  അറിയാന്‍ പറ്റുന്നില്ല..  ഇതൊക്കെക്കൊണ്ടാവാം പ്രേമിച്ചവരെ ആരെയും ഓര്‍ത്ത്  എനിക്കു പിന്നീട് ഖേദിക്കേണ്ടി വന്നിട്ടില്ല. അപ്പോള്‍ ശരി ആര്യ. നമുക്ക് നാളെ കാണാം..ഡോക്ടറുടെ വിശേഷം അപ്പോള്‍  അറിയിക്കാം.. ബൈ ഡിയര്‍ .. ഹാവ് എ നൈസ് ഡേ..”..

രണ്ട്‌

ബീച്ച് പാര്‍ക്കില്‍ അങ്ങിങ്ങായി എരിയുന്ന തീക്കൂനകള്‍ കാണാം. അതിനു ചുറ്റും  ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങള്‍...അവർ കൂടിയിരുന്നു വര്‍ത്തമാനം പറയുന്നു. എരിയുന്ന തീക്കൂനകളില്‍ നിന്നുള്ള ഇളംചൂടേൽക്കുന്നതു  കൊണ്ടാവാം, അവരില്‍ പലരും, ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് എന്തൊക്കെയോ അവ്യക്തമായി വിളിച്ചു പറയുന്നത്.  ഓരോ വാഹനങ്ങളുടെയും ഇരമ്പല്‍ കേള്‍ക്കുമ്പോഴും  അവയിലൊന്ന് അവളുടെ 'നിസ്സാന്‍ കാമറി' കാറായിരിക്കുമെന്നു കരുതും. ഓരോ ദിവസവും  അവളെ കണ്ടുമുട്ടുമ്പോള്‍ വ്യത്യസ്‌തമായ കാറുകള്‍ ആയിരിക്കും അവള്‍ ഡ്രൈവ് ചെയ്തു കൊണ്ടുവരിക.. അവൾക്കു  കിട്ടുന്ന ശമ്പളത്തെക്കുറിച്ചും, അവളുടെ വീട്ടിലെ ചെലവുകളുടെ കണക്കുമെല്ലാം ഒരിക്കല്‍  അവളെന്നോടു പറഞ്ഞതാണ്‌.  അവള്‍ക്കിഷ്ടമല്ലാതെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു  വഴങ്ങിയാണ് ഈ പ്രൊഫഷന്‍ തിരഞ്ഞെടുത്തത്. ഞാൻ ആദ്യം കാണുമ്പോള്‍  അവള്‍ വളരെയധികം സന്തോഷവതിയായി  കാണപ്പെട്ടിരുന്നു, പക്ഷെ, എന്നില്‍ അനുരക്തയായ നിമിഷം മുതല്‍ ഞാന്‍ അവളില്‍  ദുഃഖം മാത്രമേ കണ്ടിട്ടുള്ളു. എന്ത് കൊണ്ടിങ്ങനെ? ചോദിയ്ക്കാന്‍ പലപ്പോഴും നാവ് പൊങ്ങിയതാണ് പക്ഷെ, ശബ്ദം പുറത്തേക്കു വന്നില്ല.. ഒരു പക്ഷെ, ദുഖിക്കുന്ന അവസ്ഥയിലാവണം അവള്‍ സന്തോഷവതിയാവുന്നത്.   വേദന നിറഞ്ഞ ദുഃഖത്തിനു ചിലപ്പോള്‍ ഒരു തൂവല്‍സ്പര്‍ശം പോലെ നിര്‍വൃതി  നല്കാന്‍ കഴിയുമെന്ന് പണ്ടെവിടെയോ വായിച്ചത് ഓര്‍ക്കാന്‍ കഴിയുന്നു..  ഈ കത്തുന്ന അഗ്നിയെ പോലെ, ഇതില്‍ നിന്നൊരു അഗ്നിസ്‌ഫുലിംഗം മതി സന്തോഷത്തിന്റെ ഈ രാത്രിയെ ദുഃഖത്തിന്റെ അഗാധതയിലേക്ക്  ആഴ്ത്താന്‍.  പക്ഷെ ഇന്നത്തെ രാത്രി അവസാനിച്ചാല്‍, നാളെയവള്‍ ആരോട് തന്റെ ദുഃഖം പറയും? ഒരു പക്ഷെ അവള്‍ അനുഭവിച്ചിരുന്ന ദുഃഖമെല്ലാം മാറി പുതിയ ഒരു ദുഃഖം അവളെ തേടി വന്നേക്കാം.. ഞാന്‍ എന്ന ദുഃഖം.. പിന്നെ എന്നെ സ്നേഹിച്ചതിന്റെ കണക്കും.. എനിക്ക് വേണ്ടി ചിലവഴിച്ച ഈ രാത്രിയുടെ പശ്ചാത്താപവും  മാത്രമായിരിക്കും അവളുടെ പൊള്ളുന്ന ദുഃഖം.  

‘ഓ നീ വന്നോ ട്രീസാ?’
‘എന്താടാ, നീ മറ്റാരെയോ പ്രതീക്ഷിച്ചിരിക്കുകയാണോ?’

‘ഓ, എന്റെ ട്രീസാകൊച്ചേ...ഈ സുഖശീതളമായ രാത്രിയെ നിന്റെ നാവു കൊണ്ട് കൊന്നുതിന്നാതെ.. നീ ആ വൈന്‍ പൊട്ടിയ്ക്കൂ.. ഏതോ ഫ്രഞ്ചു സുന്ദരി അവളുടെ കാമുകന്റെ മാറിലെ രോമങ്ങളെ തഴുകിക്കൊണ്ടിരുന്നപ്പോളാവണം ഇങ്ങിനെ ഒരു വൈനിന്റെ രൂപം  അയാളുടെ സിരകളില്‍ നുരയുന്ന ലഹരിയായി ഉയർന്നു  വന്നത് . അവളുടെ നഗ്നമേനി  തീജ്വാലയായി ആളിപ്പടർന്ന് അയാളുടെ ശരീരത്തില്‍ വിയർപ്പുകണങ്ങള്‍ തീർത്തപ്പോള്‍  അയാളറിയാതെ മന്ത്രിച്ചുപോയ വാക്കുകളായിരിക്കാം  നിന്റെ കയ്യിലിരിക്കുന്ന ഈ വൈനിന്റെ പേരിനു കാരണമായത്: "ഡിവൈന്‍ പില്‍ഗ്രിമേജ്.” പെണ്ണിന്റെ ശരീരത്തിനും മദ്യത്തിനും ഒരേ ലഹരിയാണ്.ഒരിക്കലും നിര്‍വചിക്കാന്‍ പറ്റാത്ത ഒരു അനുഭൂതി..സുഖലയനിമിഷം..അതെ ' ദിവ്യമായ തീര്‍ത്ഥയാത്ര.' ട്രീസാ, നിന്റെ ചുണ്ടുകൾക്ക്  ഇപ്പോള്‍ പഴുത്തു പാകമായ ചുവന്ന മുന്തിരിയുടെ മണം.. നിന്റെ പിന്‍കഴുത്തിനുമതെ..ഈ അന്തരീക്ഷത്തിനും അതേ മണം..ഇപ്പോള്‍ ലോകം മുഴുക്കെ മുന്തിരിമണം.!’


‘മനുക്കുട്ടാ നിനക്ക് വട്ടായോ.? എന്റെ ചുണ്ടുകള്‍ നിന്റെ അധരങ്ങളില്‍ ചുവപ്പു പടര്‍ത്തിയപ്പോള്‍  നീയിങ്ങനെ.! അപ്പോള്‍ നീ എന്നെ മുഴുവനായും കണ്ടാല്‍..? എന്നെ അറിയാന്‍ തുടങ്ങിയാല്‍. ?’


‘മോളേ, ആ ഫോണ്‍ എടുത്തേ.. അത് റിംഗ് ചെയ്യാന്‍ തുടങ്ങിയിട്ട് കുറെ നേരമായി.. ആ ആര്യപ്പെണ്ണായിരിക്കാനാണ് സാധ്യത..അസൂയക്കാരി.. ഞാന്‍ നിന്നെ കാണാന്‍ വരുമെന്നു അവളോടു പറഞ്ഞുപോയി...അതിത്രമാത്രം കുരിശാവുമെന്നോര്‍ത്തില്ല.’

‘ഡാ, മനൂ..നിനക്ക് അവളെ ഇനിയും വിടാന്‍ തോന്നുന്നില്ലേ.. എന്തിനാ അതിനെ വെച്ചോണ്ടിരിക്കുന്നത്? ഡാ, ഇത് അവള്‍ തന്നെയാണ്.. ഇതാ..കോള്‍ എടുക്കു..എന്താണു പറയുന്നത് എന്ന് നോക്കാമല്ലോ.. പാവം കൊച്ച്.’

"ആര്യാ, നീ അനാവശ്യം പറയാതെ.. നിനക്ക് വട്ടുണ്ടോ ഇങ്ങിനെ സംസാരിക്കാന്‍.. വെറുതെ ജീവിച്ചിരിക്കുന്ന ആളുകളെക്കുറിച്ച് ഇല്ലാത്തതു പറയരുത്.. നിന്റെ കഥ പോലെ യല്ല ഇത്.. ഫോണ്‍ വെയ്ക്കൂ.. എനിയ്ക്കു വരാന്‍ പറ്റില്ല.. വെറുതെ എന്റെയീ സായാഹ്നം നശിപ്പിക്കല്ലേ പ്ലീസ്.."

‘എന്താ മനൂ, എന്തിനാ നീ അവളോടു കയര്‍ക്കുന്നത് ?  എന്താണവള്‍ പറയുന്നത്..?’

‘എന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന  അവളുടെ കസിന്‍ മരിച്ചു എന്ന്.. പെട്ടെന്ന് എന്നോട് അങ്ങോട്ട്‌ ചെല്ലാന്‍.. അവള്‍ക്കു   വട്ടാണ്.. അവന് ഇരുപത്തിയഞ്ചു വയസ്സ് മാത്രമേ പ്രായം ഉണ്ടാവൂ. നല്ല ആരോഗ്യവാന്‍, ദിവസവും ജിമ്മില്‍ പോവുന്ന ആളാണ്..അവന്റെ കറുത്ത തലമുടിക്കുള്ളില്‍ കണ്ട ഒരു വെളുത്ത മുടിയെക്കുറിച്ച് പറഞ്ഞ്, രാവിലെ പോലും ഞാന്‍ അവനെ കുറെ കളിയാക്കിയതാണ്..  അവള്‍ക്ക്  അസൂയയാണ്.. ഞാന്‍ നിന്റെ കൂടെയായിരിക്കുമെന്ന്  അവള്‍ക്കറിയാം .. ഈ പെണ്ണുങ്ങളെല്ലാം അസൂയക്കാരാണ്.’

‘മനൂ .. ജീവിച്ചിരിക്കുന്ന ഒരാളെക്കുറിച്ച് മരിച്ചു എന്ന് ആരെങ്കിലും പറയുമോ? നീ ഒന്നുകൂടി വിളിച്ചു നോക്ക്.. അല്ലെങ്കില്‍ പെട്ടെന്ന്  അവിടം വരെ പോ.. നമുക്ക് ഇനിയും കാണാം.. ഇനിയും രാത്രികള്‍ ഉണ്ടാവില്ലേ? പ്ലീസ്‌ മനൂ.. പോ..എനിക്ക് വേണ്ടിയെങ്കിലും പോ.’

 മൂന്ന്

മോര്‍ച്ചറി വരാന്തയില്‍  ആര്യയുടെ അങ്കിളും ആന്റിയും ജീവച്ഛമായി ഇരിക്കുകയായിരുന്നു. അവര്‍ക്കരികെ വിദൂരതയിലേക്ക് കണ്ണും നട്ട്  പ്രാകൃതമായ വേഷപ്പകർച്ചയോടെ ആര്യയും നില്‍പ്പുണ്ടായിരുന്നു.  ഒന്നും ഉരിയാടാനാവാതെ ഞാന്‍ അവര്‍ക്കരികെ നിന്നു. മൌനത്തിന് എത്രനേരം പിടിച്ചുനില്ക്കാനാവും?  എന്നില്‍ വിതുമ്പിയ വികാരം പണിപ്പെട്ടു നിയന്ത്രിച്ചുകൊണ്ട് പതുക്കെ ഞാന്‍ പുറത്തേക്കിറങ്ങി..മോര്‍ച്ചറിയ്ക്കു ചുറ്റുമായി പടര്‍ന്നു പന്തലിച്ചു  നില്‍ക്കുന്ന മരങ്ങള്‍ മൂകമായി കാറ്റിനോട് കഥ പറയുന്നതു പോലെ തോന്നിപ്പിച്ചു.. അനേകവര്‍ഷങ്ങളായി ദുഃഖങ്ങള്‍ തീർത്തൊരു മതില്‍ക്കെട്ടിനുള്ളില്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്കും, വേര്‍പാടിന്റെ വേദന നിറഞ്ഞ രോദനങ്ങള്‍ക്കും കൂട്ടായി, ഏകയായി നില്ക്കുന്ന ഒരു ആല്‍മരത്തിന്‍ ചുവട്ടിലായി നിന്ന് ഞാന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി..ജീവിതം ഒരു  ഉത്തരം കണ്ടെത്താൻ പ്രയാസമുള്ള ചോദ്യമാണെങ്കില്‍ മരണം ആരോ എഴുതി വച്ച ഒരു ഉത്തരത്തിന്റെ പകര്‍പ്പ്   മാത്രം. എന്നാലും എന്റെ  അഖി.... ആരോ എഴുതിവെച്ച ഉത്തരം പകര്‍ത്തിയെ ഴുതാന്‍ നീ നിന്നുകൊടുത്തത് എന്തേ.? നിനക്ക് പറയാമായിരുന്നില്ലേ, നിന്റെയരികില്‍  നിന്നെ സ്നേഹിക്കുന്നവര്‍ ഉണ്ടെന്ന്.?

‘അങ്കിള്‍, മൂന്ന് മണിക്കൂര്‍ എങ്കിലും എടുക്കും മൃതശരീരപരിശോധന കഴിഞ്ഞു അവനെ നമുക്ക് കിട്ടാന്‍.. അതുവരെ...’ഞാന്‍ പറഞ്ഞുകഴിയുന്നതിനു മുമ്പ്   ആര്യ  നിലവിളിച്ചു കൊണ്ട് എന്റെ തോളിലേയ്ക്ക് ചാഞ്ഞു.. എന്ത് ആശ്വാസവാക്കുകള്‍ അവൾക്കു  മുന്നില്‍ നിരത്തിവെയ്ക്കുമെന്നറിയാതെ  ഞാന്‍ അവളുടെ ശരീരത്തിന് പുറത്തു പതുക്കെ തടവി.. അപ്പോള്‍ ഒരു പ്രാവു കുറുകുന്നതുപോലെ അവള്‍ കരയുന്നത് ഞാന്‍ കേട്ടു.. അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഒരു കണ്ണുനീർത്തുള്ളി എന്റെ ഹൃദയത്തിലെവിടെയോ വീണുടഞ്ഞു. തേങ്ങലുകള്‍ക്കിടയില്‍ അവള്‍ പറഞ്ഞു   "മനൂ, എന്റെ കഥ...നീ അതിലെഴുതിയ വരികള്‍..." പിന്നെയും അവള്‍ കരഞ്ഞു..അറം പറ്റിയ അവളുടെ കഥയെഴുത്തും അതിനടിയില്‍ ഞാനെഴുതിയ വാചകവും അവളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് എന്നെനിക്കൂഹിക്കാന്‍ കഴിഞ്ഞു.. പ്രാണനുവേണ്ടി കേഴുന്ന എന്റെ മനസ്സിന്റെ വേദന ഞാനറിഞ്ഞു .. വെറുതെ ആയിരുന്നില്ലേ ഞാന്‍ അങ്ങിനെ എഴുതിയത്.? അതോ, എന്നില്‍ ഞാനറിയാത്ത ഒരു അതീന്ദ്രിയശക്തി തോന്നിപ്പിച്ചതാണോ? അപ്പോള്‍ ആര്യ എഴുതിയ കഥയോ? അത് അവനെക്കുറിച്ചായിരുന്നോ.?  പറഞ്ഞറിയിക്കാനാവാത്ത അവളുടെ ഇഷ്ടം കഥയിലൂടെ അവള്‍ അറിയിക്കുകയായിരുന്നോ.?  എങ്ങിനെ അവന്‍ മരിച്ചു..? അവന്‍ ആരോഗ്യവാനായിരുന്നു. ഒരു ഹൃദയാഘാതം വരാന്‍ മാത്രം എന്താണ് അവന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്..?  അറിയില്ല.. അറിയില്ല. ..പേരറിയാത്ത,  ഊരറിയാത്ത വികാരമേ, നിന്റെ പേരാണോ മരണം?  മരണമേ നീ  പതിയിരുന്ന് അവനെ ആക്രമിക്കുകയായിരുന്നുവോ? ആദ്യം ഒരു  അപൂര്‍ണമായ  കഥയായി ആര്യയുടെ പേനത്തുമ്പിലൂടെ അടര്‍ന്നുവീണ മഷിയായി  കീറിയ നോട്ടുബുക്കിന്റെ പേജില്‍ നീ പടര്‍ന്നു. രണ്ടറ്റവും കീറിയ ആ കടലാസുകഷണം എന്റെ കൈകളിലെത്തുമ്പോള്‍, നിന്റെ വരവിനെക്കുറിച്ചാണോ  ഞാന്‍ എഴുതിയത്  ' ഐ ആം വെയ്റ്റിംഗ് ഫോര്‍ സം വണ്‍' എന്ന്.

നാല്

ഈ കഥ ഞാന്‍ എഴുതുമ്പോള്‍ ആദ്യമായി, എന്റെ കഥയിലെ ഒരു കഥാപാത്രം എന്റെ മുന്നേ നടന്നു. കാരണം, ഈ കഥ എന്റെ അഖിലേഷിനെക്കുറിച്ചാണ്.. ഒരുപാടു  നാളുകളായി ഞാന്‍ അവനെക്കുറിച്ചെഴുതാന്‍ ആഗ്രഹിക്കുന്നു.. പക്ഷെ, ജീവിതം പൂരിപ്പിക്കാനാവാത്ത ഒരു സമസ്യയായി മാറിയപ്പോള്‍, മരണമെന്ന മൂന്ന്  അക്ഷരത്തെക്കുറിച്ച് ഓര്‍ത്തു ദുഖിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു. പക്ഷെ ഇപ്പോള്‍,  ഈ രാത്രിയില്‍..ആര്യയുടെ നിശ്വാസം എന്റെ ശരീരത്തില്‍ തട്ടുമ്പോള്‍, അവളുടെ കരസ്പര്ശം  എന്റെ മാറിലെ രോമകൂപങ്ങളില്‍ ഒഴുകിനടക്കുമ്പോള്‍,   ചുവന്ന മുന്തിരിയുടെ മണം എന്നെത്തേടി വരുന്നതു പോലെ തോന്നുന്നു. അവളുടെ നഗ്നമേനി തീജ്വാലയായി എന്നില്‍ ആളിപ്പടരുമ്പോള്‍ ആ ഡിവൈന്‍  പില്‍ഗ്രിമേജ് എന്റെ വികാരങ്ങളിലേക്ക് ഓടിയെത്തുന്നു. ഈ വിഷുനാളിൽ,  അവന്‍ മരിച്ചിട്ട് രണ്ടു വര്‍ഷമാവുന്നു.. ആ മരണം കുറെനാള്‍ എല്ലാവരെയും ദുഖത്തിലാഴ്ത്തിയെങ്കിലും പിന്നീട് എല്ലാവരും മറന്നു.. ഇന്നും അതു മറക്കാത്തത് ഞാനും ആര്യയും മാത്രമാണ്. ഒരുപോലെ ചിന്തിക്കുന്നവരാണ് എന്നറിഞ്ഞതു മുതല്‍ ഞങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.. ഞാന്‍ എത്രയോ കഥകള്‍ എഴുതിയിരിക്കുന്നു.. ഓരോ കഥകളുടെയും പൂര്‍ണത എന്നെ  ആഹ്ലാദത്തിന്റെ കൊടുമുടിയിലേക്ക് ആനയിക്കാറുണ്ട്.. പക്ഷെ ആദ്യമായി ഈ കഥയുടെ പൂര്‍ണത എന്നെ ദുഖിപ്പിക്കുന്നു  കാരണം, ഒരു നോട്ടുബുക്കിന്റെ താളില്‍ വെറുതെ കുത്തിക്കുറിച്ച ആര്യയുടെ കഥയുടെ വരികൾക്ക്  അറംപറ്റാനായിരുന്നു വിധി.. പിന്നീട് എന്തുകൊണ്ട് അവള്‍ എഴുതിയില്ല എന്ന് ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചതാണ് . ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ തന്നെയാണ് ഒരു കഥയിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്..  അത് കൊണ്ട്, ഞാന്‍ ഇന്നും കാത്തിരിക്കുന്നു .. ഉത്തരമില്ലാത്ത ഒരു ചോദ്യത്തില്‍ നിന്ന് അവളെഴുതുന്ന ഒരു കഥയ്ക്കു വേണ്ടി.   ആ കഥയിലും, ഒരു പക്ഷെ, എന്നോട് ഒരു വരി എഴുതാന്‍  അവള്‍ പറയുമായിരിക്കും.. അപ്പോള്‍ ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന ആ വരി തന്നെയാണ്  ഈ കഥയ്ക്കു താഴെയും എനിക്ക് എഴുതി വെയ്ക്കാനുള്ളത്  " ഐ ആം വൈറ്റിംഗ് ഫോര്‍ സംവണ്‍."

Monday, January 18, 2016

പനിനീര്‍പ്പൂവ്



ഖാദിം ഹുസൈൻ തിരിച്ചുവന്നിരിക്കുന്നു.
എനിക്ക് അതൊരു വലിയ ഷോക്ക്‌ ആയിരുന്നു.
അയാളുടെ നെഞ്ചിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തത്തുള്ളികൾ മഷിയാക്കി
ഞാനൊരു കഥ എഴുതണമെന്നു ആഗ്രഹിച്ചിരുന്നു.
അയാളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്റെ മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ തിളച്ചുകൊണ്ടിരിക്കുന്ന ലാവ പ്രവാഹം പെട്ടെന്ന് നിലച്ചത് പോലെതോന്നി.
ഇനി ഞാൻ ആരെ കുറിച്ച് എഴുതും?
ജോലി സ്ഥലത്ത് നിന്ന് മാതൃരാജ്യമായ ഈജിപ്തിലേക്കു
അയാൾ യാത്രതിരിക്കുമ്പോൾ, ഹസ്തദാനത്തിനായി എന്റെ നേർക്ക്‌ നീട്ടിയകൈകളിൽ എന്തിനേയും മരവിപ്പിച്ച്‌ കളയുന്ന തണുപ്പായിരുന്നു.
മരണത്തിനു വല്ലാത്ത തണുപ്പാണെന്ന് ആരോ പറഞ്ഞത് എന്റെ മനസ്സില് എവിടെയോ മായാതെ കിടപ്പുണ്ടായിരുന്നു.
അയാളുടെ കൈകളിലെ തണുപ്പ് തിരിച്ചറിഞ്ഞപ്പോൾ
ഇനിയൊരിക്കലും അയാള്ക്ക് തിരികെ വരാൻ കഴിയില്ലാന്ന് ഞാൻ ഉറപ്പിച്ചതായിരുന്നു.
അതുകൊണ്ടുതന്നെ, അയാൾ കൈമാറിയ കമ്പനി ഇടപാടുകളെ സംബന്ധിച്ച രേഖകൾ മേലുദ്യോഗസ്ഥർക്ക് അയക്കാതെ അലക്ഷ്യമായി ഡ്രോയറിൽ നിക്ഷേപിച്ചുകൊണ്ട്‌ ഞാൻ അയാളുടെ മരണ വാർത്ത‍ ശ്രവിക്കാനായി കാതോർത്തിരിക്കുകയായിരുന്നു.

വെടിയുണ്ടകൾ തുളവീഴ്ത്തിയ അയാളുടെ ശരീരത്തിന്റെ ചിത്രങ്ങളും,
വേർപ്പാട് സൃഷ്‌ടിച്ച നഷ്‌ടവും ശൂന്യതയും സഹിക്ക വയ്യാതെ അനിശ്ചിതത്വത്തിന്റെയും ദുരിതങ്ങളുടെയും നടുവില്‍ നിന്ന്  വാവിട്ടു നിലവിളിക്കുന്ന അയാളുടെ പ്രിയതമയുടെയും, കുഞ്ഞുങ്ങളുടെയും കരൾ അലിയിക്കുന്ന കഥകളും ചിത്രങ്ങളും ടെലിവിഷൻ കാഴ്ചകളായി കണ്ണിൽ നിറയുന്ന ദിനം ഓർത്ത്‌  കുറെ രാത്രികളായി ഞാൻ ഉറക്കമില്ലാത്ത അവസ്ഥയിലെത്തിയിലേക്ക് എത്തിയിട്ടുണ്ടായിരുന്നു .
ഇനിയുള്ള കാലം അയാൾ ജീവിക്കേണ്ടത് എന്റെ ആത്മാവിൽ നിന്ന് ഉതിർന്നുവീഴുന്ന
അക്ഷരങ്ങളിൽ നിന്നാകണമെന്ന് ഞാൻ വ്യമോഹിച്ചിരുന്നു.
പക്ഷെ, അയാളുടെ തിരിച്ചുവരവ് എന്നെ നിരാശപ്പെടുത്തി കളഞ്ഞിരിക്കുന്നു.
എന്നെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അയാൾ എന്നെ കെട്ടിപ്പിടിച്ച് അയാളിലേക്ക് ചേർത്ത് എന്തൊക്കെയോ പറയാൻ ആരംഭിച്ചു.
ഞാനപ്പോൾ അയാളുടെ ഹൃദയമിടിപ്പിന്റെ ശബ്ദത്തിനു വേണ്ടി ചെവിയോർത്തു
എന്റെ ചെവി അയാളുടെ നെഞ്ചിലേക്ക് അടുപ്പിച്ച നിമിഷം പലതരം പക്ഷികളുടെ കളകൂജനം പോലെ എന്തോ ചില ശബ്ദങ്ങൾ അയാളുടെ ഹൃദയത്തിന്റെ ഭിത്തിയിൽ നിന്ന് പുറത്തു വരുന്നത് പോലെ എനിക്ക് തോന്നി. പിന്നെയത് ഒരു കുയിലിന്റെ മണിനാദം പോലെ ആയിമാറി.
കുറച്ചു നിമിഷത്തിനു ശേഷം പാറകൾ ഭേദിച്ച് ഒഴുകുന്ന ഒരു നദിയുടെ ആർത്തനാദം പോലെയായി.
എന്നിൽ നിന്ന് അടര്ന്നു മാറുമ്പോൾ ഞാൻ അയാളുടെ കണ്ണുകൾ ശ്രദ്ദിച്ചു.
അവ തീക്ഷ്‌ണങ്ങളായിരുന്നു. ഒരു പൂച്ചയുടെ കണ്ണുകൾ പോലെ അവ തിളങ്ങുന്നുണ്ടായിരുന്നു.
മരണത്തെ ജയിച്ച് മൂന്നാംദിവസം ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ പോലെ
എന്റെ മുമ്പിൽ അവതരിച്ച അയാളിൽ എനിക്ക് വല്ലാത്ത അപരിചിത്വം തോന്നി.
എന്നിട്ടും അയാൾ പറയുന്നത് കേള്ക്കാനായി ഞാൻ കാതോർത്തു.
കാരണം അയാൾ ഒരു കഥയാണ്.

അയാൾ പറയാനാരംഭിച്ചു " അന്നത്തെ ദിവസം സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സൈന്യത്തിന്റെ വിമാനങ്ങള്‍
കൂടാരത്തിന് മീതെ കൂടി വട്ടമിട്ടു പറക്കുന്നത് കാണാമായിരുന്നു.
നമസ്‌കാരവും, പ്രാര്‍ഥനയും, മുദ്രവക്ക്യം വിളികളുമായി കൂടരത്തിൽ ഞങ്ങൾ നീതിക്കുവേണ്ടിയുള്ള സമരപോരട്ടത്തിൽ ആയിരുന്നു.
ആ ദിവസം എനിക്കേറ്റവും പ്രിയപെട്ടതായിരുന്നു.
സ്ത്രീകളും കുട്ടികളും വളരെയേറെ ആഹ്ലധഭരിതരായിരുന്നു.
അവരിൽ ചിലര് പനിനീർ പൂവുകളെ ഒലിവ് നാരുകൾ കൊണ്ട് ബന്ധിച്ചു പൂക്കുടകൾ തീർത്തുകൊണ്ടിരിക്കുകയായിരുന്നു.
കുട്ടികൾ കൈകളിലും കാലുകളിലും മൈലാഞ്ചി ഇടുന്ന തിരക്കിലായിരുന്നു.
വളരെ വൈകിയായിരുന്നു ഞാൻ തലേദിവസം ഉറങ്ങാനായി കിടന്നത്
അതുകാരണം, ഉറക്കമുണരുമ്പോൾ നേരം നന്നേ വെളുത്തിരുന്നു. .
ഉടനെ ഞാൻ കൈകാലുകൾ കഴുകി പ്രഭാത നമസ്ക്കാരത്തിൽ ഏർപ്പെട്ടു.
കുട്ടികൾ തലേദിവസം ഉപേക്ഷിച്ച ഒലീവ് ചില്ലകൾ ഇടനാഴികളിൽ അവിടെയായി ചിതറി കിടപ്പുണ്ടായിരുന്നു.
ചുവന്ന പനിനീര് പൂക്കളുടെ ഗന്ധം എന്റെ ഘ്രാണശക്തിയെ പരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ,
സ്വപനങ്ങൾക്കും പ്രതീക്ഷകള്ക്കും അതിരുകളില്ലാത്ത സുഗന്ധം ഉണ്ടന്ന് എനിക്ക് മനസ്സിലായി.
പെട്ടെന്നാണ് ഒരു തീഗോളം എന്റെ നേരെ പാഞ്ഞു വരുന്നത് കണ്ടത്.
എന്റെ തല പിളര്ത്തുക എന്നൊരു ലക്ഷ്യമായിരുന്നു ആ തീയുണ്ടക്ക്.
പക്ഷെ അപ്പോഴേക്കും എവിടെനിന്നോ ഈയം പാറ്റകളെ പോലെ ഒരു പറ്റം മനുഷ്യർ
എനിക്ക് ചുറ്റും മതിലുകൾ തീർത്ത്‌ കഴിഞ്ഞിരുന്നു.
കണ്ണടച്ച് തുറക്കും മുമ്പേ വെടിയുണ്ടകളുടെ തീമഴ എനിക്ക് ചുറ്റും പെയ്യാൻ തുടങ്ങി.
നെഞ്ചിലേക്ക് തുളച്ചു കയറിയ വെടിയുണ്ടകൾ ഏറ്റു ചീറ്റി തെറിച്ച രക്തവുമായി ഭൂമിയിലേക്ക്‌ പിടഞ്ഞു വീണു മരണത്തിന്റെ മായിക ലോകത്തേക്ക് പറന്നകന്നു പോവുന്ന നിസ്സഹായരായ എന്റെ സഹോദരന്മാരുടെ ചുണ്ടുകൾ
'അല്ലാഹുവേ നിയാണ് വലിയവൻ' എന്നുറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ജീവന്‍ നിലച്ചുപോയ ആ ശരീരങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സ് പിടഞ്ഞില്ല.
കാരണം, അവർ ദൈവ മാർഗത്തിൽ യുദ്ധം ചെയ്തു സ്വയം വീരമൃത്യു വരിച്ചവരാണ്.
അവര്‍ രക്തസാക്ഷികളാണ്. പരലോകത്ത് അല്ലാഹുവിന്റെയടുത്ത് അവർ ഊഷ്മളമായി സ്വീകരിക്കപ്പെടും എന്ന് തീര്ച്ചയാണ്.
ദൈവത്തിന്റെ വിളിക്കായി ഞാനും കാതോർത്തു.
പക്ഷെ എനിക്ക് ചുറ്റും നിലയുറപ്പിച്ച മനുഷ്യമതിൽ രക്തകളമായി മാറിയിട്ടും എന്നെ മാത്രം മരണം വിളിച്ചുകൊണ്ടുപോയില്ല.
മരണത്തിനപ്പുറമുള്ള യഥാർത്ഥ ജീവിതം ആസ്വദിക്കാൻ എനിക്ക് ഭാഗ്യമില്ലാതെ പോയല്ലോ എന്നോർത്തപ്പോൾ കരയാൻ തോന്നി.
നൈമിഷികമായ ഈ ജീവിതത്തിൽ നിന്ന് എന്നെ തിരിച്ചെടുത്തു പരമമായ പരലോക ജീവിതം പ്രധാനം ചെയ്യണമേ എന്ന് ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു.
അല്ലാഹു എന്നെ ഭൂമിയിൽ അവശേഷിപ്പിച്ചത് എന്റെ മകള്ക്ക് വേണ്ടി മാത്രമായിരിക്കണം എന്നെനിക്കു തോന്നി.
അവളുടെ വിവാഹം നിശ്ചയിച്ചു ഉറപ്പിച്ചതായിരുന്നു.
അവൾക്കു വേണ്ടിയായിരുന്നു പനിനീര് പൂക്കളുടെ കുട്ടകൾ ഞങ്ങൾ ഉണ്ടാക്കിയിരുന്നത്.
തലേ രാത്രിയിൽ അവളന്റെ മടിയിൽ തല ചേര്ത്തു വച്ചാണ് കിടന്നത്
സംസാരത്തിനിടെ ഞാൻ അവള്ക്കായി ഒരു പനിനീർപൂ സമ്മാനിച്ചു.
അവളതു വിരലുകൾക്കിടയിൽ മുറുകെ പിടിച്ചുകൊണ്ടാണ് ഉറങ്ങാൻ കിടന്നത്.
അവളുടെ കണ്ണുകള നോക്കിയിരിക്കുമ്പോൾ എന്റെ ആത്മാവിൽ ആഴത്തിലെവിടെയോ ശാന്തിയും കാരുണ്യവും നിറയുന്നതായി എനിക്ക് തോന്നി.
ഒരു തണുത്ത കാറ്റു ഞങ്ങളുടെ വസ്ത്രങ്ങളുടെയുള്ളിലൂടെ തുളഞ്ഞു കയറി പോയപ്പോൾ അവൾ എന്നോട് പറഞ്ഞു
അവളൊരു പറവയായിരുന്നെങ്കിൽ ദൂരെ പർവതങ്ങൽക്കിടയിലെ താമരപ്പൊയ്കയുടെ തീരത്ത് അവളൊരു കൂട് ചമക്കുമായിരുന്നു
എന്നിട്ട് സുവർണ്ണ ലില്ലി പൂക്കൾ കൊണ്ടായി എനിക്കൊരു കട്ടിൽ പണിയിച്ചു തരുമെന്ന്.
എന്നിട്ട് അവൾ ചോദിച്ചു അവൾ ഇനിയും സാധിപ്പിച്ചു തരാത്തതായി എന്തെങ്കിലും ആഗ്രഹം എനിക്ക് ബാക്കിയുണ്ടോയെന്ന്
എനിക്ക് അവൾ ഉണ്ടാക്കുന്ന ചുവന്ന നിറത്തിലുള്ള സ്ട്രോബറി പഴങ്ങൾ കൊണ്ട് അലങ്കരിച്ച പുഡിങ് വളരെ ഇഷ്ടമായിരുന്നു.
പക്ഷെ ഞാൻ അത് പറഞ്ഞില്ല. പകരം പുഞ്ചിരിച്ചതേയുള്ളൂ.
ഇളം തൂവലുകൾ മുളച്ചെഴുന്ന ദേഹവും പാടമൂടിയ ചുണ്ടുകളും ഇളം ചുവപ്പ് പാദങ്ങളുമുള്ള പ്രാവിനെ കുറിച്ചാണ് എനിക്കോർമ വന്നത്.
തന്റെ ഇണയുടെ അടുത്തിരുന്നു ഇളം തൂവൽ തലോടികൊണ്ടിരിക്കുന്ന പ്രാവിനെ സാകുതം നോക്കികൊണ്ടിരിക്കുന്ന കുറെ കുഞ്ഞുപ്രാവുകൾ.
പക്ഷെ ഞാൻ മനസ്സില് ഓർത്തത് അവൾ അറിഞ്ഞത് പോലെ പറഞ്ഞു
' നാളെ സ്ട്രോബറി പഴങ്ങൾ കൊണ്ടാങ്കലരിച്ച പുഡിങ് ഞാൻ ഉണ്ടാക്കും, എന്റെ ബാബയ്ക്ക് ഇഷ്ടമാവില്ലേ അത്?'
അവളെന്റെ മനസ്സ് വായിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലായപ്പോൾ എനിക്ക് അവളോടുള്ള വാത്സല്യം കൂടി.
ഞാൻ അവളുടെ വലത്തെ കൈ വിരലുകളിൽ എന്റെ വിരലുകള്‍ കൊരുത്ത് എന്റെ അരികിലേക്ക് അവളെ ചേർത്ത് പിടിച്ചു.
അപ്പോൾ അവൾ കൂടാരത്തിന്റെ വെളിയിലെ മഞ്ഞു മൂടിയ വൃക്ഷങ്ങൾക്കിടയിൽ അവൾ നട്ടുപിടിപ്പിച്ച രണ്ട് ഓറഞ്ച്തൈകൾ വളർന്നു വരുന്നത് കാണിച്ചു തന്നു.
കാറ്റിൽ ഓറഞ്ച് തൈകളുടെ ഇലകൾ ആടുമ്പോൾ ആയിരം ചിത്ര ശലഭങ്ങൾ അതിനു ചുറ്റും നൃത്തം ചെയ്യുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ നോക്കുമ്പോൾ അവയിലൊന്നിൽ ഒരു ഓറഞ്ച് കായ്ച്ചു നില്ക്കുന്നത് കാണാമായിരുന്നു.
രണ്ടു തൈകൾ ഒന്നിച്ചു വച്ചിട്ടും, ഒന്ന് മാത്രം കായ്ച്ചതിനെക്കുറിച്ചോർത്ത് ഞാൻ അത്ഭുതപ്പെട്ടു.
എല്ലാം അല്ലഹുവിന്റെ നിശ്ചയങ്ങൾ, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു"

ഞാൻ ഖാദിം ഹുസൈനെ സൂക്ഷിച്ചു നോക്കി. അയാൾ വെറുമൊരു മനുഷ്യനല്ലന്നു എനിക്ക് തോന്നി.
അയാളുടെ സിരകളിൽ വിപ്ലവത്തിന്റെ ഗാഥയാണ് നിറഞ്ഞു നില്ക്കുന്നതെന്ന് എനിക്ക് മനസിലായി.
ഞാൻ അയാളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചത്‌ വെടിയുണ്ടകൾ ഏറ്റു ചിതറി തെറിച്ച മനുഷ്യ ശരീരങ്ങളുടെ കഥ മാത്രമായിരുന്നു.
ലോകത്ത് നിത്യവും എത്രയോ മനുഷ്യര് പുഴുക്കളെ പോലെ ചത്തൊടുങ്ങുന്നു.
ചാവേറുകൾ ആയി അനകേം പേര് ഇനിയും വിധി നിർണയിക്കപ്പെടുന്ന ദിനത്തിനു വേണ്ടി കാത്തിരിക്കുന്നു.
നിരായുധനായി നിര്ഭയം അയാൾ തോക്കുകൾക്ക് മുമ്പിൽ നെഞ്ച് വിരിച്ചു നിന്നുകൊണ്ട് മരണത്തെ വരിക്കാൻ തയ്യാറായി നില്ക്കുന്നു.
തന്റെ നാടിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി മരിക്കുന്നവർ ദൈവ സന്നിധിയിൽ രക്തസാക്ഷ്യത്വം വരിക്കുന്നതിനു
തുല്ല്യമാണെന്ന് അയാൾ വിശ്വസിക്കുന്നു.
ജീവിത സുഖങ്ങളെ ത്യജിച്ചു കൊണ്ട് മരിക്കാനായി ഇറങ്ങിയ അയാളെ വിഡ്ഢി എന്ന് വിളിക്കാൻ എനിക്ക് കഴിയുന്നില്ല.
കാരണം, അയാൾ ഒരു വിശ്വാസിയാണ്.
അയാളെ വിഡ്ഢി എന്ന് വിളിക്കാൻ ആര്ക്കെങ്കിലും തോന്നിയാൽ അവരെയും കുറ്റപ്പെടുത്താൻ കഴിയില്ല.
ഓരോരുത്തരും ഓരോ വിശ്വാസങ്ങളിൽ ആണ് അവരവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോവുന്നത്.
അത് മാത്രമാണ് സത്യമെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു.
ആരും പരസ്പരം മനസ്സിലാക്കുവാനോ, അറിയാനോ ശ്രമിക്കുന്നില്ല
ഭൂമി വെറുമൊരു ഇടത്താവളം മാത്രം ആണെന്നും മരണത്തിനു ശേഷമാണു യഥാർത്ഥ ജീവിതമെന്നും
വിശ്വസിക്കുന്നതാണ് അയാളുടെ വിശ്വാസം
അയാൾ പറയുന്ന കഥയിൽ നിന്ന് എന്റെ മനസ്സ് അയാളിലേക്ക് സഞ്ചരിച്ചപ്പോൾ പോലും,
അയാൾ തന്റെ കഥ തുടര്ന്നു കൊണ്ടിരിക്കുകയായിരുന്നു.

"ശൂന്യമായി തെരുവിൽ കൂടി വലിയ പട്ടാള വാഹനങ്ങള്‍ പതുക്കെ നീങ്ങുന്നത് കാണാമായിരുന്നു.
ഒരു ഭീമാകാരമായ രക്ത വര്‍ണ്ണക്കൂട്ട്‌ ആകാശത്ത്‌ നിന്ന് ഭൂമിയിലേക്ക് മറിഞ്ഞു വീണത് പോലെ ചോരയിൽ കുതിർന്നു ചിന്നഭിന്നമായ മനുഷ്യ ശരീരങ്ങൾ തെരുവിൽ കിടപ്പുണ്ടായിരുന്നു..
വിലാപങ്ങളും ആര്ത്തനാദങ്ങളും മാത്രമായ തെരുവ് ദേഹത്തു മുഴുവൻ വ്രണം ബാധിച്ച ഒരു രോഗിയെ പോലെ വിലപിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എന്നെ കണ്ടിട്ടും, പട്ടാള വണ്ടി നിർത്തുകയോ അവരുടെ തോക്കുകൾ എന്റെ നേരെ ഗര്ജ്ജിക്കുകയോ ചെയ്തില്ല.  ഒരു വേള ഞാൻ ജഡാവസ്ഥയിൽ ആണോ എന്ന് പോലും സംശയിച്ചുപോയി.
തേങ്ങുന്ന തെരുവിൽ മരങ്ങള്‍ മാത്രം അനക്കമില്ലാതെ ഉറങ്ങുന്ന മട്ടില്‍ നില്ക്കുന്നതു കാണാമായിരുന്നു.
പക്ഷികളെ എങ്ങും കണ്ടില്ല. അവ എവിടെപ്പോയി എന്നും അറിഞ്ഞുകൂടാ.
ഗദ്ഗദത്തിന്റെ ഒരു നൊമ്പരകാറ്റ് എന്റെ ഹൃദയത്തെ പിളര്ത്തി വീശിയടിച്ചപ്പോൾ ഞാൻ ആകാശത്തേക്ക് നോക്കി കേണു.
വഴിതെറ്റി വന്ന മേഘങ്ങള്‍ ഒന്നുപോലും എന്നിലേക്ക്‌ പെയ്തില്ല..
വിഷാദത്തോടെ ഞാൻ ആ തെരുവിൽ എന്റെ മകളെ തേടി അലഞ്ഞു .
സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഒരു ശലഭം എനിക്കരികിലൂടെ പറന്നു പോയപോൾ അതിനെ തൊടാനായി ഞാൻ കൈ നീട്ടി.
അത് തെന്നി മാറി എന്നിൽ നിന്ന് ദൂരേക്ക്‌ പോയി.
കൂർത്ത അഗ്രങ്ങലുള്ള മണ്ണ് മണ്ണ് മാന്തി യന്ത്രങ്ങൾ മുൻവശത്തെ വളഞ്ഞ ഇരുമ്പ് ദണ്ട് ഭൂമിയിൽ ആഴത്തി മനുഷ്യ കബന്ധങ്ങളെ വേർത്തിരിക്കുന്നത് കാണാമായിരുന്നു.
തുളകൾ വീണു ചോരയിൽ കുതിര്ന്ന് ഒടിഞ്ഞുമടങ്ങിയ കൈകാലുകൾ കോരിയെടുത്തു യന്ത്രങ്ങൾ
പിറകിലുള്ള കുട്ടയിൽ നിക്ഷപിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഓരോ കുട്ടയും നിറയുമ്പോൾ, മറ്റൊരു യന്ത്രം അത് ആവർത്തിച്ച്‌ കൊണ്ടിരിന്നു.
ആ യന്ത്രത്തിന്റെ ഡ്രൈവർ കടലമണികൾ വായിലിട്ടു കൊറിച്ചുകൊണ്ടാണ്
അനായാസം യന്ത്രത്തെ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നത്.
ഞാൻ അയാളുടെ മനസ്സിനെ കുറിച്ച് വെറുതെ ചിന്തിച്ചു.
ചോരയിൽ പൊതിഞ്ഞ നിരപരാധികളായ മനുഷ്യ ശരീരങ്ങൾ കാണുമ്പോൾ അയാളിൽ ഒരു തരത്തിലുള്ള വേദനയും രൂപപ്പെടില്ലേ?
ഒരു പക്ഷെ അയാള്ക്ക് ഇത് ആദ്യ കാഴ്ച്ചയാവില്ല. അതുകൊണ്ടാവണം അയാളിൽ ഇത്ര നിസ്സംഗത. അല്ലായിരുന്നുവെങ്കിൽ ഹൃദയം ഭേദിക്കുന്ന ഈ കാഴ്ചകൾ കണ്ടു അയാൾ മരിച്ചുപോയേനെ.
പെട്ടന്നാണ് ഞാൻ കണ്ടത്, മാംസം വേർപ്പെട്ട് ഒടിഞ്ഞു തൂങ്ങിയ ഒരു കൈ യന്ത്രം കോരിയെടുക്കാൻ ശ്രമിക്കുന്നു.
ഓരോ ശ്രമത്തിനു ഒടുവിലും, വളഞ്ഞ ഇരുമ്പ് ദണ്ടിന്റെ ആഗ്രഭാഗത്ത് നിന്നും അതും ഊര്ന്നിറങ്ങി ഭൂമിയിലേക്ക്‌ പതിച്ചു കൊണ്ടിരിക്കുന്നു.
ഞാൻ യന്ത്രത്തിന്റെ അടുത്തേക്ക് ഓടിയടുത്തു..പെട്ടെന്ന് ഭൂമിയും ആകാശവും നിശ്ചലമായത് പോലെ എനിക്ക് തോന്നി.."

മുഴുവിക്കാൻ കഴിയാതെ ഖാദിം ഹുസൈൻ ഉറക്കെ ഉറക്കെ
കരഞ്ഞുകൊണ്ടിരുന്നു.
അയാളെ ആശ്വസിപ്പിക്കാൻ വാക്കുകള തേടിയപ്പോൾ എന്റെ മസ്തിഷ്കം ശൂന്യമായി പോയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
എനിക്ക് അയാളോട് പറയാൻ തോന്നി "ഖാദിം ഹുസൈൻ നീ തിരിച്ചു വരരുതായിരുന്നു.
ഞാൻ നിന്നെ വീണ്ടും കണ്ടുമുട്ടരുതായിരുന്നു"
എന്തായിരിക്കും മണ്ണ് മാന്തി യന്ത്രം അയാള്ക്ക് നല്കിയ കാഴ്ച്ചയെന്നു ഞാൻ വെറുതെ സങ്കല്പ്പിച്ചു നോക്കി.
മാംസം വേർപ്പെട്ട് ഒടിഞ്ഞു തൂങ്ങിയ ആ കൈ വിരലുകൾക്കിടയിൽ,
അയാൾ തന്റെ മകള്ക്കായി സമ്മാനിച്ച പനിനീർപൂ അയാളെ നോക്കി മൗനമായി പറഞ്ഞിട്ടുണ്ടാവാം
"എന്നെ എടുക്കാൻ അവർ മറന്നു പോയി"

Sunday, January 3, 2016

നിറമുള്ള കാഴ്ചകള്‍




ഒരു മൂന്നര വയസ്സുകാരന്‍ ആണ്‍കുട്ടി, ഒരു കൊച്ചു സൈക്കിള്‍ , ഒരു പൂച്ച കുട്ടി , രണ്ടു കഷണം ബിസ്കറ്റ് ഇത്രയും ചേര്‍ന്നാല്‍ എന്റെ കഥയിലെ ചേരുവകള്‍ ആയി.. ഈ കഥയില്‍ വേണമെങ്കില്‍ ചിലത് കൂടി ചേര്‍ക്കാം.. 
വശ്യ സുന്ദരമായ പ്രക്രതി, പ്രകൃതിയെ രമണീയമാക്കുന്ന പച്ചപുല്‍മേടുകള്‍, പുല്‍മേടുകള്‍ക്ക്‌ ചുറ്റും വെട്ടിയൊതുക്കി  നിര്‍ത്തിയിരിക്കുന്ന ചെറിയ വൃക്ഷങ്ങള്‍, വൃക്ഷങ്ങളെ തഴുകി തലോടി പോവുന്ന ഇളം കാറ്റ്.. കാറ്റിന്റെ കുളിര്‍മ ആഗ്രഹിച്ചു പുൽമേടിന്  അരികുപറ്റി  നടക്കുന്ന കുറച്ചു മനുഷ്യര്‍, അവസാനമായി ഈ കാഴ്ചകള്‍ കാണുന്ന എന്റെ രണ്ടു കണ്ണുകളെയും കൂട്ടത്തില്‍ ചേര്‍ക്കാം..
.
ഇത്രയും ചേരുവകള്‍ കൊണ്ട് എങ്ങിനെ ഒരു കഥ ഉണ്ടാക്കും? 
വിശന്നു വലഞ്ഞ നേരത്ത് നമ്മള്‍ രുചിയുള്ള ഭക്ഷണം അന്വേഷിച്ചു പോവാതെ, 
പെട്ടെന്ന് ലഭ്യമാവുന്ന ഭക്ഷണത്തെ കുറിച്ചായിരിക്കും ഓര്‍ക്കുക. 
അത് ഒരു പക്ഷെ ഒരു കഷണം റൊട്ടിയോ, ഒരു ഗ്ലാസ്‌ വെള്ളമോ ആയിരിക്കാം. 
പക്ഷെ ഭക്ഷണം കഴിച്ചു കഴിയുന്നതോടു കൂടി നമ്മള്‍ അറിയാതെ പറഞ്ഞു പോവുന്നു ,ഹോ.. എന്തൊരു രുചി..ആദ്യമായിട്ടാണ് ഇത്രയും രുചിയുള്ള ഭക്ഷണം ജീവിതത്തില്‍ കഴിക്കുന്നത് എന്നൊക്കെ.. അങ്ങിനെ ഒരു അവസ്ഥയാണ്‌ എന്റെ മുന്നിലിപ്പോള്‍.. . എന്റെ വിശപ്പിനു നിദാനം എന്റെ അമാശയമല്ല, പകരം ഈ യാത്രയിലെ കാഴ്ചകളെ എങ്ങിനെ നിങ്ങളുടെ മുന്നില്‍ നിരത്തി വക്കും എന്നുള്ളതാണ്.. ഇന്ന് എനിക്ക് കാണാന്‍ കഴിയുന്നത്, ആ മൂന്നര വയസ്സുകാരനും, അവന്റെ സൈക്കിളും, പിന്നെ ആ പൂച്ചകുട്ടിയും, അതിന്റെ അരികില്‍, പച്ച പുതച്ച പുല്മേടില്‍ വിതറിയിട്ടിരിക്കുന്ന ബിസ്ക്കറ്റ് കഷ്ണങ്ങളുമാണ് . ഞാന്‍ അവനെ ഒന്ന് നോക്കി നിന്നോട്ടെ..
.
അവന്‍ ഒരു വെളുത്ത നിറമുള്ള ബനിയനും, ചുവപ്പ് നിറമുള്ള മുട്ടുവരെയെത്തുന്ന അരവസ്‌ത്രവുമാണ് ധരിച്ചിരിക്കുന്നത്. കയ്യില്‍ സ്വര്‍ണ നിറമുള്ള ഒരു ചെയിന്‍ ഉണ്ട്. അവന്റെ ഡ്രസ്സ്‌ പോലെ തന്നെ, വെളുപ്പും, ചുവപ്പും ചേര്‍ന്ന കളറിലുള്ള ഒരു സൈക്കിള്‍ പുല്‍മേട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അവന്റെ തൊട്ടരികില്‍ ആണ് ആ പൂച്ചകുട്ടി.. അതിന്റെ മ്യാവു...മ്യാവു എന്നുള്ള കരച്ചില്‍ കേട്ടിട്ട്, പ്രസവിച്ചു അധിക നാളായിട്ടില്ല എന്നുറപ്പാണ്. പുല്‍മേട്ടില്‍ വിതറിയിട്ടിരിക്കുന്ന ബിസ്കറ്റ് കഷണങ്ങള്‍ പൂച്ചകുട്ടി മണത്തു നോക്കുന്നുണ്ട്... പിന്നെ അതിന്റെ കൊച്ചു കാലുകള്‍ കൊണ്ട് ബിസ്കറ്റില്‍ തട്ടി നോക്കുന്നു .. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം പൂച്ചക്കുട്ടി മ്യാവു... മ്യാവു എന്ന് കരഞ്ഞു കൊണ്ട് അകലേക്ക്‌ ഓടി.. കുട്ടിയും അതിന്റെ പിന്നാലെ ഓടി.. കുറച്ചു ദൂരെ മാത്രമേ ഓടിയൊള്ളൂ. അപ്പോഴേക്കും പൂച്ചകുട്ടി തിരിഞ്ഞു നിന്നു. കുട്ടി അതിനെ വാരിയെടുത്ത് ഉമ്മ വക്കാന്‍ തുടങ്ങി. പിന്നെ അവന്‍ അതിനെ താഴെ വച്ചു... എന്നിട്ട് അവന്‍ ചില്‍... ചില്‍... എന്ന തരത്തിലുള്ള ഒരു പ്രത്യക ശബ്ദം ഉണ്ടാക്കി കൊണ്ട് തിരിഞ്ഞോടി.. പൂച്ചകുട്ടി അവന്റെ പിറകിലായി ഓടി.. വീണ്ടും, അവര്‍ ആ ബിസ്കറ്റ് കഷണങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് എത്തി.. കുട്ടി ആ ബിസ്കറ്റ് എടുത്തു പൂച്ചകുട്ടിയുടെ ചുണ്ടോടു അടുപ്പിച്ചു.. പൂച്ചകുട്ടി കരയാന്‍ തുടങ്ങി, മ്യാവു.. മ്യാവു.. ഇപ്പോള്‍ ആ കരച്ചിലിന്റെ ഭാഷ ദയനിയമായിട്ടുണ്ട്. പൂച്ചകുട്ടിയുടെ കരച്ചില്‍ മൊഴിമാറ്റം നടത്തിയാല്‍ എങ്ങിനെ ആയിരിക്കും. ങേ,ങേ,,ങേ,ങേ,,ങേ,,ങേ,ങേ.. അമ്മെ ... അമ്മെ ... അമ്മെ .. എങ്ങോട്ടാ പോയത് അമ്മെ.. എന്തിനു എന്നെ വിട്ടു പോയി അമ്മെ.. ....ങേ,ങേ,,ങേ,ങേ,,ങേ,,ങേ,ങേ...
.
മ്യാവു.. മ്യാവു... ഇപ്പോള്‍ കുട്ടിയും പൂച്ചകുട്ടിയെ പോലെ കരയാന്‍ തുടങ്ങി.. അവനു പൂച്ചകുട്ടിയുടെ ഭാഷ മന്സിലയിട്ടുണ്ടാവുമോ? അല്ലെങ്കില്‍ പൂച്ചകുട്ടി എന്തെ കരച്ചില്‍ നിര്‍ത്തിയത് ? .. ഇപ്പോള്‍ പൂച്ചക്കുട്ടി അതിന്റെ വാല്‍ അവന്റെ ദേഹത്ത് മുട്ടി ഉരുമ്മി കൊണ്ട് അവനോടു ചേര്‍ന്ന് നില്‍ക്കുന്നു. അവന്‍ അതിനെ വാരിയെടുത്ത് മുകളിലേക്ക് ഉയര്‍ത്തി വീണ്ടും പറഞ്ഞു മ്യാവു.. മ്യാവു.. അപ്പോള്‍ ഒരു ഇളം തെന്നല്‍ വൃക്ഷങ്ങളോട് സല്ലപിച്ചു കൊണ്ട്, എന്നെ തഴുകി കടന്നു പോയി.. ഞാന്‍ സാകുതം ആ കാഴ്ച കണ്ടു നില്‍ക്കുകയാണ്.. പ്രകൃതിയും എന്നോടപ്പം ഉണ്ടന്ന് അറിയിക്കാനായിരിക്കും ഒരു പക്ഷെ ആ ഇളം തെന്നല്‍ എനിക്ക് കുളിര്‍മ നല്‍കി കൊണ്ട് എന്നെ കടന്നു പോയത്.. ദൂരെ നിന്ന് ഒരു മുതിര്‍ന്ന സ്ത്രീയും, ഒരു പാവാടക്കാരി പെണ്‍കുട്ടിയും നടന്നു വരുന്നുണ്ട് . അവരും കുട്ടിയെ നോക്കി കൊണ്ടാണ് വരുന്നത്.. അവര്‍ ഒരു പക്ഷെ ആ കുട്ടിയുടെ അമ്മയും സഹോദരിയും ആയിരിക്കില്ലേ.. ഞാന്‍ നോക്കുന്നത് കണ്ടാല്‍ അവര്‍ എന്നെ കുറിച്ച് എന്ത് വിചാരിക്കും . ഞാന്‍ തെല്ലു ഒന്ന് മാറി നിന്നേക്കാം.. .. അവര്‍ അവന്നു തൊട്ടു അടുത്തെത്തി.. എന്തെക്കെയോ സംസാരിച്ചു.. ഏതോ ഒരു ഇന്ത്യന്‍ ഭാഷയാണ്. എനിക്ക് ഒന്നും മനസ്സിലായില്ല. ഒരു പക്ഷെ ആ പൂച്ചകുട്ടിയെ വിട്ടേക്ക്, കളിച്ചത് മതി..വീട്ടില്‍ പോവാം എന്നായിരിക്കാം പറഞ്ഞിട്ടുണ്ടാവുക..... അല്ല എങ്കില്‍, വെറുതെ ആ പൂച്ചകുട്ടിയുടെ അമ്മയുടെ ശാപം ഏറ്റുവാങ്ങണ്ട.. അതിനെ വിട്ടേക്ക് എന്നായിരിക്കാം.... അതുമല്ലങ്കില്‍... ഡാ.. അത് ബിസ്കറ്റ് തിന്നുന്ന പ്രായം അല്ല... പാവം. അത് കരയുന്നത് കണ്ടില്ലേ.. . അതിനെ വിട്ടേക്ക്.. എന്നായിരിക്കാം.. പക്ഷെ കുട്ടി അതൊന്നും കേള്‍ക്കുന്നില്ല.. അവന്‍ പൂച്ചകുട്ടിയുമായി കളി തുടരുകയാണ്. .. ആ മുതിര്‍ന്ന സ്ത്രീയും, പെണ്‍കുട്ടിയും അവനെയും കടന്നു മുന്നോട്ടു നടന്നു .. അപ്പോള്‍ അവന്‍ മ്യാവു... മ്യാവു എന്ന് ഉരുവിട്ട് കൊണ്ട് പൂച്ചകുട്ടിയെ താഴെ വച്ചു.. ദൂരേക്ക്‌ ഓടി.. പൂച്ചക്കുട്ടി അവന്റെ പിറകെയും.. മ്യാവു .. മ്യാവു. ..
.
രണ്ടു സൈക്കിളുകള്‍ കൂടി അവന്റെ അടുത്തേക്ക് വന്നു.. അതില്‍ നിന്നു തടിച്ച ശരീരമുള്ള രണ്ടു കുട്ടികള്‍ ഇറങ്ങി അവന്റെ അടുത്ത് എത്തി.. അവര്‍ എന്തെക്കെയോ അവനോടു സംസാരിക്കാന്‍ തുടങ്ങി.. പൂച്ചകുട്ടി അവരുടെതാണ് എന്നാണു പറയുന്നത് എന്ന് തോന്നുന്നു.. പിന്നെ അവര്‍ തമ്മില്‍ ചെറിയ വഴക്ക് രൂപപെട്ടു വരുന്നത് പോലെ തോന്നി.. പൂച്ചക്കുട്ടി ഇപ്പോള്‍ അനാഥ ആയി മാറിയിട്ടുണ്ട്.. അതിനെ ആരും ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞിട്ടാവണം, അത് വീണ്ടും കരഞ്ഞു മ്യാവു .. മ്യാവു.. .. അത് കേട്ട് കുട്ടികള്‍ വഴക്ക് നിര്‍ത്തി പൂച്ചകുട്ടിയുടെ അരികില്‍ എത്തി.. അവര്‍ മൂന്ന് പേരും അതിനു വലയം ചെയ്തു നിന്നു.. പിന്നെ അവര്‍ എല്ലാവരും ചേര്‍ന്ന് ഒന്നിച്ചു നിന്ന് മ്യാവു മ്യാവു എന്ന് പറയാന്‍ തുടങ്ങി.. പൂച്ചക്കുട്ടി ഭയംകൊണ്ട്‌ വിറച്ചുപോയത് പോലെ തോന്നിപ്പിച്ചു. അത് രണ്ടു പ്രാവശ്യം അവരുടെ നേര്‍ക്ക്‌ ചാടി.. അപ്പോള്‍ കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.. പേടിച്ച് ഭീതിപൂണ്ട പൂച്ചകുട്ടി ദയനമീയി മ്യാവു .. മ്യാവു.. എന്ന് നിലവിളിച്ചു കൊണ്ട് അവര്‍ക്കിടയിലൂടെ ഓടി തൊട്ടു അടുത്ത കുറ്റികാട്ടിലേക്ക് മറഞ്ഞു.. അവര്‍ മൂന്നു പേരും ഇപ്പോള്‍ അതിനെ തിരയുകയാണ്.. ഞാന്‍ എന്ത് ചെയ്യണം.. ആ കുട്ടികളുടെ കൂടെ കൂടി ആ പൂച്ചകുട്ടിയെ തിരഞ്ഞു കണ്ടു പിടിക്കണോ? അതോ ആ പാവം പൂച്ചകുട്ടി രക്ഷപെട്ടു എന്ന് കരുതി ആശ്വസിക്കണോ ... എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.. പ്രകൃതി നിശ്ചലമാണ്.. ഒരു ഇളം തെന്നല്‍ വന്നു എന്റെ ശരീരത്തെ തഴുകി കടന്നു പോയിരുന്നു എങ്കില്‍ തെല്ലു ആശ്വാസം തോന്നിയേനെ.. എനിക്ക് എന്തോ ഈ കാഴ്ചകള്‍ കണ്ടു നില്ക്കാന്‍ തോന്നുന്നില്ല. പൂച്ചകുട്ടിയും, കുട്ടികളും ചില ബിംബങ്ങളായി എന്റെ മനസ്സിനെ മഥിക്കുന്നു... ഈ വഴിയും,.. ഈ പുല്‍മേടുകളും.. വൃക്ഷങ്ങളും, എനിക്കിവിടെ ഉപേക്ഷിച്ചു പോവേണ്ടി വരികയാണ്‌.. ഞാന്‍ മുന്നോട്ടു നടക്കട്ടെ. .. പുതിയ കാഴ്ചകള്‍ കാണട്ടെ.. 
.
മ്യാവു..... മ്യാവു.... ആ പൂച്ചകുട്ടിയുടെ കരച്ചില്‍ ഇപ്പോഴും കേള്‍ക്കാം... ഒരു പക്ഷെ ദിക്ക് അറിയാതെ അത് എവിടെയൊക്കെയോ ആയി അലയുന്നുണ്ടാവാം. അല്ലെങ്കില്‍ അവര്‍ അതിനെ പിടികൂടിയിരിക്കാം.. എനിക്കിത് വെറും കാഴ്ചകള്‍ മാത്രമാണ്.. മറ്റൊരു കാഴ്ച എന്റെ കണ്ണുകളെ തേടി എത്തുമ്പോള്‍, കാഴ്ച അല്ലാതാവുന്ന ഒരു കാഴ്ച!

ആ കണ്ണുകള്‍ നനയരുത്

"ബിന്ദു..ഞാനും  നിന്നപോലെ ചിന്തിക്കാൻ ഒരു ശ്രമം നടത്തിനോക്കാം... അവൾ നിഷ്കളങ്കയായിരിക്കും. നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്...